മറുതീരം തേടി: ഭാഗം 78

marutheeram thedi shiva

രചന: ശിവ എസ് നായർ

 "ഞാൻ അവളുടെ അടുത്തേക്ക് പോയാൽ നിങ്ങളെല്ലാരും കൂട്ടത്തോടെ മരിക്കും. പോയില്ലെങ്കിൽ എനിക്ക് ലില്ലിയെ കെട്ടേണ്ടി വരും. ഇതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതല്ലേ. ഞാൻ മരിച്ചാൽ ഒരുപക്ഷേ വർഗീസ് അങ്കിളിന്റെ തീരുമാനം മാറിയാലോ." ആൽഫിയുടെ സ്വരത്തിന് മൂർച്ചയേറി. അവന്റെ വാക്കുകൾക്ക് മുന്നിൽ പതറി നിൽക്കുകയാണ് എല്ലാവരും. "വേണ്ട... ഞങ്ങള് കാരണം നിന്റെ ജീവിതം ഇല്ലാണ്ടാവണ്ട. നീ ആതിരയുടെ അടുത്തേക്ക് തന്നെ തിരിച്ചു പൊയ്ക്കോ. നീ മരിച്ചു കാണാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല മോനെ. എവിടെയായാലും നീ ജീവനോടെ ഉണ്ടായാൽ മതി. കാരണം അത്രയ്ക്ക് ഞങ്ങൾ നിന്നെ സ്നേഹിച്ചുപോയി. അതുകൊണ്ട് നീയെങ്കിലും സന്തോഷത്തോടെ ഇരിക്ക്. നിനക്ക് നിന്റെ ജീവിതമല്ലേ വലുത്. ഒരിക്കലും അവളുടെ കൂടെ സമാധാനത്തോടെ ജീവിക്കാമെന്ന് നീ വിചാരിക്കണ്ട."

സൂസൻ സാരിതുമ്പ് കൊണ്ട് കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു. "മമ്മിയെന്നെ ശപിക്കരുത്. എന്നെ വിശ്വസിച്ച് വന്ന പെണ്ണിനെ ചതിക്കാൻ എനിക്ക് കഴിയില്ല." "വേണ്ട... നീ നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാ ചെയ്യ്. ഇതൊന്നും കണ്ടുകൊണ്ട് ജീവിക്കാൻ എനിക്ക് വയ്യ." സൂസൻ കൈയ്യിൽ കിട്ടിയൊരു ഫ്ലവർവേസ് എടുത്ത് സ്വന്തം തലയ്ക്ക് ആഞ്ഞടിച്ചു. ഒരു നിമിഷം സൂസന്റെ ആ പ്രവർത്തിയിൽ എല്ലാവരും സ്തംഭിച്ചു പോയി. ആൽഫി തന്റെ കൈപ്പിടിയിൽ നിന്ന് വഴുതി പോയാൽ തങ്ങളുടെ കുടുംബം തന്നെ തകരുമെന്നറിയാവുന്ന സൂസൻ അവനെ ഏത് വിധേനയും വരുതിയിൽ കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് അങ്ങനെ ചെയ്തത്. "മമ്മീ... എന്തായീ കാട്ടുന്നെ?" ആൽഫി ഓടി വന്ന് അവരുടെ കൈയ്യിൽ നിന്ന് ഫ്ലവർവേസ് വാങ്ങി എറിഞ്ഞു. മമ്മിയുടെ നെറ്റി പൊട്ടി ചോരയൊഴുകുന്നത് കണ്ടപ്പോൾ അവന്റെ നെഞ്ചൊന്ന് വിങ്ങി. "നിങ്ങളെല്ലാരും കൂടെ എന്നെയിങ്ങനെ വിഷമിപ്പിക്കരുത്." ആൽഫിയുടെ മനസ്സ് നീറിപ്പുകഞ്ഞു. അവനവരെ താങ്ങിപ്പിടിച്ചു സോഫയിൽ കിടത്തി മുറിവിൽ മരുന്ന് വച്ചുകെട്ടി.

"ആൽഫീ... നമ്മള് കഴുത്തോളം മുങ്ങി നിൽക്കയാ. പിടിച്ച് കയറാനായി നമുക്ക് മുന്നിലുള്ള ഏക പിടിവള്ളിയാണ് വർഗീസ്. നീ മനസ്സ് വച്ചാൽ നമ്മളെല്ലാരും രക്ഷപ്പെടും. അല്ലെങ്കിൽ നീ മാത്രം രക്ഷപെട്ടോ... ഞങ്ങളെല്ലാരും കൂട്ടത്തോടെ മരിച്ചോളാം. നീ ആത്മഹത്യ ചെയ്താലും അതുതന്നെയാ സംഭവിക്കാൻ പോണത്. നീ ഒറ്റയൊരാൾ കാരണം ഒരു കുടുംബത്തിലെ എല്ലാരേം കൊലയ്ക്ക് കൊടുക്കണോന്ന് നീ ചിന്തിക്ക്." മമ്മിയുടെ വാക്കുകൾ അവനെ ആശയകുഴപ്പത്തിലാക്കി. "ഇച്ചായന് ഇഷ്ടമില്ലെങ്കിൽ ആരും നിർബന്ധിക്കണ്ട. എല്ലാവരുടെയും പ്രശ്നം ഞാനും എന്റെ കുഞ്ഞുമല്ലേ. മിന്നുകെട്ട് കഴിയാത്ത ഞാൻ ഇതിനെ ഞാൻ പ്രസവിച്ചാൽ നിങ്ങൾക്കൊക്കെ അതൊരു നാണക്കേടാവും. അതാണല്ലോ ഇപ്പഴത്തെ പ്രശ്നവും. അതുകൊണ്ട് നിങ്ങളാരും എനിക്ക് വേണ്ടി ബുദ്ധിമുട്ടണ്ട. എല്ലാവർക്കുമൊരു ശല്യമായി നാണക്കേടുണ്ടാക്കാനായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ." അത്രയും പറഞ്ഞു കൊണ്ട് ഡെയ്‌സി അടുക്കളയിലേക്ക് ഓടി വാതിൽ വലിച്ചടച്ചു. "എടാ മോനെ... ആൽഫീ... ഡെയ്‌സി.. അവളെ നോക്കെടാ."

സേവ്യർ ഏക്കത്തോടെ മോനെ നോക്കി അലറി. "ഡെയ്സീ... മോളെ വാതില് തുറക്ക്... ഡെയ്സീ.." സെറീന അടുക്കളയുടെ വാതിലിൽ മുട്ടി വിളിച്ചു കരഞ്ഞു. അകത്തേക്ക് കയറിയ ഡെയ്‌സി അവിടെയുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് തലവഴി ഒഴിച്ചു. ജനാലയിലൂടെ ആ കാഴ്ച കണ്ട് സൂസനും സെറീനയും നിലവിളിച്ചു. അതേസമയം ആൽഫി പുറത്തേക്കിറങ്ങി പുറക് വശത്തൂടെ വന്ന് അടുക്കള വാതിൽ ചവിട്ടി നോക്കി. ഒരു ബോൾട് മാത്രം ഇട്ടിരുന്നത് കൊണ്ട് ആ വാതിൽ വേഗത്തിൽ ചവിട്ടി തുറക്കാൻ അവന് കഴിഞ്ഞു. അൽഫിയെ കണ്ടതും വെപ്രാളത്തോടെ അവൾ തീപ്പെട്ടി ഉരയ്ക്കാൻ തുടങ്ങി. ആ കാഴ്ച കണ്ടതും അവനവളുടെ കൈകളിൽ കടന്ന് പിടിച്ച് തീപ്പെട്ടി പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. ശേഷം ഡെയ്‌സിയെയും കൊണ്ട് വാതിൽ തുറന്ന് പുറത്തിറങ്ങി അവളെ സൂസന്റെ മുന്നിലേക്കിട്ടു. വികാര വിക്ഷോഭത്താൽ ആൽഫിയുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. "ഓരോന്ന് ചെയ്തു വയ്ക്കുമ്പോൾ ഇങ്ങനെയൊന്നും ഉണ്ടാവുമെന്ന് ഓർത്തില്ലേ. എന്നിട്ടിപ്പോ ബാക്കിയുള്ളവന്റെ സമാധാനം കളയാനായി..."

പറഞ്ഞു വന്നത് പകുതിയിൽ നിർത്തി അവനൊന്ന് കിതച്ചു. "ഇച്ചായനെന്തിനാ എന്നെ തടയാൻ വന്നത്. ഞാൻ മരിച്ചാൽ നിങ്ങളുടെയെല്ലാം പ്രശ്നം തീരില്ലേ." ആൽഫി ഒന്നും മിണ്ടാതെ തളർച്ചയോടെ സോഫയിലേക്കിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആതിരയുടെ മുഖം മനസ്സിലേക്ക് വന്നതും ആൽഫി മുഖം പൊത്തി തേങ്ങലടക്കി. ഒരു വശത്ത് പപ്പയും മമ്മിയും സഹോദരിമാരും ജീവിതം തന്നെ അവസാനിപ്പിക്കാനായി തയ്യാറെടുത്ത് നിൽക്കുന്നു. മറുവശത്ത് തന്നെ മാത്രം വിശ്വസിച്ച് ഒപ്പം വന്നവൾ. ആരുടെ ഭാഗത്ത്‌ നിന്നാലും പ്രശ്നം. ഒരാൾക്ക് വേണ്ടി മറ്റൊരാളെ ചതിക്കണം. താനില്ലാതെ എങ്ങനെയാണ് ഗർഭിണി കൂടിയായ തന്റെ ഭാര്യ അതിജീവിക്കുക എന്നറിയില്ല. ഒരുപക്ഷേ കുഞ്ഞിനെ ഓർത്തെങ്കിലും അവൾ പിടിച്ചു നിക്കാൻ ശ്രമിക്കും. താൻ അവളുടെ അടുത്തേക്ക് പോയാൽ ഇവിടെയുള്ള അഞ്ച് ജീവനുകൾ ഇല്ലാതാവും. അങ്ങനെ സംഭവിച്ചാൽ ജീവിതകാലം മുഴുവനും സമാധാനം നശിച്ച് കുറ്റബോധത്തോടെ ജീവിച്ച് തീർക്കേണ്ടി വരും. മറിച്ചായാലും അങ്ങനെ തന്നെ സംഭവിക്കും.

ആത്മഹത്യ ചെയ്യാമെന്ന് വച്ചാൽ തന്റെ മരണത്തോടെയും പ്രശ്നം തീരില്ല. ഒരു തീരുമാനത്തിലെത്താൻ കഴിയാനാവാതെ ആൽഫിയുടെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്കെ പാറി നടന്നു. "ആൽഫീ... നീ മമ്മി പറയുന്നത് കേൾക്ക് മോനെ. ആതിരയെ നീ അവിടെ നാലാൾ അറിയെ താലി കെട്ടി ഒപ്പം കൂട്ടിയതാണ്. അവിടെ നീയാണ് അവളുടെ ഭർത്താവെന്ന് എല്ലാവർക്കും അറിയാം. ആതിരയുടെ വീട്ടിലും അവളുടെ അമ്മാമ്മയ്ക്കെങ്കിലും അക്കാര്യമറിയാലോ. നിന്റെ കുഞ്ഞാണ് അവളുടെ വയറ്റിലെന്ന് ആരെയും ബോധിപ്പിക്കാനുമില്ല. അവൾക്ക് നീയില്ലാതെ മുന്നോട്ട് ജീവിക്കാൻ ആ കുഞ്ഞുണ്ട്. പക്ഷേ ഇവിടെ ഡെയ്‌സിയുടെ കാര്യം അങ്ങനെയല്ല. കല്യാണം കഴിയാത്ത പെണ്ണാണവൾ. അവളുടെ കെട്ട് നടക്കാൻ നീ കൂടെ മനസ്സ് വച്ചാലേ നടക്കു. നിന്നെയിപ്പോ ഇവിടെ ഞങ്ങൾക്കാണ് കൂടുതൽ ആവശ്യം മോനെ. നീ ഞങ്ങളെ കൈവിട്ടാൽ... ഞാൻ നിന്റെ കാല് പിടിക്കാം മോനെ." സൂസൻ ആൽഫിയുടെ കാൽക്കലേക്ക് വീണു. "ഏയ്‌... മമ്മിയെന്തായീ കാണിക്കുന്നത്."

അവനവരെ പിടിച്ചു മാറ്റി. വല്ലാത്തൊരു ആത്മസംഘർഷത്തിൽ പെട്ട് ഉഴലുകയായിരുന്നു അവന്റെ മനസ്സ്. "നിങ്ങളെല്ലാവരുടെയും ആഗ്രഹം പോലെ ഞാൻ ലില്ലിയെ കെട്ടാം. പക്ഷേ ആതിരയെ എങ്ങനെയെങ്കിലും സേഫ് ആക്കണം മമ്മി. അത് മാത്രം നിങ്ങളെനിക്ക് വേണ്ടി ചെയ്തു തരണം." "നിങ്ങളുടെ കെട്ട് കഴിഞ്ഞാൽ ആതിരയെ സേഫ് ആക്കാൻ വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തോളാം. അതോർത്ത് നീ പേടിക്കണ്ട. ഇതെന്റെ വാക്കാണ് ആൽഫി." സൂസൻ അവന്റെ കയ്യിലടിച്ചു സത്യം ചെയ്തു. വരണ്ട ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു. പക്ഷേ അതേസമയം മനസ്സിൽ ചില തീരുമാനങ്ങൾ അവനെടുത്തിരുന്നു. ലില്ലിയെ എങ്ങനെയെങ്കിലും കണ്ട് കാര്യം പറയണമെന്നായിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ ആൽഫിയുടെ ഒരു പ്ലാനിങ്ങും പിന്നീട് നടന്നില്ല. അവന്റെ സമ്മതം കിട്ടിയതും മനസമ്മതത്തിനും കെട്ടിനുമുള്ള ദിവസം ഉടനടി കുറിക്കപ്പെട്ടു. അതോടൊപ്പം വർഗീസ് ഒരു ഡിമാൻഡ് കൂടി വച്ചു.

കല്യാണം കഴിഞ്ഞും ആൽഫി ലില്ലിയോട് ഒന്നും പറയാൻ പാടില്ലെന്നും അങ്ങനെ ഉണ്ടായാൽ ഡെയ്‌സിക്കും സണ്ണിക്കൊപ്പമൊരു ജീവിതമുണ്ടാകില്ലെന്നും അയാൾ പറഞ്ഞതോടെ ആൽഫി ശരിക്കും കുടുങ്ങി പോയി. കല്യാണം കഴിയുന്നത് വരെ ബത്തേൽ ബംഗ്ലാവിൽ നിന്ന് ആൽഫിക്ക് പുറത്ത് പോകാൻ അനുവാദമില്ലാതായി. ഇതിനിടയിൽ ആൽഫിയെ കാണാതായതിനെ തുടർന്ന് ബത്തേൽ ബംഗ്ലാവിലേക്ക് ആതിര വിളിച്ചപ്പോൾ ഫോൺ എടുത്തത് ഡെയ്‌സിയായിരുന്നു. ഇച്ചായൻ അവിടെയല്ല കുറേനാളായി താമസമെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു. എന്നാൽ ഇതൊന്നും ആൽഫി അറിഞ്ഞിരുന്നില്ല. തുടർന്ന് ബത്തേൽ ബംഗ്ലാവ് പത്തുവർഷത്തേക്ക് ലീസിന് കൊടുക്കാൻ കരാറുണ്ടാക്കുകയും ആ തുകയിൽ നിന്നും കുറച്ചു സെറീനയുടെ വിവാഹത്തിനായി മാറ്റി വച്ചിട്ട് ബാക്കി കാശ് സേവ്യറിന്റെ ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്യാനുമായി എടുത്തു. ഡെയ്‌സിക്കും സെറീനയ്ക്കും ഒരേ ദിവസമാണ് മിന്നുകെട്ട് തീരുമാനിച്ചത്. അതിന് ഒരു ദിവസം മുൻപ് ആൽഫിയുടെയും ലില്ലിയുടെയും കല്യാണവും ഉറപ്പിച്ചു.

ലില്ലിയുടെയും ആൽഫിയുടെയും വിവാഹം വേണ്ടപ്പെട്ട കുറച്ചുപേരുടെ സാന്നിധ്യത്തിൽ നടത്താനായിരുന്നു തീരുമാനം. കാരണം അവനെ കാണാതാകുമ്പോൾ ആതിരയെങ്ങാനും അവനെ അന്വേഷിച്ചു എത്തിയാലോന്നുള്ള ഭയമാണ് എല്ലാം രഹസ്യമായി നീക്കാൻ തീരുമാനിച്ചത്. വർഗീസിനും ആ അഭിപ്രായം സ്വീകാര്യമായിരുന്നു. വിവാഹ ശേഷം സെറീന അവളുടെ ചെക്കനൊപ്പം മുംബയിലേക്കും, ആൽഫിയും ലില്ലിയും കുഞ്ഞും, ഡെയ്‌സിയും സണ്ണിയും അയർലണ്ടിലേക്കും പോകും. അവർക്കൊപ്പം ട്രീറ്റ്മെന്റിനായി സേവ്യറും സൂസനും കൂടി അയർലണ്ടിലേക്ക് പോകും. കെട്ടിന് മുൻപ് തന്നെ എല്ലാ കാര്യത്തിലും ഒരു തീരുമാനം വർഗീസ് എടുത്തുകഴിഞ്ഞിരുന്നു. ബത്തേൽ ബംഗ്ലാവ് പത്തുവർഷത്തേക്ക് ലീസിന് കൊടുപ്പിച്ചത് പോലും സേവ്യറിന്റെ അസുഖം ഭേദമായാലും അയർലൻഡിൽ തന്നെ തുടരാൻ വേണ്ടി കൂടിയായിരുന്നു. അങ്ങനെ എടുപിടീന്ന് മൂവരുടെയും കല്യാണം നടന്നു. അവർ അയർലണ്ടിലേക്ക് പോകുന്നത്തിന് മുൻപ് കൈയ്യിൽ നിറയെ കാശുമായി സൂസൻ കർണാടകയ്ക്ക് പോയി.

ആൽഫിയെ ബോധിപ്പിക്കാനുള്ളതായിരുന്നു ആ യാത്ര. പോയിട്ട് തിരികെയെത്തിയ സൂസൻ ആതിര അവിടെ ഇല്ലെന്നും ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ അവർക്കും അറിയില്ലെന്ന് പറഞ്ഞെന്ന് അറിഞ്ഞപ്പോൾ അവൻ തളർന്നുപോയി. സൂസൻ കർണാടകയ്ക്ക് പോയതിന്റെ ട്രെയിൻ ടിക്കറ്റ് കാണിക്കുകയും അവനെ കൊണ്ട് സത്യമിട്ട് ആതിരയെ കണ്ടില്ലെന്നും അവളെപ്പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞപ്പോൾ മമ്മിയുടെ വാക്കുകൾ ആൽഫി വിശ്വസിച്ചു. ഒരുപക്ഷേ ആതിര ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിട്ട് അവളെ വീട്ടിൽ പൂട്ടിയിട്ട് കാണുമെന്ന് ആൽഫി ചിന്തിച്ചു. ആതിരയെയും ഇതുവരെ പിറക്കാത്ത തങ്ങളുടെ കുഞ്ഞിനെ കുറിച്ചോർത്ത് വേദനയോടെയാണ് അവൻ കുടുംബത്തോടൊപ്പം അയർലണ്ടിലേക്ക് പോയത്. നാട്ടിൽ നിന്ന് പോരുംമുൻപ് സെറീനയോട് ആതിരയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടാണ് ആൽഫി പോയത്. പക്ഷേ സെറീനയും ആതിരയെ തിരക്കി പോകാൻ കൂട്ടാക്കിയില്ല. 🍁🍁🍁🍁

ആൽഫിക്ക് പറയാനുള്ളതൊക്കെ കേട്ട് മുഖത്തൊരു ഭാവവ്യത്യാസം പോലുമില്ലാതെ ഇരിക്കുകയാണ് ആതിര. "ആതീ... നിന്നേം നമ്മുടെ കുഞ്ഞിനെയും കുറിച്ചോർക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ." "നിന്റെ അനിയത്തിയുടെ ജീവിതം രക്ഷിക്കാൻ നീ എന്നെ വേണ്ടെന്ന് വച്ചല്ലേ. വീട്ടുകാർ ആരും വേണ്ട നമ്മൾ മാത്രം മതി നമുക്കെന്ന് പറഞ്ഞ് ജീവിതം തുടങ്ങിയവരല്ലേ നമ്മൾ. എന്നിട്ട് നിന്റെ മമ്മിയുടെ കണ്ണീരും പെങ്ങളുടെ ആത്മഹത്യാ ഭീഷണിക്കും മുന്നിൽ നീയെന്നെ മറന്നല്ലേ. ഞാൻ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു കഴിഞ്ഞു. ഇപ്പൊ എന്ത് ഉദ്ദേശത്തിലാ നിന്റെയീ വരവ്. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും നിന്റെ ആദ്യ ഭാര്യയായ ഞാൻ ജീവിച്ചിരിക്കെ നീ വേറെ കെട്ടിയില്ലേ." "ആതി... അന്നും ഇന്നും എന്റെ മനസ്സിൽ ഭാര്യയായി നീ മാത്രേയുള്ളൂ. കല്യാണ ശേഷം ലില്ലിയോട് ഞാനെല്ലാം തുറന്നു പറഞ്ഞിരുന്നു. ഞാനവളെ മിന്നു കെട്ടിയെന്നല്ലാതെ അവളുടെ വിരൽത്തുമ്പിൽ പോലും ഞാൻ തൊട്ടിട്ടില്ല. എന്റെ മനസ്സും ശരീരവും എന്നും നിന്റെ ഓർമ്മകളിൽ തന്നെയായിരുന്നു ആതി." ആൽഫിയുടെ സ്വരമിടറി മിഴികൾ സജലമായി.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story