മറുതീരം തേടി: ഭാഗം 79

marutheeram thedi shiva

രചന: ശിവ എസ് നായർ

"ആതി... അന്നും ഇന്നും എന്റെ മനസ്സിൽ ഭാര്യയായി നീ മാത്രേയുള്ളൂ. കല്യാണ ശേഷം ലില്ലിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞിരുന്നു. ഞാനവളെ മിന്ന് കെട്ടിയെന്നല്ലാതെ അവളുടെ വിരൽത്തുമ്പിൽ പോലും ഞാൻ സ്പർശിച്ചിട്ടില്ല. എന്റെ മനസ്സും ശരീരവും എന്നും നിന്റെ ഓർമ്മകളിൽ തന്നെയായിരുന്നു ആതി." ആൽഫിയുടെ സ്വരമിടറി മിഴികൾ സജലമായി. "എന്റെ മുന്നിൽ വന്നുനിന്ന് ഇങ്ങനെ ന്യായീകരിക്കാൻ നിനക്ക് ഉളുപ്പ് തോന്നുന്നില്ലേ ആൽഫി. താലി കെട്ടിയ എന്നേക്കാൾ നിനക്ക് വലുത് രക്തബന്ധം തന്നെയായിരുന്നില്ലേ. എന്നോട് കുറച്ചെങ്കിലും ആത്മാർത്ഥ നീ കാണിച്ചിരുന്നെങ്കിൽ നിന്റെ മമ്മി വന്ന് വിളിച്ചപ്പോൾ കൂടെ പോകില്ലായിരുന്നു. അല്ലെങ്കിൽ ഒരു കോളിലൂടെയോ മെസ്സേജിലൂടെയോ എങ്കിലും നിനക്കെന്നെ കാര്യങ്ങൾ അറിയിക്കാമായിരുന്നു. എന്റെ ഫോൺ നമ്പർ പോലും കാണാതറിയാത്ത നിന്നോട് ഞാനെന്ത് പറയാനാ. എന്റെ അമ്മാമ്മയെങ്ങാനും നിന്നെ കണ്ടാൽ ആ സെക്കന്റിൽ തന്നെ നിന്നെ തല്ലികൊല്ലും." "എന്റെ അന്നത്തെ അവസ്ഥ അതായിരുന്നു ആതി.

നിന്നെ ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ പറ്റാതെ വീടിനുള്ളിൽ തന്നെ ഞാൻ പെട്ടുപോയി. മമ്മിയുടെ കൂടെ പോയത് കൊണ്ടാണ് എനിക്കന്ന് അതൊക്കെ നേരിടേണ്ടി വന്നത്. നീയൊന്ന് ഓർത്ത് നോക്ക് ആതി, സ്വന്തം പപ്പ സീരിയസായി ഹോസ്പിറ്റലിൽ കിടക്കുന്നെന്ന് കേട്ടാൽ ആരായാലും പിണക്കം മറന്ന് ഓടിച്ചെല്ലില്ലേ. അതല്ലേ ഞാനും ചെയ്തുള്ളു. നിനക്കെങ്കിലും എന്നെ മനസ്സിലാകുമെന്ന് വിചാരിച്ചാണ് ഞാൻ നിന്നെ തിരക്കി വന്നത്." "നീയെന്നോട് കാര്യങ്ങൾ വിളിച്ച് പറഞ്ഞിട്ടാണ് നിന്റെ മമ്മിക്കൊപ്പം പോയതെങ്കിൽ എനിക്ക് നിന്നെ മനസ്സിലാകുമായിരുന്നു ആൽഫി. നമ്മൾ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്നിറങ്ങും വരെ നിനക്കെന്നെ വിളിക്കാൻ തോന്നിയില്ല. പോയിട്ട് തിരിച്ച് വന്നതുമില്ല, എവിടെയാണെന്ന് ഒന്ന് അറിയിക്കാൻ പോലും ശ്രമിച്ചില്ല. ആ സമയത്തൊക്കെ വയറ്റിലൊരു കുഞ്ഞിനേം ചുമന്ന് പോലിസ് സ്റ്റേഷനിലൊക്കെ കേറിയിറങ്ങി ഞാൻ നരകിക്കുമ്പോൾ നീയവിടെ അടുത്ത കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു.

ഞാൻ അനുഭവിച്ച ദുരന്തങ്ങളുടെ പകുതി പോലും നീ അനുഭവിച്ചിട്ടില്ല ആൽഫി. അത്രയധികം അനുഭവിച്ച എനിക്ക് നിന്നോടെങ്ങനെയാ ക്ഷമിക്കാൻ കഴിയുന്നത്?" "എന്റെ ഭാഗത്തെ തെറ്റ് തന്നെയാണ് ആതി. അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ നീയൊന്ന് ഓർത്ത് നോക്ക്, ഒരു വശത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങി നിൽക്കുന്ന പെങ്ങൾ, മറുവശത്ത് സർവ്വവും നഷ്ടപ്പെട്ട് കാൻസർ രോഗിയായി മാറിയ പപ്പ, കല്യാണം മുടങ്ങി നിൽക്കുന്ന പെങ്ങൾ, നിന്റെ അരികിലേക്ക് വന്നാൽ കുടുംബത്തോടെ മരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മമ്മി. അവരെന്തെങ്കിലും കാണിക്കട്ടെ എന്ന് വിചാരിച്ചു ഇറങ്ങി വന്നിട്ട് എന്തെങ്കിലും സംഭവിച്ച് പോയാൽ എനിക്ക് പിന്നെ സമാധാനം നിറഞ്ഞൊരു ജീവിതമുണ്ടാകുമോ ആതി. എത്ര വർഷം കാത്തിരുന്നിട്ടായാലും നിന്റെ അരികിലേക്ക് ഓടിവന്ന് നടന്ന കാര്യങ്ങൾ പറഞ്ഞാൽ നീയെങ്കിലും എന്നെ മനസ്സിലാക്കുമെന്ന് വിചാരിച്ച എനിക്ക് തെറ്റി." "ചതിയാണ് നീ എന്നോട് കാണിച്ചത്. ഗർഭിണിയായ സ്വന്തം ഭാര്യ നരകിക്കാൻ കാരണക്കാരനായ വഞ്ചകനാണ് നീ.

പിന്നെ ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും." "എന്റെ സാഹചര്യമെന്താ നീ മനസ്സിലാക്കാത്തത് ആതി. എന്റെ ഇഷ്ടത്തിന് എനിക്കൊന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥയായിരുന്നു അന്ന്." "എന്ത് സാഹചര്യം? എന്നോട് നിനക്ക് ആത്മാർത്ഥമായ സ്നേഹം ആയിരുന്നെങ്കിൽ നിനക്ക് എന്നെ വിവരം അറിയിക്കാൻ കഴിയുമായിരുന്നു. പക്ഷെ നീ അതൊന്നും ചെയ്തില്ലല്ലോ. സത്യത്തിൽ എനിക്കിപ്പോൾ നിന്നോട് വെറുപ്പാണ് ആൽഫി. നിന്നെയിങ്ങനെ കണ്മുന്നിൽ കാണുന്നത് പോലും എനിക്കറപ്പാണ്." "ആതി... അന്നത്തെ അവസ്ഥയിൽ വീട്ടുകാർ പറയുന്നത് എനിക്ക് കേൾക്കേണ്ടി വന്നെങ്കിലും നിന്നെ സേഫ് ആക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ അടുത്തില്ലെങ്കിലും നിന്റേം നമ്മുടെ കുഞ്ഞിന്റേം ആവശ്യങ്ങൾ നടക്കണമല്ലോന്ന് കരുതി മമ്മിയുടെ കൈവശം നിനക്ക് ആവശ്യമായ കാശ് ഞാൻ കൊടുത്ത് വിട്ടതാണ്. ഒപ്പം നിനക്ക് തരാനായി എന്റെ അപ്പോഴത്തെ അവസ്ഥകൾ വിവരിച്ചുകൊണ്ടൊരു കത്തും അതിലുണ്ടായിരുന്നു.

പക്ഷേ മമ്മി ഇവിടെ വന്ന് അന്വേഷിച്ചപ്പോൾ നീ നാട്ടിൽ നിന്നും എത്തിയിട്ടെല്ലെന്നാണ് മമ്മിക്ക് അറിയാൻ കഴിഞ്ഞത്. അപ്പോ ഞാൻ വിചാരിച്ചത് വീട്ടുകാർ നിന്നെ ഇങ്ങോട്ട് വിടാതെ തടഞ്ഞുവച്ചിട്ടുണ്ടാകുമെന്ന്. ഏത് വിധേനയും നീ ഇവിടെ തിരിച്ചെത്തുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ അപ്പോഴേക്കും ഞങ്ങൾക്ക് അയർലണ്ടിലേക്ക് പോകേണ്ടി വരുമെന്ന് ഞാൻ ഊഹിച്ചു. സെറീനയോട് നിന്നെ കുറിച്ച് തിരക്കണമെന്ന് പറഞ്ഞേൽപ്പിച്ച് പോകാനേ എനിക്കായുള്ളു. പക്ഷേ അവളും എന്നെ കയ്യൊഴിഞ്ഞു. അവരുടെയൊക്കെ ആവശ്യങ്ങൾ നടക്കാൻ ഞാൻ വേണമായിരുന്നു. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ പെങ്ങന്മാർക്കെന്നെ വിലയില്ലാതായി. അപ്പോഴും എന്റെ മനസ്സ് മനസ്സിലാക്കാൻ ആരുമില്ലായിരുന്നു. എനിക്ക് നേരിട്ട് വരാൻ പറ്റിയൊരു സിറ്റുവേഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉറപ്പായും നിന്റെയടുത്ത് വന്ന് എല്ലാം തുറന്നു പറയുമായിരുന്നു ആതി."

"നിന്റെ മമ്മി നിന്നോട് പറഞ്ഞത് പച്ചകള്ളമായിരുന്നു. നീ പറഞ്ഞത് വച്ച് നോക്കിയാൽ അവരിവിടെ അന്വേഷിച്ചുവന്ന ദിവസം ഞാൻ ഇവിടെതന്നെ ഉണ്ടായിരുന്നു. നിന്നെക്കുറിച്ചുള്ള വിവരങ്ങൾ അറിയാതെ പോലീസ് സ്റ്റേഷനിൽ കേറി അലയുകയായിരുന്നു ഞാൻ. നിന്റെ രൂപ സാദൃശ്യമുള്ള ആരോ ട്രെയിനിൽ നിന്ന് വീണ് മരിച്ചിട്ട് ആ ബോഡി കാണാൻ വരെ ഞാൻ പോയിട്ടുണ്ട്. അന്നൊക്കെ എന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് നിനക്കൂഹിക്കാൻ പറ്റുമോ ആൽഫി?" "എല്ലാം ഞാൻ സമ്മതിക്കുന്നു ആതി. അന്ന് മമ്മി ഇങ്ങോട്ട് വന്ന ട്രെയിൻ ടിക്കറ്റൊക്കെ കാണിച്ചപ്പോൾ ഞാൻ മമ്മിയെ വിശ്വസിച്ച് പോയി. ആ രീതിയിലാണ് മമ്മിയെന്നോട് കാര്യങ്ങൾ അവതരിപ്പിച്ചത്. ഞാൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. മമ്മി ഇവിടെ വന്ന് നിന്നെ കാണുകയും നീയെന്നെ അന്വേഷിച്ച് നടക്കുന്നതൊക്കെ കണ്ടിട്ടാ തിരിച്ചുവന്നത്.

ഇക്കാര്യം അയർലൻഡിൽ പോയതിന് ശേഷം മമ്മി ഡെയ്‌സിയോട് പറയുന്നത് ഞാൻ കേട്ടു, അതെനിക്ക് സഹിക്കാനായില്ല. മാത്രമല്ല മമ്മിയും ഡെയ്‌സിയും കൂടി നാടകം കളിച്ച് എന്നെ ചതിക്കുകയായിരുന്നു. ഡെയ്‌സി ഗർഭിണിയായിരുന്ന വിവരം മമ്മിക്ക് അറിയാമായിരുന്നു. ആ വിവരം സണ്ണിയുടെ വീട്ടിൽ പോയി പറഞ്ഞ് ബഹളമുണ്ടാക്കി അവരുടെ കെട്ട് നടത്തി വയ്ക്കണമെന്ന് പറഞ്ഞ് വഴക്ക് കൂടി. വർഗീസ് അങ്കിളിനും ഭാര്യയ്ക്കുമൊന്നും അതിനോട് എതിർപ്പും ഉണ്ടായിരുന്നില്ല. പക്ഷേ അവർ പകരം ലില്ലിക്ക് വേണ്ടി എന്നെ ചോദിച്ചു. അതോടൊപ്പം പപ്പയുടെ ചികിത്സ ഏറ്റെടുത്ത് നടത്താമെന്നും കടങ്ങൾ വീട്ടാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു. അതുകൊണ്ട് മാത്രമാണ് മമ്മി എന്നെ തിരക്കി വന്നത്. മമ്മിയുടെയും ഡെയ്‌സിയുടെയും ഇമോഷണൽ ഡ്രാമയിൽ ഞാൻ വീണ് പോയി. ഇതൊക്കെ അയർലൻഡിൽ പോയിട്ടാണ് ഞാനറിയുന്നത്.

സെറീനയ്ക്കും ഒക്കെ അറിയാമായിരുന്നു. എന്റെ പപ്പയും പിന്നെ ലില്ലിയും മാത്രമാണ് ഇതൊന്നും അറിയാതിരുന്നത്. ലില്ലിക്ക് പിന്നെ എന്നെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്ന് വേണം പറയാൻ. രണ്ട് വർഷം കഴിയാതെ എനിക്കവിടുന്ന് മടങ്ങി വരാനും കഴിയാത്തത് കൊണ്ട് സെറീനയെ വിളിക്കുമ്പോഴൊക്കെ ഞാൻ നിന്റെ കാര്യം അന്വേഷിക്കാൻ പറഞ്ഞുകൊണ്ടിരുന്നു. അക്കാരണത്താൽ പിന്നീടവള് എന്റെ കാൾ കണ്ടാൽ എടുക്കാതെയായി. അന്ന് ആ അവസ്ഥയിൽ ഞാൻ മനസ്സ് വച്ചാൽ കുടുംബം രക്ഷപ്പെടുമല്ലോ എന്നോർത്തത് ശരിയാണ്. പക്ഷേ അതോടൊപ്പം നിന്റെ കാര്യമോർത്തും എനിക്ക് ആധിയായിരുന്നു. ഞാനില്ലാതെ കുഞ്ഞുമായി നീ വാടക വീട്ടിൽ എങ്ങനെ ജീവിക്കുമെന്നോർത്ത് ഞാൻ ആശങ്ക പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ആശ്വാസം കണ്ടെത്തിയിരുന്നത് രാജീവേട്ടൻ ഇവിടെ അടുത്ത് തന്നെ താമസമുണ്ടല്ലോ എന്ന് വിചാരിച്ചാണ്. ഒരു തവണ നിനക്കെന്നോട് ക്ഷമിച്ചൂടെ ആതി. നിന്നോട് ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനൊരവസരം തന്നൂടെ നിനക്ക്.

എനിക്ക് നിന്റെയടുത്തേക്ക് വരാൻ കഴിയാതെ പോയതുകൊണ്ടല്ലേ. അന്നും ഇന്നും എന്നും നിന്നെ ഞാൻ സ്‌നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. നിന്നോട് ചെയ്യാൻ പാടില്ലാത്ത വലിയൊരു തെറ്റാണ് ഞാൻ ചെയ്തതും. അതൊക്കെ എന്റെ നിവൃത്തികേട് കൊണ്ടായിരുന്നു. " "നീ എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എന്റെ തീരുമാനം മാറാൻ പോകുന്നില്ല ആൽഫി. വെറുതെ ഇവിടെ നിന്ന് സമയം കളയാതെ പോകാൻ നോക്ക്. വീട്ടുകാർ കണ്ട് പിടിച്ചുതന്ന ഒരു ഭാര്യയുണ്ടല്ലോ കൂടെ. ആ പാവത്തിനോടെങ്കിലും നീതി പുലർത്താൻ ശ്രമിക്ക്. വീട്ടുകാരുടെ വാക്ക് കേട്ട് കാര്യങ്ങൾ മറച്ചുവച്ച് ലില്ലിയെ കല്യാണം കഴിച്ച് അവളേം കൂടി നീ ചതിച്ചില്ലേ." "ഇങ്ങനെയൊന്നും എന്നോട് പറയല്ലേ ആതി. നിന്റെ കൂടി കുറ്റപ്പെടുത്തലുകൾ താങ്ങാൻ എനിക്കാവില്ല. ലില്ലിയോട് ഞാനെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാനവളെ ചതിച്ചുവെന്നൊന്നും അവൾ പറഞ്ഞില്ല. എന്റെ മമ്മിയെന്നെ കുടുക്കിയതും നിന്നോടുള്ള എന്റെ സ്നേഹവുമൊക്കെ ആകെ മനസിലാക്കിയത് ലില്ലി മാത്രമാണ്.

എന്റെ അന്നത്തെ അവസ്ഥ എന്തായിരുന്നുവെന്ന് ലില്ലി മനസിലാക്കിയത് പോലെ നീയും മനസ്സിലാക്കുമെന്ന് ഞാൻ വിചാരിച്ചു." നിരാശയോടെ അവനത് പറയുമ്പോൾ ആതിരെ പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. "നിന്നോടൊരിക്കലും ക്ഷമിക്കാനെനിക്ക് കഴിയില്ല ആൽഫി. എന്നോട് ചെയ്തതിനൊക്കെ എന്നെങ്കിലും നീയും നിന്റെ വീട്ടുകാരും കണക്ക് പറയേണ്ടി വരും. അത്രത്തോളം യാതനകൾ സഹിച്ച്, ഓരോന്നും അതിജീവിച്ചാണ് ഞാൻ ഇവിടെ വരെയെത്തിയത്. എന്റെ മോളെ പോലും..." ആതിര വിതുമ്പലടക്കി കൊണ്ട് പറഞ്ഞു. "നിന്നോട് കാണിച്ചത് നീതികേടാണ് ആതി. അതിനൊക്കെ എന്റെ മമ്മി ഇപ്പൊത്തന്നെ ഒരുപാട് അനുഭവിച്ചുകഴിഞ്ഞു. ബെറ്റർ ട്രീറ്റ്മെന്റിന് വേണ്ടി പപ്പയെ അയർലണ്ടിലേക്ക് കൊണ്ട് പോയെങ്കിലും കാൻസറിൽ നിന്ന് എന്റെ പപ്പയ്ക്ക് അതിജീവിക്കാനായില്ല. ദിനംപ്രതി പപ്പയുടെ അവസ്ഥ മോശമായികൊണ്ടിരുന്നു. ഒടുവിൽ എന്റെ അമ്മച്ചിയെ പോലെ ഒരു സൈലന്റ് അറ്റാക്ക് വന്ന് പപ്പ മരണപ്പെട്ടപ്പോൾ മമ്മിയുടെ തകർച്ച അവിടെ തുടങ്ങുകയായിരുന്നു.

പപ്പയെ അന്ധമായി സ്നേഹിച്ചിരുന്ന മമ്മിക്ക് പപ്പയുടെ മരണം ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. മെല്ലെ മെല്ലെ മമ്മിയുടെ മാനസികനില തന്നെ തകരാറിലായി. ഇത്രയും നാൾ അവിടെത്തെ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ഇപ്പോൾ മമ്മിയെ നാട്ടിലേക്ക് കൊണ്ട് വന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ്‌ ചെയ്തു. ഓർമ്മയൊക്കെ നശിച്ച് ആരെയും തിരിച്ചറിയാനാവാതെ വല്ലാത്തൊരു അവസ്ഥയിലാണ്. ഡെയ്‌സിയും സണ്ണിയും വിവാഹം കഴിഞ്ഞ് കുഞ്ഞിനെ അബോർഷൻ ചെയ്തു കളഞ്ഞു. ഇപ്പൊ ഒരു കുഞ്ഞിനെ കിട്ടാതെ നെട്ടോട്ടമോടുകയാണ് ഇരുവരും. സെറീനയ്ക്ക് മാത്രമാണ് നല്ലൊരു ജീവിതം കിട്ടിയത്. ഈ രണ്ടര വർഷക്കാലം നിന്നെക്കുറിച്ച് ഒന്നുമറിയാൻ കഴിയാതെ ഞാനനുഭവിച്ച മാനസികസംഘർഷം ചില്ലറയൊന്നുമല്ല. എന്റെ തെറ്റിന് ഈയൊരു തവണ മാപ്പ് തന്നൂടെ ആതി. അല്ലെങ്കിൽ മരണം വരെ നിന്നെയും, ഒരു നോക്ക് കാണാൻ കഴിയാതെ പോയ നമ്മുടെ കുഞ്ഞിനെയുമോർത്ത് നീറി നീറി കഴിയേണ്ടി വരുമെനിക്ക്."

"ആരോട് ക്ഷമിച്ചാലും നിനക്ക് ഞാൻ മാപ്പ് തരില്ല ആൽഫി. ജീവിതകാലം മുഴുവനും എന്നെ ചതിച്ചതോർത്ത്‌ നീ വേദനിക്കണം. അതാണ് നിനക്ക് ഞാൻ തരുന്ന ശിക്ഷ. നിന്നെ പോലെ നട്ടെല്ലിന് ഉറപ്പില്ലാത്തൊരുത്തനെയാണല്ലോ ഞാൻ സ്നേഹിച്ചതെന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു." "ഞാൻ നിന്റെ കാല് പിടിക്കാം ആതി. പ്ലീസ്.. നിന്നേം കുഞ്ഞിനേം ഓർത്താണ് ഞാൻ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത്. നിങ്ങളായിരുന്നു ജീവിക്കാനുള്ള എന്റെ പ്രതീക്ഷ. അല്ലെങ്കിൽ അന്നുതന്നെ ലില്ലിയെ മിന്നുകെട്ടാൻ നിൽക്കാതെ ഞാൻ സ്വയം മരിക്കുമായിരുന്നു." "അങ്ങനെ നീ മരിച്ചിരുന്നെങ്കിൽ കൂടി നിന്നോടെനിക്കിത്രയ്ക്ക് വെറുപ്പ് തോന്നുമായിരുന്നില്ല. വെറുതെ ഇവിടെ നിന്ന് സമയം കളയാതെ പോകാൻ നോക്ക് ആൽഫി. നിന്നെ കാണുന്നതോ മിണ്ടുന്നതോ പോലും എന്നെ സംബന്ധിച്ച് വെറുപ്പുളവാക്കുന്ന കാര്യമാണ്. ഇപ്പൊ ഒരു ഭാര്യ കൂടെയുണ്ടല്ലോ, ശിഷ്ടകാലം അവളോട് നീതിപുലർത്തി കഴിയാൻ നോക്ക്.

എന്റെ ജീവിതം നശിപ്പിച്ചത് പോലെ ലില്ലിയുടെ ജീവിതം കൂടെ തകർക്കാതിരിക്കാൻ നോക്ക്. ആ പാവത്തിനും കല്യാണത്തിന് മുൻപ് നിന്നെപ്പറ്റി ഒന്നും അറിയില്ലായിരുന്നല്ലോ." "ആതീ... ഞാൻ സ്നേഹിച്ചത് ലില്ലിയെയല്ല, നിന്നെയാണ്. നിന്റെ കൂടെയൊരു ജീവിതമാഗ്രഹിച്ചാണ് ഞാൻ നിന്നെ തേടിയെത്തിയത്." "നിനക്ക് മാത്രം ആഗ്രഹം തോന്നിയിട്ട് കാര്യമില്ലല്ലോ, എനിക്കും കൂടി തോന്നണ്ടേ. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ടായിരുന്നു. നിനക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ ഞാനങ്ങ് പൊയ്ക്കോട്ടേ." "നിന്റെ തീരുമാനം ഒരിക്കലും മാറില്ലേ ആതി." വേദനയോടെ ആൽഫി അവളോട് ചോദിച്ചു. "മാറില്ല... ഇനിയൊരിക്കലും നീ എനിക്ക് മുൻപിൽ വരാൻ ശ്രമിക്കരുത്. അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിന്നോട്. ദയവ് ചെയ്ത് ഒരു ശല്യമായി നീയെന്റെ പിന്നാലെ വരരുത്. നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായാണെങ്കിൽ ഇതൊരപേക്ഷ ആയെങ്കിലും കാണണം. എല്ലാം ഇതോടെ നിർത്തിക്കോ ആൽഫി. ഇനി തമ്മിലൊരു കൂടി കാഴ്ച വേണ്ട. അതാണ് നമ്മൾക്ക് രണ്ടുപേർക്കും നല്ലത്, ഗുഡ് ബൈ..."

ആൽഫിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ആതിര മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വേഗത്തിൽ നടന്നുപോയി. "ആതി... പ്ലീസ്... പോവല്ലേ ആതി..." ആൽഫി അവൾക്ക് പിന്നാലെ ഓടിച്ചെന്നപ്പോഴേക്കും ലിഫ്റ്റിൽ കയറി ആതിര താഴേക്ക് പോയിരുന്നു. "നിന്നെ കൈവിട്ട് കളയാനല്ല ആതി ഞാൻ വന്നത്. നിന്നെയെനിക്ക് വേണം... നീ മാത്രേ എനിക്കുള്ളൂ... സ്റ്റിൽ ഐ ലവ് യു ആതി... നിന്റെ മനസ്സ് മാറുന്നത് വരെ നിന്റെ പിന്നാലെ ഞാൻ വരും. നിനക്കെന്നെ സ്നേഹിക്കാതിരിക്കാനാവില്ല ആതി, എനിക്ക് വിശ്വാസമുണ്ട്. എന്നോളം നിന്നെയാരും മനസ്സിലാക്കിയിട്ടില്ലല്ലോ. ഇപ്പൊ നിനക്കെന്നോടുള്ള ദേഷ്യമൊക്കെ മാറും, എനിക്കുറപ്പുണ്ട്. ഇവിടുന്ന് ഞാൻ തിരിച്ച് പോകുമ്പോൾ നീയും എനിക്കൊപ്പം ഉണ്ടാവും ആതി. ഇനിയും നിന്നെ കൈവിടാൻ എനിക്ക് പറ്റില്ല. അത്രയ്ക്ക് ഇഷ്ടാ എനിക്ക് നിന്നെ." നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് മുഖം പൊത്തി ആൽഫി കരഞ്ഞു. 🍁🍁🍁🍁

താഴെ പാർക്കിംഗ് ഏരിയയിൽ എത്തുമ്പോൾ അവിടെ അവളെ കാത്ത് കാർത്തിക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ മുഖത്തെ പരിഭ്രമവും സങ്കടവും തന്റെ കണ്ട നിമിഷം തന്നെ മാറുന്നതും ആശ്വാസം നിറഞ്ഞൊരു പുഞ്ചിരി കാർത്തിക്കിന്റെ മുഖത്ത് പടരുന്നതും ആതിര പ്രത്യേകം ശ്രദ്ധിച്ചു. "മോളേം കൊണ്ട് അവർ വീട്ടിലേക്ക് പോയി ആതി. ഞാൻ തന്നെ കാത്ത് നിന്നതാ." "നമുക്ക് വേഗം വീട്ടിലേക്ക് പോവാം സർ... ഇനിയും ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോ ഭ്രാന്ത് പിടിക്കും." ആതിര ധൃതിയിൽ കാറിലേക്ക് കയറി ഇരുന്നു. അവളുടെ കല്ലിച്ച മുഖം കണ്ടപ്പോൾ തന്നെ സംഗതി അത്ര പന്തിയല്ലെന്ന് അവന് തോന്നി. കാർത്തിക് വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു. ആൽഫി ലിഫ്റ്റിൽ കയറി താഴെ വന്ന് പാർക്കിംഗ് ഏരിയയിലും ആ ഹോസ്പിറ്റലിന്റെ മുക്കിനും മൂലയ്ക്കും അവളെ നോക്കി നടന്നെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ നിരാശയോടെ അവൻ മുറിയെടുത്തിരുന്ന ലോഡ്ജിലേക്ക് പോയി. "ആൽഫി എന്ത് പറഞ്ഞു ആതി...

എന്തായിരുന്നു അവന് പറയാനുണ്ടായിരുന്നത്." ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുതന്നെ കാർത്തിക് ചോദിച്ചു. "സ്വയം കുറേ ന്യായീകരിക്കാൻ ശ്രമിച്ചു. കാല് പിടിച്ചു മാപ്പ് പറഞ്ഞ് കരഞ്ഞു." ആൽഫി പറഞ്ഞ കാര്യങ്ങൾ ആതിര അവനോട് ചുരുക്കി പറഞ്ഞ് കേൾപ്പിച്ചു. "എല്ലാം കേട്ടിട്ട് താനെന്ത് തീരുമാനിച്ചു ആതി. ആൽഫിയോട് ക്ഷമിക്കാൻ തോന്നുന്നുണ്ടോ?" കാർത്തിക്, സ്വരത്തിൽ മാക്സിമം സ്വാഭാവികത വരുത്തി. "എന്തേ ക്ഷമിക്കണോ ഞാൻ." ആതിര അവനെയൊന്ന് പാളി നോക്കി. "അതൊക്കെ തന്റെ ഡിസിഷനല്ലേ ആതി. ഞാനെന്ത് പറയാനാ." ഉള്ളിലെ സങ്കടം മറച്ചുപിടിക്കാൻ അവൻ ശ്രമിച്ചു. "ക്ഷമിച്ചാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ചെയ്താലും ആൽഫി തുമ്പി മോൾടെ അച്ഛനല്ലാതാവുന്നില്ലല്ലോ." ചിരി മറച്ച് ആതിര പറഞ്ഞു. "എടുത്തുചാടി ഒരു തീരുമാനമെടുക്കാതെ നന്നായി ആലോചിച്ച് വേണം ആതി ഈ വിഷയത്തിൽ ഒരു ഡിസിഷനെടുക്കേണ്ടത്." "അതൊക്കെ അവിടെ നിൽക്കട്ടെ. സാറിന് എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ. അത് ആൽഫിയുടെ കാര്യമാണോ?"

"ഹാ... അതും പറയാനുണ്ടായിരുന്നു... വേറൊരു കാര്യവും തന്നോട് ചോദിക്കാനുണ്ടായിരുന്നു. ഇനി ചോദിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല." അത്‌ പറയുമ്പോൾ കാർത്തിക്കിന്റെ സ്വരമൊന്നിടറി. "സാറിന് എന്താ ചോദിക്കാനുണ്ടായിരുന്നത്. നമ്മൾ മാത്രമുള്ളപ്പോൾ സംസാരിക്കാമെന്നല്ലേ പറഞ്ഞത്. ഇപ്പൊ കാറിൽ നമ്മൾ മാത്രല്ലേയുള്ളൂ." "ഇനിയതിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല ആതി. താനാ വിഷയം വിട്." "എന്താ കാര്യമെന്ന് കേട്ടാലല്ലേ ആ ചോദ്യത്തിന് പ്രസക്തിയുണ്ടോ ഇല്ലയോ എന്നൊക്കെ പറയാൻ പറ്റു. സർ കാര്യം പറയൂ." ആതിര അവനെ നിർബന്ധിച്ചു. കാർത്തിക് അവളെയൊന്ന് നോക്കിയിട്ട് കാർ റോഡിന് ഓരം ചേർത്ത് നിർത്തി..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story