മറുതീരം തേടി: ഭാഗം 8

marutheeram thedi shiva

രചന: ശിവ എസ് നായർ

 " നിന്നെ തിരിച്ചിങ്ങോട്ട് വിട്ടില്ലെങ്കിൽ എന്ത് ചെയ്യും ആതി. എനിക്ക് അതോർത്താ പേടി." "അങ്ങനെയൊന്നും ഉണ്ടാവില്ല ആൽഫി. നാല് ദിവസത്തെ ലീവ് കഴിഞ്ഞാ പിന്നെ അഞ്ചാം ദിവസം ഞാനിങ്ങ് എത്തില്ലേ." ആതിര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പൊടുന്നനെ ആൽഫി അവളുടെ കൈകളിൽ കടന്നുപിടിച്ചു. "ആതീ... നിന്നെ... നിന്നെയെനിക്ക് ഒത്തിരി ഇഷ്ടാണ്. എപ്പോഴോ നീയെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി. നിന്റെ നല്ലൊരു സുഹൃത്തായി ഇരിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ... എനിക്ക്... എനിക്കെന്റെ മനസ്സിനെ തടയിടാൻ കഴിഞ്ഞില്ല. നിന്നെ കൂടുതൽ അടുത്തറിഞ്ഞപ്പോ, എന്റെ വിഷമങ്ങൾ ഞാൻ നീയുമായും പങ്ക് വച്ചപ്പോഴൊക്കെ എന്റെ മനസ്സ് ഞാൻ പോലുമറിയാതെ നിന്നിലേക്ക് അടുക്കുകയായിരുന്നു. നീ ഇപ്പൊ നാട്ടിൽ പോവുന്ന കാര്യം പറഞ്ഞത് കേട്ടപ്പോൾതന്നെ എനിക്ക് പേടിയാവുന്നു ആതി. ഇനിയൊരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റിയില്ലെങ്കിലോ?

നിന്റെ വീട്ടുകാർ നിന്നെ തിരിച്ചയച്ചില്ലെങ്കിൽ എനിക്ക് ചിലപ്പോ ഭ്രാന്ത് പിടിച്ചു പോകും. നമ്മുടെ കോഴ്സ് കഴിഞ്ഞ ശേഷം ഒരു ജോലി കിട്ടിയിട്ട് നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാമെന്ന് വിചാരിച്ചതാണ്. പക്ഷേ നിന്നെയിനി കാണാൻ പറ്റിയില്ലെങ്കിലോ എന്ന പേടിയിൽ അറിയാതെ പറഞ്ഞു പോയതാണ് ഞാൻ. നീയെന്നെ സ്നേഹിക്കണമെന്ന് ഒരിക്കലും ഞാൻ വാശി പിടിക്കില്ല. എന്റെ ഇഷ്ടം പറഞ്ഞു നിന്നെ ശല്യം ചെയ്യാനും ഞാൻ വരില്ല. എന്റെ മനസ്സിലുള്ളത് നിന്നെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ട് മാത്രം പറഞ്ഞതാണ് ആതി. ഞാനിത് പറഞ്ഞതിന്റെ പേരിൽ നീയിനി എന്നോട്‌ മിണ്ടാതിരിക്കരുത്." ആൽഫിയുടെ വാക്കുകൾ കേട്ട് ഭാവമാറ്റം ഏതുമില്ലാതെ അവളവനെ നോക്കി. "നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ നേരത്തെ തന്നെ ഊഹിച്ചിരുന്നു ആൽഫി. പക്ഷേ എനിക്ക് നിന്നോടുള്ളത് ഒരു സുഹൃത്തിനോടെന്ന പോലുള്ള സ്നേഹം മാത്രമാണ്. അതെന്റെ പ്രണയമാണെന്ന് നീയൊരിക്കലും തെറ്റിദ്ധരിക്കരുത്. ഒരാളെ പ്രണയിക്കാനുള്ള മാനസികാവസ്ഥയോ ജീവിത സാഹചര്യമോ അല്ല എന്റേത്.

വയസ്സാം കാലത്ത് കണ്ട വീടുകളിൽ അടുക്കള പണിക്ക് പോയി എന്നെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന എന്റെ അമ്മാമ്മയെ ചതിക്കാൻ എനിക്ക് കഴിയില്ല. അമ്മാമ്മയോട് നീതികേട് കാണിച്ചാൽ ഈശ്വരൻ പോലും എന്നോട്‌ പൊറുക്കില്ല. ഇപ്പൊ എന്റെ മനസ്സിൽ പഠിക്കുക ജോലി നേടുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളു. അതിനിടയിൽ ഒരു പ്രേമ ബന്ധത്തിനൊന്നും എനിക്ക് താല്പര്യമില്ല ആൽഫി. പിന്നെ ഇതിന്റെ പേരിൽ നിന്നോട് പിണങ്ങി ഇരിക്കയോ മിണ്ടാതെ നടക്കുകയോ ഒന്നും ചെയ്യില്ല ഞാൻ. നിന്നെ നല്ലൊരു സുഹൃത്തായി കാണാൻ തുടർന്നും എനിക്ക് പറ്റും." ചിരിയോടെ ആതിര അത് പറയുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി അവനിലേക്കും പടർന്നു. ************** "അമ്മാമ്മേ... അമ്മയെന്നെ ഇന്നലെ വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. ഓണത്തിന് എന്നെ വീട്ടിലേക്ക് കൊണ്ടുപോവാൻ അമ്മ വരാന്ന് പറഞ്ഞു." വൈകുന്നേരം ഭാർഗവി വിളിച്ചപ്പോൾ ആതിര അവരോട് പറഞ്ഞു.

"ഭാരതി രാവിലെ എന്നെ വിളിച്ചിരുന്നു മോളെ. മുരളിയോട് നിന്നെ അങ്ങോട്ട്‌ കൊണ്ട് ചെല്ലുന്ന കാര്യം പറഞ്ഞു വഴക്കായെന്നും അവളെ തല്ലിയെന്നുമൊക്കെ പറഞ്ഞു. ഒടുവിൽ ഭാരതിയുടെ വാശിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ അമ്മയും മോളും കൂടി എന്തെങ്കിലും കാണിക്കെന്ന് പറഞ്ഞ് ദേഷ്യം പിടിച്ച് വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടച്ചിട്ട് ഇറങ്ങിപ്പോയി. ഓണം അവധിക്ക് നിന്നെ വിളിച്ചോണ്ട് ചെല്ലാൻ കൂടെ വരോന്നു ചോദിച്ചാ രാവിലെ എന്നെ വിളിച്ചത്. അവള് അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ എതിര് പറഞ്ഞില്ല. എന്തായാലും നിന്റെ അമ്മയെയും കൂട്ടി അടുത്ത ആഴ്ച വരുന്നുണ്ട്." "അച്ഛന്റെ പ്രതികരണമോർക്കുമ്പോ എനിക്ക് ചെറിയ പേടിയുണ്ട് അമ്മാമ്മേ." "മുരളിയുടെ ഭാഗത്ത്‌ നിന്ന് എതിർപ്പൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. പക്ഷേ പഴയതിനേക്കാൾ ദേഷ്യമായിരിക്കും നിന്നോട് കാണിക്ക. നാല് ദിവസത്തേക്കല്ലേ, മോള് പേടിക്കാതെ ചെല്ല്. ആ വീട്ടിൽ അവനെക്കാൾ അവകാശം നിനക്കുണ്ട് മോളെ. മുരളിക്കും ഭാരതിക്കും താമസിക്കാൻ ആ വീടും പറമ്പും കൊടുത്തത് ഞാനാ.

അവന്റെ കാശ് കൊണ്ടാ പിന്നെ വീടൊന്ന് മോടിപിടിപ്പിച്ചെടുത്തത്. പക്ഷേ ഇപ്പോഴും ആ വീടും വസ്തുവുമൊക്കെ എന്റെ പേരിൽ തന്നെയാ. അതല്ലേ നിന്റെ അച്ഛന് ഇപ്പഴും എന്നെ പേടിയുള്ളത്. അതുകൊണ്ട് മോള് പേടിക്കണ്ട." ഭാർഗവി അമ്മ അവളെ ആശ്വസിപ്പിച്ചു. "അമ്മാമ്മയ്ക്കും കൂടെ വന്ന് നിൽക്കാൻ പറ്റില്ലേ?" പ്രതീക്ഷയോടെ അവൾ ചോദിച്ചു. "അമ്മാമ്മക്ക് ജോലിക്ക് പോവാനുള്ളോണ്ട് അങ്ങോട്ട്‌ വന്ന് നിൽക്കാൻ പറ്റില്ല കൊച്ചേ. അല്ലെങ്കിൽ അമ്മാമ്മയും വന്ന് നിന്നേനെ. അടുക്കള പണിക്ക് പോണ വീട്ടിൽ ഓണത്തിന് സദ്യ ഉണ്ടാക്കാനൊക്കെ അവർക്കൊരു കൈസഹായത്തിനായി ചെന്നാൽ പൈസ കൂടുതൽ തരാമെന്ന് പറഞ്ഞിട്ടുണ്ട്. ആ കാശ് കിട്ടിയാൽ മോൾക്ക് കുറച്ചു തുണിയെടുക്കാലോ. കൊച്ചിന്റെ ഉടുപ്പുകളൊക്കെ പഴകി പോയതല്ലേ." അമ്മാമ്മയുടെ വാക്കുകൾ അവളുടെ കണ്ണുകളെ ഈറനാക്കി. "എന്തിനാ അമ്മാമ്മേ എനിക്ക് വേണ്ടിയിങ്ങനെ വിശ്രമം പോലുമില്ലാതെ പണിയെടുത്തു കഷ്ടപ്പെടുന്നത്?" "ഞാൻ കൂടെ കൈയൊഴിഞ്ഞാ നിനക്ക് പിന്നെ ആരുണ്ട് മോളെ.

നിന്റെ അച്ഛനെന്ന് പറയുന്നവൻ ഇങ്ങനെയായി പോയില്ലേ. നിനക്ക് വേണ്ടി കഷ്ടപ്പെടാൻ അമ്മാമ്മയ്ക്ക് സന്തോഷമേ ഉള്ളു. എന്നാ ശരി മോളെ അമ്മാമ്മ വയ്ക്കുവാ. നീ പോയി പഠിക്കാനുള്ളത് എടുത്തുവച്ച് പഠിക്ക്. ഞാൻ നാളെ വിളിക്കാം." "ശരി അമ്മാമ്മേ." ആതിര ഫോൺ വച്ചിട്ട് തന്റെ മുറിയിലേക്ക് പോയി. രാത്രി സ്ഥിരം വിളിക്കുന്ന സമയത്ത് ഭാരതി അവളെ വിളിച്ച് പിറ്റേ ആഴ്ച വരുന്ന കാര്യം അറിയിച്ചു. അച്ഛന്റെ കാര്യമോർത്ത് പേടിക്കണ്ടന്നും അവർ അവളോട് പറഞ്ഞു. അങ്ങനെ വീട്ടിലേക്ക് പോകാനുള്ള ദിവസങ്ങളെണ്ണി ആതിര ഓരോ ദിനവും തള്ളി നീക്കി. ************** "ആൽഫീ.... നാളെ അമ്മയും അമ്മാമ്മയും വരുന്നുണ്ട് എന്നെ കൊണ്ടുപോകാൻ. ഇനി അഞ്ചു ദിവസം കഴിഞ്ഞു കാണാം നമുക്ക്." രാവിലെ ക്ലാസ്സിൽ വച്ച് അവൾ ആൽഫിയോട് വീട്ടിലേക്ക് പോവുന്ന കാര്യം അറിയിച്ചു. അവളുടെ സന്തോഷം കണ്ടപ്പോൾ തന്റെയുള്ളിലെ സങ്കടം മുഖത്ത് പ്രകടമാകാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. "നിനക്ക് സന്തോഷമായില്ലേ ആതി. പക്ഷേ എനിക്ക് പേടിയുണ്ട്...

നിന്നെയിനി കാണാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത്." തന്റെ ആശങ്ക അവൻ മറച്ചു വച്ചില്ല. "അച്ഛനെന്നെ കാണുന്നതേ കലിയാണ്. അതുകൊണ്ട് നാല് ദിവസത്തെ അവധി കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് തന്നെ വരും. അതോർത്തു നീ പേടിക്കണ്ട. എന്നെ അവിടെ പിടിച്ചു വച്ചിട്ട് ആർക്കും ഒന്നും കിട്ടാനില്ല. എങ്ങനെയെങ്കിലും പോയി തന്നാൽ മതിയെന്നായിരിക്കും അവിടെയുള്ളവർക്ക്." ആതിര ചിരിയോടെ ആൽഫിയെ നോക്കി. "ഹ്മ്മ്... നീ വരുന്നത് വരെ എന്റെ സമാധാനം പോയികിട്ടി." പകുതി തമാശയായും പകുതി കാര്യമായും അവൻ പറഞ്ഞു. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ആൽഫി ഉള്ളുരുക്കുന്ന ഹൃദയ വേദനയോടെ അവളെ നോക്കി. തനിക്കൊരിക്കലും ഇനിയവളെ കാണാൻ പറ്റില്ലെന്ന് അവന്റെ മനസ്സിലിരുന്ന് ആരോ പറഞ്ഞു. ആൽഫിയോട് യാത്ര പറഞ്ഞു അവൾ ഹോസ്റ്റലിലേക്ക് പോയി. ആതിര കണ്ണിൽ നിന്ന് നടന്ന് മറയുന്നത് വരെ ആൽഫി അവളെ നോക്കി നിന്നു. അവന്റെ മിഴികളിൽ നിന്നും നീർതുള്ളികൾ കവിളുകളെ നനച്ചുകൊണ്ട് ഭൂമിയിലേക്ക് പതിച്ചു. **************

രാവിലെ അമ്മാമ്മയ്ക്കൊപ്പം അമ്മയെ കണ്ടപ്പോൾ ആദ്യമായി കാണുന്നത് പോലെ നിറമിഴികളോടെ ആതിര അവരെ നോക്കി നിന്നു. പിന്നെയൊരു പൊട്ടികരച്ചിലോടെ അവൾ ഭാരതിയെ കെട്ടിപിടിച്ചു. അവളുടെ ആ പ്രവൃത്തി അവരുടെ ഉള്ളുലച്ചു. ഒരു നിമിഷം അവളോട് താൻ ചെയ്യുന്നത് ക്രൂരതയല്ലേ എന്നോർത്ത് ഭാരതിക്ക് കുറ്റബോധം തോന്നി. നാട്ടിലേക്കുള്ള ട്രെയിൻ കയറുമ്പോൾ അമ്മയുടെയും അമ്മാമ്മയുടെയും നാടുവിലായിരുന്നു അവളിരുന്നത്. രാത്രി മുഴുവൻ നാട്ടിലേക്ക് പോകുന്നതോർത്തു ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയതിനാൽ യാത്രയ്ക്കിടെ അവളൊന്ന് മയങ്ങിപ്പോയി. ഉറക്കം തൂങ്ങി തന്റെ തോളിലേക്ക് ചാഞ്ഞുപോയ ആതിരയെ, ഭാരതി തന്റെ മടിയിലേക്ക് തല ചായ്ച്ചു കിടത്തി. യാന്ത്രികമായി അവരുടെ വലതുകൈ അവളുടെ ശിരസ്സിനെ തലോടി കൊണ്ടിരുന്നു. ആദ്യമായിട്ടായിരുന്നു അവരിൽ നിന്ന് അങ്ങനെയൊരു ചേർത്തുപിടിക്കൽ അവൾക്ക് ലഭിക്കുന്നത്. പാതിയുറക്കത്തിലും ആതിരയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു നിന്നു.

ആ കാഴ്ച കണ്ടപ്പോൾ ഭാർഗവി അമ്മയുടെ മനം നിറഞ്ഞു. സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുകൾ അവർ നേര്യത്തിന്റെ തുമ്പാലെ ഒപ്പിയെടുത്തു. ഒറ്റപ്പാലം സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ രാത്രിയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരോട്ടോ പിടിച്ച് മൂവരും വീട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് ഓട്ടോ നിർത്തി അതിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടു ഉമ്മറത്തെ ചാരു കസേരയിൽ നീണ്ടു നിവർന്ന് കിടക്കുന്ന മുരളിയെ. "ഒടുക്കം കെട്ടിലമ്മയെയും കൊണ്ട് ഇങ്ങോട്ട് തന്നെ എഴുന്നള്ളിയല്ലേ." പുച്ഛത്തോടെ അയാൾ ആതിരയെ നോക്കി. "ഇനിയെന്റെ കൊച്ചിന്റെ ദേഹത്ത് തൊട്ടാൽ ഈ ഭാർഗവി ആരാന്ന് നീ അറിയും. ഈ വീട്ടീന്ന് അവളെ ഇറക്കി വിടാൻ നിനക്കെന്താ അവകാശം. അവൾക്കിവിടെ വന്ന് നിക്കാൻ തോന്നിയാൽ ഇനിയും അവള് വരും. അത് ചോദ്യം ചെയ്യാൻ നിനക്ക് അവളിന്മേൽ യാതൊരു അധികാരവുമില്ല. വെറുതെ ഒരു ഒച്ചപ്പാട് ഉണ്ടാക്കണ്ടെന്ന് കരുതിയാ മിണ്ടാതെ മിണ്ടാതെ പോണത്. അപ്പൊ നിനക്ക് അഹങ്കാരം." മുരളിക്ക് നേരെ വിരൽ ചൂണ്ടി ഭാർഗവിഅമ്മ കലിതുള്ളി. അതോടെ അയാളൊന്ന് അടങ്ങി.

അവരെയൊന്ന് കടുപ്പിച്ചു നോക്കിയ ശേഷം മുരളി വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി. "നീ കേറി വാ മോളെ." ഭാരതി അവളെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. ദീർഘനേരത്തെ യാത്ര കഴിഞ്ഞു വന്നതിനാൽ മൂവരും ക്ഷീണം പിടിച്ചു ഉറക്കമായി. മുരളി കിടക്കുന്ന മുറിയിലേക്ക് പോകാതെ ആതിര കിടക്കുന്ന മുറിയിൽ നിലത്ത് പായ വിരിച്ചാണ് ഭാരതി ഉറങ്ങാൻ കിടന്നത്. ഭാർഗവിയും ആതിരയും കട്ടിലിൽ കിടന്നു. മുരളിയോടൊപ്പം കിടക്കാൻ പേടിച്ചിട്ടാവും അമ്മ തങ്ങൾക്കൊപ്പം വന്ന് കിടന്നതെന്നാണ് അവൾ ചിന്തിച്ചത്. വീട്ടുപണിക്ക് പോവാനുള്ളതുകൊണ്ട് പിറ്റേ ദിവസം അതിരാവിലെതന്നെ ഭാർഗവി അമ്മ ആതിരയോട് യാത്ര പറഞ്ഞു പോയി. സ്നേഹിക്കപ്പെടേണ്ടവർ തീർത്ത ചക്രവ്യൂഹത്തിനുള്ളിലാണ് താനകപ്പെട്ടതെന്ന് അറിയാതെ അവൾ പതിവ് പണികളിലേർപ്പെട്ടു...... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story