മറുതീരം തേടി: ഭാഗം 80

marutheeram thedi shiva

രചന: ശിവ എസ് നായർ

"എന്താ സർ ഇവിടെ വണ്ടി നിർത്തിയെ?" "എനിക്ക് പറയാനുള്ളത് അൽപ്പം ഗൗരവമുള്ള കാര്യമാണ് ആതി. താനത് എങ്ങനെ എടുക്കുമെന്നൊന്നും എനിക്കറിയില്ല." ഒന്ന് നിർത്തി കാർത്തിക് അവളെ നോക്കി. "എന്നോടെന്തെങ്കിലും പറയാൻ സാറിന് ഇത്രക്ക് മുഖവുരയുടെ ആവശ്യമുണ്ടോ?" ആതിരയുടെ ചോദ്യം കേട്ട് അവനൊന്ന് പുഞ്ചിരിച്ചു. "ആതീ... എനിക്ക് തന്നെ ഇഷ്ടാണ്. തന്റെ തുമ്പി മോളെയും എനിക്കിഷ്ടമാണ്. അവളെ എനിക്കെന്റെ സ്വന്തം മോളെപ്പോലെ തന്നെ സ്നേഹിക്കാനാകും. അതുപോലെ തന്നെ കരയിക്കാനിട വരുത്താതെ നോക്കാമെന്ന് ഉറപ്പ് തരാനും എനിക്ക് കഴിയും. കുറച്ചുനാളായി തന്നോടിത് പറയണമെന്ന് ഞാൻ വിചാരിക്കുന്നു. അപ്പോഴാണ് ഇടയ്ക്ക് ആൽഫി കയറി വന്നത്. അവനിപ്പോ വന്നത് കൊണ്ടാണ് ഞാനിങ്ങനെ പറയുന്നതെന്ന് താൻ വിചാരിക്കരുത്. ആതിരയ്ക്ക് എന്നെ ഇഷ്ടമാകുമെങ്കിൽ മാത്രം നമുക്ക് ഒരുമിച്ചൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാം. മറിച്ചാണെങ്കിൽ ഞാൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് താൻ വിചാരിച്ചോളൂ.

ഇതൊന്നും നമ്മുടെ സൗഹൃദത്തെ ഒരു രീതിയിലും ബാധിക്കില്ല." നേർത്ത ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ കാർത്തിക്കത് പറയുമ്പോൾ ഇമവെട്ടാതെ ആതിര അവനെ നോക്കിയിരുന്നുപോയി. നിമിഷങ്ങൾ കൊഴിഞ്ഞുവീണു കൊണ്ടിരുന്നു. "ആതീ... താനൊന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അക്കാര്യം വിട്ടേക്ക്." മിഴികളിൽ നിരാശ ഒളിപ്പിച്ച് കാർത്തിക് പറഞ്ഞു. "സാറിന് എന്നോടും മോളോടും ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് എപ്പോഴൊക്കെയോ എനിക്കും തോന്നിയിട്ടുണ്ട്. അത് സാറിൽ നിന്നുതന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചു." "ആതിയെന്താ പറഞ്ഞു വരുന്നത്?" കാർത്തിക്കിന്റെ സ്വരത്തിൽ ആകാംക്ഷ മുറ്റി നിന്നു. "എന്നെ മനസ്സിലാക്കുന്ന എനിക്കൊപ്പം നിൽക്കുന്നൊരു ജീവിത പങ്കാളിയെ ഞാനും ആഗ്രഹിക്കുന്നുണ്ട് സർ. എനിക്ക് സാറിനെ ഇഷ്ടമാണ്. എന്റെ തുമ്പി മോൾക്ക് നല്ലൊരാച്ഛനാകാൻ സാറിന് കഴിയുമെന്നും എനിക്ക് വിശ്വാസമുണ്ട്." ഈറൻ കണ്ണുകൾ തുടച്ച് നിറഞ്ഞ മനസ്സോടെ അവൾ പുഞ്ചിരിച്ചു. "ആതീ... താൻ... ഇത് സത്യമാണോ... താൻ നന്നായി ആലോചിച്ചു തന്നെയാണോ?" അവിശ്വസനീയതയോടെ കാർത്തിക് അവളോട് ചോദിച്ചു. "അതെ സർ... നന്നായി ആലോചിച്ച് തന്നെയാണ് ഞാൻ പറയുന്നത്."

"തന്റെ ഇഷ്ടം ചോദിച്ചറിഞ്ഞ ശേഷം മാത്രം അമ്മയോടും റാമിനോടുമൊക്കെ ഇതേക്കുറിച്ച് സംസാരിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. എന്താ തന്റെ അഭിപ്രായം." "എനിക്ക് സമ്മതമാണ് സർ." കാർത്തിക്കിന്റെ മുഖത്ത് സന്തോഷം ഇരച്ചെത്തുന്നത് കൗതുകത്തോടെ അതിലേറെ ഇഷ്ടത്തോടെ അവൾ നോക്കി ഇരുന്നു. "ശരിക്കും ആതിക്കെന്നെ ഇഷ്ടമായോ? അതോ എനിക്ക് വിഷമമാകുമെന്ന് വിചാരിച്ചാണോ താൻ സമ്മതം പറഞ്ഞത്." "സാറിന് ഇപ്പഴും എന്നെ വിശ്വാസം വന്നിട്ടില്ലെന്ന് തോന്നുന്നല്ലോ." "വിശ്വാസകുറവിന്റെയല്ല ആതി. തന്റെ പൂർണ്ണ ഇഷ്ടത്തോടെ മാത്രമേ തന്നെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യമുള്ളു." "എന്റെ പ്രെഗ്നൻസി ടൈമിലും പിന്നീട് ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോഴുമൊക്കെ സാറെനിക്ക് വേണ്ടി ചെയ്തുതന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. അതുപോലെ ഒരു ജോലി അത്യാവശ്യമായിരുന്നപ്പോഴും വേണമെങ്കിൽ കുറേ കാശ് തന്ന് സഹായിക്കാമായിരുന്നിട്ടും എന്റെ ആവശ്യ പ്രകാരം കുഞ്ഞിനേയും കൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നൊരു ജോലി വാങ്ങി തന്നതൊക്കെ എനിക്ക് വലിയൊരു സഹായം തന്നെയായിരുന്നു.

അപ്പോഴൊക്കെ സാറെനിക്ക് ദൈവ തുല്യനായിരുന്നു. അന്നൊന്നും സാറിന് എന്നോട് ഈ രീതിയിൽ ഒരു ഇഷ്ടമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഞാനത് മനസ്സിലാക്കാൻ തുടങ്ങിയത് സാറന്ന് ദുബായിൽ വന്ന് പോകാൻ നേരത്താണ്. പിന്നീട് ഞാൻ ഇവിടേക്ക് വരുമ്പോൾ സാറിന്റെ മുഖത്ത് നിന്നും എന്നോടും മോളോടുമുള്ള ഇഷ്ടം വായിച്ചെടുക്കാമായിരുന്നു. കുറച്ച് നിമിഷം മുൻപും ആൽഫിയെ കണ്ട് ഞാൻ മടങ്ങി വരുമ്പോൾ സാറിന്റെ മുഖത്ത് കണ്ട ടെൻഷൻ... എന്നെ നഷ്ടപ്പെടുമോന്നുള്ള പേടിയൊക്കെ ഞാനീ മുഖത്ത് കണ്ടു. അതൊക്കെ പോരെ സാറിന്റെ മനസ്സ് മനസ്സിലാക്കാൻ. സത്യം പറഞ്ഞാൽ എന്നേം എന്റെ മോളേം ഉൾകൊള്ളാൻ കഴിയുന്നൊരാളോടൊപ്പം നല്ലൊരു ജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട്. ആൽഫിയെന്നെ ഉപേക്ഷിച്ച് അയർലണ്ടിലേക്ക് പോയെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാനവനെ വെറുത്തുപോയതാണ് സർ. വേറെ കല്യാണം കഴിച്ചുവെന്ന് കൂടി അറിഞ്ഞപ്പോൾ അവനെന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു.

ഒരു മോളുണ്ടെന്ന് പോലും അവനറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഓർമ്മവച്ച നാൾ മുതൽ കഷ്ടപ്പാട് മാത്രേ ഞാൻ അറിഞ്ഞിട്ടുള്ളു. ആൽഫിക്കൊപ്പം നല്ലൊരു ജീവിതം പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ശരിക്കും ഫിനാൻഷ്യലി സ്റ്റേബിളാവാതെ ആ പ്രായത്തിൽ എടുത്തു ചാടി ഒരു വിവാഹം കഴിച്ചതാണ് എനിക്ക് പറ്റിയൊരബദ്ധം. അതുകൊണ്ട് മാത്രമാണ് ലൈഫിൽ ഇത്രയും സ്ട്രഗ്ഗ്‌ൾസ് എനിക്കനുഭവിക്കേണ്ടി വന്നതും. ഇന്ന് എനിക്ക് നല്ലൊരു ജോലിയും സാമ്പത്തിക ഭദ്രതയും കൈവന്നിട്ടുണ്ട്. അവിടുത്തെ ജോലി ഉപേക്ഷിച്ചാൽ പോലും നാട്ടിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് നല്ലൊരു ലാഭം മാസമാസം എനിക്കുണ്ടാക്കാൻ കഴിയും. ശരിക്കും ഇപ്പോഴായിരുന്നു ഞാൻ വിവാഹം ചെയ്യേണ്ടിയിരുന്നത്. അന്ന് കാര്യങ്ങൾ പക്വതയോടെ ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി. എന്റെ മോളെ എനിക്ക് തനിച്ച് നോക്കാനുള്ള കഴിവ് ഇപ്പോഴുണ്ട്. എങ്കിലും ഇന്നിപ്പോ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട് സർ.

സന്തോഷത്തിലും സങ്കടത്തിലുമൊക്കെ ഞങ്ങൾക്ക് താങ്ങായി എനിക്കും എന്റെ മോൾക്കും തണലായി ഞങ്ങളെ മനസ്സ് നിറഞ്ഞ് സ്നേഹിക്കാൻ കഴിയുന്ന ഒരാൾ. ആ ഒരാളാകാൻ സാറിന് കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്." ആതിര ഉള്ളിൽ തട്ടിയാണ് അതൊക്കെ പറഞ്ഞതെന്ന് കാർത്തിക്കിന് മനസ്സിലായി. "അപ്പൊ എന്റെ ഇഷ്ടം മനസ്സിലാക്കി വച്ചിട്ടാണ് മനഃപൂർവം എന്നെ വിഷമിപ്പിക്കാൻ ആൽഫിയോട് ക്ഷമിക്കുമെന്നൊക്കെ പറഞ്ഞതല്ലേ." "അത് ഞാൻ വെറുതെ സാറിന്റെ മനസ്സറിയാൻ പറഞ്ഞതല്ലേ." ആതിര ചിരിയടക്കി. "നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ആതി. എത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് കുറച്ച് മുൻപാണ് എനിക്ക് മനസ്സിലായത്. ഐ ലവ് യു ആതി...ലവ് യു സോ മച്ച്." കണ്ണുകളിൽ പ്രണയം നിറച്ച് അവളുടെ കാതോരം അവനത് പറയുമ്പോൾ ആതിരയുടെ മുഖം സന്തോഷത്താൽ വിടർന്നു. "ആൽഫി എന്നെ അന്വേഷിച്ച് വന്ന കാര്യം സാറെങ്ങനെയാ അറിഞ്ഞത്?" "താൻ നാട്ടിൽ നിന്ന് വരുന്നതിന്റെ കുറച്ചു ദിവസം മുൻപ് ആൽഫി തന്നെ തിരക്കി ഹോസ്പിറ്റലിൽ വന്നിട്ടുണ്ടായിരുന്നു.

നിങ്ങൾ വർക്ക്‌ ചെയ്ത ടൈം തൊട്ട് ഞാനവിടെ ഉള്ളത് കൊണ്ട് ആൽഫിക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായി. ആതിരയുടെ പഴയ കോൺടാക്ട് നമ്പറും വീട്ടിലെ അഡ്രസുമൊക്കെ ഹോസ്പിറ്റൽ ഫയലിൽ നിന്നും തപ്പി കണ്ട് പിടിച്ച് കൊടുക്കുമോന്ന് ചോദിച്ചാണ് ആൽഫി എന്നെ സമീപിച്ചത്. ഞാൻ തരാൻ പറ്റില്ലെന്ന് കുറച്ച് കടുത്ത ഭാഷയിൽ തന്നെ പറയുകയും ചെയ്തിരുന്നു. തന്നോട് അവൻ വന്ന കാര്യം പറഞ്ഞ ശേഷം ആതിരയ്ക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ തമ്മിൽ കണ്ടാൽ മതിയല്ലോ എന്ന് കരുതി ഞാനവനെ ഒഴിവാക്കി വിട്ടു. എന്നിട്ടും ഇതേ കാര്യം ചോദിച്ച് ഇവിടെ ദിവസവും കേറിയിറങ്ങാൻ തുടങ്ങി. ഒടുവിൽ ആൽഫിയുടെ ശല്യം സഹിക്കാൻ വയ്യാതെ ആതിര ഇപ്പൊ എവിടെയുണ്ടെന്ന് എനിക്കറിയാമെന്നും തന്നോട് ചോദിച്ച ശേഷം കോൺടാക്ട് നമ്പർ ഞാൻ തരാമെന്നും പറഞ്ഞ് ആൽഫിയുടെ ഫോൺ നമ്പർ വാങ്ങിയിട്ട് ഞാനവനെ തല്ക്കാലത്തേക്ക് പറഞ്ഞുവിട്ടു. എന്റെ കാളും വെയിറ്റ് ചെയ്ത് ഇവിടെവിടെയെങ്കിലും അവൻ തങ്ങിയിട്ടുണ്ടാവണം.

പറഞ്ഞ ദിവസവും കഴിഞ്ഞും എന്റെ കാൾ കാണാതായപ്പോ ഇന്ന് ആൽഫി എന്നെ കാണാൻ വീണ്ടും ഇവിടേക്ക് വന്നുകാണും. അപ്പോഴെങ്ങാനും അവൻ ആതിയെ കണ്ടിട്ടായിരിക്കാം പിന്നാലെ റൂമിലേക്ക് വന്നിട്ടുണ്ടാവുക. "കാർത്തിക് തനിക്കറിയുന്ന കാര്യങ്ങൾ അവളോട് പറഞ്ഞു. "വീട്ടുകാരെ രക്ഷിക്കാൻ വേണ്ടി എന്നെ ഉപേക്ഷിച്ചവൻ ഇപ്പോ ഒരുളുപ്പുമില്ലാതെ തേടി വന്നത് ഓർക്കുമ്പോതന്നെ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്." "ആൽഫിയോട് താനതൊക്കെ പറഞ്ഞോ?എന്തായിരുന്നു അവന്റെ പ്രതികരണം?" "പറഞ്ഞു സർ... പക്ഷേ അവനെന്നെ വിടാൻ ഭാവമില്ലായിരുന്നു. കാല് പിടിച്ച് സോറി പറഞ്ഞ് ക്ഷമിക്കണമെന്ന് പറഞ്ഞ് എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. ഞാൻ മൈന്റാക്കാതെ പോന്നതാ." "അങ്ങനെയാണെങ്കിൽ എനിക്ക് തോന്നുന്നില്ല അവൻ തന്നെ വിട്ട് പോകുമെന്ന്. കേട്ടിടത്തോളം ആൽഫി വീണ്ടും വരുമെന്ന് എന്റെ മനസ്സ് പറയുന്നു." "വരട്ടെ അവൻ... അപ്പോ നല്ലത് കൊടുത്ത് വിടുന്നുണ്ട് ഞാൻ. ഇന്ന് ഹോസ്പിറ്റലിൽ ആയതുകൊണ്ടാ നിലവിട്ട് ഞാൻ ബിഹേവ് ചെയ്യാതിരുന്നത്."

ആതിരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "കൂൾ ഡൗൺ ആതി. ആൽഫിയുടെ കാര്യത്തിൽ നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം." കാർത്തിക് അവളെ സമാധാനിപ്പിച്ചു. 🍁🍁🍁🍁 രാവിലെ ആരതി ജോലിക്ക് പോകാനായി ഇറങ്ങുമ്പോഴാണ് മുരളിക്കൊപ്പം തടിമില്ലിൽ ജോലി ചെയ്യുന്ന കരുണൻ ബൈക്കിൽ അവിടേക്ക് വന്നത്. കരുണനെ കണ്ടതും ഉമ്മറത്തിരുന്ന് ഉണ്ണിക്കുട്ടന് ആഹാരം കൊടുത്ത് കൊണ്ടിരുന്ന ഭാരതി പെട്ടെന്നെഴുന്നേറ്റു. ഇടയ്ക്കിടെ കരുണൻ, മുരളിയെ മില്ലിലേക്ക് കൂട്ടികൊണ്ട് പോകാൻ ബൈക്കുമായി വരാറുള്ളത് കൊണ്ട് ഭാരതിക്ക് അയാളെ കണ്ട് പരിചയമുണ്ട്. "മുരളിയേട്ടനെ കാണാനാണെങ്കിൽ മില്ലിൽ പോയാമതി കരുണാ. മുരളിയേട്ടൻ രാവിലെ നേരത്തെ പോയല്ലോ." "ഞാൻ വന്നത് വേറൊരു കാര്യം പറയാനാ ചേച്ചി. മുരളിയേട്ടനെ കുറച്ചുമുൻപ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്. മില്ലിൽ വച്ച് പെട്ടെന്ന് കുഴഞ്ഞ് വീണതാ."

"അയ്യോ മുരളിയേട്ടന് എന്ത് പറ്റിയതാ കരുണാ. ഏത് ഹോസ്പിറ്റലിലാ കൊണ്ട് പോയത്." "എന്ത് പറ്റിയതാണെന്ന് അറിയില്ല ചേച്ചി. മുരളിയേട്ടനെ ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്കാ കൊണ്ട് പോയത്. ചേച്ചി പെട്ടന്ന് റെഡിയായി വരൂ. നമുക്ക് വേഗം പോണം." കരുണൻ പറഞ്ഞത് കേട്ട് വെപ്രാളത്തോടെ ഭാരതി അകത്തേക്ക് ഓടി. അകത്ത് അടുക്കളയിലെ തിണ്ണയിലിരുന്ന് ആഹാരം കഴിക്കുകയായിരുന്നു ആരതി. ജോലിക്ക് പോകാനായി വേഷമൊക്കെ മാറിയിട്ടുണ്ട് അവൾ. ഭാരതി അവളോട് കാര്യങ്ങൾ പറഞ്ഞ ശേഷം ഉണ്ണിക്കുട്ടനെ ആരതിയുടെ കൈയ്യിലേക്ക് കൊടുത്ത് വേഷം മാറാനായി പോയി. പത്തുമിനിറ്റിനുള്ളിൽ ഭാരതി സാരി മാറി ഉടുത്ത് കരുണനൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചു. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന വിവരം സ്ഥാപനത്തിൽ വിളിച്ച് പറഞ്ഞ് ആരതി അന്ന് ജോലിയിൽ നിന്ന് ലീവെടുത്തു. 🍁🍁🍁🍁

കാർത്തിക്കും ആതിരയും കാർത്തിക്കിന്റെ വീട്ടിലെത്തുമ്പോൾ അവിടെ അവരെ കാത്ത് എല്ലാവരുമുണ്ടായിരുന്നു. തുമ്പി മോൾ ശ്രീറാമിന്റെ അച്ഛന്റേം അമ്മേടേം അടുത്തിരുന്ന് കളിക്കുകയാണ്. കുറേ ദിവസത്തിന് ശേഷം അവരെ കണ്ടതിന്റെ സന്തോഷത്തിലാണ് മോള്. ആതിര ബാഗ് കൊണ്ട് മുറിയിൽ വച്ച് കുളിച്ച് ഫ്രഷായി വന്നപ്പോൾ ഭാർഗവിയമ്മ അവളെയും കാത്ത് മുറിയിലുണ്ടായിരുന്നു. "മോളേ... കുറച്ചുമുമ്പ് ഭാരതിയെന്നെ വിളിച്ചിട്ടുണ്ടായിരുന്നു." "എന്താ അമ്മാമ്മേ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" ഭാർഗവിയമ്മയുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ആതിരയ്ക്ക് ഉള്ളിൽ സന്ദേഹം തോന്നി. "മുരളിക്ക് സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് പോയി മോളെ. രാവിലെ തടിമില്ലിൽ വച്ച് മുരളി കുഴഞ്ഞ് വീണായിരുന്നു.

അവിടുന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോഴാ അറിയുന്നത് സ്ട്രോക്ക് വന്നതാന്ന്. നിന്നോട് കുറച്ചു പൈസയുണ്ടെങ്കിൽ അയച്ചു കൊടുക്കോന്ന് ഭാരതി ചോദിക്കാൻ പറഞ്ഞു മോളെ. പ്രൈവറ്റ് ആശുപത്രി ആയോണ്ട് നല്ലൊരു പൈസ ചിലവാകും. കൈയിലുണ്ടായിരുന്ന പൈസയൊക്കെ അവള് ഇപ്പൊത്തന്നെ ഹോസ്പിറ്റലിൽ കെട്ടിവച്ചു മോളെ." "പൈസയൊക്കെ ഞാനയച്ചു കൊടുക്കുന്നുണ്ട്. എന്തായാലും അച്ഛൻ ഹോസ്പിറ്റലിലായ സ്ഥിതിക്ക് പോകുന്നതിന് മുൻപ് നമുക്കൊന്ന് പോയി കാണണ്ടേ അമ്മാമ്മേ." "നിനക്ക് പോണോന്നുണ്ടെങ്കിൽ നമുക്ക് പോവാം മോളെ." "അമ്മാമ്മ അമ്മയെ വിളിച്ച് പറഞ്ഞേക്ക് ഹോസ്പിറ്റലിൽ അടയ്ക്കാനുള്ള കാശ് ഞാൻ അയക്കുന്നുണ്ടെന്ന്. തിരിച്ചു പോകുന്നതിന് മുൻപ് അങ്ങോട്ടേക്ക് വരുമെന്നും പറയണം." ആതിര മനസ്സിലെന്തെക്കെയോ തീരുമാനിച്ചുറപ്പിച്ച് കൊണ്ടാണ് അത് പറഞ്ഞത്...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story