മറുതീരം തേടി: ഭാഗം 81

marutheeram thedi shiva

രചന: ശിവ എസ് നായർ

കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞത്. "ഞങ്ങൾക്ക് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരാകാനാണ് താല്പര്യം. ആതിര ദുബായിലേക്ക് പോകുന്നതിന് മുൻപ് തന്നെ നടത്തിയാലോന്നാണ് ഞങ്ങളുടെ ആലോചന. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ തീരുമാനം ഓക്കേ ആണെങ്കിൽ നമുക്ക് രജിസ്റ്റർ മാര്യേജിന് വേണ്ട കാര്യങ്ങൾ ഞാൻ ഏർപ്പാട് ചെയ്യുന്നുണ്ട്." കാർത്തിക് എല്ലാവരോടുമായി പറഞ്ഞു. "നിങ്ങളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ മക്കളെ. ഞങ്ങൾക്ക് എതിരഭിപ്രായമൊന്നുമില്ല." ഹേമലതയാണ് അത് പറഞ്ഞത്. "എന്റെ കാലം കഴിഞ്ഞാൽ ആതിരയും മോളും ഒറ്റയ്ക്കായി പോവുമല്ലോന്നൊരു സങ്കടം എനിക്കുണ്ടായിരുന്നു.

ഒരു കൂട്ടിന് വേണ്ടി രണ്ടാമതൊരു വിവാഹം കഴിക്കാൻ മോളോട് പറയാനും എനിക്ക് പേടിയായിരുന്നു. ഒരു വിവാഹം കാരണം എന്റെ കുഞ്ഞിനി അനുഭവിക്കാനൊന്നും ബാക്കിയില്ല. ഇപ്പൊ അവളെ മനസ്സിലാക്കാൻ കഴിയുന്ന, അവരെ രണ്ടുപേരെയും സ്നേഹിക്കാൻ മനസ്സുള്ള ഒരാളെ തന്നെ ഇവൾക്ക് കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്." ഭാർഗവിയമ്മയുടെ മുഖത്ത് ആഹ്ലാദം തുടിച്ച് നിന്നു. "രണ്ടാഴ്ച കഴിഞ്ഞാൽ ഷൈനിയുടെ ബ്രദറിന്റെ മാര്യേജാണ്. അത് കഴിഞ്ഞാൽ പിന്നെ തിരിച്ച് പോകാനുള്ള തിരക്കിലാവും നമ്മൾ. സോ അതിന് മുൻപ് രജിസ്റ്റർ മാര്യേജ് നടത്തുന്നതാവില്ലേ നല്ലത്." ശ്രീറാം ആതിരയെയും കാർത്തിക്കിനെയും നോക്കി. "അത് തന്നെയാണ് റാം ഞങ്ങളും വിചാരിക്കുന്നത്." കാർത്തിക് പറഞ്ഞു. "എങ്കിൽ നമുക്ക് നല്ലൊരു ഡേറ്റ് നോക്കി എല്ലാം റെഡിയാക്കാം. ആ പിന്നെ നിങ്ങളുടെ കല്യാണം കഴിഞ്ഞാലെങ്കിലും ആതിര ഈ സാർ വിളി മാറ്റണം." ശ്രീറാം പറഞ്ഞത് കേട്ട് ആതിര ചമ്മലോടെ ചിരിച്ചു. മുൻപും കുറേ തവണ റാമും കാർത്തിക്കും അവളോട് അക്കാര്യം പറഞ്ഞിട്ടുള്ളതാണ്.

പക്ഷേ അവൾക്ക് നാവിൽ പെട്ടെന്ന് വഴങ്ങുന്നത് സാർ വിളിയാണ്. ഷൈനിയെയും അവൾ മാഡമെന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. പക്ഷേ പിന്നീട് ഷൈനി തന്നെ മുൻകൈ എടുത്ത് മാഡം വിളി ചേച്ചിയാക്കി മാറ്റിയിരുന്നു. "ഇനിമുതൽ ഞാൻ സാർ വിളി മാറ്റികൊള്ളാം. ശീലിച്ചുപോയത് കൊണ്ട് ഇടയ്ക്ക് ചിലപ്പോ അറിയാതെങ്ങാനും അങ്ങനെ വിളിച്ച് പോയാൽ ക്ഷമിച്ചേക്ക്." ആതിര ഇരുവരെയും നോക്കി കൈകൾ കൂപ്പി. "ആയിക്കോട്ടെ മാഡം." ഒരേ സ്വരത്തിൽ കാർത്തിക്കും ശ്രീറാമും അവളോട് പറഞ്ഞു. 🍁🍁🍁🍁🍁🍁 തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കുള്ള സമയം രജിസ്റ്റർ ഓഫീസിൽ വച്ച് ആതിരയുടെയും കാർത്തിക്കിന്റെയും വിവാഹം നടത്താൻ തീരുമാനമായി. കല്യാണ കാര്യം തീരുമാനിച്ചത് അവൾ വിഷ്ണുവിനെയും കാർത്തികയെയും വിളിച്ചറിയിച്ചിരുന്നു. ആൽഫി കാണാൻ വന്ന കാര്യം മനഃപൂർവം തന്നെ വിഷ്ണുവിനോട് അവൾ പറഞ്ഞിരുന്നില്ല. ക്രിസ്റ്റിയോടും മറക്കാതെ വിവാഹ കാര്യം അറിയിച്ചു.

അറിഞ്ഞപ്പോൾ അവനും ഒത്തിരി സന്തോഷമായി. പഴയതെല്ലാം മറന്ന് ആതിര പുതിയ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ എല്ലാവർക്കും സന്തോഷം തോന്നി. തിങ്കളാഴ്ചയാകാനിനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. രജിസ്റ്റർ ഓഫീസിൽ വച്ചുള്ള വിവാഹമായത് കൊണ്ട് ഒരുപാട് തയ്യാറെടുപ്പുകളുടെ ആവശ്യമുണ്ടായിരുന്നില്ല. വിവാഹ ദിവസം രാവിലെ ആതിര സാധാരണ ഒരു കോട്ടൺ സാരിയാണ് ഉടുത്തിറങ്ങിയത്. കാർത്തിക് കസവുകരയുള്ള മുണ്ടും ഗോൾഡൻ കളർ ജുബ്ബയുമായിരുന്നു വേഷം. സമയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. രണ്ട് കാറുകളിലായിട്ടാണ് അവർ യാത്ര തിരിച്ചത്. ആദ്യത്തെ കാറിൽ രാമകൃഷ്ണനും ദേവകിയും, ഭാർഗവിയമ്മയും, ഹേമലതയുമായിരുന്നു. പിന്നിലെ കാറിൽ കാർത്തിക്കും, ശ്രീറാമും, ഷൈനിയും ആതിരയും കയറി. തുമ്പി മോൾ ഷൈനിക്കും ആതിരയ്ക്കുമൊപ്പം ബാക്ക് സീറ്റിലിരുന്ന് കളിക്കുകയാണ്. കാർത്തിക്കിന്റെ വീട്ടിൽ നിന്ന് അരമണിക്കൂർ ദൂരമേ രജിസ്റ്റർ ഓഫീസിലേക്കുള്ളു. അങ്ങോട്ട് പോകുന്ന വഴിക്ക് അമ്പലത്തിൽ കയറി തൊഴുതിട്ടാണ് അവർ യാത്ര തുടർന്നത്.

"കാർത്തീ... ഒരു ഓട്ടോ നമ്മളെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഫോളോ ചെയ്യുന്നുണ്ട്. കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു." ഡ്രൈവിംഗിനിടയിൽ ശ്രീറാം കാർത്തിക്കിനോട് പറഞ്ഞത് കേട്ട് ഷൈനിയും ആതിരയും പിന്തിരിഞ്ഞ് നോക്കി. "ഞാനും കണ്ടിരുന്നു റാം... അത് ആൽഫിയാകാനാണ് സാധ്യത. ഹോസ്പിറ്റലിൽ നിന്ന് അവനെന്റെ അഡ്രെസ്സ് ചോദിച്ച് വാങ്ങിയെന്ന് റിസപ്ഷനിലുള്ള സ്റ്റാഫ് വിളിച്ച് പറഞ്ഞിരുന്നു. ഒരുപക്ഷേ ഇന്ന് ഞങ്ങളുടെ വിവാഹമാണെന്ന് അവൻ അവിടെ വച്ച് അറിഞ്ഞുകാണും." "നീ ഹോസ്പിറ്റലിലൊക്കെ പറഞ്ഞിരുന്നോ?" "ഹാ... പറഞ്ഞു. റെസിഗ്നേഷൻ ലെറ്റർ കൊടുത്തപ്പോൾ മാനേജ്മെന്റ് റീസൺ ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞതാ ഞാൻ. ഇന്നെന്റെ രജിസ്റ്റർ മാര്യേജാണെന്നും വൈകാതെ വൈഫിനൊപ്പം ദുബായിലേക്ക് പോകുമെന്നും. അവിടെയെല്ലാവർക്കും ചെറിയൊരു ട്രീറ്റ് കൂടി കൊടുത്ത ശേഷമാണ് ഇന്നലെ അവിടുന്ന് ഇറങ്ങിയത്." "ആൽഫി അറിഞ്ഞത് നന്നായി... അവനാണ് ഇപ്പൊ ഫോളോ ചെയ്ത് വരുന്നതെങ്കിൽ അമ്മാമ്മയുടെ കൈയ്യിൽ നിന്ന് നല്ലോണം വാങ്ങിയിട്ടേ പോകു."

ആതിരയുടെ സ്വരത്തിൽ അമർഷം പ്രകടമായിരുന്നു. "ഇനി അവൻ നിങ്ങളുടെ വിവാഹം അലങ്കോലമാക്കാൻ നോക്കോ. അതാണെന്റെ പേടി." ഷൈനി പിന്നിലേക്കൊന്ന് പാളി നോക്കി. ആ ഓട്ടോ അപ്പോഴും അവരെ പിന്തുടരുന്നുണ്ടായിരുന്നു. "ഏയ്‌... അതിനുള്ള ധൈര്യമൊന്നും ആൽഫിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല." ആതിര തന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു. അപ്പോഴേക്കും അവർ സഞ്ചരിച്ചിരുന്ന കാർ രജിസ്റ്റർ ഓഫീസിന് മുന്നിലെത്തിയിരുന്നു. ഡോർ തുറന്ന് ഇറങ്ങിയപാടെ തുമ്പി മോൾ ദേവകിക്കരികിലേക്ക് ഓടിപ്പോയി. അവർ കുഞ്ഞിനേം കൊണ്ട് വിസിറ്റിംഗ് ഏരിയയിൽ ചെന്നിരുന്നു. സമയം പത്തുമണി ആകുന്നേയുണ്ടായിരുന്നുള്ളൂ. പത്തരയ്ക്കും പതിനൊന്നിനുമിടയ്ക്കാണ് കാർത്തിക്കും ആതിരയും ഒപ്പ് വയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ അവരിരുവരും റാമിനും ഷൈനിക്കുമൊപ്പം കാറിനരികിൽ തന്നെ സംസാരിച്ചു നിന്നു. അപ്പോഴൊക്കെയും അവരുടെ നാലുപേരുടെയും ശ്രദ്ധ അവരെ ഫോളോ ചെയ്ത് വന്ന ഓട്ടോയ്ക്ക് നേർക്കായിരുന്നു.

ആ ഓട്ടോ രജിസ്റ്റർ ഓഫീസിന് എതിർവശത്തായി നിൽക്കുകയും അതിൽ നിന്ന് ആൽഫിയും ലില്ലിയും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്നൊരു പെൺകുട്ടിയും പുറത്തേക്കിറങ്ങി. ഓട്ടോ കാശ് കൊടുത്ത ശേഷം ചുറ്റിനും കണ്ണോടിച്ചു കൊണ്ട് മൂവരും അകത്തേക്ക് കയറി വരുന്നത് അവർ കണ്ടു. "നമ്മുടെ ഊഹം തെറ്റിയില്ല ആതി. അത് ആൽഫി തന്നെയാണ്. അവന്റെ മട്ടും ഭാവവും കണ്ടിട്ട് എല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന് തോന്നുന്നു." കാർത്തിക്ക് ആതിരയോടായി പറഞ്ഞു. "എനിക്കും കണ്ടപ്പോൾ അങ്ങനെ തോന്നി." ആതിര കാർത്തിക്കിന്റെ അടുത്തേക്ക് ചേർന്ന് നിന്നു. അതേസമയം ആൽഫി അവരെ കണ്ട് കഴിഞ്ഞിരുന്നു. "ആൽഫി ഇങ്ങോട്ട് വരുന്നുണ്ടല്ലോ ... എന്തായാലും ഞാനും ഷൈനിയും കുറച്ചപ്പുറത്തേക്ക് മാറി നിൽക്കാം." അവർക്ക് നേരെ നടന്ന് വരുന്ന ആൽഫിയെ ഒന്ന് നോക്കിയിട്ട് ഷൈനിയുടെ കൈയ്യും പിടിച്ച് ശ്രീറാം കുറച്ചപ്പുറത്തേക്ക് മാറി നിന്നു. "ആതീ... കാർത്തിക് സർ കല്യാണം കഴിക്കാൻ പോകുന്നത് നിന്നെയാണോ?"

ആതിരയുടെ അടുത്തേക്കെത്തി കിതച്ചുകൊണ്ട് ആൽഫി ചോദിച്ചു. "അതെ... ഇന്നാണ് ഞങ്ങളുടെ രജിസ്റ്റർ മാര്യേജ്. നീ വന്നത് നന്നായി ആൽഫി. ഇനിയെങ്കിലും നിനക്ക് ബോധ്യമാകുമല്ലോ നിന്നോട് ഞാനൊരിക്കലും ക്ഷമിക്കില്ലെന്ന് പറഞ്ഞത് സത്യമാണെന്ന്." "ആതീ... നീ തന്നെയാണോ ഇതൊക്കെ പറയുന്നത്. ഇത്ര പെട്ടെന്ന് പഴയതൊക്കെ മറന്ന് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ നിനക്കെങ്ങനെ മനസ്സ് വന്നു. എന്റെ മനസ്സിൽ ഇതുവരെ നീയല്ലാതെ മറ്റൊരു പെൺകുട്ടി ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവാനും പോണില്ല. ഒരു തെറ്റ് പറ്റിപോയെടി. അതിന് നിന്റെ കാല് പിടിച്ച് മാപ്പ് പറയാം ഞാൻ. നിനക്കെന്നോട് ഇത്തവണത്തേക്കെങ്കിലും ക്ഷമിച്ചൂടെ." "ഇല്ല ആൽഫി... ഇനിയൊരവസരം നിനക്ക് ഞാൻ തരില്ല. അത്രത്തോളം നിന്നെ ഞാൻ വെറുക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ നിന്നോട് ക്ഷമിച്ചിട്ട് എന്തിനാ? നിന്റെ മമ്മിയും പെങ്ങന്മാരും അടുത്ത നാടകമിറക്കിയാൽ വീണ്ടും അവരെ വാക്ക് കേട്ട് എന്നെ നീ ഉപേക്ഷിക്കില്ലെന്ന് എന്താ ഉറപ്പ്?"

"ഇല്ല ആതി. ഇനിയൊരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല. അവരൊക്കെ ഇനി മരിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയാലും ഡെയ്‌സിയെ സണ്ണി ഉപേക്ഷിക്കുമെന്ന് പറഞ്ഞാലും നിന്നെ ഞാൻ വിട്ടുകളയില്ല." ആൽഫിയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു. "ഈ തീരുമാനം പണ്ടേ നീ എടുത്തിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ എന്റെ മുന്നിൽ നിന്ന് കരയേണ്ടി വരില്ലായിരുന്നു. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. അന്ന് ഈ ധൈര്യം നിനക്കില്ലാതെ പോയി." "അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു ആതി. നിന്നെ വിട്ട് പോയപ്പോൾ മുതൽ ഒരു രാത്രി പോലും ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. അത്രയും നിസ്സഹായാവസ്ഥയിലായിപ്പോയത് കൊണ്ടാണ് ആതി. അതെന്താ നീ മനസ്സിലാക്കാത്തത്. ഞാൻ കൂടി കൈവിട്ടാൽ ജീവൻ കളയാൻ തുനിഞ്ഞ് നിൽക്കുന്ന അഞ്ച് ജീവനുകളെ കണ്ടില്ലെന്ന് നടിക്കാനെനിക്കായില്ല. ഇന്നത്തെ ഈ ധൈര്യം അന്നെനിക്ക് കിട്ടിയില്ല. പപ്പ കൂടി തളർന്ന് പോയത് കൊണ്ട് ആ നിമിഷങ്ങളിൽ ഞാൻ ശരിക്കും പതറിപ്പോയിരുന്നു.

ഞാനൊരു ആൺകുട്ടിയല്ലേ എങ്ങനെയെങ്കിലും നിന്നെ വിവരമറിയിക്കാൻ എനിക്ക് സാധിക്കുമായിരുന്നു എന്നൊക്കെ നിനക്ക് തോന്നാം. സത്യത്തിൽ അന്നൊക്കെ എന്റെ ചിന്താശേഷി തന്നെ മരവിച്ച് പോയിരുന്നു ആതി. നിന്നെ കാണാതെ നിന്നെക്കുറിച്ച് ഒന്നുമറിയാതെ ആകെ വട്ട് പിടിക്കും പോലെ തോന്നിയ ദിവസങ്ങൾ. ഭ്രാന്തിന്റെ വക്കോളാം ഞാനെത്തിപോയിരുന്നു. അതിനൊക്കെ ലില്ലി സാക്ഷിയാണ് ആതി. എന്റെ വാക്കുകൾ നിനക്ക് വിശ്വാസയോഗ്യമായി തോന്നുന്നില്ലെങ്കിൽ നിനക്ക് ലില്ലിയോട് ചോദിക്കാം ഇക്കാലയളവിൽ എന്തായിരുന്നു എന്റെ സ്ഥിതിയെന്ന്. അതിനാ നിന്നെ തിരക്കി കണ്ടുപിടിക്കാൻ വേണ്ടി ഇറങ്ങിപുറപ്പെടുമ്പോൾ ഇവളെ കൂടി കൂട്ടിയത്." "ആതിരാ... ആൽഫിച്ചായൻ തന്നെ കുറിച്ച് പറയാത്ത ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തിലില്ല. ഇച്ചായൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അടുത്ത് നിന്ന് കണ്ടറിഞ്ഞവളാ ഞാൻ. താനെന്ത് കൊണ്ടാ ഇച്ചായന്റെ ഭാഗത്ത്‌ നിന്നൊന്ന് ചിന്തിക്കാത്തത്. സ്വന്തം വീട്ടുകാരെ കുരുതിക്ക് കൊടുത്ത് സ്വന്തം ഇഷ്ടം നോക്കി പോകാൻ ആൽഫിച്ചായന് കഴിഞ്ഞില്ല.

മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കുന്നവർക്ക് സ്വാർത്ഥരെ പോലെ ചിന്തിക്കാനാവില്ലല്ലോ. ശരിക്കും ഇച്ചായന്റെ വീട്ടുകാർ ആ സ്നേഹം മുതലെടുക്കുകയായിരുന്നുവെന്ന് ഈ പാവം അറിയാതെ പോയി. ഒരുതവണ തനിക്കൊന്ന് ക്ഷമിച്ചൂടെ ആതിരാ. ഇച്ചായന് തന്നെ അത്രത്തോളം ജീവനായത് കൊണ്ടല്ലേ." ലില്ലിയുടെ വാക്കുകൾ കേട്ട് ആതിര പുച്ഛത്തോടെ ഒന്ന് ചിരിച്ചു. "എന്നോട് വിശ്വാസ വഞ്ചന കാണിച്ചത് ആൽഫിയാണ്. പരസ്പരം ആരും വേണ്ട നമുക്ക് നമ്മൾ മാത്രം മതിയെന്ന് പറഞ്ഞ് ജീവിതം തുടങ്ങി വച്ച് വയറ്റിലൊരു കൊച്ചിനേം തന്നിട്ടാ ഇവൻ പോയത്. അന്ന് തൊട്ട് ഞാൻ അനുഭവിച്ചതിന്റെ നൂറിലൊരു അംശം പോലും ആൽഫി അനുഭവിച്ചിട്ടില്ല. അന്ന് വെറുത്ത് പോയതാണ് ഞാൻ. അവന്റെ വീട്ടുകാർ ഒന്ന് വീണുപോയപ്പോൾ ആൽഫി കൈപ്പിടിച്ചുയർത്തിയത് പോലെ ജീവിതം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നിന്ന എനിക്ക് താങ്ങായി നിന്ന മനുഷ്യനാണ് ഇത്.

എന്തിന്റെ പേരിലാണെങ്കിലും എന്നെ ഉപേക്ഷിച്ച് പോയ ഒരുത്തന് വേണ്ടി ഞാനെന്തിന് കാത്തിരിക്കണം? എന്തിന് ക്ഷമിക്കണം? ഇപ്പൊ എന്റെ മനസ്സിൽ പോലും ആൽഫിയില്ല. ഞാൻ സ്നേഹിക്കുന്നത് കാർത്തിയേട്ടനെയാണ്. ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ ആഗ്രഹിക്കുന്നതും ഇദ്ദേഹത്തിനൊപ്പമാണ്. ഈ തീരുമാനം ഒരിക്കലും മാറാൻ പോണില്ല. സ്വന്തം ഭർത്താവിനെ ആദ്യ ഭാര്യയുമായി ചേർത്ത് വയ്ക്കാൻ ശ്രമിക്കാതെ ഇനിയെങ്കിലും നിങ്ങൾ തമ്മിൽ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്ക്." ആതിരയുടെ സ്വരത്തിന് മൂർച്ചയേറിയിരുന്നു. അവളോട് എന്ത് മറുപടി പറയണമെന്നറിയാതെ ലില്ലി വിഷമത്തോടെ ആൽഫിയെ നോക്കി. "എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ ആതി നീയിപ്പോ എടുത്തുചാടി വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഞാൻ നിന്നെ തിരക്കി വന്നത് കൊണ്ടല്ലേ നീയിങ്ങനെയൊക്കെ ചെയ്യാൻ പോകുന്നത്." ആൽഫി ചോദ്യം കേട്ട് ആതിരയൊന്ന് പുഞ്ചിരിച്ചു. "ഒരിക്കലുമല്ല ആൽഫി. നീ വന്നാലും ഇല്ലെങ്കിലും ഞങ്ങൾ വിവാഹിതരാകാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്.

കുറച്ചുനാൾ തമ്മിൽ മനസ്സിലാക്കി അടുത്തറിഞ്ഞ് സ്നേഹിച്ച ശേഷം രണ്ടുപേർക്കും ഓക്കേ ആണെങ്കിൽ വീട്ടുകാരെ അറിയിച്ച് വിവാഹിതരാകാനായിരുന്നു ഞങ്ങളുടെ തീരുമാനം. കാരണം ഒരിക്കൽ പറ്റിയ ചതി പിന്നീട് ഉണ്ടാവാൻ പാടില്ലല്ലോ." ആതിരയുടെ മുനവച്ചുള്ള സംസാരം ആൽഫിയെ തളർത്തി. "കാർത്തിക് സർ... നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കണം. ആതിരയെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇതുവരെ ജീവിതം ഞാൻ തള്ളി നീക്കിയത്. ബന്ധങ്ങളുടെ കെട്ടുപാടിൽ പെട്ട് ഒരവസരത്തിൽ ആതിരയെ എനിക്ക് സംരക്ഷിക്കാൻ കഴിയാതെ പോയി. ഇനിയും ഇവളില്ലാതെ എനിക്ക് പറ്റില്ല സർ. സാറെങ്കിലും ആതിരയെ പറഞ്ഞ് മനസ്സിലാക്കണം. എനിക്കവളെ തിരിച്ച് വേണം സർ. ഇനിയൊരിക്കലും ആർക്ക് വേണ്ടിയും ആതിരയെ ഞാൻ വിഷമിപ്പിക്കില്ല. ഞാൻ സാറിന്റെ കാല് പിടിക്കാം." അവൻ കാർത്തിക്കിന് മുന്നിൽ മുട്ട് കുത്തിയിരുന്ന് കൈകൾ കൂപ്പി കരഞ്ഞു.

"ആൽഫീ... എഴുന്നേൽക്ക്." കാർത്തിക് ആൽഫിയെ പിടിച്ചെഴുന്നേൽപ്പിച്ചു. "സർ... പ്ലീസ്..." അവൻ കെഞ്ചി. "ആൽഫീ... ഒരു മനുഷ്യനും ഇത്രയ്ക്ക് തരം താഴാൻ പാടില്ല. താനീ കാണിച്ച് കൂട്ടുന്നതൊക്കെ എത്ര വേദനയോടെയാണ് തന്റെ ഭാര്യ കണ്ട് നിൽക്കുന്നതെന്ന് താനോർത്തോ? നിയമപരമായി ആൽഫി വിവാഹം കഴിച്ച് ഭാര്യയാക്കിയതല്ലേ ഈ കുട്ടിയെ. ഒരിക്കലെങ്കിലും ഈ കുട്ടിയെ മനസ്സിലാക്കാൻ താൻ ശ്രമിച്ചിട്ടുണ്ടോ. തന്നെ പോലെ തന്നെ ഒന്നുമറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നവളാണ് ലില്ലിയും. ആൽഫിയുടെ കഥയറിഞ്ഞപ്പോൾ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടോ ഈ കുട്ടി. പകരം തന്റെ വിഷമതകളിൽ ഒപ്പം നിന്ന് ആദ്യ ഭാര്യയുമായി ഒരുമിച്ച് ചേർക്കാൻ വരെ ഒപ്പം വന്നിരിക്കുന്നു. തന്നോടുള്ള ഇഷ്ടം കൊണ്ടാവില്ലേ ഇതിനൊക്കെ ലില്ലി കൂട്ട് നിന്നത്. പിന്നെ ആതിരയൊരിക്കലും ആൽഫിയോട് ക്ഷമിക്കാൻ പോകുന്നില്ല. ഇനിയും ഇവളുടെ പിന്നാലെ നടന്ന് സ്വന്തം നിലയും വിലയും മറക്കരുത്.

താൻ ഉപേക്ഷിച്ച് പോയപ്പോൾ മുതലുള്ള ആതിരയുടെ കഷ്ടപ്പാടുകളും ദുരിതം നിറഞ്ഞ ജീവിതവും അടുത്ത് നിന്ന് കണ്ടവനാണ് ഞാൻ. അതുകൊണ്ട് ആതിര ഒരിക്കലും ആൽഫിയുടെ ജീവിതത്തിലേക്ക് കടന്ന് വരില്ല." ആൽഫിയുടെ തോളിൽ മെല്ലെ തട്ടി കാർത്തിക്ക് പറഞ്ഞു. "ആതിയെ എനിക്ക് മറക്കാൻ കഴിയില്ല സർ. അവളോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം. പ്രായശ്ചിത്തം ചെയ്യാനെങ്കിലും എനിക്കൊരവസരം തന്നൂടെ ആതി നിനക്ക്." "ഇല്ല ആൽഫി... എന്നിൽ നിന്നൊരു ദയവും നീ പ്രതീക്ഷിക്കണ്ട. കുറച്ചെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കിൽ എന്നോട് ചെയ്തതൊന്നും ലില്ലിയോട് ആവർത്തിക്കാതിരിക്കാൻ ശ്രമിക്ക്. ഇനിയെങ്കിലും നിന്നെ സ്നേഹിക്കുന്ന ലില്ലിയുടെ മനസ്സ് മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്ക്. നീ കൂടി കാരണം പറ്റിക്കപ്പെട്ടൊരു പെൺകുട്ടിയാണ് ഇവൾ. അവളുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്ക് ആൽഫി. എന്നോട് ചെയ്ത തെറ്റിന് പ്രായശ്ചിതമായിട്ട് നിനക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ രജിസ്റ്റർ മാര്യേജിന് സാക്ഷിയായി ഒപ്പ് വയ്ക്കാം." "ആതീ..." വേദനയോടെ ആൽഫി വിളിച്ചു. "നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഒപ്പ് വച്ചാൽ മതിയാകും.

അങ്ങനെയെങ്കിലും നീ നിന്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്ക് എന്നെ ഇനിയൊരിക്കലും കിട്ടാൻ പോകുന്നില്ലെന്ന്." "നിന്റെ മനസ്സൊരിക്കലും മാറില്ലെന്ന് എനിക്ക് മനസ്സിലായി ആതി. സ്റ്റിൽ ഐ ലവ് യൂ ആതി. ഇത്രത്തോളം നീയെന്നെ വെറുക്കുന്നുണ്ടെന്ന് ഞാനറിഞ്ഞില്ല. ഇനി നിന്റെ മുൻപിൽ പോലും ഞാൻ വരില്ല. നീ പറഞ്ഞത് പോലെ എന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമായി നിങ്ങളുടെ വിവാഹത്തിന് സാക്ഷിയായി ഞാൻ ഒപ്പ് വയ്ക്കാം. പകരം എന്നോട് ക്ഷമിച്ചൂന്ന് ഒരു വാക്കെങ്കിലും എന്നോട് നീ പറയണം. ഇനിയുള്ള കാലം നെഞ്ച് നീറി കഴിയാൻ വയ്യാത്തോണ്ടാ." ആതിരയുടെ കരങ്ങൾ കൂട്ടിപിടിച്ച് ആൽഫി തേങ്ങി. "നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു... ഇനിയെങ്കിലും ലില്ലിയെ സ്നേഹിക്കാൻ ശ്രമിക്ക് ആൽഫി. വെറുതെ ഈ പാവത്തിനെ കൂടി വിഷമിപ്പിക്കാതെ." കണ്ണുകൾ നിറച്ച് നിൽക്കുന്ന ലില്ലിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ആതിര പറഞ്ഞു "നീ സന്തോഷമായിട്ട് ഇരുന്നാൽ മതി ആതി. എന്റെ തെറ്റ് കൊണ്ടല്ലേ നിന്നെയെനിക്ക് നഷ്ടമായത്. അത് ഞാൻ സഹിച്ചോളാം."

തൂവാല കൊണ്ട് കണ്ണുകൾ ഒപ്പി ആൽഫി ചിരിക്കാൻ ശ്രമിച്ചു. "കാർത്തീ... ആതീ... രണ്ടാളും വാ... സമയമായി." ശ്രീറാം വാച്ചിലേക്ക് നോക്കി അവരോട് വിളിച്ചു പറഞ്ഞു. "ദാ വരുന്നു റാം." കാർത്തിക്ക് അവനെ നോക്കി കയ്യുയർത്തി കാണിച്ചു. "ആൽഫീ...ലില്ലീ... നിങ്ങളും വരൂ." കാർത്തിക്കും ആതിരയും ഒരേ സ്വരത്തിൽ അവരെ ക്ഷണിച്ചു. "ഹാ... വരാം." ഉള്ളിലെ വേദന മറച്ച് പിടിച്ച് അവർക്ക് പിന്നാലെ ആൽഫിയും ലില്ലിയും രജിസ്റ്റർ ഓഫീസിന് നേർക്ക് നടന്നു. കാർത്തിക്കിനും ആതിരയ്ക്കും പിന്നാലെ നടന്ന് വരുന്ന ആൽഫിയെ ഭാർഗവിയമ്മ അപ്പോഴാണ് ശ്രദ്ധിച്ചത്. "ഇവനെന്താ ഇവിടെ.?" ഭാർഗവിയമ്മ അത് പറഞ്ഞതും പാഞ്ഞുചെന്ന് ആൽഫിയുടെ കരണത്തടിച്ചതും നിമിഷങ്ങൾക്കുള്ളിലാണ്. "എന്റെ കുട്ടിയെ പറ്റിച്ച് കടന്ന് കളഞ്ഞിട്ട് ഇപ്പൊ എന്തുദ്ദേശത്തിലാ നീയിങ്ങോട്ട് വന്നത്, പറയടാ." ആൽഫിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ച് കൊണ്ട് അവർ ചോദിച്ചു. "അമ്മാമ്മേ... ഞാൻ... എനിക്ക്..." വാക്കുകൾ കിട്ടാതെ അവൻ പതറി.

"അമ്മാമ്മേ... ഇവിടെ വച്ചൊരു വഴക്ക് വേണ്ട. എല്ലാം ഞാൻ വിശദമായി പിന്നീട് പറയാം. ആൽഫിയിപ്പോ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. ഞങ്ങളുടെ വിവാഹം കൂടാൻ വന്നതാണ്." ഭാർഗവിയമ്മയെ അനുനയിപ്പിച്ച് ആതിര അകത്തേക്ക് കൂട്ടികൊണ്ട് പോയി. ആൽഫിയെയും ലില്ലിയെയും രൂക്ഷമായൊന്ന് നോക്കിക്കൊണ്ടാണ് അവർ പോയത്. "ആൽഫിച്ചായൻ വിഷമിക്കണ്ട... ഇച്ചായനൊപ്പം ഞാനില്ലേ." ലില്ലിയുടെ കൈകൾ അവന്റെ കൈകളിൽ പിടിമുറുക്കി. രജിസ്ട്രാർ ചൂണ്ടി കാണിച്ച കോളത്തിൽ ആതിരയും കാർത്തിക്കും സന്തോഷത്തോടെ ഒപ്പ് വയ്ക്കുമ്പോൾ വേദനയോടെ ആ കാഴ്ച നോക്കി നിൽക്കാനേ ആൽഫിക്കായുള്ളൂ. അവളെ താനായിട്ട് നഷ്ടപ്പെടുത്തി കളഞ്ഞതാണല്ലോ എന്നോർത്ത് ഹൃദയം അവനോട് കലഹിച്ച് കൊണ്ടിരുന്നു. സാക്ഷിയുടെ കോളത്തിൽ ഒപ്പ് വയ്ക്കുമ്പോൾ ആൽഫിയുടെ കൈകൾ വിറപൂണ്ടിരുന്നു. എങ്കിലും ഇതെങ്കിലും താൻ ആതിരയ്ക്ക് വേണ്ടി ചെയ്യണമെന്ന് അവന് തോന്നി. രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം കാർത്തിക് അവളുടെ കഴുത്തിൽ താലികെട്ടി. ശ്രീറാം കൊടുത്ത പുഷ്പഹാരം ഇരുവരും പരസ്പരം അണിഞ്ഞു. ആ രംഗങ്ങളൊക്കെ നിറഞ്ഞ കണ്ണുകളോടെ ആൽഫി കണ്ട് നിന്നു. ഒരിക്കലും ആതിര തനിക്ക് സ്വന്തമാകില്ലെന്ന സത്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു അവനപ്പോൾ..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story