മറുതീരം തേടി: ഭാഗം 83

marutheeram thedi shiva

രചന: ശിവ എസ് നായർ

കാർത്തിക് ഒപ്പമുള്ള കാര്യം പറയാതിരുന്നത് കൊണ്ട് ആതിരയ്ക്കൊപ്പം കാറിൽ നിന്നിറങ്ങിയ സുമുഖനായ യുവാവിനെ കണ്ട് ഭാരതിയും ആരതിയും അഞ്ജുവുമൊക്കെ അന്ധാളിച്ച് പോയിരുന്നു. "മോളെ... ഇത്... ഇതാരാ...?" ഭാരതി അമ്പരപ്പോടെ ചോദിച്ചു. ആതിര മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും തുമ്പി മോൾ അച്ഛാന്ന് വിളിച്ച് കൊണ്ട് കാർത്തിക്കിന്റെ അടുത്തേക്ക് ചെന്ന് എടുക്കാനായി കൈകൾ മേലോട്ട് നീട്ടി. ആതിരയും കാർത്തിക്കും പരസ്പരം വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ മുതൽഎല്ലാവരും തുമ്പി മോളെ കൊണ്ട് കാർത്തിക്കിനെ അച്ഛാന്ന് വിളിപ്പിക്കാൻ പഠിപ്പിക്കുകയായിരുന്നു. പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങൾ അതുപോലെ അനുസരിക്കുന്നത് കൊണ്ട് മോൾ കാർത്തിക്കിനെ പെട്ടെന്ന് തന്നെ അച്ഛാന്ന് വിളിക്കാൻ ശീലിച്ചു. "നിങ്ങളാരും തുമ്പി മോൾടെ അച്ഛനെ കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് പോകുന്നതിന് മുൻപ് ഇവിടെ വരെ വന്ന് എല്ലാരേം കണ്ടിട്ട് പോകാമെന്ന് കരുതി.

കാർത്തിയേട്ടന് ലീവ് കിട്ടാതിരുന്നത് കൊണ്ടാണ് കഴിഞ്ഞ മാസം ഞങ്ങളോടൊപ്പം ഇവിടേക്ക് വരാൻ പറ്റാതിരുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് ദുബായിലേക്ക് പോകും." "കാർത്തിക്ക് എന്നാണോ ചേട്ടന്റെ പേര്?അന്ന് ചേച്ചിയേതോ ക്രിസ്ത്യൻ പേരല്ലേ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്?" അഞ്ജു ഓർമ്മകളിൽ പരതി. "ആൽഫിയെന്നല്ലേ മോളെ അന്ന് നീ പേര് പറഞ്ഞത്. നിന്റെ കൂടെ പഠിച്ച പയ്യനാണെന്നല്ലേ പറഞ്ഞിരുന്നത്. എനിക്ക് അതൊക്കെ നല്ല ഓർമ്മയുണ്ട്. കോട്ടയത്താണ് വീടെന്നും നീ പറഞ്ഞു. അമ്മയും ഞങ്ങളോട് അങ്ങനെയല്ലേ പറഞ്ഞത്." ഭാരതി സംശയത്തോടെ ആതിരയെ നോക്കി. "അന്ന് അച്ഛനെ പേടിച്ചാ സത്യം നിങ്ങളോടാരോടും പറയാതിരുന്നത്. ആൽഫി എന്റെ സുഹൃത്ത് മാത്രമായിരുന്നമ്മേ. കാർത്തിയേട്ടൻ കർണാടകയിൽ ഞാൻ വർക്ക്‌ ചെയ്തിരുന്ന ഹോസ്പിറ്റലിലെ മാനേജറായിരുന്നു. ഞങ്ങളുടെ ഇഷ്ടമറിഞ്ഞ് അമ്മാമ്മയും കാർത്തിയേട്ടന്റെ അമ്മയും കസിൻസും ചേർന്ന് അവിടത്തെ രജിസ്റ്റർ ഓഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടത്തി തന്നു.

എനിക്ക് നല്ലൊരുജീവിതം കിട്ടുന്നതിൽ അസൂയ പൂണ്ട് അച്ഛനെന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചാണ് നിങ്ങളോടൊക്കെ കള്ളം പറഞ്ഞിരുന്നത്." വളരെ സ്വാഭാവികമായി ആതിരയത് പറഞ്ഞപ്പോൾ ഭാർഗവിയമ്മയും ആതിര പറഞ്ഞതൊക്കെ ശരി വച്ചു. അതുകൊണ്ട് തന്നെ അമ്മയും സഹോദരിമാരും അവളുടെ വാക്കുകൾ വിശ്വസിച്ചു. "ചേച്ചിക്കൊരു നല്ല ജീവിതം കിട്ടുന്നത് അച്ഛനൊരിക്കലും ഇഷ്ടപ്പെടില്ല. അതുകൊണ്ട് അന്ന് സത്യം പറയാതിരുന്നത് നന്നായി. ചേച്ചി ദുബായിൽ ജോലി കിട്ടി പോയതറിഞ്ഞപ്പോൾ തന്നെ അച്ഛന് ഭയങ്കര അസൂയയായിരുന്നു." ആരതിയാണ് അത് പറഞ്ഞത്. "ശരിയാ ചേച്ചി... അച്ഛന് ചേച്ചി നന്നാകുന്നത് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. ഇപ്പൊ കിടപ്പിലായിട്ട് കൂടി ആ സ്വഭാവത്തിന് ഒരു മാറ്റോമില്ല. അച്ഛന് സൂക്കേട് വന്നതിനും കാരണക്കാരി ചേച്ചിയാണെന്നേ അച്ഛന് പറയാൻ നേരമുള്ളൂ." അഞ്ജു തുമ്പി മോളെ കൈയ്യിൽ വാങ്ങുമ്പോൾ പറഞ്ഞു. "ഉണ്ണിക്കുട്ടൻ എവിടെ? പുറത്തേക്കൊന്നും കണ്ടില്ലല്ലോ?" ആതിര വിഷയം മാറ്റാനായി ഉണ്ണിക്കുട്ടന്റെ കാര്യമെടുത്തിട്ടു.

"അവനിപ്പോ കുറച്ച് ദിവസായിട്ട് ഭയങ്കര നാണക്കാരനാ ചേച്ചി. ആരെങ്കിലും വീട്ടിൽ വന്നാൽ പുറത്തേക്ക് വരാതെ മുറിയിൽ ഒളിച്ച് നിന്ന് നോക്കും. വാ ഞാൻ കാണിച്ച് തരാം." ആരതി ചിരിയോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി. "വന്ന കാലേൽ തന്നെ നിക്കാതെ അകത്തോട്ട് കേറിയിരിക്ക് മോനെ." ഭാരതി കാർത്തിക്കിനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു. ചെറിയൊരു പുഞ്ചിരിയോടെ തുമ്പി മോളെയും കൊണ്ടവൻ ഹാളിലേക്ക് പ്രവേശിച്ചു. ഹാളിൽ ആളനക്കങ്ങൾ കേട്ട് ഉണ്ണിക്കുട്ടൻ മുറിയുടെ വാതിൽക്കൽ വന്ന് എത്തി നോക്കി നിൽക്കുകയാണ്. പരിചിതമായ മുഖങ്ങളും തുമ്പി മോളെയും കണ്ട് അവൻ പെട്ടന്ന് അവർക്കടുത്തേക്ക് മുടന്തി മുടന്തി നടന്നു ഉണ്ണിക്കുട്ടനെ കണ്ടതും തുമ്പി മോൾ അവനടുത്തേക്ക് ഓടി. ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് തുമ്പി മോള് ഉമ്മ വക്കുന്നതൊക്ക കണ്ടപ്പോൾ കണ്ട് നിന്നവർക്കും സന്തോഷം തോന്നി. തുമ്പി ചേച്ചിയെ കണ്ടതിന്റെ ത്രില്ലിലാണ് ഉണ്ണിക്കുട്ടനും. ആതിര അവനെ വാരിയെടുത്ത് വാത്സല്യത്തോടെ നെറുകയിലും കവിളിലുമൊക്കെ ഉമ്മകൾ കൊണ്ട് മൂടി.

പക്ഷേ അവന്റെ ശ്രദ്ധ മുഴുവനും തന്റെ ചേച്ചിയിൽ മാത്രമായിരുന്നു. ആതിരയുടെ ദേഹത്ത് നിന്ന് ഊർന്നിറങ്ങി അവൻ തുമ്പിയുടെ നേർക്ക് പാഞ്ഞു. ഉണ്ണിക്കുട്ടൻ തുമ്പിയെ അവന്റെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോയി കളിപ്പാട്ടങ്ങളൊക്കെ എടുത്ത് കൊടുക്കുകയാണ്. ഭാർഗവിയമ്മയും പേരക്കുട്ടികൾക്കൊപ്പം മുറിയിൽ പോയി ഇരുന്നു. ഭാരതിയും അഞ്ജുവും കൂടി അവർക്കും ഭക്ഷണമെടുക്കാനായി അടുക്കളയിലേക്ക് പോയി. "അച്ഛനിപ്പോ എങ്ങനെയുണ്ട് ആരതീ?" ആതിര ചോദിച്ചു. "മാറ്റമൊന്നുമില്ല ചേച്ചി... ഒരേ കിടത്തം തന്നെയാണ്. ഡോക്ടർക്കും വലിയ പ്രതീക്ഷയൊന്നുമില്ല." "നിന്റെ ഡിവോഴ്സ് കേസ് എന്തായി? കോടതിയിൽ നിന്ന് വിളിച്ചിരുന്നോ?" "ഉവ്വ്... കഴിഞ്ഞയാഴ്ച കോടതിയിൽ കേസ് വിളിച്ചു. അതിന് മുൻപ് തന്നെ കൗൺസിലിംഗ് സെക്ഷനൊക്കെ പേരിനെന്നോണം കഴിഞ്ഞിട്ടുണ്ടായിരുന്നു.

ജോയിന്റ് പെറ്റിഷൻ ആയതുകൊണ്ട് ഡിവോഴ്സ് കിട്ടാൻ വേറെ തടസ്സമൊന്നുമുണ്ടായില്ല. കോടതിയിൽ നിന്നുള്ള വിധിയുടെ പകർപ്പ് കിട്ടാൻ വൈകുമെന്ന് തോന്നുന്നു. എന്തായാലും ആ ശല്യം ഇതോടെ തീർന്നതിൽ സമാധാനമുണ്ട്. അല്ലെങ്കിൽ ആ കുരിശിപ്പോ എന്റെ തലയിൽ തന്നെ ആകുമായിരുന്നു ചേച്ചി." ആരതി നെടുവീർപ്പിട്ടു. "അതെന്താ നീ അങ്ങനെ പറഞ്ഞത്?" ആതിര സംശയത്തോടെ ആരതിയെ നോക്കി. "ആ സുജിത്തെന്ന് പറയുന്നവനിപ്പോ ജയിലിലാ ചേച്ചി. പീഡന കേസിലെ പ്രതിയാണ്, ജാമ്യം പോലും കിട്ടാത്ത വകുപ്പിലാ അകത്താക്കിയത്." ചായയുമായി അവിടേക്ക് വന്ന അഞ്ജുവാണ് അത് പറഞ്ഞത്. ആതിര അത്ഭുതമെന്തോ കേട്ട ഭാവത്തിൽ അവളെ നോക്കി. "സത്യമാ ചേച്ചി... രണ്ടാഴ്ച മുൻപായിരുന്നു സംഭവം. കമ്പ്യൂട്ടർ സെന്ററിൽ പഠിക്കാൻ വന്ന കൊച്ചിന്റെയടുത്ത് ചെന്ന് അവന്റെ കൂതറ സ്വഭാവമെടുത്തതാ. പക്ഷേ സുജിത്തിന് ആളുമാറിപ്പോയി. ഇവിടുത്തെ എം എൽ എയുടെ സഹോദരിയുടെ മോളായിരുന്നു ആ പെങ്കൊച്ച്. അവള് വീട്ടിൽ പോയി കാര്യം പറയേണ്ട താമസം രാത്രിയോടെ സുജിത്തിനെ പോലീസുകാർ വന്ന് കൊണ്ടുപോയി.

ഇപ്പൊ പീഡനകുറ്റം ചുമത്തി ജയിലിലുമായി. അവന്റെ അച്ഛന്റെ കാശ് കൊണ്ട് രക്ഷപ്പെടുത്താൻ നോക്കിയിട്ട് നടന്നില്ല." ആരതിയുടെ വാക്കുകൾ കേട്ട് ആതിരയ്ക്ക് ആഹ്ലാദമടക്കാനായില്ല. "അവന്റെ കൂതറ സ്വഭാവത്തിന് അങ്ങനെ തന്നെ കിട്ടണം." "അവിടം കൊണ്ടും തീർന്നില്ല ചേച്ചി. സുജിത്തിന്റെ അച്ഛനും അമ്മയും കൂടി എന്നെ കാണാൻ ഇവിടെ വന്നിരുന്നു. അവര് വിചാരിച്ചിട്ട് മോനെ പുറത്തിറക്കാൻ പറ്റാത്തത് കൊണ്ട് ഞാനീ കുഞ്ഞി ചെക്കനെയും കൊണ്ട് ആ എം എൽ എയുടെ വീട്ടിലും ആ പെങ്കൊച്ചിന്റെ വീട്ടിലും പോയി കരഞ്ഞ് കാലുപിടിച്ച് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കാൻ സഹായിക്കണം പോലും. എങ്ങനെയും സുജിത്തിനെ പുറത്തിറക്കാൻ സഹായിച്ചാൽ എന്നെയും മോനെയും വീട്ടിലേക്ക് സ്വീകരിക്കാമെന്ന് കൂടി പറഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്നിട്ട് ഞാൻ ആട്ടിയിറക്കി വിട്ടു. അവർക്ക് എന്നെകൊണ്ട് ആവശ്യമുണ്ടെന്ന് തോന്നിയപ്പോ ഒരുളുപ്പുമില്ലാതെ കേറി വന്നേക്കുന്നു." "അവരിവിടെ വന്ന സമയത്ത് ഞാനിവിടെ ഇല്ലാതായി പോയി. അല്ലെങ്കിൽ അവന്റെ തന്തയ്ക്കും തള്ളയ്ക്കും കണക്കിന് കൊടുത്തേനെ."

ഭാരതി അമർഷത്തോടെ പറഞ്ഞു. "അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഏതോ ദിവസമായിരുന്നു അവരിവിടെ വന്നത്. അന്ന് ഞാനും മോനും മാത്രേ ഇവിടെയുണ്ടായിരുന്നുള്ളൂ. ഇനിയേതായാലും രണ്ടെണ്ണം ഈ വഴിക്ക് വരില്ല. അത്രയ്ക്ക് ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചി. എന്റെ മോൻ അവരുടെ മോന്റെയല്ല എന്ന് നാട്ടിൽ മൊത്തം പറഞ്ഞ് നടക്കാൻ അവർക്കും ഭയങ്കര ഉത്സാഹമായിരുന്നു. അതിനൊക്കെയുള്ള തിരിച്ചടിയായിട്ടാ ദൈവം നല്ലൊരു പണി തന്നെ കൊടുത്തത്." ആരതിയുടെ മുഖത്ത് സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരി വിടർന്നു. "എന്തായാലും അവന്റെ കയ്യിലിരിപ്പിനുള്ളത് കിട്ടിയിട്ടുണ്ട്. പീഡനക്കേസ് ആയതുകൊണ്ട് കുറേ നാൾ ജയിലിൽ തന്നെ കിടക്കാം. ഡിവോഴ്സ് കിട്ടിയത് കൊണ്ട് നിനക്കും സമാധാനിക്കാം." "മക്കളേ... ഇനി ആഹാരം കഴിച്ചിട്ടാവാം സംസാരം." ഭാരതി തീൻമേശയിൽ ഭക്ഷണം വിളമ്പിയിട്ട് അവരെ വന്ന് വിളിച്ചു. കാർത്തിക്കും ആതിരയും കൈകഴുകി കഴിക്കാനായി ഇരുന്നു. ഭാർഗവിയമ്മ പിന്നീട് കഴിക്കാമെന്ന് പറഞ്ഞത് കൊണ്ട് കാർത്തിക്കിനും ആതിരയ്ക്കും ചോറും കറികളുമൊക്കെ വിളമ്പി നൽകി അമ്മയും സഹോദരിമാരും അടുത്ത് തന്നെ നിന്നു. "നീ രണ്ട് ദിവസം ഇവിടെ കാണോ മോളെ?"

ഭാരതിയുടെ ചോദ്യമാണ്. "ഇല്ലമ്മേ... ഞങ്ങൾ നാളെ രാത്രി തിരിച്ചുപോകും. അവിടെ കാർത്തിയേട്ടന്റെ കസിന്റെ വൈഫിന്റെ ബ്രദറിന്റെ മാര്യേജാണ്. അതിന് മുൻപ് ഇവിടെ വന്ന് എല്ലാരേം കണ്ട് വരാലോന്ന് കരുതി ഞങ്ങളിങ്ങ് പോന്നതാ. ഇന്ന് രാത്രി തന്നെ മടങ്ങുമായിരുന്നു. പിന്നെ ഇന്നലെ രാത്രി ഉറക്കമൊഴിഞ്ഞ് വണ്ടിയോടിച്ച് വന്നതിന്റെ ക്ഷീണം മാറും മുൻപേ ഇന്ന് തന്നെ യാത്ര തിരിക്കണ്ടെന്ന് വിചാരിച്ചു." "നീ വന്നിട്ട് അച്ഛനെ കണ്ടാരുന്നോ?" "ഇല്ലമ്മേ... കഴിച്ചിട്ടൊന്ന് കാണണമെനിക്ക്. കാർത്തിയേട്ടനെ അച്ഛനൊന്ന് പരിചയപ്പെടുത്തി കൊടുക്കണം." ഗൂഢമായ പുഞ്ചിരിയോടെ അവൾ പറഞ്ഞു. "നീ വന്നതറിഞ്ഞ് അവിടെ മുഖം വലിച്ചുകേറ്റി വച്ച് കിടപ്പുണ്ട്. ചോറും കൊണ്ട് കഴിപ്പിക്കാൻ ചെന്നതായിരുന്നു. ഒന്നും വേണ്ടെന്ന് പറഞ്ഞു കണ്ണടച്ച് കിടന്ന് കളഞ്ഞു." ഭാരതി താടിക്ക് കൈയ്യും കൊടുത്ത് ആതിരയുടെ അടുത്തായി ഇരുന്നു. "ഇത്രയൊക്കെയായിട്ടും ആതിരയുടെ അച്ഛന് ഇവളോടുള്ള ദേഷ്യം മാറിയിട്ടില്ലേ അമ്മേ?" കാർത്തിക് അവിശ്വസനീയതയോടെ ചോദിച്ചു.

"ഓ... അതൊരിക്കലും മാറാൻ പോണില്ല മോനെ. അങ്ങേർക്ക് ആരോടെങ്കിലും വെറുപ്പ് തോന്നികഴിഞ്ഞാൽ പിന്നെ ഒരുകാലത്തും അത് മാറില്ല. ആതിരയോടുള്ള പോലെ വെറുപ്പാണ് അയാൾക്ക് ഉണ്ണിക്കുട്ടനോടും. ചെക്കനെയും കണ്ണിന് മുന്നിൽ കണ്ടൂടാ. ഈ സ്വഭാവം മാറണമെങ്കിൽ അതിന് അങ്ങേര് ചാകണം." ഭാരതിയുടെ മുഖത്ത് നിരാശ പടർന്നു. "അല്ലെങ്കിലും അച്ഛനൊരു മനംമാറ്റമൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ലമ്മേ. ഇപ്പൊ ഇങ്ങനെയൊക്കെ ഉണ്ടായതിന് കാരണക്കാരി ഞാനാന്നേ അച്ഛൻ പറയൂ." "അത് നേരാ ചേച്ചി... അച്ഛനീ ഡയലോഗ് ഇപ്പഴും പറയാറുണ്ട്. ഉണ്ണിക്കുട്ടൻ അച്ഛന്റെ മുറിയിലേക്ക് ചെല്ലുമ്പോഴും അസഭ്യം പറഞ്ഞ് ഓടിച്ച് വിടും. ഒരു കണക്കിന് കിടപ്പിലായത് നന്നായെന്ന് തോന്നാ. അല്ലെങ്കിൽ തരം കിട്ടുമ്പോ അവനെ ഉപദ്രവിക്കാൻ അച്ഛൻ ശ്രമിച്ചേനെ." ചേച്ചിയുടെ വാക്കുകൾ ആരതി ശരി വച്ചു. "ഞാനൊന്ന് കാർത്തിയേട്ടന് അച്ഛനെ പരിചയപ്പെടുത്തി കൊടുക്കട്ടെ. കാർത്തിയേട്ടൻ പോയി തുമ്പി മോളെ എടുത്തുകൊണ്ട് വാ." അപ്പഴേക്കും അവരിരുവരും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു.

ഇരുവരും എഴുന്നേറ്റ് കൈകൾ കഴുകി മോളെയുമെടുത്തുകൊണ്ട് മുരളി കിടന്നിരുന്ന മുറിയിലേക്ക് നടന്നു. അത് കണ്ട് ബാക്കിയുള്ളവരും അവരെ അനുഗമിച്ചു. മുറിക്കുള്ളിലേക്ക് കടന്നപ്പോൾ തന്നെ മരുന്നിന്റെ രൂക്ഷ ഗന്ധം അവരുടെ മൂക്കിലേക്ക് അരിച്ചെത്തി. ജനലുകൾ അടച്ചിട്ടിരുന്നത് കൊണ്ട് മുറിയിലാകെ ഇരുട്ട് പരന്നിരുന്നു. കട്ടിലിൽ കണ്ണുകളടച്ച് നീണ്ട് നിവർന്ന് കിടക്കുകയായിരുന്ന മുരളി തനിക്കടുത്തേക്ക് നീണ്ടുവരുന്ന കാലൊച്ചകൾ കേട്ട് മിഴികൾ തുറന്ന് നോക്കി. ഇരുട്ടിൽ അയാൾക്ക് കാഴ്ച വ്യക്തമായില്ല... എങ്കിലും വന്നിരിക്കുന്നത് ആതിരയാണെന്ന് മുരളി ഊഹിച്ചു. അയാളുടെ നോട്ടം ചെന്ന് നിന്നത് തുമ്പി മോളെയും എടുത്ത് നിൽക്കുന്ന കാർത്തിക്കിന് നേരെയാണ്. അച്ഛനെയൊന്ന് വീക്ഷിച്ച ശേഷം ആതിര ജാലക വിരി ഒരു വശത്തേക്ക് നീക്കി ജനൽ പാളികൾ തുറന്നിട്ടു. പെട്ടെന്ന് മുറിയിലേക്ക് അരിച്ചെത്തിയ വെളിച്ചത്തിൽ മുരളി കണ്ണുകൾ ചിമ്മിയടച്ചു. "എന്തിനാടി നശിച്ചവളെ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്... എന്റെ വീഴ്ച കണ്ട് സന്തോഷിക്കാനാവുമല്ലേ."

ആ അവശതയിലും അയാളുടെ നാവുകൾ ആതിരയെ പഴി പറയാൻ മറന്നില്ല. കട്ടിലിൽ ഒരു വശം തളർന്ന് കിടക്കുന്ന മുരളിയെ അവൾ സാകൂതം നോക്കി കണ്ടു. പരസഹായമില്ലാതെ അയാൾക്കൊന്നുംതന്നെ ചെയ്യാൻ കഴിയില്ല. എന്നിട്ടും അഹങ്കാരത്തിന് കുറവില്ലല്ലോ എന്നാണ് ആതിര ചിന്തിച്ചത്. "അച്ഛന്റെ ഈ കിടപ്പ് കണ്ട് സന്തോഷിക്കാനോ സഹതാപം പ്രകടിപ്പിക്കാനോ അല്ല ഞാൻ വന്നത്. പിന്നെ അച്ഛനിപ്പോ ജീവനോടെ കിടക്കുകയെങ്കിലും ചെയ്യുന്നത് എന്റെ ദയ ഒന്നുകൊണ്ട് മാത്രമാണ്. അക്കാര്യം അച്ഛൻ മറന്ന് പോകരുത്. പിന്നെ ഇപ്പൊ വന്നത് എന്റെ തുമ്പി മോൾടെ അച്ഛനെ ഒന്ന് പരിചയപ്പെടുത്തി തരാൻ വേണ്ടിയാ. എന്റെ മോൾക്ക് അവളെ നന്നായി സ്നേഹിക്കുന്ന അച്ഛനെ തന്നെയാ കിട്ടിയത്. അല്ലാതെ എന്റെ അച്ഛനെ പോലൊരു ദുഷ്ടനല്ല മോൾടെ അച്ഛൻ. കാർത്തിയേട്ടൻ കണ്ടില്ലേ ഇതാണെന്റെ അച്ഛൻ. ഓർമ്മ വച്ച നാൾ മുതൽ ഇന്നോളം വെറുപ്പോടെ മാത്രമേ എന്നെ കണ്ടിട്ടുള്ളു. അച്ഛന്റെ സ്നേഹമെന്തെന്ന് ഞാൻ അറിഞ്ഞിട്ട് കൂടിയില്ല. ഇപ്പഴും കണ്ടില്ലേ ഒരു മാറ്റോമില്ല."

"സ്വന്തം മോളെ വെറുക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു. ഇത്രേം നാൾ നിങ്ങൾ വെറുപ്പോടെ കണ്ട മോൾടെ കാശ് കൊണ്ടാണ് ഈ ശരീരത്തിൽ ജീവനെങ്കിലും ബാക്കിയായത്. വെറുക്കപ്പെട്ടവളാകാൻ മാത്രം ആതിര എന്ത് തെറ്റായിരുന്നു നിങ്ങളോട് ചെയ്തത്. ഇനിയും സമയം വൈകിയിട്ടില്ല... മാറി ചിന്തിക്കാൻ ശ്രമിക്ക്. അങ്ങനെയെങ്കിലും പുണ്യം കിട്ടിക്കോട്ടേ." കാർത്തിക്കിന്റെ സ്വരത്തിൽ അമർഷം കലർന്നിരുന്നു. "എന്നെ ഉപദേശിച്ച് നന്നാക്കാനാണോ ഭാര്യയും ഭർത്താവും കൂടി ഇങ്ങോട്ട് വന്നത്. ഇപ്പൊ നീ നിന്റെ ഭാര്യയെ പൊക്കിപ്പറഞ്ഞോ... ഇവളേ വെറും എരണം കെട്ടവളാ. ഈ നശിച്ചവൾ നിൽക്കുന്നിടം മുടിയും. താമസിയാതെ നിനക്ക് കിട്ടുമ്പോ നീ പഠിച്ചോളും." മുരളി ക്രോധത്തോടെ മുഖം വെട്ടിച്ചു. "അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഞാനങ്ങ് സഹിക്കും. അല്ലാതെ നിങ്ങളെ പോലെ ഒരിക്കലും ഞാനാവില്ല. എന്റെ ജീവനുള്ള കാലത്തോളം എന്റെ ഭാര്യയെയും കുഞ്ഞിനെയും ഞാൻ പൊന്നുപോലെ നോക്കും." ആതിരയെ ചേർത്ത് പിടിച്ചു കാർത്തിക് പറഞ്ഞു.

"അച്ഛനെ ഉപദേശിച്ച് നന്നാക്കാൻ പറ്റില്ലെന്ന് എനിക്ക് നന്നായിയറിയാം. ഇനിയെങ്കിലും സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് ജീവിക്കാൻ ശ്രമിക്ക്. അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ നശിച്ച് പോയില്ല. എന്റെ മോൾടേം അവൾടെ അച്ഛന്റേം കൂടെ സന്തോഷത്തോടെയാണ് ഞാൻ ജീവിക്കുന്നത്. ഇതൊന്ന് അറിയിക്കണമെന്നുണ്ടായിരുന്നു എനിക്ക്. അതിന് വേണ്ടിയാ ഞാൻ വന്നത്. ഇനി ഞങ്ങൾ പോട്ടെ..." അച്ഛനോട് പ്രതികാരം വീട്ടിയ സന്തോഷത്തിൽ കാർത്തിക്കിനെയും കൂട്ടി അവൾ മുറിക്ക് പുറത്തേക്ക് നടന്നു. ഇരുവരും പുറത്തേക്കിറങ്ങി പോകുന്നത് അസൂയയോടെ നോക്കി കിടക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു. "നീയൊരിക്കലും ഗുണം പിടിക്കാൻ പോണില്ലെടി നശിച്ചവളെ." ദേഷ്യമടക്കാൻ കഴിയാതെ മുരളി വിളിച്ചു പറഞ്ഞു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story