മറുതീരം തേടി: ഭാഗം 84 || അവസാനിച്ചു

marutheeram thedi shiva

രചന: ശിവ എസ് നായർ

 "നീയൊരിക്കലും ഗുണം പിടിക്കാൻ പോണില്ലെടി നശിച്ചവളെ." ദേഷ്യമടക്കാൻ കഴിയാതെ മുരളി വിളിച്ച് പറഞ്ഞു. "ഇത്രയൊക്കെ തിരിച്ചടികൾ കിട്ടിയിട്ടും നിങ്ങൾ നന്നായില്ലേ മനുഷ്യാ... ഒന്നൂല്ലേലും നിങ്ങളിപ്പോ നശിച്ചവളെന്ന് വിളിച്ച അവളുടെ കാശിന്റെ ബലത്തിലാ ജീവനോടെ കിടക്കുന്നത്. അത് നിങ്ങൾ മറക്കരുത്." മകൾക്ക് നേരെയുള്ള ഭർത്താവിന്റെ അസഭ്യവർഷം കേട്ട് ഭാരതി കലിപൂണ്ട് അയാൾക്കടുത്തേക്ക് വന്നു.. "നീയല്ലേടി മൂദേവി അവള്ടെ കയ്യേന്ന് കാശ് വാങ്ങിയത്. അവള്ടെ പൈസ വാങ്ങി രക്ഷപ്പെടുത്തി എന്നെ ഈ കിടപ്പ് കിടത്തുന്നതിനേക്കാൾ ഭേദം ചാകുന്നതായിരുന്നു." "ശരീരം തളർന്ന് പോയപ്പോ നാവും കൂടെ തളർന്ന് പോയിരുന്നെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. ഇനിയെങ്കിലും സ്വയം മാറാൻ ശ്രമിക്ക് മനുഷ്യാ. ആ പോയത് നിങ്ങടെ കൂടെ ചോരയാ." "എടീ... നീയും നിന്റെ മക്കളും കൂടി അവള്ടെ കാശ് കണ്ടല്ലേ അങ്ങോട്ട് ചാഞ്ഞത്. എന്നെ സംബന്ധിച്ച് പുകഞ്ഞ കൊള്ളി എന്നും പുറത്താ.

നിനക്കൊക്കെ കാശിനോട് ആർത്തിയുള്ളത് കൊണ്ട് ഇപ്പൊ അവളെയും താങ്ങി നടക്കുന്നു. ചത്താലും എന്നിൽ നിന്ന് അതൊന്നും ആരും പ്രതീക്ഷിക്കണ്ട. അവളുടെ കയ്യിലെ പത്ത് പുത്തൻ കണ്ടൊന്നും എന്റെ കണ്ണ് മഞ്ഞളിക്കില്ല. മാസാമാസം നല്ല കാശ് നീ എണ്ണി മേടിക്കുന്നുമുണ്ടാവുമല്ലോ. അതിനൊക്കെ നീ മിടുക്കിയാണെന്ന് എനിക്കറിയാം." "നിങ്ങള് വെറുതെ വായിൽ തോന്നിയത് പറയരുത്. അവളുടെ കാശ് കണ്ടൊന്നുമല്ല ഞങ്ങളവളെ സ്നേഹിക്കുന്നത്. നിങ്ങടെ ആശുപത്രി ചിലവിന് വേണ്ടി മാത്രേ ഞാനവളോട് പൈസ വാങ്ങിയിട്ടുള്ളു. അല്ലാതെ ഈ വീട്ടിലെ കാര്യോം മറ്റും നോക്കുന്നത് ആരതി അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടാ. അതുകൊണ്ട് ചുമ്മാ അനാവശ്യം വിളിച്ച് പറഞ്ഞാൽ പച്ചവെള്ളം തരില്ല ഞാൻ. സ്വന്തം ചോരയാണെന്ന് കൂടി നോക്കാതെ അതിന്റെ കണ്ണീർ കുറേ വീഴിത്തിയിട്ടാ നമ്മളൊക്കെ ഇത്രേം അനുഭവിക്കേണ്ടി വന്നത്. കിടപ്പിലായിട്ടും നിങ്ങൾക്ക് ഇനിയും മതിയായില്ലെങ്കി സ്വയം അനുഭവിച്ചോ. പട്ടീടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ. അതുപോലെയാ നിങ്ങടെ സ്വഭാവം." മുരളിയെ നോക്കി ചുണ്ട് കോട്ടി ഭാരതി പുറത്തേക്കിറങ്ങി പോയി. "പോടീ പോ..."

മുരളിക്ക് ദേഷ്യം അടക്കാനായില്ല. നശിച്ചു പോകുമെന്ന് പ്രാകി തള്ളിക്കളഞ്ഞ മൂത്ത മകൾ ഭർത്താവും കുട്ടിയുമൊത്ത് നല്ല നിലയിൽ കഴിയുന്നത് അയാളുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തികൊണ്ടിരുന്നു. ഹാളിൽ നിന്ന് ഉയർന്നുകേൾക്കുന്ന കളിചിരികൾ മനഃപൂർവം കേട്ടില്ലെന്ന് നടിച്ച് മിഴികൾ ഇറുക്കെയടച്ച് മുരളി ആ കിടപ്പ് കിടന്നു. തന്റെ ദുർവിധിയോർത്ത് ഒരു നിമിഷം അയാളുടെ മനസ്സ് വേദനിച്ചു. മറ്റുള്ളവരുടെ ദയയിൽ ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ് നല്ലതെന്ന് മുരളിക്ക് തോന്നി. പക്ഷേ ചെയ്ത് കൂട്ടിയ പാപങ്ങൾക്കുള്ള ശമ്പളം കിടന്ന് കിടപ്പിൽ അനുഭവിക്കാനായിരുന്നു അയാൾക്ക് യോഗം. ഉച്ചകഴിഞ്ഞപ്പോഴേക്കും വീട്ടിലെല്ലാരോടും യാത്ര പറഞ്ഞ് അവരിറങ്ങി. "അമ്മേ... ഇത് കുറച്ചു കാശാണ്. ഇവിടുത്തെ ചിലവിന് വച്ചോളു." ഇറങ്ങാൻ നേരം ആതിര ഒരു പൊതി ഭാരതിക്ക് നേർക്ക് നീട്ടി. "വേണ്ട മോളെ... ഇവിടുത്തെ ചിലവ് കഴിഞ്ഞു പോകാനുള്ള പൈസയൊക്കെ ആരതിക്ക് കിട്ടുന്നുണ്ട്. ആവശ്യം വന്നാൽ ഞാൻ നിന്നോട് ചോദിച്ചോളാം. ഇപ്പോ ഈ പൈസ മോള് തന്നെ വച്ചോ." ആത്മാർത്ഥമായിട്ടാണ് ഭാരതി അത് പറഞ്ഞത്. ആതിര ഏറെ നിർബന്ധിച്ചെങ്കിലും അവരത് വാങ്ങാൻ കൂട്ടാക്കിയില്ല.

"ആരതീ... ഇത് നിന്റെ കയ്യിലിരിക്കട്ടെ... ആവശ്യം വരുമ്പോ നീ തന്നെ അമ്മയ്ക്ക് കൊടുക്ക്." ആരതിയുടെ കൈപിടിച്ച് ഉള്ളം കൈയിലേക്കവൾ പൈസ വച്ചുകൊടുത്തു. ആരതിക്ക് അത് വാങ്ങാതെ നിവർത്തിയുണ്ടായിരുന്നില്ല. "അപ്പോ ശരി അടുത്ത വരവിന് കാണാം." എല്ലാരേം നോക്കി കൈവീശി ഉണ്ണിക്കുട്ടന് കെട്ടിപ്പിടിച്ചൊരു ഉമ്മയും നൽകി ആതിര കാറിലേക്ക് കയറി. ഉണ്ണിക്കുട്ടനെ പിരിയുന്ന വിഷമത്തിലായിരുന്നു തുമ്പി മോള്. ഉണ്ണിക്കുട്ടനും വാശി പിടിച്ച് കരച്ചിലായിരിന്നു. ഭാർഗവിയമ്മ ഇരുവരെയും സമാധാനിപ്പിച്ച് തുമ്പിയെയും കൊണ്ട് പുറകിലേക്ക് കയറിയിരുന്നു. "എന്നാൽ ശരി... ഞങ്ങൾ പോയി വരാം..." കാർത്തിക്ക് മൂവരോടും യാത്ര പറഞ്ഞ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കണ്ണീരോടെയാണ് ഭാരതിയും മക്കളും അവരെ യാത്രയയച്ചത്. പുറത്ത് നടക്കുന്ന യാത്ര പറച്ചിലൊക്കെ അകത്ത് കിടന്ന് മുരളിയും കേൾക്കുന്നുണ്ടായിരുന്നു. കാറിന്റെ ശബ്ദം അകന്നകന്ന് പോകുമ്പോൾ അയാളപ്പോഴും മനസ്സിൽ ആതിരയെ ശപിച്ചുകൊണ്ടിരുന്നു. 🍁🍁🍁🍁🍁🍁

"ലില്ലീ... ആതിരയെ മറക്കാനെനിക്കാവില്ല. പക്ഷേ അതിന്റെ പേരിൽ നിന്നെ വേദനിപ്പിക്കാനും എനിക്ക് വയ്യ. ആതിര പറഞ്ഞത് പോലെ ഞാൻ കാരണം നിന്റെ ജീവിതം കൂടി തകർന്ന് പോകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്... എല്ലാം മറക്കാനും നമുക്ക് മാത്രമായിട്ടൊരു ജീവിതം തുടങ്ങാനും എനിക്ക് കുറച്ച് സമയം ആവശ്യമാണ്." ലില്ലിയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ആതിരയുടെയും തുമ്പിമോളുടെയും മുഖം ഒരിക്കലും തന്റെ മനസ്സിൽ നിന്നും മായില്ലെന്നും ഓരോ ദിവസവും, ഉള്ളുകൊണ്ട് അവരുടെ ഓർമ്മകളിൽ നീറി ജീവിക്കാനാണ് തന്റെ വിധിയെന്നും ആൽഫിക്കറിയാമായിരുന്നു. അതിന്റെ പേരിൽ ലില്ലിയെ കൂടി വിഷമിപ്പിക്കാൻ അവന് മനസ്സ് വന്നില്ല. "നടന്നതൊന്നും ഇച്ചായനൊരിക്കലും മറക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. എങ്കിലും ഇച്ചായന്റെ മനസ്സിലെ മുറിവുണക്കാൻ എന്നെ കൊണ്ടാവുന്നത് ഞാനും ചെയ്യാം. ഇച്ചായന്റെ മനസ്സൊന്ന് ശരിയാവാൻ എത്ര നാള് വേണമെങ്കിലുമെടുത്തോ. കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്."

ആൽഫിയുടെ കൈകളിൽ മെല്ലെ തലോടി ലില്ലി പറഞ്ഞു. കോട്ടയത്തേക്കുള്ള മടക്കയാത്രയിലായിരുന്നു അവർ. "എന്റെ മനസ്സൊന്ന് ശാന്തമാകാൻ എത്ര നാളുകൾ വേണ്ടി വരുമെന്ന് എനിക്കറിയില്ല. എങ്കിലും നിന്നെ വേദനിപ്പിക്കുന്ന പ്രവർത്തികളൊന്നും എന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ലെന്ന് വാക്ക് തരാൻ എനിക്ക് കഴിയും. നാൻസി മോളെ എന്റെ സ്വന്തം മോളെപോലെ സ്നേഹിക്കാനും എനിക്ക് കഴിയും. നിന്റെ ആഗ്രഹങ്ങളൊക്കെ എന്നെകൊണ്ട് പറ്റുന്നത് പോലെ ചെയ്യാൻ ഞാൻ ശ്രമിക്കും." "അങ്ങനെയെങ്കിൽ ഞാൻ ആവശ്യപ്പെടുന്ന കാര്യം ഇച്ചായൻ ചെയ്ത് തരണം." ലില്ലിയുടെ സ്വരത്തിൽ പെട്ടെന്നുണ്ടായ മാറ്റം ആൽഫിയെ അമ്പരപ്പിച്ചു. "എന്ത് കാര്യം?" "ഇച്ചായന്റെ മമ്മിയെ അടുത്തയാഴ്ച് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജാക്കില്ലേ. ഇപ്പോ മാറ്റമുണ്ടെന്നും വീട്ടിൽ കൊണ്ടോയി നന്നായി നോക്കിയാൽ മതിയെന്നുമല്ലേ ഡോക്ടർ പറഞ്ഞത്. പക്ഷേ മമ്മിയെ നമ്മുടെ കൂടെ നിർത്താൻ എനിക്കിഷ്ടമല്ല. വേണോങ്കി ഡെയ്‌സിയോ സെറീനയോ വന്ന് കൊണ്ടുപോയി നോക്കട്ടെ. എല്ലാം അറിഞ്ഞ് വച്ചുകൊണ്ട് ഇച്ചായന്റെ മമ്മിയെ സ്നേഹിക്കാനോ പരിചരിക്കാനോ എനിക്കാവില്ല. അതുകൊണ്ട് സ്വന്തം പെണ്മക്കളുടെ അടുത്താകുമ്പോ മമ്മിക്ക് നല്ല ശുശ്രുഷ കിട്ടുമല്ലോ."

"മമ്മിയെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരുന്നത് നിനക്കിഷ്ടമില്ലെങ്കിൽ കൊണ്ട് വരണ്ട. ഞാൻ സെറീനയെ വിളിച്ചു മമ്മിയെ മുംബൈക്ക് കൊണ്ട് പോകാൻ പറയാം." ബത്തേൽ ബംഗ്ലാവ് ലീസിന് കൊടുത്തത് കാരണം വർഗീസ്, ലില്ലിക്ക് സ്ത്രീധനമായി കൊടുത്ത വീട്ടിലാണ് അവരുടെ താമസം. അതൊക്കെ കൊണ്ട് ലില്ലിയുടെ ആവശ്യം അംഗീകരിച്ച് കൊടുക്കാൻ ആൽഫിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. മാത്രമല്ല തനിക്ക് ആതിരയെയും കുഞ്ഞിനേം നഷ്ടപ്പെടാൻ കാരണക്കാരി മമ്മിയായത് കൊണ്ട് ആൽഫിക്ക് അവരോട് ആ സമയം ഒരു മമതയും തോന്നിയില്ല. ആൽഫി അപ്പോൾ തന്നെ സെറീനയെ വിളിച്ചു, മമ്മിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ കൂടെ കൂട്ടികൊണ്ട് പോകാൻ അവളോട് നിർദ്ദേശിച്ചു. ആദ്യമൊക്കെ എതിർത്തുവെങ്കിലും ലില്ലി കൂടി അവളോട് പരുഷമായി സംസാരിച്ചപ്പോൾ സെറീനയ്ക്ക് സമ്മതം മൂളാതെ നിവൃത്തിയുണ്ടായിരുന്നില്ല. സൂസനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം അവരെ കൂട്ടികൊണ്ട് പോകാൻ സെറീന വന്നിട്ടുണ്ടായിരുന്നു.

"ആൽഫീ... എനിക്ക് നിന്റെ കൂടെ നിന്നാ മതി. സെറീന എന്നെ നന്നായി നോക്കില്ല. ഞാൻ ഇവളുടെ കൂടെ പോകില്ല." തന്നെ കൂട്ടികൊണ്ട് പോകാൻ വന്നത് സെറീനയാണെന്ന് കണ്ടതും സൂസൻ പ്രതിരോധിക്കാൻ ശ്രമിച്ചു. "ലില്ലിക്ക് മമ്മിയെ കൂടെ നിർത്തുന്നത് ഇഷ്ടമല്ല. എനിക്കിപ്പോ അവളുടെ ഇഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാൻ മാത്രമേ കഴിയൂ." ആൽഫിയുടെ സ്വരം കടുത്തിരുന്നു. "ലില്ലി മോളെ... നീ... നീ അങ്ങനെ പറഞ്ഞോ? ഞാൻ നിങ്ങളുടെ കൂടെ വന്ന് നിൽക്കുന്നതിൽ നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ? അതോ ആൽഫി എന്നോടുള്ള ദേഷ്യം കൊണ്ട് പറയുന്നതാണോ?" സൂസന്റെ മിഴികൾ നിറഞ്ഞു. "മമ്മി ഞങ്ങളുടെ കൂടെ നിൽക്കുന്നത് എനിക്കിഷ്ടമല്ല. ഇപ്പഴും നിങ്ങളുടെ അസുഖം പൂർണമായി ഭേദമായിട്ടുണ്ടോ? ഇല്ലല്ലോ. മരുന്നുകൾ കൃത്യമായി സമയത്ത് കഴിച്ചില്ലെങ്കിൽ സമനില തെറ്റാൻ സാധ്യത കൂടുതലാണെന്നല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ കൂടെ വന്ന് നിന്നാൽ മമ്മിക്ക് സമയാസമയം ഭക്ഷണവും മരുന്നും നൽകി പരിചരിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഇച്ചായന്റെ പപ്പേടെ ബിസിനസ്‌ എന്റെ പപ്പയല്ലേ ഇത്രേം നാൾ നോക്കി നടത്തിയിരുന്നത്. ഇനി അത് പറ്റില്ലല്ലോ,

ഇച്ചായൻ വേണ്ടേ ഇനി അതൊക്കെ ശ്രദ്ധിക്കാൻ. അതുകൊണ്ട് മമ്മി ഞങ്ങളുടെ കൂടെ നിന്ന് അസുഖം കൂട്ടുന്നതിനേക്കാൾ നല്ലത് സ്വന്തം മോളുടെ കൂടെ പോകുന്നതാണ്." ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ലില്ലി കാര്യം പറഞ്ഞു. "ഇച്ചായാ... ഒത്തിരി നാളൊന്നും മമ്മിയെ അവിടെ നിർത്താൻ പറ്റില്ല. എനിക്കും ഒരു മോളുള്ളതാണ്. അവളുടെ കാര്യങ്ങൾ കൂടെ എനിക്ക് ശ്രദ്ധിക്കണ്ടേ." സെറീന തന്റെ ഭർത്താവിനെയൊന്ന് നോക്കിയിട്ട് ആൽഫിയോട് പറഞ്ഞു. "കുറച്ച് നാൾ നിന്റെ കൂടെ കുറച്ച് നാൾ ഡെയ്‌സിയുടെ കൂടെ അങ്ങനെ നിർത്തിക്കോ. അവൾക്ക് സമ്മതമാണെങ്കിൽ സ്ഥിരമായി തന്നെ അവിടെ നിർത്തിക്കോ. എന്റെ കൂടെ കൊണ്ട് നിർത്താൻ ഞാൻ മാത്രം തീരുമാനിച്ചിട്ട് കാര്യമില്ലല്ലോ." ആൽഫി പറഞ്ഞത് കേട്ട് സെറീന അവനെ വിഷമത്തോടെ നോക്കി. "ഇച്ചായാ... നമുക്ക് പോവാം. അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ച് നിന്നിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ." പറഞ്ഞതും ആൽഫിയുടെ കൈ പിടിച്ച് ലില്ലി മുന്നോട്ട് നടന്നിരുന്നു. "ആൽഫീ... എന്നെ കൂടി കൊണ്ട് പോടാ മോനെ. എനിക്കിവിടുന്ന് എങ്ങോട്ടും പോണോന്നില്ല." സൂസൻ ആൽഫിയുടെ നെഞ്ചിലേക്ക് വീണ് കരഞ്ഞു

. "സോറി മമ്മി... മമ്മിയുടെ പെണ്മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ എന്റെ ജീവിതം വച്ചാണ് മമ്മി കളിച്ചത്. അതുകൊണ്ട് മമ്മിയെ പഴയ പോലെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല. ലില്ലിക്കും മമ്മിയെ ഒപ്പം നിർത്തുന്നത് ഇഷ്ടമല്ല. ഇതിന്റെ പേരിൽ അവളോട് വഴക്കിടാനും എനിക്ക് പറ്റില്ല. നിങ്ങളൊക്കെ ചേർന്ന് തന്നെയല്ലേ ഞങ്ങളുടെ കല്യാണം നടത്തി വച്ചത്." സൂസന്റെ പിടി വിടുവിച്ച് ലില്ലിക്കൊപ്പം ആൽഫി കാറിൽ കയറി പോകുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കാനേ സൂസന് കഴിഞ്ഞുള്ളൂ. "മമ്മീ... വന്ന് വണ്ടിയിൽ കയറാൻ നോക്ക്." സെറീന ദേഷ്യത്തോടെ കാറിൽ കയറി ഡോർ വലിച്ചടച്ചു. മറ്റ് നിവൃത്തിയില്ലാത്തത് കൊണ്ട് സൂസന് അവൾക്കൊപ്പം പോകേണ്ടി വന്നു. വിശ്രമം കൊള്ളേണ്ട വാർദ്ധക്യ കാലത്ത് സ്വന്തം മകൾക്കൊപ്പം കഷ്ടപ്പാട് നിറഞ്ഞൊരു ജീവിതമായിരുന്നു പിന്നീടവർക്ക് നേരിടേണ്ടി വന്നത്. മൂത്ത മകൻ സൂസനെ കയ്യൊഴിഞ്ഞതോട് കൂടി ആറ് മാസം സെറീനയ്ക്കൊപ്പവും ആറ് മാസം ഡെയ്‌സിക്കൊപ്പവും അവരെ താമസിപ്പിക്കാൻ രണ്ട് പെണ്മക്കളും തീരുമാനിച്ചു. ആതിരയുടെയും തുമ്പിമോളുടെയും ഓർമ്മകളിൽ മനസ്സ് നീറി ഉള്ളിലെ വേദന പുറത്ത് കാട്ടാനും കഴിയാനാവാതെ ആൽഫി ലില്ലിക്കും നാൻസി മോൾക്കുമൊപ്പം ജീവിതം തള്ളി നീക്കാൻ ശ്രമിച്ചു.

തന്റെ ജീവിതം ഇത്രമേൽ വേദനാജനകമാകാൻ കാരണക്കാരായ മമ്മിയെയും പെങ്ങന്മാരെയും ആൽഫി അവനിൽ നിന്നകറ്റി തന്നെ നിർത്തി. പഴയതൊന്നും മറക്കാനാകില്ലെങ്കിലും സ്വന്തം വേദനകളെ മനസ്സിലടക്കി നാൻസിമോളെ സ്വന്തം കുഞ്ഞായി കണ്ട് ആൽഫി തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ തരുന്ന വേദനകളിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നെങ്കിലും എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയിൽ ആൽഫിയുടെ സ്നേഹവും സാമീപ്യവും ആഗ്രഹിച്ച് ലില്ലിയും അവനൊപ്പം നാളുകളെണ്ണി കഴിഞ്ഞുകൂടി. 🍁🍁🍁🍁🍁🍁🍁 വീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ ആതിര അതീവ സന്തുഷ്ടയായിരുന്നു. വിൻഡോയിലൂടെ പുറത്തേക്ക് നോട്ടമെറിഞ്ഞ് ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു ആതിര. സമയം രാത്രിയേറെ വൈകിയിരുന്നു. തുമ്പിമോളും അമ്മാമ്മയും നല്ല ഉറക്കത്തിലാണ്. "എന്താടോ ഇത്ര വലിയ ആലോചന?" പ്രേമപൂർവ്വമുള്ള കാർത്തിക്കിന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി പിന്തിരിഞ്ഞു. "കാർത്തിയേട്ടൻ എന്തെങ്കിലും പറഞ്ഞോ?" മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ അവൾ കൈകൊണ്ട് ഒതുക്കി. "എന്താണിത്ര ആലോചന... താനീ ലോകത്തൊന്നുമല്ലല്ലോ."

"ഞാനിങ്ങനെ പഴയ കാര്യങ്ങളോരോന്നും ഓർത്തിരിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ എന്റെ ജീവിതം തന്നെ മാറി മറഞ്ഞത്." കണ്ണുകളിലൂറിയ നനവ് അവൾ മെല്ലെ തുടച്ചു. "നമ്മൾ പ്രതീക്ഷിക്കുന്ന പോലെയൊരിക്കലും ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ ആതി. പിന്നെ തനിക്ക് സങ്കടങ്ങൾ മാത്രം തന്നിരുന്ന ആ കാലത്തെ കുറിച്ച് വെറുതെ ഓർത്ത് സങ്കടപ്പെടാൻ നിക്കണ്ട." കാർത്തിക്കിന്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു. "എത്രയൊക്കെ മറവിയിലേക്ക് തള്ളിവിട്ടാലും ചില സമയം അതൊക്കെ ഉള്ളിലൊരു നടുക്കമുണർത്തി ഓർമ്മയിലേക്ക് വന്ന് പോകും കാർത്തിയേട്ടാ. ഒരുകണക്കിന് അന്ന് അങ്ങനെയെല്ലാം സംഭവിച്ചത് നന്നായെന്ന് തോന്നുന്നു. അതുകൊണ്ടല്ലേ ഞാൻ ജീവിക്കാൻ പഠിച്ചത്." "എന്റെ കൂടെ താൻ ഹാപ്പിയാണോ ആതി?" "തീർച്ചയായും..." ആ ചോദ്യത്തിന് മറുപടി പറയാൻ അവൾക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല. "ആൽഫിയുടെ കാര്യമോർത്ത് സങ്കടമുണ്ടോ തനിക്ക്?"

"ഒരിക്കലുമില്ല... ആൽഫിയുടെ കാര്യത്തിൽ പണ്ടേ ഇത് തന്നെയായിരുന്നു എന്റെ തീരുമാനം. പിന്നെ തുമ്പിമോളെ അവനൊരിക്കലും തിരിച്ചറിയരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അമ്മാമ്മ അത് കുളമാക്കി." നിരാശയോടെ അവൾ പറഞ്ഞു. "അതൊന്നും സാരമില്ല... മോളുടെ പേരിൽ അവകാശം പറഞ്ഞ് വരരുതെന്ന് താനവനോട് പറഞ്ഞിട്ടില്ലേ. അതുകൊണ്ട് ആൽഫിയിൽ നിന്നൊരു ശല്യം ഭാവിയിൽ ഉണ്ടാവുമെന്ന് കരുതണ്ട." "അതുണ്ടാവില്ല എന്നറിയാം... എങ്കിലും കൺവെട്ടത്ത് വരാതെ ദൂരെയെവിടെയെങ്കിലും മറഞ്ഞുനിന്നെങ്കിലും ആൽഫി മോളെ കാണാൻ ശ്രമിക്കും. അതെനിക്ക് ഉറപ്പുണ്ട്..." "അങ്ങനെ കണ്ട് പോകുന്നെങ്കിൽ പൊയ്ക്കോട്ടെ ആതി. അങ്ങനെയെങ്കിലും മോൾടെ വളർച്ച കണ്ട് ആൽഫിക്ക് സന്തോഷവും സമാധാനവും ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ." "കാർത്തിയേട്ടനെന്താ ആൽഫിയോടൊരു അനുകമ്പ?" "സത്യത്തിൽ ആദ്യമൊക്കെ ഗർഭിണിയായ തന്നെ ഉപേക്ഷിച്ചുപോയ ആൽഫിയോട് എനിക്ക് കടുത്ത ദേഷ്യമാണ് തോന്നിയത്. പിന്നീട് നടന്നതൊക്കെയറിഞ്ഞപ്പോൾ ദേഷ്യം സഹതാപമായി മാറി. ഇവിടെ സാഹചര്യം വില്ലനായി നിങ്ങളെ തമ്മിലകറ്റി...

ആ സമയം ഉറച്ചൊരു തീരുമാനമെടുക്കാൻ കഴിയാനാവാതെ ബന്ധങ്ങളുടെ കെട്ടുപാടിൽ അവനകപ്പെട്ടുപോയി. അതുകൊണ്ട് അവന് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുമുള്ളു. ഇനിയെങ്കിലും അവനും ഒന്ന് സമാധാനത്തോടെ ജീവിക്കട്ടെ എന്ന് തന്നെയാ എന്റെ ആഗ്രഹം." കാർത്തിക്കിന്റെ വാക്കുകൾ കേട്ട് ആതിര പുഞ്ചിരിയോടെ അവനെ നോക്കി. "നമ്മളെപ്പോഴാ വീട്ടിലെത്താ കാർത്തിയേട്ടാ?" വാച്ചിലേക്ക് നോക്കി അവൾ ചോദിച്ചു "ഇനിയൊരു ഒരു മണിക്കൂർ കൂടെ പോകാനുണ്ട്. അതുവരെ താനൊന്ന് മയങ്ങിക്കോ. എത്തുമ്പോ ഞാൻ വിളിക്കാം." "മ്മ്മ് ശരി..." ക്ഷീണമുള്ളത് കൊണ്ട് ആതിര സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് കിടന്നു. പുലർച്ചെ നാല് മണിയോടെയാണ് അവർ കാർത്തിക്കിന്റെ വീട്ടിലെത്തിച്ചേർന്നത്. ഷൈനിയുടെ ബ്രദറിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ലീവ് തീർന്നതിനാൽ അവരെല്ലാവരും മടക്കയാത്രയ്ക്കായി തയ്യാറായി.

രണ്ട് മാസത്തെ വെക്കേഷൻ കഴിഞ്ഞുപോയത് അവർ അറിഞ്ഞതേയില്ല. ഇത്തവണ തിരികെ പോകുമ്പോൾ ഹേമലതയും കാർത്തിക്കും അവർക്കൊപ്പമുണ്ട്. ഫ്‌ളൈറ്റിൽ കാർത്തിക്കിന്റെ നെഞ്ചിൽ മുഖം ചേർത്ത് ആതിര കിടന്നു. ഇടത് കൈ കൊണ്ട് അവളെ നെഞ്ചോരം ചേർക്കുമ്പോൾ അവന്റെ വലംനെഞ്ചിന്റെ ചൂടിൽ പറ്റിച്ചേർന്ന് ശാന്തമായുറങ്ങുന്ന തുമ്പിമോളെയും ഒരിക്കലും ആർക്കും വിട്ടകൊടുക്കില്ല എന്ന വാക്ക് പോലെ ചേർത്തണച്ചു. തന്റെ ജീവിതത്തിലെ കഷ്ടതകളും ദുരിതങ്ങളും നീക്കി സൗഭാഗ്യവും കൊണ്ട് വന്ന മറുതീരത്തേക്കവൾ കാർത്തിക്കിനൊപ്പം സമാധാനവും സന്തോഷവും നിറഞ്ഞ പുതിയൊരു ജീവിതത്തിലേക്ക് പറന്നുയർന്നു. അവസാനിച്ചു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story