മറുതീരം തേടി: ഭാഗം 9

marutheeram thedi shiva

രചന: ശിവ എസ് നായർ

സ്നേഹിക്കപ്പെടേണ്ടവർ തീർത്ത ചക്രവ്യൂഹത്തിനുള്ളിലാണ് താനകപ്പെട്ടിരിക്കുതെന്നറിയാതെ അവൾ, വീട്ടിലുള്ളപ്പോൾ ചെയ്തിരുന്നത് പോലെ തന്റെ പതിവ് പണികളിലേർപ്പെട്ടു. ഭാരതി എഴുന്നേറ്റ് അടുക്കളയിലേക്ക് വരുമ്പോൾ നന്നേ താമസിച്ചു. സമയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. വീട്ടിൽ ആരും ഇതുവരെ ഉറക്കമുണർന്നിട്ടില്ല. അന്ന് ഒന്നാം ഓണമാണ്. പലചരക്ക് കടയിൽ തിരക്ക് കൂടുന്ന ദിവസം. പൂമഠത്തെ വേലായുധന്റെ കൈയ്യിൽ നിന്ന് കൈനിറയെ കാശ് കിട്ടിയത് കൊണ്ട് മുരളി ഇനി ആതിരയുടെയും ശിവന്റെയും രജിസ്റ്റർ മാര്യേജ് കഴിയുന്നത് വരെ കട തുറക്കണ്ടെന്നുള്ള തീരുമാനത്തിലാണ്. നാലാം ഓണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെയാണ് രജിസ്റ്റർ മാര്യേജ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ ആതിരയെകൊണ്ട് അടുക്കള പണികൾ ചെയ്പ്പിച്ചിരുന്നതിനാൽ വളരെ വേഗത്തിൽ തന്നെ അവൾ ജോലികളെല്ലാം ചെയ്യാൻ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭാരതി വന്ന് നോക്കുമ്പോൾ രാവിലത്തെ പ്രാതലും ഉച്ചക്കത്തെ ചോറും കൂട്ടനുമൊക്കെ നേരത്തെ തയ്യാറായി കഴിഞ്ഞിരുന്നു.

മകളെ തിരഞ്ഞു അവരുടെ കണ്ണുകൾ ചുറ്റിനും പരതുമ്പോൾ കാണുന്നത് വീട്ടിലെ പണികളെല്ലാം ഒതുക്കിയ ശേഷം അടുക്കള പടിയിലിരുന്ന് മനോരമ ആഴ്ച പതിപ്പ് മറിച്ചുനോക്കുന്ന ആതിരയെയാണ്. അവളെ നോക്കി നിൽക്കെ കുറ്റബോധത്താൽ അവരുടെ മിഴികൾ ഈറനായി. "മോളേ... നീ വല്ലോം കഴിച്ചോടി." ഭാരതിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. അവരെ കണ്ടതും ആതിര ചാടിപിടഞ്ഞു എണീറ്റു. "അമ്മ ഇരിക്ക്... ഞാൻ ചായ എടുത്തു തരാം." അടുക്കളയിൽ ഇട്ടിരുന്ന സ്റ്റൂളിലേക്ക് ഭാരതിയെ പിടിച്ചിരുത്തിയ ശേഷം അവൾ ചായ എടുക്കാനായി തിരിഞ്ഞു. ഫ്ലാസ്ക്കിൽ ഒഴിച്ച് അടച്ചുവച്ചിരുന്ന ചായ, അവൾ ഗ്ലാസിലേക്ക് പകർന്നു. "നീ എന്തെങ്കിലും കഴിച്ചോ?" ഭാരതി വീണ്ടും ചോദിച്ചു. "ഇല്ലമ്മേ... ഞാനൊന്നും കഴിച്ചില്ല. ഞാനാ വാരികയിലെ നോവൽ വായിച്ചിരിക്കുകയായിരുന്നു. കുറേ നാളായില്ലേ എല്ലാം വായിച്ചിട്ട്."

ആതിരയുടെ സ്വരത്തിലെ ഇടർച്ച അവർ ശ്രദ്ധിച്ചു. ചായ നിറച്ച ഗ്ലാസ്‌ അമ്മയ്ക്ക് നേരെ നീട്ടുമ്പോൾ നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ അവൾ വൃഥാ ശ്രമിച്ചു. "നിന്റെ കണ്ണെന്താ മോളെ നിറഞ്ഞിരിക്കുന്നത്." ആശങ്കയോടെ ഭാരതി അവൾക്കടുത്തേക്ക് വന്നു. "ഒന്നൂല്ല അമ്മേ... കണ്ണിലെന്തോ കരട് പോയതാ." വിക്കി വിക്കി അവൾ പറഞ്ഞു. "ഇങ്ങോട്ട് കാണിക്ക്... ഞാൻ നോക്കട്ടെ." "ഇത് കുഴപ്പമില്ല... ഞാൻ മുഖം കഴുകിക്കോളാം." അമ്മയിൽ നിന്ന് മുഖം വീട്ടിച്ചുകൊണ്ട് ആതിര പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഭാരതി അവളുടെ കൈക്ക് പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി. "നീ... നീ കരയുവാണോ കൊച്ചേ?" ആന്തലോടെ ഭാരതി അവളെ നോക്കി. ഒന്നുമില്ലെന്ന് ചുമലനക്കി മുഖം താഴ്ത്തി നിൽക്കുന്ന മകളെ കാണവേ ആ അമ്മ ഹൃദയം ഒന്ന് പിടഞ്ഞു. "എന്താ നിനക്ക് പറ്റിയെ? പെട്ടെന്തെന്താ ഇങ്ങനെ കരയണേ?" ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ." തുടരെ തുടരേയുള്ള ഭാരതിയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ആതിര വിങ്ങിപ്പൊട്ടിപ്പോയി..

"ആദ്യമായിട്ടാ അമ്മയെന്നോട് 'നീ കഴിച്ചോ' എന്ന് ചോദിക്കുന്നത്. ഇത്രയും വർഷം ഞാനീ വീട്ടിൽ ഉണ്ടായിരുന്നു. ഒരിക്കൽ പോലും നീ കഴിച്ചോ, നീ കുളിച്ചോ, നിനക്ക് വയ്യേ എന്നൊന്നും അമ്മ ചോദിച്ചു കേട്ടിട്ടില്ല. അങ്ങനെ കേട്ട ഓർമ്മയുമില്ല. പെട്ടന്ന് അമ്മയെന്നോട് അങ്ങനെ ചോദിച്ചപ്പോൾ സന്തോഷം കൊണ്ടാ കണ്ണുകൾ നിറഞ്ഞത്. ഇന്നലെ ട്രെയിനിൽ വച്ചാണ് ആദ്യമായിട്ട് ഞാൻ അമ്മയുടെ മടിയിൽ കിടക്കുന്നത്. പതിനെട്ടു വർഷമായി എനിക്കിതൊക്കെ നിഷിദ്ധമാണല്ലോ." കരച്ചിൽ ചീളുകൾ അവളുടെ കണ്ഠത്തിൽ കുരുങ്ങി നിന്നു. "നിന്റെ ഉള്ളിൽ ഇത്രയും സങ്കടം ഉണ്ടായിരുന്നോ മോളെ?" വല്ലായ്മയോടെ ഭാരതി മകളെ നോക്കി. "അച്ഛനും അനിയത്തിമാരും എന്നെ വെറുക്കുമ്പോഴും അമ്മയിൽ നിന്നെങ്കിലും ഒരു ചേർത്ത് പിടിക്കൽ ഞാൻ ആഗ്രഹിച്ചിരുന്നമ്മേ. പെറ്റ വയറിനു സ്വന്തം പിള്ളയെ തള്ളികളയാനാവില്ലെന്ന് എല്ലാരും പറയുന്ന കേട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ മാത്രമെന്താ അങ്ങനെയൊന്നും സംഭവിക്കാതെന്ന് ഓർത്ത് എത്ര രാത്രികളിൽ ഞാൻ കരഞ്ഞു തളർന്ന് ഉറങ്ങിയിട്ടുണ്ടെന്നറിയോ

അമ്മേ. ആരും സ്നേഹിച്ചെല്ലെങ്കിലും എന്റെ അമ്മയെങ്കിലും എന്നെയൊന്ന് മനസ്സിലാക്കിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. ആരതിയേം അഞ്ജുനേം കൊഞ്ചിക്കുന്നതും ലാളിക്കുന്നതും കൊതിയോടെ ദൂരെ മാറി നിന്ന് നോക്കിയിട്ടുണ്ട് ഞാൻ. അന്നൊക്കെ എത്ര മാത്രം ഞാൻ കരഞ്ഞിരുന്നുവെന്ന് എനിക്കറിയില്ല. ഇനിയെങ്കിലും ഒരിത്തിരി സ്നേഹം എനിക്കായി തന്നൂടെ അമ്മേ. അച്ഛൻ കാണാതെയെങ്കിലും അമ്മയ്ക്കെന്നെ സ്നേഹിച്ചൂടെ." ആതിരയുടെ വാക്കുകൾ ഓരോന്നും കൂരമ്പുകളായി ചെന്ന് തറച്ചത് ഭാരതിയുടെ ഹൃദയത്തിലേക്കാണ്. "എന്റെ മോളെ... ഈ അമ്മയോട് ക്ഷമിക്കടി. നിന്നെ പെറ്റു വളർത്തിയ എനിക്ക് തന്നെ നിന്റെ മനസ്സ് കാണാൻ കഴിയാതെ പോയല്ലോ. എന്റെ മോള് ഇത്രേം വിഷമം ഉള്ളിലടക്കി ജീവിക്കയാണെന്ന് അമ്മയറിഞ്ഞില്ല പൊന്നേ... നിന്നെ അറിഞ്ഞുകൊണ്ട് ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് ഞാൻ. എന്റെ പൊന്നുമോള് ഈ അമ്മയോട് ക്ഷമിക്ക്. നിന്നെ മനസിലാക്കാൻ കഴിയാത്ത ഒരു പമ്പര വിഡ്ഢിയായി പോയി ഞാൻ."

ആതിരയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഭാരതി ഉറക്കെ കരഞ്ഞുപോയി. അമ്മയ്‌ക്കൊപ്പം അവളും കരഞ്ഞു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അന്നുവരെ അവളോട് ചെയ്തിരുന്ന ഓരോ ചെറിയ തെറ്റുകളും അവരുടെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. കുറ്റബോധവും സങ്കടവുമെല്ലാം ഭാരതിയുടെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു. ആതിരയെ തനിക്കരികിലായി ചേർത്തിരുത്തിയ ശേഷം ഒരു പാത്രത്തിൽ ദോശയും അൽപ്പം ചമ്മന്തിയുമൊഴിച്ച് കുഴച്ച് അവളുടെ വായിലേക്കവർ വച്ച് കൊടുത്തു. ഇടയ്ക്കിടെ മാക്സിയുടെ തുമ്പ് കൊണ്ട് ഭാരതി കണ്ണുകൾ തുടച്ചു. "ആദ്യമായിട്ടാ അമ്മയെനിക്ക് വാരിത്തരുന്നത്." കണ്ണ് നിറച്ച് നോക്കുന്നവളുടെ നോട്ടം അവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. "നിന്റെ നല്ല മനസ്സ് കാണാൻ വൈകിപ്പോയി മോളെ. അമ്മയോട് നീ ക്ഷമിക്ക്." ഇടറിയ ശബ്ദത്തിൽ ഭാരതി അവളോട് പറഞ്ഞു. "അമ്മയോട് എനിക്കൊരു ദേഷ്യോമില്ല... ഒന്നിനും പരാതിയുമില്ല."

ആതിര അമ്മയെ നോക്കി സന്തോഷത്തോടെ ചിരിച്ചു. വയറ് നിറയുവോളം ഭാരതി അവളെ ഊട്ടി. മനസ്സും ഹൃദയവും നിറഞ്ഞ സന്തോഷത്തോടെ ആതിര അമ്മയുടെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങി. ************** തിരുവോണ ദിവസം ഉച്ചയ്ക്കത്തെ സദ്യയൊക്കെ കഴിഞ്ഞ് ഒന്ന് മയങ്ങാനായി കിടന്നതായിരുന്നു ശിവൻ. അപ്പോഴാണ് അവന്റെ കട്ടിലിനരികിലായി വേലായുധൻ വന്നിരുന്നത്. "മോനെ... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്." "എന്താ അച്ഛാ?" അവൻ കട്ടിലിലൊന്ന് നിവർന്നിരുന്നു. എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ അയാൾ ഒരു നിമിഷം നിശബ്ദനായി. "ആതിര നാട്ടിൽ വന്നിട്ടുണ്ട്. നീയുമായുള്ള വിവാഹത്തിന് അവൾക്ക് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്. ആ കൊച്ചിന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക് നമുക്കിത് അധികം വച്ചു താമസിപ്പിക്കാതെ നടത്താം." വേലായുധൻ മകനെ നോക്കി. "ആ കൊച്ച് സമ്മതിച്ചോ? അച്ഛനോട് ആര് പറഞ്ഞു അവൾ സമ്മതിച്ചെന്ന്?" വിശ്വാസം വരാതെ ശിവൻ ചോദിച്ചു.

"പിന്നെ സമ്മതിക്കാതെ. മുരളിയാ വന്ന് പറഞ്ഞത് അവൾക്ക് നീയുമായുള്ള വിവാഹത്തിന് എതിർപ്പൊന്നുമില്ലെന്ന്. അതോണ്ടല്ലേ ആതിര നാട്ടിലേക്ക് വന്നതും. നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് പെട്ടെന്ന് തന്നെ കെട്ട് നടത്താം മോനെ. ആദ്യം രജിസ്റ്റർ ഓഫീസിൽ വച്ച് ഒപ്പിട്ട ശേഷം അമ്പലത്തിൽ വച്ച് താലികെട്ടും മറ്റ് ചടങ്ങുകളുമൊക്കെ ചെയ്യാം. നിന്റെ അഭിപ്രായം കൂടി ചോദിച്ചിട്ട് വേണ്ടത് ചെയ്യാമെന്ന് കരുതി." ആശങ്കയോടെ വേലായുധൻ അവന്റെ മറുപടിക്കായി കാതോർത്തു. "ആതിര സമ്മതിച്ചെങ്കിൽ പിന്നെ എനിക്കെന്ത് എതിർപ്പ്. എനിക്കും സമ്മതമാണ്. അച്ഛൻ വേണ്ടതെന്താന്ന് വച്ചാൽ നോക്കീം കണ്ടും ചെയ്തോളു." "എങ്കിൽ പിന്നെ നാലാം ഓണം കഴിഞ്ഞിട്ട് രജിസ്റ്റർ ഓഫീസിൽ വച്ച് നിങ്ങളെ രജിസ്റ്റർ കല്യാണം നടത്താനുള്ള ഏർപ്പാട് ചെയ്യാൻ ഞാൻ പറയുന്നുണ്ട്. മുരളിയോടും വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ പറയാം." ഉത്സാഹത്തോടെ അവനരികിൽ നിന്ന് എഴുന്നേറ്റ് പോകുന്ന അച്ഛനെ ചിരിയോടെ നോക്കികൊണ്ട് ശിവൻ കിടന്നു. അവന്റെ മനസ്സിലൂടെ നാനാവിധ ചിന്തകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. **************

വൈകുന്നേരം ആതിര മുറ്റമടിച്ചു വാരുമ്പോഴാണ് ബൈക്കിൽ, ശിവൻ അവിടേക്ക് വന്നത്. വണ്ടിയുടെ ശബ്ദം കേട്ട് മുഖമുയർത്തി നോക്കിയ അവൾ അവനെക്കണ്ട് അന്തംവിട്ടു. ശിവനെന്താ പതിവില്ലാതെ ഈ വഴിക്കെന്നായിരുന്നു ആതിര ആലോചിച്ചത്. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശിവൻ ബൈക്ക് സ്റ്റാൻഡിൽ നിർത്തി ഇറങ്ങി. അവളും അവനെ നോക്കി ചിരിച്ചു. "താൻ വന്ന കാര്യം അച്ഛൻ പറഞ്ഞപ്പോഴാ അറിഞ്ഞത്." ശിവൻ അച്ഛനെന്ന് ഉദേശിച്ചത് വേലായുധനെ ഉദ്ദേശിച്ചായിരുന്നു. പക്ഷേ അവൾ കരുതി മുരളിയെ ഉദ്ദേശിച്ചതാവുമെന്ന്. മുരളി എന്തിനാ താൻ വന്ന കാര്യം ശിവനോട് പറഞ്ഞതെന്നും അവൾ ചിന്തിക്കാതിരുന്നില്ല. "ഹാ മിനിഞ്ഞാന്നാ വന്നേ, ശിവേട്ടന് സുഖല്ലേ." "ഉം.. സുഖം. പഠിത്തമൊക്കെ എങ്ങനെ പോണു." "കുഴപ്പമില്ല."

"അച്ഛനും അമ്മയും അനിയത്തിമാരൊക്കെ എവിടെ? ആരെയും പുറത്തോട്ട് കണ്ടില്ലല്ലോ?" ബൈക്ക് വന്ന് നിന്ന ഒച്ച കേട്ടിട്ടും ആരെയും പുറത്തേക്ക് കാണാത്തോണ്ട് ശിവൻ അടഞ്ഞു കിടക്കുന്ന മുൻവാതിലിലേക്ക് നോക്കി ചോദിച്ചു. "സദ്യ കഴിച്ച ക്ഷീണത്തിൽ എല്ലാവരും ഉച്ച മയക്കത്തിലാ. എഴുന്നേറ്റിട്ടില്ല ഇതുവരെ." "ഞാൻ തനിക്ക് കുറച്ചു ചുരിദാറും ഒരു സാരിയും വാങ്ങിയിട്ടുണ്ട്. തന്റെ അമ്മാമ്മയ്ക്കും ഒരു നേര്യത് മുണ്ട് വാങ്ങിയിട്ടുണ്ട്. ഒക്കെ ഇഷ്ടപ്പെട്ടോന്ന് നോക്ക്. ഇല്ലെങ്കിൽ നമുക്ക് മാറ്റിയെടുക്കാം." ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന തുണികടയുടെ കവറുകൾ അവൾക്ക് നേരെ നീട്ടി ശിവൻ പറഞ്ഞു. "ഇതൊന്നും വേണ്ടായിരുന്നു.... എന്തിനാ ഇപ്പൊ ഇതൊക്കെ വാങ്ങിയേ." വല്ലായ്മയോടെ ആതിര അവനെ നോക്കി. "മടിക്കാതെ വാങ്ങിച്ചോ. വേറെ ആരാ തനിക്ക് ഇതൊക്കെ വാങ്ങി തരാൻ." ഇങ്ങനെയൊക്കെ എന്തിനാ അയാൾ തന്നോട് പറയുന്നതെന്ന് അവൾ ആലോചിക്കാതിരുന്നില്ല. ഇനി വീട്ടിലെ തന്റെ അവസ്ഥ അറിയാവുന്നോണ്ട് ഓണം ആയിട്ട് ഓണക്കോടി വാങ്ങി വന്നതാവുമെന്ന് ആതിര വിചാരിച്ചു. ശിവന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ ആ കവറുകൾ വാങ്ങി. "തുറന്ന് നോക്ക് ഇഷ്ടപ്പെട്ടോന്ന്."

മനസ്സില്ലാ മനസ്സോടെ ആതിര കവർ തുറന്ന് ചുരിദാറും സാരിയുമൊക്കെ ഒന്നോടിച്ചു നോക്കി. "എല്ലാം നല്ലതാ, എനിക്കിഷ്ടപ്പെട്ടു." ശബ്ദം താഴ്ത്തി അവൾ പറഞ്ഞു. "പറ്റുമെങ്കിൽ കല്യാണത്തിന് ഇവിടുന്ന് ഇറങ്ങുമ്പോൾ താൻ ആ സാരി ഉടുത്തു വരണം. അച്ഛനോടും അമ്മയോടും അന്വേഷണം പറഞ്ഞേക്ക്. കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ ചെയ്യാനുണ്ട്. നിൽക്കാൻ നേരമില്ല." ബൈക്കിലേക്ക് ഇരുന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ശിവൻ പറഞ്ഞു. അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാനാവാതെ നിൽക്കുന്ന ആതിരയെ നോക്കി കൈ കാണിച്ചുകൊണ്ട് ശിവൻ ബൈക്ക് വളച്ചു. "ആരുടെ കല്യാണത്തെ കുറിച്ചാണ് ശിവേട്ടൻ പറഞ്ഞത്. ഇനി ശിവേട്ടന്റെ കല്യാണമുറപ്പിച്ചോ? അതിന് ഞാനെന്തിനാ സാരി ഉടുത്ത് ചെല്ലുന്നേ." സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവൾ തന്റെ കയ്യിലിരിക്കുന്ന കവറിനുള്ളിലേക്ക് ഒന്ന് നോക്കി.

ഒരുനിമിഷം അവളൊന്ന് പകച്ചു. "എനിക്കെന്തിനാ ശിവേട്ടൻ പട്ടുസാരിയും വാങ്ങി വന്നത്.?" മനസ്സിലേക്ക് തികട്ടി വന്ന ചോദ്യങ്ങൾ അവളെ വീർപ്പുമുട്ടിച്ചു. മുറ്റത്ത്‌ നിന്നും ഇടവഴിയിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു ശിവൻ. തനിക്ക് തോന്നിയ സംശയങ്ങൾ അവനോടുതന്നെ ചോദിക്കണമെന്നുറച്ചു ആതിര മുന്നോട്ടാഞ്ഞതും ആരോ അവളുടെ കൈയ്യിൽ കടന്നുപിടിച്ചു. ആതിര ഞെട്ടി പിന്തിരിഞ്ഞു നോക്കിയതും അവളെ വല്ലാത്ത ഭാവത്തിൽ നോക്കി നിൽക്കുന്ന മുരളിയെ കണ്ടു. "അകത്ത് കേറി പോടീ." അയാളുടെ അലർച്ചയിൽ നടുങ്ങി വിറച്ചുകൊണ്ട് അവൾ വീടിനുള്ളിലേക്ക് ഓടി കയറി. വാതിൽ വലിച്ചടച്ച ശേഷം മുരളി പിന്തിരിഞ്ഞു. "ഇനി ഞാൻ പറയാതെ ഈ വീട് വിട്ട് പുറത്തേക്കിറങ്ങി പോവരുത്." ആതിരയെ കടുപ്പിച്ചൊന്നു നോക്കിയ ശേഷം മുരളി തന്റെ മുറിയിലേക്ക് പോയി.... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story