♥️ മയിൽ‌പീലി ♥️ ഭാഗം 11

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എന്താടോ സ്വപ്നം കണ്ട് ഇങ്ങനെ പുറത്ത് നിൽക്കാനാണോ ഭാവം... താനിറങ്ങി ആ ഗേറ്റ് തുറക്ക്... ഞാൻ ബൈക്ക് അകത്തു കയറ്റട്ടെ... ഭവിയുടെ ശബ്ദമാണ് ചിന്തയിൽനിന്നെന്നെ ഉണർത്തിയത്. ഞാൻ ചിരിച്ചുകൊണ്ട് പോയി ഗേറ്റ് തുറന്നു. അകത്തേയ്ക്കു കയറി. ചുറ്റുമൊന്ന് നോക്കി കൊള്ളാം... ഗേറ്റ് മുതൽ വീടിന്റെ മുൻവാതിൽവരെ ഇരുവശത്തും കുറ്റിമുല്ല നട്ടുപിടിപ്പിച്ചിട്ടുണ്ട് മുല്ലയുടെ സീസൺ ആയോണ്ട് നിറയെ പൂവുണ്ട്. അതിന്റെ സുഗന്ധം കാറ്റിനൊപ്പം മൂക്കിലേയ്ക് ഒഴുകിയെത്തി . ദീർഘമായി ഒന്നു ശ്വസിച്ചു ആ സുഗന്ധം ഉള്ളിലേയ്ക് ആവാഹിച്ചു. വീടിനുചുറ്റും ഒത്തിരി ചെടികളും മരങ്ങളും ഉണ്ട്. വലതുവശത്തായി ഒരു വാകമരവും അതിന്റെ ചുവട്ടിലായി ഒരു സിമെന്റ് ബെഞ്ച് ഉണ്ട്. വാകപ്പൂക്കൾ ബെഞ്ചിലും തറയിലുമായി വീണു കിടക്കുന്നു. അതിനു നേരെ ഒരു മുറിയുണ്ട്.. അതിന്റെ വാതിൽ തുറക്കുന്നത് ഈ വാകമരത്തിനടുത്തേയ്ക്കാണ്. നേരെ ചെല്ലുന്നതു മെയിൻ ഹാളിന്റെ ഡോറിനടുത്താണ്. അതിന്റെ ഇരുവശവുമായി പുറത്തേയ്ക്കും വാതിലുള്ള മുറികൾ. സത്യത്തിൽ ഇതുപോലെ ഒരു വീട് ചിത്രത്തിലല്ലാതെ ഞാൻ കണ്ടിട്ടില്ല... അടുത്തുനിന്ന മുല്ലയിൽനിന്നും ഒരു പൂവ് ഇറുത്തെടുത്തു മണത്തുനോക്കി.

എന്റെ പീലു വന്നകാലിൽത്തന്നെ നിൽക്കാതെ അകത്തേയ്ക്കു കയറാം. വാ.... ഭവി വിളിച്ചിട്ട് പാന്റിന്റെ പോക്കറ്റിൽനിന്ന് കീ എടുത്ത് ഡോർ തുറന്നു.. അമ്മ ഇവിടെയില്ലേ ഭവി... ഡോർ തുറക്കുന്നത് കണ്ട് പീലി ചോദിച്ചു. അമ്മ അകത്തുണ്ട് താൻ വാ.... അകത്തേയ്ക്കു കയറി ജനാല തുറക്കുന്നതിനിടയിൽ അവൻ പറഞ്ഞു. ഒന്നും മനസ്സിലാകാതെ സംശയിച്ചുനിൽക്കുന്ന എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചിട്ടു ഭവി അകത്തേയ്ക്കു നോക്കി വിളിച്ചു.. സുചിക്കുട്ടി.... ഇങ്ങോട്ട് വന്നേ.. ഇതാരാ വന്നേക്കുന്നതെന്നു നോക്കിയേ? ആകാംക്ഷയോടെ അകത്തെ വാതിൽക്കലേയ്ക് നോക്കിനില്കുമ്പോൾ മനസിൽ ഭവിയുടെ സൂചിക്കുട്ടിയുടെ രൂപം ഞാൻ മികവോടെ കെട്ടിപ്പടുക്കുകയായിരുന്നു.. വാതിൽക്കൽ ആദ്യം ശ്രദ്ധിച്ചത് ഉരുണ്ടുവരുന്ന രണ്ടുവീലുകളാണ്. മുകളിലേയ്ക്കു നോക്കുംതോറും മനസിൽ രൂപപ്പെടുത്തിയ ചിത്രത്തിന് കൂടുതൽ തിളക്കമേറുന്നതായി തോന്നി. ഐശ്വര്യമുള്ള ഒരു അമ്മക്കിളി. നെറ്റിയിൽ ചന്ദനം തൊട്ടിട്ടുണ്ട്. മുടി കുളിർപ്പിന്നൽ കെട്ടിയിരിക്കുന്നു. ഒരു മുണ്ടും നേര്യതുമാണ് വേഷം. പക്ഷേ വീൽചെയറിൽ ഇരിക്കുന്ന അവരെക്കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു സങ്കടം വന്നു നിറഞ്ഞു. ആഹ് !

സുചിക്കുട്ടി ഇതാണ് പീലി... എന്റെ മുഖത്തെ പതർച്ച കൊണ്ടാകണം അവൻ തന്നെ പരിചയപ്പെടുത്തി... മോളെന്താ അവിടെത്തന്നെ നിന്നുകളഞ്ഞേ ഇങ്ങു അടുത്തു വാ.... അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈകാട്ടി അടുത്തേയ്ക്കു വിളിച്ചു. അടുത്തേയ്ക്കു ചെന്നപ്പോഴേ എന്റെ കൈയിൽ പിടിച്ചു അടുത്തുള്ള സോഫയിൽ ഇരുത്തി. രണ്ടാളും ഇവിടെ വിശേഷം പറഞ്ഞിരിക്ക്.. ഞാൻ പോയി പാലും പത്രവും പുറത്തുന്നു എടുത്തിട്ട് വരാം. ഭവി പുറത്തേയ്ക്കു പോയി. ഞാൻ സുചിയമ്മയെ നോക്കിക്കാണുകയായിരുന്നു. ഭവിയുടെ അമ്മയെക്കുറിച്ചു ഇതുവരെ അവനൊന്നും പറഞ്ഞിട്ടില്ല. എന്നാലും ഈ അവസ്ഥ ആയിരിക്കുമെന്ന് കരുതിയില്ല. എങ്ങനെ ഇതിനെക്കുറിച്ചു അവരോടു ചോദിക്കുമെന്ന് ആലോചിച്ചു. നിങ്ങൾ അമ്പലത്തിൽ പോയല്ലേ? അമ്മ ചോദിച്ചു. പോയമ്മേ.. ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. ശ്രീ എന്നും പറയും മോളെപ്പറ്റി.. ഓഫീസിൽ നിന്നുവന്നാല് ആദ്യം വിശേഷങ്ങളുടെ കെട്ടഴിക്കും. അതില് കൂടുതലും മോളെക്കുറിച്ചായിരിക്കും. ഞാനും സച്ചുവേട്ടനും അവനെ ശ്രീ എന്നാ വിളിക്കണേ... അവന്റെ അച്ഛനെ.. ഞാൻ കണ്ണുമിഴിച്ചിരിക്കുന്ന കണ്ടപ്പോൾ അമ്മ പറഞ്ഞു.

അപ്പോഴേയ്ക്കും ഭവി പത്രവും പാലുമായി വന്നു. ഒപ്പം പുറത്തുനിന്നു എടുക്കാൻ മറന്ന കവറുകളും കൊണ്ടുവന്നു. ഞാൻ അതിൽ നിന്നും ഞാൻ മേടിച്ച സാരി എടുത്ത് അമ്മയുടെ കൈയിൽ കൊടുത്തു. ഹാപ്പി ബർത്ഡേ അമ്മാ.... സാരി കൈയിൽവാങ്ങി എന്നെ ചേർത്തുപിടിച്ചു നെറുകയിൽ മുത്തി. ഒപ്പം അവരുടെ കണ്ണുകൾ കൂടി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അയ്യോ അമ്മ എന്തിനാ കരായണേ.? കണ്ണുതുടച്ചെ. ഞാൻ മെല്ലെ കണ്ണുതുടച്ചുകൊടുത്തു. ഒന്നുമില്ല മോളെ സന്തോഷം കൊണ്ടാ.. കുറേ നാളായി എന്റെ ശ്രീയല്ലാതെ ആരേലുമൊക്കെ ഇങ്ങനെ വന്നിട്ടും ഗിഫ്റ്റൊക്കെ തന്നിട്ടും അപ്പോൾ അറിയാണ്ട് കണ്ണുനിറഞ്ഞതാ.. സന്തോഷംകൊണ്ട്.. അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി പറഞ്ഞു. ഭാവിയുടെയും സ്ഥിതി മറിച്ചല്ലായിരുന്നു. എങ്കിലും പെട്ടെന്ന് സീൻ നേരെയാക്കാനായി അവൻ പറഞ്ഞു. കൊള്ളാം ഇവിടെ സെന്റിയടിച്ചു നിൽക്കാണോ? എനിക്കാണേല് വിശന്നിട്ടുവയ്യ.. വന്നേ ഞാൻ പെട്ടെന്ന് ദോശ ശരിയാക്കി ചായ കൂട്ടാം. ഭവി പറഞ്ഞു.

ടാ നീയാദ്യം കുഞ്ഞിന് റൂം കാണിച്ചുകൊടുക്കു അത് ഈ ബാഗൊക്കെ കൊണ്ടുവച്ചു ഡ്രസ്സ്‌ മാറട്ടെ.. അമ്മ പറഞ്ഞു. അകത്തോട്ടു ആദ്യം കയറുന്നത് ഒരു നടുത്തളത്തിലോട്ടാണ്. അതിനുചുറ്റും വരാന്തയുണ്ട്. മധ്യത്തായി ഒരു കുഞ്ഞു ആമ്പൽക്കുളവും. ഇരു സൈഡിലായി രണ്ടു മുറികൾ. അതുകഴിഞ്ഞു അടുക്കള. അപ്പുറത്തായി ഒരു മുറികൂടിയുണ്ട്. എല്ലാം ഈ ഒരു നടുത്തളത്തിനു ചുറ്റുമാണ്. എല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. ഭവി എനിക്ക് ഹാളിൽ നിന്നും കയറുമ്പോൾ ഇരുവശവുമുള്ള മുറികളിലൊന്ന് തുറന്നുതന്നു. ഞാൻ അവനോടൊപ്പം അകത്തേയ്ക്കു കയറി.. അടുക്കും ചിട്ടയുമുള്ള ഒരു ഇടത്തരം മുറി. ജനാലയോടുചേർന്നു ഒരു മേശയും കസേരയും. അതിനടുത്തായി കട്ടിൽ. കട്ടിലിനുനേരെ പുറത്തെ ഗാർഡനിലേക്കുള്ള വാതിൽ കാർട്ടനിട്ടു മറച്ചിരിക്കുന്നു. കർട്ടൻ മാറ്റിക്കൊണ്ട് ഭവി വാതിൽ തുറന്നു. ഇത്‌ എന്റെ മുറിയാണ് കേട്ടോ? നീ ഇത്‌ യൂസ് ചെയ്തോ.. ഞാൻ അമ്മയുടെ മുറിയിൽ കിടന്നോളാം.. കിഴക്കേയറ്റത്തെമുറിയിൽ ഞാൻ ഒരു ലൈബ്രറി സെറ്റ് ചെയ്തു. അവൻ ഇതൊക്കെ പറയുമ്പോഴെല്ലാം ഞാൻ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. ഓഫീസിൽ കാണുന്ന സ്മാർട്ട്‌ ആയ കുസൃതിക്കണ്ണുകളുള്ള ഭവിയെ മാത്രം കണ്ട് പരിചയിച്ച എനിക്ക് ഈ ഭവി തികച്ചും പുതിയ അറിവായിരുന്നു. ഭവി.. നീയെന്താ അമ്മയുടെ കാര്യം എന്നോട് പറയാതിരുന്നത്? മേശയിൽ ഇരുന്ന ബുക്കുകളിൽ വിരലൊടിച്ചുനിൽക്കുന്ന അവനെ നോക്കി ഞാൻ ചോദിച്ചു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story