♥️ മയിൽ‌പീലി ♥️ ഭാഗം 12

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഭവി.. നീയെന്താ അമ്മയുടെ കാര്യം എന്നോട് പറയാതിരുന്നത്? മേശയിൽ ഇരുന്ന ബുക്കുകളിൽ വിരലൊടിച്ചുനിൽക്കുന്ന അവനെ നോക്കി ഞാൻ ചോദിച്ചു..... അതിനു നമ്മളിതുവരെ വീട്ടിലെ വിശേഷങ്ങളൊന്നും സംസാരിച്ചിട്ടില്ലല്ലോ? അവൻ ചെറുചിരിയോടെ ചോദിച്ചു.. മ്മ്... ശരിയാണ്.. നമ്മളിതുവരെ അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല.. ഇടയ്ക്കൊക്കെ ഭവി അവന്റെ സൂചിക്കുട്ടിയോടു ഫോണിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്... ഞാൻ ഓർത്തു. ടോ ഞാൻ വെറുതേ പറഞ്ഞതാ.. ഇനി അതുമോർത്തു നിൽക്കണ്ട.. ഭവി പറഞ്ഞു. അപ്പോഴേയ്ക്കും ഭവി ഗാർഡനിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു. ഞാനും അവിടേയ്ക്കു ചെന്നു. സിമന്റ് ബെഞ്ചിൽ വീണുകിടന്നിരുന്ന ഒരു ചെമ്പകപ്പൂവെടുത്തു മണത്ത ശേഷം എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി ഒന്നു വാസനിച്ചു.. നല്ല മണം....

എന്നെനോക്കി ഒന്നു പുഞ്ചിരിച്ചിട്ടു അവൻ പറഞ്ഞുതുടങ്ങി.. അമ്മയുടെയും അച്ഛയുടെയും പ്രണയവിവാഹമായിരുന്നു. അച്ഛയുടെ ജൂനിയർ ആയിരുന്നു അമ്മ ഡിഗ്രിയ്ക്ക്.. നല്ല അസ്സലൊരു നമ്പൂതിരി പെൺകുട്ടി... ജാതിയും സമ്പത്തുമെല്ലാം അവരുടെ ബന്ധത്തിന് വിലങ്ങുതടിയായി.. കൂടാതെ അച്ഛയ്ക്ക് പറയത്തക്ക ബന്ധുക്കളുമില്ലായിരുന്നു.. ചെറുപ്പത്തിലേ അച്ഛനുപേക്ഷിച്ചു. ഡിഗ്രി ചെയ്യുന്ന ടൈമിൽ അമ്മയും മരിച്ചു. പാർട്ട്‌ ടൈം ജോലി ചെയ്തു പഠിച്ചു. ഡിഗ്രി കഴിഞ്ഞപ്പോഴേയ്ക്കും അധികം താമസിയാതെ വില്ലേജ് ഓഫീസിൽ ജോലിയും കിട്ടി. പിന്നെ ഒട്ടും തരമില്ലാതെ വന്നപ്പോൾ അമ്മ അച്ഛയുടെ കൂടെ പോന്നു. അതോടെ വീട്ടുകാർ അമ്മയെ പടിയടച്ചു പിണ്ഡം വെച്ചു. അച്ഛന്റെ അധ്വാനമാണ് ഈ വീട്. ഈ വീടെല്ലാം ഇതുപോലെ ആക്കിയത് അമ്മയുടെ ഇഷ്ടത്തിനായിരുന്നു.

വൈകാതെ അവർക്കിടയിലേക്ക് ഒരു പെൺകുട്ടി വന്നു. എന്റെ ചേച്ചിക്കുട്ടി ഭവ്യ... ഞങ്ങൾ തമ്മിൽ നാല് വയസ്സിന്റെ വ്യത്യാസമായിരുന്നു.. ഒരുപാട് ഒന്നും ഇല്ലെങ്കിലും അത്യാവശ്യം സുഖമായി ജീവിക്കാനുള്ളത് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഒരു മൂന്നു വര്ഷങ്ങള്ക്കു മുൻപാണ് എല്ലാം തകിടം മറിഞ്ഞത്. ചേച്ചിയുടെ കല്യാണമൊക്കെ ഉറപ്പിച്ചു.. ഞങ്ങൾ നാലുപേരും കൂടി അവൾക്കു കല്യാണപ്പുടവയെടുക്കാൻ പോയതായിരുന്നു. ഞാൻ തിരികെ വരുംവഴി ഒരു ഫ്രെണ്ടിനെ കാണാൻ പോയി. പക്ഷേ എന്നെ കാത്തിരുന്നത് അച്ഛയുടെയും ചേച്ചിയുടെയും തണുത്തുമരവിച്ച ശരീരങ്ങളായിരുന്നു. അതൊന്നുമറിയാതെ എന്റെ സുചിക്കുട്ടി ഐ സി യു വിൽ മരണത്തോട് മല്ലിടുകയായിരുന്നു. സത്യത്തിൽ എന്ത് ചെയ്യണമെന്ന് കൂടി അറിയാൻ വയ്യാത്ത അവസ്ഥ. ആരും തുണയില്ലാതെ ഒറ്റയ്ക്കായിപ്പോയി ഞാൻ. ബന്ധുക്കളാരുമില്ലാത്തതിന്റെ സങ്കടം സത്യത്തിൽ അപ്പോഴാണ് ഭീകരമായി തോന്നിയത്. എന്റെ അമ്മ ഒന്നുമറിയാതെ കിടന്നപ്പോൾ ഞാൻ അച്ചയെയും ചേച്ചിയെയും യാത്രയാക്കി..

പിന്നീട് ജീവിതം വഴിമുട്ടിയ അവസ്ഥയായിരുന്നു. ആക്സിഡന്റിൽ അമ്മ കുറേ നാൾ കോമയിൽ കഴിഞ്ഞു. എന്നിൽ നിന്നും ദൈവം അമ്മയെ വേർപിരിച്ചില്ല. ഒരു അത്ഭുതമെന്നോണം എന്റെ സുചിക്കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. പക്ഷേ അപ്പോഴേയ്ക്കും അരയ്ക്കു കീഴ്പ്പോട് തളർന്നുപോയിരുന്നു. പിന്നെ അലോപ്പതിയും ആയുർവേദവും എല്ലാം പരീക്ഷിച്ചു. ഇപ്പോൾ ഇടത് കാലിനു സ്വാധീനക്കുറവുണ്ട്. എന്നാലും ബാക്കിയൊക്കെ ശരിയായി. ഒരുവിധം സ്വന്തം കാര്യങ്ങൾ നോക്കാനാകും. എന്നാലും എനിക്ക് ഇതുമതി. ഇങ്ങനെയെങ്കിലും എന്റെ അമ്മയെ എനിക്ക് തിരികെ കിട്ടിയല്ലോ? കൺപീലികളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ഇടംകൈയാലേ തൂത്തുകളഞ്ഞു തിരിഞ്ഞു നിന്നു എന്നിൽ നിന്നും മുഖം പിൻവലിച്ചു. പാവം എന്തോരം അനുഭവിച്ചിരിക്കുന്നു.. എന്നിട്ടും ഒന്നും അറിയിക്കാതെ കളിച്ചുചിരിച്ചു നടക്കുന്നു... ഒരു പരാതിയുമില്ലാതെ അമ്മയെ പൊന്നുപോലെ നോക്കുന്നു. നീ സുചിക്കുട്ടിയുടെ ഭാഗ്യമാടോ? ഞാൻ മനസിൽ പറഞ്ഞു.

തിരിഞ്ഞുനിൽക്കുന്ന ഭവിയുടെ ചുമലിൽ തൊട്ടു.. പക്ഷേ തിരിഞ്ഞുനോക്കാതെ ചുമലിലമർന്ന എന്റെ കൈകളിൽ കൈചേർക്കുകയാണവൻ ചെയ്തത്. തന്റെ കണ്ണുനീർ എന്നിൽ നിന്നും മറയ്ക്കാനാണവൻ അങ്ങനെ ചെയ്തതെന്ന് മനസ്സിലായി. ആ കൈകൾക്കു മേലെ മറുകൈ ചേർത്തു കുറച്ചുനേരം അവനു റിലാക്‌സാകാൻ നൽകി. ഭവി കൂൾഡൗൺ... ഇങ്ങോട്ടു നോക്കിയേ.. ഇനി ഒന്നും ഓർത്തുവിഷമിക്കരുത്.. ഇങ്ങോട്ട് നോക്കിയേ.... പതിയെ അവനെ നേരെ തിരിച്ചുനിർത്തി കണ്ണുകൾ തുടച്ചുകൊടുത്തു... ആദ്യമായാണ് കുസൃതി മാത്രം കണ്ട കണ്ണുകളിൽ ഇത്രയും ദുഃഖം കാണുന്നത്.. ഇപ്പോഴവന് ചേർത്തുപിടിക്കാനൊരു കരമാനാവശ്യമെന്നു തോന്നി. പതിയെ കൈരണ്ടും കൂട്ടിപ്പിടിച്ചു എന്റെ കാരങ്ങൾക്കുള്ളിലാക്കി ഞാൻ പറഞ്ഞു. വിഷമിക്കണ്ടാട്ടോ.. ഒറ്റയ്ക്കല്ല.... ഞാനും ഉണ്ടാകും.. എപ്പോഴും.. നിന്റെ കൂടെ ഒരു നല്ല സുഹൃത്തായി... സന്തോഷം മാത്രമല്ല ദുഖവും പങ്കുവെയ്ക്കാനുള്ളതാണ്.. എന്റെ കൈകൾക്കുള്ളിൽ ഇരിക്കുന്ന തന്റെ കൈകളിലേയ്ക് നോക്കിയശേഷം ഒരു പുഞ്ചിരി മുഖത്ത് തെളിഞ്ഞു.... ഉണ്ടാകണം എന്നും...... അവൻ മന്ത്രിച്ചു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story