♥️ മയിൽ‌പീലി ♥️ ഭാഗം 18

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

 നഷ്ടപ്പെട്ടതെല്ലാം നിനക്ക് വിലപ്പെട്ടതാണ്. പക്ഷേ അവർക്കതിന്റെ വില മനസ്സിലായില്ല. അതൊന്നും ബന്ധങ്ങളല്ലെടോ.... വിശ്വാസമില്ലാതെ ബന്ധങ്ങളുണ്ടാകില്ല... എനിക്ക് തന്റെ പാസ്ററ് നീ പറഞ്ഞുള്ള അറിവേയുള്ളു. ബട്ട്‌ പ്രെസെന്റ് ഞാൻ അറിഞ്ഞതാണ്.. എനിക്കറിയാവുന്ന എന്റെ പീലുവിനു ഒരിക്കലും അങ്ങനെ അധഃപതിക്കാൻ പറ്റില്ല. എനിക്ക് വിശ്വാസമാണ് നിന്നെ... മറ്റാരേക്കാളും... വാക്കുകൾക്കൊപ്പം കൈകൾക്കുമേൽ ചേർത്ത മറുകൈയിൽ സങ്കടങ്ങളെല്ലാം ഏറ്റുവാങ്ങുന്ന സാന്ത്വനതണുപ്പുണ്ടായിരുന്നു. ആഹ്ഹ് ! ഇങ്ങനെ ഇരുന്നാല് മതിയോ നേരം ഒരുപാടായി..

സുചിക്കുട്ടി കാത്തിരുന്നു ബോർ അടിച്ചുകാണും . നമുക്ക് പോയാലോ? ഭവി ചോദിച്ചു. മ്മ്.. പോകാം.... പോകാനായി എഴുന്നേൽക്കാൻ തുടങ്ങിയ അവന്റെ കൈകളിൽ പിടിച്ചുനിർത്തി അവൾ പറഞ്ഞു. ഭവി.. താങ്ക്സ്... എന്നെ വിശ്വസിച്ചതിന്... മനസ്സിലാക്കിയതിന്... കേട്ടിരുന്നതിന്...... അവന്റെ കണ്ണുകളിൽ നോക്കി അതുപറയുമ്പോൾ അസ്തമയസൂര്യന്റെ അരുണിമ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു. മണൽപ്പരപ്പിലൂടെ തിരികെനടക്കുമ്പോൾ ഉള്ളിലെ വലിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസമായിരുന്നു. ഭവി നീ എന്തോ പറയാമെന്നു പറഞ്ഞല്ലോ.. എന്താടാ? നടക്കുന്നതിനിടയിൽ ചോദിച്ചു. അത്..

വീട്ടിലെത്തട്ടെ... പറയാടോ.... ചിരിച്ചുകൊണ്ടാവൻ പറഞ്ഞു. പോകുന്നവഴിയിൽ രാത്രിയെക്കലുള്ള ഫുഡും മേടിച്ചു. സുചിക്കുട്ടിക് ഡോർ തുറക്കാൻ പാടായിരിക്കുമെന്നു കരുതിയാ വീട് പൂട്ടി പോകാൻ തുടങ്ങിയെ.. ഇതാമ്പോ എനിക്ക് വന്നങ്ങു തുറന്ന് കയറിയാൽ മതിയല്ലോ... പിന്നെ പുറത്തുന്നു ഫുഡ്‌ കഴിക്കാഞ്ഞതിൽ തനിക്കു ഒന്നും തോന്നരുത് കേട്ടോ.. ഞാൻ എന്നും സുചിക്കുട്ടിക് ഒപ്പമിരുന്നാ കഴിക്കണേ.. എന്റെ ആകെയുള്ള സമ്പാദ്യം ആളാ.... വീട്ടിലെത്തി ഡോർ തുറക്കുന്നതിനിടയിൽ ഭവി പറഞ്ഞു. പോടാ എനിക്കും വീട്ടിൽ എല്ലാരും ഒരുമിച്ചിരുന്നു കഴിക്കണതാ ഇഷ്ടം. പക്ഷേ ഞാൻ എന്നും ഒറ്റയ്ക്കാ കഴിക്കാറ്. കല്യാണം കഴിയുംവരെ ഏട്ടൻ ഉള്ളപ്പോ എന്റെ കൂടെ ഇരിക്കുമായിരുന്നു. പിന്നെ വിധു ചേച്ചി വന്നപ്പോഴേക്കും ആ ശീലം പതിയെ മാറി. മായയും ഞാനും ഫ്ലാറ്റിൽ ഒരുമിച്ചാ കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ. പാവം അവളാ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.

പീലീ വീടിനകത്തേയ്ക് കയറിക്കൊണ്ട് പറഞ്ഞു. അകത്തേയ്ക്കു വന്നപ്പോൾ കണ്ടു സുചിക്കുട്ടി ടീവി കാണുകയാണ്. കൊള്ളാല്ലോ പിറന്നാളുകാരി ടീവി കാണാണല്ലേ... ഞങ്ങള് ഒത്തിരി താമസിച്ചോ അമ്മേ...? പീലീ സുചിത്രയെ ചുറ്റിപ്പിടിച്ചുകൊണ്ട് ചോദിച്ചു. ഇല്ല മോളേ... ഏഴ് മണി ആകണതല്ലേയുള്ളു... പീലിയുടെ കവിളിൽ തഴുകിക്കൊണ്ടവർ പറഞ്ഞു. സുചിക്കുട്ടി ഞങ്ങൾ ഒന്നു ഫ്രഷ് ആയി വരാം. എന്നിട്ട് കഴിക്കാം.. അതുപോരെ? ഭവി കൊണ്ടുവന്ന പൊതിയൊക്കെ ടേബിളിലേയ്ക് വയ്ക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു. ആഹ്ഹ് ! മതി ശ്രീ... മോളും പോയി ഫ്രഷ് ആയി വാ... റൂമിലെത്തി മാറിയിടാനായി ഒരു കുർത്തിയും ലെഗ്ഗിൻസും എടുത്തുകൊണ്ടു ബാത്റൂമിലേയ്ക് പോയി. ഷവറിനടിയിൽ നിൽക്കുമ്പോൾ ദേഹത്തേയ്ക്ക് വീഴുന്ന ജലത്തിന്റെ തണുപ്പിനൊപ്പം മനസ്സും തണുക്കുന്നതവൾ അറിഞ്ഞു.

അത് പക്ഷേ തന്റെ എല്ലാ ദുഖങ്ങളും ഇറക്കിവയ്ക്കാൻ ഒരു താങ്ങു കിട്ടിയതിന്റെ കുളിർമയായിരുന്നു. കുളിച്ച് മുടി കുളിർപ്പിന്നലിട്ടു നടുത്തളത്തിലേക്കിറങ്ങിയപ്പോൾ അടുക്കളയിൽ വെട്ടം കണ്ടു. ഭവി ചായ കൂട്ടുകയാണ്. ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റ് കൂടി കഴുകി അടുക്കുന്നുണ്ട്. പീലീ അവിടേയ്ക്കു ചെന്നു ചായ ആയപ്പോൾ വാങ്ങി വെച്ചു. ഗ്ലാസ്സ്സുകളിലേയ്ക് പകർത്തി അതെടുത്തു. ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു. ഭവി പ്ളേറ്റുമായി വന്നു. അപ്പോഴേയ്ക്കും സുചിത്രയുമെത്തി. രണ്ട് മക്കൾക്കും ആഹാരം പകർന്നുകൊടുത്തു. സന്തോഷത്തോടെ അത് കഴിക്കുമ്പോൾ പീലിയും അറിയാതെ ആഗ്രഹിച്ചു. തന്നെയുംകൂടി ഈ കിളിക്കൂട്ടിൽ ചേർത്തെങ്കിലെന്ന്. കുഞ്ഞായാലും ഒരുമയുള്ളൊരു കുടുംബം. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു അമ്മക്കിളി. പിന്നെ.... സ്നേഹം മാത്രം പകരനറിയാവുന്ന.... വേണ്ടാ.. തെറ്റൊന്നും ചെയ്തില്ലെങ്കിലും തന്റെ പേര് കളങ്കപ്പെട്ടതാണ്... ഈ സ്നേഹക്കൂട്ടിൽ താൻ കൂടി ചേർന്നു കരിനിഴൽ വീഴ്ത്തേണ്ട. കഴിച്ചു കഴിഞ്ഞ് സുചിത്ര കിടക്കാനായി ഒരുങ്ങി.. അമ്മേ.. ഞാൻ അമ്മയുടെ കൂടെ കിടന്നോട്ടെ...

ഫ്ലാറ്റിൽ മായയ്‌ക്കൊപ്പം കിടക്കാറാ പതിവ്. പീലീ പതിയെ ചോദിച്ചു... അതിനെന്താ മോളേ... അമ്മയ്ക്കു സന്തോഷമേയുള്ളൂ..... പീലു കുറച്ചുനേരം ഗാർഡനിലിരുന്നാലോ? 8 മണി ആകുന്നതേയുള്ളു... ഭവി ചോദിച്ചു. പിന്നെന്താ.. ഓക്കേ.... നീ നടന്നോളൂ.. ഞാൻ അമ്മയെ റൂമിൽ ആക്കിയിട്ടു വരാം.. പീലി പറഞ്ഞു. ശരി പീലു.. പിന്നെ റൂമിൽക്കൂടി വന്നാൽ മതികേട്ടോ.. മുൻവാതിൽ അടച്ചേക്കാം.... സുചിക്കുട്ടി കിടക്കുവല്ലേ... ഭവി പറഞ്ഞു. പീലീ ചെല്ലുമ്പോൾ ഭവി ചെമ്പകമരത്തിനു ചുവട്ടിലെ സിമെന്റ് ബെഞ്ചിലിരിക്കയായിരുന്നു. കൈയിൽ അടർന്നുവീണ ചെമ്പകപ്പൂക്കൾ ചേർത്തുപിടിച്ചിരിക്കുന്നു. അവളും പതിയെ അവനടുത്തേയ്ക്കിരുന്നു. ഭവി.. എന്തിനാടാ ഇത്രെയും ബിൽഡ് അപ് എന്താ കാര്യം പറയ്.... അവൻ തിരിഞ്ഞു തനിക്കടുത്തിരിയ്ക്കുന്ന പീലിയെ നോക്കി. എഴുനേറ്റു ചെമ്പകമരത്തിനടുത്തേയ്ക് നടന്നു... പീലിയും പതിയെ അവനടുത്തായി വന്നു നിന്നു.

എടാ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല... പക്ഷേ ഒന്നറിയാം ഒരിക്കലും നിന്നെ വിഷമിപ്പിക്കാൻ എനിക്കാവില്ല. മനസ്സിലുള്ളത് തുറന്നുപറയാതെ നിന്നെ പറ്റിക്കാനും കഴിയുന്നില്ല അതാ പറയാമെന്നു വെച്ചത്... ഭവി പറഞ്ഞു നിർത്തി അവളെ നോക്കി. ഭവി.. എന്നോട് എന്തെങ്കിലും പറയാൻ ഈ മുഖവുരയുടെ ആവശ്യമെന്തിനാടാ? എടി.. എനിക്ക് ഈ ഭൂമിയിൽ ഇപ്പൊ സ്വന്തമെന്നു പറയാൻ എന്റെ സുചിക്കുട്ടി മാത്രമേയുള്ളു.. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇതുവരെ എത്താൻ... കാര്യമായി സമ്പാദ്യമൊന്നുമില്ല. നിന്റെ ലൈഫ് എനിക്കറിയാം ഒരുപാട് സുഖത്തിൽ കഴിഞ്ഞ കുട്ടിയാ നീ.. നിന്റെ ലെവെലിന്റെ ഏഴയലത്തു കൂടി എത്തില്ല എന്റേത്..

പക്ഷേ ഇതൊക്കെ അറിയും മുൻപ്.. ആദ്യമായി ബസിൽ വെച്ചു കണ്ടില്ലേ അന്നുമുതൽ മനസിൽ കയറിയതാ നീ... ഒത്തിരി ഇഷ്ടാടി നിന്നെ... തെറ്റാണ് അറിയാം.. അര്ഹതയുമില്ല.. പക്ഷേ... ഇതുപോലെ ഈ ചെമ്പകപ്പൂക്കൾ വിരിയുന്ന യാമങ്ങളിൽ ആകാശത്തെ പൂര്ണചന്ദ്രനെ നോക്കി നക്ഷത്രങ്ങൾക്കൊപ്പം എനക്കിരിക്കണം പീലു നിന്റെ കൂടെ..... അതുപറയുമ്പോൾ ആ കണ്ണുകളിൽ ആർത്തിരമ്പുന്ന പ്രണയത്തിരയിളക്കം ഞാൻ കണ്ടു... ഒരുവേള കൊതിച്ചതെന്തോ കൈയിലെത്തിയ സന്തോഷത്തിൽ ഹൃദയം തുടികൊട്ടി... ഐ ലവ് യു പീലു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story