♥️ മയിൽ‌പീലി ♥️ ഭാഗം 19

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

 ഒത്തിരി ഇഷ്ടാടി നിന്നെ... തെറ്റാണ് അറിയാം.. അര്ഹതയുമില്ല.. പക്ഷേ... ഇതുപോലെ ഈ ചെമ്പകപ്പൂക്കൾ വിരിയുന്ന യാമങ്ങളിൽ ആകാശത്തെ പൂര്ണചന്ദ്രനെ നോക്കി നക്ഷത്രങ്ങൾക്കൊപ്പം എനിക്കിരിക്കണം പീലു നിന്റെ കൂടെ..... അതുപറയുമ്പോൾ ആ കണ്ണുകളിൽ ആർത്തിരമ്പുന്ന പ്രണയത്തിരയിളക്കം ഞാൻ കണ്ടു... ഒരുവേള കൊതിച്ചതെന്തോ കൈയിലെത്തിയ സന്തോഷത്തിൽ ഹൃദയം തുടികൊട്ടി... ഐ ലവ് യു പീലു... തന്റെ മുഖം കൈക്കുമ്പിളിലെടുത്തു മിഴികളിലേയ്ക് നോക്കി അവനതുപറയുമ്പോൾ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം ഒരുമിച്ചു തിരിച്ചുകിട്ടിയപോലെ തോന്നിയവൾക്ക്. ആ കണ്ണുകളിലെ നീർത്തിളക്കം തന്നോടുള്ള സ്നേഹത്തിന്റെ ആഴം വിളിച്ചുപറയുന്നതായി തോന്നി. ഒരുനിമിഷം ആ ആഴക്കടലിൽ വീണലിയാൻ അവളറിയാതെ ആഗ്രഹിച്ചു. അവന്റെ കവിളോരം കൈകൾ ചേർത്തു ആ മിഴിനീർമുത്തുകൾ തുടച്ചുനീക്കി. നിറഞ്ഞുതുളുമ്പിയ മിഴികളിൽ കഴിഞ്ഞകാലചിത്രങ്ങൾ മിന്നിമാഞ്ഞപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. അതുപോലെ തന്റെ ഹൃദയവും അവനുമുന്നിൽ കൊട്ടിയടയ്ക്കുന്നതാണ് അവന്റെ ഭാവിയ്ക്കു നല്ലതെന്നവൾക്കു തോന്നി. ഞാനും അറിയാതെ എപ്പോഴോ ഭവിയെ സ്നേഹിച്ചുപോയി.

അല്ല സ്നേഹിക്കുന്നുണ്ട് ഇപ്പോഴും... ഒത്തിരിതവണ ആഗ്രഹിച്ചിട്ടുണ്ട് ഈ സ്നേഹം എനിക്ക് സ്വന്തമായെങ്കിലെന്ന്... അതൊക്കെ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളായേ കരുതിയിട്ടുള്ളു. കാരണം സ്വന്തം നില നന്നായി അറിയാം. ഭവിയെ പോലെ നഷ്ടങ്ങളിൽ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേയ്ക് കരകയറിയ ഒരാളെ ഒരിക്കലും എന്റെ ദുഷിച്ച ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിക്കൂടാ. ഓർമ്മകൾ കാടുകയറിയപ്പോൾ മനസ് നൂലുപൊട്ടിയ പട്ടംപോലെ അലഞ്ഞുനടന്നു. പക്ഷേ എത്രയൊക്കെ സഞ്ചരിച്ചാലും.... ഭവിയുടെ ഹൃദയത്തിന്റെ പൂമരക്കൊമ്പിൽ ഉടക്കിനിൽക്കുന്ന പട്ടമായി ഞാൻ മാറുന്നു. അവന്റെ ചുടു നിശ്വാസം മുഖത്തേറ്റപ്പോൾ അവൾ പിടഞ്ഞുകൊണ്ട് മാറി.. തിരിഞ്ഞുനിന്നു... ഭവി.... നീ പറഞ്ഞതൊക്കെ ഞാൻ ഒരുപാട് തവണ കേൾക്കാൻ ആഗ്രഹിച്ച.. എന്റെ മനസ്സ് കൊതിച്ച കാര്യങ്ങളാണ്. നീ പറഞ്ഞില്ലേ മറച്ചുവെച്ചു കൂടെ നിന്നു അഭിനയിക്കാൻ വയ്യാത്തോണ്ടാണ് ഇതൊക്കെ ഇപ്പോൾ പറഞ്ഞതെന്ന്. ഞാനും അതുകൊണ്ടാണ് മനസ്സിൽ ഉള്ളത് തുറന്നു പറയുന്നത്..

അന്ന് നമ്മൾ ബസിറങ്ങി ഒരുമിച്ചു പോയില്ലേ.. അന്ന് നീ കാണിച്ച കെയറിങ്ങും ആത്മാര്ഥതയുമൊക്കെ എപ്പോഴോ മനസിൽ ഫീഡായി. പിന്നേ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ ഒരേ കമ്പനിയിൽ വർക്ക്‌ ചെയ്യുവാനെന്നറിഞ്ഞപ്പോൾ എനിക്ക് തോന്നി നാം തമ്മിൽ കാണേണ്ടവരായിരുന്നുവെന്ന്. പക്ഷേ ഭവി... ഇതെല്ലാം ഞാൻ സ്വപ്നം കണ്ടിട്ടേയുള്ളു. ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കാൻ ആഗ്രഹിച്ചതല്ല. കാരണം എന്നെ പോലെ ഒരു പെണ്ണിനെ സ്വീകരിച്ചു നശിപ്പിക്കേണ്ടതല്ല നിന്റെ ജീവിതം.. ആരുടെ മുന്നിലും തലകുനിച്ചു നീ നിൽക്കാൻ പാടില്ല.... എന്നെക്കുറിച്ച് എല്ലാം ഞാൻ പറഞ്ഞതല്ലേ... നീ കേട്ടിട്ടില്ലേ ഭവി.... ഒരാൾ കള്ളനെന്നു ഒരിക്കൽ മുദ്രകുത്തിയാൽ അതല്ലെങ്കിൽ കൂടി ആ പേരും സമൂഹത്തിലെ സ്ഥാനവും മാറില്ല. അതേ അവസ്ഥയാണ് എനിക്കും.... അതുകൊണ്ട് പ്ലീസ് .... നമ്മൾ മനസ്സിലുള്ളത് തുറന്ന് പറഞ്ഞു. അതിവിടെ കഴിഞ്ഞു. നീ എല്ലാം മറക്കണം... നമുക്ക് എന്നും നല്ല ഫ്രെണ്ട്സ് ആയിരിക്കണം. എന്നും ഏതു ദുഖത്തിലും കൂടെ നിൽക്കുന്ന ഒരു നല്ല സുഹൃത്ത്.... അവൾ പറഞ്ഞു നിർത്തി. പീലു....നിനക്ക് എന്നെ ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയിമാത്രം കാണാൻ കഴിയോ? പറ.... പറയാൻ.. അവൻ പീലിയെ ബലമായി തനിക്കു നേരെ പിടിച്ചുനിർത്തി ചോദിച്ചു. പീലു എന്റെ മുഖത്ത് നോക്കിപ്പറയൂ....

എന്റെ സ്നേഹം കള്ളമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? ആ കണ്ണുകളിൽ നോക്കുമ്പോൾ താൻ ഭവിയുടെ പീലു മാത്രമായി മാറുന്നതായവൾക് തോന്നി. ദുഖവും നിരാശയും അവന്റെ മുഖത്ത് നിറഞ്ഞു. വിറയ്ക്കുന്ന ചുണ്ടുകൾ അതിന്റെ ആഴം പറഞ്ഞു. പറയെടി... ഞാൻ ഇപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞത് വെറും അഭിനയമാണെന്നു കരുതുന്നുണ്ടോ നീ? നിന്നോടുള്ള സഹതാപമായി തോന്നിയോ? പെട്ടെന്ന് അവന്റെ വായ കൈകൊണ്ടു മൂടി വേണ്ടായെന്ന് തലകുലുക്കിയവൾ പറഞ്ഞു. വേണ്ട ഭവി ... ഇങ്ങനൊന്നും പറയല്ലേ... ഒരിക്കലും നിന്റെ സ്നേഹത്തെ സഹതാപമായി തോന്നിയിട്ടില്ല. അത് സംശയിക്കാൻ മാത്രം അഹങ്കാരിയുമല്ല.. ശരിക്കും അര്ഹതയില്ലാഞ്ഞിട്ടാടാ.... പോലീസ് റെയ്ഡിൽ പിടിച്ച ഒരുപെണ്ണിനു സമൂഹത്തിൽ കിട്ടുന്ന വില നിനക്കറിയോ? വെറും അൻപതു പൈസയുടെ വില പോലും കിട്ടില്ല.

വീട്ടുകാരുപേക്ഷിച്ച കുറേ ചീത്തപ്പേര് മാത്രം കൈമുതലായുള്ള എന്നെ സ്വീകരിച്ചു ജീവിതം നശിപ്പിക്കരുത് ഭവി... നിന്റെ അമ്മയെക്കുറിച്ചു ഓർക്കേടാ.. ആ പാവത്തെക്കൂടി വിഷമിപ്പിക്കരുത്. മതി.. നിർത്തിക്കോ നീ... ഇനി ഒന്നും പറയണ്ട.... എനിക്കറിയാം എന്നെപോലെ ഒരാളെ നിനക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. എന്നാലും എന്റെ സ്വാർത്ഥതയാണ് നിന്നെ ആഗ്രഹിച്ചത്... സാരല്ല.. എനിക്ക് മനസ്സിലാകും... കണ്ണ് തുടച്ചുകൊണ്ട് തിരിഞ്ഞുനടന്നവൻ പറഞ്ഞു. ഇല്ല.. നിനക്ക് ഒന്നും മനസ്സിലാകില്ല... എന്റെ ഉള്ളിൽ നിറഞ്ഞുനില്ക്കണ നിന്നോടുള്ള സ്നേഹം മനസ്സിലാകില്ല.... പരസ്പരം നേടുന്നത് മാത്രമല്ല... വിട്ടുകൊടുക്കുന്നതും സ്നേഹാടാ... പീലു നിറഞ്ഞുതുളുമ്പിയ കണ്ണുകൾ കൈയിലെ തുടച്ചുകൊണ്ട് വിളിച്ചുപറഞ്ഞു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story