♥️ മയിൽ‌പീലി ♥️ ഭാഗം 29

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഫോൺ ചെയ്തുകഴിഞ്ഞു പീലീ കിച്ചണിലേയ്ക് ചെന്നു... അവിടെ മായ ചപ്പാത്തി പരത്തിക്കൊണ്ടിരിക്കുകയാണ്.. പ്രഭു ഹാളിൽ ഫോണിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു... അവൾ പാൻ ചൂടാക്കി മായ പരത്തിവെച്ച മാവ് ഓരോന്നായി പൊള്ളിച്ചെടുത്തുകൊണ്ടിരുന്നു.. മായേ... നാളെ നീ കൂടി വരില്ലേ ഞങ്ങളുടെ കൂടെ... ഭവി പറഞ്ഞു അവന്റെ പെങ്ങളെ പ്രത്യേകം കൂട്ടിചെല്ലണമെന്നു... അവൻ വിളിക്കും.. . പീലി ചോദിച്ചു.. ഏയ്.. ഞാൻ വരണോടി.. നിങ്ങള് ഏട്ടനും അനിയത്തിയും കൂടെ പോയി വാ... ഓഹോ.. അപ്പോൾ ഞങ്ങൾ നിനക്കാരുമല്ലലേ... ഞാൻ നിന്നെ ഒരു കൂടപ്പിറപ്പായാ കാണണേ... പീലീ പരിഭവത്തോടെ പറഞ്ഞു. എന്റെ പൊന്നോ... ഇനി അതും പറഞ്ഞു പിണങ്ങേണ്ട.. ഞാനും വരാം... മായ അവളെ നോക്കി പറഞ്ഞു... ഫുഡ്‌ എല്ലാം തയ്യാറാക്കി ടേബിളിൽ കൊണ്ട് വെച്ചിട്ട് പീലീ പ്രഭുവിനെ നോക്കി.. അവനാകട്ടെ ചുമരിലെ പെയിന്റിംഗ് നോക്കി നിൽക്കുവാണ്.. ഏട്ടനിവിടെ നിൽക്കാണോ? എന്താ ഈ പൈന്റിങ്‌സ് ഒക്കെ ഇഷ്ടായോ? മായയും ഏട്ടനെപ്പോലെ വരയ്ക്കും..

കണ്ടോ ഇതിൽ മിക്കതും അവളുടെയാ.. ചുമരിൽ നോക്കി നിൽക്കുന്ന പ്രഭുവിനോട് പീലീ പറഞ്ഞു. അതും കേട്ടാണ് മായ അങ്ങോട്ടേയ്ക്ക് വന്നത്.. ആഹാ നിന്റെ ഏട്ടനും വരയ്ക്കോ? മായ അതിശയത്തോടെ തിരക്കി. മ്മ്... അത്യാവശ്യം.... പ്രഭുവാണ് ഉത്തരം പറഞ്ഞത്.. മൂന്നുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചശേഷം ഒരുപാട് നേരം വിശേഷങ്ങൾ പങ്കുവെച്ചു... പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ടുതന്നെ മായയ്ക്കും പീലിയ്ക്കും ഓഫീസിൽ പോകണ്ടായിരുന്നു.. രാവിലെ നേരത്തെതന്നെ അവർ ഭവിയുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു.. ആദ്യം പഴവങ്ങാടി ക്ഷേത്രത്തിലേക്കാണ് പോയത്. ഭവി അവിടെയെത്താമെന്നു പറഞ്ഞിരുന്നു. അമ്പലനടയിൽ പുറത്തായിത്തന്നെ ഭവി അവരെക്കാത്തു നിൽപ്പുണ്ടായിരുന്നു... ദൂരെനിന്നും തങ്ങൾക്കുനേരെ കൈവീശി നടന്നടുക്കുന്ന ചെറുപ്പക്കാരനെ പ്രഭു പുഞ്ചിരിയോടെ വീക്ഷിച്ചു..

പ്രായത്തിന്റെ പക്വതയും ചുറുചുറുക്കുമുള്ള പയ്യൻ... പീലിയെ കണ്ടപ്പോഴുള്ള അവന്റെ കണ്ണുകളിലെ തിളക്കം അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമായവന് തോന്നി.. അടുത്തെത്തിയയുടനെ പുഞ്ചിരിച്ചുകൊണ്ടവൻ പ്രഭുവിന്റെ കരം കവർന്നു.... പ്രഭു സ്നേഹത്തോടെ അവനെ ചേർത്തുപിടിച്ചു... ഏട്ടാ.. വാ തൊഴുതേച്ചു വരാം. ഞാൻ നിങ്ങളെ കാത്തിരിക്കുവായിരുന്നു.. ഭവി പറഞ്ഞു.. അവർ ഭവിക്കൊപ്പം അകത്തേയ്ക്കു കയറി.. തൊഴുതുനിൽക്കുമ്പോൾ ഭാവിയുടെയും പീലിയുടെയും മനസ്സ് ഒരുപോലെ നിറഞ്ഞു തുളുമ്പിയിരുന്നു.. തന്റെ ഏട്ടനെ തനിക്കുമുന്പിൽ എത്തിച്ചതിനു ഗണേശനോട് നന്ദി പറയാൻ പീലീ മറന്നില്ല.. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നും ഏട്ടനെ രക്ഷിക്കാൻ കഴിയണേയെന്നാത്മാർത്ഥമായ്‌ പ്രാർത്ഥിച്ചു... അതിന്റെ പ്രതിഭലനമെന്നോണം ഒരുതുള്ളി കണ്ണുനീർ ആ കൺകോണിൽ തുളുമ്പി നിന്നു.. ഇതേസമയം ഭവി പീലിയെ നിറഞ്ഞ മനസ്സോടെ കാണാൻ പറ്റിയതിലുള്ള സന്തോഷം ഗണേശനോട് പറയുകയായിരുന്നു..

വധുവിനെ പൂട്ടാൻ എന്തേലുമൊക്കെ ചെയ്യാമെന്നവൾക് വാക്ക് കൊടുത്തെങ്കിലും എങ്ങനെയെന്നു ഒരു ഐഡിയയും അവനില്ലായിരുന്നു ... അതിനെന്തെങ്കിലും വഴിയുണ്ടാകണേയെന്നാത്മാർത്ഥമായി പ്രാർത്ഥിച്ചു. പീലിയുടെ മുഖത്തെ തെളിച്ചം മതിയായിരുന്നു പ്രഭുവിന് അവളുടെ മനസിൽ ഭവിയ്ക്കുള്ള സ്ഥാനം മനസ്സിലാക്കാൻ. ജീവിതത്തിൽ പാതിയായി സ്വീകരിച്ചവളുടെ ചതിയോര്ത്തു പൊള്ളുകയായിരുന്നു അവന്റെ മനസ്സ്... ഇപ്പോൾ പെട്ടിരിക്കുന്ന പത്മവ്യൂഹത്തിൽനിന്നുള്ള മോചനം അവൻ വല്ലാതെ ആഗ്രഹിച്ചു... മായയുടെ മനസ്സിലും പ്രാർത്ഥനയിലും നിറഞ്ഞതും ഇതുവരെയുള്ള കയ്‌പേറിയ അനുഭവങ്ങളായിരുന്നു. അമ്പലത്തിൽനിന്നും നേരെ ഭവിയുടെ വീട്ടിലേയ്ക്കു തിരിക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഒരു പോസിറ്റീവ് എനർജി നിറഞ്ഞിരുന്നു.. നഗരത്തിന്റെ തിരക്കുകളിൽനിന്നും ഒഴിഞ്ഞുനിൽക്കുന്ന ഒരു കുഞ്ഞു വീട്... ആദ്യത്തെ കാഴ്ചയിൽത്തന്നെ പ്രഭുവിനിഷ്ടമായി.. വീട്ടിലെത്തി ഭവി സുചിക്കുട്ടിയെ പ്രഭുവിന് പരിചയപ്പെടുത്തി...

മോനെക്കുറിച്ചു പീലീ എപ്പോഴും പറയും.... എന്തായാലും ഇപ്പോഴെങ്കിലും മോളേ വന്നുകാണാൻ മോനു തോന്നിയല്ലോ.... സുചിത്ര പറഞ്ഞു.. അതേയമ്മേ തെറ്റുകൾ മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി... ഇനി ഒരിക്കലും എന്റെ പെങ്ങളെ ഞാൻ വേദനിപ്പിക്കില്ല... പ്രഭു പീലിയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.. സാരമില്ല മോനേ.. തെറ്റുകൾ പറ്റാത്തവരായി ആരുമില്ല... അതുതിരുത്തി മുന്നേറുമ്പോഴാണ്‌ ജീവിതം സുന്ദരമാകുന്നത്... അവർ പറഞ്ഞു.. സ്നേഹമയിയായ ആ അമ്മയെ പ്രഭു നോക്കിക്കാണുകയായിരുന്നു... തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരിക്കൽപോലും ഇത്രയും സ്നേഹത്തോടെ അമ്മയും അച്ഛയും തന്നോടോ പീലിയോടോ സംസാരിച്ചിട്ടില്ലായെന്നവനോർത്തു. ഈ അമ്മയുടെ സ്നേഹം തന്റെ പീലിയ്ക്കു കിട്ടിയാൽ ജീവിതത്തിൽ അവൾക്കൊരിക്കലും ദുഖിക്കേണ്ടിവരില്ല ... ഈ സ്നേഹനിധിയായ അമ്മയുടെ മകനും തികച്ചും സൗഭാഗ്യമായിരിക്കുമെന്നവനോർത്തു.. ആഹാ...

സുചിക്കുട്ടിക് എന്നെ ഒരു മൈന്റുമില്ലല്ലോ? നോക്കിയേ ഇങ്ങനൊരാൾഇവിടുണ്ടെന്ന വല്ല ബോധവുമുണ്ടോന്നു നോക്കണേ? മായ പരിഭവത്തോടെ പറഞ്ഞു.. പിന്നേ നീ അതിനു എന്റെ പൊന്നുമോളല്ലേ.. നീ ഇവിടെ അതിഥിയോന്നുമല്ലല്ലോ? ഇതു നിന്റെ സ്വന്തം വീടല്ലേ? സുചിത്രഅവളെ കൈനീട്ടി വിളിച്ചുകൊണ്ടു പറഞ്ഞു... സുചിത്രയും ഭവിയും തങ്ങൾക്കു നഷ്ടപ്പെട്ടുപോയ ഭവ്യയുടെ സ്ഥാനത്താണ് മായയെ കാണുന്നത്. ഈ ചുരുങ്ങിയ കാലയളവിൽത്തന്നെ ഒരു നല്ല മകളായും ഭവിയുടെ അനിയതിക്കുട്ടിയായും മായ മാറിയിരുന്നു.. ഭക്ഷണമൊക്കെക്കഴിഞ്ഞു ഗാർഡനിൽ ഇരിക്കുമ്പോഴാണ് പീലീ ഭവിയുമായി ഏട്ടന്റെ കാര്യമൊക്കെ സംസാരിച്ചത്... അവർക്കരികിലായി തെല്ലുമാറി മായയും പ്രഭുവും ഇരിപ്പുണ്ട്... ഫോണിൽ എന്തോ നോക്കിയിരിക്കുമ്പോഴാണ് ഭവി മായയുടെ വാട്സ്ആപ്പ് ഡിപി ശ്രെദ്ധിക്കുന്നതു.. മായേ ഈ പിക് നീ എപ്പോ എടുത്തതാ? അവൻ അത് മായയെ കാട്ടി ചോദിച്ചു..

കമ്പനി ടൂർ പോയപ്പോൾ താമസിച്ചിരുന്ന ഹോട്ടലിനു മുന്നിൽ വെച്ചെടുത്തതായിരുന്നു ആ പിക്... വെറുതേ കഴിഞ്ഞ ദിവസം ഡിപി ആക്കി. ഇത് ഞാൻ കമ്പനി ടൂർ പോയില്ലേ അപ്പോൾ ബാംഗ്ലൂരിൽ താമസിച്ച ഹോട്ടലിനു മുന്നിൽ നിന്നെടുത്തതാ.. എന്താ ഭവി? ഒന്നുമില്ല.. ഈ ഹോട്ടൽ എനിക്കറിയാം.. ഇവിടെയാണ് എന്റെ ഫ്രണ്ട് ജോജു വർക്ക്‌ ചെയ്യുന്നേ.. മാനേജർ ആണ്.. ഹോട്ടൽ ഗ്രീൻ ലാൻഡ്... ഹോട്ടൽ ഗ്രീൻ ലാൻഡ് ആ പേര് പീലിയുടെ ഉള്ളിൽ മുഴങ്ങിക്കേട്ടു .. പെട്ടെന്നവളുടെ മുഖം മ്ലാനമായി .. എന്താ പീലു എന്താ പറ്റിയെ? ഇതുശ്രദ്ധിച്ച ഭവി അവളോട്‌ ചോദിച്ചു.. ഇല്ലെടാ.. പെട്ടെന്ന് നീ ആ ഹോട്ടലിനെക്കുറിച്ചു പറഞ്ഞകേട്ടപ്പോൾ...... പീലീ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി.. അതെന്താ? ഭവി തിരക്കി.. ഈ പറഞ്ഞ ഹോട്ടൽ എനിക്ക് ഒരിക്കലും മറക്കാനാകില്ല .... എന്റെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തതൊക്കെ നടന്നതിവിടെ വെച്ചാണ്.......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story