♥️ മയിൽ‌പീലി ♥️ ഭാഗം 34

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഇവളിവിടെയുണ്ടെന്നു പറഞ്ഞപ്പോൾ ഏട്ടൻ ഇത്രപെട്ടെന്ന് ഓടിയെത്തുമെന്നു കരുതിയില്ല.. അപ്പോൾ അഭിനയിക്കുവായിരുന്നല്ലേ ? ഒരു പുച്ഛച്ചിരിയോടെ വിനയ് പ്രഭുവിനോടായി ചോദിച്ചു... ഇതെല്ലാം കേട്ടു മനസ്സിലാകാതെ നിൽക്കുന്ന നിമിഷയോടായി വിനയ് പറഞ്ഞു.. ദാ... ഈ നിൽക്കുന്ന കക്ഷിയാണ് എന്നെ വിദഗ്ധമായി പറ്റിച്ച ആള്.. പെട്ടെന്ന് നിമിഷയുടെ മുഖത്തെ ചിരി മാഞ്ഞു അവിടെ വെറുപ് നിറയുന്നത് പീലീ അറിഞ്ഞു.. അല്ല വിനയ്... ജീവിക്കുവായിരുന്നു..... അഭിനയിച്ചു തകർക്കുന്നവരെ മനസ്സിലാകാതെ ജീവിതം ജീവിച്ചുതകർക്കുവായിരുന്നു ഞാൻ... പ്രഭു തെല്ലൊരു നിർവികാരതയോടെ പറഞ്ഞു.. പെങ്ങളെ വിളിക്കാറുണ്ടോ ? ഇപ്പോൾ എവിടാണെന്ന് അറിയാമോ ? അവൻ വിനയോടായി ചോദിച്ചു.. അവളെവിടെ പോകാനാ.. ഇവളെപ്പോലെയല്ല എന്റെ അനിയത്തി... വിനയ് എടുത്തടിച്ചപോലെ പറഞ്ഞു.. അതെയതെ.... ദാ ഇവളെപ്പോലെയല്ല നിന്റെ അനിയത്തി... പിന്നെ ഇപ്പോൾ എന്റെയും വീട്ടുകാരുടെയും ശല്യമില്ലല്ലോ അപ്പോപ്പിന്നെ വേറെവിടേം പോകേണ്ടിവരില്ല..

പ്രഭു പീലിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. ഏട്ടനെന്താ ആളെ കളിയാക്കുവാന്നോ ? എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറയ്... വിനയ് കുറച്ചുകൂടി ചേർന്നു നിന്നുകൊണ്ട് പറഞ്ഞു... തെളിച്ചുപറയാനൊന്നുമില്ല.. നിന്റെ പെങ്ങളുണ്ടല്ലോ വഞ്ചിക്കുവായിരുന്നു എല്ലാവരെയും.. സ്വന്തം തെറ്റ് മറയ്ക്കാൻ എന്റെ കുഞ്ഞിനെ കരുവാക്കി... ഇപ്പോൾ ദേ എന്നെ കറിവേപ്പിലപോലെ പറിച്ചുകളഞ്ഞു കണ്ടപോലെ ജീവിക്കുന്നു... പ്രഭു പറഞ്ഞു.. ഏട്ടാ.... വിനയ് അറിയാതെ വിളിച്ചുപോയി.. പെങ്ങളെ നല്ലവളാക്കാൻ എന്റെ വിധുവിനെക്കുറിച്ചു അപവാദം പറഞ്ഞു അവളെ ഒഴിവാക്കാൻ നോക്കിയാലുണ്ടല്ലോ നിങ്ങളെ എട്ടാന്ന് വിളിച്ചു ചേർത്തുപിടിച്ച അതേ കൈകൊണ്ട്.... ചുറ്റും തങ്ങളെ ശ്രദ്ധിക്കുന്ന ആൾക്കാരെ ശ്രദ്ധിച്ചുകൊണ്ട് ഒന്നുകൂടി അടുത്തേയ്ക്കു നിന്നുകൊണ്ട് വിരൽ ചൂണ്ടി പറഞ്ഞു.. പ്രഭുവേട്ടാ വാ പോകാം.... സാർ ഇവിടൊരു സംസാരം വേണ്ട.... ഭവി പ്രഭുവിനെ പിടിച്ചുകൊണ്ടു വിനയോടായി പറഞ്ഞു.. ഇല്ല ഭവി ഞാൻ ഒന്നിനുമില്ല...

പക്ഷേ ആ വൃത്തികെട്ടവൾക്കുവേണ്ടി എന്റെ മോളേ ഇനിയും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... പിന്നെ നിന്നോട് വിനയ് എനിക്ക് ദേശ്യമല്ല സഹതാപം മാത്രം.......... അറുക്കാൻ നിർത്തിയേക്കുന്ന നേർച്ചക്കോഴിയോട് തോന്നുന്ന അനുകമ്പ ഇല്ലേ.. അത്.. കാരണം സൂക്ഷിച്ചോ ഇനി അടുത്തത് നിന്റെ ഊഴമാ..... പെങ്ങളെ ഇവനും തനിക്കുംവേണ്ടി പ്രാർത്ഥിച്ചോ... നിമിഷയോടായി പ്രഭു പറഞ്ഞു... അവളെന്തിനും മടിക്കില്ല.... സംശയമുണ്ടെങ്കിൽ ഇവിടെനിന്നു ഷോ കാണിക്കാതെ പെങ്ങളെയൊന്നു ശ്രദ്ധിക്കൂ.. അപ്പോൾ മനസ്സിലാകും... പ്രഭു ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു പീലിയെയും ചേർത്തുപിടിച്ചു തിരിഞ്ഞു നടന്നു... പുറകെ ഭവിയും മായയും.... പ്രഭു കുറച്ച് പോയശേഷം തിരിഞ്ഞുവന്നു തങ്ങളെനോക്കി അമർഷത്തോടും അതിലേറെ സംശയത്തോടും നിൽക്കുന്ന വിനയേ മാറ്റിനിർത്തി പറഞ്ഞു.. എന്റെ പെങ്ങളെ നിന്റെ കൈയിൽ ഏൽപ്പിക്കാൻ മുൻകൈയെടുത്ത് ഞാനായിരുന്നു...

കാരണം നിന്നെ ഞാൻ എന്റെ സ്വന്തം അനിയനെപ്പോലെയാ കണ്ടത്.. ആ നിന്റെ കൂടെ ഇവൾ സുരക്ഷിതയായിരിക്കുമെന്നു കരുതി.... പക്ഷേ ഇപ്പോൾ തോന്നുന്നു അത് നടക്കാതെപോയത് നന്നായി.. കല്യാണം കഴിഞ്ഞാണ് ഇങ്ങനൊരു ചതി എന്റെ പെങ്ങൾക്ക് പറ്റിയതെങ്കിലോ ? അത് എനിക്കിവളെതന്നെ നഷ്ടമാക്കിയേനെ ? ഭാര്യാ ഭർത്താക്കന്മാരിൽ ഏറ്റവും ആവശ്യമായ ഒന്നാണ് പരസ്പരവിശ്വാസം.... ഇപ്പോൾ ചേർത്തുപിടിച്ചിരിക്കുന്ന ആ പെങ്കുട്ട്യേയെങ്കിലും അവിശ്വസിക്കരുത്... ഇത്രയും പറഞ്ഞു നടന്നകലുന്ന പ്രഭുവിനെ നോക്കിനിൽക്കെ വിനയുടെ ഉള്ളിൽ ഒരു പിടിവലിതന്നെ നടക്കുകയായിരുന്നു... ഒരുവശത് തന്റെ കൂടപ്പിറപ്പ്.... ഒരിക്കലും അവളെ തെറ്റായൊന്നു ചിന്തിക്കാൻ പോലും കഴിയില്ല... എന്നാൽ പ്രഭു.... അവനെ ശരിക്കും തന്നെ ഏട്ടനെപ്പോലെയെ കണ്ടിട്ടുള്ളു... വിധുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ പലപ്പോഴും അവളുടെ ഭാഗ്യമോർത്തു സന്തോഷിച്ചിട്ടുണ്ട്.. ഒടുവിൽ സ്വന്തം ഭാര്യയെ പെങ്ങളേക്കാൾ വിശ്വാസത്തോടെ ചേർത്തുനിർത്തിയപ്പോൾ അവനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളു....

അങ്ങനെയുള്ള ഒരാൾ ഇന്ന് അവളെ തള്ളിപ്പറയണമെങ്കിൽ അതിനുതക്കതായ കാര്യമുണ്ടാകും... ആരെയാണിപ്പോൾ വിശ്വസിക്കുക.. വിനയാകെ കൺഫ്യൂഷനിലായി... എന്താ ഏട്ടാ...? പ്രഭുവേട്ടനെന്താ മാറ്റിനിർത്തിപ്പറഞ്ഞേ ? വിനയുടെ അടുത്തായി വന്നു നിമിഷ ചോദിച്ചു.. ഏട്ടാ... ചിന്തയിൽ മുഴുകിനിന്ന വിനയ് നിമിഷ തട്ടിവിളിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു.. ഏയ് ! എന്താ ? ഏട്ടനിതെന്താലോചിച്ചു നിക്കാ ? ഞാൻ ചോദിച്ചത് കേട്ടില്ലേ ? പ്രഭുവെട്ടാനെന്താ ഏട്ടനെ മാറ്റിനിർത്തി പറഞ്ഞെന്ന് ? നിമിഷ ആകാംക്ഷയോടെ ചോദിച്ചു... ഒന്നുല്ല.. നീ വാ.... എന്തെങ്കിലും വേണേൽ പെട്ടെന്നെടുക്ക്... എന്തോ ഒരു തലവേദന പോലെ .. വിനയ് അവൾക്കു മുഖം കൊടുക്കാതെ പറഞ്ഞൊഴിഞ്ഞു.. പീലിയെ കണ്ടപ്പോൾ പഴയതൊക്കെ ഓർമ്മവന്നല്ലേ ? അതല്ലേ ഇപ്പോൾ ഈ തലവേദനയ്ക്കു കാരണം...? നിമിഷ വിട്ടുകൊടുക്കാൻ ഭാവമില്ലാതെ നടക്കുന്നതിനിടയിൽ ചോദിച്ചു.. നിമ്മി.... ഷട്ട് അപ്പ്‌.... ഞാൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.... ബട്ട്‌ ഇപ്പോൾ നീയാണ് എന്റെ ഭാര്യ.... ഇപ്പോൾ എന്റെ ലൈഫിൽ നിനക്ക് മാത്രമേ സ്ഥാനമുള്ളൂ... സൊ ഡോണ്ട് റിപ്പീറ്റ്..... ദേഷ്യത്തിൽ പറഞ്ഞുകൊണ്ടവൻ മുഖം തിരിച്ചു...

മാളിൽനിന്നുമിറങ്ങി കാർ പാർക്കിങിലോട്ട് നടക്കുമ്പോൾ കണ്ടു ഭവിയ്‌ക്കൊപ്പം എന്തോ പറഞ്ഞു ചിരിക്കുന്ന പീലിയെ.. തൊട്ടരികിലായി പ്രഭുവും അല്പം മാറി ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന മായയും... നീ കാറിൽ കയറിക്കോ ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം... നിമിഷയോടായി പറഞ്ഞുകൊണ്ട് വിനയ് ഫോൺ എടുത്തുകൊണ്ടു കാറിന്റെ സൈഡിലേയ്ക് മാറി... മനസിൽ പിടിവലി നടത്തുന്ന സംശയം മാറ്റാനുള്ള വ്യഗ്രത അവനിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്നു.. ഫോണിൽ വിധുവിന്റെ നമ്പർ ഡയൽ ചെയ്തു കാതോടുചേർക്കുമ്പോഴും തന്റെ പെങ്ങളോടുള്ള അമിതവിശ്വാസം മുന്നിട്ടുനിന്നു.. ആദ്യത്തേതവണ ഫുൾ റിങ് കേട്ടുകഴിഞ്ഞു രണ്ടാമത്തെ തവണ വിളിച്ചു പകുതിയായപ്പോഴാണ് വിധു ഫോൺ എടുത്തത്.. ഹലോ... വിധു... ആഹ്ഹ് ! ഏട്ടാ ? എന്താ ഈ നേരത്ത് ? അതെന്താ എനിക്ക് നിന്നെ വിളിക്കാൻ നേരവും കാലവും നോക്കണോ ? അതല്ല.. സാധാരണ രാത്രി പ്രഭുവേട്ടൻ വന്നിട്ടാണല്ലോ വിളിക്കാറ്.. നിനക്കെന്താ വയ്യേ? ശബ്ദം വല്ലാണ്ടിരിക്കുന്നല്ലോ ?

ആകെ കുഴഞ്ഞ വിധുവിന്റെ ശബ്ദം കേട്ടവൻ ചോദിച്ചു.. ഏയ് ! ഇല്ലേട്ടാ... കിടക്കായിരുന്നു... ആഹ്ഹ് ! ഏട്ടൻ എവിടെ ? ഇന്ന് ഓഫ്‌ ആണല്ലോ ? വിനയ് അറിയാത്ത രീതിയിൽ ചോദിച്ചു.. ഏട്ടൻ ഇവിടുണ്ട്... ഉറങ്ങുവാ.... എന്താ ഏട്ടാ ? വൈകാതെ മറുപടി വന്നു. . ഒന്നുമില്ല... അളിയൻ ഉണരുമ്പോൾ വിളിക്കാം... നീ പറഞ്ഞേക്ക്.. ഏയ് .. ഇന്നിനി വിളിക്കണ്ടേട്ടാ... പ്രഭുവേട്ടൻ ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിന് ഇന്ന് ഡൽഹിയ്ക്ക് പോകും... ഹോസ്പിറ്റലിന്ന് വേറെയും ഡോക്ടർസ് ഉണ്ട്... നൈറ്റ് ആണ് ഫ്ലൈറ്റ്... അവിടെത്തിട്ട് വിളിക്കാൻ പറയാം.... ശരി ഏട്ടാ... വെപ്രാളപ്പെട്ട് മായ ഫോൺ വെച്ചു.. ഒരുനിമിഷം വിനയ് അമ്പരന്നു.. പ്രഭുവെട്ടനെപ്പറ്റി അവൾ കള്ളം പറഞ്ഞു.. അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞുമില്ല.. പക്ഷേ ശബ്ദത്തിലെ പതർച്ച.... ഇനി വീട്ടിൽ ഒന്നും അറിയിക്കാതിരിക്കാൻ ആയിരിക്കുമോ അവൾ എല്ലാം മറയ്ക്കുന്നത്... സംശയങ്ങൾ ബലപ്പെടുകയല്ലാതെ ഉപയോഗമൊന്നും ആ ഫോൺ കാൾ നൽകിയില്ല... ആകെ തലപെരുക്കുന്ന പോലെയവന് തോന്നി.. തിരികെയുള്ള യാത്രയിലുടനീളം വിനയുടെ മനസ്സ് അസ്വസ്ഥമായിരുന്നു... തന്റെ നേരെ നീളുന്ന നിമിഷയുടെ ചോദ്യങ്ങളോടെയുള്ള നോട്ടം മനപ്പൂർവം കണ്ടില്ലയെന്നു നടിച്ചു........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story