♥️ മയിൽ‌പീലി ♥️ ഭാഗം 35

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഒരുനിമിഷം വിനയ് അമ്പരന്നു.. പ്രഭുവെട്ടനെപ്പറ്റി അവൾ കള്ളം പറഞ്ഞു.. അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞുമില്ല.. പക്ഷേ ശബ്ദത്തിലെ പതർച്ച.... ഇനി വീട്ടിൽ ഒന്നും അറിയിക്കാതിരിക്കാൻ ആയിരിക്കുമോ അവൾ എല്ലാം മറയ്ക്കുന്നത്... സംശയങ്ങൾ ബലപ്പെടുകയല്ലാതെ ഉപയോഗമൊന്നും ആ ഫോൺ കാൾ നൽകിയില്ല... ആകെ തലപെരുക്കുന്ന പോലെയവന് തോന്നി.. തിരികെയുള്ള യാത്രയിലുടനീളം വിനയുടെ മനസ്സ് അസ്വസ്ഥമായിരുന്നു... തന്റെ നേരെ നീളുന്ന നിമിഷയുടെ ചോദ്യങ്ങളോടെയുള്ള നോട്ടം മനപ്പൂർവം കണ്ടില്ലയെന്നു നടിച്ചു. കുറെയേറെ നേരം പുറത്ത് ചിലവഴിച്ചിട്ടാണ് പ്രഭുവും പീലിയുമൊക്കെ തിരികെപ്പോയത്.. അറിയാതെപോലും അവരുടെ സംസാരത്തിൽ വിനയും വിധുവും കടന്നുവരാതിരിക്കാൻ ഭവിയും മായയും ശ്രദ്ധിച്ചു... പിറ്റേദിവസം പുലർച്ചെതന്നെ പ്രഭു തിരികെപ്പോയി.. പക്ഷേ ഇങ്ങോട്ട് വന്നപ്പോഴുള്ള കലുഷിതമായ മനസ്സുമായല്ല തികച്ചും ശാന്തമായ പുതിയൊരു നാളെയെ സ്വപ്നം കണ്ടുകൊണ്ട്....

പിറ്റേദിവസം പീലീ ഓഫീസിൽ എത്തുമ്പോൾ ഭവി ക്യാബിനിൽ തിരക്കിട്ട എന്തോ വർക്കിലായിരുന്നു... എന്താ മാഷേ രാവിലെ ബിസിയാണല്ലോ ? ഓഫീസ് ടൈം ആയില്ലല്ലോ ഹാൻഡ് ബാഗ് ടേബിൾ ഡ്രോയറിൽ വെയ്ക്കുന്നതിനിടയിൽ ചോദിച്ചു.. മ്മ്.. അൽപ്പം ബിസി ആണല്ലോ ? ഭവി അവളെ അടുത്ത് ചെയറിൽ പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു... എന്താ ഭവി വിനയ് സാർ അടുത്ത പണി തന്നോ ? ഏയ് ഇതതൊന്നുമല്ല.. നമ്മുടെ കമ്പനിയിൽ നിന്നും എല്ലാ വർഷവും ഒരു ട്രിപ്പ്‌ പോകാറുണ്ട്.. മിക്കവാറും ഈ മെയ് മാസമാണ് പോകാറ്. ഫാമിലി ട്രിപ്പ്‌ അല്ലേ .... ഇപ്പൊഴാമ്പോ കുട്ടികൾക്കൊക്കെ വെക്കേഷൻ അല്ലേ ? ഭവി പറഞ്ഞു... ആഹാ ! അപ്പോൾ എന്നാ പോകണേ ? നെക്സ്റ്റ് വീക്ക്‌ പോകാനാ ഹെഡ് ഓഫീസിൽ നിന്നും സാങ്ക്ഷൻ കിട്ടിയിരിക്കണേ... അതിന്റെ പേപ്പർസോക്കെ ശരിയാക്കാൻ വിനയ് സാർ പറഞ്ഞു... ഭവി മറുപടി നൽകി.. ഗുഡ് മോർണിംഗ് ഗയ്‌സ്..... അപ്പോഴാണ് മിതു അവിടേയ്ക്കു വന്നത്...

ഗുഡ് മോർണിംഗ്..... എടി... എത്ര ദിവസായി കണ്ടിട്ട്... അച്ഛനെങ്ങനുണ്ട് ? പീലീ മിത്തുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.. ഒന്നു കാണിച്ചുവരാമെന്നു കരുതിയാ വയനാടുള്ള വൈദ്യനടുത്തു കൊണ്ടുപോയെ .. അവിടെ ചെന്നപ്പോൾ ഒരാഴ്ച കിഴിയിടണമെന്നു പറഞ്ഞു.. നിനക്കറിയാല്ലോ ഇനി കാണിക്കാൻ ഒരിടവും ബാക്കിയില്ല.. ഇനി ഇതുകൂടി നോക്കിക്കളയാം എന്നുകരുതി ഒരാഴ്ച നിന്നു... മിതു പറഞ്ഞു.. എന്നിട്ടിപ്പോൾ എങ്ങനെയുണ്ട് മിതു..? ഭവി ആകാംക്ഷയോടെ ചോദിച്ചു.. ഇപ്പോൾ ചെറുതായിട്ട് വലതു കൈ ആനക്കുന്നുണ്ട്... പ്രതീക്ഷയ്ക്കു വകയുണ്ടെന്നാ വൈദ്യർ പറയണേ.. അങ്ങനെ അമ്മയെ അവിടെ നിർത്തി പെങ്ങന്മാരെയും കൊണ്ടിങ്ങു പോന്നു.. അവർക്കു കോളേജിൽ ക്ലാസ് തുടങ്ങി.. പിന്നെ ജോലി ഇല്ലാതെ എങ്ങനാ? അതുകൊണ്ട് ഞാനും ഇങ്ങു പോന്നു.. എല്ലാം ഒരു ചെറുപുഞ്ചിരിയോടെ പറയുന്ന മിത്തുവിനെ അത്ഭുതത്തോടെ നോക്കി കാണുവായിരുന്നു ഭവിയും പീലിയും... അല്ലാ... ഇവിടെന്താ തിരക്കുപിടിച്ച പണി..

അവരുടെ ശ്രദ്ധ അതിൽനിന്നും മാറ്റിക്കൊണ്ട് മിതു ചോദിച്ചു.. ഭവി ട്രിപ്പിനെക്കുറിച്ചു എല്ലാം പറഞ്ഞു... ആഹാ ! എവിടാ പോകണേ ? ആകാംക്ഷയോടെ മിതു ചോദിച്ചു.. ബാംഗ്ലൂർ ആണ് പൊതുവായ അഭിപ്രായം... ഇതുവരെ ഫൈനലൈസ് ചെയ്തിട്ടില്ല.. പെൻ കൈയിലിട്ട് കറക്കിക്കൊണ്ടിരുന്ന പീലിയുടെ കൈയിൽനിന്നും പെട്ടെന്നതു താഴെ വീണു.. ഭവിയ്ക്കു പെട്ടെന്നുള്ള പീലിയുടെ മാറ്റം മനസ്സിലായി.. എങ്കിലും മിതുവുള്ളതിനാൽ അത് പ്രകടിപ്പിച്ചില്ല.. ബാംഗ്ലൂരെന്നു കേട്ടപ്പോൾ ആദ്യം പീലിയുടെ മനസ്സിൽ തെളിഞ്ഞത് റോയിക്കൊപ്പം ഹോട്ടലിൽനിന്നും തന്നെ പോലീസ് കൊണ്ടുപോകുന്ന രംഗമാണ്.. അതിനൊപ്പം വിധുവിന്റെയും വിനയുടെയും ശബ്ദം ചെവിയിൽ മുഴങ്ങി.. കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നതറിഞ്ഞിട്ടെന്നോണം അവൾ പതിയെ അവിടെനിന്നും എഴുന്നേറ്റു.. പീലു നീ എവിടെപോകാ ? ഭവി അവളുടെ കൈയിൽ പിടിച്ചുനിർത്തി ചോദിച്ചു... അവളുടെ മാനസികാവസ്ഥ അവനെക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക.. ഞാൻ ഒന്നു വാഷ് റൂമിൽ പോയിട്ടുവരാം..

അവൾ മുഖത്ത് നോക്കാതെപറഞ്ഞു.. മ്മ്.. പോയിട്ട് പെട്ടെന്ന് വാ... എനിക്ക് ദാ ഈ ഫയൽ ഇപ്പോൾ മെയിൽ ചെയ്യേണ്ടതാ.. പത്തുമണിക്ക് മീറ്റിംഗ് പറഞ്ഞിട്ടുണ്ട്.. ഭവി പീലിയോടായി പറഞ്ഞു.. മ്മ്.. ഞാൻ ഇപ്പോൾ വരാം... അവരോടു പറഞ്ഞുകൊണ്ടവൾ വാഷ്‌റൂമിലേയ്ക് പോയി.. വിശാലമായ വാഷ് ഏരിയ കഴിഞ്ഞിട്ടാണ് ലേഡീസിന്റെയും ജെന്റ്സിന്റെയും ബാത്റൂം ഓഫീസ് ടൈം ആകുന്നതേയുള്ളു... അതുകൊണ്ട് തന്നെ വാഷ് ഏരിയയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല.. പീലീ ടാപ് തുറന്നു മുഖത്തേയ്ക്കു വെള്ളമൊഴിച്ചു... നിറഞ്ഞൊഴുകുന്ന കണ്ണുകളെ മറയ്ക്കാനെന്നോണം വീണ്ടും വീണ്ടും മുഖത്തേയ്ക്കു വെള്ളമൊഴിച്ചുകൊണ്ടിരുന്നു.. ഇങ്ങനെയൊരു മകൾ ഉണ്ടെന്നു പറയുന്നതിനേക്കാൾ നല്ലത് ചത്തെന്നു പറയുന്നത് തന്നാ... ഇനി ഞങ്ങളെങ്ങനെ ഹോസ്പിറ്റലിൽ മറ്റ് ഡോക്ടര്സിന്റെ മുഖത്തുനോക്കും.. വീട്ടിൽനിന്നും പുറത്തിറങ്ങാൻ പറ്റുവോ ? അച്ഛയുടെ വാക്കുകൾ കൂരമ്പുപോലെ ഓർമയുടെ മൂടുപടം തുളച്ചു കാതിലേയ്ക്കിരച്ചുകയറി...

അതിന്റെ പ്രതിഭലനമെന്നോണം പുറത്തേക്കുവന്ന ഗദ്ഗദം കൈകൊണ്ടു വായപൊത്തിയവൾ തടഞ്ഞുനിർത്തി... ആരോത്തന്നെ കടന്നുപോയതറിഞ്ഞു പണിപ്പെട്ടവൾ കരച്ചിലടക്കി തിരിഞ്ഞു നോക്കി.. പക്ഷേ ആരെയും അവിടെ കണ്ടില്ല... മെല്ലെ മുഖം കഴുകി കൈകൊണ്ട് മുഖം അമർത്തിതുടച്ചു നിവർന്നപ്പോൾ കണ്ണാടിയിൽ കൂടിക്കണ്ടു തന്നെനോക്കി പുറകിൽ നിൽക്കുന്ന വിനയെ.... ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ അവൾ നിശ്ചലയായി.. പിന്നെ പതിയെ തിരിഞ്ഞു നടക്കാനൊരുങ്ങി.. പീലീ... വിനയുടെ ശബ്ദം അവളുടെ കാലുകളെ പിടിച്ചുനിർത്തി.. തിരിഞ്ഞുനോക്കാതെ അവൾ അവിടെത്തന്നെ നിന്നു.. ഇതുവരെത്തന്നെ വിളിക്കുമ്പോഴുള്ള ഉറച്ച ദാർഷ്ട്യത ഈ വിളിയിൽ ഇല്ലാത്തതുപോലവൾക്കു തോന്നി.. എന്തുപറ്റി ? ഒരുവാക്കിൽ അവൻ ചോദ്യം ഒതുക്കി.. ഒന്നുമില്ല സാർ... അവൾ തിരിഞ്ഞുനോക്കാതെതന്നെ ഉത്തരം നൽകി... ഇപ്പോഴും അറിയില്ല.... ആരാണു ശരി.. ആരാണ് തെറ്റെന്ന്... പക്ഷേ എന്തോ ഇപ്പോൾ നിന്നോട് പഴയ ദേഷ്യം തോന്നുന്നില്ല... സോറി..... ഓഫീസിൽ കാണുമ്പോഴൊക്കെ വഴക്ക് പറഞ്ഞിട്ടേയുള്ളു... അപമാനിച്ചിട്ടേയുള്ളു... അത്... വേണ്ട സാർ.... ഇനി അതിനെക്കുറിച്ചൊന്നും പറയണ്ട... പിന്നെ അപമാനം...

എന്തിനെന്നെയിങ്ങനെ അതുപറഞ്ഞു വീണ്ടും പരിഹസിക്കുന്നു... ഞാൻ അനുഭവിച്ചതിനേക്കാൾ വല്യ അപമാനമൊന്നുമല്ലല്ലോയിവിടെ കിട്ടിയത്.. പിന്നേ ഇപ്പോഴും സാർ അല്ലായെന്നു പറഞ്ഞാലും ആ മനസിൽ ഞാൻ തന്നെയാണ് തെറ്റുകാരി... അതുകൊണ്ട് പൊള്ളയായ ഒരു ആശ്വാസവാക്കും ഇന്നെനിക്ക് സാന്ത്വനമാകില്ല... ഈ ആശ്വാസവാക്കുകൾ ഞാൻ കേൾക്കാൻ കൊതിച്ചപ്പോൾ കിട്ടിയത് കുത്തുവാക്കുകളായിരുന്നു... സൊ പ്ലീസ്‌...... അവൾ കരഞ്ഞുകൊണ്ട് ടാപ് തുറന്നു വീണ്ടും മുഖം കഴുകി... അപ്പോഴാണ് ഭവി വാഷ്‌റൂമിലെയ്ക്കു വന്നത്.. രണ്ടുപേരെയും കണ്ടപ്പോഴേയ്കും അവന് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി... കണ്ണാടിയിൽക്കൂടി കരഞ്ഞുചുവന്ന കണ്ണുകളുമായി നിൽക്കുന്ന പീലിയെ കണ്ടപ്പോൾത്തന്നെ തന്റെ നെഞ്ച് പിടയുന്നതവനറിഞ്ഞു..

മെല്ലെ അവൾക്കടുത്തേയ്ക്കു പോയി പാൻറ്സിൻറെ പോക്കറ്റില്നിന്നും കർച്ചീഫ് എടുത്തു നീട്ടി.. തിരിഞ്ഞുനോക്കാതെതന്നെ ഭവിയുടെ സാമിപ്യം മനസ്സിലാക്കിയ പീലീ അത് വാങ്ങി മുഖം തുടച്ചു... ഒന്നും ചോദിക്കാതെ പീലിയെയും ചേർത്തുപിടിച്ചു നടന്നുപോകുന്ന ഭവിയെ കാൺകെ വിനയുടെ മനസിൽ അറിയാതെ അന്നാദ്യമായി ചെറിയ നഷ്ടബോധം ഉടലെടുത്തു... പോക്കറ്റിൽ റിങ് ചെയ്യുന്ന മൊബൈൽ കയ്യിലെടുത്തു ചെവിയോടുചേർക്കുമ്പോഴും വിനയുടെ ദൃഷ്ടി കാഴ്ചയിൽനിന്നും മറയുന്ന ഭവിയിലും പീലിയിലുമായിരുന്നു............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story