♥️ മയിൽ‌പീലി ♥️ ഭാഗം 36

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

കണ്ണാടിയിൽക്കൂടി കരഞ്ഞുചുവന്ന കണ്ണുകളുമായി നിൽക്കുന്ന പീലിയെ കണ്ടപ്പോൾത്തന്നെ തന്റെ നെഞ്ച് പിടയുന്നതവനറിഞ്ഞു.. മെല്ലെ അവൾക്കടുത്തേയ്ക്കു പോയി പാൻറ്സിൻറെ പോക്കറ്റില്നിന്നും കർച്ചീഫ് എടുത്തു നീട്ടി.. തിരിഞ്ഞുനോക്കാതെതന്നെ ഭവിയുടെ സാമിപ്യം മനസ്സിലാക്കിയ പീലീ അത് വാങ്ങി മുഖം തുടച്ചു... ഒന്നും ചോദിക്കാതെ പീലിയെയും ചേർത്തുപിടിച്ചു നടന്നുപോകുന്ന ഭവിയെ കാൺകെ വിനയുടെ മനസിൽ അറിയാതെ അന്നാദ്യമായി ചെറിയ നഷ്ടബോധം ഉടലെടുത്തു... പോക്കറ്റിൽ റിങ് ചെയ്യുന്ന മൊബൈൽ കയ്യിലെടുത്തു ചെവിയോടുചേർക്കുമ്പോഴും വിനയുടെ ദൃഷ്ടി കാഴ്ചയിൽനിന്നും മറയുന്ന ഭവിയിലും പീലിയിലുമായിരുന്നു... എന്താ നിമ്മി ഈ നേരത്ത് ? ഞാൻ ഓഫീസിൽ എത്തിയതേയുള്ളു... വിനയ് ഫോൺ ചെവിയോടുചേർത്തു പറഞ്ഞു.. ഏട്ടൻ ക്യാബിനിലാണോ ? അല്ല.. വാഷ്‌റൂമിലാ എന്താ ? വിനയ് ഗൗരവത്തോടെ മറുപടി പറഞ്ഞു... എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടെന്താ വിളിക്കാഞ്ഞേ ? അത് ഞാൻ കുറച്ച് തിരക്കായിപ്പോയി.. വിളിക്കാൻ തുടങ്ങുവായിരുന്നു... മ്മ്.... അവൾ വന്നോ ? ആര് ?

നിമ്മി ഉദ്ദേശിച്ചത് മനസ്സിലായെങ്കിലും അറിയാത്തപോലെയവൻ ചോദിച്ചു.. വേറാരാ ... ആ പീലീ... നിമ്മി തെല്ലനിഷ്ടത്തോടെ പറഞ്ഞു.. ആ... വന്നു... വിനയ് ഒഴുക്കന്മട്ടിൽ പറഞ്ഞു.. ഓഹ് ! അപ്പോൾ ചെന്നുകയറുന്നതിനുമുന്പ് അതൊക്കെ തിട്ടപ്പെടുത്തി... എന്റെ ദൈവമേ... ഞാൻ എങ്ങനെ ഇവിടെ സമാധാനമായിരിക്കും ? നിമ്മി.... ഷട്ട് അപ്പ്‌... നീയെന്താ ഒരുമാതിരി ചീപ്പ് പെണ്ണുങ്ങളെ പോലെ സംസാരിക്കുന്നത്... ഇനി ദേഷ്യപ്പെടും.... അല്ലെങ്കിലും സത്യം പറയുമ്പോൾ ഇഷ്ടപ്പെടില്ലല്ലോ ? നിമ്മി പരിഭവത്തോടെ പറയാൻ തുടങ്ങി.. എന്റെ നിമ്മി നിന്നോട് ഞാനൊരു നൂറുതവണ പറഞ്ഞുകഴിഞ്ഞു... നൗ ഷീ ഈസ്‌ ജസ്റ്റ്‌ മൈ സബോർഡിനേറ്റ്... യു ഗോട്ട് ഇറ്റ്.. യൂ... ആർ മൈ വൈഫ്... മൈൻഡ് ഇറ്റ്.. വിനയ് ദേഷ്യത്തിൽ ഫോൺ കട്ട്‌ ചെയ്തു.. വീണ്ടും നിമിഷ വിളിച്ചെങ്കിലും അവൻ എടുത്തില്ല... പത്തുമണിക്ക് മീറ്റിംഗ് പറഞ്ഞിട്ടുള്ളതിനാൽ കോൺഫറൻസ് ഹാളിലേയ്ക് പോയി... മീറ്റിങ്ങിനിരിക്കുമ്പോഴും പീലിയുടെ മുഖം വിഷാദഛായ ആയിരുന്നു... ഉച്ചയ്ക്ക് ലഞ്ചിന്‌ പോയപ്പോഴാണ് മായ ഫ്ലാറ്റിൽ നിന്നും ഭവിയുടെ വീട്ടിലേയ്ക്കു നാളെത്തന്നെ മാറാമെന്നു വിളിച്ചുപറഞ്ഞത്... പ്രഭു രണ്ടുദിവസം മുന്നേ തിരുവനന്തപുരത്ത് ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഓർത്തോ സെക്ഷനിൽ സീനിയർ ഡോക്ടറായി ചാര്ജടുത്തു..

അതുകൊണ്ടുതന്നെ ഫ്ലാറ്റിൽ തല്ക്കാലം അവൻ താമസിക്കാമെന്നുകരുതി... ഊണ് കഴിക്കുന്നതിനിടയിൽ പീലീ ഭവിയോട് കാര്യം പറഞ്ഞു... ഭവി... ഞങ്ങൾ നാളെ വീട്ടിലേയ്ക്കു മാറിയാലോന്ന് ആലോചിക്കുവാ... ഓഹ് ... നീ ആലോചിച്ചിരുന്നോ... എന്റെ അനിയത്തി നാളെ അങ്ങ് പോരും.. നീയും നിന്റെ ഏട്ടനും കൂടി അവിടെ കൂടിക്കോ ? ഭവി അവളെനോക്കി കുസൃതിച്ചിരിയോടെ പറഞ്ഞു... ഓഹ് ! ഒരു ആങ്ങളയും പെങ്ങളും... ഞാൻ അങ്ങ് വന്നോട്ടെ കാണിച്ചുതരാം... അവളും കുസൃതിയോടെ പറഞ്ഞു.. പോടീ..... അസൂയക്കാരി... ഭവി പീലിയുടെ തലയിൽ കൊട്ടി. പീലീ അവനെ ചുണ്ടുകോട്ടി കാണിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങി.. ഞാൻ പ്രഭു ഏട്ടനോട് പറഞ്ഞതാ വീട്ടിൽ നിക്കാം ഫ്ലാറ്റ് വേണ്ടന്ന്.. കേൾക്കണ്ടേ... ഭവി തെല്ലു പരിഭവത്തോടെ പറഞ്ഞു.. ഇല്ലെടാ.. ഞാനും പറഞ്ഞു നോക്കി... ഏട്ടൻ പറയുന്നത് കേട്ടപ്പോൾ എനിക്കും കാര്യമുണ്ടെന്നു തോന്നി.. അവിടുന്ന് ഏട്ടന് ഹോസ്പിറ്റലിൽ പോകാൻ എളുപ്പമാ.. എന്തേലും എമർജൻസി വന്നാല് എളുപ്പമല്ലേ.. അവൾ പറഞ്ഞു. മ്മ്... ശരിയാ.. അപ്പോൾ നിങ്ങൾ എപ്പാ വരുന്നേ ?

ഭവി തിരക്കി. നാളെ സൺ‌ഡേ അല്ലേ.. ഏട്ടനും പോകണ്ടല്ലോ.. ഏട്ടൻ കൊണ്ടാക്കാമെന്നു പറഞ്ഞു.. പീലീ കഴിച്ചെഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു.. മ്മ്.. എന്നാൽ അങ്ങനാകട്ടെ... ഭവിയും ശരിവെച്ചു.. വൈകുന്നേരം ഭവിയാണ് പീലിയെ ഫ്ലാറ്റിൽ ആക്കാൻ പോയത്... പ്രഭു ഉള്ളതുകൊണ്ട് രണ്ടുദിവസമായി ഭവി പീലിയെ ഫ്ലാറ്റിലാക്കി അവനെ കണ്ടിട്ടാണ് പോകുന്നത്... താഴെ ബൈക്ക് പാർക്ക്‌ ചെയ്തു ഭവിയും പീലിയും ഫ്ലാറ്റിനു മുൻപിലെത്തി കാളിങ് ബെൽ അടിച്ചു.. ഡോർ തുറന്നതു പ്രഭുവാണ്.. ഏട്ടൻ എപ്പോൾ വന്നു.. മായ എത്തിയില്ലേ ? അവൾ തിരക്കി.. പ്രഭു മറുപടി പറയാതെ അകത്തേയ്ക്കു നോക്കി... പീലീ അവന്റെ ദൃഷ്ടിപോയിടത്തേയ്ക്കു നോക്കി... ഹാളിൽ സോഫയിൽ ഇരിക്കുന്ന ആളിലേയ്ക് നോട്ടമെത്തിയപ്പോൾ പീലീ ഒരടി പുറകിലേക്കു വെച്ചു. ഭവിയുടെ നെഞ്ചിൽത്തട്ടി നിൽക്കുമ്പോൾ അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു... അമ്മ....... പീലീ പറഞ്ഞതുകേട്ട് ഭവിയും അവിടേയ്ക്കു നോക്കി... അൻപതു vayyassinaduthu പ്രായം തോന്നിയ്ക്കുന്ന മോഡേൺ ആയുള്ള ഒരു സ്ത്രീ...

മുഖത്തുള്ള ഗൗരവത്തിനു കണ്ണിൽ വെച്ചിരിക്കുന്ന സ്‌പെക്സ് കടുപ്പം കൂട്ടുന്നതായി തോന്നി.. പീലീ വാ... പ്രഭു അവളെ തോളിൽ ചേർത്തുപിടിച്ചു ഭവിയെ കണ്ണുകൊണ്ട് വരാൻ ആംഗ്യത്തിൽ കാട്ടി നടന്നു.. അവസാനമായി കണ്ടപ്പോൾ അമ്മ പറഞ്ഞവാക്കുകൾ അവളുടെ ഉള്ളിൽ പ്രതിധ്വനിച്ചു... പീലിയെ കണ്ടപ്പോൾ അവർ പതിയെ എഴുന്നേറ്റു.. കൈയിലിരുന്ന ചായക്കപ്‌ ടേബിളിലേയ്ക് വെച്ചു.. ആ... നീ വന്നോ ? എങ്ങനെയുണ്ട് ഇവിടുത്തെ ജീവിതമൊക്കെ ? പീലീ നോക്കിനിന്നതല്ലാതെ ഒന്നുംതന്നെ മിണ്ടിയില്ല.. അടുത്തുനിൽക്കുന്ന ഭവിയെ ഒന്നു നോക്കിയിട്ട് അവർ തുടർന്നു... അന്ന് നീ ഉണ്ടാക്കിവെച്ച അപമാനം ഇന്നും മാറിയിട്ടില്ല.... ഇപ്പോഴും അത് അതുപോലെതന്നെയുണ്ട്.... അതൊക്കെപ്പോട്ടെ ഇപ്പോൾ ഞാൻ വന്നത് നിന്നെ കൂട്ടിക്കൊണ്ട് പോകാനാണ്.. എടുക്കാനുള്ളതൊക്കെ എടുക്കു.. പോകാം... അവർ ഭാവവ്യത്യാസമൊന്നുമില്ലാതെ പറഞ്ഞു.. അതുവരെ തന്റെ അമ്മയുടെ ഭാവങ്ങൾ നോക്കിക്കാണുകയായിരുന്നു പീലീ.. ഇത്രയും നാൾ തന്നെയൊന്നു കാണാൻപോലും കൂട്ടാക്കാതിരുന്നയാൾ ഇപ്പോൾ വന്നെങ്കിൽ തക്കതായ കാര്യമുണ്ടെന്നവൾക്കു തോന്നി.. അതുകൊണ്ടുതന്നെ അവൾ ചോദിച്ചു..

എനിക്ക് ഇപ്പോൾ ഇവിടെ ഒരു ജോലിയുണ്ട്.. ഞാൻ വരുന്നില്ല... നോക്ക് പീലീ എന്തേലുമുണ്ടെങ്കിൽ വീട്ടിൽപോയി സംസാരിക്കാം... ഞാൻ പ്രഭുവിനോട് പറഞ്ഞായിരുന്നു കാര്യം.. അവൻ പറഞ്ഞില്ലേ ? പ്രഭുവിനെ നോക്കിക്കൊണ്ട് സുമിത്ര ചോദിച്ചു.. പീലീ ഒരുനിമിഷം എന്തെന്നറിയാതെ ഏട്ടനെ നോക്കി... അടുത്തായി ഇതൊക്കെക്കണ്ട് നിന്ന ഭാവിയും മായയും പ്രഭുവിനെ ചോദ്യരൂപേണ നോക്കി.. ഞാൻ ഇവളോടൊന്നും പറഞ്ഞിട്ടില്ല... പ്രഭു മുഖത്തുനോക്കാതെ പറഞ്ഞു.. നിന്നോട് ഞാൻ പറഞ്ഞല്ലേ അയച്ചത്...? അത് പറയേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല.. പ്രഭു ഉത്തരം പറഞ്ഞു... അതെന്താ ? എന്താണെന്നു അമ്മയ്ക്കു നന്നായറിയല്ലോ ? ദാ... ഈ നിൽക്കുന്ന ഭവിയെ പീലിയ്ക്കു ഇഷ്ടമാണ്.. അവന് ഇവളെയും.. ഇത് ഞാൻ കാര്യം അറിഞ്ഞപ്പോൾത്തന്നെ അമ്മയോട് പറഞ്ഞതാണ്... പിന്നെന്തിനാ അമ്മ ഇപ്പോൾ ഇതുംപറഞ്ഞുവന്നേ ? പ്രഭുവൽപ്പം നീരസത്തോടെ ചോദിച്ചു.. ഓഹോ ! അപ്പോൾ എന്നെ ചോദ്യം ചെയ്യാനും തുടങ്ങി.. ഞാനും നിന്റെ അച്ഛയും ഒരുമിച്ചെടുത്ത തീരുമാനമാണ് ഇവളുടെ വിവാഹം... വിവാഹമെന്ന് കേട്ടപ്പോൾ പീലീ ഞെട്ടലോടെ അമ്മയെ നോക്കി... ഒപ്പം ഭവിയെയും... അവന്റെ മുഖത്തും ഇതേ ഞെട്ടൽ തെളിഞ്ഞുനിന്നു.. അമ്മ എന്താ പറഞ്ഞത് ? പീലീ ചോദിച്ചു... അതേ നിന്റെ വിവാഹം..

ഏറെ ആശിച്ചു ഞങ്ങൾ ഒരെണ്ണം ഉറപ്പിച്ചതാ.. അതാണ് നീ അന്ന് മുടക്കിയത്.. ഇപ്പോൾ ഞങ്ങളുടെ ഭാഗ്യംകൊണ്ടാ നമ്മുടെ ഹോസ്പിറ്റൽ എം ഡി യുടെ മോൻ സൂര്യജിത് നിന്നെ വിവാഹം കഴിക്കാമെന്നേറ്റത്‌...അറിയാല്ലോ നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അവർ ഇതിനു താല്പര്യം കാണിച്ചത്... സുമിത്ര പറഞ്ഞു... അവന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ.. അതിൽ ഒരു കുട്ടിയുമുണ്ട്... അതായത് രണ്ടാം കെട്ട്.. അത് പറയാൻ അമ്മ മറന്നുപോയോ ? പ്രഭു ഇടയ്ക്കുകയറി സുമിത്രയോട് ചോദിച്ചു.. അതിനെന്താ? ഇവളുടെ കഥയറിഞ്ഞാൽ നല്ല ഉദ്ദേശത്തോടെ ആരേലും വരുമോ കെട്ടാൻ ? ഇവനെപ്പോലെ ഒരു ദരിദ്രവാസിയുടെ കൂടെ ജീവിച്ചു ജീവിതം കളയണോ അതോ രാജകുമാരിയെപ്പോലെ കഴിയാണോയെന്ന് ആലോചിക്കൂ.. സുമിത്ര ഭവിയെ നോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് പീലിയോടായി തിരക്കി ... അമ്മേ.. അമ്മയെന്താണ് പറയുന്നതെന്ന് ചിന്തിക്കുന്നുണ്ടോ ? ഇതുവരെ നിങ്ങളുടെ പ്രസ്റ്റീജിനുവേണ്ടി മൗനിയായി എല്ലാം അനുസരിച്ചു... സ്വന്തം മകളെ വിശ്വാസമില്ലാതെ അന്യയെപ്പോലെ ആട്ടിയോടിച്ചു..

അതൊക്കെ അതിജീവിച്ചു ഇന്നിപ്പോൾ ഈ മുന്നിൽ നിൽക്കുന്ന പീലിയുണ്ടല്ലോ... അമ്മ ഈ ദരിദ്രവാസിയെന്നു വിശേഷിപ്പിച്ച മനുഷ്യന്റെ കാരുണ്യമാണ്.. അവൾ ഭവിയെ കാട്ടിക്കൊണ്ട് പറഞ്ഞു.. ശരിയാണ് പണത്തിന്റെ തൂക്കത്തിൽ ചിലപ്പോൾ കുറവുണ്ടായിരിക്കാം.. എന്നാൽ സ്നേഹത്തിന്റെ കാര്യത്തിൽ ഒരുപാട് സമ്പന്നനാണിവൻ... എനിക്ക് അതുമതി... എന്റെ ജീവിതത്തിൽ ഭവിയല്ലാതെ വേറൊരാളും കാണില്ലിനി.. പീലീ അവന്റെ കൈയിൽ കൈ ചേർത്തുകൊണ്ട് സുമിത്രയോടായി പറഞ്ഞു.. കൊള്ളാം.. ഏട്ടനും അനിയത്തിയും കൂടി ഞങ്ങളെ തോൽപ്പിക്കുവാണല്ലേ ? നിന്നെയൊക്കെ ഇതുവരെ ആക്കിയില്ലേ ? അതൊക്കെ മറന്നല്ലേ? അവർ വീറോടെ ചോദിച്ചു... എല്ലാം ഉപേക്ഷിച്ചു ഇങ്ങനെ വരാൻ നിങ്ങൾക്കവിടെ എന്തിന്റെ കുറവിരുന്നിട്ടാണ് ? സുമിത്ര ഈർഷ്യയോടെ ചോദിച്ചു... സ്നേഹത്തിന്റെ..... പ്രഭു ഒട്ടും സംശയമില്ലാതെ പറഞ്ഞു... അച്ചയുമമ്മയും കടമ തീർത്തതല്ലാതെ ഞങ്ങൾക്കുവേണ്ടി ഒരുദിവസമെങ്കിലും മാറ്റിവെച്ചിട്ടുണ്ടോ ? സ്നേഹത്തോടെ ഒന്നു ചേർത്തുപിടിച്ചിട്ടുണ്ടോ ? അവൻ തുടർന്നു ചോദിച്ചു... ഇപ്പോഴും നിങ്ങളുടെ സ്വാർത്ഥതയ്ക്കുവേണ്ടിയല്ലേ ഇവളെ ആ കല്യാണത്തിന് നിർബന്ധിക്കുന്നത്.? ഇത്രയും നാളായിട്ടു ഒന്നു തിരിച്ചുവിളിക്കാൻ തോന്നിയോ ? സ്വന്തം മകളല്ലേ ? അവൻ ചോദിച്ചു.. സുമിത്ര ഒരുനിമിഷം ഉത്തരമില്ലാതെ വലഞ്ഞു........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story