♥️ മയിൽ‌പീലി ♥️ ഭാഗം 38

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അല്ല .. എന്റെ പെങ്ങളെ ഞാൻ അങ്ങോട്ട് തരട്ടേ... പാവമാ.... സ്നേഹിക്കാനെയറിയുള്ളു.. അതൊന്നാലോചിച്ചുടെ... ഭവി ചോദിച്ചു.. അത്.. ഞാൻ... പ്രഭുവിന് എന്തു പറയണമെന്നറിയാതെ കുഴങ്ങി... സാരമില്ല... ആലോചിക്ക്... പിന്നെ പറഞ്ഞത് തെറ്റാണെങ്കിൽ പൊറുക്കണം.. പെങ്ങളെയോർത്തുള്ള ആദിയിൽ പറഞ്ഞുപോയതാ... അത്രെയും പറഞ്ഞവൻ ബൈക്കെടുത്തുകൊണ്ട് പോയി.. ഭവി കാഴ്ചയിൽനിന്നും മറയുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ ഉള്ളിൽ പ്രത്യധ്വനിച്ചുകൊണ്ടിരുന്നു... തിരികെ ഫ്ളാറ്റിലേക്കെത്തുമ്പോൾ കണ്ടു ബാൽക്കണിയിൽ സെറ്റ് ചെയ്തിട്ടുള്ള ഊഞ്ഞാലയിൽ ചാരി വിധൂരതയിലേയ്ക് കണ്ണുനട്ടിരിയ്ക്കുന്ന മായയെ..... ഭവി ചോദിച്ച ചോദ്യമായിരുന്നു മനസ്സിലപ്പോൾ മുഴങ്ങിയിരുന്നത്.... കണ്ണിൽ ഒരായിരം സങ്കടക്കടൽ ഒളിപ്പിച്ചവൾ.... ഒരിക്കൽ അതിൽ നിറയെ പ്രണയത്തിന്റെ വേലിയേറ്റങ്ങളായിരുന്നിരിക്കണം.... തന്നെപ്പോലെ...... സ്നേഹത്തിന്റെ ഒരു കടലിരമ്പം എന്നും തന്റെ പാതിയ്ക്കായ് കാത്തുവെച്ചവർ .....

കിട്ടിയതോ ചതിയുടെ കൂരമ്പുകൾ..... അവനോർത്തു.... അടുത്ത ദിവസം രാവിലെതന്നെ മൂന്നുപേരും ഭവിയുടെ വീട്ടിലേയ്ക്കു തിരിച്ചു... സുചിത്രയ്ക് ഓണം കൂടുന്ന സന്തോഷമായിരുന്നു മക്കളെയെല്ലാം അരികെ കിട്ടിയപ്പോൾ... ചെന്നു കയറിയപ്പോൾത്തന്നെ കണ്ടു വാതിൽക്കൽ കാത്തിരിക്കുന്ന അമ്മയെ... പ്രഭു സുചിത്രയ്ക്കടുത്തായി ചെന്നിരുന്നുകൊണ്ട് അവരുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. അമ്മേ.. ഞാൻ പറഞ്ഞ ഒരു വാക്ക് പൂർത്തിയാക്കിയിട്ടുണ്ട്.... ദാ... ഇവിടേയ്ക്ക് വന്നു.. ഹോസ്പിറ്റലിൽ ചാർജ് എടുത്തു... ഇനി വാക്ക് പൂർത്തിയാക്കലല്ല എന്റെ കടമ ... അതിലും ഉപരിയായി ആഗ്രഹം... ഈ അമ്മക്കിളി പഴയപോലെ എഴുന്നേറ്റു നടക്കണം... പിന്നെ ദേ ഇവളുടെ കല്യാണം ഓടിനടന്നു നടത്തണ്ടേ... മായയെ നോക്കിക്കൊണ്ട് പ്രഭു ചോദിച്ചു... നിങ്ങളൊക്കെ ഇങ്ങനെ എന്റെയടുത്തു ഉള്ളതുതന്നെ സന്തോഷം....

മക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളെങ്കിലും നോക്കാൻ കഴിഞ്ഞാൽ മതിയെന്ന പ്രാർത്ഥനയേയുള്ളു മോനേ... അവർ അവന്റെ കവിളിൽ കൈചേർത്തുകൊണ്ടു പറഞ്ഞു... വന്നകാലിൽ നിൽക്കാതെ അകത്തേയ്ക്കു വാ മക്കളെ... സുചിത്ര അവരോടായി പറഞ്ഞു... പ്രഭുവും ഭവിയും കാറിൽനിന്നും ലഗേജ് എടുത്തു അകത്തേയ്ക്കു പോയി... ഭവി രാവിലത്തേയ്ക്കുള്ള ആഹാരമൊക്കെ തയ്യാറാക്കി വച്ചിരുന്നു.. അതുകൊണ്ട് തന്നെ നേരെ കഴിക്കാനായി എല്ലാവരും ഇരുന്നു... അമ്മയുടെ ഹോസ്പിറ്റൽ റിപോർട്സ് എല്ലാം ഞാൻ വിശദമായി പരിശോധിച്ചു.. ഇനിഷ്യൽ സ്റ്റേജിൽനിന്നും ഇത്രയും ഇമ്പ്രൂവ്മെന്റ് ഉണ്ടായത് പോസിറ്റീവ് സൈൻ ആയിട്ടുവേണം കാണാൻ... അതുകൊണ്ട് തന്നെ കൃത്യമായ ട്രീട്മെന്റും ഫിസിയോ തെറാപ്പിയും കൊണ്ട് ഫലം കണ്ടേക്കും... എന്നാലും ഒരു ഓർത്തോപീഡിഷൻ ആയ ഞാൻ ആയുർവേദം റെക്കമെന്റ് ചെയ്യുന്നതല്ല... എന്നാലും ഇത്രയും പഴക്കം ചെന്നനിലയ്ക്കു നമുക്ക് ആരുമൊന്നു പരീക്ഷിക്കാം.. ഏട്ടൻ എന്താ ഉദ്ദേശിച്ചത് ? ഭവി ആകാംക്ഷയോടെ ചോദിച്ചു..

വയനാട് ഒരു സിദ്ധവൈദ്യന്റെ ആശ്രമമുണ്ട്.. അവിടെ പോയി കുറച്ച് ചികിത്സകളെടുത്താലോ ? ഒരുപാട് അനുഭവസ്ഥർ ഉണ്ട്.. അവൻ ഒന്നു നിർത്തി അമ്മയെയും ഭവിയെയും നോക്കി... ഭവി മിതുവും ഇതുപോലെ ഒരു വൈദ്യരുടെ കാര്യം പറഞ്ഞില്ലേ.. അവളുടെ അച്ഛനെ കാണിച്ചത്.. അദ്ദേഹത്തിനിപ്പോൾ നല്ല മാറ്റമുണ്ടെന്നാണ് പറഞ്ഞത്.. പീലീ പറഞ്ഞു.. അതേടാ.... എന്നാൽ നമുക്ക് ഒന്നു നോക്കിയാലോ? അമ്മ എന്തയൊന്നും മിണ്ടാത്തെ ? ആലോചനയോടെയിരിക്കുന്ന സുചിത്രയെനോക്കി ഭവി ചോദിച്ചു.... അത്രയും ദൂരെയൊക്കെ പോയാല് ഞാൻ ഒറ്റയ്ക്ക്..? അതുമല്ല നീയും ഞാനില്ലാതെങ്ങനാ? സുചിത്ര വിഷമത്തോടെ ചോദിച്ചു.. അവിടെ ആരേലുമൊരാള് നിൽക്കണം... വേണമെങ്കിൽ ഒരു ഹോം നേഴ്‌സിനെ വെയ്ക്കാം.. പ്രഭു പറഞ്ഞു.. അമ്മേ.... ഇനി ഒന്നുമോർത്തു വിഷമിക്കണ്ട.. നമുക്ക് പോകാം... ഈ ഞാനുള്ളപ്പോൾ ഹോം നേഴ്സിന്റെ ആവശ്യമൊന്നുമില്ല.... മായ ഇടയ്ക്ക് കയറി പറഞ്ഞു... അത് മോളേ നീയെങ്ങനാ നിക്കുന്നെ ? മോൾക്ക് ജോലിയ്ക്കു പോകണ്ടേ ?

സുചിത്ര ചോദിച്ചു. അമ്മേ... മക്കൾക്കു അമ്മയേക്കാൾ വലുതല്ല ജോലി... വേണമെങ്കിൽ മെഡിക്കൽ ലീവ് കിട്ടും.... ഭവ്യ ഉണ്ടാരുന്നേലും ഇങ്ങനല്ലേ ചെയ്യുള്ളു... മായ സുചിത്രയെ തടഞ്ഞുകൊണ്ട് ചോദിച്ചു... ആഹ്ഹ് ! അതാ നല്ലത്.. മായ കൂടെ നിൽക്കട്ടെ... എന്റെ ഒരു ഫ്രണ്ട് ഉണ്ടവിടെയടുത്തു.. അവനോടു പറഞ്ഞെല്ലാം ഉടനെ ഏർപ്പാടാക്കാം... പ്രഭു എല്ലാവരോടുമായി പറഞ്ഞു.. പിന്നമ്മേ ഇവരുടെ കല്യാണം ഇനി വച്ചുതാമസിപ്പിക്കണോ ? അവൻ സുചിത്രയോടായി ചോദിച്ചു.. കുട്ടികൾക്ക് ഇപ്പോൾ സമ്മതമാണെങ്കിൽ നടത്താം മോനേ.. പിന്നെ ഞങ്ങൾക്കും പ്രത്യേകിച്ച് വിളിക്കാൻ ആരുമില്ല... അതുകൊണ്ട് അമ്പലത്തിൽ വെച്ചു ചെറിയ ഒരു ചടങ്ങ് മതിയെന്നാ എന്റെ അഭിപ്രായം.. അവർ പറഞ്ഞു.. മതിയമ്മേ... എന്തായാലും അമ്മ ആശ്രമത്തിൽ പോകും മുന്നേ ആ ചടങ്ങ് നടത്താം അല്ലേ ? അവൻ പീലിയെയും ഭവിയെയും മാറിമാറി നോക്കിക്കൊണ്ട് സുചിത്രയോടായി ചോദിച്ചു.. ശരി മോനേ.. നടത്താം... പിന്നീട് വിവാഹത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു മുഴുവൻ...

കമ്പനി ടൂർ കഴിഞ്ഞു വന്നയുടൻ വിവാഹം നടത്താമെന്ന് തീരുമാനിച്ചു... പ്രഭു സുഹൃത്തുവഴി ആശ്രമത്തിൽ സുചിത്രയെ ചികിത്സിക്കാനുള്ള ഏർപ്പാടുകൾ വേഗത്തിൽത്തന്നെ ശരിയാക്കി... തൊട്ടടുത്തദിവസം തന്നെ പോകാൻ തീരുമാനിച്ചതിനാൽ ഊണ് കഴിഞ്ഞു അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി നാലുപേരും കൂടി പുറത്തേയ്ക്കു പോയി... നാളെ എപ്പോഴാ പോകെണ്ടേ ഏട്ടാ ? പീലീ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ചോദിച്ചു... നാളെ വൈകുന്നേരം ഇറങ്ങാമെന്നാ ആലോചിക്കണേ.... മറ്റെന്നാൾ രാവിലെ അവിടെത്താമെന്നാ പറഞ്ഞേക്കുന്നേ.... പ്രഭു ഡ്രൈവിങിനിടയിൽ പറഞ്ഞു... മായ നീ ഓക്കേ അല്ലേ? ഭവി മായയോടായി ചോദിച്ചു.. അതേടാ... ഞാൻ ഒരാവേശത്തിൽ പറഞ്ഞതാണെന്ന് കരുതുന്നുണ്ടോ നിനക്ക് ? മുൻപും ഇപ്പോഴും ഞാൻ ആവേശത്തിൽ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല... പക്ഷേ... ജീവിതത്തിൽ നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ... ഒരു അമ്മയുടെ സ്നേഹം ആവോളം തരുന്നുണ്ട് സുചിയമ്മ.... ആ അമ്മയ്ക്കുവേണ്ടി എനിക്കിത്രയെങ്കിലും ചെയ്യണം...

തന്നെ തേടിവരുന്ന പ്രഭുവിന്റെ കണ്ണുകളിൽ നിന്നും ഊറി വന്ന കണ്ണുനീർ മറയ്കാനായി പുറത്തേയ്ക്കു നോട്ടം മാറ്റിക്കൊണ്ടവൾ പറഞ്ഞു.. പോടീ... നിനക്ക് ബുദ്ധിമുട്ടാകുമെന്നു കരുതിയില്ല ചോദിച്ചത്... ജോലിയുടെ കാര്യം ഓർത്തിട്ടാ.. പ്രഭു കൂട്ടിച്ചേർത്തു.. അത് ഞാൻ ലീവ് പറഞ്ഞോളാം.... ഇനി ആ ജോലിയങ്ങു പോയാല് എന്റെ ആങ്ങള എന്നെ നോക്കില്ലേ... അവൾ ചുണ്ടിൽ ചിരി മറച്ചുകൊണ്ട് ചോദിച്ചു... നീ കളിയാക്കണ്ട..... ജോലിയില്ലെങ്കിലും നിന്നെ രാജകുമാരി ആയിട്ടല്ലെങ്കിലും ഈ പാവം ഭവിയുടെ പെങ്ങളായിട്ട് നോക്കാനുള്ള വകയൊക്കെ ദൈവം സഹായിച്ചു ഇപ്പോളെനിക്കുണ്ട്.. അവൻ അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.. മായയുടെ മുഖത്തു കുസൃതി നിറയുന്നത് പ്രഭു ആദ്യമായി കാണുകയായിരുന്നു.. പ്രഭു മാത്രമല്ല കുറേ നാളുകൾക്കു ശേഷം പീലിയും.. എന്നാൽ ഭവിയുടെ ശ്രദ്ധ ഡ്രൈവിങിനിടയ്ക്കും മിററിൽ കൂടി മായയിലേയ്ക്ക് നീളുന്ന പ്രഭുവിന്റെ കണ്ണുകളിലേയ്ക്കായിരുന്നു...

മായയെ നോക്കി ഇടയ്ക്കു സൈഡിലേയ്ക് നോക്കിയ പ്രഭു തന്നെത്തന്നെ വീക്ഷിയ്ക്കുന്ന ഭവിയെ കണ്ടു.... ഭവി പുരികമുയർത്തി അവനെ കൂർപ്പിച്ചു നോക്കി... പ്രഭു കണ്ണുചിമ്മി കാട്ടിക്കൊണ്ടു ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു... വഴിയിൽ റോഡിനു ഓരത്തായി റോസാച്ചെടികൾ നിരത്തിവെച്ചിരിക്കുന്നതു കണ്ടപ്പോൾ പ്രഭു മെല്ലെ സൈഡിലായി അതിനടുത്തേയ്ക് കാറൊതുക്കി... ഈ ഏട്ടന്റെ ഒരു കാര്യം എവിടെ ചെടി കണ്ടാലും നിർത്തിക്കോണം... മേടിക്കാൻ ഇയാളും അതൊക്കെ നോക്കാൻ ഞാനും... പീലീ പ്രഭുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.. ഒന്നിറങ്ങേടി.... ഒരു പത്തു മിനിറ്റ്... നോക്കിയേച് പോകാം.. അവൻ കെഞ്ചും പോലെ പറഞ്ഞു... ഭവിയും മായയും അവനൊപ്പം പുറത്തേയ്ക്കിറങ്ങി... പീലിയും ചിരിച്ചുകൊണ്ട് മായയെ നോക്കി വെറുതെയന്നു കണ്ണടച്ചു കാണിച്ചുകൊണ്ട് പ്രഭുവിന്റെ കൈയിൽ തൂങ്ങി അതിനടുത്തേയ്ക് നടന്നു... പലനിറത്തിലുള്ള റോസാച്ചെടികൾ മിക്കതും ബഡ് ചെയ്തതാണെന്ന് കണ്ടാലറിയാം... ഭാവിയോടൊപ്പം മായയും കൂടി....

അപ്പോഴാണ് അവർക്കടുത്തേയ്ക്കു ഒരു വൈറ്റ് കാർ വന്നു നിന്നത്... അതിനുള്ളിൽനിന്നും ഗ്ലാസ്‌ താഴ്ത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.. ഹലോ... മായ.... ഒരു ചുവന്ന റോസാച്ചെടി കയ്യിലെടുത്തു നോക്കിയശേഷം അത് ബില്ലിടാനായി ഭവിയുടെ കൈയിലേക്ക് കൊടുക്കുകയായിരുന്ന മായ ആ ശബ്ദം തിരിച്ചറിഞ്ഞെന്നോണം ഞെട്ടി തിരിഞ്ഞു നോക്കി.. മറ്റുമൂന്നുപേരുടെയും ശ്രദ്ധ അയാളിലേയ്ക്കായി.... എവിടെയോ കണ്ട പരിചയം അവർക്കും തോന്നി... അയാൾ മായയ്ക്കടുത്തേയ്ക് വന്നുകൊണ്ടു അവളെ ഒന്നടിമുടി നോക്കി... ആ നോട്ടം അരോചകമായി തോന്നിയപ്പോൾ അവൾ ഭവിയ്ക്കു പിന്നിലേയ്ക്ക് പതിയെ മാറി.. എന്താടോ ... തനിക്കെന്നെ മനസ്സിലായില്ലേ ? ഒന്നുമില്ലെങ്കിലും ഒന്നൊന്നര വർഷം കൂടെക്കഴിഞ്ഞതല്ലേ ? അവൻ ചോദിച്ചു... മായ വെറുപ്പോടെ മുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല... ഭവിയുടെ കണ്ണുകൾ അവനെ തിരിച്ചറിഞ്ഞപ്പോൾ ചെറുതായൊന്നു കുറുകി.. ഇതാരാടി? പുതിയ ആളാ ? എന്തായാലും ഇവന്റെ കൂടെ കൂടിയപ്പോൾ നീയൊന്നു മിനുങ്ങിയിട്ടുണ്ട്...

ആ നാട്ടിന്പുറത്തുകാരി ലുക്ക്‌ എല്ലാം മാറി... അവൻ ഒരു വഷളൻ ചിരിയോടെ താടി തടവിക്കൊണ്ട് പറഞ്ഞു.. ശരത്.... മര്യാദയ്ക്കു സംസാരിക്കണം.. മായ ഉള്ളിൽ നിറഞ്ഞ സങ്കടം ദേഷ്യത്തിന്റെ മുഖം മൂടിയാൽ മറച്ചുകൊണ്ട് അവനെ വിലക്കി.. ഓഹ് അവനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ ? ശരത് ഈർഷ്യയോടെ ചോദിച്ചു.. ശരത്... ഇത് റോഡ് ആണ്.. ഒരു സീൻ ഉണ്ടാക്കാതെ പോകാൻ നോക്ക്... ഭവി ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു... ഇല്ലെങ്കിലോ ? ഇതേ ഞാനും ഇവളും തമ്മിലുള്ള കാര്യമാ... അതിൽ ഇടപെടാൻ നീയാരാടാ ? ശരത് വിടാൻ ഭാവമില്ലാത്തപോലെ ചോദിച്ചു.. പേടിയോടെ പീലീ പ്രഭുവിന്റെ കൈയിൽ മുറുകെ പിടിച്ചു.. ഇവളെന്റെ പെങ്ങളാ... ഇവളോട് പറയാനുള്ള കാര്യം എന്തായാലും ഞാനും കൂടി അറിഞ്ഞിരിക്കണം...

അതിന് പറ്റില്ലെങ്കിൽ മോൻ പോകാൻ നോക്ക്.. ഭവി മായയെ പുറകിലേക്കു നീക്കിനിർത്തിക്കൊണ്ട് മുന്നിലേയ്ക്ക് കയറിനിന്നുകൊണ്ട് പറഞ്ഞു... ആർക്കറിയാം കൂടപ്പിറപ്പാണോ കൂടെക്കിടക്കാനാണോ കൊണ്ടുനടക്കുന്നതെന്ന് ? ശരത് പുച്ഛത്തോടെ പറഞ്ഞു.. ശ്ശേ.... മായ അറപ്പോടെ കണ്ണടച്ചു... ഡാ... ..... നീയങ്ങനാണെന്നുവെച്ചു പെങ്ങളെചേർത്തു അപവാദം പറയുന്നോടാ ? ഭവി ശരത്തിന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു... പ്രഭു ദേഷ്യത്തോടെ പീലിയുടെ കൈവിടുവിച്ചു അവനടുത്തേയ്ക് പോയപ്പോഴായിരുന്നു ഭവി മുന്നിൽ കയറിയത്.... വേണ്ട ഭവി... വിട്ടേക്ക്.... നമുക്ക് പോകാം.... മായ അവനെ പിടിച്ചു മാറ്റാൻ നോക്കി........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story