♥️ മയിൽ‌പീലി ♥️ ഭാഗം 39

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

 ഇവളെന്റെ പെങ്ങളാ... ഇവളോട് പറയാനുള്ള കാര്യം എന്തായാലും ഞാനും കൂടി അറിഞ്ഞിരിക്കണം... അതിന് പറ്റില്ലെങ്കിൽ മോൻ പോകാൻ നോക്ക്.. ഭവി മായയെ പുറകിലേക്കു നീക്കിനിർത്തിക്കൊണ്ട് മുന്നിലേയ്ക്ക് കയറിനിന്നുകൊണ്ട് പറഞ്ഞു... ആർക്കറിയാം കൂടപ്പിറപ്പാണോ കൂടെക്കിടക്കാനാണോ കൊണ്ടുനടക്കുന്നതെന്ന് ? ശരത് പുച്ഛത്തോടെ പറഞ്ഞു.. ശ്ശേ.... മായ അറപ്പോടെ കണ്ണടച്ചു... ഡാ... ... നീയങ്ങനാണെന്നുവെച്ചു പെങ്ങളെചേർത്തു അപവാദം പറയുന്നോടാ ? ഭവി ശരത്തിന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു... പ്രഭു ദേഷ്യത്തോടെ പീലിയുടെ കൈവിടുവിച്ചു അവനടുത്തേയ്ക് പോയപ്പോഴായിരുന്നു ഭവി മുന്നിൽ കയറിയത്.... വേണ്ട ഭവി... വിട്ടേക്ക്.... നമുക്ക് പോകാം.... മായ അവനെ പിടിച്ചു മാറ്റാൻ നോക്കി... ഡാ... ദേഹത്തുതൊട്ടു കളിച്ചാൽ നീ വിവരമറിയും... നിനക്കെന്നെ അറിയാന്മേലാഞ്ഞിട്ടാ .... ശരത് അവന്റെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് പറഞ്ഞു.. മിണ്ടാണ്ട് നിക്കെടാ... എനിക്ക് നിന്നെ നന്നായിട്ടറിയാം... കൂടപ്പിറപ്പിന്റെ മഹത്വമറിയാത്ത ...... ഭവി അമർഷത്തോടെ അവനെ പുറകിലുള്ള തൂണിലേയ്ക് ചേർത്ത് പിടിച്ചു... കൂടെപ്പിറപ്പാകാൻ കൂടെപ്പിറക്കണമെന്നില്ല... എന്തിനും കൂടെയുണ്ടാകാനുള്ള മനസ്സുണ്ടായാൽ മതി... നിന്നെപ്പോലെ എല്ലാം കാമക്കണ്ണോടെ കാണുന്ന കഞ്ചാവുമടിച്ചു നടക്കുന്നവന്മാർക്കൊന്നും അതിന്റെ വിലയറിയില്ല...

എങ്ങനെയറിയാനാ രക്തബന്ധം എന്തെന്നറിയോ നിനക്ക് ? ഭവി വീറോടെ ചോദിച്ചുകൊണ്ട് പുറകിലായി കരഞ്ഞു നിൽക്കുന്ന മായയെ ഒന്നുനോക്കി.. അറിയാമായിരുന്നെങ്കിൽ ദാ... ഇവളുടെ വയറ്റിൽ കുരുത്ത നിന്റെ സ്വന്തം ജീവനെ കൊന്നുകളയുമായിരുന്നോ ? അതുചോദിക്കുമ്പോഴേയ്ക്കും ഭവിയുടെ കണ്ണുകൾ ഈറനായി.. ശരത്തിനെ പുറകിലേക്കു തള്ളി അവൻ തിരിഞ്ഞു മായയെ ചേർത്തുപിടിച്ചു... മായയുടെ കണ്ണുകളിൽ നിസ്സഹായതയ്ക് പകരം കനലെരിഞ്ഞു... ഓഹ് ! ഇവളെ പറഞ്ഞപ്പോൾ നിനക്ക് നൊന്തല്ലേ ? പിന്നേ ഈ പ്രേമവും ഒളിച്ചോട്ടവുമൊക്കെ ആമ്പിള്ളേർക്കു പറഞ്ഞിട്ടുള്ളതാ... ഇവളെപോലുള്ളവർ റെഡി ആയി നിൽക്കുമ്പോൾ ഇങ്ങനൊക്കെ നടക്കും... ശരത് പുച്ഛത്തോടെ മായയെ നോക്കിക്കൊണ്ട് ഭവിയോടായി പറഞ്ഞു... നിർത്തൂ.... ഇത്രയും നേരം നീ പറഞ്ഞത് കേട്ടുനിന്നതു നിന്നെ ഭയന്നിട്ടല്ല... നിനക്കില്ലെങ്കിലും ഇവർക്ക് കുറച്ചു അഭിമാനം ഉള്ളോണ്ടാ... അവർക്കു ഞാൻ കാരണം ഒരു നാണക്കേട് ഉണ്ടാക്കേണ്ടെന്ന് കരുതിയാ.... മായ ഭവിയുടെ കൈകൾ വിടുവിച്ചു ശരത്തിനടുത്തേയ്ക്കു വന്നുകൊണ്ടു പറഞ്ഞു... എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ തെറ്റ്... അതാണ്‌ നീ....

ഒരുപാട് ഒഴിഞ്ഞുമാറിയിട്ടും പുറകെ നടന്നപ്പോൾ വിശ്വസിച്ചുപോയി.... വീട്ടിൽ സമ്മതിക്കില്ലാന്നുറപ്പായപ്പോൾ നിന്നെ വിശ്വസിച്ചു നിന്റെ സ്നേഹത്തിൽ വിശ്വസിച്ചു കൂടിറങ്ങി വന്നു... എന്നിട്ട്...... നഷ്ടങ്ങൾ എനിക്ക് മാത്രം.... നിനക്ക് ഞാൻ വെറും .... പറയാൻ വന്നവാക്കുകൾ മുഴുമിപ്പിക്കാനാകാതെയവളൊന്ന് തേങ്ങി... എന്നിട്ട് ധൈര്യം സംഭരിച്ചു ശരത്തിനു നേരെ മുഖം തിരിച്ചവൾ പറഞ്ഞു.. നിനക്ക് ഞാൻ വെറും നേരമ്പോക്കായിരുന്നു... പെണ്ണും പണവും മാത്രം ആഗ്രഹിച്ചുനടന്ന നീ ഒന്നും കിട്ടാതായപ്പോൾ എന്നെ ഉപേക്ഷിച്ചു അത് തേടിപ്പോയി ... എന്റെ കുഞ്ഞിനെപ്പോലും കൊന്നില്ലെടാ ദുഷ്ടാ നീ... ശരത്തിന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു കരഞ്ഞുകൊണ്ട് ഉയർന്നുവീഴുമ്പോഴേയ്ക്കും ... ഭവി അവളെ താങ്ങി പിടിച്ചിരുന്നു... എനിക്ക് ശല്യമായതെന്തും ഞാൻ എന്റെ വഴിയിൽ നിന്നും വെട്ടി മാറ്റും..... നിന്നെ എങ്ങനെ ഒഴിവാക്കുമെന്ന് വിചാരിച്ചിരുന്നപ്പോഴാ ഒരു കുഞ്ഞ് കൂടി... നിന്നെപ്പോലൊരുവളെ ആരേലും സ്വീകരിക്കുമോ ?

വന്നാലും ദാ... ഇവന്മാരെപ്പോലെ എന്തേലുമൊക്കെ ആഗ്രഹിച്ചു കൂടുന്നവരായിരിക്കും.. അത്രയേ ഞാനും ചെയ്തുള്ളൂ.. ദേഷ്യത്തോടെ ചുളുങ്ങിയ ഷർട്ട്‌ നേരെയാക്കുന്നതിനിടയിൽ ശരത് പറഞ്ഞു. നാണമുണ്ടോടാ..... ഒരു പെങ്കൊച്ചിന്റെ ജീവിതം നശിപ്പിച്ചിട്ടു അതിനെക്കുറിച്ചു അപവാദം പറഞ്ഞുനടക്കാൻ ... ഒരു പെൺകുട്ടി താനേറെ സ്നേഹിക്കുന്ന പുരുഷനൊപ്പം ഒരു ജീവിതം കൊതിച്ചുവരുമ്പോൾ അവളുടെ ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടത്.. മറ്റെന്തിനേകളാലും അവർ നമുക്ക് തരുന്ന സ്ഥാനം സ്നേഹം കൊണ്ട് ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്... അല്ലാതെ സ്വന്തം ചോരയെപ്പോലും കൊന്നുതള്ളുന്ന നീയൊക്കെ മനുഷ്യനാണോടാ ? പ്രഭു ശരത്തിനോടായി ചോദിച്ചു... ഓഹ് ! അപ്പോൾ മോൻ എന്നെ മനുഷ്യത്യം പഠിപ്പിക്കാൻ ഇറങ്ങിയേക്കുവാണോ ? എന്നാലേ അത് വേണ്ട.... ഈ ശരത് ആള് കുറച്ചു കൂടിയ ഇനമാ... അതുകൊണ്ട് ഇവിടെനിന്നു മനുഷ്യത്വം പ്രസംഗിക്കാതെ ഇവളേം വിളിച്ചോണ്ട് പോ..

പിന്നെ അത്രയ്ക്കു മനുഷ്യത്വം കൂടുതലാണെങ്കിൽ താൻ ഇവൾക്കൊരു ജീവിതം കൊടുക്കേടോ ? ശരത് തന്നോട് ചൊടിച്ചു നിൽക്കുന്ന പ്രഭുവുനടുത്തേയ്ക് വന്നു മുഖത്തേയ്ക്കു കുനിഞ്ഞു നോക്കി ചോദിച്ചു... എന്താ.... നാവടഞ്ഞോ ? പറ്റില്ലല്ലേ ? ഒരുനിമിഷം ശരത്തിന്റെ വാക്ക് കേട്ടുനിന്ന പ്രഭുവിനോടായി കളിയാക്കുന്നപോലെ തിരക്കി.. എനിക്കറിയാം.... എല്ലാർക്കും ഈ പ്രസംഗം മാത്രമേ നടക്കുള്ളൂ... പ്രാക്ടിക്കൽ വരുമ്പോൾ ഒന്നു മടിക്കും... ആണത്തം പ്രസംഗിക്കാൻ എളുപ്പമാ.. പക്ഷേ അത് നടത്തികാണിക്കാൻ കുറച്ചു ബുദ്ധിമുട്ടാ... അതുകൊണ്ട് മോൻ പോ.. ശരത് പറഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നു കാറിന്റെ ഡോർ തുറന്നു... ഭവിയുടെ തോളിൽ ചാരി പീലിയുടെ കൈയിൽ താങ്ങിനിന്ന മായയെ പ്രഭു പെട്ടെന്ന് താങ്ങി ചേർത്തുപിടിച്ചു... ഒരു ഞെട്ടലോടെ മായ പ്രഭുവിനെ നോക്കി.. എന്താണ് സംഭവിക്കുന്നതെന്നവൾക്കു മനസ്സിലായില്ല.. Mr. ശരത് ചന്ദ്രൻ... ഒരുനിമിഷം നിൽക്കണം.... പ്രഭു കാറിൽ കയറാനായി തുടങ്ങിയ ശരത്തിനെ വിളിച്ചു ....

ശരത് തിരിഞ്ഞുനോക്കിയപ്പോൾ മായയെ ചേർത്തുപിടിച്ചു നിൽക്കുന്ന പ്രഭുവിനെയാണ് കണ്ടത്... അവൻ ഡോർ അടച്ചുകൊണ്ടു തിരിഞ്ഞു അവർക്കരികിലേയ്ക്ക് വന്നു... ഇവളെ ഞാൻ സ്വീകരിക്കും... ഈ പ്രഭു പ്രഭാകർ.... ഇവൾക്ക് സമ്മതമാണെങ്കിൽ എന്റെ ജീവിതത്തിലേയ്ക്ക് ഞാൻ ക്ഷണിക്കുമിവളെ.. അത് നീ പറഞ്ഞപോലെ തെറ്റായ ഉദ്ദേശത്തോടെയല്ല.... ചുരുക്കം നാളുകളെ മായയെ അടുത്തറിഞ്ഞുള്ളുവെങ്കിലും ഒരിക്കലും മോശപ്പെട്ട സ്വഭാവത്തിനുടമയല്ലിവളെന്നു മനസ്സിലായി.. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ ഇവള് തയ്യാറാണെങ്കിൽ നിന്നെപ്പോലെ സ്നേഹം നടിച്ചു വഞ്ചിക്കാനല്ല... പൊന്നുപോലെ നോക്കാൻ... എന്നും... ഇതുപോലെ ചേർത്തുപിടിക്കാൻ താലികെട്ടി കൂടെ കൂട്ടും ഞാൻ... വെറും വാക്കല്ല.... ഓർത്തുവെച്ചോ... നീയെന്ന കറുത്ത അധ്യായങ്ങൾ ഇരുളടച്ച ഈ ജീവിതം ഞങ്ങൾ ഒരുമിച്ചു താണ്ടും..

. പ്രഭു പ്രഭാകറിന് ഒറ്റ വാക്കേയുള്ളു.... അല്ലാതെ നിന്നെപ്പോലെ വാക്കുമാറ്റിപ്പറയില്ല... കാരണം ഇതാണ് ആണത്തം... അല്ലാണ്ട് സ്നേഹിച്ചു വഞ്ചിക്കുന്നതല്ല... കേട്ടോടാ... അത്രയും പറഞ്ഞു പ്രഭു മായയെയും ചേർത്തുപിടിച്ചു തിരിഞ്ഞു നടന്നു..... കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു ശരത് ദേഷ്യം തീർത്തുകൊണ്ടു കാറിൽ കയറി പോയി... സൈഡ് മിററിൽ കൂടി ഒരുവട്ടം കൂടി ഇരുവരെയും നോക്കാൻ മറന്നില്ല.. പ്രഭുവിനൊപ്പം ഇടറിയ കാലടികളോടെ നടക്കുമ്പോഴും.... മിഴികൾ അവന്റെ മിഴികളിൽ ഒരായിരം ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു.. പീലിയുടെയും ഭവിയുടെയും കണ്ണുകൾ സന്തോഷത്താൽ പെയ്തുതുടങ്ങിയിരുന്നു ... ഇരുവരിലും അധികരിച്ചത് സഹോദരസ്നേഹമാണെങ്കിലും പീലിയിൽ തന്റെ കൂട്ടുകാരിയായിവന്നു കൂടപ്പിറപ്പായവൾക്കു ഒരു ജീവിതം കിട്ടിയ സന്തോഷം കൂടിയായിരുന്നു ... അവൾ ഓടിവന്നു പ്രഭുവിന്റെ കവിളിൽ ചേർത്തുമുത്തി... മായയുടെ കവിളിൽ തഴുകി............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story