♥️ മയിൽ‌പീലി ♥️ ഭാഗം 42

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എനിക്ക് ഇപ്പോൾ സങ്കടമൊന്നുമില്ലമ്മേ... അതൊക്കെ പോട്ടേ... അമ്മ ടാബ്ലറ്റ് കഴിച്ചായിരുന്നോ ? മായ കണ്ണുതുടച്ചുകൊണ്ടു നിവർന്നിരുന്നു ചോദിച്ചു... ഇല്ല മോളേ... നിങ്ങള് ഹോസ്പിറ്റലിൽ ആണെന്നും മോൾക്ക്‌ വയ്യെന്നുമൊക്കെ കേട്ടപ്പോൾ ഒരു സമാധാനവുമില്ലായിരുന്നു... അതുകൊണ്ട് ഗുളിക കഴിക്കാനൊന്നും തോന്നിയില്ല... അവർ പറഞ്ഞു.. കൊള്ളാം നല്ല ആളാ... അസുഖം മാറണമെന്ന് ഒരു വിചാരവുമില്ല ഈ സുചിക്കുട്ടിക്ക്... പ്രഭു മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.... പോടാ... അല്ലേലും അമ്മമാർക്ക് മക്കൾക്കെന്തെലും വയ്യാന്നു കേട്ടാല് ഉള്ളിൽ ഒരു ആധിയാ... സുചിത്ര പറഞ്ഞു... തന്നോടുള്ള സ്നേഹവും കരുതലും മായയുടെ ഉള്ളിൽ കുളിര്മഴയായി പെയ്തു.. അവൾ പതിയെ എഴുന്നേറ്റു പോയി സുചിത്രയുടെ മുറിയിൽനിന്നും ടാബ്ലറ്റ് എടുത്തു... ടേബിളിൽ നിന്നും ഗ്ലാസ്സിലേയ്ക് വെള്ളം പകർന്നു അവർക്കരികിലെത്തി... ടാബ്ലറ്റ് വായിലേയ്ക്ക് വെച്ചുകൊടുത്തു ഒപ്പം വെള്ളവും... ഇന്ന് നടന്നതൊക്കെ ഞാൻ അനുഭവിക്കാൻ ബാധ്യസ്ഥയാണ്... അതിലൊന്നും വിഷമമില്ല...

പക്ഷേ എല്ലാരും അകറ്റിനിർത്തിയ എന്നെ ചേർത്തുപിടിച്ചവരാണ് നിങ്ങൾ.. ആ നിങ്ങൾക്കു ഞാൻ കാരണം ഒരപമാനം... അതെനിക്ക് ഓർക്കാൻ കൂടി കഴിയില്ല... എല്ലാപേരെയും ഒന്നുനോക്കി അവൾ പറഞ്ഞു.. പ്രായത്തിന്റെ പക്വത ഇല്ലായ്മകൊണ്ടു അവന്റെ കെണിയിൽ പെട്ടുപോയി സത്യം.... പക്ഷേ അതൊരിക്കലും വീട്ടുകാരുടെ സ്നേഹം അപ്പാടെ മറന്നുകൊണ്ടല്ല... ഏട്ടന്റെ താഴെയായി പിറന്ന അനിയത്തിക്കുട്ടി.... അതായിരുന്നു ഞങ്ങളുടെ കുടുംബചിത്രം... സ്വാഭാവികമായും ഒരുപാട് ലാളിച്ചു കൊഞ്ചിച്ചു വളർത്തി എന്നാകും... എന്നാൽ സത്യം അതല്ലായിരുന്നു... കുഞ്ഞുനാളുമുതൽ കൊതിച്ചിട്ടുണ്ട് അമ്മയുടെ വായിൽനിന്നു മോളെയെന്നൊരു വിളി... അച്ഛന്റെ സ്നേഹം... സമ്മാനങ്ങൾ... വീട്ടിൽ എല്ലാം ഏട്ടനായിരുന്നു ആദ്യം... ഏട്ടനെന്നെ സ്നേഹത്തോടെ ഒന്നു ചേർത്തുപിടിച്ചിട്ടില്ല... ചെറിയ കാര്യങ്ങൾക്കു പോലും കുറ്റപ്പെടുത്തി വഴക്കു മേടിച്ചു തരാറുണ്ടായിരുന്നു...

കൂടെ പഠിക്കുന്ന കുട്ടികളൊക്കെ കൂടപ്പിറപ്പുകളുമായുള്ള തമാശകളും സ്നേഹവുമൊക്കെ പങ്കുവെക്കുമ്പോൾ എനിക്കതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു... അതെല്ലാം മനസിൽ ഇരുന്നു വിങ്ങുമ്പോൾ വെറുതെയെങ്കിലും ആഗ്രഹിക്കും എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ വേദനകൾ പറയാതെ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായെങ്കിലെന്ന്.... അപ്പോഴാണ് കോളേജ് ടൈമിൽ ശരത് പ്രണയമായി നിറയുന്നത്... വീട്ടിൽ ഒരിക്കലും സമ്മതിക്കില്ലെന്നറിയാവുന്നതുകൊണ്ടുതന്നെ ഞാൻ അതു നിരസിച്ചു... പക്ഷേ അവൻ പുറകെ പിന്മാറിയില്ല.... ഞാനേറെ കൊതിച്ച സ്നേഹവും കരുതലും കിട്ടിയപ്പോൾ അറിയാതെ വീണുപോയി.... ഒടുവിൽ അവനൊപ്പം ഇറങ്ങിപോകും മുന്നേയും ഒരുപാട് ചിന്തിച്ചു... തനിക്കു വേണ്ടി കടമകളെല്ലാം നിറവേറ്റിയ മാതാപിതാക്കൾ.... പഠിപ്പിച്ചു.... പക്ഷേ.... ശരത്തിനെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ ഈ ജന്മം കഴിയുമെന്ന് തോന്നിയില്ല.... അങ്ങനെ ജീവിതത്തിൽ തനിച്ചു നിന്നാലും ഇപ്പോൾ ചേർത്തുപിടിക്കാത്ത ഏട്ടൻ ഭാവിയിൽ ഞാൻ ഒരു ബാധ്യതയായി കാണുമെന്നുറപ്പായപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല.... പക്ഷേ.... ഇപ്പോഴും ഞാൻ തനിച്ചാണ്... ഇനിയും....

അതുപറഞ്ഞു അവളുടെ നോട്ടമെത്തിയത് പ്രഭുവിലായിരുന്നു.... അവനും അവളുടെ മിഴികളുടെ അഗാധതയിലലയടിക്കുന്ന പ്രക്ഷുബ്ധമായ തിരമാലകളെ നോക്കിക്കാണുകയായിരുന്നു... അമ്മ ഇപ്പോൾ പറഞ്ഞില്ലേ.... എനിക്ക് വയ്യാന്നു കേട്ടപ്പോൾ ഒന്നിനും തോന്നിയില്ലായെന്നു.... ഇതുപോലെ എന്റെ അമ്മ ആധിപിടിക്കുന്നതും വ്യാകുലപ്പെടുന്നതും കണ്ടിട്ടുണ്ട്... ഏട്ടനെയോർത്തു.... അവനെന്തോരം വേദനിക്കുമെന്നോർത്തു ഭക്ഷണം പോലും കഴിക്കാതെ ഇരുന്നിട്ടുണ്ട്... അപ്പോഴൊക്കെ ഞാൻ വെറുതെയെങ്കിലും ആശിച്ചുപോയിട്ടുണ്ട്... എനിക്ക് വേണ്ടിയും ആരെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടായെങ്കിലെന്ന്.... അവൾ പറഞ്ഞുനിർത്തി... സുചിത്രയുടെ കൈകൾ കവർന്നു... ഒരിക്കലും വീട്ടിത്തീർക്കാനാകില്ലമ്മേ ഈ കടം..... ഇനിയുള്ള ജന്മം മുഴുവൻ ഈ അമ്മയും ഏട്ടനും പറയുന്നത് കേട്ടു കഴിഞ്ഞോളാം.. ഉപേക്ഷിക്കരുത്... അവൾ ഭവിയെയും സുചിത്രയെയും നോക്കി പറഞ്ഞു... അയ്യേ... എന്റെ പെങ്ങള് കരയുകയാണോ ? അമ്മയും അച്ഛയും എന്നെയും ഭവ്യയെയും ഒരിക്കലും വേർതിരിച്ചുകണ്ടിട്ടില്ല....

എല്ലാം ഒരുമിച്ചായിരുന്നു... ഊണും... ഉറക്കവും... എല്ലാം.... പിന്നേ അധികം ആർഭാടമൊന്നുമില്ലെങ്കിലും സന്തോഷമായിരുന്നു ജീവിതം... കിട്ടുന്നത് പങ്കുവെയ്ക്കാനാണ് അമ്മയും അച്ഛയും ഞങ്ങളെ പഠിപ്പിച്ചത്... അതുകൊണ്ടുതന്നെ എന്തുകിട്ടിയാലും ആദ്യം പരസ്പരം പകുത്തുനൽകുമായിരുന്നു... എന്തിനും ഏതിനും അവൾക്കു ഞാനും എനിക്ക് അവളുമായിരുന്നു... പക്ഷേ അവസാന യാത്രയിൽ മാത്രം എന്റെ ശ്രീക്കുട്ടി എന്നെ കൂട്ടാതെപോയി... അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു... അടുത്തായിരുന്ന പീലീ ഭവിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു... അതിന്റെ പ്രതിഭലനമെന്നോണം അവൻ സ്വയം നിയന്ത്രിച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു... അതിന്റെ പിണക്കം മാറ്റാൻ എന്റെ ശ്രീക്കുട്ടി തേടിപ്പിടിച്ചു തന്നതാ നിന്നെ... ഇനി എന്തിനും എന്റെ കൂടെ എന്റെ കുഞ്ഞിപ്പെങ്ങളായി നീ വേണം മോളെ... മായയെ അടുത്തേയ്ക്കു വന്നു ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു... കൊള്ളാം... അടിപൊളിയായിട്ടുണ്ട്...

ഇവിടെന്താ വല്ല കണ്ണീർപരമ്പരയും നടക്കാണോ പീലീ അന്തരീക്ഷം തണുപ്പിക്കാനെന്നോണം ചോദിച്ചു... അതുകേട്ട് എല്ലാവരും ചിരിച്ചുകൊണ്ട് കണ്ണുതുടച്ചു... അപ്പോഴേ എല്ലാവരും പോയി ഫ്രഷ് ആകു... യാത്ര ചെയ്ത ക്ഷീണം കാണും... പിന്നേ മായേ... മോള് ഒന്നു ഫ്രഷായി കുറച്ചുസമയം കിടന്നോ..... ചായ കുടിക്കാനാകുമ്പോ അമ്മ വിളിക്കാം... സുചിത്ര എല്ലാവരോടുമായി പറഞ്ഞു... അടുത്ത ദിവസം പീലിയും ഭവിയും ഒരുമിച്ചാണ് കമ്പനിയിലേയ്ക് പോയത്... വൈകുന്നേരം സുചിത്രയെ വായനാട്ടിലേയ്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനാൽ രണ്ടാളും ഉച്ചയ്ക്ക് ലീവ് പറഞ്ഞു വരാമെന്നേറ്റു... മായ ഒരു മാസത്തെ മെഡിക്കൽ ലീവിന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു... അതിന്റെ ബാക്കി കാര്യങ്ങൾക്കായി ഒന്നു ഓഫീസിൽ പോകണം... അതിനായി റെഡി ആയി അവളും അവർക്കു പിന്നാലെ ഇറങ്ങി... മായ എങ്ങോട്ടാ.... സുചിത്രയ്ക്കരികിലായി പത്രം വായിച്ചുകൊണ്ടിരുന്ന പ്രഭു അതുമടക്കി ടേബിളിൽ വെച്ചുകൊണ്ട് തിരക്കി.. അതുമോനെ....

മോൾക്ക് ലിവിന്റെ കാര്യം ശരിയാക്കാൻ ഓഫീസിൽ ഒന്നു പോയിവരണമെന്ന്. സുചിത്ര പറഞ്ഞു... അതേ ഏട്ടാ... ഓഫീസിൽ ഒന്നു പോകണം... ജസ്റ്റ്‌ ഒന്നു ചെന്നാൽ മതി... അവൾ പറഞ്ഞു... പിന്നെ.... പിന്നെ ആശാ നിലയത്തിലും ഒന്നു കയറണം... ഞാൻ ഇവിടില്ലെങ്കിലും അവിടത്തെ പതിവ് മുടങ്ങരുതല്ലോ... അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു... വയ്യാണ്ട് തനിയെ പോകണ്ട.. ഞാനും കൂടെ വരാം... പ്രഭു മറുപടിയ്ക്കു കാക്കാതെ അവിടെനിന്നും എഴുന്നേറ്റു റൂമിലേയ്ക്ക് പോയി. അവൻ കൂടി വരട്ടെ മോളേ..... എനിക്കും ഒരു വിഷമമായിരുന്നു നിന്നെ തനിച്ചുവിടാൻ.... അവർ ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് മായയെ നോക്കി... അവളാകട്ടെ പ്രഭു പോയ വഴിയേ നിർവികാരയായി നോക്കിനിൽപ്പായിരുന്നു... കീയുമെടുത്തു ഷർട്ടിന്റെ കോളർ തിരുമ്മിക്കൊണ്ട് പ്രഭു പുറത്തേയ്ക്കു വന്നു...

അപ്പോഴും മായയ്ക്ക് ആകെ ഒരു വിഷമമായിരുന്നു... പ്രഭുവിനെ ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കുന്നതിൽ... അവൾ സുചിത്രയോടായി കണ്ണുകൊണ്ട് പോയിവരാമെന്നു പറഞ്ഞിറങ്ങി.. കാറിൽ കയറുമ്പോഴും ഫ്രണ്ട് സീറ്റിൽ കയറണോയെന്നു ആലോചനയോടെ നിൽക്കുന്ന മായയെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... താൻ പറയാതെ തന്റെ കാര്യങ്ങൾ പ്രഭു ശ്രദ്ധിയ്ക്കുമ്പോൾ അറിയാതെ എന്തോ ഒരു വിങ്ങൽ ഉള്ളിൽ നിറയുന്നതവളറിഞ്ഞു.. താൻ വിഷമിക്കണ്ട.... ഒന്നും അടിച്ചേൽപ്പിക്കില്ല.. ഇത് അധികാരം കാട്ടലുമല്ല... പക്ഷേ തടയരുത്.... അവൻ പറഞ്ഞു... തന്റെ മനസ്സിലെ വിചാരങ്ങളെ എത്ര പെട്ടെന്നാണ് അവൻ മനസ്സിലാക്കിയതെന്നോർത്തവൾ അത്ഭുതപ്പെട്ടു.. 💧💧💧💧💧💧💧💧💧💧💧💧💧💧💧💧 രണ്ടു ദിവസമായി ഓഫീസ് കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ പറ്റാതായിട്ട്..... ഒന്നിനും ഒരു ശ്രദ്ധയും കൊടുക്കാൻ കഴിയുന്നില്ല.... വിനയ് ക്യാബിനിൽ ലാപ് തുറന്നു മുന്നിൽ വെച്ചുകൊണ്ടിരിക്കുകയാണ്... ഒട്ടും പറ്റിയില്ലയെന്നു തോന്നിയപ്പോൾ നിരാശയോടെയവൻ ലാപ് അടച്ചുവെച്ചു.. നെറ്റിയിൽ അമർത്തിപിടിച്ചുകൊണ്ടു ചെയറിൽ ചാരി കണ്ണുകളടച്ചു കിടന്നു....

ഇടയ്ക്കു വിധു തന്നെ വിളിച്ചു പ്രഭുവിന്റെ സ്വഭാവത്തിൽ ചെറിയ മാറ്റമുണ്ടെന്നു പറഞ്ഞപ്പോൾ കഴിഞ്ഞദിവസത്തെ sbhavam ഓർത്തപ്പോൾ ശരിയാണെന്നു തോന്നി.. അവളെ സമാധാനിപ്പിച്ചു... വീണ്ടും പെങ്ങളെ വിശ്വസിച്ചു... എന്നാൽ കഴിഞ്ഞദിവസം തന്റെ ഫ്രണ്ട് വിശാൽ വിധുവിനെ മറ്റൊരു പയ്യനൊപ്പം താമസമാണെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല... എന്നാൽ അവൻ അയച്ച ഫോട്ടോസ് കണ്ടപ്പോൾ ഒരിക്കലും കള്ളമാകാനും വഴിയില്ല... തന്റെ പെങ്ങൾക്കെങ്ങനെ ഇതിനാകുന്നുവെന്നു അവനോർത്തു... പീലിയെ പലയാവർത്തി ചോദ്യം ചെയ്തതും അപമാനിച്ചതുമോർക്കുമ്പോൾ ആകെ വട്ടുപിടിക്കുന്നു... വീട്ടിൽ നിമ്മിയുടെ ഓരോ വട്ടുകൾ.... ആകെ വശം കെട്ടു... വിനയുടെ ചിന്തകൾ കാടുകയറി... അപ്പോഴാണ് പരസ്പരം കൈകോർത്തു ചിരിച്ചുകൊണ്ട് സ്റ്റാഫ്‌ ഏരിയയിലേക്ക് പോകുന്ന പീലിയെയും ഭവിയെയുമവൻ കണ്ടത്.... താൻ വലിച്ചെറിഞ്ഞ സൗഭാഗ്യത്തെയോർത്തുള്ള കുറ്റബോധത്താൽ അവന്റെ തല കുനിഞ്ഞു............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story