♥️ മയിൽ‌പീലി ♥️ ഭാഗം 44

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഹലോ... ഡോക്ടർ... ഐആം റിത്വി... റിത്വി നകുൽ.... നകുൽ ഹസ്ബൻഡ് ആണ് കേട്ടോ.... ഇവിടെ സിറ്റി പോലീസ് കമ്മീഷണർ ആണ്.. ആ സർ നെയിം കിട്ടിയിട്ട് വർഷം ഒന്നാകുന്നതേയുള്ളു.... അതുവരെ പേര് മാത്രമേ ഉള്ളായിരുന്നു... അതും ഇവിടെ വന്നപ്പോൾ കിട്ടിയതാണ്... അല്ലെങ്കിലും എല്ലാപേരും പേരുമായല്ലല്ലോ ജനിക്കുന്നത്.... എല്ലാം ജനിച്ചുവീഴുമ്പോൾ ഭൂമിയിൽ നിന്നു കിട്ടുന്നു.... ഈ ചെറു പ്രായത്തിലും ദീർഘവീക്ഷണത്തോടെയുള്ള അവളുടെ സംസാരം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു പ്രഭു... റിത്വി ഞാൻ എല്ലാവരെയും ഒന്നു കണ്ടോട്ടെ...... പറഞ്ഞിരുന്നില്ലേ ഇന്ന് ഒരു യാത്രയുണ്ട്... മായ പൊതികൾ അടുക്കിപ്പെറുക്കിക്കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു.. ആഹ്... ഞാൻ അതോർത്തില്ല മായ... ശരി എന്നാൽ ചെന്ന് കണ്ടിട്ട് വരൂ... അവൾ മായയോടായി പറഞ്ഞു... മായ എഴുന്നേറ്റ ശേഷം പ്രഭുവിനോടായി സമ്മതം ചോദിക്കും പോലെ നോക്കി... മായ ഞാനും കൂടി വരാം... അതുമനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു...

ആശാ നിലയത്തിന്റെ നീണ്ട ഇടനാഴികളിൽ കൂടി നടക്കുമ്പോൾ നിശബ്ദതയെക്കാൾ ഏകാന്തതയുടെ തടവറയാണതെന്നു തോന്നിയവന്.... ഇടനാഴിയുടെ ഒത്ത നാടുവിലായൊരു വാതിൽ... നോക്കുമ്പോഴെയറിയാം ഒരു ഹാളാണെന്നു തോന്നുന്നു... നിരത്തിയിട്ട സിംഗിൾ ബെഡുകൾ കണ്ടാൽ ഹോസ്പിറ്റൽ വാർഡ് ആണോയെന്ന് സംശയിക്കും... ബെഡുകളിലും ചെയറുകളിലുമായി ഇരുന്നു ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആൾക്കാർ.. മിക്കതും വൃദ്ധരാണ്... അതിനിടയിൽ അഞ്ചാറു പെണ്കുട്ടികളുമുണ്ട്... എല്ലാവരും കൂടി ഉച്ചയ്ക്കുള്ള ഊണിനുള്ള പച്ചക്കറി ഒരുക്കുകയാണ്... മായയെക്കണ്ടപ്പോൾ പലരുടെയും മുഖത്ത് വിരിയുന്ന ഭാവം അനിർവ്വചനീയമായിരുന്നു... ഇതെല്ലാം നോക്കി അവൻ വാതിൽക്കൽ തന്നെ നിന്നു.. അമ്മമാരെ കവിളിൽ തഴുകിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അവൾ സ്നേഹം പങ്കിടുമ്പോൾ ചിലരുടെയൊക്കെ കണ്ണുകൾ ഈറ നാകുന്നുണ്ടോയെന്നവൻ സംശയിച്ചു..

എല്ലാവരെയും കണ്ടപ്പോൾ ഒരുനിമിഷം പരിസരം മറന്നെങ്കിലും പെട്ടെന്ന് പ്രഭുവിനായി മായ തിരിഞ്ഞു നോക്കി... തന്റെ കൂടെ കയറിവന്നിട്ടുണ്ടാകുമെന്നു കരുതിയാണവൾ ശ്രദ്ധിക്കാഞ്ഞത്... നോക്കുമ്പോൾ വാതിൽക്കൽ കൈമാറിൽ കെട്ടി നിൽക്കുവാണ്... അപ്പോഴാണ് താനവനെ വിളിക്കാൻ മറന്നുവെന്നോർത്തതു... കൈയിലുള്ളതൊക്കെ അടുത്തുള്ള കസേരമേൽ വെച്ചിട്ട് അവൾ വാതിൽക്കലേയ്ക് വന്നുകൊണ്ടു വിളിച്ചു... അയ്യോ ഏട്ടനെന്താ അവിടെ നിന്നുകളഞ്ഞേ......? ഞാൻ എല്ലാവരെയും കണ്ട സന്തോഷത്തിൽ വിളിക്കാൻ മറന്നു... വാ എല്ലാവരെയും പരിചയപ്പെടുത്തിത്തരാം... അവൾ വിളിച്ചു... ഒരു ചെറു പുഞ്ചിരിയോടെ അവൾക്കൊപ്പം അകത്തേയ്ക്കു നടന്നപ്പോഴാണ് മറ്റുള്ളവരും അവനെ കാണുന്നത്... ആരാണെന്നറിയാനുള്ള ആകാംഷ എല്ലാകണ്ണുകളിലും നിറയുന്നതവൻ കണ്ടു... പ്രഭുവിനെ നടുക്കായി നിർത്തി അവൾ പറഞ്ഞു.. ഇത് പ്രഭു ഏട്ടൻ.... ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ ആണ്... പിന്നെ... എന്റെ... അവൾ പ്രഭുവിനെ തന്റെ ആരായി പരിചയപ്പെടുത്തുമെന്നവൾ ആലോചിച്ചു..

സുഹൃത്തിന്റെ ഏട്ടനെന്നു പറഞ്ഞാൽ പ്രഭുവേട്ടന് ഞാൻ അന്യയാക്കിയെന്നു തോന്നുമോ ? ഇവരൊക്കെ ഞങ്ങളെ എങ്ങനെ കരുതും.. അവൾ ആലോചിച്ചു.. പിന്നെ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് മായ... പ്രഭുവാണ് നിമിഷങ്ങൾക്കകം അവളുടെ വാക്കുകൾ പൂർത്തിയാക്കിയത്... ഏയ്... സത്യമാണോ മോളേ... കൂട്ടത്തിൽ വളരെ പ്രായം ചെന്നൊരു അമ്മ ചോദിച്ചു.... ആ അമ്മയുടെ കണ്ണുകളിലെ സന്തോഷം എതിർത്തുകൊണ്ട് കളയാൻ അവൾക്കു തോന്നിയില്ല.. അതുകൊണ്ട് തന്നെ പ്രഭുവിന്റെ കണ്ണുകളിൽ തന്നെ നോക്കിയവൾ പറഞ്ഞു.. അതേ അമ്മേ.... ഇദ്ദേഹമാണ് എനിക്ക് ഒരു ജീവിതം തരാൻ പോകുന്നത്... മോനെ... ഒരായിരം പുണ്യം കിട്ടും മോന്... എന്റെ കുഞ്ഞിനെ എല്ലാമറിഞ്ഞു സ്വീകരിക്കാൻ തയ്യാറായല്ലോ... അതിലൊരമ്മ പ്രഭുവിനെ കൈയാട്ടി അടുത്തേയ്ക്കു വിളിച്ചുകൊണ്ടു പറഞ്ഞു.. അവൻ സ്നേഹത്തോടെ അവരുടെ അടുത്തിരുന്നു... കുറേ വിശേഷങ്ങൾ പങ്കുവെച്ചു... വളരെ കുറഞ്ഞസമയം കൊണ്ടുതന്നെ അവനും അവർക്കിടയിലൊരാളായി.... കൗമാരപ്രായമെത്തിയ പെണ്കുട്ടികളായിരുന്നു പിന്നീടുള്ളത്..

ഏട്ടാ.. നിങ്ങള് രണ്ടാളും നല്ല മാച്ച് ആണുകേട്ടോ ? അതിലൊരു പെൺകുട്ടി സ്നേഹത്തോടെ ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു... പ്രഭു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മായയെ നോക്കി... അവൾ പതിയെ മുഖം താഴ്ത്തി... എന്നാലും അറിയാതെപോലും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൻ കണ്ടു... അതേ... ഡോക്ടറെ ഇവിടെ കുറച്ച് ഓർഗാനിക് ഫാർമിംഗും സംഭവമൊക്കെയുണ്ട്... ഇവരുടെയൊക്കെ പ്രയത്നമാണ് കേട്ടോ.. അതൊക്കെ ഒന്നു കണ്ടിട്ട് പോകൂ... നിങ്ങളെപ്പോലെ ചുരുക്കം ആളുകളെ ഇങ്ങോട്ട് വരാറുള്ളൂ... അപ്പോൾ ഇതൊക്കെ കാണുമ്പോൾ ഞങ്ങൾകും സന്തോഷമാണ്.. റിത്വി അവിടേയ്ക്കു വന്നുകൊണ്ടു പറഞ്ഞു... അതിനെന്താടോ... ഇവിടെ വന്നപ്പോൾമുതൽ ആഗ്രഹിക്കുവാന് എല്ലാമൊന്ന് ചുറ്റിനടന്നു കാണാൻ... മായ... എല്ലാമൊന്ന് കാട്ടിതാടോ .. അവൻ മായയെ നോക്കി പറഞ്ഞു... ഇരുവരും അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി...

വളരെ മനോഹരമായി അതിലേറെ ശാസ്ത്രീയമായ രീതിയിലുള്ള കൃഷിരീതികൾ.. പച്ചക്കറിയും കാലിയുമൊക്കെ ഉണ്ട്... കറങ്ങിത്തിരിഞ്ഞ് വീണ്ടും മുൻ വശത്തായാണെത്തിയത്.. മനോഹരമായൊരു പൂന്തോട്ടം തന്നെയുണ്ടായിരുന്നു... ഓരോയിടത്തെത്തുമ്പോഴും അതൊക്കെ പ്രഭുവിനോട് പറഞ്ഞു പ്രത്യേകതകൾ വിശദീകരിക്കുന്നുണ്ടായിരുന്നു മായ... അതൊക്കെ വളരെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു... ഏട്ടാ... ഇനി നമുക്ക് ഇവിടുത്തെ പ്രയർ ഹാളിൽ കൂടിയൊന്നു കയറിയാലോ... വരുമ്പോഴൊക്കെ കുറച്ചുസമയം അവിടിരുന്നിട്ടേ ഞാൻ പോകാറുള്ളൂ... അവൾ പറഞ്ഞു.. പിന്നെന്താ... പോകാല്ലോ... അവൻ സമ്മതം അറിയിച്ചു.. വിശാലമായൊരു ഹാൾ... അകത്തു മുന്നിലായി പായ വിരിച്ചിട്ടുണ്ട്.. തൊട്ടുപുറകിൽ ബെഞ്ചുകളും... എല്ലാവിശ്വാസങ്ങളെയും ബഹുമാനിക്കുകയും പ്രാര്ഥനാസ്വാതന്ത്യ്രം നൽകുകയും ചെയ്യാറുണ്ടെന്നു കണ്ടപ്പോഴേ മനസ്സിലായി... നല്ല ചന്ദനതിരിയുടെ വാസന എങ്ങും നിറഞ്ഞിരിക്കുന്നു... നിലത്തു വിരിച്ചിരിക്കുന്ന പായയിലായി അവൾ പതിയെ ഇരുന്നു....

ഉള്ളിൽ പഴയ ഓർമ്മകൾ ഇരച്ചുകയറി... കുറച്ചുനേരം അവളെ നോക്കിയിരുന്നശേഷം അവൻ ചോദിച്ചു.. മായയ്ക്ക് ഇവിടെല്ലാം നന്നായിട്ടറിയാലോ ? ജസ്റ്റ്‌ വന്നുള്ളപരിചയമല്ലല്ലോ ? പ്രഭുവിന്റെ ചോദ്യമാണ് അവളെ ഓര്മകളിൽനിന്നും ഉണർത്തിയത്... അതേ... ഇവിടെല്ലാം നന്നായിട്ടറിയാം... കാരണം ഇവിടല്ലേ ഞാൻ ഒരു വർഷം മുൻപുവരെ കഴിഞ്ഞത്... ഇവരായിരുന്നല്ലോ എന്റെ എല്ലാം... ഇന്നീ കാണുന്ന മായ ഇവരുടെയൊക്കെ ദയയാണ്... ഈ കാറ്റിനും ചുവരുകൾക്കും എന്റെ കഥയറിയാം.. അവൾ നിർവികാരയായി പറഞ്ഞു... മായാ... അവൻ നിലത്തു വെച്ചിരുന്ന അവളുടെ കൈകൾക്കുമേൽ കൈ ചേർത്തുകൊണ്ട് വിളിച്ചു... അതെയേട്ടാ.... ശരത് ഉപേക്ഷിച്ചപ്പോൾ എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.... നാണംകെട്ടിട്ടാണേലും സ്വന്തം വീട്ടിലേയ്ക്കുതന്നെ പോയി... ഒന്നുമില്ക്കെങ്കിലും അമ്മയ്ക്കും അച്ഛനും സ്വന്തം മകളെ തള്ളിക്കളയാനാകില്ലല്ലോ ? പക്ഷേ... അവിടെയും എനിക്ക് തെറ്റി.. കുടുംബത്തിന് പേരുദോഷം കേൾപ്പിച്ചവളെ സ്വീകരിക്കാൻ ഏട്ടൻ തയ്യാറായില്ല...

നാളെ ഞാൻ ഒരു ബാധ്യതയായാലോ ? ഏട്ടനെ ധിക്കരിക്കാൻ അമ്മയും അച്ഛനും തയ്യാറായില്ല... ഏട്ടനല്ലേ അവരെയും നോക്കണേ... ചുരുക്കത്തിൽ ആട്ടിയിറക്കി... ആരും തുണയില്ലാതെ കൈയിൽ ഒന്നുമില്ലാതെ ഈ കാലത്ത് ഒരു പെൺകുട്ടി എങ്ങനെ ജീവിക്കാനാണ്... മനസ്സാണെങ്കിൽ മുറിവേറ്റു പിടയുന്ന അവസ്ഥയാണ്... മരിക്കുകയല്ലാതെ ജീവിക്കാൻ ഒരു തരിമ്പുപോലും ആഗ്രഹമില്ലാതെ ഇരിക്കുമ്പോഴാണ് റിത്വിയെ കാണുന്നത്... ആശാനിലയത്തിന്റെ എന്തോ പ്രവർത്തനവുമായി ബന്ധപ്പെട്ട് എവിടെയോ പോയി വരുകയായിരുന്നു.. ബസ്റ്റാന്റിൽ എന്തോ ആലോചിച്ചു മിഴിനീർ വാർക്കുന്ന എന്നോട് കാര്യങ്ങൾ തിരക്കി... അറിഞ്ഞപ്പോൾ നിർബന്ധപൂർവം കൂടെക്കൂട്ടി... ഇവിടെ വന്നപ്പോഴാണ് താൻ ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ വര്ഷങ്ങളായി അറിയുന്നവരാണ് തനിക്ക് ചുറ്റുമെന്ന്...

സ്വന്തമെന്നു പറയാൻ ആരുമില്ലാത്തവരാണ് ഇവിടുള്ളതെന്ന്... ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്ന എന്റെ മുന്നിലാണ് അതിജീവനത്തിനായി പൊരുതുന്ന ഓരോ പെൺകുട്ടികളും നിന്നത്... ആരെങ്കിലും വച്ചുനീട്ടുന്ന കാരുണ്യം പ്രതീക്ഷിച്ചു ജീവിതം കെട്ടിപ്പടുക്കുമ്പോൾ ഒരിക്കൽപോലും അവർ ദൈവം സമ്മാനിച്ച ഈ ജീവിതം നശിപ്പിക്കാൻ മുതിർന്നിട്ടില്ല... അപ്പോൾ ഞാനും തീരുമാനിച്ചു... നശിപ്പിച്ചുകളയാൻ കൊതിച്ചിരുന്ന ഈ ജീവിതം ആർക്കെങ്കിലും പ്രയോജനപ്പെടുത്തണമെന്ന്... അങ്ങനെയാണ്ജോലിയ്ക്കു ട്രൈ ചെയ്തതും... അങ്ങനെ കിട്ടുന്നത് കൊണ്ട് ഒരാളെ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നതും... ഇതൊക്കെയാണ് ഇതുവരെയുള്ള മായ.. ഇനിയും............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story