♥️ മയിൽ‌പീലി ♥️ ഭാഗം 50

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

വിനയ് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ നിമ്മിയുടെ ശ്രദ്ധ ബാൽക്കണിയിൽ ഭവിയുടെ നെഞ്ചിൽചേർന്നിരിക്കുന്ന പീലിയിലേക്കെത്തി... നിമ്മിയുടെ ശബ്ദം കേൾക്കെ പീലിയുടെ കണ്ണുകൾ വാതിൽക്കൽ നിൽക്കുന്ന വിനയുടെ കണ്ണുകളുമായുടക്കി... തെറ്റ് പിടിച്ച അധ്യാപകന്റെ ഭാവത്തിൽ വിനയ് നിൽക്കുമ്പോൾ പീലിയുടെ മുഖം നിശ്ചയദാർധ്യത്താൽ ഉയർന്നുതന്നെ നിന്നു... അതിനുള്ള ഊർജമെന്നപോൽ ഭവിയുടെ കൈകൾ അവളുടെ കൈകളിൽ മുറുകി.. ഇതെല്ലാം കത്തുന്ന കണ്ണുകളുമായി നോക്കുന്ന നിമ്മിയുടെ ദൃഷ്ടി കൂടുതൽ തെളിഞ്ഞുനിന്നു.. നിങ്ങളെന്താ ഏട്ടാ ഇവിടെ വന്നു നോക്കിനിൽക്കുന്നെ ? ദേ .. ഇവൾക്ക് നിങ്ങളെ കേട്ടാഞ്ഞതിലൊന്നും ഒരു വിഷമോം ഇല്ല... കണ്ടില്ലേ വേറൊരുത്തന്റെ നെഞ്ചിൽ ചേർന്നു നില്ക്കുന്നെ... അതെങ്ങനാ ഇവൾക്കിതൊന്നും പുത്തരിയല്ലല്ലോ ? കുടപിടിക്കാൻ സ്നേഹമയനായ ഒരേട്ടനും .......... നിമ്മി പറഞ്ഞുകൊണ്ടേയിരുന്നു ...

നിമ്മി... നീയൊന്നു നിർത്തൂ... ഒന്നുവന്നേ... വിനയ് നിമ്മിയുടെ കൈപിടിച്ചുകൊണ്ട് അകത്തേയ്ക്കു വലിച്ചുകൊണ്ടു പറഞ്ഞു.. എന്താ ഏട്ടാ.. ഞാൻ പറയുന്നതിലെന്താ തെറ്റ്.. അതുകൊണ്ടല്ലേ നിങ്ങളുടെ പെങ്ങളിപ്പോ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നെ...? അവൾ അവന്റെ കൈ പിടിച്ചുമാറ്റിക്കൊണ്ട് പറഞ്ഞു... ഇതുകേൾക്കേ പീലിയുടെ ഉള്ളിൽ ഒരായിരം കൂരമ്പുകൾ ഒരുമിച്ച് പതിച്ച വേദനയായിരുന്നു... അപവാദം കേട്ടു തഴമ്പിച്ച തന്റെ കാതുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് തന്റെ ഏട്ടനെക്കുറിച്ചു കേൾക്കുന്ന ഓരോ വാക്കുകളും.. ഭവിയ്ക്കാണെങ്കിൽ ദേഷ്യം സിരകളിൽ തുടിച്ചുയർന്നിരുന്നു.. അതിന്റെ പ്രതിഭലനമെന്നോണം അവന്റെ കൈകൾ പീലിയുടെ കൈകളിൽ മുറുകി.. അവൻ പീലിയെ പുറകിലോട്ട് തള്ളിക്കൊണ്ട് മുന്പിലേയ്ക് ആഞ്ഞു... അവൾ ഭവിയുടെ മുഖത്തേയ്ക്കു വേണ്ട എന്ന രീതിയിൽ കണ്ണുചലിപ്പിച്ചു...

സഹിക്കാവുന്നതിലും അപ്പുറം എല്ലാവർക്കും മുന്നിൽ ചെയ്യാത്ത തെറ്റിന് ഞാൻ തലകുനിച്ചുനിന്നിട്ടുണ്ട്... അപവാദങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്... പക്ഷേ.... അതിനേക്കാളേറെ നീറിക്കഴിയുകയാണ് എന്റെ ഏട്ടൻ... അതും ഇയാളുടെ പെങ്ങൾ ഒരൊറ്റ ഒരാളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയതുകൊണ്ടു... അങ്ങനെയുള്ള മനുഷ്യനെ ഒന്നിന്റെ പേരിലും ഇനിയും കുറ്റപ്പെടുത്തുന്നതു കേട്ടുനിൽക്കാൻ എനിക്കാവില്ല... ഭവി... പീലീ ഭവിയോടായതു പറയുമ്പോഴും കണ്ണുകൾ ഇടയ്ക്കു വിനയിലോട്ടു നീങ്ങി... അവിടെ പ്രതികരിക്കാനുള്ള അവകാശം അവൾക്കാണെന്നു അറിയാവുന്നതുകൊണ്ട് തന്നെ ഭവി അവളെ സ്വതന്ത്രയാക്കി... പീലീ മെല്ലെ വിനയുടെയും നിമ്മിയുടെയും അടുത്തേയ്ക്കു ചെന്നു നിന്നു.. നിമ്മിയുടെ കണ്ണുകളിൽ പുച്ഛമോ പരിഹാസമോ എന്തോ കലർന്നൊരു ഭാവമായിരുന്നെങ്കിൽ വിനയുടെ മുഖം പരാജയത്തിന്റെയോ കുറ്റബോധത്തിന്റെയോ ചുഴിയിൽ ഉഴറുമ്പോലെ തോന്നി... നീ പറഞ്ഞത് സത്യമാണ് നിമ്മി... എനിക്കിപ്പോൾ വിനു ഏട്ടനെ വിവാഹം കഴിക്കാൻ കഴിയാഞ്ഞതിന്റെ ഒരു വിഷമവുമില്ല...

കാരണം ഒപ്പം ജീവിക്കാൻ കഴിയുമെന്നുറപ്പുള്ള ഒരാളെയല്ല നാം കൂടെ കൂട്ടേണ്ടത്... നമ്മളില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരെയാണ്... നീ... വിശേഷിപ്പിച്ചതുപോലെ ഏതോ ഒരുത്തനല്ല എനിക്ക് ഭവി... ഇന്നീ കാണുന്ന പീലീ പോലും ഈ മനുഷ്യന്റെ ദാനമാണ്... ഈ വിരലിൽ മോതിരമിടും വരെ പ്രണയിച്ചു നടന്നിട്ടില്ല.... പക്ഷേ.. ഏതൊരു പെണ്ണിനേയും പോലെ വിവാഹത്തിന്റെ ആദ്യ വാഗ്ദാനമായ മോതിരം ചാർത്തിയപ്പോൾ എന്റെ ജീവിതം അവിടെ ഭദ്രമായിരിക്കുമെന്നു വിശ്വസിച്ചുപോയി... എന്നും ബഹുമാനത്തോടെയേ നോക്കിയിട്ടുള്ളൂ.. പക്ഷേ.... ഒരിറ്റു കരുണപോലും കാണിക്കാതെ തള്ളിപറഞ്ഞില്ലേ എന്നെ... ഇങ്ങനൊരാളെ ഞാൻ ജീവിതത്തിൽ സ്വീകരിച്ചിരുന്നെങ്കിൽ നാളെ വിവാഹം കഴിഞ്ഞാണ് അങ്ങനൊരു സംഭവം നാടന്നതെങ്കിൽ എന്നെ ഒരു പൂവിറുത്തുമാറ്റും പോലെ അറുത്തു മാറ്റില്ലായിരുന്നോ?

ആ താലി പൊട്ടിച്ചെടുക്കില്ലായിരുന്നോ ? പീലീ കിതച്ചുകൊണ്ട് ചോദിച്ചു... ഒന്നും മിണ്ടാതെ അവളെ നേരിടാനാകാത്ത വിനയ് നിന്നു... പീലിയുടെ വായിൽനിന്നും തനിക്കവൾ നൽകിയിരുന്ന സ്ഥാനം... താൻ തകർത്തെറിഞ്ഞ വിശ്വാസം അതെല്ലാം കേട്ടപ്പോൾ ഉള്ളം വിങ്ങി... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി... ആഹാ... എന്തൊരു നല്ല അഭിനയം... ഇത്രയ്ക്കു സ്നേഹം നിറഞ്ഞുതുളുമ്പിയിട്ടാണോടി നിശ്ചയത്തിന്റെ അന്നുതന്നെ ഒരുത്തന്റെ കൂടെ... ഛെ... പറയാൻ കൂടി നാണക്കേടാകുന്നു... നിമ്മി വെറുപ്പോടെ മുഖം തിരിച്ചു.. മതി.. നിർത്... കുറെ നേരമായി നിങ്ങളിവളെ കുറ്റപ്പെടുത്തുന്നു.. ഇവളെ എനിക്കറിയാം... അതിലും നന്നായി ഇവൾക്കെന്നെയും ....

എന്റെ പെണ്ണാ ഇവള്... ഇവളെങ്ങനെയാണോ അതുപോലെ തന്നെയാ സ്വീകരിച്ചത്... അതുകൊണ്ട് എന്റെ പെണ്ണിനെക്കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ... സുപ്പീരിയർ ഓഫീസറോടുള്ള റെസ്‌പെക്ട് അത് അയാളുടെ ഭാര്യയ്ക്കു എന്തും പറയാനുള്ള ലൈസൻസ് അല്ല.. mind it.. ഭവി പീലിയെ തന്നോട് ചേർത്തു നിർത്തി നിമ്മിയോടായി പറഞ്ഞു... പിന്നേ... സാറിന്റെ പെങ്ങൾ അവിടെ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നതിന്റെ കണക്ക് പറഞ്ഞല്ലോ... ആ കഷ്ടപ്പാട് സഹിക്കാൻ വയ്യാതെ ഓടി രക്ഷപ്പെട്ടതാ പ്രഭു ഏട്ടൻ... കണ്ണടച്ചു ഇരുട്ടാക്കല്ലെ സാർ... ബാംഗ്ലൂർ നഗരത്തിൽ ചെന്നു ഒന്നു വിശദമായി അന്വേഷിച്ചാൽ അറിയാൻ പറ്റും പെങ്ങളുടെ കഷ്ടപ്പാടിന്റെ മഹത്വം... അവരുടെ സ്വാര്ഥതയിലും കാപട്യത്തിലും എല്ലാം നഷ്ടപ്പെട്ടത്.. ദേ.. ഈ പെങ്ങൾക്കും ഏട്ടനുമാ... വൈകാതെതന്നെ എല്ലാം മനസ്സിലാകും... ഈശ്വരൻ എല്ലാം കാണാനും കേൾക്കാനുമുള്ള ഭാഗ്യം നിങ്ങൾക്ക് തരട്ടെയെന്നു പ്രാർത്ഥിക്കാം... അതും പറഞ്ഞവൻ പീലിയെ ചേർത്തുപിടിച്ചുകൊണ്ടു റൂമിലേയ്ക്ക് പോയി..

വിനയ്‌ക്കു ഏകദേശം കാര്യങ്ങൾ മനസ്സിലായെങ്കിലും നിമ്മിയ്ക്കു ഒന്നുംതന്നെ പിടികിട്ടിയില്ല... എന്താ ഏട്ടാ... നിങ്ങൾ അവൻ പറയുന്ന കേട്ടിട്ട് മിണ്ടാതെ നിന്നത്... സ്വന്തം പെങ്ങളുടെ സ്വഭാവത്തെയാ അവൻ കുറ്റപ്പെടുത്തിയത്... അവൻ പറഞ്ഞതിന്റെ അർത്ഥം വല്ലതും മനസ്സിലായോ ? ആ പീലീ.... വാക്കുകൾ പൂർത്തിയാക്കും മുന്നേ വിനയ് അവളെ തള്ളി റൂമിലാക്കി ഡോർ അടച്ചു... മിണ്ടിപ്പോകരുത്... മനസ്സിലാക്കിയതൊക്കെ മതി... മൈൻഡ് ഒന്നു ഫ്രഷ് ആക്കാനാ ഈ ട്രിപ്പെന്നും പറഞ്ഞിറങ്ങിയത്... അപ്പോൾ ഇവിടേം സമാധാനം തരില്ലെന്നാണോ നിമ്മി നീ ? നിന്നോട് എത്ര വട്ടം പറഞ്ഞു ഞാൻ.. പീലിയെന്റെ പാസ്ററ് ആണെന്ന്... ഇപ്പോൾ നീയാണെന്റെ എല്ലാം... അവളുടെയെന്നല്ല വേറൊരാളുടെയും കാര്യം നമുക്കിടയിൽ ഇനി വേണ്ട... പറഞ്ഞത് കേട്ടല്ലോ ? വിധുവിന്റെ കാര്യം പോലും... ഇനിയും എന്നെ വട്ടുപിടിപ്പിക്കാൻ നോക്കരുത്.... ഈ ജീവിതം പോലും ചിലപ്പോൾ അവസാനിപ്പിച്ചെന്നു വരും ഞാൻ... ആകെ ഭ്രാന്ത് പിടിച്ചു നഷ്ടബോധത്തിന്റെ .... നിരാശയുടെ ....

ചുഴിയിൽ ഉഴറി നടക്കുകയായിരുന്നു അവന്റെ മനസ്സപ്പോൾ .. പൂര്ണമായല്ലെങ്കിലും ഏകദേശം വിധുവിന്റെ ജീവിതം തനിക്കുമുന്നിൽ വെളിവായിട്ടുണ്ട് .. താൻ എങ്ങനെയാണ് ഇവളോട് ഇത്രയും മോശം കാര്യങ്ങൾ പറയുക... അല്ലെങ്കിൽ എല്ലാവർക്കും മുന്നിൽ ഏറ്റുപറയുക .. ആ ജാള്യത മൗനത്തിന്റെ മുഖം മൂടി അണിയനവനെ നിര്ബന്ധിതനാക്കി .. ഭർത്താവിനെ തനിക്ക് മാത്രം വേണമെന്ന സ്വാർത്ഥതയല്ലാതെ മറ്റൊന്നും നിമ്മിയിലില്ല .. ഒരുകണക്കിന് ഓർത്താൽ ഒരു പാവം പൊട്ടിപ്പെണ്ണ് ... അതിന്റെ വീറും ദേഷ്യവും അറിവില്ലായ്മയും അറിയാവുന്നതുകൊണ്ട് തന്നെ അവളെ തല്ലാനോ ഉപേക്ഷിക്കാനോ തനിക്കാവില്ലെന്നവൻ ഓർത്തു... അപ്പോഴും ഉള്ളിൽ മുഴങ്ങിയത് ഭവി പറഞ്ഞ അവസാന വാക്കുകളായിരുന്നു... ഈശ്വരൻ എല്ലാം കാണാനും കേൾക്കാനുമുള്ള ഭാഗ്യം നിങ്ങൾക്ക് തരട്ടെയെന്നു പ്രാർത്ഥിക്കാം... അതേ അങ്ങനൊരു ദിവസം വിദൂരമല്ലെന്നവന്റെ മനസ്സും മന്ത്രിച്ചുകൊണ്ടിരുന്നു ............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story