♥️ മയിൽ‌പീലി ♥️ ഭാഗം 56

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

വിധു ജോലിയ്ക്കു കയറിയ സമയത്താണ് അവളെ ഞാൻ പരിചയപ്പെടുന്നത്... അതും രാഹുൽ വഴി... അവർ തമ്മിൽ മുൻപേ റിലേഷനിൽ ആയിരുന്നു... റോയ് പറയുന്ന ഓരോ വാക്കുകളും വിനയുടെ ഉള്ളിൽ ആയിരം കൂരമ്പുകളായി തറച്ചു... അന്ന് വിധു പറഞ്ഞതൊക്കെ എത്ര വലിയ നുണകളാണെന്നറിയേ കുറ്റബോധത്തിന്റെ തീച്ചൂളയിലവനുരുകി... പീലിയെ താൻ തള്ളിപ്പറഞ്ഞതോർത്തവൻ നീറി.. ഇതേസമയം അതിലും പരിതാപകരമായിരുന്നു പ്രഭുവിന്റെ അവസ്ഥ... സ്വന്തം ഭാര്യയുടെ വഴിവിട്ട ജീവിതം അവളുടെതന്നെ അടുപ്പക്കാരനിൽനിന്നും മറ്റുള്ളവരുടെ മുന്നിൽവെച്ചു കേൾക്കുമ്പോഴുള്ള അവസ്ഥ... ഒരിക്കലും സഹിക്കാൻ കഴിയില്ലല്ലോ...? അതുമനസ്സിലാക്കിയെന്നോണം ഭവി അവനെ താങ്ങി പിടിച്ചു... തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ടു ബാൽക്കണിയിലേയ്ക് കൊണ്ടു വന്നു... പിന്നീടങ്ങോട് റോയ് പറഞ്ഞതൊക്കെ വിനയ് വിശ്വസിക്കാനാകാതെ കേട്ടുനിന്നു...

നകുൽ റോയ് പറയുന്നതൊക്കെ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നുണ്ടായിരുന്നു... അപ്പോളിനി വിനയ് പൊക്കോളൂ... എനിക്ക് കുറച്ചു കാര്യങ്ങൾ ഇവനിൽനിന്നുമറിയാനുണ്ട്... പിന്നെ പെങ്ങളോടുള്ള സ്നേഹം കൊണ്ട് അവളെ രക്ഷപ്പെടുത്താമെന്നു എന്തെങ്കിലും ദുരുദ്ദേശമുണ്ടെങ്കിൽ അതങ്ങു മറന്നേക്കൂ... കാരണം ഒരുപാട് പേരുടെ കണ്ണീരിൽ കുതിർന്ന ജീവിതമാണ്... ആ ശാപത്തിന്റെ പങ്കു പറ്റാതിരിക്കാൻ നോക്ക്.. നകുൽ വിനയനോടായി പറഞ്ഞു... ഇനി ഇന്നത്തെ അവരുടെ പ്ലാൻ തകർക്കാനും തക്ക തെളിവുകളോടെ പൂട്ടാനുമുള്ള കാര്യങ്ങൾ തികച്ചും രഹസ്യസ്വഭാവത്തോടെ വേണമെന്നതുകൊണ്ടാണ് വിനയെ അവിടെനിന്നും ഒഴിവാക്കാൻ നകുൽ തീരുമാനിച്ചത്... ഇല്ല സാർ.... അവളെന്റെ കൂടെപ്പിറപ്പാണ്... എന്നുകരുതി ഇത്രയും ക്രൂരതകൾ ചെയ്തുകൂട്ടിയിട്ടും അതൊക്കെ മറന്നു അവളെ രക്ഷിക്കാൻ തക്ക സ്വാർത്ഥനല്ല ഞാൻ...

ഇപ്പോഴെങ്കിലും അവൾ പിടിക്കപ്പെട്ടില്ലെങ്കിൽ ഇനിയും ഒരുപാട് ജീവനുകളും ജീവിതവും തകരും... അതവളെ വീണ്ടും വീണ്ടും തെറ്റുചെയ്യാനുള്ള വഴിയിലേക്കു നയിക്കും... അതുകൊണ്ട് ഞാനും കാരണം സാറിന്റെ ഡ്യൂട്ടിക്ക് തടസ്സമുണ്ടാകില്ല... അവൻ കൺകോണിൽ ഊറി വന്ന മിഴിനീർ പുറംകൈയാൽ തൂത്തുകൊണ്ട് പറഞ്ഞു.. വിനയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചുകൊണ്ടു നകുൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന ഭവിക്കും പ്രഭുവിനുമെടുത്തായി വന്നു... ഇനി കുറച്ചുനേരം ആ റൂമിലേയ്ക്ക് ആരും വരണ്ട... മറ്റൊന്നും കൊണ്ടല്ല... എന്റെ ഒരു ഫ്രണ്ട്... ഇവിടെ എ സി പി യാണ്... അവനോട് സംസാരിച്ചിട്ടുണ്ട്.. അപ്പോഴാണ് ഓർഗൻ മാഫിയയുമായി ബന്ധപ്പെട്ടൊരു സീക്രെട് ഇൻവെസ്റ്റിഗേഷൻ ബാംഗ്ലൂർ പോലീസ് നടത്തുന്ന കാര്യമറിഞ്ഞത്.. അറിയാമല്ലോ ഇങ്ങനെയുള്ളവർക് ഹൈ കോൺടാക്ട് സർക്കിൾ കാണും...

അതുകൊണ്ടുതന്നെ വ്യക്തമായ തെളിവുകളോടുകൂടിയെ ഇവനെയൊക്കെ പൂട്ടാൻ കഴിയുള്ളു... ഇപ്പോൾ പ്രഭു തന്ന തെളിവുകളും റോയിയും മതി ഞങ്ങൾക്കവരെ പൂട്ടാൻ... പക്ഷേ... ഇവരെയൊക്കെ മുന്പിൽനിർത്തി കോടികളുടെ ബിസിനസ് നടത്തുന്ന... നമ്മൾ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത മാന്യമാർ കാണും ഇവർക്ക് പിന്നിൽ... അങ്ങനെയുള്ള വിഷപാമ്പുകളെയാണ് നമ്മൾ വേരോടെ പിഴുതെറിയേണ്ടത്... ഇന്നത്തെ ഡീൽ അതുകൊണ്ടുതന്നെ ക്രൂഷ്യൽ ആയിരിക്കും... ഇവരിലൊരാളെ നേരിട്ട് പിടിച്ചു ക്യസ്റ്റിയൻ ചെയ്യുക റിസ്ക് ആണ്... അപ്പൊ ഇങ്ങോട്ട് വന്നുചാടിയ ഈ മുതലിനെ പുറത്തു കാട്ടുന്നത് സൂക്ഷിച്ചുവേണം... അതുകൊണ്ടു കുറച്ചുസമയം അവനിവിടെ കിടക്കട്ടെ.. അത്രയും നേരം ഒന്നു ഡീറ്റൈൽ ആയിട്ട് ചോദ്യം ചെയ്യാല്ലോ... നകുൽ പറഞ്ഞുകൊണ്ട് അകത്തേയ്ക്കു പോയി... വിനയ് മൂകനായി അസ്തമയസൂര്യന്റെ ചെഞ്ചായം കടുത്ത ആകാശത്തിന്റെ ആഴങ്ങളിലേയ്ക് നോക്കി നിന്നു...

മുൻപിൽ നിൽക്കുന്ന ഭവിയെയും പ്രഭുവിനെയും എങ്ങനെ നേരിടുമെന്ന ജാള്യതയായിരുന്നു മൗനത്തിന്റെ മുഖം മൂടിയാൽ മറച്ചുപിടിച്ചത്... എങ്കിലും തെറ്റ് മനസ്സിലാക്കിയിട്ടും അത് ഏറ്റുപറയാൻ ഭയക്കുന്നത് ഭീരുത്വമാണ്.. അതുകൊണ്ടുതന്നെ പ്രഭുവിന് മുൻപിൽ തന്റെ അറിവില്ലായ്മ ഏറ്റുപറയാൻ വിനയ് തയ്യാറായി... ഏട്ടാ... റൈലിങ്ങിൽ പിടിച്ചു വിധൂരതയിലേയ്ക് കണ്ണുംനട്ടുനിൽക്കുന്ന പ്രഭുവിന്റെ കൈകൾക്കുമേൽ അവൻ കൈചേർത്തു.. ക്ഷമിക്കണമെന്നു പറയാൻ അവകാശമില്ല... എങ്കിലും എന്റെ പെങ്ങൾ ചെയ്തതിനൊക്കെ ഈ കാലുപിടിച്ചു മാപ്പുപറയാനും ഞാൻ തയ്യാറാണ്... കാരണം സ്വന്തം ഏട്ടനായെ കണ്ടിട്ടുള്ളു... ഇനി ഒന്നിന്റെ പേരിലും അത് നഷ്ടപ്പെടുത്താൻ വയ്യ.... ഏയ്‌... സാരമില്ല വിനു... തെറ്റ് പറ്റാത്തവരായി ആരുമില്ല..

അത് മനസ്സിലാക്കി പശ്ചാത്തപിക്കുന്നതിലും വല്യ പ്രായശ്ചിത്തം വേറെയില്ല... ഒരുകണക്കിന് നിന്നെപ്പോലെ ഞാനും തെറ്റുചെയ്തില്ലെ... നീ ദിവസങ്ങൾ മാത്രം പരിചയമുള്ള പെൺകുട്ടിയെയാണ് തള്ളിപ്പറഞ്ഞതെങ്കിൽ... ഞാനോ ? ജനിച്ചപ്പോൾ മുതൽ ദാ... ഈ കൈകളിൽ കോരിയെടുത്തുനടന്ന എന്റെ സ്വന്തം കൂടപ്പിറപ്പിനെയല്ലേ തള്ളിപ്പറഞ്ഞത്.... ഒറ്റയ്ക്കാക്കിയത്... പ്രഭു വിനയിന്റെ കരം കവർന്നുകൊണ്ടു പറഞ്ഞു... ഏയ്... എന്തായിത്..? രണ്ടാളും ഇങ്ങനെ വിഷമിക്കാതെ... ഇപ്പോൾ എനിക്ക് കുറച്ചു ആശ്വാസം തോന്നുന്നുണ്ട്... എന്റെ പീലുവിനെ സംശയത്തോടെ... വെറുപ്പോടെ നോക്കിയ ചില കണ്ണുകളിലെങ്കിലും സത്യത്തിന്റെ വെളുപ്പ് പടർന്നല്ലോ ? ഭവി ഇരുവരോടുമായി പറഞ്ഞു... ഏട്ടാ... കേട്ടതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല...

എന്റെ കൈപിടിച്ചുനടന്ന ആ പൊട്ടിപ്പെണ്ണല്ലല്ലോ ഇപ്പോളവൾ... ഉള്ളിൽ നിറയെ കാപട്യത്തിന്റെ കറുപ്പും നിറച്ചാണോ ഇത്രയും നാൾ എന്റെ കൂടപ്പിറപ്പ് നടന്നത്... ഇതറിയുമ്പോൾ അച്ഛനുമമ്മയും എങ്ങനെ സഹിക്കും... എങ്ങനാ അവൾക്കിത്രയും നീചയാകാൻ കഴിഞ്ഞത് ? വിനയ്... ഇതേ അവസ്ഥ തന്നെയായിരുന്നു എനിക്കും.. ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയായിരുന്നു വിധു... അതുകൊണ്ടാണ് ആ സ്നേഹത്തിന്റെ അന്ധതയിൽ എന്റെ കൂടപ്പിറപ്പിനെപ്പോലും തള്ളിപ്പറഞ്ഞത്... എന്നാൽ യാദൃശ്ചികമായ ചില സംഭവങ്ങൾ.. അത് എന്നെ കൊണ്ടെത്തിച്ചത് ആവിശ്യാസനീയമായ കാഴ്ചകളിലേക്കാണ്.. ഒരു ഭർത്താവിനും ഉൾക്കൊള്ളാനാകാത്ത കാഴ്ചകൾ... അത് പിടിക്കപ്പെട്ടപ്പോൾ എന്റെ പ്രൊഫഷണൽ എത്തിക്സ് ചോദ്യം ചെയ്തു...

ഞാൻ ഓർഗൻ മാഫിയയുടെ കണ്ണിയാണെന്നു പറഞ്ഞു തെളിവുകൾ കാട്ടി ഭീഷണിപ്പെടുത്തി... നിനക്കറിയാമോ വിനു... എത്ര നിഷ്കളങ്കരായ ആൾക്കാരുടെ ജീവനിലാണ് അവൾ വിലപേശിയതെന്ന്... അവരുടെ അവയവങ്ങൾ മുറിച്ചുവിറ്റു... ആ ഹോസ്പിറ്റലിലും ഈ ഹോട്ടലിലുമായി എത്ര പെൺകുട്ടികളെ ചതിയിലൂടെ പലർക്കും കാഴ്ചവെച്ചു... അതിൽ പലരും ഇന്ന് ജീവനോടെയില്ല... ഇതൊക്കെ എന്റെ ഹോസ്പിറ്റലിൽ നേഴ്സ് ആയി വന്ന ഒരു പെൺകുട്ടിയിൽ നിന്നാണറിഞ്ഞത്... പ്രഭു പറഞ്ഞുനിർത്തി ദീർഘശ്വാസമെടുത്തു.... ഏട്ടാ... എന്നാലും ഇവൾക്കെങ്ങനെതോന്നിയതിനൊക്കെ ? അവളും ഒരു പെണ്ണല്ലേ? ഇതൊക്കെ എങ്ങനെ തെളിയിക്കാനാണ് ? വിനയ് സംശയത്തോടെ ചോദിച്ചു.. പ്രഭു തന്റെ ഓർമ്മ രേഷ്മയുമായി സംസാരിച്ച ആ ദിവസത്തിലേക്ക് പായിച്ചു... ഹോസ്പിറ്റലിൽ നടക്കുന്ന നീചപ്രവർത്തികളെക്കുറിച്ചും തന്റെ കൂട്ടുകാരിയുടെ അനുഭവത്തെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു അടുത്തദിവസം അവളെന്നെയൊരു പെൻഡ്രൈവ് ഏൽപ്പിച്ചു...

അവളുടെ സുഹൃത്ത്‌ രഹസ്യമായി ശേഖരിച്ച ചില ഞെട്ടിയ്ക്കുന്ന വീഡിയോ ക്ലിപ്പുകൾ... ഓർഗൻ ട്രാന്സാക്ഷനായി വിധു ഉൾപ്പെടെയുള്ളവരുടെ പങ്ക് അതിൽനിന്നും വ്യക്തമായി... പിന്നെ എങ്ങനെ ഇതൊക്കെ പുറത്തുകൊണ്ടുവരുമെന്ന ആലോചനയായിരുന്നു... അപ്പോഴാണ് നകുലന്റെ കാര്യം ഓർത്തത്‌... അന്ന് മായയ്‌ക്കൊപ്പം ആശാനിലയത്തിൽ പോയപ്പോഴാണ് റിത്വി അവിടെ ആഴ്ചയിലൊരിക്കൽ നടത്തുന്ന മെഡിക്കൽ ചെക്കപ്പിന്റെ കാര്യം ചോദിച്ചത്.. അങ്ങനെ പോയുള്ള പരിചയം നല്ലൊരു സുഹൃത്ബന്ധമായി.. അത് നകുലിലേയ്ക്കും പകർന്നു... അതുകൊണ്ടാണ് അവനോടു തന്നെ സഹായത്തിനായി ചെന്നത്... പ്രഭു പറഞ്ഞുനിർത്തി.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഇതേസമയം റോയിയെ തുറക്കുകയായിരുന്നു വിധുവും രാഹുലും...

ഇവനിതെവിടെപോയി കിടക്കുവാ... എത്ര നേരമായി വിളിക്കുന്നു. രാഹുൽ അമർഷത്തോടെ ഫോൺ ബെഡിലേയ്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.. മുകളിൽ ഒരു ഡിജെ നടക്കുവല്ലേ... അവിടെങ്ങാനും കുടിച്ചോഫായി കിടപ്പുണ്ടാകും.. വിധു രാഹുലിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.. ആഹ്.. ഇവനെല്ലാം നശിപ്പിക്കുമോന്നാ എന്റെ പേടി... ഒന്നാമതെ ഇന്നാ പെണ്ണിന്റെ പുറകെ നടക്കുവാണ്... എന്തേലും പ്രശ്നമുണ്ടാക്കിയാൽ അറിയാല്ലോ ? രാഹുൽ ഓർമിപ്പിച്ചു... നീയൊന്നടങ് രാഹുൽ... അവൻ ഇങ്ങു വന്നോളും... അല്ലെങ്കിലും അവന്റെ സ്ഥിരം പണിയാണല്ലോ ഇത്... നോക്കിക്കോ എന്നത്തേയും പോലെ ഡീൽ തുടങ്ങാറാകുമ്പോൾ ഇങ്ങെത്തും... അപ്പോഴാണ് ഡോർ ബെല്ലിന്റെ ശബ്ദം കേട്ടത്.. നോക്കിക്കേ വിധു... അവരായിരിക്കും.... പോയി ഡോർ തുറക്ക്... രാഹുൽ വിധുവിനോടായി പറഞ്ഞു...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story