♥️ മയിൽ‌പീലി ♥️ ഭാഗം 60

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

സർ ദാ ഇതിൽ ഒരു പെൻഡ്രൈവ് ഉണ്ട്... സുദീപ് ഡോക്ടറുടെ കൂടെ ഒപിയിൽ നടന്ന ചില കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷനിൽ സംശയം പറഞ്ഞപ്പോൾ ഞാൻ കളിയായാണ് അവളോട്‌ ബട്ടൺ ക്യാമറയും കൊണ്ട് പോകാൻ പറഞ്ഞത്... എന്നാൽ ഒരാഴ്ച്ചകഴിഞ്ഞപ്പോൾ ഒരു പെൻഡ്രൈവ് കൊണ്ടുതന്നു കൈയിൽ... നിസ്സാരമായ യൂറിനറി ഇൻഫെക്ഷൻ മുതൽ കിഡ്നി സ്റ്റോൺ പോലെയുള്ള രോഗങ്ങളുമായെത്തുന്ന ആൾക്കാരെ.. കിഡ്നി ഡാമേജ് ആണെന്നും മാറ്റണമെന്നും പറഞ്ഞു സർജറി നടത്തും... പാവങ്ങൾ അതും വിശ്വസിച്ചു ഇവർക്കുമുന്നിൽ ഹോസ്പിറ്റൽ ബില്ലും കെട്ടി... ഡോക്ടർ ഫീസിന് പുറമെ കൈക്കൂലിയും കൊടുത്തു കിടന്നുകൊടുക്കും .... അങ്ങനെ പ്രധാനപ്പെട്ട പല സർജറി ഡീറ്റൈൽസും ഇതിലുണ്ടെന്നാണ് അവൾ പറഞ്ഞത്... ഒന്നും പുറത്തറിയിക്കാനുള്ള ധൈര്യമൊന്നും ഞങ്ങൾക്കില്ലായിരുന്നു .. എങ്കിലും വെറുതെ കൈയിൽ കരുതി... ആയിടയ്ക്കാണ് സുദീപ് ഡോക്ടറുടെ ക്യാബിനിൽ വെച്ചു അദ്ദേഹത്തിന്റെ ഫ്രണ്ട് ദേവുവിനെ കണ്ടതും... പിന്നേ അവരൊരുക്കിയ ചതിയിൽ അവൾ പെടുന്നതും...

ആദ്യം നല്ലൊരു ഫ്രണ്ടിനെപ്പോലെ പെൺകുട്ടികളെ വലയിലാക്കും എന്നിട്ട് പല പാർട്ടികളിലും കൊണ്ടുപോയി കാഴ്ചവയ്ക്കും... എന്നാൽ സുദീപ് ഡോക്ടറുടെ കള്ളത്തരങ്ങളെല്ലാം ദേവുവിനറിയാമായിരുന്നല്ലോ ? അതുകൊണ്ട് അവൾ വിധുവിനെ വിശ്വസിച്ചിരുന്നില്ല.... പക്ഷേ.... ഹോസ്പിറ്റലിലെത്തന്നെ മറ്റൊരു സ്റ്റാഫ്‌ സ്മൃതി.. ഞങ്ങൾക്കൊക്കെ അവരുമായി മോശമല്ലാത്ത ബന്ധമുണ്ടായിരുന്നു... പ്രായത്തിന്റെ ബഹുമാനവും ഒരു ചേച്ചിയോടുള്ള സ്നേഹവും ആവോളം നൽകിയിരുന്നു.... അതുകൊണ്ടാണ് ഗൾഫിലേക്കു നഴ്സിനെ റിക്രൂട് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ വിശ്വസിച്ചത്.... ദേവുവിനെ സംബന്ധിച്ചിടത്തോളം അതൊരു ഗോൾഡൻ ചാൻസ് ആയിരുന്നു... പഠനത്തിനെടുത്ത ലോണൊക്കെ അടയ്ക്കാനും വീട്ടുകാരെ സഹായിക്കാനും ഒരവസരം ഒത്തുവന്നപ്പോൾ പാഴാക്കേണ്ടെന്നു ഞാനും ഉപദേശിച്ചു... ഒരുമിച്ചുപോകാനായിരുന്നു പ്ലാൻ പക്ഷേ.... അവസാനനിമിഷം ഹോസ്പിറ്റലിൽ നിന്നും എനിക്ക് ലീവ് കിട്ടിയില്ല... പക്ഷേ... അതൊരു ചതിയായിരുന്നെന്നു മനസ്സിലായത്... രാത്രി വൈകിയെത്തിയ ദേവുവിനെ കണ്ടപ്പോഴാണ്...

ആകെത്തകർന്നു എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ.. ഈ നെഞ്ചിൽ വീണുപൊള്ളിയ അവളുടെ മിഴിനീർ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.... രേഷ്മ കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് പറഞ്ഞു... സത്യത്തിൽ അന്നെന്താ ദേവികയ്ക്കു സംഭവിച്ചത് ? പ്രഭു ആകാംക്ഷയോടെ തിരക്കി... സ്മൃതി ചേച്ചി പറഞ്ഞ പ്രകാരം ഒരുമിച്ചാണ് ഞാനും ദേവുവും ഇന്റർവ്യൂ നടക്കുന്ന ഹോട്ടൽ ഗ്രീൻലണ്ടിലേയ്ക്ക് തിരിച്ചത്... എന്നാൽ ഹോസ്റ്റലിൽ നിന്നും ഓട്ടോയിൽ കയറിയപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് സൂപ്രണ്ട് ഈശ്വരി അമ്മയുടെ കാൾ വന്നത്... ഒരു എമർജൻസി ഓപ്പറേഷൻ ഉണ്ടെന്നും മറ്റെല്ലാ സെക്ഷൻ സ്റ്റാഫും ലീവാണെന്നും പറഞ്ഞു.... എന്റേത് പെട്ടെന്ന് പറഞ്ഞ ലീവ് ആയതുകൊണ്ട് വന്നേപറ്റുള്ളുവെന്നു അവർ വാശി പിടിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ തിരികെ പോകേണ്ടിവന്നു... സത്യത്തിൽ ഞാൻ നാട്ടിൽ തന്നെ ജോലി നോക്കുന്നതാണ് അപ്പനും അമ്മച്ചിയ്ക്കും ഇഷ്ടം... എന്നിട്ടും ദേവുവിന് ഒരു കമ്പനി കൊടുക്കാമെന്നു കരുതിയാണ് ഇന്റർവ്യൂവിന് പോകാൻ തീരുമാനിച്ചതുതന്നെ....

കാര്യം പറഞ്ഞപ്പോൾ ദേവുവും പൊയ്ക്കൊള്ളാൻ പറഞ്ഞു... അവളെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന സ്മൃതി ചേച്ചിയെ ഏല്പിച്ചിട്ടാണ് ഞാൻ ഹോസ്പിറ്റലിലേക്ക് പോയത്. പിന്നീട് നടന്നതൊക്കെ അവൾ പറഞ്ഞ അറിവാണ് സ്മൃതി ചേച്ചിയ്ക്കൊപ്പം അവളെത്തിയത്.. ഒരു ലെക്‌സറി റൂമിലേയ്ക്കായിരുന്നു... മൂന്നാല് പേർ അവിടെയുണ്ടായിരുന്നു... കണ്ടാൽ എക്സിക്യൂട്ടീവ് ലുക്ക്‌ ഉണ്ടായിരുന്നതിനാൽ സംശയം തോന്നിയില്ല... ഇരുവർക്കുമായി രണ്ട് ഗ്ലാസിൽ ജ്യൂസ്‌ പകർന്നുനൽകിയ ആളെക്കണ്ടു ദേവു ഞെട്ടി... വിധു ആയിരുന്നു... എന്നാൽ റിക്രൂട്ട്മെന്റ് കമ്പനിയുടെ പ്രോഗ്രാം കോർഡിനേറ്റർ അവരാണെന്നു പറഞ്ഞു സ്മൃതി ചേച്ചി അവളെ വിശ്വസിപ്പിച്ചു... ശേഷം ഇന്റർവ്യൂ എന്ന രീതിയിൽ അവിടെയുണ്ടായിരുന്ന ആളുകൾ സർട്ടിഫിക്കറ്റ് എല്ലാം പരിശോധിച്ചു... ഇടയ്ക്കവർ നൽകിയ ഡ്രിങ്ക്സ് പരമാവധി നിഷേധിക്കാൻ നോക്കിയെങ്കിലും മുഷിപ്പിക്കേണ്ടെന്നു കരുതി ഒടുവിൽ സ്വീകരിച്ചു... പിന്നീട്.... അവൾ ഉണർന്നപ്പോൾ കണ്ടത്.... പറയാൻ കൂടി എനിക്കാവുന്നില്ല ഡോക്ടർ...

അവർ മൂന്നാലുപേർ ഉണ്ടായിരുന്നെന്നാണവൾ പറഞ്ഞത്... പേടിച്ചു നിലവിളിച്ച അവളെ വിധു ഭീഷണിപ്പെടുത്തി... പുറത്തറിഞ്ഞാൽ അവളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെന്ന് പേടിപ്പെടുത്തി... എത്രയൊക്കെ ധൈര്യശാലി ആയാലും ഇത്രയും ക്രൂരമായ അനുഭവം ഒരു പെണ്ണിനും സഹിക്കാനാകില്ലല്ലോ... രേഷ്മ നിറമിഴികളോടെ പറഞ്ഞു നിർത്തി.. മ്മ്... എനിക്ക് മനസ്സിലാകുന്നുണ്ടെടോ ? തന്നെപ്പോലെതന്നെ ഉള്ളം നുറുങ്ങുന്ന വേദനയിലാണ് ഞാനും ഇതൊക്കെ കേൾക്കുന്നതേടൊ ? എന്റെ പീലിയുടെ പ്രായമുള്ള... ഒരു പെൺകുട്ടി ഒരു പെണ്ണിനാൽത്തന്നെ ചതിയിൽ പെട്ടിരിക്കുന്നു.... അതാകട്ടെ സ്വന്തം ഭാര്യയും.. പ്രഭു തലകുനിച്ചു... സർ.... വിഷമിക്കരുതെന്ന വാക്കിനു പ്രസക്തിയില്ലല്ലോ നമുക്കിടയിൽ.... എന്നാലും ഇത്രയും ക്രൂരയായ അവരെയോർത്തൊരിക്കലും നെഞ്ച് പിടയ്ക്കരുത്.... അതവരര്ഹിക്കുന്നില്ല..... അറിയാം രേഷ്മ..... എന്നാലും അറിയാതെ.... അതൊക്കെപ്പോട്ടെ... പിന്നിടെപ്പോഴാണ് ദേവിക മരിക്കുന്നത്‌ ? ഇരു കൈകൾക്കൊണ്ടും മിഴികളമർത്തിതുടച്ചു അവൻ തിരക്കി...

സംഭവം നടന്നു ഏകദേശം ഒന്നരമാസം കഴിഞ്ഞുകാണും.... ഞാൻ അപ്പന് സുഖമില്ലാന്നറിഞ്ഞു നാട്ടിൽ പോയതായിരുന്നു.. തിരികെ വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു... സൂയിസൈഡ് ആയിരുന്നു... മരിക്കുമ്പോൾ ദേവു പ്രെഗ്നന്റ് ആയിരുന്നു.. അതുകൊണ്ട് തന്നെ ബാംഗ്ലൂരിൽ വന്നു വഴിപിഴച്ചൊരു പെൺകുട്ടിയുടെ ആത്മഹത്യയായി അതെഴുതിത്തള്ളി... നഷ്ടങ്ങൾ അവളെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന ആ പാവം അച്ഛനുമമ്മയ്ക്കും മാത്രം... സത്യമറിയാതെ അവരും വിശ്വസിക്കുന്നുണ്ടാകും നാട്ടുകാർ പറഞ്ഞ കഥകൾ... ചതിച്ചതാ എന്റെ ദേവുവിനെ.... പക്ഷേ... മരിക്കും മുന്നേ എല്ലാ തെളിവുകളും അവൾ ഭദ്രമായി എന്നെ ഏൽപ്പിച്ചിരുന്നു ഞാൻ പോലുമറിയാതെ... എന്താ രേഷ്മ പറഞ്ഞതിന്റെ അർത്ഥം ? അതേ ഡോക്ടർ... ഞാൻ നാട്ടിൽ പോകും മുന്നേ അവൾ മരിക്കാൻ തീരുമാനിച്ചിരുന്നിരിക്കണം... അതല്ലേ ഞാൻ പോലുമറിയാതെ എന്റെ ഡയറിയിൽ അവൾ ആത്മഹത്യാക്കുറിപ്പും അവളെ ചതിച്ചതിൽ വിധുവിനും സുദീപിനുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളും വെച്ചിരുന്നത് ?

തന്റെ വാക്കുകൾ ആശ്ചര്യത്തോടെ കേട്ടുനിൽക്കുന്ന പ്രഭുവിനെ നോക്കി അവൾ തുടർന്നു... ദിവസവും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു.. എന്നാൽ അവളുടെ മരണശേഷം അതിൽ നിറയ്ക്കാൻ ഒരു വരിപോലും ഉതിർന്നില്ല... അതുകൊണ്ട് ഡയറി തുറന്നതുമില്ല... ഇന്നലെ ഡോക്ടർക്ക് തരാൻ പെൻഡ്രൈവ് എടുക്കാൻ ബാഗ് എടുത്തപ്പോൾ... വെറുതെയൊന്നു മറിച്ചുനോക്കിയതാ... അപ്പോഴാ... എന്റെ ദേവു എന്നിൽ മാത്രം വിശ്വസിച്ചു... ഇതൊക്കെ ഡയറിയിൽ വെച്ചിരുന്നതറിഞ്ഞത്... സ്വന്തം വീട്ടുകാർക്കുമുന്നിലെങ്കിലും താൻ ചീത്തയല്ലായിരുന്നെന്നു പറയണമെന്ന അവളുടെ വാക്കുകൾ.... പറഞ്ഞു മുഴുമിപ്പിക്കാനാകാതെ രേഷ്മ വിതുമ്പി.... താൻ വിഷമിക്കണ്ടെടോ... ദേവികയ്ക്കു മാത്രമല്ല.... അവന്മാരുടെ ചതിയിൽ ജീവിതം തകർന്ന ഓരോരുത്തർക്കും നീതി കിട്ടും... അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു... പ്രഭു പറഞ്ഞുനിർത്തുമ്പോൾ സുദീപും രാഹുലും തങ്ങൾ പൂർണമായും കുടുങ്ങിയെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു...

എല്ലാം കേട്ടു നിർവികാരനായി നിൽക്കുന്ന വിനയെ സഹതാപത്തോടെ നോക്കിയശേഷം പ്രഭു അടുത്തുകണ്ട ചെയറിലേയ്ക്കിരുന്നു... കേട്ടല്ലോ... എന്നും ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിച്ചു സുഖിക്കാമെന്നു കരുതിയോ നീയൊക്കെ? അപ്പോൾ ഇനി പറയ്‌.... അവളെവിടെ ? കൊന്നോ ? അതോ ഒളിപ്പിച്ചോ ? നകുൽ രാഹുലിനോടായതു ചോദിക്കുമ്പോൾ വിനയ് നടുക്കത്തോടെ അവനെ നോക്കി.. പ്രഭു കണ്ണുകൾ മുറുക്കെയടച്ചു രാഹുലിന്റെ മറുപടിക്കായി കാതോർത്തു... വിറ്റു.... മനസ്സിലായില്ല... അലക്സി പറഞ്ഞു.. അവളെ ഒരു സെക്സ് റാക്കറ്റിനു വിറ്റു... ഇതിനോടകം അവൾ കേരളം കടന്നുകാണും.. ഇനി മഷിയിട്ടുനോക്കിയാൽ പോലും വിധുവിന്റെ പൊടിപോലും കിട്ടില്ല നിങ്ങള്ക്ക്... രാഹുൽ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു... പ്രഭുവിന്റെ കണ്കോണില്ക്കൂടി ചൂടുകണം ഒഴുകിയിറങ്ങി... വിനയാകട്ടെ കേട്ട വാർത്തയിൽ സ്തംഭിച്ചു ഒരു താങ്ങിനായി ഭവിയുടെ കൈകളിൽ മുറുകെപ്പിടിച്ചു..

എന്തുപറഞ്ഞാലും തന്റെ സ്വന്തം കൂടപ്പിറപ്പാണ്.. ഒരിക്കലും അവളെ അപകടത്തിൽ സന്തോഷത്തോടെ തള്ളിവിടാനാകില്ല... എങ്കിലും അവൻ നിശ്ശബ്ദനായി അതിലേറെ ദയനീയമായി നകുലിനെ നോക്കി... അപ്പോഴാണ് പുറത്ത് ഡോറിൽ ശക്തിയിൽ മുട്ടുകേട്ടത്... പോലീസ് ആണ്... ഞാൻ വിവരമറിയിച്ചിരുന്നു.... ഇവരുടെ അറസ്റ്റു ഉടനെത്തന്നെ രേഖപ്പെടുത്തും.. തെളിവുകൾ ശക്തമാണല്ലോ... പിന്നേ.... അലക്സി പ്രഭുവിനെയും വിനയേയും മാറിമാറി നോക്കി തുടർന്നു... വിധുവിനെ എങ്ങനെയായാലും കണ്ടെത്തിയിരിക്കും... കാരണം.... ഈ ശിക്ഷ ദൈവനിശ്ചയമാണ്.. അത് കിട്ടുകതന്നെ ചെയ്യും... അപ്പോൾ വരട്ടെ... അലക്സി അത്രയും പറയുമ്പോഴേയ്ക്കും നകുൽ ഡോർ തുറന്നിരുന്നു... വൻ മീഡിയ സംഘം തന്നെ ഹോട്ടലിനു മുന്നിൽ ന്യൂസ്‌ അറിഞ്ഞെത്തിയിരുന്നു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story