♥️ മയിൽ‌പീലി ♥️ ഭാഗം 61

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

വിധുവിനെ എങ്ങനെയായാലും കണ്ടെത്തിയിരിക്കും... കാരണം.... ഈ ശിക്ഷ ദൈവനിശ്ചയമാണ്.. അത് കിട്ടുകതന്നെ ചെയ്യും... അപ്പോൾ വരട്ടെ... അലക്സി അത്രയും പറയുമ്പോഴേയ്ക്കും നകുൽ ഡോർ തുറന്നിരുന്നു... വൻ മീഡിയ സംഘം തന്നെ ഹോട്ടലിനു മുന്നിൽ ന്യൂസ്‌ അറിഞ്ഞെത്തിയിരുന്നു... അലെക്സിയും നകുലും മീഡിയയോട് സംസാരിച്ചു ... സാർ ...... ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വൻ മയക്കുമരുന്ന് മാഫിയയുടെയും ഓർഗൻ മാഫിയയുടെയും മാസ്റ്റർ ബ്രെയിൻ ആണോ ഈ പിടിക്കപ്പെട്ടവർ ? എന്താണ് പോലീസിന് മീഡിയയോട് പറയാനുള്ളത് ...? ഒന്നിന് പുറകെ ഒന്നായി മീഡിയക്കാർ ചോദ്യം തുടങ്ങി ... നമ്മുടെ നാട്ടിൽ വ്യാപിച്ചു കിടക്കുന്ന കറുത്ത വ്യാപാരങ്ങളുടെ കരുത്തരായ കണ്ണികളാണിവരെന്നതിൽ സംശയമില്ല ... എങ്കിലും മാസ്റ്റർ ബ്രെയിൻ ആയി ഇവരെ കണക്കാക്കാൻ കഴിയില്ല ...

കാരണം ഇവരെ മുന്നിൽനിർത്തി ലാഭം കൊയ്യുന്ന വമ്പന്മാരെ ഇനിയും പിടികിട്ടിയിട്ടില്ല .. നകുൽ വ്യക്തമാക്കി .... ഈ വമ്പന്മാരുടെ ശക്തിക്കുമുന്നിൽ മുട്ടുമടക്കി വരും കാലങ്ങളിൽ കേസിന്റെ വഴി മാറുമോ ? ഇവരിൽ മാത്രമൊതുങ്ങുമോ അന്യഷണം ? കൂട്ടത്തിലൊരാൾ ചോദിച്ചു ... ആ ....ചോദ്യം ഇഷ്ടപ്പെട്ടു .... ഇവരിൽമാത്രം കേസ് ഒതുക്കാനാണെങ്കിൽ ഇത്രയും റിസ്ക് എടുത്ത് കേരള പോലീസിനും ബാംഗ്ലൂർ പോലീസിനും മെനക്കെടേണ്ടിയിരുന്നില്ല .... പിന്നേ തീർച്ചയായും പ്രഷർ ഉണ്ടാകും .. അത് സ്വാഭാവികമല്ലേ ... എന്തൊക്കെ സംഭവിച്ചാലും ഈ അന്വേഷണം പൂർത്തിയാക്കിയിട്ടേ മറ്റെന്തുമുള്ളു ... ഇനി നിങ്ങളായിട്ട് ഇതിന്റെ ഗതി മാറ്റാതിരുന്നാൽ മതി ... അലക്സി ചിരിച്ചുകൊണ്ട് തൊപ്പി തലയിൽവെച്ചു പറഞ്ഞു ... അപ്പോൾ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നർത്ഥം അല്ലേ സാർ ...?

ആ ..തീർച്ചയായും .... തെറ്റുചെയ്തവരെന്തായാലും ശിക്ഷ അനുഭവിച്ചല്ലേ പറ്റുള്ളൂ .. ഇനിയൊക്കെ ചാർജ് ഷീറ്റ് എഴുതിയിട്ട് നിങ്ങളെയൊക്കെ വിളിച്ചു വിശദമായി പറയുന്നതാണ് ... വണ്ടിയിലേക്ക് കയറുന്നതിനിടയിൽ അലക്സി പറഞ്ഞു ... പുറകെ വിലങ്ങുവെച്ചു കൊണ്ടുവരുന്ന സുദീപിനും രാഹുലിനും റോയിക്കും നേരെ ഫ്ലാഷുകൾ മിന്നിമറഞ്ഞു ... അവർ കൈകൊണ്ടു മുഖം മറയ്ക്കാൻ പാടുപെട്ടു .. ഹോട്ടലിനുമുന്പിൽ നിൽക്കുന്ന പീലിയിലേയ്ക്ക് റോയിയുടെ കണ്ണുകളുടക്കി ... മുൻപ് ഇതേ സ്ഥലത്തു അവൾക്കൊപ്പം വിലങ്ങുവെച്ചുപോയപ്പോൾ ഉള്ളിൽ തോന്നാതിരുന്ന ഭയവും വെപ്രാളവും അപമാനവും ഇപ്പോൾ തന്റെ ഉള്ളിൽ നിറയുന്നതവനറിഞ്ഞു ... പീലിയുടെ ഉള്ളിലും ഈ സമയം തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളുടെ ചിത്രം തെളിഞ്ഞു ... തോളിൽ പതിഞ്ഞ കൈയുടെ ഉടമയെ തിരിച്ചറിഞ്ഞെന്നപോലെ അവൾ പതിയെ ആ നെഞ്ചിലേയ്ക് ചാഞ്ഞു ...

കണ്ണുകൾ ഒന്നടച്ചുതുറന്നു ആ നെഞ്ചിൽ മുഖംഅമർത്തിതുടച്ചു നോക്കുമ്പോൾ തൻറെ നേരെ നിറമിഴികളോടെ നിൽക്കുന്ന വിനയെയാണ് കണ്ടത് ... കുറ്റബോധത്തിന്റെ തീച്ചൂളയിലെരിയുന്ന വിനയുടെ ഏറ്റുപറച്ചിലിനിനി തന്റെ ജീവിതത്തിൽ പ്രസക്തിയില്ലെന്നറിയാവുന്നതുകൊണ്ടുതന്നെ ഒന്നുകൂടി തന്നെ ചേർത്തുപിടിച്ചിരിക്കുന്ന പ്രഭുവിന്റെ മാറിൽ കുറച്ചുകൂടി ചേർന്നുനിന്നശേഷം പോകാമെന്നു പറഞ്ഞു .. തന്നെ നോക്കാതെ കടന്നുപോകുന്ന പീലിയെ കാൺകെ ഹൃദയത്തിന്റെ കാഠിന്യം ഒന്നുകൂടി വർധിച്ചതായി വിനയ്‌ക്കു തോന്നി ... അതുമനസ്സിലാക്കിയെന്നോണം നിമ്മിയുടെ കൈകൾ അവന്റെ ചുമലിൽ പതിഞ്ഞു ... ഒന്നുമുഖത്തുനോക്കുകകൂടി ചെയ്യാതെ അവളെ ചേർത്തുപിടിച്ചാ ചുമലിൽ മുഖം പൂഴ്ത്തുമ്പോൾ തെറ്റുചെയ്ത കുഞ്ഞിന്റെ ഭാവമായിരുന്നു അവനിൽ .. റൂമിലെത്തുമ്പോൾ അവരെക്കാത്തെന്നപോലെ ഭവിയുണ്ടായിരുന്നു അവിടെ ..

. തന്നെ അവിശ്വസിച്ചവർക്കിടയിൽ തലയുയർത്തി നിൽക്കുമ്പോൾ അവൾക്കൊപ്പം പശ്ചാത്താപത്തോടെ ചേർത്തുപിടിക്കാൻ പ്രഭുവിന്റെ കൈകളാണുചിതമെന്നവന് തോന്നി ... അതുകൊണ്ട് തന്നെയാണ് അവിടേയ്ക്കു പോകാഞ്ഞതും .... റൂമിലെ ടിവി ഓൺചെയ്തവൻ ഇരുവർക്കും കാട്ടിക്കൊടുത്തു ... ടിവിയിൽ രാഹുലിനെയൊക്കെ അറെസ്റ് ചെയ്തതും ഹോസ്പിറ്റൽ ചെക്കിങ്ങുമൊക്കെ ലൈവ് ആയി ഓടുന്നുണ്ട് ... ഒപ്പം വിധുവിന്റെ ലുക്ക്‌ ഔട്ട്‌ പിക്‌സും ... എല്ലാം കണ്ടു പീലീ ആകെ പരവശയായി ... എന്നെങ്കിലും എല്ലാവരും സത്യം മനസ്സിലാക്കുമെന്നല്ലാതെ ഇത്രയും പെട്ടെന്ന് എല്ലാം സംഭവിക്കുമെന്നവൾ പ്രതീക്ഷിച്ചില്ല . #

ഇതേസമയം ഹോസ്പിറ്റലിൽ നിന്നുള്ള വർത്തയറിഞ്ഞു ടിവി ഓൺ ചെയ്തതായിരുന്നു പ്രഭാകർ .. ഡോക്ടർ സുദീപിനൊപ്പം അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന റോയിയെ കണ്ടപ്പോൾ പ്രഭാകറും സുഭദ്രയും അമ്പരന്നു ... ഒപ്പം വിധുവിന്റെ ഫോട്ടോയും ന്യൂസും കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം അവർക്കു പിടികിട്ടി ... സ്വന്തം മകളെ തള്ളിപ്പറഞ്ഞ നിമിഷത്തെയോർത്തു സ്വയം പഴിച്ചു ... ട്രിപ്പ്‌ കഴിഞ്ഞു എല്ലാവരും തിരിച്ചു ... ഭവിയും പീലിയും പ്രഭുവിനൊപ്പം പോകാമെന്ന് കരുതി ... ഇറങ്ങാനായി നിന്നപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് ... പീലിത്തന്നെയാണ് വാതിൽ തുറന്നത് ... മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടപ്പോൾ ഒരേസമയം സങ്കടവും ദേഷ്യവും തോന്നി ... മോളേ .... നീയെന്താ ഒന്നും മിണ്ടാത്തത് ...? സുഭദ്ര അവളെ ചേർത്തുപിടിച്ചുകൊണ്ടു തിരക്കി .. പീലിയുടെ ഉള്ളിലാകെ അവസാനമായി അവർ നാട്ടിൽ വന്നപ്പോൾ പറഞ്ഞ വാക്കുകളായിരുന്നു ... ആ അനിഷ്ടം അവളുടെ മുഖത്തും പ്രകടമായിരുന്നു ... ഇപ്പോൾ വാർത്ത കണ്ടപ്പൊഴാ സത്യങ്ങളൊക്കെ മനസ്സിലായത് ...

അപ്പോഴേ പ്രഭുവിനെ വിളിച്ചു ... അവനാ പറഞ്ഞേ ഇവിടുണ്ടെന്ന് ... അതറിഞ്ഞെൽ പിന്നേ ഇയാൾക്ക് ഒരേ വാശിയായിരുന്നു മോളേ കാണണമെന്ന് അതാ ഓടി വന്നേ ... പ്രഭാകർ അകത്തേയ്ക്കു കയറിക്കൊണ്ട് പറഞ്ഞു ... പീലീ അച്ഛൻ പറഞ്ഞതുകേട്ട് പ്രഭുവിനെ കൂർപ്പിച്ചുനോക്കി ... അവൻ ചെറു പുഞ്ചിരിയോടെ ഒന്നു കണ്ണടച്ചുകാട്ടി ... മ്മ് ... അപ്പോൾ ഞാൻ തെറ്റുകാരിയല്ലെന്ന് മനസ്സിലാക്കാൻ വാർത്ത തന്നെ വേണ്ടിവന്നു അല്ലേ അമ്മേ .... അവൾ സുഭദ്രയോടായി അതുപറയുമ്പോഴും മിഴികൾ പ്രഭാകറിൽ തങ്ങി നിന്നു ... അവളുടെ ചോദ്യത്തിന്റെ ധ്വനി മനസ്സിലാക്കിയിട്ടെന്നോണം അയാൾ ഒന്നു പതറി ... ഉള്ളിലെ ജാള്യത മറച്ചുകൊണ്ട് സുഭദ്ര പറഞ്ഞു ... എന്താ പീലീ ഇത് ? ആരായാലും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ വിശ്വസിച്ചുപോകില്ലേ ? അവർ ചോദിച്ചു ... അതേ അമ്മേ .... ആരായാലും വിശ്വസിക്കും ... വിശ്വാസത്തിന്റെ അർത്ഥമറിയാവുന്നവരൊഴിച്ചു .... പീലീയുടെ ശബ്ദമിടറി .... സ്വന്തം മകളേക്കാൾ വിശ്വാസം മരുമകളെ ആയിരുന്നു .... ഈ ഇരുപത്തി രണ്ട് കൊല്ലം കൂടെയുണ്ടായിരുന്ന മകളേക്കാൾ വിശ്വസിച്ചതല്ലേ ....

എന്നിട്ടെന്താ ഇപ്പോളെവിടെപ്പോയി ആ വിശ്വാസം ..? പ്രഭു പുശ്ചത്തോടെ ചോദിച്ചു ... മക്കളെ നിങ്ങളുടെ നല്ലതിനുവേണ്ടി പറഞ്ഞതല്ലേ ? അതിങ്ങനെ ആയിത്തീരുമെന്നാരറിഞ്ഞു ?. സുഭദ്ര ന്യായീകരിക്കാൻ നോക്കി ... നല്ലതിന് വേണ്ടിയായിരിക്കുമല്ലേ ഈ നഗരത്തിന്റെ ഇരുളിലേക്കെന്നെ ഇറക്കിവിട്ടത് ..? ആരുടെ നന്മ അമ്മേ ... നിങ്ങളുടെ മുഖം രക്ഷിക്കാൻ ? അല്ലേ അച്ചേ .... അന്ന് കരഞ്ഞുപറഞ്ഞില്ലേ ഞാൻ ... ഒന്നുമറിയില്ലെന്ന് ...ചതിയാണെന്ന് ... കേട്ടില്ലല്ലോ ആരും .... എന്നിട്ടിപ്പോൾ ഇത്തരം ന്യായം പറയാൻ നാണമാകുന്നില്ലേ രണ്ടാൾക്കും .... അവളുടെ ശബ്ദമിടറി ... ഇതൊക്കെ കേട്ടെങ്കിലും അവർക്കിടയിൽ താൻ ഇടപെടേണ്ടതില്ലെന്നു മനസ്സിലാക്കി ഭവി ബാൽക്കണിയിലേക്കിറങ്ങി ... പോട്ടേ ...മോളേ ... തെറ്റുപറ്റിപ്പോയി ... നീ ഞങ്ങളുടെ കൂടെ വരണം ... പിന്നേ നീ പറഞ്ഞ കല്യാണക്കാര്യം നമുക്ക് ആലോചിക്കാം ... ഇപ്പോൾ വാ ... പ്രഭാകർ അവളെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു ... അതിലിനി ആലോചിക്കാനൊന്നുമില്ല അച്ഛാ ... നിങ്ങളെ ധിക്കരിക്കുവല്ല ... ഇപ്പോൾ ഈ വരവുണ്ടായില്ലെങ്കിലും ഞങ്ങൾ ഒരുമിച്ചുവന്നു വിളിക്കുമായിരുന്നു ...

അടുത്തമാസം പതിനേഴിന് ഇവരുടെ വിവാഹമാണ് ... പ്രഭു തിരിഞ്ഞു ബാഗില്നിന്നും ഒരു കുറി എടുത്തു പീലിയുടെ കൈയിൽ നൽകി ... ശേഷം ഭവിയെക്കൂടി അവിടേയ്ക്കു വിളിച്ചു ... പീലീ കുറി അച്ചന്റെ കൈകളിലേക്ക് നൽകി .. ഇരുവരും അനുഗ്രഹം വാങ്ങി ... ഒന്നും മിണ്ടാതെ നിശ്ചലനായി പ്രഭാകറും സുഭദ്രയും നിന്നു ... അച്ഛേ ...അമ്മാ ... ഇത്രയും അവഗണിച്ചിട്ടും ഇപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നു .. അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നു ... വിവാഹത്തിന് ഭവിയുടെ കൈകളിൽ എന്റെ കൈ ചേർത്തുനൽകാൻ എന്റെ അച്ഛയെ .... അനുഗ്രഹിക്കാൻ അമ്മയെ .... അതും പറഞ്ഞവൾ ഭവിയ്‌ക്കൊപ്പം ബാഗുമെടുത്തു് പുറത്തേയ്ക്കിറങ്ങി ... ഒരുപാടനുഭവിച്ചു എന്റെ കുട്ടി .... ഈ ചെറുപ്രായത്തിൽ ഒരുപാട് കഷ്ടപ്പെട്ടു ... ഇത് ധിക്കാരമല്ല ... അവളുടെ അവകാശമാണ് .... ഒറ്റപ്പെടലിൽ നിന്നും കരുതലിനായുള്ള അതിജീവനത്തിന്റെ അവകാശം ...

എല്ലാം നിങ്ങള്ക്ക് വിട്ടുതന്നിട്ട് എന്റെ അവസ്ഥ കണ്ടില്ലേ ... ആ വേദന നാളെ എന്റെ പെങ്ങൾക്കുണ്ടാകരുത് .... അതുകൊണ്ട് അവളുടെ ഇഷ്ടം നടക്കട്ടെ അച്ഛാ .. പേടി വേണ്ട അമ്മാ ... ഭവി നല്ലൊരു പയ്യനാണ് .... വരുമെന്ന് പ്രതീക്ഷിക്കുന്നു .... പ്രഭാകറിന്റെ കൈ തന്റെ കൈയിൽ ചേർത്തൊന്നമർത്തിക്കൊണ്ടവൻ പുറത്തേയ്ക്കു നടന്നു ... മോനെ .... സുഭദ്രയുടെ വിളികേട്ടവൻ തിരിഞ്ഞുനോക്കി ... വിധു .... അവൾ ..... അവർ വാക്കുകൾക്കായി പരതി .... അമ്മാ ... പ്ലീസ് .... ഞാനാകെ തകർന്നു നിൽക്കുവാണ് ... ഇനിയും അവളെക്കുറിച്ചൊന്നും എന്നോട് പറയല്ലേ ... ചിലപ്പോൾ ഇതുപോലെ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നു വരില്ല ... നിറഞ്ഞുവന്ന കണ്ണുകളമർത്തിത്തുടച്ചവൻ പുറത്തേയ്ക്കു നടന്നു ... മകന്റെ തകർച്ചയിൽ തങ്ങളും പങ്കാളികളായല്ലോയെന്ന വ്യഥയിൽ പ്രഭാകറും സുഭദ്രയും വാതിൽക്കലേയ്ക്ക് തന്നെ ദൃഷ്ടിയൂന്നി നിന്നു .... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story