♥️ മയിൽ‌പീലി ♥️ ഭാഗം 62

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അമ്മാ ... പ്ലീസ് .... ഞാനാകെ തകർന്നു നിൽക്കുവാണ് ... ഇനിയും അവളെക്കുറിച്ചൊന്നും എന്നോട് പറയല്ലേ ... ചിലപ്പോൾ ഇതുപോലെ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നു വരില്ല ... നിറഞ്ഞുവന്ന കണ്ണുകളമർത്തിത്തുടച്ചവൻ പുറത്തേയ്ക്കു നടന്നു ... മകന്റെ തകർച്ചയിൽ തങ്ങളും പങ്കാളികളായല്ലോയെന്ന വ്യഥയിൽ പ്രഭാകറും സുഭദ്രയും വാതിൽക്കലേയ്ക്ക് തന്നെ ദൃഷ്ടിയൂന്നി നിന്നു ... നാട്ടിലെത്തി കല്യാണത്തിന്റെ ഒരുക്കങ്ങൾ പെട്ടെന്നാക്കി ... ലളിതമായി അമ്പലത്തിൽവെച്ചോരു താലികെട്ട് ... വീട്ടുകാർ മാത്രം മതിയെന്നത് പീലിയും ഭവിയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു .. കല്യാണത്തിന്റെ ചെലവ് ചുരുക്കിയതിൽനിന്നും ഒരുപങ്ക് ആശാനിലയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി നൽകി ... അന്നേദിവസം സദ്യ ആശാനിലയത്തിൽ അവർക്കൊപ്പം ആക്കാമെന്നു തീരുമാനിച്ചു ... സുചിത്രയുടെ ചികിത്സ നന്നായിത്തന്നെ നടന്നു ... മായ ഒരു മകളുടെ കടമ ആത്മനിർവൃതിയോടെ ചെയ്തുവന്നു ...

ആശ്രമത്തിന്റെ അന്തരീക്ഷം തികച്ചും അവൾക്കുമൊരു ചികിത്സാ കാലഘട്ടം തന്നെയായിരുന്നു ... മനസ്സിലെ ദുഖങ്ങളുടെ മാറാല മെല്ലെ നീങ്ങാൻ തുടങ്ങി ... ചുറ്റും നിറഞ്ഞ ശാന്തിയുടെയും സ്നേഹത്തിന്റെയും അലയൊലികൾ മനസ്സിലെ വിഷാദത്തെ അകറ്റിത്തുടങ്ങിയിരുന്നു ... വിവാഹത്തിന് ഒരാഴ്ചമുന്നേയെ ചികിത്സ പൂർത്തിയായി സുചിത്രയും മായയും തിരിച്ചെത്തുകയുള്ളു ... അതിനാൽ എല്ലാ ഒരുക്കങ്ങൾക്കും പ്രഭുവും ഭവിയും ഒരുപോലെ ഓടിനടന്നു .. ഓഫീസിലെത്തി എല്ലാവരെയും വിളിച്ചുമടങ്ങുമ്പോൾ വിനയെ വിവാഹത്തിന് നിമ്മിയ്‌ക്കൊപ്പം ക്ഷണിച്ചു ... ഇപ്പോൾ വിനയ് പീലിയെ ഒരു നല്ല സുഹൃത്തായി കണ്ടുതുടങ്ങി ... വൈകാതെ ഓസ്ട്രേലിയയിലേക്കു പോകാൻ തയ്യാറായിരിക്കുകയാണവൻ ...

വിധുവിനായുള്ള അന്വേഷണം തകർത്തുനടക്കുന്നുണ്ടെങ്കിലും സംഭവം നടന്നു ഏകദേശം രണ്ടാഴ്ച പിന്നിട്ടിട്ടും വിവരമൊന്നുമില്ലാത്തത് അവനെ ആകെ തളർത്തിയിരുന്നു ... എത്രയൊക്കെ പറഞ്ഞാലും വെറുത്താലും കൂടപ്പിറപ്പിനെ ജീവനായി കരുതിയിരുന്ന ഒരു സഹോദരന് അവളൊരു കൊലയാളിയായാൽപ്പോലും ഇങ്ങനെ വീർപ്പുമുട്ടാൻ കഴിയില്ലല്ലോ ? 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഗാർഡനിൽ വാകച്ചുവട്ടിൽ നിലത്തിരിക്കുകയാണ് പ്രഭു ... കണ്ണുകൾ ആകാശത്തു ചന്ദ്രബിംബത്തെ പ്രതിഫലിപ്പിക്കുന്നു ... പതിവ് പോലെ സുചിക്കുട്ടിയെയും മായയെയും വിളിച്ചുകഴിഞ്ഞു ഭവിയോടൊപ്പം കുറച്ചു സമയം ഇരുന്നശേഷം പ്രഭുവിനൊപ്പം കിടക്കാനായി വന്നതായിരുന്നു പീലീ . സുചിത്രയും മായയും പോയശേഷം അവളിപ്പോൾ പ്രഭു നൊപ്പം ആണ് കിടക്കുന്നത്... അല്ലെങ്കിലും പണ്ടും ഇതുതന്നെയായിരുന്നു ശീലം...

പ്രഭുവിന്റെ വിവാഹം കഴിയുന്നതുവരെ ഏട്ടനും പെങ്ങളും ഒരുമിച്ചാണ് കിടന്നിരുന്നത് .. ഗാർഡനിലേക്കുള്ള വാതിൽ തുറന്നുകിടന്നപ്പോഴേ മനസ്സിലായി അവൻ അവിടെ തന്നെ കാണുമെന്ന് .... കാരണം ഇപ്പോൾ ഇത് പതിവാണ് .... വിധുവിനെക്കുറിച്ചിതുവരെ വിവരമൊന്നുമില്ലാത്തത് അവന്റെ മനസിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത അവളുടെയുള്ളിലും നീറ്റലായി മാറിയിരുന്നു ... വാതിൽക്കൽ നിന്നു ചിന്തയിലാഴ്ന്നിരിക്കുന്ന പ്രഭുവിനെ പീലീ കുറച്ചുനേരം നോക്കി നിന്നു .... പെട്ടെന്നാണ് തോളിൽ ഒരുനനുത്ത സ്പർശം പതിഞ്ഞത് ... ഉടമയെ മനസ്സിലാക്കിയെന്നോണമവൾ തന്റെ കൈകൾ ആ കൈകൾക്കുമേലെ ചേർത്തു ... പീലു ... മ്മ് ...ഭവി ... ഏട്ടനെ നോക്കി നിൽക്കാണോ ? സഹിക്കുന്നില്ല ഭവി .... എന്റെ ഏട്ടനിങ്ങനെ ഉരുകുന്നത് സഹിക്കാൻ കഴിയുന്നില്ലെടാ ... തോളിലമർന്ന കൈകൾക്കുമുകളിൽ മുഖം ചേർത്തവൾ ഏങ്ങി .. ഏയ് ... എന്താടോ ഇത് ...

എന്തൊക്കെയായാലും വിധുവിനെക്കുറിച്ചു ഒരുവിവരവുമില്ലാത്ത ഈ അവസ്ഥ ഏട്ടനെ നീട്ടിക്കൊണ്ടുതന്നെയിരിക്കും .... ഇത്രയൊക്കെ ചെയ്തിട്ടും ഏട്ടനെങ്ങനെ അവരെയോർതിങ്ങനെ വിഷമിക്കാൻ കഴിയുന്നു ഭവി ...? മായ ആ ഹൃദയത്തിന്റെ കോണിൽ പോലുമില്ലെന്നാണോ ? പീലീ സംശയത്തോടെ തിരക്കി ... എന്റെ പീലു ...... എത്രയൊക്കെ നീചയെന്നു മുദ്രകുത്തിയാലും അവൾ ഒരിക്കൽ നിന്റെ ഏട്ടന്റെ എല്ലാമായിരുന്നു ... ആ മനസ്സിന്റെയും സ്നേഹത്തിന്റെയും ആദ്യ പാതി .... അവളെങ്ങനെ കണ്ടിരുന്നാലും ഏട്ടന്റെ സ്നേഹം ശുദ്ധമായിരുന്നു ... ആ ഒരാളെക്കുറിച്ചാണിന്നു ചത്തോ ജീവിച്ചിരുപ്പുണ്ടോയെന്നു പോലുമറിയാതെ ഉഴറുന്നതു ... ശരിക്കും നരകിയ്ക്കുകയാണെന്നറിഞ്ഞുകൊണ്ടു നോക്കിയിരിക്കുന്നത് .... അതൊരിക്കലും മറക്കാൻ നിന്റെ ഏട്ടനെന്നല്ല മനുഷ്യപ്പറ്റുള്ള ആർക്കും കഴിയില്ല ... പീലിയെ തന്റെ നേരെ തിരിച്ചുനിർത്തിക്കൊണ്ടു പറഞ്ഞു ...

എന്നാലും ഭവി .... അവൾ ഉൾക്കൊള്ളാൻ കഴിയാത്തപോലെ അവനെ നോക്കി .. അതേ പീലു ... എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ ആ ഒരു സമാധാനമെങ്കിലും കിട്ടുമല്ലോ ? ഇതും അത്രയേയുള്ളൂ ... അല്ലാതെ ഇതൊരിക്കലും അവളോടുള്ള പ്രണയമല്ല ... ഞാൻ പറഞ്ഞില്ലേ ... ഒരുനാൾ നമ്മുടെ ഉള്ളിൽ നിറഞ്ഞുനിന്ന ആളെ കഷ്ടപ്പെട്ടുകാണാൻ കഴിയാത്ത മനസ്സിന്റെ നന്മ ... എന്നാൽ മായയോട് ഏട്ടനുള്ളത് വെറുമൊരു സഹതാപമല്ല .... അത് ഇരുവരിലും പ്രണയമായി രൂപം മാറുവാണെങ്കിൽ അവരൊന്നിക്കട്ടെ .. അത്രയേ നമ്മളും ആഗ്രഹിക്കാവു ... കാരണം ജീവിതം അവരുടേതാണ് .... അവൻ മെല്ലെ അവളുടെ കവിളിൽത്തട്ടി പറഞ്ഞു ... പീലിയും മറുപുഞ്ചിരിയാലെ മനസ്സിലെ ഭാരമൊഴിഞ്ഞതറിയിച്ചു .. താൻ വാ .... ആ മനസ്സിനൽപ്പം തണുപ്പ് നൽകുന്നൊരു വാർത്ത കിട്ടിയിട്ടുണ്ട് .. എന്താ ഭവി ...? അത് ദേ ... അവിടെയാണ് ആദ്യം പറയേണ്ടത് ... അതുകൊണ്ട് വാടോ ..?

ഭവി പീലിയെ ചേർത്തുപിടിച്ചുകൊണ്ടു ഗാർഡനിലേയ്ക് പോയി ... തങ്ങൾ വന്നിട്ട് കൂടി അറിയാതെ ആകാശത്തേയ്ക്ക് നോക്കി കറുകപ്പുല്ലിന് മുകളിൽ കൈക്കുമുകളിൽ തലവെച്ചുകിടക്കുന്ന പ്രഭുവിനെ നോക്കി ഭവി മെല്ലെ വിളിച്ചു ... ഏട്ടാ .... പ്രഭു ചിന്തയിൽനിന്നും ഞെട്ടിയുണർന്നു .. പതിയെ എഴുന്നേറ്റിരുന്നു ... വെറുതേ ... ഇവിടിങ്ങനെ വന്നിരിക്കുമ്പോൾ ഒരു വല്ലാത്ത റിലീഫ് തോന്നും ... ഈ വാകപ്പൂവിന്റെ സുഗന്ധവും ഒഴുകിവരുന്ന കാറ്റും .. അതൊരു സ്പെഷ്യൽ ഫീലാ അല്ലേ ഭവി ... പ്രഭു ഉള്ളിലെ വിഷമം മറച്ചുകൊണ്ട് പറഞ്ഞു .. മ്മ് ... അതൊക്കെ നല്ല ഫീലാ .... ഈ ഫിലൊക്കെ അറിഞ്ഞു കരയുന്ന ആളെ ആദ്യമായിട്ട് കാണാ ... പീലീ അവന്റെ കൺകോണിൽ പൊടിഞ്ഞ നീർകണം കൈയാലേ ഒപ്പിക്കൊണ്ട് ഏട്ടന്റെ നെഞ്ചിലേയ്ക് ചാഞ്ഞു ... എന്റെ പീലു കരഞ്ഞു സീൻ വഷളാക്കല്ലെ ... ഞാൻ പറയാൻ വന്നതൊന്നു പറഞ്ഞോട്ടെ ... ഭവി ഇടയ്ക്ക് കയറി പറഞ്ഞു ...

പ്രഭു എന്താണെന്ന രീതിയിൽ ഭവിയെ നോക്കി ... വിധുവിനെ കിട്ടി ... ടിവിയിൽ ഇപ്പോൾ ഫ്ലാഷ് ആയി വന്നിട്ടുണ്ടാകും ... നകുൽ സാർ ഇപ്പോൾ വിളിച്ചുപറഞ്ഞതേയുള്ളു ... ഭവി പ്രഭുവിനോടായി പറഞ്ഞു ... ഹേ ... കിട്ടിയോ ..? എവിടെന്നാ കണ്ടത് ? പീലീ ആകാംക്ഷയോടെ തിരക്കി ... പ്രഭുവിന്റെ ഉള്ളിൽ ഒരു മഴക്കാറൊഴിഞ്ഞ ആശ്വാസമായിരുന്നു ... ഒന്നുമറിയാതെ നരകിക്കുന്നതു എന്തോ ചിന്തിക്കാൻ കൂടി കഴിയുന്നില്ലായിരുന്നു ... ഇനിയിപ്പോൾ നിയമത്തിന്റെ മുന്നിൽ ശിക്ഷയ്ക്കായി നിൽക്കട്ടെ ... സമൂഹത്തിന്റെ നിഴലനക്കത്തിലൊളിക്കട്ടെ ...... അവൻ ഓർത്തു .. ആള് ഇവിടെ കേരളത്തിൽത്തന്നെ ഉണ്ടായിരുന്നു ... കൊണ്ടുപോയ ആൾക്കാർക്ക് ന്യൂസും ചെക്കിങ്ങുമൊക്കെ ഉള്ളതുകൊണ്ട് അധികം ദൂരെ പോകാൻ പറ്റിയില്ല ... എങ്ങനെയോ വയനാട് എത്തിച്ചു ... അവിടെതോ റിസോർട്ടിൽ ആയിരുന്നെന്ന് ... പിന്നേ പറയാൻ വന്നത് വിഴുങ്ങി പ്രഭുവിനെ നോക്കി തുടർന്നു ..

ബാംഗ്ലൂർ പോലീസിന്റെ കീഴിലുള്ള കേസ് ആയതുകൊണ്ട് രാത്രിതന്നെ അവിടേയ്ക്കു കൊണ്ടുപോകുമെന്നാ നകുൽ സർ പറഞ്ഞത് ... മ്മ് ... കിട്ടിയല്ലോ ..അതുമതി ... ഇനി എല്ലാം അർഹതപ്പെട്ടത്‌ തന്നെയല്ലേ ... അനുഭവിക്കട്ടെ ... എത്രയൊക്കെയായാലും ഒരു പെണ്ണല്ലേ ... ഓർക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല .. ആ വിഷമമായിരുന്നു ... ഇപ്പോൾ ആശ്വാസമായി ... പ്രഭു ചെറു പുഞ്ചിരിയോടെ മിഴിനീർ തുടച്ചുകൊണ്ട് അകത്തേയ്ക്കു പോയി .. കേട്ടില്ലേ ... ഇതേയുണ്ടായിരുന്നുള്ളു ... ഇനി വിധുവെന്ന അധ്യായം ഏട്ടന്റെ ഉള്ളിൽ ഓർമയുടെ താളുകളിൽ അടയ്ക്കപ്പെടും ... ഇനി മോള് പോയിക്കിടന്നുറങ്ങാൻ നോക്ക് ... നാളെ മോർണിംഗ് മീറ്റിംഗ് ഉള്ളതാ ... സൊ നേരത്തേ പോകണം ... ഭവി അവളെ പുറകില്കൂടി ഉന്തിത്തള്ളി അകത്തേയ്ക്കു കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു ... അവന്റെ വാക്കുകൾ നൽകിയ കുളിർമയിൽ മനവും നിറഞ്ഞിരുന്നു ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story