♥️ മയിൽ‌പീലി ♥️ ഭാഗം 63

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

മ്മ് ... കിട്ടിയല്ലോ ..അതുമതി ... ഇനി എല്ലാം അർഹതപ്പെട്ടത്‌ തന്നെയല്ലേ ... അനുഭവിക്കട്ടെ ... എത്രയൊക്കെയായാലും ഒരു പെണ്ണല്ലേ ... ഓർക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല .. ആ വിഷമമായിരുന്നു ... ഇപ്പോൾ ആശ്വാസമായി ... പ്രഭു ചെറു പുഞ്ചിരിയോടെ മിഴിനീർ തുടച്ചുകൊണ്ട് അകത്തേയ്ക്കു പോയി .. കേട്ടില്ലേ ... ഇതേയുണ്ടായിരുന്നുള്ളു ... ഇനി വിധുവെന്ന അധ്യായം ഏട്ടന്റെ ഉള്ളിൽ ഓർമയുടെ താളുകളിൽ അടയ്ക്കപ്പെടും ... ഇനി മോള് പോയിക്കിടന്നുറങ്ങാൻ നോക്ക് ... നാളെ മോർണിംഗ് മീറ്റിംഗ് ഉള്ളതാ ... സൊ നേരത്തേ പോകണം ... ഭവി അവളെ പുറകില്കൂടി ഉന്തിത്തള്ളി അകത്തേയ്ക്കു കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു ... അവന്റെ വാക്കുകൾ നൽകിയ കുളിർമയിൽ അവളുടെ മനവും നിറഞ്ഞിരുന്നു .. അടുത്തദിവസം സുചിത്രയെയും മായയെയും കൂട്ടാൻ പ്രഭുവാണ് വയനാടേയ്‌ക്ക്‌ പോയത് ...

കല്യാണം കഴിഞ്ഞു ലീവ് എടുക്കാൻ ഉള്ളതുകൊണ്ട് ഭാവിയോടും പീലിയോടും കൂടെ വരേണ്ടതില്ലെന്നു പ്രഭു തന്നെയാണ് വിലക്കിയത്. അതിരാവിലെ തന്നെ പുറപ്പെട്ടത് കൊണ്ട് വൈകുന്നേരത്തോടടുത്തുതന്നെ അവൻ വയനാട് എത്തി . ആശ്രമത്തിലെത്തി സുചിത്രയുടെ മുറിയിലേക്ക് വന്നപ്പോൾ തന്നെ കണ്ടു.. മായയുടെ കയ്യിൽ പിടിച്ച് പതിയെ പതിയെ പിച്ച നടക്കുന്ന സുചികുട്ടിയെ .... തനിക്കടുത്തേയ്ക്കു നടന്നടുക്കുന്ന പ്രഭുവിനെ കാൺകെ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളിൽ അവന്റെ പ്രതിബിംബം തിളങ്ങുന്നുണ്ടായിരുന്നു സുചിത്രയ്ക്കു ... മോനെ .... ദേ ...നോക്കിയേ ... ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെ സ്വന്തം കാലിൽ നിക്കാൻ കഴിയുമെന്ന് .... എല്ലാത്തിനും നിമിത്തം മോനാ .... പ്രഭുവിനെ ചേർത്തുപിടിച്ചു പറയുന്നതിനൊപ്പം മായയെ നോക്കി തുടർന്നു ... അതുപോലെ ഈ മാറ്റത്തിന് കാരണം മോളും ... സ്വന്തം അമ്മയെ നോക്കും പോലെ യാതൊരു പരാതിയുമില്ലാതെ എല്ലാ കാര്യങ്ങളും നോക്കിയെന്നെ പരിചരിച്ചു ...

ആ പരിശ്രമമാണ് ദാ .... എന്റെ ഈ മാറ്റം ... ഈ ജന്മം ഞാൻ അതിനെന്റെ മോളോട് കടപ്പെട്ടിരിക്കും ... പറയുന്നതിനൊപ്പം മറുകൈയാൾ അവളെയും ചുറ്റിപ്പിടിച്ചിരുന്നു ... ഏയ് ... എന്താ അമ്മേ ഇത് ... ഞാനല്ലേ അമ്മയോട് നന്ദി പറയേണ്ടത് ... പിന്നെയിതൊക്കെ എന്റെ കടമയായെ കണ്ടിട്ടുള്ളു ... സന്തോഷത്തോടെയേ ചെയ്തിട്ടുള്ളു ... എന്റെ തെറ്റുകൾ മനസ്സിലാക്കി ചേർത്തുപിടിച്ച ഈ മനസ്സിനെ എങ്ങനെയാ ഞാൻ കാണാതിരിക്കുക ... കൂടപ്പിറപ്പും പെറ്റവയറും നിഷ്കരുണം തള്ളിക്കളഞ്ഞപ്പോഴും നഷ്ടപ്പെട്ടതൊക്കെ തന്നെന്നെ ചേർത്തുപിടിച്ച നിങ്ങൾക്ക് ഈ ജീവിതം നൽകാനും ഞാൻ തയ്യാറാണമ്മേ .... ഒരിക്കലും ഇനി ഉപേക്ഷിക്കാതിരുന്നാൽ മതി .... അതുപറയുമ്പോൾ അറിയാതെ മിഴികൾ പ്രഭുവിലേയ്ക്ക് പാറി ... ഇതുവരെ വിളിക്കാതിരുന്നതിന്റെയും വന്നിട്ടും ഒരു നോട്ടം കൊണ്ടുപോലും കടാക്ഷിക്കാതിരുന്നതിന്റെയും പരിഭവം ആ കണ്ണുകളിൽ തെളിഞ്ഞിരുന്നു ..

അതുമനസ്സിലാക്കിയെന്നോണം അവനുമൊരു നേർത്ത പുഞ്ചിരി നൽകി ... പക്ഷേ മുഖത്ത് നിറഞ്ഞിരുന്നത് വിഷാദഛായ ആയിരുന്നു .. സുചിത്രയെ റൂമിലാക്കി ഡിസ്ചാർജിന്റെ കാര്യങ്ങൾ സംസാരിക്കാൻ മായയുമായവൻ വൈദ്യരുടെ അടുത്തേയ്ക്കു പോയി .. പോകുംവഴിയും ഇരുവരും മൗനമായിരുന്നു ... നിശ്ശബ്ദതയ്ക്കുപോലും അവരുടെ തുടികൊട്ടുന്ന ശ്വാസനിശ്വാസങ്ങളുടെ താളമുണ്ടായിരുന്നു .. ഇന്നൊരു ദിവസം കൂടി തങ്ങി നാളെ രാവിലെ പുറപ്പെടാനുള്ള അനുവാദവും വീട്ടിലെത്തിയാൽ പാലിക്കേണ്ട ചിട്ടകളുമൊക്കെ വൈദ്യർ ഇരുവർക്കും വിശദീകരിച്ചു നൽകി ... വളരെ ശ്രദ്ധയോടെ ... മനസ്സിലാകാത്തവ വീണ്ടും ചോദിച്ചു ഉറപ്പിക്കുന്ന മായയുടെ കരുതൽ ശരിക്കും പ്രഭുവിനെ അത്ഭുതപ്പെടുത്തി ... സ്വന്തം ചോര പോലും മാതാപിതാക്കളെ നീരസത്തോടെ ... വെറും കടമയായി മാത്രം പരിചരിക്കുമ്പോൾ ... ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കാൻ ... കരുതാൻ ...

ഇവൾക്കെങ്ങനെയാകുന്നുവെന്നവൻ ആശ്ചര്യപ്പെട്ടു ... തിരികെയിറങ്ങി റൂമിലേയ്ക്ക് പോകും വഴി അവിടെയുള്ള ഔഷധ തോട്ടത്തിനടുത്തെത്തിയപ്പോൾ പ്രഭു നടത്തം നിർത്തി .. അതുകണ്ടു മായയുടെ കാലുകളും പതിയെ നിശ്ചലമായി ... മായ ... ആ വിളിയിൽ ഉള്ളിലുള്ള കടലാഴത്തിന്റെ അലയൊലികൾ തീരത്തു തല്ലികടന്നുപോകുംപോലെ തോന്നിയവൾക്ക് .. മ്മ് .... ഇപ്പോഴും പറയുന്നു ... എന്റെ പോരായ്മകളും അവസ്ഥയും ബോധ്യമുണ്ട് ... എങ്കിലും ഇത്രയും പെട്ടെന്ന് നിന്നെ ക്ഷണിക്കുന്നതും ശരിയല്ലെന്നറിയാം ... എങ്കിലും നഷ്ടപ്പെടുത്താൻ വയ്യടോ ... ഒരിക്കൽ സ്നേഹിച്ചു സ്നേഹിച്ചു ... പരാജയപ്പെട്ട നിര്ഭാഗ്യവാനാണ് ഞാൻ ... അര്ഹതയില്ലാത്തതുകൊണ്ടാണ് ഇത്രയും നാൾ ഒന്നു വിളിച്ചുകൂടി ശല്യം ചെയ്യാതിരുന്നത് .. കാണാതെ ...അറിയാതെ .... എന്റെ മനസ്സിനെ പഠിപ്പിക്കാൻ പറ്റുമെങ്കിൽ ആകട്ടേയെന്നു കരുതി ... പക്ഷേ ... ഓരോ നിമിഷവും പഴയതിനേക്കാൾ ശക്തിയിൽ ആഴത്തിൽ നീയെന്നിൽ പതിയുന്നു ...

വന്നുകൂടെ എന്റെ ജീവിതത്തിലേയ്ക്ക് ... കൊതിയാകുവാടോ ... പ്രിയമുള്ള ഒരാൾ കൂടെയുണ്ടെങ്കിലെന്നു .. ആരെങ്കിലുമല്ല താൻ ... താൻ മാത്രം ... ഉള്ളിൽ നിന്നും സീമകൾ ലംഖിച്ചു പുറത്തുചാടിയ വാക്കുകളുടെ ശരിതെറ്റുകൾ ചികഞ്ഞുകൊണ്ടു പ്രഭു പ്രതീക്ഷയോടെ മായയെ നോക്കി ... നിറഞ്ഞൊഴുകുന്ന മിഴിനീർ കണങ്ങൾ അവളുടെ കവിളുകളെ ചുംബിച്ചു ഭൂമിയിൽ വീണു ചിന്നിച്ചിതറി ... അതുകാൺകേ അവന്റെ ഉള്ളിൽ കുറ്റബോധവും ജാള്യതയും നിറഞ്ഞു ... മുഖം വിഷാദത്താൽ താണു ... സോറി മായ ... ഞാൻ vikarathinte പാരമ്യത്തിൽ യാഥാർഥ്യം മറന്നു ... നല്ലൊരു ഡോക്ടറാകാൻ എനിക്കായി ... രോഗികളുടെ മനം കവർന്നു ... പക്ഷേ ... സ്വന്തം ഭാര്യയെ മനസ്സിലാക്കാനോ ... അവൾക്കു യോഗ്യനാകാനോ ആയില്ല .. അതുകൊണ്ടല്ലേ അവൾ മറ്റുള്ളവരെ തേടി പോയത് ... ഇപ്പോഴും അവൾ നിയമപരമായെന്റെ ഭാര്യയാണ് ... എന്നിട്ടും നിന്നെ ആഗ്രഹിച്ച ഞാനൊരു പാപി തന്നെയാണല്ലേ ...

ഇല്ല .... ഇനി ബുദ്ധിമുട്ടിക്കില്ല ... മുഖത്തൊരു പുഞ്ചിരിയുടെ മുഖം മൂടിയണിയാൻ പ്രയാസപ്പെട്ടുകൊണ്ടു ... പരാജയപ്പെട്ടു മുഖം തിരിച്ചവൻ നിന്നു ... ഏട്ടാ ... ഉള്ളുലയുന്ന ഗദ്ഗദത്തോടെ പ്രഭുവിനെ പുറകില്നിന്നും ചുറ്റിപ്പിടിച്ചവൾ പുറത്ത് മുഖം ചേർത്തു കരഞ്ഞു .. ഒരുനിമിഷം .... ശ്വാസം നിലച്ചതുപോലെ പ്രഭു നിന്നു .. ലോകം കീഴടക്കിയ സംതൃപ്തി ... ആഹ്ലാദം ഉള്ളിലലയടിച്ചു . ഏട്ടാ ... ഇനിയുമെന്നെ തനിച്ചാക്കല്ലേ ... അവൾ എങ്ങളോടെ പറഞ്ഞു .. ഇടംകൈയാലേ അവളെ മുന്നിലേയ്ക്ക് നിർത്തി ഒരുനിമിഷം ആ കണ്ണുകളിലേയ്ക്ക് ആഴ്ന്നിറങ്ങി ... വിഷാദത്തിന്റെ കറുപ്പുനിറഞ്ഞിരുന്ന ഇരുമിഴികളിലും പ്രകാശത്തിന്റെ പ്രസരിപ്പ് മൊട്ടിട്ടു ... ഞാൻ ... എന്നേ ... നന്നായി പറഞ്ഞതാണോ ? അവൻ വിശ്വാസം വരാതെ തിരക്കി ... മ്മ് .... ഇവിടെ വന്നശേഷം ഒരുപാട് ആലോചിച്ചു ... ഒരിക്കൽ പ്രണയത്തിന്റെ പേരിൽ ... എല്ലാം ഉപേക്ഷിച്ചു ... വിശ്വസിച്ചു ... പക്ഷേ ....

അതൊക്കെ വെറും ബാഹ്യവികാരങ്ങൾമാത്രമായിരുന്നു ... എന്നാൽ അതിനേക്കാളേറെ ഞാൻ കൊതിച്ച കരുതലും സ്നേഹവും ഈ ഉള്ളിലുണ്ടെന്നെനിക്കു മനസ്സിലായി ... ഇത്രയും നാൾ ഒന്നു വിളിക്കുക കൂടി ചെയ്യാതിരുന്നപ്പോൾ ... അവൾ ഒന്നു നിർത്തി അവനെ നോക്കി ... വിളിക്കാതിരുന്നപ്പോൾ ... അവൻ പുരികമുയർത്തി ചോദ്യരൂപേണ തിരക്കി ... ആഗ്രഹിക്കാൻ പാടില്ലായിരുന്നെന്നു തോന്നി ... അത്രയ്ക്കും ചീത്തയല്ലേ ഞാൻ ... അവൾ പറഞ്ഞപ്പോഴേയ്കും മുഖം കുനിച്ചിരുന്നു ... അല്ല ... ജീവിതത്തിൽ പറ്റിപ്പോയ ഒരു തെറ്റ് .... അത് ആത്മാർത്ഥ പ്രണയം സമ്മാനിച്ച പിഴവാണ് ... അതിൽ പശ്ചാത്തപിച്ചിട്ടും കണ്ടില്ലെന്നു നടിച്ചവരെക്കാൾ പാപിയൊന്നുമല്ല നീ ... ഈ സുന്ദരമായ മനസ്സിനേക്കാൾ നന്മ മറ്റെന്തിനുണ്ട് .. ഇനി ഈ ചിന്ത പോലും പാടില്ല കേട്ടോ ... അവൻ അവളുടെ മിഴിനീരൊപ്പിക്കൊണ്ട് പറഞ്ഞു .. അവളെ ചേർത്തുപിടിച്ചു നടക്കുമ്പോൾ പ്രഭുവിന്റെ ഉള്ളിൽ നിറയെ നാളെയുടെ സുന്ദര സ്വപ്നങ്ങളായിരുന്നു ... നഷ്ടപ്പെട്ട ജീവിത സ്വപ്നങ്ങൾക്ക് വർണം പകരാൻ ശ്രമിക്കുകയായിരുന്നു മായയും ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story