♥️ മയിൽ‌പീലി ♥️ ഭാഗം 64

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

സുചിത്രയും പ്രഭുവും മായയും മാത്രമായിരുന്നു ബന്ധുക്കളായി ഭവിയ്ക്കും മായയ്ക്കുമൊപ്പം വിവാഹത്തിനായി അമ്പലത്തിലേക്ക് തിരിച്ചത് .. ഇറങ്ങും മുൻപ് ഇരുവരും വെറ്റിലവെച്ചു സുചിത്രയുടെ കാൽതൊട്ടുവന്ദിച്ചു .. സന്തോഷാശ്രുക്കൾ തുളുമ്പുന്ന മിഴികളാൽ അമ്മക്കിളി ഇരുവരെയും നെറുകയിൽ കൈചേർത്തനുഗ്രഹിച്ചു ... ഭവിയുടെ കൈയിൽ നിന്നും വെറ്റിലതാംബൂലം വലം കൈയാൽ മേടിച്ചു പ്രഭു അവനെ ചേർത്തുപിടിച്ചു ... തന്റെ കുഞ്ഞുപെങ്ങൾ ഈ കരങ്ങളിൽ സുരക്ഷിതമായിരിക്കുമെന്നവന് ഉറപ്പായിരുന്നു .. ഏട്ടന്റെ കാൽതൊട്ട് വണങ്ങുമ്പോൾ ഒരുതുള്ളി കണ്ണുനീർ പീലിയുടെ മിഴികളിൽ നിന്നും തൂകി പ്രഭുവിന്റെ കാൽപാദത്തിൽ വീണു ചിതറി .... ആ കണ്ണുനീർ തന്നെ ചുട്ടുപൊള്ളിക്കുന്ന തായ് അവനു തോന്നി.... പിടിച്ചെഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർക്കുമ്പോൾ ഏട്ടന്റെ കരുതുന്നതിനേക്കാൾ ഏറെ ഒരു അച്ഛന്റെ വാത്സല്യമാണ് ആ നെഞ്ചിൽ നിറഞ്ഞത്....

ഒരു നിമിഷം ഇരുവരുടെയും ആ നിൽപ്പ് തുടർന്നു... വാക്കുകൾക്ക് പ്രസക്തി ഇല്ലാതെ,...... നിശബ്ദമായി..... അവർ സംവദിച്ചു..... ഇനിയും നിൽക്കുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാവും മായ ചെറുപുഞ്ചിരിയോടെ .. മെല്ലെ പീലിയെ അടർത്തിമാറ്റി ചേർത്തുപിടിച്ചു കാറിൽ കയറ്റി ... സുചിത്രയുടെ കൈപിടിച്ചു വീടുപൂട്ടി താക്കോൽ അവരെ ഏൽപ്പിക്കുമ്പോൾ ഭവിയ്ക്കു ഉള്ളാകെ ആഹ്ലാദത്തിരയിളകി ... ഇത്രയും നാളും എവിടെയെങ്കിലും പോകുമ്പോൾ വീടുപൂട്ടി താക്കോൽ സ്വന്തം കൈവശം വയ്ക്കാറാണ് പതിവ് ... വീട്ടിനുള്ളിൽ സൂചിക്കുട്ടിയെ ആക്കി ഡോർ പൂട്ടുമ്പോൾ ഉള്ളം പിടയ്ക്കാത്ത ഒരുപാട് ദിനം കൂടിയില്ലായിരുന്നു ... പക്ഷേ ...കാലത്തിന്റെ വൈരുദ്രിവും സഹായത്തിനാരുമില്ലാത്ത നിസ്സഹായതയും തന്നിലത്തടിച്ചേൽപ്പിച്ചിരുന്നു ... ഇന്ന് സ്വന്തം കാലിൽ സുചിക്കുട്ടി തന്റെ വിവാഹ വേദിയിലേക്ക് വരുമ്പോൾ ഈ ലോകത്തു ഭാഗ്യവാനായ പുത്രനാകുകയാണ് താനും ...

ഇതിനെല്ലാം നിമിത്തമായവർ ചുറ്റുമുള്ളതിന്റെ തെളിച്ചം ഭവിയുടെ മുഖത്ത് തെളിഞ്ഞുനിന്നു ... ആദ്യം ഗണേശന്റെ തിരുനടയിലിറങ്ങി അനുഗ്രഹം വാങ്ങാൻ ഇരുവരും മറന്നില്ല .. കാരണം തങ്ങളുടെ ജീവിതത്തിലെ നല്ല ഏടുകൾ പടിത്തുയർത്തിയത് ഈ തിരുമുന്നിൽ വെച്ചായിരുന്നല്ലോ ... വിഘ്നങ്ങളൊക്കെ മാറാൻ വിനായകന് നാളികേരം സമർപ്പിച്ചാണ് യാത്ര തുടങ്ങിയത് ... ദേവീ ക്ഷേത്രത്തിൽ ലളിതമായൊരു ചടങ്ങ് ....... കാറിൽ നിന്നും പ്രഭുവാണ് പീലിയെ കൈപിടിച്ചിറക്കിയത് ... ഏട്ടന്റെ കൈയിൽതൂങ്ങി പഴയ തൊട്ടാവാടിയായി അമ്പലത്തിലേക്ക് കടന്നു ....... ദേവിയെ കൈകൂപ്പി വണങ്ങി കണ്ണുകൾ തുറന്നപ്പോഴാണ് തൊട്ടടുത്തായി നിൽക്കുന്ന ആളെ ശ്രദ്ധിച്ചത് ... തന്നെ നോക്കി നിൽക്കുന്ന സുഭദ്രയേയും പ്രഭാകരേയും നിറമിഴികളോടെ അവൾ നോക്കിനിന്നു ... ഏറെ ആഗ്രഹിച്ചെങ്കിലും അമിത പ്രതീക്ഷ കൊടുത്തു മനസ്സിനെ വശംകെടുത്തിയിരുന്നില്ല ...

കാരണം ജീവിതത്തിലെ ഈ സുന്ദരദിനം മൂടിക്കെട്ടിയ മനസ്സോടെ തുടങ്ങാൻ ഒട്ടും തോന്നിയില്ല ... എന്താ മോളേ ഇത് ...? നല്ലൊരു ദിവസമായിട്ട് ... വേണ്ട ...ഇനി എന്റെ കുഞ്ഞ് കരയാൻ പാടില്ല ... അവളെ ചേർത്തുപിടിച്ചുകൊണ്ടു സുഭദ്ര പറഞ്ഞു .. ഒരുപാട് ആലോചിച്ചു ... അപ്പോഴെല്ലാം ഉള്ളിൽ തെളിഞ്ഞത് നിന്റെ മുഖമായിരുന്നു .... ഞങ്ങളുടെ ആഗ്രഹങ്ങളും വാശിയും അടിച്ചേൽപ്പിച്ചതായിരുന്നല്ലോ ദേ ഇവന്റെ ജീവിതം ... എന്നിട്ടെന്തായി ...? ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ദുഖിക്കുന്നു .... ആ തെറ്റ് നിന്റെ കാര്യത്തിൽ വേണ്ട ... ഒന്നുമില്ലയെന്നറിഞ്ഞിട്ടും നിന്നെ ചേർത്തുപിടിച്ചില്ലേ ... എല്ലാമറിഞ്ഞിട്ടും എന്റെ കുഞ്ഞിനൊരു ജീവിതം നൽകാൻ തയ്യാറായില്ലേ ... ഈ മനസ്സോളം നന്മയുള്ള മറ്റൊരാളെ ഞങ്ങൾക്ക് കണ്ടെത്തി തരാൻ ആകുമെന്ന് തോന്നുന്നില്ല ... ഭവിയെ അരികിലേക്കു കൈകാട്ടി വിളിച്ചുകൊണ്ട് പ്രഭാകർ അവനെ ചേർത്തുപിടിച്ചു ... മറുകൈയാൾ മകളെയും ...

പീലിയും ഭവിയും ഇരുവരുടെയും അനുഗ്രഹം വാങ്ങി താലികെട്ടാനായി ശ്രീകോവിലിനു മുൻപിൽ വന്നു ... പൂജാരി പൂജിച്ചുനൽകിയ താലത്തിൽനിന്നും മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി പ്രഭാകർ ഭവിയുടെ കൈയിലേക്ക് നൽകി ... എല്ലാവരോടും അനുവാദമെന്നോണം നോക്കി ... കണ്ണുകളടച്ചോരുനിമിഷം പ്രാർത്ഥിച്ചശേഷം അവനതു പീലിയുടെ കഴുത്തിൽ ചാർത്തി ... ഒരുതുള്ളി കണ്ണുനീർ ഇറുകെയടച്ച പീലിയുടെ മിഴികളിൽനിന്നുമിറ്റ് ഭവിയുടെ കൈത്തണ്ടയിൽ വീണു .. കൈകൂപ്പി കണ്ണുകളടച്ചു പ്രാർത്ഥനയോടെ തന്റെ താലി സ്വീകരിച്ചു നിൽക്കുന്ന പീലിയെ കാൺകെ അവളെപ്പോലെ ഭവിയുടെ കണ്ണുകളും ഈറനായി ... മായ ഇലച്ചീന്തിൽ കുങ്കുമം ഭവിയുടെ നേരെ നീട്ടി ... അവൻ പുഞ്ചിരിയോടെ ആ സിന്ദൂരത്താൽ പീലിയുടെ സീമന്തരേഖ ചുമപ്പിച്ചു ...

സാക്ഷികളായിരുന്ന കണ്ണുകളും സന്തോഷാശ്രു പൊഴിച്ചപ്പോൾ ഇരുവരും കോവിലിനു ചുറ്റും പ്രദക്ഷിണം വെച്ചു വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയാക്കി ... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 സുചിക്കുട്ടി നൽകിയ നിലവിളക്ക് ഏറ്റുവാങ്ങി പുഞ്ചിരിയോടെ വലതുകാൽവെച്ചു വീടിനുള്ളിലേക്ക് കയറുമ്പോൾ ഈ വീടിനു വെളിച്ചമാകാൻ കഴിയണേയെന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു ... അല്പം മടിയോടെ വീടിനു പുറത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും .. പ്രഭു തന്നെ അകത്തേക്ക് വിളിച്ചു... ഒരുപാട് വീട്ടുകാരനെപ്പോലെ തങ്ങളെ ക്ഷണിച്ചിരുത്തുന്ന മകനെയും ... സുചിത്രയ്ക്കു അവനോടുള്ള സ്നേഹവുമൊക്കെ കണ്ടപ്പോൾ തങ്ങൾ എത്ര മാത്രം പരാജയമായിരുന്നെന്നു സുഭദ്രയും പ്രഭാകറും ഓർത്തു ...

സദ്യ ഒരുക്കിയിരുന്നത് ആശാനിലയത്തിലെ അന്തേവാസികളോടൊപ്പമായിരുന്നതിനാൽ എല്ലാപേരും താമസിയാതെ അവിടേയ്ക്കു തിരിച്ചു ... അവർക്കൊപ്പമിരുന്നു സദ്യയുണ്ണുമ്പോൾ അഹംഭാവം അവിടെ പടിയിറങ്ങുകയായിരുന്നു ... എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിരാലംബരായ വൃദ്ധർക്കും ആഘോഷങ്ങളുടെ വർണങ്ങൾ അന്യമായ ബാല്യങ്ങൾക്കും ഇതൊക്കെ പുതുമയുള്ള കാര്യങ്ങളായിരുന്നു ... ഇടയ്ക്കൊക്കെ ചില ആൾക്കാർ ഇതുപോലെ ചടങ്ങുകളുമായി ബന്ധപ്പെട്ടു ആഹാരവും വസ്ത്രവുമൊക്കെ സ്പോൺസർ ചെയ്യാറുണ്ടെങ്കിലും .. ഇതുപോലെ തങ്ങൾക്കൊപ്പമിരുന്നു ഉണ്ണുന്നതും കൈകളിൽ പുതുവസ്ത്രം നല്കുന്നതുമൊക്കെ നിറമിഴിയാലേ അവരേറ്റുവാങ്ങി അനുഗ്രഹിച്ചു ... മുടങ്ങാതെ സഹായവുമായെത്തുന്ന പ്രഭു ഡോക്ടറും .... തങ്ങളുടെ സ്വന്തം മായയും അവർക്കു സുപരിചിതരായതിനാൽ ഏവരും സന്തോഷത്തിലായിരുന്നു ... തിരികെ വീട്ടിലെത്തുമ്പോൾ വൈകുന്നേരത്തെ റിസെപ്ഷന്റെ തിരക്ക് തുടങ്ങി ... അടുത്തുള്ളൊരു ഹാളിൽ വെച്ചു ഓഫീസ് സ്റ്റാഫുകൾക്ക് മാത്രമായുള്ളൊരു ചെറിയ ഫങ്ക്ഷൻ ...

അല്ലാതെ ക്ഷണിക്കപ്പെടാൻ മാത്രം ബന്ധുബലമൊന്നും ഭവിക്കില്ലല്ലോ ? ഏകദേശം സന്ധ്യയായപ്പോഴാണ് ഓഫീസ് സ്റ്റാഫ്‌സ് എല്ലാം എത്തിയത് ... ഭവിയും പീലിയും പ്രീയപ്പെട്ട കോളേഗ്സ് ആയതുകൊണ്ടുതന്നെ മിക്കവാറും ഫാമിലി ആയിട്ടാണ് വന്നതും ... വിനയേയും നിമ്മിയെയും കണ്ടപ്പോൾ സുഭദ്രയുടെ മുഖം തെല്ലൊരു നീരസത്താൽ കൂമ്പി ... ഒന്നുമല്ലെങ്കിലും വിധുവിന്റെ ഏട്ടനെന്ന സ്ഥാനം അവനെ അവർക്കു സ്വീകരിക്കാൻ പ്രയാസമുണ്ടാക്കി ... എന്നാൽ പ്രഭു സുഭദ്രയിലെ പിണക്കത്തെ അലിയിച്ചു ... ഭവിയ്‌ക്കൊപ്പം തിളങ്ങിനിൽക്കുന്ന പീലിയെ കാൺകെ ചെറിയൊരു കുറ്റബോധം ഉള്ളിൽ നിറഞ്ഞെങ്കിലും അടുത്തുള്ള നിമ്മിയുടെ സ്നേഹസാന്നിധ്യം അതൊക്കെ മാറ്റി ... ഭവിയെ ചേർത്തുപിടിച്ചു വിനയ് ആശംസിച്ചു .. നിമ്മി തങ്ങളുടെ സമ്മാനം പീലിയുടെ കൈകളിൽ അണിയിച്ചു ... ഭംഗിയുള്ളൊരുകൈ കൈ ചെയിനായിരുന്നു സമ്മാനം ... തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ വാർത്ത ... ഒരു കുരുന്നു ജീവന്റെ വരവ് ... നിമ്മിയും വിനയും അറിയിച്ചു ........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story