♥️ മയിൽ‌പീലി ♥️ ഭാഗം 65

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഏറെ വൈകിയായിരുന്നു നകുലും റിത്വിയും റിസെപ്ഷനായി എത്തിയത് ... വിധുവിന്റെയൊക്കെ കേസ് ഒരു ചെയിൻ ആയി കിടക്കുന്നതിനാൽ അന്വേഷണം ഇപ്പോൾ കേരളത്തിലേക്കും വ്യാപിപ്പിച്ചു .. അന്വേഷണ ചുമതല നകുലിനാണ് ... അതിന്റെ തിരക്കൊക്കെക്കൊണ്ട് എത്തിയപ്പോൾ താമസിച്ചു ... സുഭദ്രയ്ക്കും പ്രഭാകറിനും പ്രഭു അവരെ പരിചയപ്പെടുത്തി ... ഒപ്പം തങ്ങളുടെ ജീവിതത്തിൽ നകുൽ ചെയ്തുതന്ന ഉപകാരത്തിനും നന്ദി പറയാൻ മറന്നില്ല ... ഇന്നീ നിമിഷം ഭവിക്കൊപ്പം തനിക്കിത്രയും സന്തോഷത്തോടെയിരിക്കാൻ ഒരു കാരണം തീർച്ചയായും നകുലാണെന്നവൾ ഓർത്തു .. ഒരുപക്ഷേ ..അവന്റെ സഹായമില്ലായിരുന്നെങ്കിൽ ഇത്രയും വലിയൊരു സംഘത്തിന്റെ പാതയിൽ തടസ്സമാകാൻ തന്റെ ഏട്ടന് ആകില്ലായിരുന്നെന്നവളോർത്തു ... ഇറങ്ങാൻ നേരം റിത്വി സുഭദ്രയോടും പ്രഭാകരോടുമായി പറഞ്ഞു ... നിങ്ങൾ ഭാഗ്യവാന്മാരാണ് കേട്ടോ ... ഇതുപോലെ രണ്ടു മക്കളെ കിട്ടിയില്ലേ ... ദേ ...ഈ ഡോക്ടറുണ്ടല്ലോ ...? ദൈവതുല്യനാണ് ആശാനിലയത്തിലെ അന്തേവാസികൾക്ക് ...

മക്കളുപേക്ഷിക്കപ്പെട്ട ഒരുപാടമ്മമാർക്ക് മകനും ചെറുമകനുമൊക്കെയാണ് .. കുട്ടികൾക്ക് നല്ലൊരു കൂടപ്പിറപ്പാണ് ... ഇതുവരെയും അവിടെ വന്നുപോയിരുന്ന ഡോക്ടർ മാരൊക്കെ കാശിനുവേണ്ടി ഡ്യൂട്ടി ചെയ്യാൻ വന്നുപോയിരുന്നവരാണ് ... ഡ്യൂട്ടി റൂമിൽ വന്നിരുന്നു പരിശോധിക്കുകയല്ലാതെ മറ്റൊരടുപ്പവും ആരോടും കാണിക്കാറില്ല ... അതിനേക്കാളേറെ രസം ... മിക്കവാറും രണ്ടുമൂന്നു സിറ്റിങ്ങിനപ്പുറം അവരെ പ്രതീക്ഷിക്കേണ്ടതില്ലയെന്നതാണ് ... ഞാൻ വളർന്നു വന്ന വീട് ...എന്റെ ലോകം ... അത് ഏറ്റെടുക്കാനാളില്ലാതെ കുറേ പാവങ്ങൾ തെരുവിലേക്കിറങ്ങുന്നതു തടയാൻ ഏറ്റെടുത്തതാണ് ആ കുഞ്ഞ് സ്വർഗം ... അന്ന് എനിക്ക് പ്രായം ഇരുപത് ആകുംന്നതേയുള്ളു ... ഒരുപാട് നിയമയുദ്ധം നടത്തിയാണ് പിടിച്ചെടുത്തതും ... അന്ന് പരിചയപ്പെട്ട ആളാണ് ...ഈ നകുൽ ഐ പി എസ് ... ഒരു ചെറു പുഞ്ചിരിയോടെ നകുലിനെ നോക്കി റിത്വി പറഞ്ഞു .... മ്മ് ... അതേ ... കുറേ അനാഥജന്മങ്ങൾക്കായി നിയമയുദ്ധത്തിനിറങ്ങിയ ഇരുപതുകാരി പെൺകുട്ടി ... റിത്വി ... ബാക്കി നകുൽ പറഞ്ഞു തുടങ്ങി ...

ഞാനന്ന് ഐ പി എസ് ട്രെയിനിങ് കഴിഞ്ഞു പോസ്റ്റിങ്ങ്‌ ആയതേയുണ്ടായിരുന്നുള്ളു ... ഒരിക്കൽ കലക്ടറേറ്റിൽ പോയി തിരിച്ചിറങ്ങും വഴിയാണ് ... കല്ലെക്ടറുടെ പി എ യോട് സംസാരിച്ചു നിൽക്കുന്ന റിത്വിയെ കാണുന്നത് ... തികച്ചും ദയനീയമായി അയാളോട് സംസാരിച്ചുനിൽക്കുന്ന പെൺകുട്ടിയെ ഒരുനിമിഷം നോക്കി നിന്നുപോയി ... പുറത്തേയ്ക്കു വന്ന കളക്ടറോട്‌ സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ച ചോദ്യത്തിന് മുന്നിൽ നിശ്ചയദാർട്യത്തോടെ ഉത്തരം പറഞ്ഞ ആളോട് ഒരുതരം ആരാധനയായിരുന്നു ... അതുപതിയെ പ്രണയമായി ... എന്നാൽ അവളതു അംഗീകരിച്ചില്ല കേട്ടോ ..? താൻ പോയാല് ആശാനിലയം അനാഥമാകുമെന്ന നിലപാടായിരുന്നു ... എന്നിട്ടെന്തായി ? ഭവി ആവേശത്തോടെ തിരക്കി ... എന്നിട്ടെന്താവാൻ ... അവൾക്കൊപ്പം ആശാനിലയം കൂടി സ്ത്രീധനമായി കൊടുത്തു ... മായ റിത്വിയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു .. എല്ലാപേരും ബഹുമാനത്തോടെ ഇരുവരെയും നോക്കി ... ഒരു ജോലിയുമില്ലാത്ത അതിലുപരി അനാഥയായ നീയെങ്ങനെ ഇത്തരത്തിലൊരു ചാരിറ്റി ഹോം നടത്തിക്കൊണ്ടുപോകുമെന്നാണ് അന്ന് കളക്ടർ ചോദിച്ചത് ... ശരിയാണ് ....

ലോകപരിചയവും പണവുമൊന്നുമില്ലാതെ എന്തുചെയ്യുമെന്ന് എനിക്കുമത്ര പിടിയില്ലായിരുന്നു ... പക്ഷേ .... ഒരുവാശിയ്ക്കു പറഞ്ഞു ... ഞങ്ങൾ ആരോഗ്യമുള്ള അന്തേവാസികൾ ചേർന്നൊരു സ്വയം തൊഴിൽ യൂണിറ്റ് തുടങ്ങുന്നുണ്ടെന്ന് .... പിന്നെ അത് ചെയ്തു കാണിക്കാനായി ശുപാർശ ... അന്നന്നത്തെ അഷ്ടിയ്ക്കു വകയില്ലാത്ത ഞങ്ങൾക്ക് അതിനൊക്കെയുള്ള മൂലധനം എവിടുന്നു കിട്ടാനാണ് ...? ഇനി ഗവെർന്മെന്റിന്റെ സഹായം തേടാനാണെങ്കിൽ കണ്ട ഓഫീസ് മൊത്തം കേറിയിറങ്ങി എന്ന് നടക്കാനാണ് ..? ഒരു ബാങ്കും ലോണും തരില്ല ... അപ്പോഴാണ് നകുലേട്ടൻ ആശാനിലയത്തിലേയ്ക്ക് വന്നത് ... വിഷമം മനസ്സിലാക്കി പുള്ളിയുടെ കെയർ ഓഫിൽ ഒരു ലോൺ തരപ്പെടുത്തി നൽകി ... അതായിരുന്നു ആദ്യപടി ... ഇപ്പോൾ സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റും .. ഓർഗാനിക് ഫാർമിംഗ് ഒക്കെയുണ്ട് .... ചെലവ് നടത്താനുള്ളത് കിട്ടുന്നുണ്ട് ... പ്രഭു ഡോക്ടർ ഒരിക്കൽ മായക്കൊപ്പം വന്നുള്ള പരിചയമാണ് .... പിന്നീടൊരിക്കൽ ഇങ്ങോട്ട് വിളിച്ചു ചോദിച്ചു ഇടയ്ക്ക് അവരെവന്നു നോക്കിക്കോട്ടെയെന്നു .. തന്നാൽ കഴിയുന്ന മെഡിക്കൽ കെയർ തരാമെന്ന് .... ഇപ്പോൾ ആഴ്ചയിലൊരിക്കൽ ആശാനിലയത്തിൽ എത്താറുണ്ട് ...കൺസൽട്ടിങ് റൂമിലൊതുങ്ങാതെ അവരോടൊപ്പം സമയം ചെലവഴിക്കാറുണ്ട് ...

മരുന്നും അത്യാവശ്യം കുട്ടികൾക്ക് പഠനസഹായവുമൊക്കെ നൽകാറുണ്ട് ... ഇത്രയും നന്മയുള്ള ഒരു മകനെ പ്രസവിച്ച നിങ്ങളെത്ര ഭാഗ്യവതിയാണമ്മേ .... ഇനിയെങ്കിലും ഈ മകന്റെ ഉള്ളറിഞ്ഞു സ്നേഹിച്ചുടെ ... റിത്വി സുഭദ്രയോടായി ചോദിച്ചു ... സുഭദ്രയുടെ കണ്ണുകൾ ഈറനായി .... പ്രഭാകറിന്റെ ഉള്ളം അഭിമാനപൂരിതമായി .... സത്യത്തിൽ ബാംഗ്ലൂരിലെ തന്നെ ഫേമസ് ഡോക്ടർസ് ആണ് ഞങ്ങൾ ... ഒരുപാട് സർജറികൾ .... സ്പെഷ്യൽ മെഡിക്കൽ അവാർഡ്‌സ് .... അന്നൊന്നും കിട്ടാത്ത സന്തോഷം .. അഭിമാനം ഇപ്പോൾ തോന്നുന്നു .... നിങ്ങൾ പറഞ്ഞത് ശരിയാണ് .... ഇവനെപ്പോലൊരു മകനെ .... അല്ല ഇവരെപ്പോലുള്ള മക്കളെ കിട്ടിയ ഞങ്ങൾ പുണ്യം ചെയ്തവരാണ് ... പ്രഭാകർ പറഞ്ഞു ... അതുകേൾക്കേ പീലിയുടെ ഉള്ളം നിറഞ്ഞു ... വൈകിയായാലും തങ്ങളെ മനസ്സിലാക്കാൻ അച്ഛയ്ക്കും അമ്മയ്ക്കുമായല്ലോ ...? റിത്വിയും നകുലും യാത്ര പറഞ്ഞിറങ്ങി ... റിസപ്ഷൻ കഴിഞ്ഞയുടനെ സുഭദ്രയും പ്രഭാകറും തിരികെപോകാനായി ഒരുങ്ങി ... വിധുവുമായുള്ള ഡിവോഴ്സ് കേസ് വിളിച്ചിട്ടുള്ളതിനാൽ അവർക്കൊപ്പം പ്രഭുവും പോകാൻ തീരുമാനിച്ചു ... സ്റ്റേജിനു പുറകിലുള്ള റൂമിൽനിന്നും ഗിഫ്റ്റുകൾ എടുത്തു കാറിലേക്ക് വെക്കാനായി പ്രഭു മായയെക്കൂടി വിളിച്ചു ...

പോകും മുന്നേയുള്ള യാത്രപറച്ചിലിനുള്ള വട്ടമാണെന്നു മനസ്സിലാക്കി മായ പുറകെ ചെന്നു .. റൂമിനുള്ളിൽ അലമാരിയ്ക്കടുത്തായി കൈയും കെട്ടിനിൽക്കുന്ന പ്രഭുവിനെ ഒരുനിമിഷം നോക്കി നിന്നശേഷമവൾ അകത്തേയ്ക്കു കയറി .... ഗിഫ്റ്റുകളിൽ രണ്ടുമൂന്നെണ്ണം അടുക്കിയെടുത്തു ... അവനെ ഒന്നുകൂടി നോക്കി തിരിഞ്ഞു നടന്നു .... ഡോറിനടുത്തെത്തിയപ്പോൾ അറിയാതെ കാലുകൾ നിശ്ചലമായി .... മായയുടെ പ്രവർത്തികൾ സസൂഷ്മം നോക്കിനിന്ന പ്രഭുവിന്റെ ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു ... അധികം സംസാരമൊന്നുമില്ലെങ്കിലും ഓരോനിമിഷവും ഇരുവരും പരസ്പരം പ്രണയിക്കുകയായിരുന്നു ... ഇതുവരെ അറിയാത്ത ....അനുഭവിക്കാത്ത ... ഒരു ചേർത്തുപിടിക്കൽ മനസ്സുകൾ പരസ്പരം നടത്തുകയായിരുന്നു .... ചില പ്രണയങ്ങളിങ്ങനെയാണ് .... ഒരുനോട്ടമോ ...... സാന്നിധ്യമോ ...നൽകി ആഴത്തിൽ വേരുറപ്പിയ്ക്കും ... ബാഹ്യമായ കാട്ടിക്കൂട്ടാലോ .... വാഗ്ദാനങ്ങളോ ഒന്നുമില്ലാതെ .... ഹൃദ്യങ്ങൾതമ്മിലാഴത്തിൽ കൂടിച്ചേരും ..... പിന്കഴുത്തിൽ പതിയുന്ന ചുടുശ്വാസം പുറകിൽ അവന്റെ സാന്നിധ്യമറിയിച്ചു ....

പതിയെ കൈകളിനിന്നും ഗിഫ്റ്റുകൾ ഓരോന്നായി പ്രഭു വാങ്ങി അടുത്തുകിടന്ന മേശയിലേയ്ക്ക് വെച്ചു ... അതുവരെ മുഖത്തണിഞ്ഞ ഗൗരവത്തിന്റെ മുഖമൂടി അഴിഞ്ഞുതുടങ്ങിയിരുന്നു .... ഇനിയും പിടിച്ചുനിർത്താനാകില്ലെന്ന തിരിച്ചറിവിൽ തിരിഞ്ഞവന്റെ നെഞ്ചോടിറക്കിയിരുന്നു വ്യഥകളെല്ലാം ... പതിയെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നതിനോടൊപ്പം ആ നെറുകിൽ ചുണ്ടമർത്തിയവൻ നിന്നു ... മായ .... എന്തിനായിരുന്നു ഈ കാട്ടികൂട്ടലൊക്കെ ...? എന്നെയൊന്നു നോക്കിയാൽ സങ്കടം പുറത്തുവരുമെന്ന് ഭയന്നോ ..? അതോ എന്നോടുള്ള ഈ സ്നേഹത്തിന്റെ ആഴം ഞാൻ മനസ്സിലാക്കുമെന്ന് പേടിച്ചോ ? അവൻ അവളെ അടർത്തിമാറ്റാതെ ചോദിച്ചു ... മറുപടി ഏങ്ങലുകളായി പുറത്തുവന്നപ്പോൾ ഒന്നുകൂടി തന്റെ പ്രാണനെയവൻ നെഞ്ചോടു ചേർത്തു .. പറയ്‌ മായ .... എന്താ ഇപ്പോൾ ഇത്രക്കും സങ്കടം വരാൻ ...? ഞാൻ പോകുന്നതിനുള്ള വിഷമമാകാൻ സാധ്യതയില്ല .... എന്തായാലും പറയ്‌ .... രഹസ്യങ്ങൾ അത് ചെറുതായാലും ഉള്ളിൽ താഴിട്ടു പൂട്ടേണ്ട ... അവൻ പറഞ്ഞു ..

ഏട്ടാ .... എനിക്കിപ്പോഴും സംശയമാണ് .... ഞാൻ വിധുവിന്റെ സ്ഥാനം കൈക്കലാക്കിയ വെറുമൊരു മോശം സ്ത്രീയാകുമോയെന്നു ... മുഖത്തുനോക്കാതെയാണ് മായ അതുപറഞ്ഞത് ... കാരണം അവന്റെ മുഖത്തുനോക്കിയാൽ വാക്കുകൾ മുഴുമിപ്പിക്കാനാകില്ലയെന്നറിയാം ... എന്താ ...എന്താ മായാ നീയിപ്പോൾ പറഞ്ഞത് .... ഇങ്ങനെ ചിന്തിക്കാൻ മാത്രമെന്താണ് ? കുനിഞ്ഞിരിക്കുന്ന അവളുടെ മുഖം മെല്ലെ തനിക്കുനേരെ നിവർത്തി ചോദിച്ചു ... ആ മിഴികളിലേയ്ക്ക് നോക്കവേ ഉത്തരം തൊണ്ടയിൽ കുടുങ്ങുന്നതായവൾക്കു തോന്നി ... അത് ... റിസപ്ഷന് വന്നിരുന്ന ചിലരൊക്കെ പറയുന്നത് കേട്ടു ... ഡിവോഴ്സ് പോലും കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് ഇത്രയും പെട്ടെന്ന് മറ്റൊരു പെണ്ണിനെ സ്നേഹിക്കാനാകുകയെന്ന് ... പിന്നെ ... പിന്നേ ... പിന്നെയെന്താന്നു പറയെടോ ... ഇത്തവണ പ്രഭുവിന്റെ ശബ്ദം കുറച്ചുകൂടി നേർത്തിരുന്നു ... ഞാൻ ... ഞാൻ ഏട്ടനെ ... വാക്കുകൾ ഗദ്ഗദത്താൽ മുറിഞ്ഞിരുന്നു .. മ്മ് ...പറയണ്ട ... എനിക്കൂഹിക്കാം .... നോക്ക് മായാ .... ഞാൻ വിവാഹിതനാണ് .... നീയും വിവാഹിതയായിരുന്നു ... എന്നാൽ നീയിപ്പോൾ സ്വാതന്ത്രയാണ് ... പിന്നേ എന്റെ കാര്യം ... വിധു നിയമപരമായി മാത്രമാണെന്റെ ഭാര്യ ... അതും ദിവസങ്ങൾ മാത്രമേ ആ പദവിയ്ക്കും ആയുസ്സുള്ളൂ ...

വിധുവിനെ മറന്നു മറ്റൊരുപെണ്ണിനെ തേടി പോകാൻ അവൾ മരിച്ചതല്ല .... എന്നേ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ പാതി നഷ്ടമായാൽ തീർച്ചയായും ഞാൻ മറ്റൊരു വിവാഹത്തെക്കുറിച്ചാലോചിയ്ക്കില്ല ... ഇനിയൊരുപക്ഷേ .... സ്വയം രെക്ഷയ്ക്കോ എന്തിനെലും അവളൊരു കൊലപാതകിയായാലോ എന്തെങ്കിലും തെറ്റുപറ്റിപ്പോയാലോ ... മറുത്തൊന്നും ചിന്തിക്കാതെ അവൾക്കായി ജീവിയ്ക്കും ... ഇതുപക്ഷേ .... നിനക്കുമറിയാമല്ലോ ...എന്നോടൊപ്പം കഴിഞ്ഞെന്നെ വിദഗ്ധമായി വഞ്ചിച്ച അവളെ ഞാനെങ്ങനെ സ്നേഹിക്കാനാണ് .... ഓര്മയിൽപോലുമില്ല ... ഒരു കിതപ്പോടെ അവൻ പറഞ്ഞു നിർത്തി ... ഏട്ടാ .... പെട്ടെന്ന് കേട്ടപ്പോൾ .... ഒരു കുറ്റബോധം .... അതുകൊണ്ട് പറഞ്ഞുപോയതാ ... സോറി ... ഏയ് ... സാരമില്ലെടോ .... നമ്മുടെ സമൂഹം ഇങ്ങനാടോ ..?

ഇനിയെന്തൊക്കെയുണ്ടായാലും മറ്റുള്ളവരുടെ ജീവിതത്തിൽ നെഗറ്റീവ്സ് ഉയർത്തിക്കാട്ടാൻ നോക്കും ... അല്ലെങ്കിൽത്തന്നെ നമ്മുടെ ജീവിതസാഹചര്യം മനസ്സിലായ ഒരാൾ ഇനിയെങ്കിലും സമാധാനത്തോടെ ജീവിയ്ക്കട്ടെയെന്നല്ലേ ചിന്തിക്കേണ്ടത് ... എന്നിട്ടും ..കഷ്ടം തന്നെ ... താൻ അത് ഓർക്കേണ്ട ..നമ്മളെ മനസ്സിലാക്കുന്നവർ മതിയെടോ ... അതുമാത്രമാണ് യഥാർത്ഥ സ്നേഹവും ... ഇരുകണ്ണും ചിമ്മി പ്രഭു പറഞ്ഞു ... മ്മ് .... റിത്വി പറഞ്ഞത് ശരിയാ ... ഇതുപോലൊരു സ്നേഹം കിട്ടാൻ ഞാനും ഭാഗ്യം ചെയ്തിട്ടുണ്ടാകും ... മായ പുഞ്ചിരിയോടെ പറഞ്ഞു ... അപ്പോൾ രാത്രി യാത്രയില്ല ... മിക്കവാറും നാളത്തോടെ ഡിവോഴ്സ് കിട്ടും ... കാരണം അത്യാവശ്യം പബ്ലിസിറ്റി ഉള്ള കേസ് ആയതുകൊണ്ട് ന്യായം എന്റെ ഭാഗത്താണെന്നു കോടതിക്കേതാണ്ട് ബോധ്യമായിട്ടുണ്ട് ... അതുകൊണ്ടുതന്നെ ഇനി കാണുമ്പോൾ ഞാൻ സ്വാതന്ത്രനായിരിക്കും ... നിറമിഴികളോടെ തലകുലുക്കുമ്പോൾ ഉള്ളവും നിറഞ്ഞിരുന്നു സന്തോഷത്താൽ ............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story