♥️ മയിൽ‌പീലി ♥️ ഭാഗം 67

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഭവി .... മതികേട്ടോ ഇമോഷണൽ ആയതു ... ഈ നന്ദിപറച്ചിലും സെന്റിയുമൊക്കെ ഇനി വേണ്ടാട്ടോ ...? പീലീ പരിഭവത്തോടെ പറഞ്ഞു .. ഓഹ് ..സോറി ... ഞാനായിട്ട് ഇനി നല്ലൊരു ദിവസം കുളമാക്കുന്നില്ല ... പീലിയെ ചേർത്തുപിടിച്ചു ഭവി മെല്ലെ റൂമിലേയ്ക്ക് നടന്നു ... ഇനിയെന്നും പരസ്പരം ഒന്നെന്നപോലെ പുതിയൊരു തുടക്കം ... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കോടതിയ്ക്ക് പുറത്ത് കാറിൽ സീറ്റിൽ തലചായ്ച്ചിരിക്കുകയാണ് പ്രഭു .. ചെന്നിക്കിരുവശവും കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട് .... അടച്ചുപിടിച്ചിരിയ്ക്കുന്ന കണ്ണുകളിലെ പിടപ്പ് ഇടയ്ക്കിടയ്ക്ക് പുറത്താകുന്നുണ്ട് .. കൂടെ വരാമെന്നു സുഭദ്രയും പ്രഭാകറും പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല ... അപമാനത്തിന്റെ തീച്ചൂളയിലാണ് കോടതിമുറിയിൽ ഓരോ നിമിഷവും നിൽക്കുന്നത് ... കുപ്രസിദ്ധ സംഭവമായതുകൊണ്ടുതന്നെ പലമുഖങ്ങളിലും സഹതാപവും പുശ്ചവും നിറയാറുണ്ട് ... മറ്റുള്ളവരുടെ ദുഖങ്ങളിൽ ശ്രദ്ധിക്കാതെ ചൂടുള്ള വാർത്തയ്ക്കു തുടിപ്പും തൊങ്ങലും ചേർത്തു മിനുക്കാൻ പാടുപെടുന്ന മീഡിയാസും മുൻപന്തിയിൽ കാണും ...

തന്നെപ്പോലെ അതെല്ലാം സഹിക്കാനുള്ള കരളുറപ്പ് അച്ഛയ്ക്കും അമ്മയ്ക്കും കാണില്ലെന്ന് അവനറിയാം ... കഴിഞ്ഞോരുപ്രാവശ്യം കൗൺസിലിംഗിന് വിളിച്ചിരുന്നു .. അതും വെറും ഫോര്മാലിറ്റിയ്ക്ക് ... അന്ന് കേസ് വിളിച്ചു കൗൺസിലിംഗ് ടേബിളിലിരുന്നപ്പോൾ മറുവശം എപ്പോളോ ആ സാന്നിധ്യമറിഞ്ഞു ... ഒരിക്കൽ പോലും ആ ഭാഗത്തേയ്ക്ക് നോക്കാൻ തോന്നിയില്ല ... അല്ലെങ്കിലും ഉള്ളിൽ തികട്ടിനിന്ന പേരറിയാത്ത വികാരങ്ങൾ ഒന്നിനും അനുവദിച്ചില്ല ... ഒരിക്കലും ഇനി ഒത്തുപോകാൻ കഴിയില്ലെന്ന് ഒറ്റ വാചകത്തിൽ ഞാൻ മുറിച്ചുപറഞ്ഞപ്പോൾ ... തിരിച്ചും സമ്മതമെന്ന വാക്ക് മാത്രം കേട്ടു .. കുനിഞ്ഞ മുഖവുമായി പുറത്തേക്കിറങ്ങുമ്പോൾ ഒരിക്കൽപോലും തിരിഞ്ഞുനോക്കാൻ മനസ്സനുവദിച്ചില്ല ... ഇന്ന് എല്ലാം അവസാനിക്കുകയാണ് .. ഒന്നരവർഷത്തെ ദാമ്പത്യജീവിതത്തിനു അടിവരയിടാൻ പോകുന്നു ... കൂടെയുണ്ടായിരുന്ന നിമിഷങ്ങളിലെല്ലാം സന്തോഷം നൽകാനെ ശ്രമിച്ചിട്ടുള്ളു .. അവളും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു ... എന്നാൽ അതെല്ലാം പൊള്ളയായിരുന്നെന്നു മനസ്സിലാക്കിയനിമിഷം സ്വയം അറപ്പുതോന്നി ..

താൻ സ്വർഗ്ഗമായി ...വിലയേറിയതായി ഉള്ളിൽ സൂക്ഷിച്ചിരുന്ന സുന്ദരനിമിഷങ്ങളിലെല്ലാം അവൾ അഭിനയിക്കുകയായിരുന്നെന്നറിഞ്ഞപ്പോൾ അതൊക്കെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദുസ്വപ്നങ്ങളായി തോന്നുന്നു .. ഓർക്കുന്തോറും ഉള്ളിൽ ഭാരമേറുന്നു .. കാറിന്റെ ഗ്ലാസ്സിൽ തട്ടുകേട്ടപ്പോഴാണ് ഓർമകൾക്ക് കടിഞ്ഞാണിട്ടത് ... കണ്ണട മാറ്റി ഇരുകൈകൾക്കൊണ്ടും കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് നോക്കി .. വക്കീലാണ് ... കേസ് വിളിക്കാറായിക്കാനും ... അവൻ പുറത്തേയ്ക്കിറങ്ങി ... ചുറ്റുംനോക്കി ... മുന്നിൽ പോലീസുകാർക്കൊപ്പം നടന്നുപോകുന്ന വിധുവിൽ കണ്ണുടക്കി .. അവനും വക്കിലിനൊപ്പം അകത്തേയ്ക്കു ചെന്നു ... ഇന്നധികം ഫോര്മാലിറ്റീസ് ഒന്നുമില്ല .. ഡിവോഴ്സ് അനുവദിച്ചുകൊണ്ട് വിധി വന്നു .. പേപ്പേഴ്സിൽ സൈൻ ചെയ്യാനായി ഇരുവരെയും വിളിപ്പിച്ചു .. പോക്കെറ്റിൽനിന്നും പേനയെടുത്തു ഒരുനിമിഷം കണ്ണുകളടച്ചു പ്രഭു നിന്നു ... ഉള്ളിൽ ആദ്യമായി വിധുവിനെകണ്ടതുമുതൽ അവസാനം അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ ഉള്ളതുവരെയുള്ള ചിത്രങ്ങൾ മിഴിവോടെ നിറഞ്ഞു ... ആ കഴുത്തിലേക്ക് താലിചാർത്തിയ നിമിഷമോർക്കേ കൺകോണിൽ നനവുപടർന്നു .. പ്രഭു .... സൈൻ ചെയ്യൂ ... വക്കിൽ അവന്റെ ചുമലിൽത്തട്ടി തിരക്കുകൂട്ടി ..

അവൻ ഞെട്ടിത്തിരിഞ്ഞുകൊണ്ട് നോട്ടം വിധുവിലെയ്ക്ക് പായിച്ചു ... തന്റെ കൈകളിലേയ്ക്കും പേപ്പറിലേയ്ക്കും ദൃഷ്ടിയൂന്നി നിൽക്കുമ്പോൾ തലകുനിച്ചു നിൽക്കയാണ് ... രാഹുലിന്റെ മാറിൽ ചേർന്നുനിൽക്കുന്ന വിധുവിന്റെ ചിത്രം ഉള്ളിൽ തെളിഞ്ഞപ്പോൾ അതിനൊക്കെ മുന്നില്വവൾ ചെയ്തതൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് തലകുടഞ്ഞവൻ ഒപ്പിട്ടു ... പേപ്പർ അവൾക്കു മുന്നിലേയ്ക്ക് നിരക്കിവെച്ചു ... പേനയ്ക്കായി തിരയുന്ന ആൾക്ക് നേരെ മടികൂടാതെ തന്റെ പേന നീട്ടി ... തന്റെ മുഖത്തേയ്ക്കു നീളുന്ന നോട്ടത്തെ അവഗണിച്ചുകൊണ്ട് പേപ്പറിന് മുകളിലേയ്ക്കു പേന വെച്ചവൻ കുറച്ചുമാറി നിന്നു ... പ്രൊസിജുവെർസ് കംപ്ലീറ്റഡ് ... യു ക്യാൻ ഗോ നൗ ... ഓഫീസറുടെ വാക്കുകളാണ് വിധു സൈൻ ചെയ്തെന്നു ഓർമിപ്പിച്ചത് ... തനിക്ക് മുന്നേ പുറത്തേയ്ക്കു പോകുന്ന അവൾക്കു പുറകെ പ്രഭുവുമിറങ്ങി ... കോടതിവരാന്തയിൽ ഒഴിഞ്ഞ തൂണിൽച്ചാരി നിൽക്കുന്ന വിധുവിനടുത്തെത്തിയപ്പോൾ അറിയാതെ കാലുകൾ നിശ്ചലമായി ... എല്ലാത്തിനും മാപ്പ് .. ഇപ്പോഴും കുറ്റബോധമോ പശ്ചാത്താപമോയില്ല ... കാരണം ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു നിങ്ങളൊക്കെ ... പക്ഷേ ..വഴിതെറ്റിപ്പോയി ... വിശ്വസിച്ചവർ ചതിച്ചു ...

ഞാൻ നിങ്ങളെ ചതിച്ചപോലെ ... എങ്കിലും ഒരുപാട് നന്ദിയുണ്ട് ... അവസാനനിമിഷം വരെയും എന്നേ വിശ്വസിച്ചതിന് .... കൂടെജീവിച്ച ഓരോനിമിഷവും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചതിന് ... അവൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞുനിർത്തി .. ഇങ്ങനെയൊരു സംസാരം ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ പ്രഭുവിനാദ്യം വാക്കുകൾ കിട്ടിയില്ല ... വിശ്വാസം .... എന്ത് വിശ്വാസമാണ് വിധു ... അവൻ പുശ്ചത്തോടെയൊന്നു ചിരിച്ചു ... സ്വന്തം ഭർത്താവിനെ കൂടെനിന്നു ചതിക്കുന്ന ഒരുവളെ ആര് വിശ്വസിക്കാനാണ് ... നീ പറഞ്ഞപോലെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു ഞാൻ ... ആ വീർപ്പുമുട്ടലായിരുന്നുവോ എന്നിൽ നീ കണ്ട പോരായ്മ ..? എന്തിനാടി എന്നേ ചതിച്ചത് ..? ഞാൻ അത്രയ്ക്കും .... ഞാൻ പോരാന്നു തോന്നാൻ ... അവന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല ... ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്നറിഞ്ഞുകൊണ്ടു തന്നെ അവൻ മൗനിയായി ... തനിക്കുമുന്നിൽ പേന നീട്ടിനിൽക്കുന്ന വിധുവിനെ നോക്കാതെ പ്രഭു മുഖം തിരിച്ചു നടന്നകന്നു ... തന്നില്നിന്നും അകന്നുപോകുന്ന പ്രഭുവിനെനോക്കി വിധു നിന്നു ...

വനിതാകോൺസ്റ്റബിൾ അവളെ വിലങ്ങണിയിക്കുമ്പോഴും കണ്ണുകൾ ഡോർ തുറന്നു കാറിലേക്ക് കയറുന്ന അവനിൽത്തന്നെ തറഞ്ഞിരുന്നു ... ഒരിക്കലും ആഗ്രഹിച്ചുകൊണ്ടല്ല പ്രഭുവിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത് .. അതുകൊണ്ടുതന്നെ ഈ വേർപിരിയൽ തരിമ്പും ഉള്ളുലയ്ക്കുന്നില്ല ... റോയിയെപ്പോലെ താൻ കാര്യസാധ്യത്തിനായി വഴങ്ങിക്കൊടുത്ത ചുരുക്കം ചിലരുടെ പട്ടികയിൽ ഒരാളയെ പ്രഭുവിനെയും കണ്ടിരുന്നുള്ളൂ ... എന്നാൽ രാഹുൽ .. അവൻ തനിക്കു പ്രാണനായിരുന്നു ... ചെറിയ ചുറ്റിക്കളികളൊക്കെ അറിയാമായിരുന്നെങ്കിലും തന്നെപ്പോലെ അതെല്ലാം നേരമ്പോക്കായി അവനും അനുവദിച്ചുനല്കിയിരുന്നു .. എന്നാൽ തന്നെയൊന്നാകെ വിലപറഞ്ഞു കച്ചവടം നടത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല ... കഴിഞ്ഞുപോയദിനങ്ങൾ നൽകിയ പാഠങ്ങൾ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു ... രാഹുലിന്റെ ചതിയോടെ തളർന്ന മനസ്സിൽ എല്ലാമിപ്പോൾ പോറൽക്കുടി ഏൽപ്പിക്കുന്നില്ല ... മാനത്തിനുവേണ്ടി യാചിച്ച പല പെൺകുട്ടികളുടെയും ചിത്രങ്ങൾ കണ്മുന്നിൽ തെളിഞ്ഞപ്പോൾ ... സ്വയം അനുഭവിച്ച തീച്ചൂടിൽ ഉരുകി ... വിധു ഓർത്തു .. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പീലിയുടെയും ഭവിയുടെയും വിവാഹം കഴിഞ്ഞിട്ടിപ്പോൾ ഒരു വർഷത്തോടടുക്കുന്നു ... മായയിപ്പോൾ പഴയ ജോലി റിസൈൻ ചെയ്തു പി എസ് സി പഠനത്തിലേയ്ക്ക് തിരിഞ്ഞിരിക്കുവാണ് ... എല്ലാം സുചിത്രയുടെയും ഭവിയുടെയും നിര്ബന്ധമാണ് ... ശ്രീക്കുട്ടിക്ക് നൽകാൻ കഴിയാത്ത സ്നേഹമൊക്കെ രണ്ടാളും മത്സരിച്ചു നൽകുന്നുണ്ട് .. തുടർന്നു പഠിക്കാനാണവർ പറഞ്ഞതെങ്കിലും മായ ഒരു സർക്കാർ ജോലിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ... പീലീയും മായയ്‌ക്കൊപ്പം കൂടി .. ഭവിയ്ക്കു വിനയ് ഓസ്‌ട്രേലിയയ്ക്ക് പോയപ്പോൾ ആ പോസ്റ്റിലേക്ക് പ്രൊമോഷൻ കിട്ടി ... കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളുമായി അവരുടെ പ്രണയം നദിപോലെ ഒഴുകുന്നു .. പ്രഭു തന്റെ സേവനം അര്ഹതയുള്ളവരിലേക്കെത്തിക്കാൻ തന്റെ സ്വപ്നം നേടിയെടുത്തു ... ഇപ്പോൾ മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗം ഹെഡ് ആണ് ... വിധുവിന്റെ കേസ് ഇപ്പോഴും എങ്ങുമെത്താതെ ഓടുന്നു ... റീമാൻഡും കസ്റ്റഡിയുമൊക്കെയായി വലയുന്നു ... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കൽ വീണുകിട്ടുന്ന ഞായറാഴ്ചകൾ സൂചിക്കുട്ടിക്കൊപ്പം ചിലവഴിക്കാൻ എല്ലാപേരും ശ്രമിക്കാറുണ്ട് ... ഉച്ചയായപ്പോഴാണ്‌പ്രഭുവും വീട്ടിലേക്കെത്തിയത് ... ഉണ്ണാനുള്ള സമയമായതു കൊണ്ടുതന്നെ സുചിത്ര അതിനുള്ള വട്ടം കൂട്ടി ... പതിവിലും വിപരീതമായി നിശബ്ദമായ അന്തരീക്ഷം ശ്രദ്ധിച്ച പ്രഭു എല്ലാപേരേയുമൊന്നു നോക്കി .. സുചിക്കുട്ടിയും ഭവിയും പീലിയോട് എന്തൊക്കെയോ കണ്ണുകൊണ്ടു പറയുന്നുണ്ട് .. എന്നാൽ മായയാകട്ടെ ഈ ലോകത്തെ അല്ലാത്തപോലാണ് ഇരുപ്പ് .. പ്ലേറ്റിൽ വിരലിട്ടിളക്കി എന്തോ ഓർത്തിരിക്കയാണ് .. അല്ലാ .. എന്താ അമ്മേ ...ആകെയൊരു മൂകത .. എന്തെങ്കിലും പറയാനുണ്ടോ പീലീ ? പ്രഭു ആകെയൊന്നു നോക്കി തിരക്കി .. അതേട്ടാ ... നെക്സ്റ്റ് വീക്ക്‌ ഞങ്ങടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണ് .. ഭവിയാണ് പറഞ്ഞുതുടങ്ങിയത് ... ആ .. അതെനിക്കും ഓർമയുണ്ട് ... അത് സന്തോഷിക്കാനുള്ള കാര്യമല്ലേ ..? നമുക്കടിച്ചു പൊളിക്കാടാ .. പ്രഭു പുഞ്ചിരിയോടെ പറഞ്ഞു .. അതല്ല മോനെ ... ഇനിയും നിങ്ങളുടെ കാര്യമിങ്ങനെ നീട്ടിക്കൊണ്ടു പോകണോ ? നിങ്ങള്ക്ക് പരസ്പരം ഇഷ്ടമായ സ്ഥിതിയ്ക്ക് അത് ഇനിയും വൈകിക്കണോ ? മരിക്കും മുൻപ് ഇവളെ നിന്റെ കൈയിലേൽപ്പിച്ചാൽ സമാധാനമായേനെ ..

സുചിത്ര അടുത്തിരിയ്ക്കുന്ന മായയെ നോക്കി പറഞ്ഞു .. എന്താമ്മേ ആവശ്യമില്ലാതെയൊക്കെ പറയണേ ... മനസ്സ്‌കൊണ്ടൊരു തയ്യാറെടുപ്പ് ... പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ പഴയതൊന്നും അലട്ടാതിരിയ്ക്കാനുള്ളൊരു പാകപ്പെടുത്തൽ .. അത്രയേ ഉദ്ദേശിച്ചുള്ളൂ ... ഇനീപ്പോ എനിക്ക് എതിർപ്പൊന്നുല്ല .. മായയ്ക്കുംകൂടി സമ്മതമാണെങ്കിൽ അടുത്തുതന്നെ നടത്താം ... പ്രഭു മായയെ ഒന്നുനോക്കി സുചിത്രയോടായി പറഞ്ഞു ... ഒന്നും മിണ്ടാതെ കുനിഞ്ഞിരിക്കുന്ന മായയെക്കാണുമ്പോൾ സുചിത്രയുടെ അമ്മമനം തേങ്ങുന്നുണ്ടായിരുന്നു .... എത്ര സന്തോഷം നടിച്ചാലും ഉള്ളം പൊള്ളുകയാണെന്നു അമ്മമാർക്കല്ലേ മനസ്സിലാകുള്ളൂ ... അതുകൊണ്ട് തന്നെയാണ് ഇപ്പോൾ വിവാഹക്കാര്യം സംസാരിച്ചതും ... ഇരുവരും നന്നായി മനസ്സിലാക്കിയിട്ടുണ്ട് .. പരസ്പരം താങ്ങായും തണലായും ഒരുമിക്കുമ്പോൾ പഴയ കയ്പുനീരൊക്കെ മധുരമായിക്കൊള്ളും ... സുചിത്ര ഓർത്തു .. എന്തായാലും നിങ്ങൾ സംസാരിച്ചൊരു തീരുമാനം പറയ്‌ ... ഒക്കാണേൽ ഇവരുടെ ആനിവേഴ്സറിക്കു ചെറിയൊരു മോതിരം മാറൽ നടത്താം ... സുചിത്ര കൂട്ടിച്ചേർത്തു ... പിന്നേ എന്താ ഇത്ര ആലോചിക്കാൻ രണ്ടാളും മത്സരിച്ചു പ്രണയിക്കാ സുചിക്കുട്ടി ... എന്നിട്ടാ ഈ ഒളിച്ചുകളി ... പീലീ മായയെ നോക്കി കണ്ണുരുട്ടി ...

അതുകേട്ടു മായ വെപ്രാളത്തോടെ പ്രഭുവിനെയൊന്നു പാളി നോക്കി ... ഒരു ചെറു പുഞ്ചിരിയോടെ അവൻ ഇരുകണ്ണുചിമ്മി എഴുന്നേറ്റുപോയി .. മായ കഴിച്ചു വന്നപ്പോഴേക്കും പ്രഭു ഗാർഡനിലേയ്ക്ക് പോയിരുന്നു ... സിമെന്റ് ബെഞ്ചിലിരുന്നു ആരെയോ ഫോൺ വിളിക്കുകയായിരുന്ന അവനെ നോക്കി കുറച്ചുനേരം വാതിൽക്കൽ നിന്നു ... അരികിലെത്തിയപ്പോൾ ബെഞ്ചിലേക്ക് കൈവെച്ചു അടുത്തിരിയ്ക്കാൻ ആംഗ്യം കാട്ടി .. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീടവൾ അവിടേയ്ക്കിരുന്നു .. ഒരുകൈയകലം അപ്പോഴും അവർക്കിടയിലവൾ സൂക്ഷിച്ചു ... അടുത്ത കിളിമരത്തിന്റെ കൊമ്പിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ ഐസ് ക്രീം ടിന്നിൽനിന്നുംവെള്ളം കുടിയ്ക്കുന്ന കാട്ടുതത്തയെനോക്കിയിരുന്നു ... എവിടെയൊക്കെയോ അലഞ്ഞു ദാഹമകറ്റാനായി ഓടിയണഞ്ഞവൾ ... ദാഹമകറ്റി കുറച്ചുനേരം വിശ്രമിച്ചു അടുത്ത ചില്ലതേടി പോകുന്നവർ ... ഒരു ദേശാടനക്കിളിയായെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു ... എന്താടോ ? അതുപോലെ പറന്നുപോകാണോ മനസ്സ് ... ഇനിയും എന്റെ കൂടണയാൻ വയ്യായോ ? അവൻ തമാശയായി ചോദിച്ചു . പിടയുന്ന കണ്ണോടെ അവനെയൊന്നുനോക്കിയവൾ ... അതോ ഇനിയും മറക്കാൻ കഴിയുന്നില്ലേ പഴയതൊന്നും ..?

നോട്ടം മാറ്റാതെതന്നെ പ്രഭു ചോദിച്ചു .. ങ്‌ഹും ... അങ്ങനൊന്നുമില്ല ... മായ മെല്ലെ തലയനക്കി ... ഏട്ടന് കഴിയുമോ എല്ലാം സ്വപ്നമെന്നപോലെ മറക്കാൻ ..? മറുചോദ്യമെയ്തുകൊണ്ടവൾ അവനെ നോക്കി . ചിലതൊക്കെ ഒരിക്കലും നമ്മിലേൽപ്പിച്ച മുറിപ്പാടുണങ്ങില്ല മായാ ... പെട്ടെന്ന് ഉള്ളിൽ പാഞ്ഞ മിന്നല്പിണറോളൊപ്പിച്ചുകൊണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു .. ഇനിയും അതൊക്കെ ഉള്ളിലാഴാൻ അനുവദിക്കാതെ നമുക്കൊരുമിച്ചൂടെ .. ഈ യാത്ര ഒരുമിച്ചാക്കിക്കൂടെ .. ചോദ്യഭാവത്തിൽ തിരക്കി .. മ്മ് .. ഒരുമൂളലിൽ ഉത്തരമൊതുക്കി ഉള്ളിൽ പറയാൻ കഴിയാതെ ഒളിപ്പിച്ച വാക്കുകൾ നോട്ടം കൊണ്ട് കൈമാറി ... മായ .... നമുക്കൊന്ന് നിന്റെ വീട്ടിൽ പോയാലോ ? പ്രഭു തന്റെ കൈകൾക്കരികിലിരിക്കുന്ന അവളുടെ കൈകൾക്കുമേൽ മുറുകെ പിടിച്ചുകൊണ്ടു തിരക്കി ... വിവാഹത്തിന് മുന്നേ അങ്ങനൊരു യാത്ര ഒരുപാട് ആശിച്ചിരുന്നു ... എങ്കിലും ഇനിയും പരാജിതയായി അതിലേറെ അപമാനിതയായി അവിടെനിന്നും മടങ്ങാൻ ശക്തിയില്ലാത്തതുകൊണ്ട് .... തനിച്ചാ മുറ്റത്തു കാലുകുത്താൻ ധൈര്യമില്ലാത്തതുകൊണ്ടു മാറ്റിവെച്ച ആഗ്രഹമാണ് .. ഇപ്പോൾ തന്റെ മനസ്സറിഞ്ഞെന്നോണം പ്രഭു പറഞ്ഞിരിക്കുന്നത് ... മിഴിനീർ കണ്ണിനെ ചതിച്ചുകൊണ്ടുഴുകിയിറങ്ങി .

ഒരിക്കൽ അറിവില്ലായ്മകൊണ്ടും പകവാതയില്ലായ്മകൊണ്ടും നീ ചെയ്ത തെറ്റ് ... അതിനിയും ആവർത്തിക്കാൻ പാടില്ല മോളേ ... എത്ര തള്ളിപ്പറഞ്ഞാലും ഒരുവാക്ക് നമുക്ക് പറയാം ... അനുഗ്രഹിക്കുവാണേൽ ആയിക്കോട്ടെ ... സ്വീകരിക്കുവാണേൽ നിനക്ക് ആശ്വാസമാകുമല്ലോ ? ഭയത്തോടെ ഇരിക്കുന്ന മായയെ പ്രഭു ആശ്വസിപ്പിച്ചു ... പേടിക്കണ്ട ...ഞാനുണ്ടാകും കൂടെ ... നമുക്കൊരുമിച്ചു പോകാടോ .. നാളെത്തന്നെ ... കവിളിലൊന്നുതട്ടി ആശ്വസിപ്പിച്ചുകൊണ്ടവൻ അകത്തേയ്ക്കുപോയി ... പോകണം ... ഏട്ടന്റെ പ്രതികരണം അറിയില്ല ... പക്ഷേ ... അമ്മയും അച്ഛനും പിണക്കമൊക്കെ മാറിയാലോ ? ചിലപ്പോൾ ഒന്നുചെന്നു കാണാത്ത പരിഭവത്തിലാണെങ്കിലോ ? വഴിതെറ്റിയാലും മക്കളെ ഒരുപാട് കാലം മാറ്റിനിർത്താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന മാതാപിതാക്കൾക്കാകില്ലല്ലോ ? അവൾ സ്വയം ആശ്വസിപ്പിച്ചു .. ഒരു വഴികാട്ടിയെപ്പോലെ തന്നെ നേർവഴിയിലേക്ക് നയിക്കാൻ പാകം ചെന്ന പ്രഭുവിനെയോർത്തവൾ സന്തോഷിച്ചു ........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story