♥️ മയിൽ‌പീലി ♥️ ഭാഗം 68

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പോകണം ... ഏട്ടന്റെ പ്രതികരണം അറിയില്ല ... പക്ഷേ ... അമ്മയും അച്ഛനും പിണക്കമൊക്കെ മാറിയാലോ ? ചിലപ്പോൾ ഒന്നുചെന്നു കാണാത്ത പരിഭവത്തിലാണെങ്കിലോ ? വഴിതെറ്റിയാലും മക്കളെ ഒരുപാട് കാലം മാറ്റിനിർത്താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന മാതാപിതാക്കൾക്കാകില്ലല്ലോ ? അവൾ സ്വയം ആശ്വസിപ്പിച്ചു .. ഒരു വഴികാട്ടിയെപ്പോലെ തന്നെ നേർവഴിയിലേക്ക് നയിക്കാൻ പാകം ചെന്ന പ്രഭുവിനെയോർത്തവൾ സന്തോഷിച്ചു .. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അടുത്തദിവസം രാവിലെതന്നെ പ്രഭുവും മായയും പാലക്കാടേക്ക്‌ തിരിച്ചു ... മായയുടെ നാട്ടിലേയ്ക്ക് ... ഇരുവശവും നെല്പാടങ്ങളാൽ തിളങ്ങുന്ന... നഗരത്തിന്റെ തിരക്കുകളിൽനിന്നുമൊഴിഞ്ഞുനിൽക്കുന്ന ഒരുൾനാടൻ ഗ്രാമം ... മായപറയുന്നതിനനുസരിച്ചു പ്രഭുവിന്റെ കാർ നീങ്ങിക്കൊണ്ടിരുന്നു ... പാടങ്ങൾക്കഭിമുഖമായുള്ളൊരു നീണ്ട പടിക്കെട്ടിനുമുന്നിൽ കാർ വന്നുനിന്നു .. മായ പതിയെ പടിക്കെട്ടിലേയ്ക്ക് ദൃഷ്ടി പായിച്ചു ... ഷാളിൽ മുറുകെ തുറുപ്പിടിയ്ക്കുന്ന കൈയ്യുടെ ശക്തി മനസ്സിലെ സംഘര്ഷങ്ങള്ക്കൊപ്പം ഞെരിഞ്ഞമർന്നു ...

അതുമനസ്സിലാക്കിയെന്നോണം പ്രഭു മെല്ലെ ആ കൈകൾക്കുമേൽ കൈചേർത്തു ... തണുത്ത കരസ്പര്ശമേറ്റപ്പോൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടവൾ മുഖമുയർത്തി നോക്കി... വിഷമിക്കേണ്ടടോ ... ഞാനില്ലേ കൂടെ .... ഒന്നുവന്നു കണ്ടുപോകുന്നു .. അത്രേള്ളൂ ... പിന്നെയൊരുകാര്യം.. രാവിലെപെയ്തുതോർന്ന മഴയുടെ ശേഷിപ്പെന്നോണം വെള്ളം നിറഞ്ഞിരിക്കുന്നു .. അതുകാൺകേ മായയ്ക്കുള്ളിൽ മുൻപ് അമ്മ വിളക്ക് ചട്ടി ചെറുതായൊന്നു കറുത്താൽ ഈർഷ്യയോടെ വഴക്ക് പറയാറുള്ളതോർമ്മവന്നു ... മുന്പിലെ വാതിൽ തുറന്നുകിടക്കാണ് ... പക്ഷേ ...പുറത്താരെയും കാണാനില്ല ... ഉള്ളിലേയ്ക്ക് കയറാനും ഒരുമടി .. അവസാനം വന്നപ്പോൾ ഇതുപോലെ ഉള്ളിലേയ്ക്ക് കാലെടുത്തുവച്ചതുമാത്രം ഓർമയുണ്ട് ... ചെവിപൊട്ടുമാറുച്ചത്തിൽ ഏട്ടന്റെ ആക്രോശത്തിൽ വെച്ചകാൽ പിന്നോട്ടെടുത്തു ഭീതിയോടെ തലകുമ്പിട്ടുനിന്നതു ഇപ്പോഴും ഉള്ളിൽ തെളിമയോടെ നിറയുന്നു .. സംശയിച്ചുനിന്നപ്പോഴാണ് സാരിത്തലപ്പുകൊണ്ട് കൈതുടച്ചു പുറത്തേക്കുവരുന്ന അമ്മയെ കണ്ടത് .. മുടിയൊക്കെ നരകേറിത്തുടങ്ങിയിരിക്കുന്നു .

അതൊഴിച്ചാൽ മാറ്റമൊന്നുമില്ല .. സംശയഭാവത്തിൽ പ്രഭുനോക്കിയപ്പോൾ മായ അമ്മയെന്ന് .. ചുണ്ടനക്കി .. ഇറയത്തേയ്ക്കു വെച്ചകാൽ മായയെ കണ്ടതോടെ അവർ ഉള്ളിലേയ്ക്ക് വലിച്ചു .. ഒപ്പം കണ്ണുകൾ പ്രഭുവിലെയ്ക്കും അവൻ മുറുകെപ്പിടിച്ചിരിയ്ക്കുന്ന അവളുടെ കൈകളിലേയ്ക്കും നീണ്ടു ... അവർ മെല്ലെപിന്തിരിഞ്ഞു ഉള്ളിലേയ്ക്ക് പോയി .. വരുമ്പോൾ കൂടെ അച്ഛനും മായയുടെ ഏട്ടനുമുണ്ടായിരുന്നു ... അവളെയൊന്നടിമുടിനോക്കി അച്ഛൻ ഉമ്മറത്തെ കോലായിലേയ്ക്ക് ദൃഷ്ടിയൂന്നി തിരക്കി ... ആരാ ...എന്ത് വേണം ? വഴക്ക് പറയും ...ചിലപ്പോൾ തള്ളിപ്പറഞ്ഞെന്നിരിക്കും ..എന്നാൽ കണ്ടമാത്രയിൽ ഇങ്ങനൊരു പ്രതികരണം അവളൊട്ടും പ്രതീക്ഷിച്ചില്ല ... ആ ഉള്ളൊന്നു പിടഞ്ഞുവോ ... കൈകൾ ഒരാശ്രയത്തിനെന്നോണം അവന്റെ കൈകളിൽ ഒന്നുകൂടി മുറുകി .. കണ്ണുകൾ പെയ്തുതുടങ്ങി ... മറ്റുമുഖങ്ങളിലേയ്ക്കും ദൃഷ്ടിപായിച്ചുകൊണ്ടവൾ വിളിച്ചു ... ആർദ്രമായി ..അതിനേക്കാളേറെ ഇടർച്ചയോടെ .. അച്ഛാ ... ഞാൻ ... എന്നെ ... വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ശബ്ദം തൊണ്ടയിൽ കുടുങ്ങിയപ്പോൾ ആശ്രയത്തിനെന്നോണം പ്രഭുവിനെയൊന്നു നോക്കി ...

തനിക്കിടപെടാൻ സമയമായില്ലെന്ന തോന്നലിലവൻ അവളോട്‌ മുന്നോട്ടു ചെല്ലാൻ ആംഗ്യം കാട്ടി ... അച്ഛനോ ..? ആരുടെയച്ഛൻ ..? അയാൾ വീണ്ടും മുഖത്തേയ്ക്കു നോക്കാതെ എടുത്തടിച്ചു ... തെറ്റുപറ്റിപ്പോയി അച്ഛാ ... നിഷേധിക്കുന്നില്ല ..എന്നാലിത്രയും നാൾ അതിൽ നീറിക്കഴിയുകയായിരുന്നു ... ഇനിയും അച്ഛനെന്നോടു ക്ഷമിച്ചൂടെ ...? അമ്മേ ... അമ്മയ്ക്കും എന്നെയൊന്നു നോക്കാൻ വയ്യേ ...? താഴേയ്ക്ക് നോക്കിനിൽക്കുന്ന അമ്മയെ നോക്കി ചോദിച്ചുകൊണ്ടവൾ അടുത്തേയ്ക്കു ചെല്ലാനാഞ്ഞു ... നിക്കെടി അവിടെ ..? നിന്നോടന്നു പറഞ്ഞതാണ് .. ഇനിയും ബന്ധങ്ങളുടെ പേരുപറഞ്ഞു ഈ പടിചവിട്ടരുതെന്ന് ... ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിത്തിരിയ്ക്കുമ്പോൾ ഈ അച്ഛനെയും അമ്മയെയും ഓർത്തില്ലല്ലോ നീ ..? അന്ന് ഞങ്ങൾക്കുണ്ടായ അപമാനത്തെക്കുറിച്ചു ചിന്തിച്ചോ നീ ..? എന്നിട്ടവൻ കളഞ്ഞേച്ചു പോയപ്പോൾ എന്തുധൈര്യത്തിലാടി ഇങ്ങോട്ട് ഒരുളുപ്പുമില്ലാതെ വലിഞ്ഞുകേറി വന്നത് ..? മായയുടെ ഏട്ടൻ മനു അവളെ പിന്നോട്ട് തള്ളിക്കൊണ്ട് പറഞ്ഞു .. വീഴാനായി പുറകിലേക്കാഞ്ഞ അവളെ പ്രഭു പിടിച്ചുനിർത്തി ... ഇടർച്ച ശരീരത്തിലേയ്ക്കും വ്യാപിച്ചപ്പോൾ പ്രഭുവിനെതാങ്ങി പിടിച്ചുനിന്നു .. ഏയ് ..നിങ്ങളെന്താ ഈ കാണിക്കുന്നത് ..?

ഇത് നിങ്ങളുടെ സ്വന്തം കൂടപ്പിറപ്പല്ലേ ..? ചേർത്തുനിർത്തേണ്ടെന് പകരം ആട്ടിയിറക്കുവാണോ ചെയ്യേണ്ടത് ..? ഒന്നുമില്ലെങ്കിലും ഒരു പെണ്കുട്ടിയല്ലേ ? പ്രഭു ഉള്ളിലെ ദേഷ്യമടക്കി മനുവിനോടായി ചോദിച്ചു ... അതൊക്കെ തിരക്കാൻ നീയാരാടാ ..? ഓഹ് ...മറ്റവൻ കളഞ്ഞിട്ടു പോയപ്പോൾ കൂടെ കൂടിയതാവുമല്ലേ ..? എന്തിനാടി ആളുകളെക്കൊണ്ട് പറയിക്കാൻ ഇവനേം കെട്ടിയെടുത്തോണ്ടു ഇങ്ങോട്ട് വന്നത് ..? ഒരു കൂടപ്പിറപ്പ് ... ഇങ്ങനെ ചീത്തപ്പേരുണ്ടാക്കുന്നതിലും നല്ലത് പോയി ചത്തൂടെടി ...? അവൻ ആക്രോശിച്ചു ... അപമാനംകൊണ്ടു മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ... തന്നെക്കൊണ്ട് പ്രഭുവിനുകൂടിയുണ്ടാകാൻ പോകുന്ന നാണക്കേടോർത്തവൾ തേങ്ങി ... എങ്കിലും ഇതുവരെ കേട്ടുനിന്നപോലെ വീണ്ടും നിൽക്കാൻ തോന്നിയില്ല .. എന്നാലവൾ എന്തെങ്കിലും പ്രതികരിക്കുംമുന്നേ പ്രഭു പറഞ്ഞു തുടങ്ങി ... മതിയ്ക്കെടോ തന്റെ ഷോ ... ശരിയാ .അവൾക്കൊരു തെറ്റുപറ്റിപ്പോയി.. പ്രായത്തിന്റെ പക്വതകുറവുകൊണ്ടും അറിവില്ലായ്മകൊണ്ടും ഒരു തെറ്റായ ബന്ധത്തിൽച്ചെന്നു ചാടി .. അത് പരാജയപെട്ടു ...

അന്ന് ഇവളെചേർത്തുപിടിക്കാൻ നിങ്ങളുണ്ടായെങ്കിൽ ഒരുപക്ഷേ ഇവളുടെ വയറ്റിൽ കുരുത്തൊരു കുഞ്ഞു ജീവനെങ്കിലും വാടത്തിരുന്നേനെ .. എല്ലാം നഷ്ടപ്പെട്ടു തെറ്റേറ്റുപറഞ്ഞു നിങ്ങളുടെ കാൽക്കെഴിൽ വീണതല്ലേ ... അപ്പോഴും നിങ്ങൾ ആട്ടിയിറക്കി ... അന്ന് ഈ ജീവിതം അവസാനിപ്പിച്ചെങ്കിൽ അവിടെത്തീർന്നേനെയല്ലേ ..? എന്നാൽ അവളതു ചെയ്തില്ല ... ഒറ്റയ്ക്ക് പൊരുതി ..നാളിതുവരെ ആരെയും ബുദ്ധിമുട്ടിച്ചില്ല ... എന്നിട്ടും അഭിമാനം പണയം വെച്ചിട്ടില്ല ... ഇവളുടെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ നീപറഞ്ഞ പോലെ ചത്തേനെ ... അതുമല്ലെങ്കിൽ ഒറ്റപെടുമ്പോൾ വേറെയേതെങ്കിലും തെറ്റായവഴിലായിപ്പോയേനെ ... എന്നാൽ അതൊന്നുമില്ലാതെ പിടിച്ചുനിന്നു .. ഇപ്പോൾ ഈ വന്നിരിക്കുന്നത് ആട്ടിയിറക്കിയ കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും വെറുക്കാൻ കഴിയാത്തതുകൊണ്ടാണ് ... ആ സ്നേഹം ആഗ്രഹിച്ചാണ് ... ഇവളെയും കൂട്ടിവന്ന നിമിഷതെഞാൻ പഴിക്കുന്നു .. അവൻ ഒന്നു നിർത്തി പറഞ്ഞു .. ഓഹ് ... അച്ഛനെയും അമ്മയെയും കാണാൻ ഓടി വന്നതാണോ ..?

അതോ നീയും മടുത്തപ്പോൾ ഇനിയിവിടെ കളയാമെന്നു കരുതിയോ ..? അതോ ഇവളെ മുൻനിർത്തി ഇവിടെയെന്തെലും അവകാശം സ്ഥാപിയ്ക്കാനോ ..? മനു വിടാൻ ഭാവമില്ലാതെ തിരക്കി .. ഏട്ടന്റെ വാക്കുകൾക്ക് മൗനസമ്മതമെന്നോണം നിൽക്കുന്ന അച്ഛനെയും അമ്മയെയും കാൺകെ മായയുടെ ഉള്ളം വിറകൊണ്ടു ... ഇത്രയുമായിട്ടും ഒരു തരിമ്പുപോലും സ്നേഹം ഇവർക്കൊന്നും തോന്നുന്നില്ലായെന്നു കാൺകെ ആ ഹൃദയം വിങ്ങി .. മതി ഏട്ടാ ... പറഞ്ഞല്ലോ തെറ്റുപറ്റിപ്പോയി ... അതുകൊണ്ടാണ് നിങ്ങൾ ആട്ടിപ്പായിച്ചപ്പോൾ മിണ്ടാതെ ഇറങ്ങിപ്പോയത് ... ഇപ്പോൾ വന്നതും ഒന്നും പ്രതീക്ഷിച്ചല്ല ... ഒരുതരിമ്പുപോലും സ്നേഹം തോന്നാത്ത നിങ്ങടേതണലിൽ എങ്ങനെ കഴിയാനാണ് ... അതിനേക്കാളും എന്താഗ്രഹിക്കാനാണ് ..? പിന്നെ ഏട്ടൻ പേടിക്കേണ്ട .. ഇപ്പോൾ കൈയിലിരിക്കുന്ന ഒന്നിനും അവകാശം പറഞ്ഞുകൊണ്ട് ഈ പെങ്ങൾ വരില്ല .... അങ്ങനെ വരാനാണെൽ ഇതിനുമുൻപും ആകാമായിരുന്നു ... പിന്നേ ഞാനൊന്നു മനസ്സുവെച്ചാൽ എനിക്കർഹതപ്പെട്ടതു നേടാൻ അറിയും ചെയ്യാം .. പക്ഷേ ...അതൊന്നും ഞാൻ ചെയ്യില്ല ...

കാരണം ഇതുവരെ നിങ്ങളിൽനിന്നൊക്കെ സ്നേഹത്തോടെയൊരു നോട്ടം .. വാക്ക് അതിൽക്കുറഞ്ഞൊന്നും ആഗ്രഹിച്ചിട്ടുമില്ല ... പോകാൻ തന്നെയാണ് വന്നതും ... അവൾ ഇടർച്ചയോടെ എന്നാലതിലേറെ ആത്മവിശ്വാസത്തോടെ മനുവിന്റെ മുഖത്തുനോക്കി പറഞ്ഞു .. മനുവിനെയൊന്നുനോക്കി അവനെ മറികടന്നു പ്രഭു മായയെയും കൊണ്ട് ഉമ്മറത്ത് നിൽക്കുന്ന അവളുടെ അച്ഛനുമമ്മയ്ക്കും അടുത്തേയ്ക്കു നടന്നു ... മായയുടെ കൈ തന്റെ നെഞ്ചോടു ചേർത്തു അവരോടായി പറഞ്ഞു ... ദാ ...ഇവളെ ഞാനെന്റെ ജീവിതത്തിലേയ്ക്ക് കൂട്ടാൻ പോകുവാ ... ഒരിക്കൽ ഇവൾചെയ്ത തെറ്റിന്റെ പേരിൽ ഇപ്പോഴും ഉരുകുന്നുണ്ട് .. അതുകൊണ്ട് കൂടെക്കൂട്ടുമ്പോൾ നിങ്ങളുടെ അനുഗ്രഹം വേണമെന്ന് തോന്നി ... അറിയുമ്പോൾ നിങ്ങൾ സന്തോഷിക്കുമെന്നു കരുതി . മകളെയോർത്തുള്ള ദുഃഖം മാറുമെന്നും ചേർത്തുപിടിക്കുമെന്നും പ്രതീക്ഷിച്ചു ... എന്നാലിപ്പോൾ മനസ്സിലായി ഈ ഹൃദയത്തിലെവിടെയും ഇവൾക്ക് സ്ഥാനമില്ലെന്ന് ... എങ്കിലും പറയാ ... ഇനിയിവൾ തനിച്ചല്ല ...

എന്റെ അവസാനശ്വാസം വരേയ്ക്കും ഈ നെഞ്ചിൽ ചേർത്തുപിടിക്കും ... ഇനിയും ആരുടേയും ഭിക്ഷയ്ക്കായി ഇങ്ങോട്ടയക്കില്ല ... അത്രയും പറഞ്ഞുകൊണ്ട് അവൻ ഒരു കാർഡെടുത്തു അച്ഛനുനേരെ നീട്ടി .. വാങ്ങില്ലയെന്നറിഞ്ഞുകൊണ്ടുതന്നെ അത് അടുത്തിരുന്ന ടീപ്പോയിൽ വെച്ചു .. ഇതെന്റെ വിസിറ്റിംഗ് കാർഡ് ആണ് .. ദേ .. ഇവനെ സൂക്ഷിച്ചോ .. സ്വന്തം കൂടപ്പിറപ്പിന്റെ നിഷ്കരുണം തള്ളിപറഞ്ഞില്ലേ .. ആ ഉള്ളിൽ അത്രയ്ക്കും മനുഷ്യത്തമൊന്നും കാണില്ല .. മനസിൽ കുറിച്ചിട്ടോ നാളെയൊരിക്കൽ നിങ്ങളും ഇവന് ബാധ്യതയാകും .. അന്ന് മകളെയോർക്കുവാണേൽ വരാം .. പറഞ്ഞുനിർത്തി മായയോട് പോരാനായി മിഴികാട്ടി ... അമ്മേ .. ഞാനും ഈ വയറ്റിൽതന്നല്ലേ കിടന്നത് .. ഞാനും നിങ്ങടെ മകളല്ലേ അച്ഛാ ... ഉത്തരത്തിനു കാക്കാതെ അവൾ പിന്തിരിഞ്ഞുനടന്നു ... പിൻവിളി ഉണ്ടാകില്ലെന്നുത്തമ ബോധ്യത്തോടെ .. തങ്ങൾക്കു നേരെ ഈർഷ്യയോടെ നോക്കിനിൽക്കുന്ന മനുവിനടുത്തെത്തിയപ്പോൾ തിരിഞ്ഞുനിന്നവനോടായി പറഞ്ഞു .. അതിലെന്റെ ഫോൺ നമ്പറുണ്ട് ... സൗകര്യം പോലെ വിളിച്ചാല്മതി ...

ഈ കാണുന്ന സ്വത്തിൽ ഒന്നിലും അവകാശം പറഞ്ഞുകൊണ്ട് മായ വരില്ല ... അതൊക്കെ നിയമപരമായി തന്നെ അവൾ എഴുതിത്തരും ... ഞാൻ പറഞ്ഞില്ലേ എന്റെ അവസാനശ്വാസംവരെ ഇവളെ ഞാൻ ചേർത്തുപിടിയ്ക്കും .. ഇനി ഞാൻ ചത്താലും പെരുവഴിയാകില്ല .. കാരണം ഡോക്ടർ പ്രഭു പ്രഭാകറിന്റെ ഭാര്യക്ക് സുഖമായിക്കഴിയാനുള്ളത് എന്റെ കൈയിലുണ്ട് .. അപ്പോൾ എല്ലാം പെട്ടെന്ന് വേണം .. പുച്ഛത്തോടെ പറഞ്ഞുനിർത്തി അവൻ മായയെ ചേർത്തുപിടിച്ചാ പടികളിറങ്ങി ... പ്രഭുവിന്റെ വാക്കുകൾ ഉള്ളിൽതീർത്ത അവിശ്വസനീയതയിൽ മനു ഉടനെത്തന്നെ അവൻ വെച്ചിട്ടുപോയ വിസിറ്റിംഗ് കാർഡെടുത്തു നോക്കി .. ഡോക്ടർ പ്രഭു പ്രഭാകർ സീനിയർ ഓർത്തോസർജൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം .. തന്റെ പുറകിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും ഒന്നുനോക്കിയവൻ അകത്തേയ്ക്കു നടന്നു ... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അവിടുന്ന് തിരിയ്ക്കുമ്പോൾ മായയുടെ ഉള്ളം ഒരിക്കൽ ഉള്ളിലുറപ്പിച്ച തിരിച്ചറിവുകൾ ഒന്നുകൂടി ഊട്ടിയുറപ്പിയ്ക്കുകയായിരുന്നു .. കുറച്ചുമാറിയൊരു ഒഴിഞ്ഞകോണിൽ കാറൊതുക്കിയവൻ സീറ്റിൽ കണ്ണുകളടച്ചിരിയ്ക്കുന്ന മായയെ നോക്കി .. പാവം ... ചേർത്തുപിടിക്കേണ്ടവർ ആട്ടിയിറക്കിയപ്പോൾ തകർന്നുപോയിട്ടുണ്ടാകും ... ഇനിയുള്ളകാലം താൻ നഷ്ടപ്പെട്ട സന്തോഷങ്ങൾ ഒന്നൊന്നായി തിരിച്ചുനൽകുമെന്നവൻ ഉള്ളിലുറപ്പിച്ചു .. ആ മനം നീറുന്നതു തന്റെ മനസ്സിലും നോവായി പടരുന്നതറിഞ്ഞവൻ മെല്ലെ ചുമലിൽ തട്ടി വിളിച്ചു .. മായാ ... എടോ ... തന്നെ അലിവോടെ അതിലേറെ ആധിയോടെ നോക്കുന്ന പ്രഭുവിനെക്കന്കേ ദുഃഖമെല്ലാം മനസിന്റെ കോണിൽ മെല്ലെയൊളിപ്പിച്ചു .. തന്നെ വെറുക്കുന്നവരെക്കുറിച്ചോർത്തു ഇനിയും കണ്ണീർവാർത്തിട്ടെന്തിനാണ് .. ജീവനെപ്പോലെ ചേർത്തുപിടിയ്ക്കുന്നവരെ ഇനിയും കാണാതെ പോകരുത് .. അവൾ ചെറു പുഞ്ചിരിയോടെ പ്രഭുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു .. നെറുകയിൽ ചുണ്ടമർത്തി തന്റെ പ്രാണനെയവൻ ചേർത്തുപിടിച്ചു .. വിട്ടേക്കേടോ .. വീണ്ടും തെറ്റുകൾ ആവർത്തിച്ചെന്നു തോന്നാതിരിക്കാൻ നമ്മളൊന്ന് പോയി .. അത്രേള്ളൂ .. ഇനിയതോർക്കണ്ട .. നിനക്ക് ഞാനുണ്ട് ... എന്നും ... ഈ നെഞ്ചിടിക്കുവോളം ...

അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ മായ വലംകൈയാൽ ആ ചുണ്ടുകൾ പൊതിഞ്ഞു ... വേണ്ടായെന്നു തലയനക്കി.. ഇനിയും ഒറ്റയ്ക്കാകാൻ വയ്യ ... ഇനിയുള്ള കാലം ... എന്റെ അവസാനശ്വാസം വരേയ്ക്കും ഈ നെഞ്ചിടിപ്പാക്കണമെനിയ്യ്ക് ... ഇങ്ങനൊന്നും പറയല്ലേ ഏട്ടാ .... മ്മ് ..ഇല്ല ...പക്ഷേ ഇനിയൊന്നുമോർത്തു ഈ കണ്ണുകൾ നിറയരുത് ... ഇല്ല ... ഇപ്പോൾ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി .. നമ്മൾ ചിലരെയൊക്കെ ജീവിതത്തിൽ മെയിൻ ക്യാരക്ടർസ് ആയി കരുതും .... അവരെചുറ്റി നമ്മുടെ ലോകം കറങ്ങും ... നമ്മുടെ ഇമോഷൻസ് ...ജീവിതം എല്ലാം .. അവരുടെ ഇമോഷൻസിനൊത്തു മാറ്റും .. എന്നാൽ അവരുടെ ജീവിതത്തിൽ നമുക്ക് മെയിൻ ക്യാരക്ടർ പോയിട്ട് ഒരു സപ്പോർട്ടിങ് റോൾ പോലുമില്ലെന്ന് മനസ്സിലാക്കുമ്പോൾ ഉള്ള് തുളയ്ക്കുന്ന ആ നീറ്റലുണ്ടല്ലോ അതിങ്ങനെ മാറാതെ നെഞ്ചിൽ കിടക്കും .. അതുപോലൊരു നീറ്റൽ എന്റെയുള്ളിലും ഉണ്ടായിരുന്നു .. എന്നാലിപ്പോൾ അതൊക്കെ മാറി .. നമ്മളെ മനസ്സിലാക്കുന്നവർക്കുവേണ്ടിയല്ലേ നമ്മൾ ജീവിക്കേണ്ടത് ... മായയുടെ വാക്കുകൾ പ്രഭുവിന്റെയുള്ളിലും ഒരു കുളിർകാറ്റായലയടിച്ചു ... അതിന്റെ പ്രതിഭലനമെന്നോണം അവന്റെ ചുണ്ടുകളും മന്ത്രിച്ചു .. അതേ ... നമുക്കുവേണ്ടി .......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story