മഴ മേഘം: ഭാഗം 13

mazha megam

രചന: മുല്ല

മിത്രയുടെ വീടിന്റെ മുറ്റത്തേക്ക് ചെന്നു കേറുമ്പോൾ ധ്രുവിന്റെ നെഞ്ച് വല്ലാതെ മിടിയ്ക്കുന്നുണ്ടായിരുന്നു..... അവളെ നേരിട്ട് കാണേണ്ടി വരുന്ന നിമിഷം...... കണ്ടാൽ പിന്നെ ഉപേക്ഷിച്ചു പോകാൻ തോന്നുമോ തനിക്ക്..... അവളെ പിന്നെയും വേദനിപ്പിക്കേണ്ടി വരില്ലേ.....ഇനിയും താൻ പോകുന്നത് കാണുമ്പോൾ നെഞ്ച് പൊള്ളിപിടഞ്ഞു കരയില്ലേ അവൾ..... തനിക്ക് സഹിക്കാനാകുമോ ആ കരച്ചിൽ.... പക്ഷെ അവളെ കാണാതിരിയ്ക്കാൻ വയ്യ.... ഇനിയും കാണാതിരുന്നാൽ തകർന്നു പോകും താൻ..... അത്‌ കഴിഞ്ഞിട്ടുള്ളതൊന്നും ഇപ്പൊ ചിന്തിക്കേണ്ട..... വരുന്നത് പോലെ വരട്ടെ....... ബെൽ അടിച്ചു കാത്തു നിന്നതും ഡോർ തുറന്നത് വല്യമ്മായി ആയിരുന്നു...... അവനൊന്നു ചിരിച്ചതും അവർ സൂക്ഷിച്ചു നോക്കി അവനെ..... പിന്നെ ആളെ മനസ്സിലായത് പോലെ ഒന്നും മിണ്ടാതെ മുഖം കേറ്റി പിടിച്ചു കൊണ്ട് അകത്തേക്ക് പോയി...... അവരുടെ ആ പ്രവർത്തിയിൽ വല്ലായ്മ തോന്നിയിരുന്നു അവന്.... ആരും അകത്തേക്ക് കയറാൻ പറഞ്ഞില്ല.....അവിടെ തന്നെ നിന്നു അവൻ......

കുറച്ചു കഴിഞ്ഞു പിറകിൽ ഒരു അനക്കം കേട്ട് നോക്കുമ്പോൾ മുത്തശ്ശിയാണ്...... അന്ന് കണ്ടതിലും ക്ഷീണിച്ചിരുന്നു അവർ..... മുഖമെല്ലാം വിഷാദം നിറഞ്ഞു നിൽക്കുന്നു..... അവനെ കണ്ടതും അവരുടെ ചുണ്ടിൽ വരണ്ട ഒരു ചിരി വിരിഞ്ഞു.... ""മുത്തശ്ശീ.... ഞാൻ..... എന്നെ മനസ്സിലായില്ലേ......"" ചെറുപുഞ്ചിരിയോടെ അവൻ ചോദിക്കേ അവരൊന്ന് പുഞ്ചിരിച്ചു.... ""അങ്ങനെ മറക്കാൻ പറ്റുമോ മോനെ.. എന്റെ മിത്രകുട്ടീടെ ധ്രുവിനെ......"" കണ്ണ് നിറച്ചു അവർ പറയെ അവന്റെ കണ്ണുകളും നിറഞ്ഞു... ""മിത്രയുടെ ധ്രുവ്......"" അവൻ ഉരുവിട്ടു...... ഒപ്പം അവൻ മനസ്സിൽ പറഞ്ഞു .... അതേ ധ്രുവ് മിത്രയുടേതാണ്...... എന്നും.....അല്ലാതെ ഒരാൾക്കും ഈ മനസ്സിൽ സ്ഥാനമില്ല......... ""വാ.... മോനെ..... അകത്തോട്ടിരിക്കാം.......മോൻ വന്നിട്ട് കുറച്ചു നേരമായില്ലേ..... ഇവിടെ ആരും മോനോട് ഇരിക്കാൻ പറഞ്ഞില്ലല്ലേ...... അവൾ അങ്ങനാ.... ആർക്കും പിടിക്കാത്ത ഒരു ടൈപ്...... വീട്ടിൽ വരുന്നോരോട് എങ്ങനെ പെരുമാറണം ന്ന് അറിയില്ല.... അല്ല വീട്ടിലുള്ളോരോട് മര്യാദക്ക് പെരുമാറാൻ അറിയില്ല അവൾക്ക്......

."" മുത്തശ്ശി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു..... അത്‌ നേരത്തെ തനിക്ക് മുന്നിൽ വാതിൽ തുറന്ന സ്ത്രീയെ പറ്റി ആണ് എന്നവന് മനസ്സിലായി.........അത്‌ മിത്രയുടെ വല്യച്ഛന്റെ ഭാര്യയാണ് എന്നും..... അകത്തേക്ക് കേറവേ അവന്റെ കണ്ണുകൾ തിരഞ്ഞത് മിത്രയേ ആയിരുന്നു....... ""ഇരിക്ക് മോനെ......"" മുത്തശ്ശി പറയെ സെറ്റിയിലേക്ക് ഇരുന്നു കൊണ്ട് അവൻ വീണ്ടും കണ്ണുകൾ കൊണ്ട് തിരയാൻ തുടങ്ങി..... ""മോന്റെ കല്യാണം......."" വിഷമത്തോടെ ചോദിച്ചു മുത്തശ്ശി...... ""നാളെയാണ്......."" അത്‌ പറയുമ്പോൾ ധ്രുവിന്റെ തല താഴ്ന്നിരുന്നു..... "'കഴിഞ്ഞില്ലായിരുന്നോ അപ്പൊ....."" ""ഇല്ല..... അവരുടെ വീട്ടിൽ ഒരു മരണം നടന്നു.... അതാ നീട്ടിയത്....."" ഹ്മ്മ്....... ഒരു നെടുവീർപ്പിട്ടു അവർ.... ""മുത്തശ്ശീ..... മിത്ര..... എനിക്ക്‌... എനിക്കവളെ ഒന്ന് കാണണം....."" മടിയോടെ അവൻ പറയെ അവരുടെ കണ്ണ് നിറഞ്ഞു..... "'അവൾ.... അവളിവിടെ ഇല്ല മോനെ.....പോയി......"" ""പോയോ....എങ്ങോട്ട്....."" അവന്റെ ശബ്ദത്തിൽ വേവലാതി നിറഞ്ഞിരുന്നു..... "" അമേരിക്കേലാ......""

അവരെ അമ്പരന്ന് നോക്കി അവൻ..... ""രണ്ടാഴ്ച കഴിഞ്ഞു പോയിട്ട്.....അവര് വന്നിരുന്നു.... രമേശനും മനീഷയും..... മോന്റെ കാര്യം അറിഞ്ഞു..... അതിന് എന്റെ കുട്ടിയെ കുറെ തല്ലി അവര്.....എന്റെ മോൾടെ കരച്ചില് കണ്ട് സഹിക്കാൻ പറ്റണിണ്ടായില്ല..... എനിക്ക്‌ എന്തേലും ചെയ്യാനോ പറയാനോ പറ്റുവോ......."" ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... മിത്ര ഒരുപാട് അനുഭവിക്കേണ്ടി വന്നിരിക്കുന്നു.. താൻ കാരണം...... ഒപ്പം അവന്റെ മനസ്സിൽ അവളെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഖവും....... ""തീരെ ഇഷ്ടല്ലാണ്ടാ എന്റെ കുട്ടി പോയത്.... ഇവിടന്ന് പിടിച്ചു വലിച്ചു കൊണ്ടോയതാ അവര്..... പറിച്ചെടുത്തു കൊണ്ടോകും പോലെ.....എന്റെ മോള് ജീവൻ പോകും പോലെ പറഞ്ഞിട്ടും കരഞ്ഞിട്ടും അവര് കേട്ടില്ല.... ഇപ്പൊ എന്റെ മോളെ അവിടത്തെ ഏതോ കാശുകാരന്റെ മോന് വിൽക്കാൻ പോകാ അവര്......അവൾക്ക് ഇഷ്ടമില്ലാതെ കല്യാണം കഴിപ്പിക്കാൻ നടക്കുകയാ അവർ...സ്വന്തം മോളെ വെച്ച് കാശുണ്ടാക്കാൻ നടക്കുന്ന ദ്രോഹികൾ.....ഇങ്ങനെ ഒരുത്തൻ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ ഭഗവാനെ......""

അവർ പതം പറഞ്ഞു കരയേ ഒരക്ഷരം പോലും ഉരിയാടാൻ കഴിയാതെ ഇരുന്നു പോയി അവൻ...... കുറച്ചു നേരം അവർക്കടുത്ത് നിശബ്ദനായി ഇരുന്നു ധ്രുവ് .... പിന്നെ പോകാൻ എഴുന്നേറ്റു അവൻ...... ""മോൻ പോകാണോ.... ഞാൻ ചായ എടുക്കാം.... ഇരിക്ക്....ദൂരത്തുന്നു വന്നതല്ലേ....."" മുത്തശ്ശി പറഞ്ഞു കൊണ്ട് എഴുന്നേറ്റു..... ""വേണ്ട... മുത്തശ്ശി.... ഞാൻ.. പോട്ടെ.... മിത്രയേ ഒന്ന് കാണണം ന്ന് കരുതി വന്നതാ...... മനസ്സിന് ഒരു സമാധാനമില്ല..... അ... അതാ.... ഞാൻ... ഞാൻ പോട്ടെ....."" വിക്കി വിക്കി പറയെ അവന്റെ കണ്ണുകൾ നിറഞ്ഞു..... ""ന്റെ മോൻ വിഷമിക്കരുത്..... ദൈവത്തിന്റെ വിധി ഇങ്ങനെയാകും....... രണ്ടാളും ഒന്നിക്കണ്ടാ ന്ന്...... നാളെ മോന്റെ കല്യാണല്ലേ..... സന്തോഷായിട്ട് ഇരിക്ക്.....അവളെയോർത്തു കരഞ്ഞു ജീവിതം ഇല്ലാണ്ടാക്കരുത്.... ആ കുട്ടീടെ ഒപ്പം സന്തോഷായിട്ട് കഴിയണം.... ഒക്കെ മറക്കണം..... ഇല്ലെങ്കില് ആ കുട്ടിയും കണ്ണീര് കുടിക്കേണ്ടി വരും.... അതിന്റെ ശാപോം കൂടി എന്റെ മോൾടെ തലേല് വീഴ്ത്തരുത് മോനെ......"" അവർ പറയെ തല താഴ്ത്തി നിന്നു അവൻ.....

""മോൻ അന്വേഷിച്ചു വന്നിരുന്നുന്നു അറിഞ്ഞാല് അവൾക്ക് സന്തോഷാവും.....ഞാൻ പറയാം.... വിളിക്കുമ്പോ....."" ""വേണ്ട....മിത്ര അറിയണ്ട മുത്തശ്ശീ ഞാൻ വന്നത്..... ഞാൻ മറന്നു ന്ന് കരുതിക്കോട്ടെ അവള്......പറയണ്ട ഞാൻ വന്ന കാര്യം....."" ""മ്..... അത്‌ ശെരിയാ......ഞാൻ പറയണില്ല...... മോൻ വിഷമിക്കണ്ട...... "" ""മ്.....ശെരി....ഞാനിറങ്ങട്ടെ മുത്തശ്ശി......"" തെളിച്ചമില്ലാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ അവിടന്ന് ഇറങ്ങി..... അന്നേരം ആ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..... ബൈക്ക് ഓടിക്കുമ്പോഴും ധ്രുവിന്റെ മനസ്സിൽ അവൾ ആയിരുന്നു..... മിത്ര..... അവൻ തിരിച്ചറിയുകയായിരുന്നു തന്റെ പ്രണയം അവളാണെന്ന്.... ആരൊക്കെ എന്തൊക്കോ പറഞ്ഞാലും അവൾ മാത്രമേ അവസാന ശ്വാസം വരെയും തന്റെ ഉള്ളിൽ നില നിൽക്കൂ എന്ന്..... സ്വന്തം മോളെ സ്നേഹിക്കാത്ത ഒരു അച്ഛനും അമ്മയും ആണ് അവളെ കൊണ്ട് പോയിരിക്കുന്നത്..... അവൾ പറഞ്ഞത് അവൻ ഓർത്തു...... അവരെ പേടിയാണെന്ന്... അവർ ഉപദ്രവിക്കും എന്ന്...... അങ്ങനെ ഉള്ള അവർ അവളെ കൊണ്ട് പോയിട്ട് ഉപദ്രവിക്കുന്നുണ്ടാകുമോ......മിത്ര അവൾ എത്ര വേദനിക്കുന്നുണ്ടാകും.... തനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ അവളെ.........

തന്റെ ജീവിതവും.... എന്തൊക്കെയോ ചിന്തയിൽ വണ്ടി ഓടിച്ചു ധ്രുവ് .....എതിരെ വരുന്ന വണ്ടികളൊന്നും കണ്ടില്ല അവൻ....അവന് മുന്നിൽ മിത്ര മാത്രമായിരുന്നു..... അവളുടെ വേദന നിറഞ്ഞ പുഞ്ചിരി.... നിഷ്കളങ്കമായ കണ്ണുകൾ..... ആ മുഖം..... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..... മുന്നിലെ കാഴ്ചകൾ മങ്ങുന്നു..... എതിരെ ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും അവൻ ഉണർന്നത്....... അപ്പോഴേക്കും അവൻ വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു...... കാതടപ്പിക്കുന്ന വലിയൊരു ശബ്ദം അവിടെ മുഴങ്ങി....... റോഡരികിൽ നിന്നിരുന്ന ആളുകളുടെയെല്ലാം കണ്ണുകൾ മിഴിഞ്ഞു.... ചിലർ തലയിൽ കൈ വെച്ചു...... കുറച്ചു നിമിഷങ്ങൾക്കകം അവിടം ജനസമുദ്രമായി......... ആംബുലൻസിന്റെ ശബ്ദം മുഴങ്ങി കേട്ടു ..... ആരൊക്കെയോ ചേർന്ന് അവനെ ആംബുലൻസിലേക്ക് കയറ്റി........അവനെയും കൊണ്ട് ചീറിപ്പാഞ്ഞു കൊണ്ട് ആംബുലൻസ് പോയി..... മുറുമുറുത്തു കൊണ്ട് ജനക്കൂട്ടം പിരിഞ്ഞു........ ""ചെക്കൻ തീരുമെന്നാ തോന്നുന്നത്......""

""അതേ...... ഇവനൊക്കെ എവിടെ നോക്കിയാണാവോ വണ്ടി ഓടിക്കുന്നെ..... നല്ല സ്പീഡിൽ ആയിരുന്നു ആ ചെക്കൻ ബൈക്ക് ഓടിച്ചിരുന്നേ......"" ""ആ... ഞാനും കണ്ടു...... ആ കാറിന്റെ നേരെ കൊണ്ട് കേറ്റിയതാന്നെ........അയാൾ ബ്രേക്ക്‌ പിടിച്ചതാ....."" ""വെള്ളമടിച്ചിട്ടെങ്ങാനും ഉണ്ടാകും....ബോധം ഉണ്ടെങ്കിലല്ലേ നേരെ വരുന്ന വണ്ടി കാണൂ...."" ""ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ഒരു കാര്യമേ....."" ""ഇവനൊക്കെ എന്തിന്റെ കേടാ..... വീട്ടിലിരിക്കുന്ന തന്തേനേം തള്ളേനേം കരയിപ്പിക്കാനായിട്ട്..... രക്ഷപ്പെടുന്ന കാര്യം സംശയമാ......"" ഓരോരുത്തരുടെ അഭിപ്രായം നീണ്ടു നീണ്ടു പോയി..... ============= U S ലെ രമേശന്റെ വീട്ടിലെ മുറിയിൽ ധ്രുവിന്റെ ഓർമകളിൽ ഇരുന്നിരുന്ന മിത്രയുടെ ഹൃദയം അസാധാരണമായി മിടിയ്ക്കാൻ തുടങ്ങി.......... അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story