മഴ മേഘം: ഭാഗം 14

mazha megam

രചന: മുല്ല

3 വർഷങ്ങൾക്ക് ശേഷം........ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നു മിത്ര....... മൂന്ന് വർഷങ്ങളുടെ മാറ്റം അവളിൽ കാണാം....... കുറച്ചു കൂടെ വണ്ണം വെച്ചിട്ടുണ്ട്....നിറവും വെച്ചിരിക്കുന്നു..... ഒരു ലോങ്ങ്‌ കുർത്തിയും ജീൻസും ആണ് വേഷം.........നീണ്ട മുടിയെല്ലാം മുറിച്ചു കളഞ്ഞു കളർ ചെയ്തിരിക്കുന്നു......... അവളുടെ മുഖത്തെ വിഷാദ ഛായ... അതിപ്പോഴും അങ്ങനെ തന്നെ ആണ്........ ഉള്ളിലടക്കിയിരിക്കുന്ന ദുഃഖം അവളുടെ മിഴികളിൽ കാണാം..... പുറത്ത് കടന്നതും അവൾ ആകാശത്തേക്ക് ഒന്ന് നോക്കി..... മഴമേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു...... അവളുടെ മനം പോലെ......... മൂന്നു വർഷങ്ങൾ..... അവളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു....... എയർപോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു അവൾ പോയത് അവൾ വളർന്ന ആ വീട്ടിലേക്കായിരുന്നു..... ആ മുറ്റത്തേക്ക് കടന്നതും കണ്ടു ഒരാൾക്കൂട്ടം...... മുറ്റത്തു ചെറിയൊരു പന്തൽ വലിച്ചു കെട്ടിയിട്ടുണ്ട്...... കാറിൽ നിന്നും ഇറങ്ങിയ അവളെ പലരും നോക്കുന്നുണ്ടായിരുന്നു.... അവൾ ആരെയും ശ്രദ്ധിച്ചില്ല......

അകത്തേക്ക് കയറവേ അവളുടെ കണ്ണുകൾ വെള്ള പുതച്ചു കിടക്കുന്ന ആ രൂപത്തിലായിരുന്നു.... കണ്ണുനീർ വറ്റി വരണ്ടിരുന്ന ആ കണ്ണുകളിൽ വീണ്ടും അവ പെയ്യാൻ വെമ്പി നിന്നു...... ""മുത്തശ്ശീ........"" ഉറക്കെ വിളിച്ചു കൊണ്ട് അവൾ ആ ദേഹത്തേക്ക് വീഴേ അവിടെ കൂടി നിന്നവരിൽ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...... ആരൊക്കെയോ വന്നു അവളെ ആ ദേഹത്ത് നിന്നും പിടിച്ചു മാറ്റി.... അവർക്കടുത്തേക്ക് ഇരുത്തി..... അവളുടെ മിഴികൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു...... കുറച്ചു സമയം കഴിഞ്ഞതും അവരെ ദഹിപ്പിക്കാൻ എടുത്തു..... മിത്ര അലമുറയിട്ട് കരയാൻ തുടങ്ങിയിരുന്നു...... ആരൊക്കെയോ അവളെ ബലം പ്രയോഗിച്ചു ഒരു റൂമിൽ കൊണ്ടാക്കി...... വല്യച്ഛൻ മുത്തശ്ശിയുടെ ചിതയ്ക്ക് തീ കൊളുത്തുന്നത് കണ്ണീരോടെ നോക്കി നിന്നു അവൾ..... ഈ മിത്രയ്ക്ക് സ്നേഹം പകർന്നു ഏക മനുഷ്യസ്ത്രീ ആണ് ആ എരിഞ്ഞൊടുങ്ങുന്നത്......അവളുടെ മനസ്സറിഞ്ഞവർ....അവൾക്ക് ഭൂമിയിൽ ഉണ്ടായിരുന്ന ഏക ബന്ധം.....

മറ്റുള്ളവരെല്ലാം അവളുടെ ജീവിതത്തിൽ വെറുതെ വന്നു മടങ്ങിയവർ...... സമയം കടന്നു പോയി.... ആളും ആരവവും ഒഴിഞ്ഞു..... ആ വീട്ടിൽ വല്യച്ഛനും അയാളുടെ ഭാര്യയും മക്കളും പിന്നെ മിത്രയും മാത്രമായി...... വല്യമ്മ ഇടയ്ക്ക് വന്നു അവൾക്ക് കഞ്ഞി കൊണ്ട് വെച്ചിട്ട് പോയെങ്കിലും അവൾ അതിലേക്കൊന്ന് നോക്കിയത് പോലും ഇല്ല...... ഇടയ്ക്ക് തിരിച്ചു വന്നു കൊണ്ട് അവർ നിർബന്ധിച്ചു കുടിപ്പിച്ചു അവളെ..... പകുതിക്ക് വെച്ച് മതിയാക്കി അവൾ...... പിന്നെ അവർ നിർബന്ധിച്ചില്ല..... വീണ്ടും കിടക്കയിലേക്ക് ചുരുണ്ടു കൂടി അവൾ......കണ്ണുകൾ നിറഞ്ഞു...... ആരുമില്ലാതായിരിക്കുന്നു തനിക്ക്...... രണ്ട് ദിവസം മുൻപ് ഓഫീസിൽ ഇരിക്കുമ്പോഴാണ് ഇവിടെ നിന്നും വല്യച്ഛൻ ഫോൺ വിളിക്കുന്നത്..... മുത്തശ്ശിക്ക് തീരെ വയ്യ..... തന്നെ കാണണം ന്ന് പറഞ്ഞു എന്ന്...... കേട്ടതും ഓടി വന്നതാ താൻ..... പക്ഷെ..... ജീവനോടെ തനിക്കൊന്നു കാണാൻ കഴിഞ്ഞില്ലല്ലോ......ആ കൈകളുടെ തലോടൽ ഏൽക്കാൻ കഴിഞ്ഞില്ലല്ലോ....... മൂന്ന് വർഷത്തിനുള്ളിൽ ഇങ്ങോട്ട് വരാൻ തോന്നിയതാണ് പലപ്പോഴും...... പക്ഷെ ഇവിടം...... മറക്കാൻ ശ്രമിക്കുന്ന പലതും... തന്നെ ഓർമിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് വന്നില്ല.......

തിരിച്ചു കിട്ടാൻ വഴിയില്ലാത്ത... ആഗ്രഹിക്കാൻ പാടില്ലാത്ത.... തന്റെ പ്രണയം....... അതിന് വേണ്ടി തന്റെ മനസ് വാശി പിടിക്കുമെന്ന് തോന്നി.... അതുകൊണ്ട് തന്നെയാണ് വരാതിരുന്നത്........ പക്ഷെ തനിക്ക് നഷ്ടമായത് മുത്തശ്ശിയുടെ ആ സ്നേഹമായിരുന്നു.... ആ വാത്സല്യമായിരുന്നു....... അവളുടെ കണ്ണുകൾ വീണ്ടും ഒഴുകാൻ തുടങ്ങി........ ഈ മൂന്ന് വർഷത്തിനിടയിൽ തനിക്ക് ഉണ്ടായ നഷ്ട്ടങ്ങൾ..... ആദ്യം.... അത്‌ തന്റെ ധ്രുവ് തന്നെ ആയിരുന്നു..... ഇപ്പൊ സന്തോഷമായി ജീവിക്കുന്നുണ്ടാവും പല്ലവിയും കുട്ടിയുമൊക്കെയായി..... സന്തോഷത്തോടെ ഇരുന്നാൽ മതി എങ്ങനെ ആയാലും.....എവിടെ ആയാലും...... അവനെ പറ്റി ഓർക്കേ അവളുടെ തൊണ്ടയിൽ നിന്നുമൊരു തേങ്ങൽ പുറത്തേക്ക് വന്നു.......എത്ര ശ്രമിച്ചാലും അടക്കാൻ കഴിയാത്ത തന്റെ ദുഃഖം..... വീണ്ടും തന്റെ ഓർമകളിലേക്ക് പോയി അവൾ...... ഇവിടന്ന് ചെന്നിട്ട് അച്ഛനും അമ്മയും തന്നോട് ദേഷ്യത്തോടെ അല്ലാതെ പെരുമാറിയിട്ടില്ല...... കരഞ്ഞു കരഞ്ഞു കണ്ണുനീർ പോലും വറ്റിയ അവസ്ഥ......

അപ്പോഴാണ് അറിയുന്നത് തന്നെ ഒരാൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ പോകുകയാണെന്ന്..... ഒരു ബിസിനസ്മാന്റെ മകന് ........ക്യാഷ് അവർ ഇങ്ങോട്ടു തരുമത്രേ......തന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടതാണത്രേ അയാൾക്ക്...... അത്‌ പറയുമ്പോൾ അമ്മയുടെയും അച്ഛന്റെയും കണ്ണുകളിലും വാക്കുകളിലും അഭിമാന തിളക്കമായിരുന്നു..... അച്ഛനിൽ നിന്നും കേട്ട ആദ്യ അഭിനന്ദനം അന്നായിരുന്നു.... I am proud that you were born as my daughter..... എന്ന്....... പുച്ഛിച്ചൊന്നു ചിരിച്ചതെ ഉള്ളൂ താൻ........ ഒരുപാട് കരഞ്ഞു..... കാല് പിടിച്ചു.... പട്ടിണി കിടന്നു..... കുറെ തല്ലും വഴക്കും കിട്ടി എന്നല്ലാതെ അവരുടെ തീരുമാനം മാറിയില്ല..... കല്യാണത്തിനായി അവർ തന്നെ ഒരുക്കുമ്പോൾ മനസ്സ് വെറും കല്ലാക്കിയിരുന്നു താൻ...... മനസ് നിറയെ തന്റെ ധ്രുവിന്റെ മുഖം മാത്രമായിരുന്നു...... അയാൾ തന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ പോലും....... അങ്ങനെ വെറും മിത്ര മാത്രം ആയിരുന്ന താൻ മിത്ര പുനീത് ശർമ ആയി...... അന്ന് രാത്രി മരവിച്ച മനസ്സോടെ അയാളുടെ ബെഡ്റൂമിലേക്ക് കേറി ചെന്നപ്പോഴാണ് അറിയുന്നത്...

അയാൾക്ക് വേണ്ടത് ഒരു ഭാര്യയെ അല്ല എന്ന് .... അയാളിലെ ഐഡന്റിറ്റി മറയ്ക്കാൻ ഉള്ള ഒരു ആയുധമായിരുന്നു താൻ എന്ന്...... അയാൾക്ക് ആകർഷണം സ്ത്രീകളോട് ആയിരുന്നില്ല...... അത്‌ പക്ഷെ തനിക്ക് ആശ്വാസമായിരുന്നു....... ഒരിക്കൽ പോലും അയാൾ തന്നെ തൊട്ടിട്ടില്ല....... മറ്റൊരു തരത്തിലും ഉപദ്രവിച്ചതും ഇല്ല...... തന്റെ മനസ്സറിഞ്ഞപ്പോൾ ഒരു ഫ്രണ്ട് ആയി കൂടെ നിന്നു...... തന്നെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു...... നല്ലൊരു ജോലിയിൽ താൻ തന്റെ കഴിവ് തെളിയിച്ചപ്പോൾ അഭിനന്ദിച്ചു....... ഒന്നര വർഷത്തിന് ശേഷം തനിക്ക് ഡിവോഴ്സ് തന്നപ്പോൾ തന്നോട് പറഞ്ഞത് തന്റെ കൂടെ എന്നും ഒരു ഫ്രണ്ട് ആയി ഉണ്ടാകും എന്നായിരുന്നു........ ഡിവോഴ്സ് എന്ന് കേട്ടപ്പോഴേക്കും അച്ഛനും അമ്മയും വാളെടുത്തിരുന്നു...... താനത് കാര്യമാക്കിയില്ല...... അപ്പോഴേക്കും താൻ എല്ലാം സ്വയം ധൈര്യത്തോടെ നേരിടാൻ പഠിച്ചിരുന്നു...... ഇങ്ങനെ തല കുനിച്ചു നിൽക്കല്ലേ മിത്രാ.... എന്ന ആ വാക്കുകൾ.... അവയായിരുന്നു തന്റെ ധൈര്യം.... തന്റെ ധ്രുവിന്റെ വാക്കുകൾ.....

ചോദ്യങ്ങളുമായി മുന്നിലേക്ക് വന്ന അവരോട് താൻ അവരെനിക്ക് കണ്ടുപിടിച്ചു തന്ന ആളെ പറ്റി പറഞ്ഞതും അവർക്ക് വിശ്വാസമായിരുന്നില്ല..... ഒടുവിൽ പറയാൻ ആള് തന്നെ നേരിട്ട് വരേണ്ടി വന്നു.......അയാളുടെ പുതിയ പങ്കാളിയുമൊത്ത്..... അന്ന് അവരുടെ കണ്ണിൽ ആദ്യമായി താൻ കണ്ടു.... കുറ്റബോധം.........അവർ എനിക്ക്‌ കണ്ടുപിടിച്ചു തന്ന ആൾ ഒരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടോ..... പക്ഷെ തന്നെ സംബന്ധിച്ച് അയാൾ ശെരി ആയിരുന്നു..... പിന്നീട് അവർ തന്നെ സ്നേഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...... ഇത്ര നാളും തന്റെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നവരുടെ സ്നേഹം തനിക്ക് ആവശ്യമില്ലായിരുന്നു.... ആറുമാസം മുൻപ് ഒരു കാർ ആക്‌സിഡന്റിൽ രണ്ട് പേരും മരിച്ചു....... മരണക്കിടക്കയിൽ തന്നോട് അവർ മാപ്പ് പറഞ്ഞപ്പോൾ....അന്ന് എന്തായിരുന്നു തന്റെ മനസ്സിൽ...... സങ്കടമായിരുന്നോ..... അതോ നിർവികാരതയോ.... അച്ഛനും അമ്മയും മരിച്ചു എന്നറിഞ്ഞിട്ടു പോലും തന്റെ കണ്ണുകൾ അവർക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല.........

അത്‌ തന്റെ മനസ് കല്ലായത് കൊണ്ടായിരുന്നോ......അതോ കണ്ണുനീരെല്ലാം വറ്റിപ്പോയി എന്ന് താൻ വിശ്വസിച്ചത് കൊണ്ടോ..... അവർ തന്നെ അല്ലേ താൻ അങ്ങനെ ആകാൻ കാരണം....... പക്ഷെ തന്റെ മുത്തശ്ശിക്ക് വേണ്ടി വീണ്ടും തന്റെ മനസ് അലിയാൻ തുടങ്ങിയിരിക്കുന്നു..... തന്റെ മുത്തശ്ശിക്ക് വേണ്ടി തന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരിക്കുന്നു..... പഴയ മിത്രയിലേക്കുള്ള തിരിച്ചു പോക്കാണോ ഇത്....... വേണ്ട....... പഴയ മിത്ര...... ആ മിത്രയിൽ ധ്രുവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..... ധ്രുവ് മാത്രം നിറഞ്ഞു നിന്നിരുന്നു..... ഇന്ന് ധ്രുവ് മറ്റൊരാളുടേതാണ്.....തന്റേതല്ല..... ഇപ്പോഴും തന്റെ മനസ്സിന്റെ ഒരു കോണിൽ ധ്രുവ് ഉണ്ട്....... ആർക്കും കയ്യടക്കാൻ പറ്റാത്ത സ്ഥാനത്ത്.... അതെന്നും അങ്ങനെ തന്നെ ആയിരിക്കും........അവസാന ശ്വാസം വരെയും..... ചിന്തകൾക്കൊടുവിൽ എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു.......

ഒരാഴ്ചയോളം കടന്നു പോയി..... തിരിച്ചു പോകാനുള്ള തിരക്കുകളിലായിരുന്നു അവൾ.... ഒരു വട്ടമെങ്കിലും ധ്രുവിനെ ഒന്ന് കാണണം എന്ന് അവളുടെ മനസ് കൊതിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു അവൾ...... കൊണ്ട് പോകാനുള്ള ഐറ്റംസ് വാങ്ങിക്കാനായി മാളിലേക്ക് കയറിയതായിരുന്നു അവൾ...... ""എസ്ക്യൂസ്‌ മി...... മിത്ര അല്ലേ താൻ ....."" പിറകിൽ നിന്നും ഒരു പെൺ സ്വരം..... തിരിഞ്ഞു നോക്കി അവൾ...... പരിചിതമല്ലാത്ത ഒരു മുഖം...... അവളുടെ കയ്യിൽ ഓമനത്തമുള്ള ഒരു കുഞ്ഞ്....... സംശയത്തോടെ നോക്കി മിത്ര അവളെ..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story