മഴ മേഘം: ഭാഗം 6

mazha megam

രചന: മുല്ല

പിന്നീട് മിത്രയേ മനഃപൂർവം ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ചു ധ്രുവ്...... അവൾ നോക്കുമ്പോഴെല്ലാം അവളെ തറപ്പിച്ചു നോക്കി അവൻ...... മനപ്പൂർവം തന്നെ.....ആ നിമിഷം അവൾ കണ്ണുകൾ താഴ്ത്തും..... പക്ഷെ അവൾക്കായി തന്റെ ഹൃദയത്തിൽ എവിടെയൊക്കെയോ പ്രണയത്തിന്റെ നീരുറവകൾ രൂപം കൊള്ളുന്നത് മനസ്സിലാക്കിയതും അവൻ നടുങ്ങി..... ഇല്ല.....ഇത് പാടില്ല.....തന്റെ വീട്ടുകാരെ താൻ വിഷമിപ്പിക്കാൻ പാടില്ല..... ഒന്നും അറിയാതെ തന്നെ കാത്തിരിക്കുന്ന ഒരു പെൺകുട്ടി.....അവളെന്തു പിഴച്ചു.....എന്തിനാണ് തന്നോട് ഇങ്ങനെ എല്ലാം ദൈവം കാണിക്കുന്നത്.... ഒരുവശത്തു തന്റെ വീട്ടുകാർ.... പിന്നെ അവൾ.... പല്ലവി.... മറു വശത്തു മിത്ര...... താനിതിൽ ആരെ സ്വീകരിക്കും.... ആരെ തള്ളും........ അവിടെയും അവന്റെ മുന്നിൽ തെളിഞ്ഞത് മിത്ര ആയിരുന്നു..... അവളുടെ കലങ്ങിയ കണ്ണുകൾ....വേദന നിറഞ്ഞ.... ദയനീയത നിറഞ്ഞ മുഖം.... മറക്കാൻ കഴിയാത്തത് പോലെ ഹൃദയത്തിൽ വേരുറച്ചു പോകുന്നുവോ മിത്രാ നീ.....പക്ഷെ.... പല്ലവി..... താൻ അണിയിച്ചു കൊടുത്ത മോതിരവും ഇട്ടു തന്റെ താലിക്കായി കാത്തിരിക്കുന്നവൾ......

തന്റെ വിവാഹത്തിനായി സന്തോഷത്തോടെ കാത്തിരിക്കുന്ന അച്ഛനും അമ്മയും........ അവന്റെ കണ്ണുകൾ തന്റെ വിരലിൽ കിടക്കുന്ന പല്ലവി എന്ന് എഴുതിയ മോതിരത്തിലേക്ക് പോയി..... അവന്റെ കണ്ണുകൾ നനഞ്ഞു..... വേണ്ട....മിത്ര..... നിനക്ക് ഞാൻ വേണ്ട..... നിന്നാൽ പ്രണയിക്കപ്പെടാൻ എനിക്ക്‌ ഭാഗ്യമില്ല........ വരും ജന്മങ്ങളിൽ നിനക്കായ്‌ പിറക്കട്ടെ ഞാൻ....... നിറഞ്ഞ കണ്ണുകൾ തുടയ്ക്കെ വേദനയോടെ ഒരു തീരുമാനത്തിലേക്ക് എത്തിയിരുന്നു അവൻ...... തനിക്ക് മിത്രയേ വേണ്ടെന്ന്...... നാട്ടിലേക്ക് പോകാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഒരു ദിവസം....... മിത്രയുടെ ക്ലാസ് മുറിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് അവൾക്കെന്തോ കൈമാറി വരുന്ന ഒരുവനെ കണ്ടു ധ്രുവ്..... അത്‌ ആരാണെന്ന് സൂക്ഷിച്ചു നോക്കിയതും അവന്റെ കണ്ണിൽ അത്ഭുതം വിടർന്നു..... ശ്രീഹരി......ധ്രുവിന്റെ ക്ലാസ്സ്‌മേറ്റ്..... ""ടാ....... ശ്രീ....."" തന്നെ ശ്രദ്ധിക്കാതെ കടന്നു പോയവനെ നീട്ടി വിളിച്ചു ധ്രുവ്...... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവനിലും അത്ഭുതമായിരുന്നു....

. ""എടാ.... ധ്രുവേ..... നീയെന്താ ഇവിടെ....."" സന്തോഷത്തോടെ ധ്രുവിന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു ശ്രീ..... ""ഞാൻ ഇവിടെ സർ ആണെടാ .....അല്ല... നീയെന്താ ഇവിടെ......."" ""എടാ....അത് പിന്നെ.....ഞാൻ....ഇവിടത്തെ ബോട്ടണി ക്ലാസ്സിലെ ഒരു കുട്ടീടെ വീടിന്റെ അടുത്താ എന്റെ വീട്.... ഞാൻ ഓട്ടോ ഓടിക്കുകയാ...... ഇടയ്ക്ക് അവിടെ സഹായത്തിനൊക്കെ പോകാറുണ്ട്.... ഒരു പ്രായമായ സ്ത്രീയും മക്കളും ഒക്കെ ആണ് അവിടെ താമസിക്കുന്നെ.... ഇതിപ്പോ അവിടത്തെ കൊച്ച് കാലത്ത് പോന്നപ്പോ ചോറ് കൊണ്ട് വരാൻ മറന്നു....മിത്ര എന്നാ ആ കുട്ടീടെ പേര്....ചോറ് കൊണ്ട് കൊടുക്കാൻ വന്നതാ ഞാൻ ......നീ അറിയോ അവളെ...."" ""അത് ശെരി.....ആ.... എനിക്കറിയാം......മിത്ര എന്റെ സ്റ്റുഡന്റ് ആണ്......"" ""ആ... അതെയോ......"" ഒന്ന് ചിരിച്ചു ശ്രീഹരി....... ""ചോറ് കൊണ്ട് വരാൻ മറന്നോ മിത്ര.... അതെന്താ അങ്ങനെ..... "" ധ്രുവ് ചോദിക്കേ ശ്രീ ഹരി തെളിച്ചമില്ലാതെ ഒന്ന് ചിരിച്ചു.... ""അതൊരു പാവം കൊച്ചാടാ..... ഇത് പോലെ എന്തെങ്കിലും ഒക്കെ മറന്നു പോകലാ അതിന്റെ പണി..... കൊണ്ട് കൊടുക്കാൻ ഞാനും....അല്ല... എങ്ങനെയാ മറക്കാതിരിക്കണേ..... കുറെയധികം സങ്കടങ്ങൾ ഉണ്ടേ ആ കൊച്ചിന്....."" ശ്രീഹരി പറയെ ധ്രുവിന്റെ നെറ്റി ചുളിഞ്ഞു.....

""അവൾക്കൊ.....എന്ത് സങ്കടം...."" ""ഹാ.... നമുക്കൊക്കെ തോന്നും കാശുള്ളോർക്ക് എല്ലാം ആയി എന്ന്..... ഒരു വിഷമോം അവർക്ക് ഇല്ലെന്ന്..... അങ്ങനെ ഒള്ളോരു ഉണ്ടാവും.....പക്ഷെ..... ഈ കൊച്ചിന്റെ കാര്യം കഷ്ടവാ..... തന്തേം തള്ളേം അമേരിക്കയിൽ എങ്ങാണ്ട് ആണ്.... കാശുണ്ടാക്കാനൊള്ള മത്സരമാ രണ്ടാളും കൂടെ ......ആർക്ക് വേണ്ടി ആണാവോ....... ഈ ഒരു മോളെ ഉള്ളൂ... എന്നിട്ടും കുഞ്ഞിലേ മുതല് ഈ കൊച്ച് ഇവിടെ അതിന്റെ മുത്തശീടെ അടുത്താ....രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോ അവര് വന്നു ഒരാഴ്ച എങ്ങാനും ഇതിന്റെ അടുത്ത് നിന്നിട്ട് പോകും.....കാശിനു കാശൊക്കെ കൃത്യസമയത്ത് എത്തിച്ചു കൊടുക്കും.... പക്ഷെ സ്നേഹിക്കാൻ നിൽക്കാൻ ആ കൊച്ചിന്റെ തള്ളക്കും തന്തക്കും നേരമില്ല....... സങ്കടം ഉണ്ടാവില്ലെട...... ആ മുത്തശ്ശി ഓരോന്ന് പറഞ്ഞു കരയുന്നത് കാണുമ്പോ പാവം തോന്നും..... ഈ കുട്ടി ആരോടും ഒന്നും തുറന്നു പറയേം ഇല്ല......"" ശ്രീഹരി പറഞ്ഞത് കേൾക്കെ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞു.... ""ആ.... അതൊക്കെ പോട്ടെ.... എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ...."

" ശ്രീഹരി പറയെ അവരുടെ സംസാരം മറ്റുള്ള വിഷയങ്ങളിലേക്ക് കടന്നിരുന്നു.... എങ്കിലും മിത്ര ഒരു നോവായി തന്നെ ധ്രുവിൽ പടർന്നു കഴിഞ്ഞിരുന്നു...... അതിൽ പിന്നേ അവൾക്കായി ഒരു പുഞ്ചിരി അവൻ കരുതി വെച്ചു.... തന്നെ നോക്കി പുഞ്ചിരിക്കുന്നവനെ കാണെ.... മിത്രയ്ക്ക് അത് മതിയായിരുന്നു സന്തോഷിക്കാൻ...... ലോകം വെട്ടിപ്പിടിച്ച പോലെ സന്തോഷമായിരുന്നു അവളിൽ.... എങ്കിലും അവൻ പോകാറായി എന്നോർക്കേ തന്റെ നെഞ്ചിൽ ആരോ തീ കോരിയിടുന്നത് പോലെ അവൾക്ക് തോന്നി.... അന്നേരം നിറയുന്ന കണ്ണുകളെ അവൾ തടഞ്ഞില്ല...... അവ നിറഞ്ഞൊഴുകി.... അവളുടെ ദുഖത്തെ ശമിപ്പിക്കാൻ ആ കണ്ണീരിനു പോലും ആയില്ല..... അവൻ പോകുന്നതിന് രണ്ട് ദിവസം മുൻപ്...... അന്നായിരുന്നു അത് സംഭവിച്ചത്..... മഴയുള്ളൊരാ ദിവസം..... മിത്രയേ വിളിക്കാൻ കാർ എത്തിയില്ല.... എന്തോ കേട് പറ്റി...കാർ നന്നാക്കാൻ കൊടുത്തിരിക്കുകയാണ് എന്ന് അവൾക്ക് ഫോൺ വന്നു..... കാത്തിരുന്നു നേരം വല്ലാതെ വൈകിയിരുന്നു..... ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഇരുട്ട് കുത്തി മഴ വരുന്നുണ്ടായിരുന്നു...

ആകാശം നിറയെ മഴമേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു...... അധികം കുട്ടികളും പൊയ്ക്കഴിഞ്ഞിരുന്നു....... ബസ് സ്റ്റോപ്പിൽ സ്ത്രീകൾ ആരുമില്ല..... കുറച്ചു പുരുഷന്മാർ നിൽക്കുന്നുണ്ട്.....പണി കഴിഞ്ഞു പോകുന്നവരാണ്..... അവരുടെ തുറിച്ചു നോട്ടം.... അവൾക്ക് അസ്സഹനീയമായി തോന്നി തുടങ്ങി..... ബസിന്റെ വരവ് വൈകും തോറും അവളിൽ ഭീതി നിറഞ്ഞു...... ഇതിനിടയിൽ ആരോ പറയുന്നത് കേട്ടു ആ ബസ് ഇനിയില്ലെന്ന്..... റോഡിൽ മരം വീണെന്നോ....ഇനി ആ റൂട്ട് ക്ലിയർ ആക്കാതെ ബസ് വരില്ല എന്നോ...... അവളിൽ ഭീതി നിറഞ്ഞു...... എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു പോയി....... ഒറ്റയ്ക്ക് പരിചയമില്ലാത്ത ഓട്ടോ വിളിച്ചു പോകാൻ പേടി തോന്നി അവൾക്ക്...... ഹരിയേട്ടൻ ഇതിലെ എങ്ങാനും വന്നിരുന്നെങ്കിൽ....... വെറുതെ ഒന്ന് ആശിച്ചു അവൾ..... നിസ്സഹായയായി നിൽക്കെ തൊട്ടരികിൽ വഷള ചിരിയോടെ ഒരുത്തൻ..... ""മോൾക്ക് എങ്ങോട്ടാ പോകണ്ടേ...."" അറച്ചു കൊണ്ട് അവൾ സ്ഥലം പറഞ്ഞു..... ""അങ്ങോട്ടാണോ.....ചേട്ടൻ കൊണ്ട് വിടാം......

ദാ ആ കാണുന്ന ഓട്ടോയിലേക്ക് കേറിക്കോ...."" അവിടെ കിടക്കുന്ന ഓട്ടോയിലേക്ക് ചൂണ്ടി കാട്ടി ഒരു വൃത്തികെട്ട ചിരിയോടെ അയാൾ പറയെ അവളുടെ കണ്ണുകൾ ചുരുങ്ങി..... ചുറ്റും നിൽക്കുന്നവരെല്ലാം രസകരമായ കാഴ്ച കാണുന്നത് പോലെ പൊട്ടിച്ചിരിച്ചു നിൽക്കുന്നുണ്ട്....... ""വാ.... മോളെ.... നേരം വൈകണ്ട... മോൾക്ക് വീട്ടിൽ എത്തണ്ടേ..... ചേട്ടൻ ആ വഴി തന്നെയാ......പേടിക്കണ്ടന്നെ....."" അത് പറഞ്ഞു കൊണ്ട് അയാൾ അവളുടെ കയ്യിലേക്ക് പിടിച്ചിരുന്നു.... അവൾ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും അതോടെ അയാളുടെ പിടിത്തത്തിന്റെ ശക്തി കൂടി...... അവൾക്ക് വേദനിക്കാൻ തുടങ്ങിയിരുന്നു....... കണ്ണുകൾ നിറഞ്ഞു......

എന്ത് ചെയ്യണം എന്നറിയില്ല..... ഇത്തരം ഒരു സാഹചര്യം ഒരിക്കലും തന്റെ ജീവിതത്തിൽ വന്നു പെടും എന്ന് കരുതിയിരുന്നില്ല....... പ്രതികരിക്കാൻ തന്നെ പഠിപ്പിച്ചിട്ടില്ല ആരും....... അയാളുടെ പിടിത്തം മുറുകി കൊണ്ടിരുന്നു.... പെട്ടെന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ തന്റെ കൈ ആഞ്ഞു വീശി....അവളുടെ കൈ അയാളുടെ കവിളിൽ ചെന്നു പതിച്ചു..... ഒരു നിമിഷം അയാൾ തരിച്ചു നിന്നു..... ഒപ്പം ആ ബസ് സ്റ്റോപ്പിൽ നിന്ന മറ്റുള്ളവരും....... കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ അവരെ നോക്കി ആ ബസ് സ്റ്റോപ്പിൽ നിന്നും പുറത്തേക്ക് കടക്കാൻ ഒരുങ്ങവെ അവൾക്കരികിൽ ഒരു ബൈക്ക് വന്നു നിന്നു...... ഹെൽമെറ്റ്‌ ഊരി കയ്യിൽ പിടിച്ചു കൊണ്ട് അതിൽ ഇരുന്നു തന്നെ നോക്കുന്ന ആളെ കണ്ടതും അവളിൽ ആശ്വാസം നിറഞ്ഞു... ധ്രുവ്..................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story