മഴ മേഘം: ഭാഗം 7

mazha megam

രചന: മുല്ല

ബൈക്കിൽ ഇരുന്നു തന്നെ നോക്കുന്നവനെ കാണെ മിത്രയിൽ ആശ്വാസം നിറഞ്ഞു..... ""സർ......"" അവനെ വിളിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെല്ലവേ ഹെൽമെറ്റ്‌ കയ്യിൽ പിടിച്ചു കൊണ്ട് അവന്റെ നോട്ടം അവളുടെ അടി കൊണ്ടവനിലേക്ക് മാറിയിരുന്നു..... അയാളെ രൂക്ഷമായി നോക്കുന്ന ധ്രുവിനെ അവൾ വീണ്ടും അവനെ വിളിച്ചു..... അവളെയും തറപ്പിച്ചൊന്ന് നോക്കി അവൻ...... അവളുടെ തല താഴ്ന്നു...... ""ഇങ്ങനെ തല താഴ്ത്തി നിൽക്കല്ലേ മിത്രാ...... എന്താ വീട്ടിൽ പോകാതിരുന്നേ........ഇത്ര നേരം എന്തെടുക്കുവായിരുന്നു.... നീയെന്താ ഇവിടെ നിൽക്കുന്നെ...."" അവന്റെ ഒന്നൊഴിയാതെ ഉള്ള ചോദ്യങ്ങൾ കേൾക്കെ അവളുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു....... ""അത്..... കാർ കേടായി..... അപ്പൊ വരില്ലെന്ന് പറഞ്ഞു..... ഇത്രേം നേരം കാർ കാത്തു നിന്നതാ ഞാൻ..... വരില്ലെന്ന് കേട്ടപ്പോ ബസിനു പോകാം ന്ന് കരുതി.... പക്ഷെ.... ബസ് ഇത്രേം നേരായിട്ടും......"" തല ഉയർത്താതെ പറയുന്നവളെ അവനൊന്നു നോക്കി...... നെഞ്ചിനുള്ളിൽ നിറയുന്നത് വാത്സല്യമോ അതോ പ്രണയമോ ?

കോളേജ് കഴിഞ്ഞു പോകുമ്പോൾ കണ്ടിരുന്നു എന്നും പോകാറുള്ള കാർ കാത്തു നില്കുന്നവളെ..... സ്ഥിരം ആയത് കൊണ്ട് പിന്നേ ശ്രദ്ധിക്കാതെ കടന്നു പോയി...... പക്ഷെ വീട്ടിൽ എത്തിയിട്ടും മനസ്സാകെ അസ്വസ്ഥമായിരുന്നു.... മഴയുടെ വരവും ഇരുട്ടും കണ്ടതോടെ നെഞ്ചിലെ ആളൽ കൂടി......എന്തോ വല്ലാത്തൊരു അവസ്ഥ...... മിത്ര പോയിട്ടുണ്ടാകും എന്ന് ഓർത്തെങ്കിലും മനസ് അതിന് സമ്മതിച്ചു തരാത്തത് പോലെ..... അവസാനം തേടി ഇറങ്ങുകയായിരുന്നു...... ഇവിടെ വന്നപ്പോൾ കണ്ടത് ഒരുത്തനിട്ട് പൊട്ടിക്കുന്ന മിത്രയേ..... അവന്റെ ഉള്ളിലൊരു ചിരി വിടർന്നു....... ""കേറ്... ഞാൻ കൊണ്ട് വിടാം വീട്ടിൽ......"" അവൻ പറയെ പകച്ചു കൊണ്ട് നോക്കി അവൾ ധ്രുവിനെ...... ""വേഗം ആവട്ടെ മിത്ര..... മഴ വരുന്നത് കണ്ടില്ലേ......"" അവൻ വീണ്ടും പറയെ ചൊടികളിൽ നനുത്ത പുഞ്ചിരിയോടെ അവൾ അവന് പുറകിലെ സീറ്റിലേക്ക് കയറി..... ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് ഒന്ന് കൂടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരെ നോക്കി കൊണ്ട് അവൻ വണ്ടിയെടുത്തു.....

മിത്രയ്ക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... ധ്രുവിന്റെ ഒപ്പം അവന്റെ ബൈക്കിൽ.... അവന്റെ പുറകിൽ ഇരുന്നു താൻ യാത്ര ചെയ്യുന്നു..... ഏതോ ഒരു സ്വപ്നത്തിൽ എന്നവണ്ണം ഇരുന്നവൾ ബൈക്ക് ഒരു കുഴിയിൽ ചാടിയപ്പോൾ പെട്ടെന്ന് മുന്നോട്ടാഞ്ഞു പോയി..... വീഴാതിരിയ്ക്കാൻ അവന്റെ ചുമലിൽ ആയി പിടിച്ചതും മിറർ ലൂടെ തന്നെ നോക്കുന്നവനെ കാണെ വേഗം തന്നെ കൈകൾ പിൻവലിച്ചു അവൾ..... അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... തല കുനിച്ചു ഇരുന്നിരുന്ന അവളത് കണ്ടില്ല..... എങ്ങും ഇരുട്ട് പടർന്നു......മഴ പെയ്യാൻ തുടങ്ങിയിരുന്നു..... കാറ്റ് വീശാനും തുടങ്ങി..... മരങ്ങൾ ആടിയുലയുന്നത് കാണെ അവളിൽ ഭയത്തിന്റെ വിത്തുകൾ മുളച്ചു...... ബൈക്കിൽ അള്ളിപ്പിടിച്ചു ഇരിക്കുന്നവളെ കാണെ അവൻ ബൈക്ക് നിർത്തി...... തന്നെ തിരിഞ്ഞു നോക്കുന്നവനെ സംശയത്തോടെ നോക്കി അവൾ...... ഹെൽമെറ്റ്‌ വെച്ചിരുന്നതിനാൽ മുഖത്തെ ഭാവം അവൾക്ക് വ്യക്തമായില്ല..... ""മിത്രാ.... എന്നെ പിടിച്ചിരുന്നോളൂ.... പേടിക്കണ്ട......"" അവൻ പറയെ അവളവനെ മിഴിച്ചു നോക്കി.....

""നോക്കിയിരിക്കാതെ വേഗം ആവട്ടെ.... കാറ്റും മഴയും വരുന്നത് കണ്ടില്ലേ താൻ......"" ധൃതിയോടെ പറഞ്ഞു കൊണ്ട് വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൻ...... ബൈക്ക് എടുത്തതും പെട്ടെന്ന് പുറകിലേക്ക് ആഞ്ഞ മിത്ര അവന്റെ വയറിനു കുറുകെ മുറുകെ പിടിച്ചു..... ധ്രുവ് ഒരു നിമിഷമൊന്ന് ഞെട്ടി..... ശ്വാസം എടുക്കാൻ പോലും മറന്നു പോയി..... ഹൃദയം പോലും നിലച്ചത് പോലെ....... മിത്ര പെട്ടെന്ന് കൈ എടുക്കാൻ പോയെങ്കിലും അവളുടെ കൈക്ക് മീതെ അവന്റെ കൈ വന്നു ചേർന്നിരുന്നു....ദേഹമാകെ കുളിരു കോരുന്നത് പോലെ തോന്നി അവൾക്ക്...... ""വേണ്ട..... അങ്ങനെ തന്നെ പിടിച്ചോളൂ.... വീഴണ്ട......."" അവൻ പറയെ ദ്രുതഗതിയിൽ മിടിയ്ക്കുന്ന തന്റെ ഹൃദയതാളം അവൻ അറിയാതിരിക്കാൻ പാടുപെട്ടിരുന്നു അവൾ...... അവനിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു..... അവളിലും...... അവൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ പോകുമ്പോഴും അവളുടെ മനസ് കൊതിക്കുകയായിരുന്നു ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ..... ഈ ജന്മം മുഴുവനും തന്റെ ധ്രുവിനോപ്പം ഇത് പോലെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.....

ഈ യാത്രയുടെ അവസാനം... അത് തങ്ങളുടെ വേർപിരിയലായിരിക്കും എന്നോർക്കേ അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു...... അവളുടെ മുഖം അവന്റെ പുറത്തായി അമർന്നു..... അവൻ അവളെ തടഞ്ഞില്ല..... അവന്റെ ഉള്ളവും വിങ്ങുന്നുണ്ടായിരുന്നു..... അവളുടെ തേങ്ങലിന്റെ കാരണം അറിയാവുന്നതിനാൽ അവന്റെ കണ്ണുകളും നിറഞ്ഞു..... വീടെത്തുമ്പോഴേക്കും മഴ നന്നായി തന്നെ പെയ്തു തുടങ്ങി.....ഇരുവരും നല്ലവണ്ണം നനഞ്ഞിരുന്നു..... മിത്രയേ കാത്ത് മുത്തശ്ശി പൂമുഖത്തു തന്നെ ആധിയോടെ ഇരുന്നിരുന്നു....ഇവരെ കണ്ടതും ആശ്വാസത്തോടെ നെടുവീർപ്പിട്ടു അവർ....... ധ്രുവ് അവളെ മുറ്റത്തിറക്കി പോകാൻ ആഞ്ഞതും അവളുടെ മുത്തശ്ശി അവനെ വിളിച്ചു...... അകത്തേക്ക് കേറാൻ പറഞ്ഞതും അവൻ അവളെയൊന്നു നോക്കി..... അവളുടെ മുഖത്തെ അപേക്ഷ കാണെ അവൻ ഇറങ്ങി അകത്തേക്ക് കേറി..... ""മോളെ കാണാതായപ്പോ പേടിച്ചു.... വണ്ടി ഒന്നും വരണില്ല ന്ന് കേട്ടപ്പോ സമാധാനം ഉണ്ടായിരുന്നില്ല...."" ""അവരൊക്കെ എന്തെ മുത്തശ്ശി....""

അകത്തേക്ക് കേറി കൊണ്ട് അവൾ ചോദിച്ചു..... ""എല്ലാരും കൂടെ വല്യമ്മേടെ വീട്ടിൽ പോയേക്കുവാ.....മോള് വരുവല്ലോ എന്ന് പറഞ്ഞു അവര്....ഇന്ന് വരവുണ്ടാവില്ല.... അവർക്കിപ്പോ ഞാൻ ഒറ്റക്കായാൽ എന്താ....."" അവർ ഓരോന്ന് പറയെ അവനെ നോക്കി ഒരു വാടിയ പുഞ്ചിരി നൽകി അവൾ..... ""അല്ല.... ഇതാരാ മോളെ..."" ""ഇതാ മുത്തശ്ശീ...... ധ്രുവ് സർ....."" പതിയെ അവൾ പറയെ അവരുടെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു.... ആ മിഴികൾ ഒന്ന് നനഞ്ഞു......അവയിൽ വാത്സല്യം നിറഞ്ഞു...... ""നന്ദിയുണ്ട് മോനെ.... എന്റെ മോളെ ഇവിടെ വരെയും കുഴപ്പൊന്നും ഇല്ലാതെ എത്തിച്ചതിൽ......"" അവർ പറയെ അവനൊന്നു പുഞ്ചിരിച്ചു...... ""മോളെ.... ഒരു തോർത്തു എടുത്തു ഈ കുട്ടിക്ക് കൊടുത്തേ..... മോളും ചെന്നു ഡ്രെസ് ഒക്കെ മാറി വാ..... ഞാൻ നല്ല ഒരു ചായ വെക്കാം....തണുക്കുന്നുണ്ടാവും.... മഴ കൊണ്ടതല്ലേ......."" ചിരിയോടെ പറഞ്ഞു കൊണ്ടവർ അടുക്കളയിലേക്ക് പോയി..... ""സർ.... ഇരിക്ക്.... ഞാൻ ടവൽ എടുത്തു കൊണ്ട് വരാം....."" ""വേണ്ടടോ....ഇരിക്കണില്ല..... ആകെ നനഞ്ഞിരിക്കുവല്ലേ....""

""സാരല്യ..... ഇരിക്ക് സർ ....."" അവനോട് പറഞ്ഞു കൊണ്ട് ആവേശത്തോടെ അകത്തേക്ക് ഓടി പോയി അവൾ...... അവനൊരു പുഞ്ചിരിയോടെ അവളുടെ പോക്ക് നോക്കി നിന്നു.... അവന് തന്റെ ടവൽ കൊണ്ട് വന്നു കൊടുത്തിട്ട് മിത്ര ഒരു പുഞ്ചിരിയോടെ തന്റെ റൂമിലേക്ക് പോയി...... അവൾ ഡ്രെസ് മാറി വരുമ്പോഴേക്കും മുത്തശ്ശി ചായ കൊണ്ട് വന്നിരുന്നു..... തന്റെ ടവൽ ദേഹത്തു വിരിച്ചു ഇട്ടുകൊണ്ട് ചായ ഊതി കുടിക്കുന്നവനെ കാണെ അവളിൽ എന്തെന്നറിയാത്ത സന്തോഷം നിറഞ്ഞു...... പുഞ്ചിരിയോടെ അവനടുത്തേക്ക് വന്നു...മുത്തശ്ശി അവൾക്കായി നീട്ടിയ ചായ കുടിച്ചു അവൾ... മുത്തശ്ശിയോട് ചിരിയോടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ചായ കുടിച്ചു കൊണ്ട് പോകാൻ എഴുന്നേറ്റു അവൻ..... അവളിൽ വീണ്ടും വേദന നിറഞ്ഞു..... ""മോനെ.... ഇന്നിനി ഈ മഴയത്തു പോകണ്ട.... കാറ്റും ഉണ്ട്..... ഇപ്പൊ പോയാൽ ഞങ്ങൾക്ക് സമാധാനം ഉണ്ടാവില്ല......"" അവളുടെ മനസ്സറിഞ്ഞത് പോലെ മുത്തശ്ശി പറയെ അവൻ നോക്കിയത് അവളെ ആയിരുന്നു.... പ്ലീസ്....എന്ന് ചുണ്ടനക്കി തന്നോട് യാചിക്കുന്നവളെ കാണെ അവനും മറുത്തു പറയാൻ കഴിഞ്ഞില്ല....

""അത് പിന്നേ.... മുത്തശ്ശീ..... എന്നെ പോലെ ഒരു അപരിചിതനെ...."" ""നീ എനിക്ക്‌ അപരിചിതനല്ല മോനെ.... എന്റെ മോളുടെ വാക്കുകളിലൂടെ എനിക്ക്‌ അറിയുന്ന മോനാ നീ..... എന്നും കേട്ട് കേട്ട് നീയെനിക്ക് എന്റെ സ്വന്തം പേരകുട്ടി പോലെ തന്നെ ആയി..."" ചിരിയോടെ വാത്സല്യത്തോടെ അവർ പറയെ ധ്രുവ് മിത്രയേ ഒന്ന് നോക്കി...... അവൾ ചമ്മലോടെ തല താഴ്ത്തി..... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു........ ""മോളെ... നിന്റെ അച്ഛന്റെ മുണ്ടും ബനിയനും കാണും.... അത് ധ്രുവിനു എടുത്തു കൊടുക്ക്..... ആകെ നനഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ.....മാറ്റിക്കോട്ടെ.....മുറിയും കാണിച്ച് കൊടുക്ക്......"" അവർ പറയെ അവൾ അവനെ ക്ഷണിച്ചു....... അവൾ കാണിച്ച് കൊടുത്ത മുറിയിൽ ഇരിക്കുമ്പോൾ അവൻ ചിന്തയിലായിരുന്നു.... ഇത്രയും സ്നേഹമുള്ള മിത്രയെയും മുത്തശ്ശിയെയും വിട്ടു കാണാ രാജ്യത്ത് പോയി കാശിനു വേണ്ടി മത്സരിക്കുന്ന അവരുടെ മകനെ ഓർത്ത് അവന് പുച്ഛം തോന്നി...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story