മഴപോൽ: ഭാഗം 15

mazhapol

എഴുത്തുകാരി: മഞ്ചാടി

നിലത്തേക്ക് ഊർന്നിരുന്നു.... കണ്ണിൽ ഇരുട്ട് മൂടും പോലെ തോന്നിയവൾക്ക്....തലയിലൂടെ പൊട്ടി പിളരുന്ന വേദന.... കണ്ണുകൾ കൂമ്പിയടയുമ്പോൾ അമ്പിളി കണ്ടിരുന്നു ... ഒരു പൊട്ട് പോലെ... അകലങ്ങളിലേക്ക് മായുന്ന ആ വാഹനത്തെ..... ഹൃദയം പിന്നെയും ഒന്ന് പിടച്ചു.... ഏറെ വേദനയോടെ..... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഒത്തിരി കഴിഞ്ഞവൾക്ക് ബോധം വരുമ്പോൾ മുറിയിലാണ്....ജാലകത്തെ മറച്ചിട്ടിരുന്ന കാർട്ടന്റെ വിടവിലൂടെ സന്ധ്യാ സൂര്യന്റെ രശ്മികൾ തുളച്ചു കയറി ചുറ്റും മഞ്ഞ വെളിച്ചമായിരുന്നു....... ഒരു കൊട്ട് വാ വലിച്ചിട്ടു.... തലയിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടതും കണ്ണുകൾ ഇറുകെ അടച്ചു പൂട്ടി..... കഴുത്തിലെ മുറിവിൽ ചെറുതായൊരു നീറ്റലുണ്ട്.... മെല്ലെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.... കയ്യും കാലും കടഞ്ഞ് മുറിയും പോലെ.... ""ആഹാ.... അമ്പിളി മാമി.... എഴുന്നേറ്റോ..... ഹാ എപ്പോ കിടന്നതാ....ഇന്ന് മഴ കൊണ്ടിട്ട് നല്ല പൊള്ളുന്ന പനിയാ.....ഇപ്പൊ ചെറുതായി വിട്ടിട്ടുണ്ട്...."" ഗായുവാണ്.... സ്‌പൈഡർ മാന്റെ ചിത്രമുള്ള ട്ടി-ഷർട്ട് ആണ് വേഷം... ചപ്ര തല മുടി പിറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്.... മുഖം കണ്ടാലറിയാം ആ പെണ്ണും ഒത്തിരി ക്ഷീണിച്ചുവെന്ന്....

നെറ്റിയിൽ തൊട്ട് നോക്കി ഗായത്രി അവളെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു....ക്ഷീണം പിടിപെട്ടവൾ വാടിയ താമര പോലെ കുഴഞ്ഞിട്ടുണ്ട്.... കട്ടിലിൽ ചായ്ച്ചു വെച്ചിരുന്ന തലയിണക്ക് മുകളിൽ തല വെച്ച് ഗായു പതിയെ ഇരുത്തി കൊടുത്തു.... ""ഗായുവേ.... ഉണ്ണിയേട്ടൻ വന്നോടി...."" ഏറെ നേർത്തതായിരുന്നവളുടെ ശബ്ദം...എങ്കിലും നിറയെ വെപ്രാളമായിരുന്നു.... ""ന്റെ പൊന്ന് ചേച്ചി.... ഉണ്ണിയേട്ടൻ നാളെ നേരത്തെ തന്നെ ഇവിടെ ലാൻഡാവും.....എന്തോ മരുന്ന് എല്ലാ മാസവും കൊടുക്കുന്നതാണ്.... ഈ മാസം ഇച്ചിരി വൈകി ത്രെ മരുന്ന് എത്താൻ.... അതാണ് മൂപ്പര് വയലന്റ് ആയത്.... ഇനി മരുന്നൊക്കെ കഴിച്ച് നല്ല കുട്ടപ്പനായി ഇങ്ങെത്തും.... പിന്നെ അമ്പൂട്ടി സാറ്റ് കളിക്കാം.... അമ്പൂട്ടി ഓടി കളിക്കാം... അമ്പൂട്ടി കഥ പറഞ്ഞു താ.... പാട്ട് പാടി താ... ചിലപ്പോ ഉമ്മ താ... എന്നൊക്കെ പറഞ്ഞ് സാരി തുമ്പിൽ തൂങ്ങി നടക്കും.... അപ്പൊ അമ്പൂട്ടി ഇങ്ങനെ പനിച്ചു കിടക്കാൻ പറ്റ്വോ... അതോണ്ട്.... ഈ കഞ്ഞി കുടിക്കൂ... ന്നിട്ട് ആ പാരസിറ്റമോൾ കൂടി കഴിക്കൂ.... പനി പമ്പ കടക്കും... ക്ഷീണോം മാറും...."" ""നാളെ തന്നെ വരില്ലേ.... പിന്നെ എന്തെങ്കിലും വികൃതി കാണിച്ചാൽ അവര് നോവിക്കോ ഉണ്ണിയേട്ടനെ....."" വീണ്ടും വീണ്ടും ആദിയോടെ ആ പെണ്ണ് ചോദിച്ചു...ചോര വറ്റി വിളർത്ത ചുണ്ടുകൾ പരിഭവത്തോടെ പുറത്തേക്കുന്തിയിരുന്നു....

""ഓഹ്.... ഈ ചേച്ചീടെ ഒരു കാര്യം..ന്റെ അമ്പിളി കുട്ടി.... ഡോക്ടർമാരും നേഴ്സ്മാറും ഏതെങ്കിലും രോഗികളെ നോവിക്കോ... ഏഹ്.... ഓരോ പൊട്ടത്തരം പറയാതെ.... അവര് മരുന്ന് കൊടുക്കും.... ഉണ്ണിയേട്ടൻ നോർമലാവും.... അത്ര തന്നെ......ഇനി വരുമ്പോ കണ്ടോണ്ടു നിറയെ കളിപ്പാട്ടങ്ങളും നാരങ്ങ മിട്ടായീം.... പിന്നെ കൊറേ ചോക്ലേറ്റസ് ഒക്കെ കൊണ്ടാവും വരുന്നത്....അതോണ്ട്... അമ്പിളി മാമി വെറുതെ ടെൻഷൻ ആവണ്ട..... സ്‌ട്രെസ് എടുത്താൽ തലവേദന കൂടത്തേ ഉള്ളു.... സൊ മൈ ഡിയർ വേഗം കഞ്ഞി കുടിച്ചേ.... മുത്തശ്ശി ഓർഡർ തന്ന് വിട്ടതാ.... ന്നെ.... പാവത്തിന് മുട്ട് വേദന കൊണ്ട് പടികൾ കേറാൻ വയ്യ..... അമ്മേം വല്യമ്മേം കൂടി താഴെ ഇരുന്ന് ചക്ക മുറിക്കാ.... ചേച്ചിയെ കഞ്ഞി കുടിപ്പിച്ചിട്ട് വേണം നിക്ക് പോയി ചക്ക തട്ടാൻ.... "" ഉപ്പിട്ടിളക്കിയ ചെറു ചൂടോട് കൂടിയുള്ള പൊടിയരി കഞ്ഞി കണ്ടതേയവൾ നെറ്റി ചുളിച്ചു.... പനി കാരണം വായക്കകത്ത് കയ്പ്പ് രുചിയാണ്.... അതിന്റെ കൂടെ കഞ്ഞിയും ചുട്ട പപ്പടവും....ബ്വേ... ഛർദിക്കാൻ വരുന്നു..... ""ഗായുവേ... നിക്ക് പൊടിയേരി കഞ്ഞി ഇഷ്ട്ടല്ല.... പ്ലീസ്... നിക്ക് ഛർദിക്കാൻ വരുവാ...."" ""അയ്യടാ.... പിന്നെ പനി പിടിച്ചു കിടക്കുന്ന നിങ്ങക്ക് ഞാൻ കുഴി മന്തിയും ചിക്കൻ വിരട്ടിയതും കൊണ്ട് തരാം .... ന്ത്യേ....ഹും ആ ഉണ്ണിക്കുട്ടന്റെ കൂടെ കൂടി എല്ലാ വാശിയും കുറുമ്പും പഠിച്ചിരിക്ക്യ.... ല്ലേ....ദേ ചേച്ചി വേഗം കുടിച്ചേ...""

കെറുവിച്ചു കൊണ്ട് ഗായത്രി അവളുടെ മുന്നിലേക്ക് പൊടിയേരി കഞ്ഞി നീക്കി വെച്ചു.... സ്പൂണിൽ കോരിയെടുത്ത് ചുണ്ടോട് ചേർത്തതും അമ്പിളി പെണ്ണിന്റെ മുഖം കോടി വന്നു.... നവ രസങ്ങളിട്ട് കോക്രി കാട്ടുന്നുണ്ട്....ഒരു കവിൾ കുടിച്ചതേ ഉണ്ടായിരുന്നുള്ളു.... വായിൽ വീണ്ടും കയ്പ്പ് രുചി നിറഞ്ഞു.... ""അയ്യാ...കഥ കളി കളിക്കാനല്ല പറഞ്ഞത് കഞ്ഞി കുടിക്കാനാ....പിന്നല്ലേ.... ഉണ്ണിയേട്ടൻ വന്നാലേ ഈ പനിയോടെ അങ്ങേരെ ഉമ്മ വെക്കാനും കെട്ടി പിടിക്കാനും ഒന്നും പറ്റില്ല.... ട്ടോ....ആ പാവത്തിന് പനി പകരും ഉമ്മ കൊടുക്കണേൽ വേഗം കഞ്ഞി കുടിച്ചോ.... ന്നിട്ട് മരുന്ന് കഴിക്കാം..."" ഇത്തിരി വഷളത്തരം ചേർത്തവൾ കുറുമ്പ് പറഞ്ഞതും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു...ചുണ്ടിലറിയാതൊരു പുഞ്ചിരി ഊരി വന്നു ..... പിന്നെ ചുണ്ട് കൂർപ്പിച്ചു..... സ്പൂണിൽ കഞ്ഞി നിറച്ച് തന്നെ നോക്കി ഇരിക്കുന്ന ഗായുവിന്റെ തോളിലൊന്നവൾ പിച്ചി... ""അയ്യടാ.... ഉമ്മ വെക്കാനും കെട്ടിപിടിക്കാനും പറ്റിയൊരു മുതല്.....അങ്ങ് ചെന്നാ മതി നല്ല അസ്സല് കടി കിട്ടും അങ്ങേരെ കയ്യീന്ന്...."" പിറുപിറുത്ത് കൊണ്ടവൾ കഞ്ഞി വേഗം വേഗം കുടിക്കുന്നത് അടക്കി പിടിച്ച ചിരിയോടെ ഗായത്രി നോക്കി നിന്നു....

""ദേ.... ഗായു... മതി ചക്ക തിന്നത്.... വയറ് കേടാവും പെണ്ണെ.... പിന്നെ വയറിളക്കം പിടിച്ച് കിടക്കേണ്ടി വരും....ഹോസ്റ്റൽക്ക് തിരിച്ചു പോണ്ടേ മതി.... കുത്തി കയറ്റിയത്...."" ഗായു മടിയിലേക്ക് എടുത്ത് വെച്ചിരുന്ന ചക്ക ചുളകൾ ഇടിഞ്ഞിട്ട തട്ട് ദേഷ്യത്തോടെ ചെറിയമ്മ പിടിച്ചു വാങ്ങി....പിന്നെ ചക്കക്കുരുകളോരോന്നും എടുത്ത് മറ്റൊരു പാത്രത്തിലേക്കിട്ടു..... ""അമ്മാ..."" കൊതിയോടെ ആ പെണ്ണ് വിളിച്ചെങ്കിലും കൂർപ്പിച്ചൊരു നോട്ടമായിരുന്നു...മുഖം കോട്ടിയവൾ.... ദേഷ്യത്തോടെ കയ്യിൽ ഒട്ടി പിടിച്ചിരുന്ന ചക്ക വെളഞ്ഞിക്ക് മുകളിൽ എണ്ണ പുരട്ടി... മരുന്ന് കുടിച്ച് ചെറിയൊരുറക്കം കഴിഞ്ഞ് അമ്പിളിയും അടുക്കള തിണ്ണയിൽ സ്ഥാനം പിടിച്ചിരുന്നു.... മഞ്ഞ നിറത്തിലുള്ള ചക്ക ചുളകൾ കണ്ടതും നാവിൽ വെള്ളമൂറി വന്നു.... പനിയാണെന്നൊന്നും നോക്കാതെ.... മൂന്നാലെണ്ണം പൊളിച്ച് രുചിച്ചു നോക്കി... കുറച്ച് കഴിഞ്ഞതേ മനം പുരട്ടുന്നത് പോലെ തോന്നിയവൾക്ക്....ഇറങ്ങി നിന്ന് നെഞ്ചിൽ തടവി വലിയ ശബ്ദത്തിൽ ഒക്കെയും ഛർദിച്ചിരുന്നു... ""മോളെ.... ഈ പനി പിടിച്ചിരിക്കുന്ന സമയത്ത് ന്തിനാ ചക്ക കഴിച്ചേ.....ഹ്മ്മ്.... സാരല്ല.... ഹ്മ്മ് "" ഓക്കാനിക്കുന്ന പെണ്ണിന്റെ പുറത്ത് തടവി കൊടുക്കുന്നതിനിടെ ചെറിയമ്മ പറയുന്നുണ്ട്...

ഒരു ഗ്ലാസ്‌ ചൂട് വെള്ളം വലിച്ചു കുടിച്ചതും ചെറിയൊരാശ്വാസം തോന്നിയവൾക്ക്......അകത്തേക്ക് കയറാൻ തിരിയുമ്പോൾ ഒരു കള്ള ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഗായുവിനെയാണ് കണ്ടത്.... ""ചേച്ച്യേ.... അമ്പൂട്ടിക്കും ഉണ്ണിക്കുട്ടനും ട്രോഫി വല്ലതും അടിച്ചോ.... മ്മ്ഹ്.... എന്താണ് ഭവതി ഛർദിയൊക്കെ ഉണ്ടല്ലോ...."" പ്രതേക ഈണത്തിൽ അവളത് പറയുമ്പോൾ ഇടത്തേ കണ്ണ് കുറുമ്പോടെ അമ്പിളി പെണ്ണിന് നേരെ ഇറുക്കി കാണിച്ചു.... ഒരു തരം അതിശയമായിരുന്നു അമ്പിളിയിൽ.... കണ്ണുകൾ മിഴിഞ്ഞു വന്നിട്ടുണ്ട്... പിന്നെ മുഖവും വീർപ്പിച്ച് ഗായുവിനെ നോക്കി കണ്ണുരുട്ടി.... ""ന്റെ ഗായു.... നിന്റെ വായീന്ന് വഷളത്തരം മാത്രേ വരൂ....ച്ചേ വൃത്തി കെട്ടവള്...."" നാണത്താൽ കവിൾ തടങ്ങളിൽ ചുവന്ന വർണ്ണം പടർന്നു....ഗായു എങ്ങാനും കണ്ടാൽ കളിയാക്കി കൊല്ലുമെന്ന് ഉറപ്പുള്ളത് കൊണ്ട് മുറിയിലേക്ക് തിടുക്കത്തിൽ ഓടി കയറി.... പിന്നിൽ നിന്നും ചെറിയമ്മയുടെ അടക്കി പിടിച്ച ചിരി കേട്ടതും ആ പെണ്ണിന്റെ മുഖം നാണം കൊണ്ട് താഴ്ന്നു പോയിരുന്നു.... കണ്ണാടിക്ക് മുന്നിൽ നിന്ന് വെറുതെ വയറിലൊന്ന് തഴുകി....ഒരു കുഞ്ഞു വന്നാ എന്ത് രസായിരിക്കും ല്ലേ.... അവനെ എണ്ണയും മഞ്ഞളും ഒക്കെ തേച്ച് കുളിപ്പിച്ച്....അവന്റെ കുഞ്ഞൻ മുടികളൊക്കെ ചീകി കൊടുത്ത്.... കണ്മഷി കൊണ്ട് കണ്ണെഴുതി പിന്നെ ആ നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും വെച്ച് അവനെ നല്ല ചുന്ദരനാക്കി.....

എന്നിട്ട് അവന് പാപ്പു കൊടുത്ത് പാട്ടൊക്കെ പാടി ഉറക്കണം.... മാമുണ്ണാൻ മടി കാണിക്കുമ്പോൾ മാനത്തെ തിങ്കൾ കലയെ പിടിച്ചു തരാമെന്ന് കള്ളം പറയണം...ഉണ്ണിയേട്ടന്റെ ഒപ്പമിരുന്ന് അവനെ കളിപ്പിക്കുന്നതും ഒക്കെയും അവളുടെ ഭാവനയിൽ തെളിഞ്ഞു വന്നു....ഒത്തിരി കൊതി തോന്നിയവൾക്ക്.... നാണമായിരുന്നവളിൽ..... വീർത്തുന്തിയ വയറുമായി ഉണ്ണിയേട്ടന്റെ തോളിലൊന്ന് ചായാൻ ആ പെണ്ണേറെ കൊതിച്ചു....ലജ്ജയോടെ മുഖം പൊത്തി നിന്നു..... എന്നെങ്കിലും ഉണ്ണിയേട്ടൻ തന്നെ സ്നേഹിക്കുമോ....!! ആ ഇടനെഞ്ചിലെ സ്നേഹം ആവോളം നുകരാൻ പൂതി തോന്നിയവൾക്ക്.....!! ഉണ്ണിയേട്ടൻ ഇപ്പൊ ഉറങ്ങി കാണുവോ....വികൃതി കാട്ടി അവിടെ ഉള്ളവർ എങ്ങാനും നോവിച്ചിട്ടുണ്ടാകുമോ.....ഉണ്ണികുട്ടനെ..... ഒന്നും കഴിക്കാതെ പോയതാ.... വാശി പിടിച്ച് അവിടെയും പട്ടിണി കിടക്കുവോ....!! ഉള്ളിൽ വീണ്ടും നോവ് നിറഞ്ഞു....

ഉണ്ണിക്കുട്ടനെ കാണാൻ കൊതിയായവൾക്ക്....ഒന്ന് തിരിച്ച് വന്നോട്ടെ....ഇനി തനിച്ച് വിടില്ല.... തല വീണ്ടും പെരുത്ത് വന്നതും ഒന്ന് മേല് കഴുകാമെന്ന് കരുതി.... അലമാറ തുറന്ന് അടുക്കി വെച്ചിരുന്ന വസ്ത്രങ്ങൾക്കിടയിൽ വല്ല മാക്സിയോ നെറ്റിയോ ഉണ്ടോ എന്ന് പരതുകയായിരുന്നു.... ഇല്ല.... എല്ലാം സാരിയും ദവാണികളുമാണ്.... സാരി ഞൊറിഞ്ഞെടുക്കാൻ മടി തോന്നിയത്തും ഗായുവിനെ നീട്ടി വിളിച്ചു..... ""ഗായുവേ..... ഒന്നിങ്ങു വന്നേ....."" അപ്പോഴാണ് അലമാറയിൽ ഏറ്റവും താഴെ ഒരോരത്തായി ഇരിക്കുന്ന പഴയൊരു പെട്ടിയിൽ കണ്ണുകൾ ഉടക്കിയത്.... ഉള്ളിൽ വീണ്ടും സംശയിത്തിന്റെ നാമ്പുകൾ തളിരെടുത്തു....…….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 14

 

Share this story