മഴപോൽ: ഭാഗം 26

mazhapol

എഴുത്തുകാരി: മഞ്ചാടി

താൻ പൊന്ന് പോലെ കൊണ്ട് നടന്നിരുന്ന കുഞ്ഞു പെങ്ങൾ ഉടു തുണിയില്ലാതെ ജീവനു വേണ്ടി പിടിയുന്നത് കാൺകേ ഉണ്ണിയേട്ടൻ ഒരു മുഴു ഭ്രാന്തനായി.... തന്ത്രങ്ങളിൽ ചെറുതായി പാകപ്പിഴ പറ്റിയെങ്കിലും പത്മാവതി തോൽക്കാൻ തയ്യാറായിരുന്നില്ല.... ഗായത്രിയും ഉണ്ണിയും തമ്മിലുള്ള വിവാഹം പെട്ടന്ന് തന്നെയവർ നിശ്ചയിച്ചു.... പക്ഷെ ഗായത്രിയുടെ അച്ഛൻ അനന്തവർമ്മ [ചെറിയച്ഛൻ ] തന്റെ മകളെ ഭ്രാന്ത് പിടിച്ച ഒരാളുമായി വിവാഹം ചെയ്യിപ്പിക്കുന്നതിൽ നിന്നും വിയോജിച്ചു..... അവസാനമത് അമ്പിളിയും ഉണ്ണിയും തമ്മിലുള്ള വിവാഹത്തിൽ കലാശിക്കുകയായിരുന്നു....  ഡോക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു പത്മാവതി ഈ വിവാഹത്തിന് മുതിർന്നത്... ഉണ്ണിയുടെ അസുഖം ഭേദമാവാൻ നിർബന്ധമായും ഒരു ഭാര്യയുടെ പരിചരണം ആവശ്യമായിരുന്നു..ഉണ്ണിക്ക് പിടിപെട്ട ഭ്രാന്ത് സുഖപ്പെടുന്നത് വരെ മാത്രം അമ്പിളിക്ക് പത്മാവതി നിശ്ചയിച്ചതായിരുന്നു ഈ ഭാര്യ പദവി ... അതിന് ശേഷം അവളെ വിവാഹ മോചിതയാക്കി ഗായത്രിയുമായി ഉണ്ണിയുടെ വേളി നടത്തപ്പെടുകയും ചെയ്യാം... പക്ഷെ ഇനി അങ്ങനെയൊന്നും നടക്കില്ലെന്ന് മനക്കലെ തറവാട്ടുകാർക്ക് ബോധ്യമായി.... ഉണ്ണിയും അമ്പിളിയും തമ്മിലുള്ള ബന്ധം കേവലം ഒരു താലി മാല പൊട്ടിച്ചെറിയൽ കൊണ്ട് തീരുന്നതല്ല...

അതിനേക്കാൾ എത്രയോ ഊഷ്മളമാണ്....അമ്പിളി ഉണ്ണിയെ മാത്രമല്ല അവന്റെ ഭ്രാന്തിനേയും തീവ്രമായി പ്രണയിക്കുന്നു.... ഇനിയും അവർ ഒരുമിച്ചു കഴിഞ്ഞാൽ ചിലപ്പോൾ അവരെ വേർപ്പെടുത്തൽ അസാധ്യമായിരിക്കും.... അത് മനസ്സിലാക്കിയ പത്മാവതി കുരുക്കുകൾ വീണ്ടും മെനഞ്ഞു തുടങ്ങിയിരുന്നു... ഉണ്ണിയും അമ്പിളിയും തമ്മിലുള്ള ബന്ധം എത്രയും പെട്ടന്ന് വേർപ്പെടുത്താൻ വേണ്ടി തന്നെയാണ് ഭദ്രനെ ഇവിടേക്ക് ക്ഷണിച്ചു വരുത്തിയത്....  ""അമ്പൂട്ടി നമ്മക്ക് സാറ്റ് കളിച്ചാലോ... നിക്ക് വെറുതെ ഇരുന്ന് മടുത്തു..."" വൈകുന്നേരത്ത് മുല്ല മരത്തിന്റെ ചുവട്ടിലിരിക്കുന്ന അമ്പിളി പെണ്ണിന്റെ മടിയിൽ തല വെച്ചു കിടന്നിരുന്ന ഉണ്ണിക്കുട്ടൻ ചിണുങ്ങി കൊണ്ടവളുടെ വയറിൽ മുഖം പൂഴ്ത്തി...തിങ്ങി നിറഞ്ഞവന്റെ മുടി ഇഴകളിലൂടെ വിരലോടിച്ചിരുന്നവൾ ഒരു നിമിഷം നിശ്ചലമായിരുന്നു....ഉള്ളിൽ നിറഞ്ഞ വെപ്രാളത്തോടെ അവന്റെ മുടിയിൽ അവളൊന്ന് കൊരുത്തു വലിച്ചു.... കണ്ണുകളിലേക്ക് പ്രണയം ഇരച്ചെത്തെയിരുന്നു... അണിവയറിൽ അവന്റെ മുറുകിയ നിശ്വാസം വന്ന് തട്ടുമ്പോൾ ഹൃദയം വല്ലാതെ പിടഞ്ഞു.... അവനോടുള്ള പ്രേമത്താൽ പിടച്ചു ... '"ഉണ്ണി..യേട്ടാ...നമ്മൾ രണ്ടുപേര് എങ്ങനാ സാറ്റ് കളിക്കുന്നെ... മൂന്ന് പേരെങ്കിലും വേണ്ടേ... ഗായു ഹോസ്റ്റലിൽ പോയിരിക്ക്യല്ലേ...

ആ പെണ്ണ് വന്നിട്ട് നമ്മുക്ക് മൂന്ന് പേർക്കും കൂടി കളിക്കാട്ടോ.... "" വിറയൽ കാരണം സ്വരത്തിൽ പതർച്ച കലർന്നു... കുങ്കുമ നിറം പടർന്നു പിടിച്ച ഒത്തിരി ഒത്തിരി ചേലുള്ള മാനത്തേക്കവൾ മിഴികൾ നാട്ടിയിരുന്നു... വിരിഞ്ഞ മുല്ലപ്പൂക്കളുടെ നറു മണം അലിഞ്ഞു ചേർന്ന് വീശുന്ന കാറ്റിന് വല്ലാത്തൊരു സുഗന്ധം തോന്നിച്ചു.... "'ന്നാ... അമ്പൂട്ടി പറ നമ്മൾ എന്ത് കളിയാ കളിക്ക്യാ...വെറുതെ ചടച്ചിരിക്കാൻ ന്നെ കൊണ്ട് വയ്യ...."' ആ ഭ്രാന്തൻ മടിയിൽ നിന്നും എഴുന്നേറ്റ് ഒന്ന് മൂരി നിവർന്നു.... പിന്നെ അവർ ഇരിക്കുന്ന പടിക്കെട്ടിലേക്ക് കൊഴിഞ്ഞു വീണ കുഞ്ഞി മുല്ല പൂക്കൾ ചടപ്പോടെ നുള്ളിയെറിഞ്ഞു... "'ന്ത്‌ കളിയാപ്പോ കളിക്കാ..."' അകലമിട്ടിരിക്കുന്ന ഉണ്ണിയേട്ടന്റെ അടുത്തേക്കവൾ ചുണ്ടിലൊളിപ്പിച്ച ചിരിയാലെ നിരങ്ങി നീങ്ങി ചെന്നു... "'ഉണ്ണിയേട്ടാ.... ഉണ്ണിയേട്ടൻ അന്ന് ന്നോട് പറഞ്ഞൂല്ലോ... നിക്ക് മുല്ല മാല കെട്ടി തരാന്ന്.... ന്നിട്ട് ഇത് വരെ നിക്ക് കെട്ടി തന്നില്ലല്ലോ... നമ്മക്ക് രണ്ട് പേർക്കും കൂടി ഇരുന്ന് മാല കോർത്താലോ ...ഹ്മ്മ് നമ്മുടെ മുറീല് കൊണ്ട് പോയി തൂക്കാം... നല്ല മണായിരിക്കും... കുറച്ച് നിക്കി മുടീലും ചൂടാം..."" അവന്റെ കൈക്കു മുകളിൽ മെല്ലെ കൈ വെച്ച് തോളിലേക്ക് മെല്ലെ ചാഞ്ഞു കിടന്ന് കൊഞ്ചി കൊണ്ടവൾ പറയുന്നത് കേട്ടതും ഉണ്ണിക്കുട്ടന്റെ കണ്ണുകൾ വിടർന്നിരുന്നു...

""ഹായ്..... ന്നിട്ട് അമ്പൂട്ടി എന്താ ഇത്രീം നേരം അത് പറയാഞ്ഞേ...ഞാൻ വേഗം ചെറിയമ്മേടെ കയ്യീന്ന് മാല കോർക്കാനുള്ള സൂചിയും നൂലും വാങ്ങി വരാട്ടോ... അമ്പൂട്ടി പൂക്കള് പറിച്ചു വെക്കണേ..."" ആവേശത്തോടെ ചാടി തുള്ളി അകത്തേക്ക് പോകുന്നവനെ കുറച്ച് നേരം പ്രേമത്തോടെ നോക്കിയിരുന്നു... പിന്നെ എഴുന്നേറ്റ് പൂക്കൾ ഇറുത്തിടാൻ കുറച്ചപ്പുറത്തുള്ള ചേമ്പിന്റെ ഇല പറിച്ചു കൊണ്ടു വന്നു.... പടിക്കെട്ടിൽ കയറി നിന്ന് പെരു വിരലിൽ ഉയർന്ന് മുല്ല മരത്തിന്റെ ഏറ്റവും താഴ്ന്ന ചില്ലയിലേക്കവൾ കൈ ഉയർത്തിയെങ്കിലും പൂ പറിക്കാൻ കിട്ടുന്നില്ല... പെട്ടന്നവൾ വായുവിൽ ഉയർന്ന് പൊങ്ങി...ഞെട്ടലോടെ നോക്കുമ്പോൾ ഉണ്ണിയേട്ടനാണ്... ""അമ്പൂട്ടിക്ക്... ഇപ്പൊ പൂ പാർക്കാൻ എത്തുന്നില്ലേ... വേഗം പൂ പറിച്ചെ... നിക്ക് മാല കോർക്കാൻ കൊതി ആയിട്ട് വയ്യ...."' മിഴികളിൽ മുള പൊട്ടിയ നാണത്തോടെ അവളാ ഭ്രാന്തന്റെ കഴുത്തിലൂടെ കൈകൾ കോർത്തവന്റെ കട്ടി മീശ പിരിച്ചു വെച്ചു... ""ദേ.... അമ്പൂട്ടി വേഗം പൂ പറിച്ചോട്ടോ....അമ്പൂട്ടിയെ എടുത്ത് നിന്നിട്ട് ന്റെ കൈ കടയുന്നുണ്ട്...."' ചൂണ്ട് കൂർപ്പിച്ചവൻ പറഞ്ഞതും അവന്റെ കയ്യിലിരുന്നാ പെണ്ണ് കുറുമ്പോടെ ഏറ്റവും താഴ്ന്നു നിൽക്കുന്ന ചില്ല പിടിച്ചു കുലുക്കി... എന്നോ പെയ്ത മഴയിൽ അവശേഷിച്ച നീർ കണങ്ങൾ പൂക്കളിൽ നിന്നും ഇറ്റി വീണ് അവരെ നനച്ചിരുന്നു...

""ഹയ്.... ഹയ് വെള്ളം...ന്ത്‌ തണുപ്പാ "" പൊട്ടി ചിരിച്ചു കൊണ്ടവൻ കുണുങ്ങി പറയുന്നത് കേൾക്കേ അമ്പിളി പെണ്ണിന്റെ മുഖത്തൊരു കള്ള ചിരി തെളിഞ്ഞു.... കുസൃതിയോടെ അവന്റെ മുഖത്ത് പറ്റി കിടന്നിരുന്ന നീർ മുത്തുകൾ ഒത്തിരി നാണത്തോടെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു... ""അമ്പൂട്ടി... ന്നെ ഉമ്മ വെക്കാതെ പൂ പറിക്കുന്നുണ്ടോ ...ഉണ്ണിക്കുട്ടന് ദേഷ്യം വരുന്നുണ്ടേ... ന്നെ കൊണ്ട് വയ്യ അമ്പൂട്ടിയെ കൊറേ നേരം പൊക്കിയെടുത്ത് നിൽക്കാൻ.... കൈ വേദന എടുക്കുന്നുണ്ട്.... ഇനിയും അബൂട്ടി പൂ പറിച്ചില്ലേൽ ഞാൻ അമ്പൂട്ടിയെ നിലത്തേക്കിടും നോക്കിക്കോ....."" കണ്ണിൽ ഒത്തിരി കുറുമ്പ് നിറച്ചവൻ ചവിട്ടി തുള്ളിയതും ആ പെണ്ണ് തിടുക്കത്തിൽ രണ്ട് കയ്യിലും ഒരുപാട് മുല്ല പൂക്കുലകൾ പറിച്ചെടുത്തു.... അവന്റെ കരങ്ങളിൽ നിന്നും ഊർന്നിറങ്ങി ചേമ്പിൻ ഇലയിൽ മുല്ലപ്പൂക്കൾ പൊതിഞ്ഞെടുത്തു... പിന്നീട് രണ്ട് പേരും ചേർന്ന് എന്തൊക്കെയോ കുറുമ്പുകൾ പറഞ്ഞും പൊട്ടി ചിരിച്ചും ഒത്തിരി മുല്ലമാലകൾ കോർത്തെടുത്തു..... ""അമ്പൂട്ടി തിരിഞ്ഞു നിന്നേ ഞാൻ മുടിയിൽ മാല കുത്തി തരാം...."" ആ പെണ്ണിനെ അവൻ തിരിച്ചു നിർത്തി അവളുടെ അരക്കെട്ട് കവിഞ്ഞു കിടക്കുന്ന ഇടതൂർന്ന നീളൻ മുടിയിൽ മുഖമമർത്തി ആദ്യമവനൊന്ന് മണത്തു നോക്കി...പെണ്ണൊരു പിടച്ചിലായിരുന്നു...

""ഹയ് നല്ല മണം... അമ്പൂട്ടി എന്ത് എണ്ണയാ തേക്കുന്നെ..."" മുല്ല മാല അവളുടെ മുടിയിൽ കുത്തി കൊടുത്തതും അവളവന്റെ നേരെ തിരിഞ്ഞ് ഒന്നുയർന്ന് അവന്റെ ചുണ്ടിലൊന്ന് അമർത്തി മുത്തി തറവാട്ടിലേക്ക് ഓടി കയറിയിരുന്നു..... ""ഭദ്രാ... നിനക്ക് പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... ഇന്ന്...ഇന്ന് രാത്രി തന്നെ എല്ലാം തീർത്തോളണം....പ്രതിഫലമായി നിനക്ക് എന്തും ചോദിക്കാം... പക്ഷെ ആ പെണ്ണിന്റെ ഒരു നിഴൽ പോലും ഇനി ഉണ്ണീടെ മേൽ വീഴാൻ പാടില്ല.... മനസ്സിലായോ...."" പത്മാവതിയുടെ മുഖത്തപ്പോൾ വന്യമായൊരു ചിരിയുടെ തിളക്കമായിരുന്നു....താൻ ഇത്രയും നാൾ കാത്തിരുന്നത് സഫലമാകാൻ പോകുന്നതിലുള്ള ഒരു തരം ഭ്രാന്തമായ ആഹ്ലാദം... ""ഇല്ല മാഡം...ഇന്നത്തെ സൂര്യാസ്തമയം അത് വരേ... അത് വരെ മാത്രമേ അമ്പിളിയുടെ മനക്കലെ തറവാട്ടിലെ ജീവിതത്തിന് ആയുസ്സൊള്ളു.... അത് കഴിഞ്ഞാൽ ഒരിക്കലും അവളീ പടി ചവിട്ടില്ല... ഇത് ഭദ്രൻ പത്മാവതി മാഡത്തിന് തരുന്ന വാക്കാണ്.... എന്നെ വിശ്വസിക്കാൻ...പണി തുടങ്ങുന്നതിന് മുന്നേ അഡ്വാൻസായിട്ട് എന്തെങ്കിലും....."" പകുതി പറഞ്ഞ് ഭദ്രൻ നിർത്തിയതും പത്മാവതി ഉടുത്തിരുന്ന നേര്യതിന്റെ തലപ്പിൽ കെട്ടി വെച്ചിരുന്ന താക്കോൽ കൂട്ടം പുറത്തെടുത്തു....

മരം കൊണ്ട് നിർമിച്ച വലിയൊരുലമാറ തുറന്ന് ചെറിയൊരു നോട്ട് കെട്ടെടുത്ത് ഭദ്രനെ ഏല്പിച്ചു.... പണം കണ്ടതിൽ പിന്നെ അവന്റെ കലങ്ങിയ കണ്ണുകളൊന്ന് തെളിഞ്ഞു.... ചൊടികളിൽ മത്തു പിടിച്ചൊരു ചിരിയായിരുന്നു...കെട്ടിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകൾ ആർത്തിയോടെ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ കതക് തുറന്ന് വല്യച്ഛനും കൂട്ടരും മുറിക്കകത്ത് കയറിയിരുന്നു... ""അമ്മേ എന്തായി.... കാര്യങ്ങൾ.... ഇന്ന് വല്ലതും നടക്കോ പെട്ടന്ന് തന്നെ വേണം... ദേ ഞാനിപ്പോ ഇങ്ങോട്ട് കയറുമ്പോ ആ പെണ്ണുണ്ട് അവന് വാരികൊടുത്ത് ഊട്ടുന്നു...വേഗം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയില്ലെങ്കിൽ ആകെ വഷളാകും.... ഭദ്രാ.... ഒരു പിഴവ് പോലും സംഭവിക്കാൻ പാടില്ല.... കേൾക്കുന്നുണ്ടോ നീയ് "" മറ്റെങ്ങും ശ്രദ്ധിക്കാതെ നാവിൽ തൊട്ട് , കിട്ടിയ പണത്തിന്റെ എണ്ണമെടുക്കുന്ന ഭദ്രനെ അച്യുതനൊന്ന് കനപ്പിച്ചു നോക്കി... അതോടെയവൻ വെപ്രാളത്തോടെ പണം ഉടുത്തിരുന്ന മുണ്ടിന്റെ കോന്തലയിൽ കെട്ടി വെച്ചു... ""ഉണ്ട്... ഭദ്രനെല്ലാം കേൾക്കുന്നുണ്ട്....ഈ ഭദ്രൻ ഉറപ്പ് തരുന്നു കാര്യങ്ങളൊക്കെയും ഒരു പാക പിഴയും കൂടാതെ നടക്കും..."" "ഹ്മ്മ്.... നടന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഉടലിന്റെ മുകളിൽ പിന്നെ തല കാണില്ല... മനക്കലെ തറവാട്ടുകാരെ അറിയാല്ലോ...

"" അത്രയും നേരമുണ്ടായിരുന്ന ഭദ്രന്റെ മുഖത്തെ തെളിച്ചം പെട്ടന്ന് ഇല്ലാണ്ടായി അവനൊന്ന് വിളറി വെളുത്തു... ""അയ്.... ന്റെ അച്യുതാ നീ ആ ചെറുക്കനെ വിരട്ടാതെ.... കാര്യങ്ങളൊക്കെ ഞാൻ ഉദ്ദേശിച്ച രീതിയിൽ നടക്കുമെന്ന കാര്യത്തിൽ മനക്കലെ പത്മാവാതിക്ക് നല്ല നിശ്ചയണ്ട്...."" പാത്മാവതി വായിലിട്ട് ചവച്ചിരുന്ന മുറുക്കാൻ അടുത്തിരുന്ന കോളാമ്പിയിലേക്കൊന്ന് നീട്ടി തുപ്പി..ചുറ്റുമുള്ളവരുടെ കണ്ണുകൾ ആ പ്രായം ചെന്ന സ്ത്രീയിലായിരുന്നു... ""ഹ്മ്മ്.... ഞാൻ പറയാം എല്ലാരും ശ്രദ്ധിച്ച് കേട്ടോളൂ... ഇന്ന് രാത്രി ഒരു പന്ത്രണ്ട് പന്ത്രണ്ടര മണിക്ക്....ശക്തമായ ഉറക്കിന്റെ സമയാ അത്... മുകളിലെ അമ്പിളിയും ഉണ്ണിയും കിടക്കുന്ന മുറിയിലേക്ക് ഭദ്രൻ ചെല്ലും... എന്നിട്ട് ആ പെണ്ണ് ഉണരാതിരിക്കാൻ മൊകത്ത് വല്ല മരുന്നും മണപ്പിച്ചാ മതി അതിനുള്ള ഏർപ്പാടാക്കൂ ഭഗീരൻ നോക്കണം... അത് മാത്രം പോരാ.... കൂടുതൽ സമയം ബോധമില്ലാതെ കിടക്കാൻ ഉണ്ണിക്ക് നമ്മളൊരു സൂജി കുത്താറില്ലേ അതും ആ പെണ്ണിന്റെ ഇറച്ചീല് കുത്തി കയറ്റണം...അല്ലെങ്കി ഇടക്ക് മരുന്നിന്റെ മയക്കം വിട്ട് ബഹളം വെച്ചാൽ അതോടെ തീർന്നു...ഭദ്രൻ അവളെ എടുത്ത് ഏറ്റവും അറ്റത്തുള്ള മുകളിലെ മുറിയിൽ കൊണ്ട് പോയി കിടത്തും...

രാവിലെ എത്ര കഴിഞ്ഞിട്ടും അമ്പിളി ഇറങ്ങി വരാത്തതിൽ നമ്മളെല്ലാരും അവളെ ഈ വീട്ടിൽ ആകെ അന്വേഷിക്കുന്നത് പോലെ നടിക്കും.... അവസാനം അവളെ കണ്ടെത്തുന്നത് എവിടെ ആയിരിക്കും..."" കുലുങ്ങി ചിരിച്ചു കൊണ്ടാ സ്ത്രീ ചോദിച്ചതും ശത്രു പക്ഷത്തെ ഓരോരുത്തരുടെയും മുഖം വിജയശ്രീലാളിതമായിരുന്നു.... എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കുടു കൂടെ പൊട്ടി ചിരിച്ചു... ""സാധാരണ തുറന്ന് കിടക്കാറുള്ള മുകളിലെ അറ്റത്തുള്ള മുറി അകത്ത് നിന്നും പൂട്ടിയതായി കാണപ്പെടുമ്പോൾ ഞാൻ വാതിലിലൊന്ന് ആഞ്ഞു തട്ടും... അപ്പൊ ഭദ്രൻ വന്ന് കതക് തുറക്കുന്നതും നമ്മൾ കാണുന്നത് ഭദ്രനുമായി കിടപ്പറ പങ്കിട്ടത്തിന്റെ ആലസ്യത്തിൽ മയങ്ങുന്ന അമ്പിളി... അവളെ ഈ വീട്ടിൽ നിന്നും അടിച്ചിറക്കാൻ അതിനേക്കാൾ വലിയ ഒരു കാരണവും വേണ്ട.... അന്യ പുരുഷന് തന്റെ ശരീരം ധാനം ചെയ്ത ഒരുത്തിയെ മനക്കലെ തറവാട്ടിലെ മരുമോളായി വാഴ്ത്താൻ പറ്റുമോ... പിന്നെ അവസാനം ഡിവോഴ്സ്... ഇത്രേ ഉള്ളു....".............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story