മഴപോൽ: ഭാഗം 27

mazhapol

എഴുത്തുകാരി: മഞ്ചാടി

""സാധാരണ തുറന്ന് കിടക്കാറുള്ള മുകളിലെ അറ്റത്തുള്ള മുറി അകത്ത് നിന്നും പൂട്ടിയതായി കാണപ്പെടുമ്പോൾ ഞാൻ വാതിലിലൊന്ന് ആഞ്ഞു തട്ടും... അപ്പൊ ഭദ്രൻ വന്ന് കതക് തുറക്കുന്നതും നമ്മൾ കാണുന്നത് ഭദ്രനുമായി കിടപ്പറ പങ്കിട്ടത്തിന്റെ ആലസ്യത്തിൽ മയങ്ങുന്ന അമ്പിളിയേ ... അവളെ ഈ വീട്ടിൽ നിന്നും അടിച്ചിറക്കാൻ അതിനേക്കാൾ വലിയ ഒരു കാരണവും വേണ്ട.... അന്യ പുരുഷന് തന്റെ ശരീരം ധാനം ചെയ്ത ഒരുത്തിയെ മനക്കലെ തറവാട്ടിലെ മരുമോളായി വാഴ്ത്താൻ പറ്റുമോ...അമ്പിളിയെ അവളുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടുന്നു... പിന്നെ അവസാനം ഡിവോഴ്സ്... ഇത്രേ ഉള്ളു....ഉണ്ണീടെ ഭ്രാന്ത് മാറ്റാൻ ഇനി അവളുടെ ആവശ്യമില്ല "" പറഞ്ഞു നിർത്തിയതും ആ വൃദ്ധയുടെ ചൊടികളിൽ വിരിഞ്ഞ ചിരിക്ക് വന്യമായൊരു തിളക്കമുണ്ടായിരുന്നു..... ""അമ്പൂട്ടി... മ്മക്ക് രണ്ട് പേർക്കും കൂടി ആ കാവിലെ കുളത്തില് തോണി ഇട്ട് കളിക്കാം.... വാ അമ്പൂട്ടി.... നല്ല രസായിരിക്കും.... നീ കണ്ടിട്ടില്ലാലോ കാവിലെ കുളം... നിറയെ ആമ്പൽ പൂക്കളൊക്കെ വിരിഞ്ഞ്....

പിന്നെ തെളിഞ്ഞ നല്ല നീല നിറത്തിലുള്ള വെള്ളാ.... സ്സ്.... ന്ത്‌ തണുപ്പാന്നറിയോ...."" ഉണങ്ങിയ തുണികളോരൊന്നും മടക്കി വെക്കുന്നതിനിടെ ഉണ്ണിയേട്ടനുണ്ട് ചെറുതായി ചാരിയിരുന്ന കതക് തുറന്ന് ഓടി വരുന്നു... കയ്യിൽ രണ്ട് മൂന്ന് പഴയ പത്രങ്ങളും പിടിച്ചിട്ടുണ്ട്... ""വേണ്ട.... ഉണ്ണിയേട്ടാ.... കാവിലെ കുളം നല്ല ആഴമുള്ളതാ....വല്ല അപകടവും ഉണ്ടായാൽ....ഉണ്ണിയേട്ടൻ ദേ ആ അടുക്കളപുറത്തിരിക്കുന്ന വലിയ ചെമ്പില്ലേ... അതിൽ വെള്ളം നിറചിട്ട്.... തോണി ഇട്ട് കളിച്ചോ കാവിലെ കുളത്തിലേക്കൊന്നും പോവണ്ടാ.... നിക്ക് പേടിയാ...."" മടക്കിയ തുണികൾ ഓരോന്നായി അലമാര തട്ടിലേക്ക് എടുത്തു വെച്ചതും ആ ഭ്രാന്തനവളെ വയറിലൂടെ ചുറ്റി പിടിച്ച് പൊക്കിയെടുത്തു... മുറി വിട്ടിറങ്ങുമ്പോൾ അവന്റെ കയ്യിലിരുന്നവൾ കുതുറന്നുണ്ടായിരുന്നു.... എങ്കിലും അവന്റെ കരുത്തുറ്റ കരങ്ങൾ ആ പെണ്ണിനെ വിടാതെ പിടിച്ചു.. ""ദേ.... ഉണ്ണിയേട്ടാ.. വിട്ടേ... ആരെങ്കിലും കാണും വിട് ഉണ്ണിയേട്ടാ...."" ""ഹ്മ്മ്.... വിടൂല്ല അമ്പൂട്ടിയെ വിടൂല്ല... ഞാൻ വിട്ടാല് അമ്പൂട്ടിക്ക് ഓടി പോവനല്ലേ....

പറ്റൂല...ഉണ്ണിക്കുട്ടന്റെ കൂടെ കാവിലെ കുളത്തിലേക്ക് അമ്പൂട്ടിയും വരും...."" പിന്നീട് ആ പെണ്ണിനെയവൻ ഇറക്കി വെച്ചത് കാവിലെ വലിയ കുളത്തിന്റെ കൽ പടവിലാണ്.... ഊഷ്മളമായൊരു അന്തരീക്ഷമായിരുന്നു കുളത്തിനു ചുറ്റും...പയ്യെ വീശിയിരുന്ന കാറ്റിന് വല്ലാത്തൊരു കുളിർമ തോന്നിച്ചു.... അങ്ങിങ്ങായി പല നിറത്തിലുള്ള ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ ഒത്തിരി ചേലായിരുന്നു.... ""ന്റെ അമ്പൂട്ട്യേ....കൈ കടയുന്നുണ്ട് ട്ടോ... അമ്പൂട്ടിയെ കാണാൻ ദേ ഈ കുഞ്ഞാപ്രി വിരലിന്റെ അത്രേ ഉള്ളു...ന്നാലും നീയ് നല്ല കനണ്ട്.... ആനകുട്ടിയെ ഏറ്റി കൊണ്ടു വന്ന പോലുണ്ട്...കൈ വേദനിക്കുന്നു "" കൈ രണ്ടും നീട്ടിയവൻ ഒന്നമർത്തി കുടഞ്ഞു...ഉണ്ണിയേട്ടൻ പറഞ്ഞതു കേട്ട അമ്പിളി പെണ്ണിന്റെ മുഖം ഒരു കുട്ടയോളം വീർത്തു കെട്ടിയിരുന്നു... ""അയ്യടാ.... ഞാൻ പറഞ്ഞോ നിങ്ങളോട് ന്നെ പൊക്കി കൊണ്ട് വരാൻ.... വേണ്ടാന്ന് ഞാൻ എത്ര പറഞ്ഞു കേൾക്കാഞ്ഞിട്ടല്ലേ....ന്നിട്ട് ഇപ്പൊ കൈ കടയുന്നു പോലും...."" കുളത്തിന്റെ നാല് പാടും കരിങ്കല്ല് കൊണ്ട് കെട്ടി പടുത്ത പടവിൽ ഒന്ന് ചവിട്ടി കുലുക്കി അവളിരുന്നു.... ഇട്ടിരുന്ന പാവാടയുടെ തുമ്പല്പം പൊക്കി തെളിഞ്ഞു നിൽക്കുന്ന വെള്ളത്തിലേക്ക് കാലുകൾ പൂഴ്ത്തിയതും ശരീരമാകെ ഒരിളം തണുപ്പ് പടർന്നു കയറി....

ഇടയ്ക്കിടെ വെള്ളത്തിൽ നീന്തി കളിക്കുന്ന പരൽ മീനുകൾ അവരെ ഒളിഞ്ഞു നോക്കുന്നത് കണ്ണിൽ പെട്ടതും ചൊടികളിൽ ഒരിളം ചിരി സ്ഥാനം പിടിച്ചിരുന്നു.... ""അമ്പൂട്ടി.... ന്നാ... ഈ പഴയ പത്രം വെച്ച് നിക്കി തോണി ഉണ്ടാക്കി തന്നേ... ന്നിട്ട് നമ്മക്കത് കുളിത്തിലൂടെ ഒഴുക്കാം... ഹയ് ഹയ്...."" കയ്യിൽ കരുതിയിരുന്ന കടലാസ് കഷ്ണങ്ങൾ അമ്പിളിയെ ഏൽപ്പിച്ച് ആ ഭ്രാന്തൻ അവൾക്കടുത്തായി തന്നേ ഇരിപ്പുറപ്പിച്ചു.... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തിയവന്റെ രോമാവൃതമായ കാലുകൾ വെള്ളത്തിലേക്കിട്ടിരുന്നു.... "സ്സ്.... ന്ത്‌ തണുപ്പാ.... ഔ.... കുളിരെടുക്കുന്നു..."" ആവേശത്തോടെയവൻ കുളത്തിൽ കാലിട്ടടിച്ചു... പളുങ്ക് പോലുള്ള വെള്ള തുള്ളികൾ അങ്ങിങായി തെറിച്ചു വീഴുന്നുണ്ട്.... തല വെട്ടിച്ച് അമ്പൂട്ടിയെ നോക്കുമ്പോൾ ആളിപ്പോഴും പിണങ്ങി തന്നേ ഇരിപ്പാണ്....ആ കുഞ്ഞു മുഖം ഇത്തിരി കൂടി കയറ്റി വെച്ചിട്ടുണ്ട്...മിഴികൾ കുറുമ്പോടെ കൂർത്ത് വന്നിരുന്നു... ""ഉണ്ണിയേട്ടൻ ന്നെ നോക്കണ്ടാ.... ഞാൻ പിണക്കാ.. ഉണ്ണിക്കുട്ടൻ എന്താ പറഞ്ഞേ... അമ്പൂട്ടിയെ എടുക്കാൻ നല്ല കനമുണ്ടെന്നല്ലേ...

അപ്പൊ അതിനർത്ഥം അമ്പൂട്ടി തടിച്ചിയാ ന്നല്ലേ....ന്നെ ആനകുട്ടീ ന്ന് വിളിച്ചില്ലേ... ഞാൻ പിണക്കാ... വേണെങ്കി കടലാസ് തോണി ഉണ്ണിക്കുട്ടൻ തനിയെ ഇരുന്ന് ഉണ്ടാക്കിക്കോ..."" ആ കൊച്ചു ഭ്രാന്തന്റെ കൂടെ കൂടി ഹൃദയത്തിൽ നിറച്ചും നിഷ്കളങ്കത കടന്നു കൂടിയിട്ടുണ്ട്.. ആ കുസൃതി ചെക്കന്റെ എല്ലാ കുറുമ്പും അവളും പഠിച്ചിരിക്കുന്നു ... ഓർത്തപ്പോൾ കവിളിൽ നുണക്കുഴി തെളിഞ്ഞൊരു ചിരി വിടർന്നു... ""അപ്പൊ.... അമ്പൂട്ടി നിക്കി തോണി ഉണ്ടാക്കി തരൂല്ല.... ഉറപ്പാണോ ... ആയ്ക്കോട്ടേ... നിക്കി അറിയാല്ലോ അമ്പൂട്ടിക്ക് ഉണ്ണിക്കുട്ടനെ ഒട്ടും ഇഷ്ടല്ലാന്ന്... അത് കൊണ്ടല്ല ഞാൻ വിളിച്ച വിളി കേൾക്കാത്തത്... കാവിലെ കുളം കാണാൻ ഉണ്ണിക്കുട്ടന്റെ കൂടെ വരാൻ പറഞ്ഞപ്പോ വന്നില്ല...അമ്പൂട്ടി ചീത്ത കുട്ട്യാ.... ഉണ്ണിക്കുട്ടനെ ഒട്ടും ഇഷ്ട്ടല്ല...ആർക്കും ഉണ്ണിക്കുട്ടനെ ഇഷ്ട്ടല്ല.... വല്യച്ച ഉണ്ണിക്കുട്ടനെ ന്തോരം തല്ലാറുണ്ട്... ആർക്കും ന്നെ ഇഷ്ട്ടല്ല..."" പരിഭവത്തോടെ പറയുമ്പോൾ ചുണ്ടുകൾ പുറത്തേക്ക് തള്ളി പിടിച്ചിരുന്നു... അവളിലെ ഒരു കുഞ്ഞു പിണക്കം പോലും അവനിൽ നിറക്കുന്ന വിഷമം ആ പെണ്ണ് ഉള്ളം നിറഞ്ഞാസ്വാധിച്ചു.... ഒളി കണ്ണോടെ നോക്കിയതും ആ ഭ്രാന്തന്റെ മിഴികൾ ചെറുതായി നിറഞ്ഞിരിക്കുന്നത് കണ്ടു.... ""അയ്യേ...അയ്യയ്യേ... ഈ ഉണ്ണിക്കുട്ടൻ ഇത്രക്ക് തൊട്ടാവാടി ആയിരുന്നോ...

അയ്യേ മോശം... മോശം ന്റെ ഉണ്ണിയേട്ടാ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... ഉണ്ണികുട്ടന് എത്ര തോണി വേണേലും അമ്പൂട്ടി ഉണ്ടാക്കി തരാല്ലോ..."" "" പിന്നെ അമ്പൂട്ടിക്ക് ഒത്തിരി ഇഷ്ട്ടാ... ഒത്തിരി ഒത്തിരി ഇഷ്ട്ടാ.... ന്റെ ഉണ്ണികുട്ടനെ.... ന്റെ പ്രാണനാ....."" മറുപടി ഒന്നും പറയാതെ പരിഭവിച്ചിരിക്കുന്നവന്റെ മടിയിലേക്കവൾ അധികാരത്തോടെ കയറിയിരുന്നു... കഴുത്തിലൂടെ വട്ടം പിടിച്ച് അത്രയും നേർത്ത ശബ്ദത്തിൽ സ്വകാര്യം പോലെ മന്ത്രിച്ചു.... കണ്ണിലെ ഗോളങ്ങൾ ആ ഭ്രാന്തനോടുള്ള അടങ്ങാത്ത പ്രേമത്താൽ പിടക്കുന്നുണ്ടായിരുന്നു... നിശ്വാസങ്ങൾ മുറുകി വന്നു.... ""വേണ്ട... ന്നോട് മിണ്ടണ്ടാ....ന്നെ ആർക്കും ഇഷ്ട്ടല്ല അമ്പൂട്ടി കള്ളം പറയാ.... എല്ലാരും പറഞ്ഞല്ലോ ഉണ്ണിക്കുട്ടൻ ഭയങ്കര വികൃതി കുട്ടിയാന്ന്....'" ഒരു കൊച്ചു കുഞ്ഞിനെ പോലെ പദം പറയുന്നവന്റെ കവിളിലേ രോമക്കെട്ടിൽ മൃദുവായി അവളൊന്ന് ചുണ്ട് ചേർത്തു....പാവാട തുമ്പ് വെള്ളത്തിൽ കിടന്ന് നനഞു കുതിർന്നിരുന്നു... ""അല്ല... നിക്കിഷ്ട്ടാ... ഒത്തിരി ഒത്തിരി ഇഷ്ട്ടാ... ഈ ഉണ്ണിയേട്ടനെ ന്റെ പ്രാണനാ...ന്റെ മാത്രം ""

വീണ്ടുമൊരു മന്ത്രം പോലെ അവന്റെ കതരികിൽ അവൾ ഉരുവിട്ട് കൊണ്ടിരുന്നു...എന്നിട്ടും പിണക്കം മാറാതെ ചിണുങ്ങി ഇരിക്കുകയായിരുന്നവൻ.... പെട്ടന്നാ പെണ്ണിന്റെ ഉള്ളിൽ കുറുമ്പ് നിറഞ്ഞു.. ഒരു കള്ള ചിരിയോടെ അവന്റെ മടിയിൽ നിന്നും ഇറങ്ങി ഇരുന്നവൾ .... ""ഉണ്ണിയേട്ടോയ്...ഇങ്ങോട്ട് നോക്കിയേ...ട്ടൺ ട്ടടെ...."" കുളത്തിലേക്ക് കുനിഞ്ഞ് കൈ കുമ്പിളിൽ വെള്ളം കോരിയെടുത്തവന്റെ മുഖത്തേക്ക് ഒറ്റ തെറിപ്പിക്കലായിരുന്നു... """അശോ.... അമ്പൂട്ടി... വെള്ളം തെറിപ്പിക്കല്ലേ "" കൂർത്ത ചുണ്ടുകൾ കുസൃതിയോടെ വീണ്ടും കൂർത്ത് വന്നു. പിന്നെ എത്ര നേരം വെള്ളം പരസ്പരം തെറിപ്പിച്ചു കളിച്ചെന്നറിയില്ല.... ഇരുവരും പകുതിയോളം നനഞ്ഞൊട്ടിയിട്ടുണ്ട്....അതോടെ അമ്പൂട്ടി ഉണ്ണിക്കുട്ടനിൽ അവശേഷിച്ചിരുന്ന ആ കുഞ്ഞു പരിഭവത്തെ പാടെ മാറ്റിയിരുന്നു... ""യ്യോ.... ഉണ്ണിയേട്ടാ... നീർക്കോലി....അയ്യയ്യോ...."" കുളത്തിന്റെ ഓരത്തായി പറ്റി കിടക്കുന്ന നീർ കോലിയെ കണ്ടതും ആ പെണ്ണ് പേടിയോടെ അലറി വിളിച്ച് ഉണ്ണിയേട്ടന്റെ നെഞ്ചിൽ അള്ളി പിടിച്ചു കിടന്നു... അറപ്പോടെ കണ്ണുകൾ ഇറുകെ മൂടിയിരുന്നു... ""അമ്പൂട്ടിക്ക് നീർ കോലിയെ പേടിയാണോ..."" കാതിൽ അവന്റെ നിശ്വാസം പതിയുമ്പോൾ അവളൊന്ന് പിടഞ്ഞിരുന്നു...എങ്കിലും നീർക്കോലിയെ കാണുന്നതിലുള്ള അറപ്പ് കൊണ്ട് അവനിൽ നിന്നുമവൾ അടർന്നു മാറിയില്ല.... മുഖമവന്റെ കഴുത്തിടയിലേക്ക് ഒളിപ്പിച്ചു....

താടി രോമങ്ങൾ പുറം തോളിൽ ഇടയ്ക്കിടെ ഉരസി കൊണ്ടവളെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.... ""ഉണ്ണിയേട്ടാ...ആ സാധനം പോയോ... നിക്കി പേടിയൊന്നുല്ല... ന്നാലും നിക്കി അതിനെ കാണുന്നതേ അറപ്പാ...."" അറപ്പോടെ ചുണ്ട് കോട്ടി ചേർത്തടച്ച കൺപോള മെല്ലെ തുറക്കുമ്പോൾ ആ പെണ്ണ് കണ്ടിരുന്നു ഒരു വടി കൊണ്ട് നീർ കോലിയെ ഓടിക്കുന്ന ഉണ്ണിയേട്ടനെ...പിടിച്ചു വെച്ചിരുന്ന ശ്വാസം പുറത്തേക്ക് വിട്ടവൾ അവന്റെ വിരി മാറിൽ നിന്നും അടർന്നു മാറുന്നേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ വയറിൽ എന്തോ ഒരു കുത്തലനുഭപ്പെട്ടു... ""അയ്യോ.... ദേ അടുത്ത മാരണം...അട്ട... അതാ ഞാൻ ഉണ്ണിയേട്ടനോട് കുളം കാണാൻ വരണ്ടാന്ന് പറഞ്ഞത്..."" കരിങ്കൽ പടവിൽ കിടന്നമ്പിളി ചാടി തുള്ളുന്നുണ്ടായിരുന്നു....ആ പെണ്ണിന്റെ ആലില വയറിൽ പറ്റി പിടിച്ചു കിടക്കുന്ന കറുകറുത്ത നിറമുള്ള ആ കുഞ്ഞു ജീവിയെ അവൾ പിടച്ചിലോടെ തട്ടി ഇടുന്നുണ്ട്... ""നിനക്ക് അങ്ങനെ തന്നേ വേണമെടി കൊമ്പൂട്ടി.... ഉണ്ണിക്കുട്ടന് തോണി ഉണ്ടാക്കി തരാത്തതിലുള്ള ശിക്ഷയാ...ഞ്ഞ.. ഞ്ഞ.. ഞ്ഞെ...."" വാ പൊത്തി ചിരിക്കുന്ന ഉണ്ണിയേട്ടനെ അവളൊന്ന് രൂക്ഷമായി നോക്കി... പിന്നെ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണ് ആഭ്രാന്തനെ വരിഞ്ഞു മുറുക്കി ചുറ്റി പിടിച്ചു...

""ഉണ്ണിയേട്ടാ... ഞാൻ എത്ര തോണി വേണമെങ്കിലും ഉണ്ടാക്കി തരാ... ആ അട്ടയെ ഒന്ന് എടുത്തിട്ടേ... നല്ല ഉണ്ണിക്കുട്ടനല്ലേ....."" വെള്ളം നനഞ്ഞ് തെന്നി മാറിയ ദാവണി ശീലയുടെ മറയിലൂടെ പുറം ചാടിയ ആ പെണ്ണിന്റെ വെളുവെളുത്ത വയറിൽ നിന്നും കുഞ്ഞനട്ടയെ മെല്ലെ പറിച്ചെടുത്തവൻ കുളത്തിലേക്കേറിഞ്ഞു.... ആ ഭ്രാന്തന്റെ കനത്ത കൈ വിരലുകളുടെ സ്പർശനത്തിൽ പെണ്ണൊന്ന് വെട്ടി വിറച്ചു... കൺപോളകൾ കൂമ്പിയടഞ്ഞിരുന്നു... അധരങ്ങൾ വിറ കൊള്ളുന്നുണ്ട്..... ഉള്ളിൽ നിറഞ്ഞ വെപ്രാളത്തോടെയവൾ അവന്റെ ഷർട്ടിൽ കൈ ചുരുട്ടി ചുളിവ് വീഴ്ത്തുന്നുണ്ടായിരുന്നു.... ""അയ്യേ... ഈ അമ്പൂട്ടി എന്തൊരു പേടി തൊണ്ടിയാ.... ഈ ഉണ്ണിക്കുട്ടനെ കണ്ട് പടിക്കെടി.... ശക്തി മാനാ..."" കളിയാക്കലിന്റെ സ്വരങ്ങൾ കാതിൽ പതിക്കുമ്പോൾ ആ പെണ്ണിൽ നാണമായിരുന്നു.... രക്ത വർണ്ണം പടർന്ന കവിൾ തടങ്ങളിൽ നുണക്കുഴികൾ പയ്യെ തെളിയുന്നുണ്ട്... തനിക്കിത്രയേറെ പ്രണയ നിമിഷങ്ങൾ സമ്മാനിച്ച അട്ടയോടും നീർക്കോലിയോടും ആദ്യമായവൾക്ക് വല്ലാത്തൊരിഷ്ട്ടം തോന്നി....

""അമ്പൂട്ടി... അമ്പൂട്ടി ഉറങ്ങിയോ...."" ""ഇല്ലല്ലോ.... ന്ത്യേ ന്റെ ഉണ്ണിക്കുട്ടന് ഉറക്കം വരണില്ലേ...."" ""മഹ്ഹ്.... മഹ്ഹ്... കൊറേ നേരം കണ്ണടച്ച് കിടന്നു...ന്നിട്ടും ഉറക്കം വന്നില്ല... ന്താ അമ്പൂട്ടി നിക്കി ഉറക്കം വരാത്തെ..."" ""അമ്പൂട്ടി....ഉണ്ണിക്കുട്ടനെ പാട്ട് പാടി തരാമേ.... ഉണ്ണിയേട്ടൻ കണ്ണടച്ച് കിടന്നേ... ന്നാ...ഉണ്ണിക്കുട്ടൻ പെട്ടന്ന് ഉറങ്ങിക്കോളും...."" അവന്റെ അരികിലേക്ക് ഒന്ന് കൂടിയവൾ ഒട്ടി കിടന്നു....ചുണ്ടിൽ വന്ന ഏതോ പാട്ടവൾ മൂളുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ ഭ്രാന്തനവളോട് പറ്റി ചേർന്നു.... മെല്ലെ ഒന്ന് തട്ടി കൊടുത്തതും അവൻ ഉറക്കിലേക്ക് വഴുതി വീണിരുന്നു....തെന്നി മാറിയ പുതപ്പെടുത്ത് അവനെ നെഞ്ചോളം പുതപ്പിച്ചു കൊടുത്തു... ഇടക്കെപ്പഴോ ആ പെണ്ണും നിദ്രയിലാണ്ടു പോയിരുന്നു... പത്മാവതിയുടെ നിർദ്ദേശ പ്രകാരം പന്ത്രണ്ടരയോടെ ഭദ്രൻ അവരുടെ മുറിയിലെത്തിയിരുന്നു..... കയ്യിൽ കരുതിരുന്ന മരുന്ന് പൂശിയ തൂവാലയും സൂചിയും അവൻ കയ്യിൽ കരുതിയിരുന്നു.... ചുറ്റും കൂരാകൂരിരുട്ടായിരുന്നു.... അന്തിയാകാശത്ത് ഒരു കൊച്ചു നക്ഷത്രം മാത്രം കത്തി നിന്നു....

അഴകേറിയ ആ പെണ്ണുടൽ കണ്ടതും ഭദ്രൻ അൽപ നേരം മതിമറന്നവളുടെ സൗന്ദര്യത്തെ ആസ്വദിച്ചു.... ഉണ്ണിയെ കൂടി മയക്കി കിടത്താൻ പത്മാവതി പ്രതേകം പറഞ്ഞിരുന്നെങ്കിലും അമ്പിളിയിൽ ലയിച്ചവൻ അക്കാര്യം മറന്നിരുന്നു... അവളിലെ ഗന്ധം അവനെ മത്തി പിടിപ്പിക്കുന്നുണ്ടായിരുന്നു.... പാവാട തുമ്പല്പം ഉയർന്ന് പുറം ചാടിയിരുന്ന അമ്പിളിയുടെ കൊലുസ്സിട്ട കാലുകളിൽ കാമത്തോടെ അവനൊന്ന് തഴുകി....ഒരു ഞരക്കത്തോടെ പാതി മയക്കത്തിലവൾ തിരിഞ്ഞു കിടക്കുമ്പോൾ മുന്നിലെ ആൾരൂപത്തെ കണ്ട് വെപ്രാളത്തോടെ നിലവിളിച്ചു... എങ്കിലും ഭദ്രനവളുടെ മൂക്കും വായും ആ തൂവാല കൊണ്ട് ശക്തിയോടെ പൊത്തി പിടിച്ചിരുന്നു.... ശ്വാസം വിലങ്ങിയതും ആ പെണ്ണ് കൈ കാലിട്ടടിച്ചൊരു പിടച്ചിലായിരുന്നു.... പിടച്ചിലിനിടെയുള്ള വെപ്രാളത്തിൽ പുറം തിരിഞ്ഞുറങ്ങിയിരുന്ന ഉണ്ണിയേട്ടനിൽ അവളുടെ കൈകൾ ശക്തമായി ഇടിച്ചു... ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവനൊന്ന് മുഖമിയർത്തിയതും കണ്ടത് ബോധരഹിതയായി കിടക്കുന്ന അമ്പിളിയെ കൈകളിൽ കോരിയെടുക്കാൻ ശ്രമിക്കുന്ന ഭദ്രൻ... ഭദ്രന്റെ കാമത്തോടെയുള്ള നോട്ടം കാണെ അവന് തല പെരുക്കുന്നത് പോലെ തോന്നി... അവന്റെ ചെവിക്കുള്ളിലൂടെ ഒരു മൂളക്കം കടന്നു പോയി കൊണ്ടിരുന്നു..... പിന്നീടത് നിലവിളികളായി.... യാഥനയോടെയുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ നിലവിളികൾ...

ഉടു തുണിയില്ലാതെ ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞു പെങ്ങളുടെ ഞരക്കങ്ങൾ.... ആ ഭ്രാന്തന്റെ കണ്ണുകൾ ചുവന്നു കലങ്ങി... ഞരമ്പുകളോരോന്നും വലിഞ്ഞു മുറുകി കൊണ്ടിരുന്നു... നിമിഷങ്ങൾക്കുള്ളിൽ മനക്കലെ ഭ്രാന്തന്റെ കൂർത്ത പല്ലുകൾ ഭദ്രന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി... വേദന കൊണ്ടുള്ള പുളച്ചിലിനിടെ ഉണ്ണിയുടെ തല മുടിയവൻ പിച്ചി പറിച്ചു... ""നീ... കൊന്നില്ലേ.... ന്റെ കുഞ്ഞോളെ.... നിന്നെ ഞാൻ കൊല്ലും.... ടാ..."" ഭദ്രന്റെ കയ്യിലുണ്ടായിരുന്ന സൂചി ആ ഭ്രാന്തൻ പിടിച്ചു വാങ്ങി.. കലിയോടെ കാമം മൂത്ത ആ പിശാചിന്റെ കഴുത്തിലൂടെ ഉണ്ണിയേട്ടൻ കുത്തിയിറക്കി.....ഭദ്രൻ വലിയ വായയിൽ അലറുകയായിരുന്നു... പിന്നെ ഒരു മുരൾച്ചയോടെ നിലം പതിച്ചു... ഭദ്രന്റെ അലർച്ച ഉണ്ണിയേട്ടന്റെ കാത്തുകൾക്കെന്തോ ആരോചകമായി തോന്നി... വല്ലാത്തൊരസ്വസ്ഥത അവനെ പിടി കൂടുന്നുണ്ടായിരുന്നു...ഭൂത കാലം മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു..... ഉള്ളിൽ നിറഞ്ഞ പരിഭ്രാന്തിയോടെ വീണ്ടുമവൻ തല മുടി പിച്ചി വലിച്ചതും പെട്ടന്നുണ്ട് അവന്റെ ശരീരത്തിന് വിറവൽ ബാധിക്കുന്നു.... ചുണ്ട് കോടി വായിലൂടെ നുരയും പദയും ഒലിച്ചിറങ്ങിയതും ബോധം മറഞ്ഞവൻ കിടക്കയിലേക്ക് കുഴഞ്ഞ് വീണിരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story