മഴപോൽ: ഭാഗം 10

mazhapol thasal

രചന: THASAL

"ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു....അയാളോട് ഇന്ന് തന്നെ അയച്ചു തരാൻ പറഞ്ഞതാ.... " കിട്ടിയ ഫോട്ടോസ് ഓരോന്നും ബെഡിൽ കിടന്നു ഏതന് കാണിച്ചു കൊടുക്കുന്ന തിരക്കിൽ ആണ് ഇവ... അവൾക്ക് അടുത്ത് തന്നെ ഏതൻ കിടപ്പുണ്ട്... ഓരോന്നിനും അഭിപ്രായവും പറയുന്നുണ്ട്... അവർക്ക് കാലിന് താഴെ ക്രോസ്സ് ആയി ഗെയിം കളിച്ചു കിടക്കുകയാണ് റയാനും ജോയും... നിലത്ത് കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ് പീറ്റർ... പെട്ടെന്ന് ഇൻസ്റ്റയിൽ നോട്ടിഫിക്കേഷൻ വന്നതും അവൾ മെല്ലെ അതൊന്നു തുറന്ന് നോക്കി... അർജുന്റെ ഫോളോ റിക്വസ്റ്റ്.... അവൾ ഒരു പുഞ്ചിരിയോടെ അപ്പോൾ തന്നെ ആ പ്രൊഫൈൽ ഒന്ന് തുറന്ന് നോക്കി അപ്പോൾ തന്നെ തിരികെയും ഫോളോ ചെയ്തു... അതെല്ലാം കണ്ണും വിടർത്തി അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു ഏതൻ... "ഏതവൻ ആടി അത്...തിരികെ ഫോളോ ചെയ്യാൻ... " "അജു... സോറി അർജുൻ... ഞാൻ ഇന്ന് പറഞ്ഞില്ലേടാ ഒരുത്തൻ fm ൽ എന്റെ സൗണ്ട് കേട്ടു കാണാൻ വന്നു എന്ന്...ഇതാണ് ആള്... " അവൾ ചിരിയോടെ അവന് മറുപടി നൽകി..

"ഒരു ദിവസത്തെ പരിജയത്തിൽ സെക്കന്റ്‌ കൊണ്ട് ഫോളോ ബാക്ക്... നമ്മൾ ഒക്കെ മാസങ്ങളോളം പിറകെ നടന്നിട്ട ഒന്ന് ഫോളോ ചെയ്തത്... ആയ്ക്കോട്ടെ... " അവൻ ആക്കിയ കണക്കെ പറഞ്ഞതും അവൾ അവന്റെ തലയിൽ ഒന്ന് എത്തിച്ചു മേടി... "ഇവള് ഫോളോ ബാക്ക് ചെയ്യുകയോ... ആരാ ആള്... " താഴെ കിടന്നു കളിച്ചിരുന്ന രണ്ടും കൂടി അതും ചോദിച്ചു എഴുന്നേറ്റു വന്നതും ഏതൻ അവളുടെ ഫോൺ തട്ടി പറിച്ചു വാങ്ങി കൊണ്ട് അവർക്ക് നേരെ എറിഞ്ഞു... "പട്ടി... അത് എങ്ങാനും പൊട്ടിയാൽ നിന്റെ അവസാനം ആകും... " ഏതനെ ഒന്ന് ചവിട്ടി കൊണ്ട് അവൾ പറഞ്ഞു.. അപ്പോഴേക്കും ഫോട്ടോയിലേക്ക് നോക്കി കൊണ്ട് റയാൻ ഫോൺ അവളുടെ മേലെക്ക് ഇട്ടിരുന്നു... "ഇത് അർജുൻ അല്ലേ... " ഒരു കൂസലും കൂടാതെ പറഞ്ഞു കൊണ്ട് അവൻ പിന്നെയും അവരുടെ കാലിന് ചുവട്ടിൽ ആയി കിടന്നു... കൂടെ ജോയും... ഇവ ഒന്ന് ഞെട്ടി കൊണ്ട് എഴുന്നേറ്റു തലയണ മടിയിൽ വെച്ചു കൊണ്ട് ഇരുന്നു... "നിനക്ക് അറിയാവോ അവനെ... " "പിന്നെ... നമ്മുടെ സൂപ്പർ സീനിയർ ആയി കോളേജിൽ പഠിച്ചതാ....നീ കണ്ടിട്ടില്ലേ... "

"ഇല്ല... " അവൾ അത്ഭുതത്തോടെ പറഞ്ഞു... "അതാണ്‌ പറയുന്നത് എന്നെങ്കിലും നേരം പോലെ കോളേജിൽ കയറണം എന്ന്... കിട്ടിയ സമയം ബാന്റ്.... മ്യൂസിക്.... ഡബ്ബിങ് എന്നൊക്കെ പറഞ്ഞുള്ള നടപ്പ് അല്ലേ... " അവനും കളിയാലെ പറഞ്ഞു കൊണ്ട് ഫോണിൽ മുഖം പൂഴ്ത്തി... "അപ്പൊ എനിക്കും അറിയില്ലല്ലോ..." "അതിന് നീ എപ്പോഴാ കോളേജിൽ കയറിയിട്ടുള്ളത്... ഇവളുടെ വാലിൽ അല്ലായിരുന്നോ നീ... " മറുപടി ജോയുടെത് ആയിരുന്നു... ഇവ രണ്ടിനെയും ഒന്ന് ചവിട്ടി കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു മറു ഭാഗത്തേക്ക് ചാടി ഇറങ്ങി കൊണ്ട് പുറത്തേക്ക് നടന്നു... "പെൺപിള്ളേരെ കാണാൻ ആണെങ്കിലും കോളേജിൽ പോയത് നിങ്ങളുടെ ഭാഗ്യം..." വെറുതെ തമാശ പോലെ അവൾ വിളിച്ചു പറഞ്ഞതും ഏതനും ഒന്ന് പൊട്ടിച്ചിരിച്ചു... പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൾ ഫോണിലേക്ക് നോട്ടം തെറ്റിച്ചു.... അരുണിന്റെ നമ്പർ കണ്ടതും അവൾ കാൾ അറ്റന്റ് ചെയ്തു... "ഹെലോ... " "ഡി... നാളെ ഒരു വർക്ക്‌ ഉണ്ട്... നിനക്ക് താല്പര്യം ഉണ്ടെങ്കിൽ വാ... നല്ല ക്യാഷ് കിട്ടുന്ന ഏർപ്പാടാ.... " ധൃതിയിൽ ഉള്ള വാക്കുകളും കാൾ കട്ട്‌ ആവലും കഴിഞ്ഞു...

അവൾ ഫോണിലേക്ക് ഒന്ന് നോക്കി.. മെല്ലെ wtsp എടുത്തു വരാം എന്ന് അവന് മെസ്സേജ് ഇട്ടു കൊണ്ട് പുറത്ത് സിമന്റ് ബെഞ്ചിൽ പോയി ഇരുന്നു... ഉള്ളിൽ നിറയെ മമ്മയും പപ്പയും ആയിരുന്നു... എത്രയൊക്കെ അകറ്റാൻ നോക്കിയാലും അതാണ്‌ തന്റെ ഫാമിലി... ലൈഫിൽ എന്ത് നേടിയാലും തനിക്ക് താങ്ങായി നിൽക്കാൻ കഴിവുള്ളവരാ.... "ഡി... വാടി നടന്നിട്ട് വരാം... " പുറത്തെ ഗേറ്റ് തുറക്കുന്നതിനിടയിൽ പീറ്റർ വിളിച്ചു.. അവൾ ചിന്തയിൽ നിന്നും ഉണർന്നു കൊണ്ട് വേറൊന്നും മിണ്ടാതെ ഫോൺ ട്രാക്ഷൂട്ടിന്റെ പോക്കറ്റിൽ ഇട്ടു കൊണ്ട് അവന്റെ കൂടെ നടന്നു... "നീ മൂഡ് ഓഫ് ആണോ... " മുന്നോട്ട് നടക്കുമ്പോൾ കൈ ഉയർത്തി അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് അവൻ ചോദിച്ചതും അവൾ ചുണ്ട് ഒന്ന് കടിച്ചു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി... "വീട്ടിലെ കാര്യങ്ങൾ ആലോചിച്ചു ഒരു സമാധാനവും ഇല്ല.... ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും മനസ്സിലാകാത്ത അവസ്ഥ.... എത്രയൊക്കെ ഓർക്കേണ്ട എന്ന് കരുതിയാലും ഒറ്റയ്ക്ക് ആകുമ്പോൾ മനസ്സിൽ അത് തന്നെ വരും.... നീ അത് വിട്... "

അവൾ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു... "നീ ഈ റോഡിലേക്ക് ഒന്ന് നോക്കിയെ... " അവൻ പറഞ്ഞതും അവൾ മുന്നിലേക്ക് നോക്കി.... ദൂരെക്ക് നീണ്ടു കിടക്കുന്ന റോഡിൽ ഇടക്ക് ഇടക്ക് മാത്രം സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം ഉണ്ട്.... "ഈ റോഡ് പോലെ തന്നെയാണ് ജീവിതവും.... എപ്പോഴും പോസിറ്റീവ് മാത്രം സംഭവിക്കും എന്ന് കരുതരുത്.... ഇടക്ക് ലൈറ്റ് ഇല്ലാതെയാകും ഇടക്ക് ഹൈ വോൾടെജിൽ പ്രകാശിക്കും.... ഇടക്ക് സ്മൂത്ത്‌ ആയി മുന്നോട്ട് പോകും... എല്ലാവരുടെയും അങ്ങനെ തന്നെയാ..... നിനക്കും വരുമഡി പോത്തേ ഒരു നല്ല കാലം... " അവൻ പുഞ്ചിരിയോടെ പറയുമ്പോൾ അവൾ കാൽ ഉയർത്തി അവന്റെ തോളിലൂടെ ഒന്ന് കയ്യിട്ടു.... "അപ്പോൾ പകൽ മുഴുവൻ വെളിച്ചം അല്ലേ.... " അവൾ കുസൃതിയോടെ ചോദിച്ചു... "പോടീ കോപ്പേ... " അവളുടെ കൈ തട്ടി തെറിപ്പിച്ചു മുന്നോട്ട് നടക്കുന്നവന്റെ പിന്നാലെ അവൾ ചിരിയോടെ ഓടി... _________ "നല്ലോണം തടയുവോടാ.... " "ഫിലിമിന് ആടി.... രണ്ട് വരി തീം സോങ് ആണ്.... " എന്തൊക്കെയോ കുത്തി കുറിക്കുന്ന ആളെ നോക്കി കൊണ്ട് ഒന്നും അറിയാത്ത മട്ടിൽ ഇവയും അരുണും സംസാരിച്ചു...

"തീം സോങ്ങോ... ഞാനോ... ടാ ഭ്രാന്ത...." അവൾ അറിയാതെ വിളിച്ചു പോയി.... "ഡി... ഡി... മെല്ലെ... നീ പാടാറുള്ളതല്ലേ.... ഇങ്ങേര് വന്നു ചോദിച്ചപ്പോൾ ഞാൻ നിന്റെ കുറച്ചു പാട്ടുകൾ കേൾപ്പിച്ചു.... അതോടെ അങ്ങേര് ഫ്ലാറ്റ്... നിന്നെ തന്നെ മതി എന്ന്... നിനക്ക് ഒരു ജോലിയും ഇല്ലാത്തതു കൊണ്ട് നീ ഒന്നും നോക്കാതെ വരുമെന്ന് എനിക്കും അറിയാമായിരുന്നു... " അവൻ കൂൾ ആയി പറഞ്ഞു... ഇവ അവനെ കൊല്ലും വിധം ഒന്ന് നോക്കി... "ഇതങ്ങനെ പെട്ടെന്ന് പറ്റുന്ന പണിയാ.... ലിറിക്സ് നോക്കണ്ടേ... മ്യൂസിക് കേൾക്കണ്ടെ... " "ഡി.. പോത്തേ....ഇന്ന് റെക്കോർഡിങ്ങ് ഇല്ല... ഈ പറയുന്ന സാധനത്തിനാ നിന്നെ വിളിച്ചിരുന്നു വരുത്തിയത്... നാളെ മതി എന്നാ അങ്ങേര് പറഞ്ഞത്.... നീ മര്യാദക്ക് നിന്നെ... പുളികൊമ്പ് ആണ്... വേണേൽ കയറി പിടിച്ചോ... " "ഉറുമ്പ് കടിക്കാനും ചാൻസ് കൂടുതലാ... " "ഇതാണ് എനിക്ക് പറ്റാത്തത്....ഡി...സിനിമയിൽ പാടുക എന്ന് പറഞ്ഞാൽ ചെറിയ കാര്യവാ... നീ അങ്ങ് ഫേമസ് ആകില്ലേഡി... " "ഇതിന് മുന്നേയും പാടിയല്ലോ ഫിലിം ഇറങ്ങുമ്പോൾ പാട്ട് മാത്രം ഉണ്ടാകില്ല... " അവളും മുഖം കോട്ടി... "പോടീ പുല്ലേ... " "蠢到极点" (Chǔn dào jídiǎn) (Bloody fool) അവൾ മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "ഡി... അങ്ങേര് വരുന്നുണ്ട് ഡീസന്റ്... "

അരുൺ പറഞ്ഞതും അവൾ ഒന്ന് ഡീസന്റ് ആയി നിന്നു... "ഇതാണല്ലേ താൻ പറഞ്ഞ ആള്....തന്റെ പാട്ട് ഒക്കെ ഞാൻ കേട്ടു.... ഞാൻ ഇമ്പ്രെസ്സ്ട് ആണ്... But... അവിടെ ഇരിക്കുന്നത് ഡയറക്റ്റർ ആണ്... അങ്ങേരെ കൂടി ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കണം.. അതിന് വേണ്ടി രണ്ട് വരി പാടി കേൾപ്പിക്കണം... താൻ റെഡി ആണോ..." അദ്ദേഹം ചോദിച്ചതും അവൾ ഒരു ആലോചന പോലും ഇല്ലാതെ തലയാട്ടി... അവൾക്ക് അറിയാമായിരുന്നു ഇവിടെ ഒരു നോ പറഞ്ഞാൽ ചിലപ്പോൾ ജീവിതകാലം മുഴുവൻ നോ പറയേണ്ടി വരും എന്ന്... "എന്നാ താൻ റെക്കോർഡിങ്ങ് റൂമിലേക്ക്‌ ചെല്ല്... അരുൺ... താൻ വാ... " അരുണിനെയും വിളിച്ചു കൊണ്ട് അങ്ങേര് പോയതും അരുണും കൈ കൊണ്ട് all the best നൽകി കൊണ്ട് അയാൾക്ക്‌ പിന്നാലെ പോയി... "കർത്താവെ... മിന്നിച്ചെക്കണേ.... രണ്ട് കൂട് മെഴുകുതിരി കത്തിച്ചെക്കാവേ...." ഒരു നിമിഷം ഒന്ന് പ്രാർത്ഥിച്ചു കൊണ്ട് കുരിശും വരച്ചു കൊണ്ട് അവൾ റെക്കോർഡിങ്ങ് റൂമിലേക്ക്‌ നടന്നു.... _________ "ഡി..... നിനക്ക് കിട്ടിയഡി... നിന്നോട് നാളെ വരാൻ പറഞ്ഞിട്ടുണ്ട്.... " സ്റ്റുഡിയോക്ക് പുറത്ത് വെയിറ്റ് ചെയ്യുന്ന ഇവക്ക് അടുത്തേക്ക് വന്നു കൊണ്ട് അരുൺ പറഞ്ഞതും അവൾ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു.... "മ്യൂസികും ലിറിക്സും എല്ലാം ഞാൻ നിനക്ക് സെന്റ് ചെയ്തു തരാം...

എല്ലാം നോക്കിയിട്ട് tomorrow 9.30 ക്ക് വന്നാൽ മതി...." അവൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു... അവൾ അവനെ ചെറുതിലെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് മാറി നിന്നതും അവൻ അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ചെറിയൊരു ഞെട്ടലോടെ അവളെ നോക്കി... "Thankyou somuch..... " അവൾ പറയുന്നത് കേട്ടു അവൻ അവളുടെ തലയിൽ മെല്ലെ ഒന്ന് മേടി... "പോടീ അവിടുന്ന്... പിന്നെ....നീ കുറച്ചു മുന്നേ വർക്ക്‌ ചെയ്തിരുന്നില്ലേ... ഒരു ഷോർട്ട് ഫിലിമിൽ... " "ഫോർട്ട്‌ കൊച്ചിയിലെ പയ്യന്മാരുടെതാണോ... " "അത് തന്നെ... അവന്മാര് ഇന്ന് വന്നിട്ടുണ്ടായിരുന്നു... അന്ന് നീ ക്യാഷ് ഒന്നും വേണ്ടാന്ന് പറഞ്ഞല്ലോ... അവന്മാര് ഷോർട്ട് ഫിലിം യൂട്യൂബിൽ ഇട്ടു അത് ക്ലിക്ക് ആയി... ട്രെൻഡിങ്ങിലും ആയി.... യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടിയപ്പോൾ അതിൽ നിന്ന് ഒരു പങ്ക് നിനക്ക് തരാൻ വേണ്ടി എന്നെ ഏൽപ്പിച്ചു.... നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്നാ പറഞ്ഞത്.... ക്യാഷ് ഞാൻ ഫ്ലാറ്റിൽ വെച്ചു മറന്നു.... നീ പോകുമ്പോൾ അത് കൂടി എടുത്തെക്കണം... ഡ്രോയിൽ തന്നെയുണ്ട്...." അവൻ ഫോണിൽ നോക്കി കൊണ്ട് തന്നെ പറഞ്ഞു... "ഓ...അങ്ങനേലും രക്ഷപെടട്ടെ പാവങ്ങൾ....അല്ല ഫ്ലാറ്റിന്റെ കീയോ... " "അവിടെ ആളുണ്ട്... നീ പോയിട്ട് എടുത്താൽ മതി..." "അരുൺ... " ഉള്ളിൽ നിന്നും ആരുടേയോ വിളി...

"ഡി... ഞാൻ എന്നാ പോയി... നീ ഇപ്പോൾ ഇറങ്ങുന്നുണ്ടോ... അതോ കുറച്ചു നേരം എടുക്കോ... " "ഇല്ലടാ ഇപ്പോൾ ഇറങ്ങും.... " അവൾ വളരെ സൗമ്യമായി പറഞ്ഞു...അവൻ അവളെ നോക്കി ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നപ്പോഴും അവളുടെ ചിന്തകളെ ആധിപത്യം സ്ഥാപിച്ചത് ആ ഷോർട്ട് ഫിലിം തന്നെ ആയിരുന്നു.... ഒരുപാട് ആളുകളുടെ വർഷങ്ങളുടെ അധ്വാനം... ടൈൽ പണിക്ക് പോയും... കുടുംബം നോക്കാൻ കഷ്ടപെടുന്ന കുറച്ചു കൂട്ടുകാരുടെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഉണ്ടായ ഒരു ഷോർട്ട് ഫിലിം....അതിലേക്കു തന്നെ ഡബ്ബിങ്ങിന് വേണ്ടി വിളിക്കുമ്പോൾ അവരുടെ ഉള്ളിലെ ആധി തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... കയ്യിലെ ക്യാഷ് എണ്ണിയും ആരെ ഒക്കെയോ വിളിച്ചും നിൽക്കുന്നവരോട് ഒരു വാക്ക് പോലും മിണ്ടാതെ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പോരുമ്പോൾ പിന്നിൽ അരുൺ ക്യാഷ് ഒന്നും വേണ്ടാ എന്ന് പറയുമ്പോഴും അവരുടെ ഉള്ളിലെ ആഹ്ലാദം തനിക്കും ഊഹിക്കാൻ കഴിയും.... പക്ഷെ അവർ തന്നെ പിന്നെയും ഓർക്കും എന്നോ...നല്ലൊരു കാലം വരുമ്പോൾ ആ സന്തോഷത്തിൽ തന്നെയും പങ്ക് ചേർക്കും എന്നോ ഒട്ടും പ്രതീക്ഷിച്ചില്ല... അവളുടെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു...

നമ്മൾ പോലും പ്രതീക്ഷിക്കാത്തവരുടെ ഹൃദയത്തിൽ നമ്മൾ ചിലപ്പോൾ സ്ഥാനം പിടിക്കും... എന്നാൽ പ്രതീക്ഷ വെക്കുന്നവരിൽ ഒരു കുഞ്ഞ് ഇടം പോലും ഉണ്ടാക്കാനും കഴിയില്ല... മനുഷ്യന്റെ മനസ്സ് അല്ലേ... അതിനെ അളക്കാൻ മാത്രം ഒരു ഉപകരണവും ഉണ്ടാക്കിയിട്ടില്ല.... _________ ഫ്ലാറ്റിൽ ബെൽ അടിച്ചു കൊണ്ട് അവൾ ക്രോസ്സ് ബാഗിൽ ഒന്ന് പിടി മുറുക്കി കൊണ്ട് ചുറ്റും കണ്ണുകൾ ഉഴിഞ്ഞു.... മെല്ലെ ഫ്ലാറ്റിന്റെ ഡോറിൽ തൂക്കി വെച്ച ഒരു കുഞ്ഞ് കിളിയുടെ ബൊമ്മയിൽ ഒന്ന് തൊട്ടു നോക്കി... "കൊള്ളാലോ... " സ്വയം പറഞ്ഞു കൊണ്ട് വീണ്ടും അതിന്റെ ചുണ്ടിലും തൂവലിലും എല്ലാം വിരലുകൾ പായിച്ചു.... ഉള്ളിൽ നിന്നും ആരുടേയോ കാൽ പെരുമാറ്റം കേട്ടു അവൾ പെട്ടെന്ന് തന്നെ കൈകൾ പിൻവലിച്ചു ഒന്ന് ഡീസന്റ് ആയി നിന്നു.... ചുണ്ടിൽ ഒരു ചിരിയും വരുത്തി.... "ഈ നേരത്ത് ഏതവൻ ആണ്... " ഉറക്കപിച്ചോടെ കണ്ണും അമർത്തി തിരുമ്മി ഉറക്കം പോയതിന്റെ ദേഷ്യവുമായി വന്നു ഡോർ തുറന്ന അർജുൻ ആദ്യം കാണുന്നത് തന്നെ പല്ലും ഇളിച്ചു കൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്ന ഇവയെയാണ്.... അവൻ ഒന്ന് കണ്ണും മിഴിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി.... മെല്ലെ അവളുടെ ചിരിയുടെ പവറും കുറഞ്ഞു.. "താൻ ആയിരുന്നോ... അരുൺ പറഞ്ഞപ്പോൾ കരുതി വല്ല യമണ്ടൻ സാധനവും ഇവിടെ ഉണ്ടാകും എന്ന്...

മാറി നിൽക്ക് അങ്ങോട്ട്‌... " ഒരു കൂസലും കൂടാതെ തന്നെയും ഉന്തി മാറ്റി ഉള്ളിലേക്ക് കയറി പോകുന്നവളെ ഒരു നിമിഷം അന്തം വിട്ട് നോക്കി നിന്നു അർജുൻ... പിന്നീട് നോട്ടം തന്നിലെക്ക് തന്നെ നീങ്ങി... "അയ്യേ... " ഷോർട്ട്സും ഇട്ടു നിൽക്കുന്ന തന്നെ സ്വയം ഒന്ന് നോക്കി കൊണ്ട് അവൻ വേഗം തന്നെ റൂമിലേക്ക്‌ ഓടി.... ഷോർട്സിന് മേലെ ഒരു ട്രാക്കും ഇട്ടു കൊണ്ട് ഇറങ്ങി വരുമ്പോൾ ഇവ അരുണിന്റെ റൂമിൽ ഭയങ്കര പണിയിൽ ആയിരുന്നു... അവൻ മെല്ലെ അങ്ങോട്ട്‌ നടന്നു... "ഈ കോപ്പ് ഇത് എവിടെയാണാവോ വെച്ചത്... " റൂമിലെ ഡ്രോ മുഴുവൻ തുറന്ന് നോക്കി കൊണ്ട് സ്വയം പറയുന്നുണ്ട് അവൾ... "ആ... താൻ അതിനിടയിൽ ഡ്രസും മാറ്റിയോ... ഞാൻ ഉറക്കം കളഞ്ഞു കാണും അല്ലേ...അല്ലേ... ഡോർ തുറന്നപ്പോൾ കിളി പോയ മട്ടിൽ നിൽക്കുന്നത് കണ്ടെ... " ചിരിയോടെ ഒരു ഡ്രോയിൽ കയ്യിട്ടു അവൾ അവന് നേരെ നോക്കി കൊണ്ട് ചോദിച്ചു...അവൻ ഒന്ന് പുഞ്ചിരിച്ചു... "എന്റെ ഇവാമ്മോ...വരുമ്പോൾ ഒന്ന് ഇൻഫോം ചെയ്തിട്ട് വരണ്ടേ.... നേരം വെളുത്തു കണ്ണും തിരുമ്മി എണീറ്റു വരുമ്പോൾ അഞ്ചടി വലുപ്പത്തിൽ മുഖത്ത് പാതിയും കണ്ണും വെച്ചു മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു ഒരു കുട്ടി തേവാങ്ക് നിൽക്കുന്നത് കണ്ടാൽ ആരുടേ ആയാലും കിളി പോകില്ലേ.... " "ദേ... വേണ്ടാ... "

അവൾ കയ്യിൽ കിട്ടിയ ടൈംപീസ് അവന് നേരെ എറിയും പോലെ കാണിച്ചു കൊണ്ട് പറഞ്ഞു... അവനും ചിരിക്കുകയായിരുന്നു... അവൾ അത് തിരികെ വെച്ചു.... "നേരം വെളുത്തിട്ട് സൂര്യൻ റസ്റ്റ്‌ എടുക്കാൻ പോയി കാണും... അത്രയും സമയം ആയി... ഒരു ആർട്ടിസ്റ്റിന് ആദ്യം വേണ്ടത് കൃത്യനിശ്ടയാണ്... " അവളും വിട്ട് കൊടുക്കാത്ത രീതിയിൽ പറഞ്ഞു...... "അല്ല.... ഇയാള് എന്താണാവോ തപ്പുന്നത്..." കിട്ടിയ ബാഗും സാധനങ്ങളും മുതൽ ഡ്രോയിൽ ഉണ്ടായിരുന്ന ഒരു മുട്ട് സൂചി വരെ പുറത്ത് ബെഡിൽ എത്തിച്ചവളെ നോക്കി ഡോറിൽ ചാരി കൊണ്ട് അവൻ ചോദിച്ചു... "അരുൺ കുറച്ചു ക്യാഷ് ഡ്രോയിൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു... " "ഓഹ്... ക്യാഷ് അല്ലേ... അത് അവന്റെ ഡ്രോയിൽ അല്ല... എന്റെതിലാ... അവൻ പോകുമ്പോൾ എന്നെ ഏൽപ്പിച്ചിരുന്നു... " അവൻ എന്തോ ഓർത്ത പോലെ പറഞ്ഞു... "എന്നിട്ട് ആണോ മനുഷ്യ... ഞാൻ ഈ കണ്ട സ്ഥലം മുഴുവൻ തപ്പിയത്... ഒരു വാക്ക് മുന്നേ പറയണ്ടേ... " "അതിന് താനാണ് ക്യാഷിന് വരുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ... ആദ്യം തന്നെ ചോദിക്കെണ്ടെ എന്റെ ഇവാമ്മോ... " അവൻ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ വെറുതെ അവളും അവന്റെ പിറകെ ആയി നടന്നു.... വേറൊരു റൂമിലേക്ക് അവൻ കയറി പോകുന്നത് കണ്ടു അവൾ ഡോറിന്റെ അരികിൽ തന്നെ നിന്നു...

ഉള്ളം ഒന്ന് കണ്ണ് ഉഴിഞ്ഞു.... കിടന്ന ബ്ലാങ്കറ്റും ബെഡ്ഷീറ്റും എല്ലാം അപ്പാടെ കുത്തി മറിഞ്ഞിട്ടുണ്ട്.... വർക്ക്‌ ചെയ്ത ലാപ് മുതൽ ജെഗ്ഗ് വരെ ബെഡിന്റെ ഹെഡ് ബോർടിന് മുകളിൽ ആണ്....അധികം അലമ്പ് ഇല്ലെങ്കിലും അലമ്പ് എന്ന് തന്നെ പറയാൻ പറ്റുന്ന ഒരു റൂം... അവൻ ഡ്രോയിൽ കയ്യിട്ടു കൊണ്ട് ആദ്യം ഒരു സിഗരറ്റ് പാക്കറ്റ് കയ്യിൽ എടുത്തു... അത് ഇടതു കയ്യിൽ പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് വീണ്ടും ഒന്ന് കൂടെ തിരഞ്ഞു കൊണ്ട് ക്യാഷ് എടുത്തു അവളുടെ അടുത്തേക്ക് നടന്നു... "ഗോൾഡ് ആണല്ലോ... നല്ല പോലെ വലിക്കോ... " കയ്യിലെ സിഗരറ്റ് കണ്ടിട്ട് ആണ് ചോദ്യം എന്ന് അവന് അറിയാമായിരുന്നു... അവൻ ഒന്ന് പുഞ്ചിരിച്ചു.. ശേഷം ഒന്ന് തലയാട്ടി... നുണ പറഞ്ഞു ഇമ്പ്രെസ്സ് ആക്കേണ്ട ആവശ്യം അവനും ഇല്ലായിരുന്നു... "അപ്പൊ കഞ്ചാവും കാണും... " അവൾ ഒരു തമാശ രൂപേണ അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു.... "അല്ലടി... ചാർലിയും ഉണ്ട്... എന്താ വേണോ... " അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ ഉള്ള ക്യാഷ് വാങ്ങി പോക്കറ്റിൽ ഇട്ടു... "കൊതിപ്പിക്കല്ലേ... " തമാശ എന്നോണം പറഞ്ഞു... അവൻ ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കുകയായിരുന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story