മഴപോൽ: ഭാഗം 12

mazhapol thasal

രചന: THASAL

"ഡി... ഉറങ്ങാൻ ആയോ... " ബെഡിൽ കിടന്നു മ്യൂസിക് കേൾക്കുന്ന ഇവയെ കണ്ടു ഡോറിന്റെ അടുത്ത് തന്നെ നിന്ന് കൊണ്ട് റയാൻ ചോദിച്ചതും അവൾ മ്യൂസിക് ഓഫ് ചെയ്തു കൊണ്ട് കൈ എത്തിച്ചു ലൈറ്റ് ഇട്ടു.. "ഇല്ലടാ... നാളെ റെക്കോർഡിങ്ങിനുള്ള പാട്ട് പഠിക്കുകയായിരുന്നു... നീ എന്താ അവിടെ നിൽക്കുന്നത്... കയറി വാടാ... " മടിയോടെ നിൽക്കുന്ന റയാനെ നോക്കി കൊണ്ട് അവൾ പറഞ്ഞതും അവളുടെ വാക്കുകളിൽ ഒരു ദേഷ്യവും കാണാതെ വന്നതോടെ അവന്റെ മുഖവും ഒന്ന് തെളിഞ്ഞു... അവൻ ഒന്ന് ശ്വാസം വിട്ടു.... "Nothing ഡാ.... നീ സോങ് നോക്കിക്കോ.... ഞാൻ കിടക്കാൻ പോവായിരുന്നു... അതിന് മുന്നേ നിന്നെ ഒന്ന് നോക്കിയതാ..." അവൻ ആശ്വാസത്തോടെ ഡോർ ചാരി കൊണ്ട് തിരിഞ്ഞു നടന്നു... "ഇവനിത് എന്ത് പറ്റി... " ഇവ സ്വയം ചോദിച്ചു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു ഹെഡ് ബോർഡിലേക്ക് ചാരി കിടന്നു... _________ "നീ കുറച്ചു നേരം കഫെയിൽ ഇരിക്ക്.... ഞാൻ എല്ലാം ഒന്ന് ചോദിച്ചു മനസ്സിലാക്കിയിട്ട് നിന്നെ വിളിക്കാം... " അരുൺ പറഞ്ഞതും ഇവ ഒന്ന് തലയാട്ടി കാണിച്ചു അലസമായി ഇട്ട തോളറ്റം ചേർന്നു കിടക്കുന്ന മുടി ഒന്ന് ഒതുക്കി... "കഴിഞ്ഞു എന്ന് പറഞ്ഞാൽ എനിക്ക് അങ്ങ് പോകായിരുന്നു... ഇത് ഒരുമാതിരി... " "ഡി.. പോത്തേ... ധൃതി കൂട്ടല്ലേ... പോയിട്ട് പണിയൊന്നും ഇല്ലല്ലോ... നിന്നെ പോലെ വെയിറ്റ് ചെയ്യുന്നവരെ കൊണ്ട് ആ കഫെ നിറഞ്ഞിട്ടുണ്ട്.... പോയി നോക്ക്.. "

രുൺ പറഞ്ഞതും അവന്റെ പുറത്ത് മെല്ലെ ഒന്ന് തട്ടി കൊണ്ട് അവൾ കഫെ ലക്ഷ്യമാക്കി നടന്നു... ഈ സ്റ്റുഡിയോയിൽ വർക്ക്‌ ചെയ്യാൻ തുടങ്ങിയ കാലം തൊട്ടു സ്ഥിരമായി വരുന്ന ചെറിയൊരു കഫെ... അധികം സൗകര്യങ്ങൾ ഒന്നും ഇല്ല എങ്കിൽ കൂടി അവൾക്ക് അത് കൊച്ചു സ്വർഗം ആയിരുന്നു... തന്റെ സൗഹൃദങ്ങൾ വളർത്തി എടുത്ത കൊച്ച് സ്വർഗം.... "കോൾഡ് കോഫി... " അവൾ വരുന്നത് കണ്ടതും കഫെയിൽ ഓർഡർ എടുക്കുന്ന ചെറുക്കൻ പറഞ്ഞു... അവൾ ഒരു ചിരിയോടെ ഒന്ന് തലയാട്ടി കൊണ്ട് മുകളിലെക്കുള്ള സ്റ്റയർ കയറി... "ഇന്ന് മുകളിലേക്ക് മതി... " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി... ഒരുപാട് ടേബിളുകൾ അടുപ്പിച്ചു ഇട്ട ഒരു ചെറിയ ഭാഗം...അധികം ടേബിളുകളിലും കോളേജ് പിള്ളേര് തന്നെയാണ്... അവൾ ചെറിയ ചിരിയോടെ അല്പം മാറി ഓപ്പൺ നെറ്റിനോട് ചേർത്ത് ഇട്ടിട്ടുള്ള രണ്ടാൾക്ക് മാത്രം ഇരിക്കാൻ ആകുന്ന ചെയർ ലക്ഷ്യമാക്കി നടന്നു... പോക്കറ്റിൽ നിന്നും ഫോൺ എടുത്തു വെറുതെ ടേബിളിൽ വെച്ചു ചെയറിൽ പുറത്തേക്ക് നോക്കി ഇരുന്നു... "ഒന്നും പറയണ്ട... ഞാൻ ആകെ പേടിച്ചിട്ട്...പെട്ടെന്ന് സെമിനാർ എടുക്കാൻ ഒക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ...അതാണെങ്കിലോ... ഞാൻ പോലും അറിയാത്ത ഭാഗം... ഈ കൊല്ലം സപ്ലി ഉറപ്പാ... " വെറുതെ റോഡിലേക്ക് നോക്കി ഇരിക്കുമ്പോൾ പിള്ളേരുടെ സംസാരങ്ങൾ കേൾക്കുന്നുണ്ട്... അവൾ അവരെ നോക്കിയില്ല എങ്കിലും ശ്രദ്ധ അവരിലേക്ക് ആയിരുന്നു...

അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ് അവർ കടന്നു പോകുന്നത്.... ഒരുപാട് സൗഹൃദ വലയങ്ങളും... ചെറിയ ചെറിയ സന്തോഷങ്ങളും നിറഞ്ഞ കാലം.... അവളുടെ നോട്ടം മെല്ലെ ചുറ്റും ഉള്ളവരിലേക്ക് പാറി വീണു... യൂണിഫോം ധരിച്ച് വെറുതെ മുഖം മറച്ചു ഇരിക്കുന്ന പെൺകുട്ടികൾക്ക് ചാരെ കുനിഞ്ഞു ഇരുന്നു സംസാരിക്കുന്ന ചെറുപ്പക്കാർ മുതൽ സുഹൃത്തുക്കൾക്കൊപ്പം എൻജോയ് ചെയ്യാൻ വന്നവർ വരെ.... പ്രണയം... ഈ പ്രായത്തിലെ പ്രണയത്തിൽ വല്ല സത്യവും ഉണ്ടാകുമോ.... ദീർഘ ചുംബനങ്ങളും ആലിംഗനവും.... വെറുതെ കാര്യം ഒന്നും ഇല്ലാത്ത വെറും സുഖിപ്പിച്ച സംസാരവും... അതല്ലേ അവരുടെ പ്രണയം... താനും അനുഭവിച്ച പ്രണയം അതല്ലേ... പക്ഷെ... അത് പ്രണയം അല്ല എന്ന് തിരിച്ചറിയണം എങ്കിൽ ഈ പ്രായത്തിൽ ഒരു പ്രണയം ഉണ്ടായേ മതിയാവൂ.... അവൾ കുഞ്ഞ് പുഞ്ചിരിയോടെ അവരിൽ നിന്നും കണ്ണ് മാറ്റി... മെല്ലെ നോട്ടം ചെന്ന് പതിഞ്ഞത് എവിടെ ഇരിക്കും എന്ന് സംശയത്തോടെ പരതുന്ന അർജുനിലും... അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... "അജു... " അവൾ ശബ്ദം ഒന്ന് ഉയർത്തി കൊണ്ട് വിളിച്ചു...അർജുൻ സംശയത്തോടെ തിരിഞ്ഞില്ല നോക്കിയതും കാണുന്നത് ടേബിളിൽ ഇരുന്നു കൈ വീശി കാണിക്കുന്ന ഇവ... അവന്റെ ഉള്ളിൽ കുഞ്ഞ് സന്തോഷം ഉടലെടുത്തു... അവൻ അവളുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നു... "താൻ എന്താടോ ഇവിടെ... " "ഒരു റെക്കോർഡിങ്ങ് കഴിഞ്ഞിട്ട് ഉള്ള ഇരിപ്പ് ആടോ...

അങ്ങേര് പോകാൻ പറഞ്ഞിട്ടില്ല... അത് പറഞ്ഞാലേ വീട്ടിൽ പോകാൻ ഒക്കു...താൻ ഇരി..." അവൾ പറയുന്നത് കേട്ടു അവൻ ചെയർ വലിച്ചു ഇരുന്നു... "അപ്പൊ താനോ... " അവൾ ചോദിച്ചു... "സെയിം... റെക്കോർഡിങ്.... കഴിഞ്ഞു... പോകാൻ ഇറങ്ങിയപ്പോൾ ഒരു കോഫി കുടിക്കാം എന്ന് കരുതി കയറിയതാ... " അവൻ ചെയറിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു... അപ്പോഴേക്കും ഒരു പയ്യൻ ഓർഡർ എടുക്കാൻ വന്നിരുന്നു... "One coffie.... തനിക്ക് എന്താടോ... " "ഞാൻ ഓർഡർ ചെയ്തതാ..." അവളോട്‌ ചോദിച്ചതും ഇരു കയ്യും പിണച്ചു കെട്ടി താടിയിൽ ഒന്ന് ഊന്നി കൊണ്ട് അവൾ പറഞ്ഞു... ആ പയ്യൻ രണ്ട് പേർക്കും ഉള്ള കോഫി കൊണ്ട് വന്നു കൊടുക്കുമ്പോഴും അവന്റെ നോട്ടം അവളിൽ ആയിരുന്നു... "എന്റെ പോക്കിന്റെ ഡേറ്റ് ചേഞ്ച്‌ ആയിട്ടൊ 2th ന് പോകണം... " അവൾ സ്ട്രോ ചുണ്ടോട് ചേർത്ത് കൊണ്ട് പറഞ്ഞു... അവന് ഉള്ളിൽ എന്തോ അസ്വസ്ഥത നിറഞ്ഞു എങ്കിലും അവളുടെ മുഖത്തെ സന്തോഷം കണ്ടു അവൻ ഒന്ന് പുഞ്ചിരിച്ചു... "Congrates....തന്റെ ഡ്രീം ഒക്കെ നടക്കുമഡോ....... " അവനും പറഞ്ഞു... അവൾ കുഞ്ഞ് ചിരി അവന് നൽകി... "പക്ഷെ നമ്മുടെ നാട് വിട്ട് പോകുക എന്നൊക്കെ പറഞ്ഞാൽ വല്ലാത്ത ഒരു പാട് തന്നെ ആണ് ട്ടൊ.... ഞാൻ ഒരുപാട് കാലമായി ആഗ്രഹിച്ചത് ആയിരുന്നു എങ്കിൽ കൂടി ഡേറ്റ് അടുത്തപ്പോൾ ഒരു പേടി.... വേണ്ടായിരുന്നു എന്നൊരു തോന്നൽ.... ഫ്രണ്ട്സും ഫാമിലിയും ഒക്കെ ഇവിടല്ലേ അതിന്റെതാകും... "

അവളുടെ വാക്കുകളിൽ നേരിയ ഒരു സങ്കടം കൂടി നിഴലിച്ചിരുന്നു... "ആ ചേച്ചീടെ lover ആണെന്ന് തോന്നുന്നു... " അടക്കി പിടിച്ച കുഞ്ഞ് ശബ്ദം കേട്ടു ഇവയുടെ കണ്ണുകൾ അർജുനിൽ നിന്നും മെല്ലെ മുന്നിലേക്ക് പാറി വീണു... തങ്ങളിലേക്ക് കള്ള തരത്തിൽ നോട്ടം പായിച്ച് കൊണ്ട് എന്തൊക്കെ അടക്കി സംസാരിക്കുന്ന കുട്ടികൾ... അവളുടെ ചുണ്ടിൽ ചെറിയ ചിരി നിറഞ്ഞു... "ആ ചേച്ചി.. ഇങ്ങോട്ട് നോക്കുന്നു... നോട്ടം മാറ്റിക്കോ... " പറയുന്നതിനോടൊപ്പം അവർ മെനു കാർഡ് കൊണ്ട് മുഖം മറച്ചു പിടിക്കുന്നുണ്ട്... അവൾക്ക് ചിരി പൊട്ടിയിരുന്നു... അവളുടെ ഭാവം കണ്ടു അവന്റെയും നോട്ടം പിള്ളേരിലേക്ക് നീണ്ടു... "നീ എന്റെ lover ആണെന്ന്... " അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. "ഓഹോ അങ്ങനെ പറഞ്ഞോ അവർ... " അവനിലും കുസൃതി... മെല്ലെ മെനു കാർഡിന്റെ മേലിലൂടെ ഒളിഞ്ഞു നോക്കുന്നവരെ നോക്കി കൈ വീശി കാണിച്ചു.. അതോടെ തല വീണ്ടും മെനു കാർഡിന്റെ കീഴെ മറഞ്ഞു... "ഈ age ൽ ഞാനും ഇങ്ങനെ ആയിരുന്നു... പഠിപ്പിക്കുന്ന ടീച്ചഴ്സിന്റെ വരെ ലൈൻ തപ്പി നടന്ന കാലം ഉണ്ടായിരുന്നു... " അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... അവനും ഒന്ന് ചിരിച്ചു... "അപ്പൊ ഒരു സ്പാർക്കും ഉണ്ടാകുമല്ലോ ഇവാമ്മോ... " അവൻ ഒരു തമാശയോടെ ചോദിച്ചു... "ഒരു സത്യം ഞാൻ പറയട്ടെ... " അവളുടെ സംസാരം കേട്ടു അവൻ ഒന്ന് പിരികം പൊക്കി... അവൾ രഹസ്യം പറയും മട്ടെ മുന്നിലേക്ക് കയറി ഇരുന്നതും അവനും ടേബിളിൽ കയ്യൂന്നി മുന്നിലേക്ക് തല താഴ്ത്തി...

"ഞാൻ പ്ലസ് വൺ പ്ലസ്ടു പഠിക്കുന്ന കാലം... കാര്യമായിട്ട് ഉണ്ടായിരുന്നതാ... ക്ലാസിൽ പഠിച്ചിരുന്ന ഒരു കിടു മുതലിനോട്... " അവളുടെ സംസാരം കേട്ടു അവൻ അത്ഭുതത്തോടെ ചിരിച്ചു.. "ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല... അടിപൊളി ആയിരുന്നു അവൻ... കാണാനും കൊള്ളാം... അധികം സംസാരം ഒന്നും ഇല്ലെങ്കിലും സംസാരിക്കുന്നത് കേൾക്കാൻ തന്നെ പ്രത്യേക രസം ആയിരുന്നു... കൂടാതെ ഒരു ക്രിസ്ത്യനും... അത് പോരെ...പ്ലസ് വൺ കയറിയ ഉടനെ തന്നെ എന്റെ ഒരു കണ്ണ് അവനിൽ ഉണ്ടായിരുന്നു... പിന്നെയാണ് മനസ്സിലായത് ക്ലാസിലെ ഒരു വിധം പെൺപിള്ളേര് മൊത്തം അവന്റെ പിന്നാലെയാണ് എന്ന്.... അതും പോരാഞ്ഞിട്ട് ഞാൻ ഒരു ആവറേജ് സ്റ്റുഡന്റും... പണ്ടേ ആറ്റിട്യൂടും... വേണ്ടാത്ത ദേഷ്യവും... അപ്പൊ പിന്നെ പറയേണ്ടല്ലോ.... ഒറ്റ ഒന്ന് എന്നോട് അടുക്കില്ല...." അവൾ പറയുന്ന രീതി അവനെയും സ്റ്റോറിയിലേക്ക് അടുപ്പിച്ചു.... "ഒരു ദിവസം ഞങ്ങൾക്ക് ഉച്ചക്ക് ക്ലാസ്സ്‌ ഒന്ന് വിട്ടു... ഏതോ സർ തട്ടി പോയതിനോ മറ്റോ...എനിക്ക് ആണേൽ അവനോട് പ്രണയം മൂത്ത് അസ്ഥിക്ക് പിടിച്ച അവസ്ഥ....വേണോ വേണ്ടയോ എന്ന് വെച്ചു പുറത്ത് പോകുമ്പോൾ പെട്ടെന്ന് അവൻ എന്നോട് ഇങ്ങോട്ട് വന്നു പറയാ...ഇഷ്ടാണ് എന്ന്... ഒന്ന് ആലോചിച്ചു നോക്കിയേ താൻ... അന്ന് ഹാർട്ട്‌ അറ്റാക്ക് വരാഞ്ഞത് കാർണോർമാർ ചെയ്ത പുണ്യം...

പിന്നെ പ്രേമിക്കൽ ആയി.... പിണങ്ങൽ ആയി... പിണക്കം മാറ്റൽ ആയി... രണ്ട് കൊല്ലം അതാ എന്ന് പറയും പോലെ കഴിഞ്ഞു... രണ്ട് മാസം കാണാതെ വന്നതോടെ പ്രേമവും പൊട്ടി..രണ്ട് പേരുടെയും സ്വഭാവവും മാറി.... പിന്നെ എന്റെ വീട്ടിൽ ഒരു കുഴപ്പം ഉണ്ട്... 18 കഴിഞ്ഞാൽ കെട്ടിച്ചു വിടണം... ആദ്യമൊക്കെ അത് ഭയങ്കര ഇഷ്ടം ആയിരുന്നു... സത്യം... " അന്തം വിട്ടുള്ള അവന്റെ ഇരുപ്പിൽ അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു... "ഈ പതിനെട്ടു വയസ്സിൽ ഒക്കെ തോന്നുന്ന ഒരു പൊട്ടത്തരം... കല്യാണം ആകുമ്പോൾ നല്ല ഫോൺ കിട്ടും.... നല്ല ഡ്രസ്സ്‌ കിട്ടും... ഒരുപാട് ഫോട്ടോ എടുക്കാം എന്നെല്ലാം ആണ് ചിന്ത... പിന്നെ ക്ലാസിലെ മുസ്ലിം പെൺകുട്ടികൾ ഒക്കെ കല്യാണം കഴിഞ്ഞു കോളേജിൽ വരുന്നത് ഒക്കെ കണ്ടിട്ടില്ലേ... എന്തേലും സംസാരിക്കുമ്പോൾ എന്റെ ഇക്കാന്നൊക്കെ പറഞ്ഞു... എന്റെ ഇച്ചായൻ എന്ന് പറഞ്ഞാൽ പുളിക്കോ... അതായിരുന്നു അന്നത്തെ ചിന്ത... പക്ഷെ ഒരു 19 ഒക്കെ ആയി തുടങ്ങിയപ്പോൾ എനിക്ക് ബോധം വെച്ചു തുടങ്ങി.... മെല്ലെ ഈ പ്രൊഫഷനിലേക്ക് ഇറങ്ങിയപ്പോൾ ചിന്തകൾ മാറി തുടങ്ങി... അത് വരെ ഉള്ളിൽ പ്രത്യേക സ്ഥാനം ഉണ്ടാക്കി എടുത്ത ഈ കാസ്റ്റിനെ മനസ്സിൽ നിന്നും പിഴുതു മാറ്റി... എന്റെ ഡ്രീം ആയി മുൻ‌തൂക്കം.... അവിടെ നിന്നും പൊരുതി തുടങ്ങിയതാ...

അത് സൊസൈറ്റിയോട് ആണെങ്കിലും സ്വന്തം ഫാമിലിയോട് ആണെങ്കിലും.... ഈ പതിനെട്ടു വയസ്സ് എന്നൊക്കെ പറഞ്ഞാൽ ചിന്തിക്കാൻ ഒന്നും കഴിവ് വന്നിട്ടുണ്ടാവില്ലഡോ...കൊച്ച് കുട്ടികൾ ആകും.... അവർക്ക് എല്ലാം ഒരു കളിയാകും... " അവളുടെ വാക്കുകൾ ശരിയാണ് എന്ന് അവനും തോന്നി....അവളുടെ ഉള്ളിൽ ഈ സൊസൈറ്റിയോട് തോന്നുന്ന പുച്ഛം അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തതും അവൾ കോഫി കുടിച്ചു കൊണ്ട് തന്നെ കാൾ അറ്റന്റ് ചെയ്തു.... "ആഹ്ഡാ....കഴിഞ്ഞില്ലേ... എന്നാ ശരി... " അവൾ അത് മാത്രം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലേക്ക് വെച്ചു ബാക്കി വന്ന കോഫി പെട്ടെന്ന് തന്നെ കുടിച്ചു തീർത്തു കൊണ്ട് എഴുന്നേറ്റു കാൽ ഒന്ന് അരികിലേക്ക് കയറ്റി വെച്ചു അഴിഞ്ഞു വന്ന ഷൂ ലൈസ് കെട്ടി... "അരുൺ ആയിരുന്നു വിളിച്ചത്...എന്റേത് കഴിഞ്ഞു... " അവൾ പറഞ്ഞു... "ഇനി എങ്ങോട്ടാ യാത്ര... " "സ്വന്തം വീട്ടിലേക്ക് ഒന്ന് പോകണം... പപ്പായിക്ക് ഒന്ന് മുഖം കാണിക്കണം.... ചില പേപ്പഴ്സ് എടുക്കണം... തിരികെ പോരണം...." അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് ചിരിച്ചു... "താൻ ഫ്രീ ആണോ... !!!?" അവൾ തിരികെ അവനോട് മറു ചോദ്യം ഉന്നയിച്ചു... "മ്മ്മ്... നമുക്ക് എന്ത് ജോലി എന്റെ ഇവാമ്മോ... " "എന്നാ... എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്തെ... " അവളിൽ അധികാരം ആയിരുന്നു... അവനും അതൊരു ആശ്വാസം... "Sure... " അവൻ കോഫി മുഴുവൻ ആക്കി കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു അവളുടെ കൂടെ നടന്നു... ഇടക്ക് ഇവ ഒന്ന് തിരിഞ്ഞു നോക്കി നേരത്തെ തങ്ങളെ നോക്കിയിരുന്ന പിള്ളേരെ നോക്കി ഒന്ന് കൈ വീശി കാണിച്ചു.... _________

"ഇതാണോ നിന്റെ വീട്... " കൊട്ടാരം കണക്കെ ഉയർന്നു നിൽക്കുന്ന വീട് കണ്ടു അത്ഭുതത്തോടെ ആയിരുന്നു അവൻ ചോദിച്ചത്.... അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടി... "ഉള്ളിലേക്ക് കയറ്റഡാ... " അവളുടെ മറുപടി വന്നതോടെ അവന് ഒരു ഭയം... ഇന്ന് വരെ ഒരു വീട്ടിലേക്ക് ഇങ്ങനെ ചെന്നു കയറിയിട്ടില്ല... ആകെ അടുത്ത് ഇടപഴുകിയിട്ടുള്ളത് അരുണിന്റെ ഫാമിലിയുമായി മാത്രമാണ്....പക്ഷെ ഇവ പറഞ്ഞതനുസരിച്ച് അടി വരെ കിട്ടാൻ സാധ്യത ഉള്ള ഇടത്തെക്ക് യാത്ര.... "താൻ എന്ത് ആലോചിച്ചു നിൽക്കുകയാഡോ... ഉള്ളിലേക്ക് കയറ്റ്... " അവൾ വീണ്ടും പറഞ്ഞതോടെ അല്പം ആലോചിച്ചു ആണെങ്കിലും അവൻ വണ്ടി ഉള്ളിലേക്ക് എടുത്തു... വീടിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ നിരന്നു നിൽക്കുന്ന രണ്ട് കാറുകൾ കണ്ടു അവൻ ഒന്ന് കണ്ണ് വിടർത്തി... ഏതോ ഉള്ള വീട്ടിൽ ആണെന്ന് അറിയാമായിരുന്നു... പക്ഷെ ഇത്രയും വിചാരിച്ചില്ല.... "ഇവകൊച്ചേ... " വണ്ടിയിൽ നിന്നും ഇറങ്ങിയതും ഇവ കേൾക്കുന്നത് സെക്യൂരിറ്റിയുടെ വിളി ആയിരുന്നു....

അവൾ അദ്ദേഹത്തേ നോക്കി ഒരു പുഞ്ചിരിയോടെ കണ്ണു ചിമ്മി... അദ്ദേഹവും ഒന്ന് പുഞ്ചിരിച്ചു... അവളോട്‌ അദ്ദേഹത്തിനുള്ള സ്നേഹം ആയിരുന്നു അത്... "പപ്പായി അകത്തുണ്ടോ ഏട്ടാ.... " അവൾ രഹസ്യം എന്ന മട്ടെ ചോദിച്ചു.... "മ്മ്മ്... ഇപ്പോൾ കയറി വന്നതേ ഒള്ളൂ... " അദ്ദേഹവും മറുപടി പറഞ്ഞു... "വാടാ.... " അർജുന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് ഇവ വിളിച്ചതും അർജുൻ ഒരു നിമിഷം ഒന്ന് പതറി... ശേഷം വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി... "ഏയ്‌.. വേണ്ടഡി..." "എഡോ... എന്നെ തിരികെ കൊണ്ട് പോകേണ്ടത് താൻ ആണ്.. എന്റെ കയ്യിൽ സ്കൂട്ടി ഒന്നും ഇല്ല..." "ഞാൻ പുറത്ത് ഉണ്ടാകും.... താൻ പോയിട്ട് വാ... " "എത്ര നേരം താൻ പുറത്ത് ഇരിക്കും... ജാഡ കാണിക്കാതെ വന്നേ... എനിക്ക് തന്നെ കൊണ്ട് ചെറിയ ആവശ്യവും ഉണ്ട്... " അവൾ കള്ള ചിരിയോടെ പറഞ്ഞതും അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി കൊണ്ട് അവളെ ചികഞ്ഞു ഒന്ന് നോക്കി കൊണ്ട് മുടി മാടി ഒതുക്കി... "നീ എനിക്ക് തല്ലു വാങ്ങി തരോ ഇവാമ്മോ... " ..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story