മഴപോൽ: ഭാഗം 15

mazhapol thasal

രചന: THASAL

*Dear soulmate..... * ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു കൊണ്ടിരുന്നു... "ടാ... " അരുണിന്റെ അലറിയുള്ള വിളി കേട്ടു അവൻ ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഏതോ ലോകത്ത് എന്ന പോലെ അരുൺ ഓടി വരുന്നതും കൈ വരിയിൽ വിരിച്ചിട്ട തുണികൾ എടുത്തു കൊണ്ട് പോകുന്നതും കാണുന്നുണ്ടായിരുന്നു.... അപ്പോഴും അർജുൻ പുഞ്ചിരിയോടെ ചെറു കാറ്റിൽ മുഖത്തേക്ക് വീശുന്ന മഴ തുള്ളികളെ കണ്ണടച്ചു ആസ്വദിക്കുകയായിരുന്നു.... ഉള്ളിൽ നിറയെ.... ഇവയുടെ മുഖം മാത്രം... "ഇവ.....ഇങ്ങ് കയറി വാ... മമ്മ കണ്ടാൽ നല്ല തല്ലു കിട്ടും.... " മഴയത്ത് മതിലിനപ്പുറം പിള്ളേരുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ഇവയെ നോക്കി ഗേറ്റിന്റെ അരികിൽ തന്നെ കുടയും പിടിച്ച് നിൽക്കുന്ന സ്റ്റെല്ല പറഞ്ഞു.... "Five minuts.... നീ ഉള്ളിൽ പൊയ്ക്കോ... " നനഞ്ഞു മുഖത്തോട് ഒട്ടി നിൽക്കുന്ന മുടി ഒന്ന് വകഞ്ഞു മാറ്റി അവൾ കൈ ഒന്ന് പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു...

സ്റ്റെല്ല അവളെ ഒന്ന് കൂടി നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു..... "ഫൗൾ.... ഫൗൾ..... " ഇടക്കുള്ള അലറി വിളിക്കലും വെള്ളത്തിൽ ഓടുമ്പോൾ ഉള്ള ശബ്ദങ്ങളും കേൾക്കാമായിരുന്നു.... ചിരിയോടെ തന്റെ സന്തോഷങ്ങളെ തേടുന്നവളെ ബാൽകണിയിൽ നിന്നും പപ്പായി ചുണ്ടിൽ പുഞ്ചിരി നിറച്ചു കാണുകയായിരുന്നു... "എന്റെ കർത്താവെ... ഇവള് ആളുകളെ കൊണ്ട് പറയിപ്പിച്ചെ അടങ്ങൂ.... വയസ്സ് പത്ത് ഇരുപത്തി മൂന്ന് ആയിട്ടും അവള് മഴയത്ത് ഫുട്‌ബോൾ കളിക്കാൻ പോയേക്കുവാ....താന്തോന്നി...." പെട്ടെന്ന് പിറകിൽ നിന്നും മമ്മയുടെ അലറും രീതിയിൽ ഉള്ള ശബ്ദം കേട്ടു പപ്പ ഒന്ന് മുഖം ചുളിച്ചു... "സഫിയ.... ഇനി അവളോട്‌ തല്ലിന് പോയിട്ട് അവളുടെ വായയിൽ നിന്നും എന്തെങ്കിലും കേട്ടാൽ എന്നോട് പരാതിപെടാൻ വന്നേക്കരുത്..."

ഒരു വാണിംഗ് രൂപത്തിൽ പപ്പ പറഞ്ഞു... അവർ അതൊന്നും ചെവി കൊള്ളാതെ പോകുന്നതും ഇവയെ പിടിച്ചു കൊണ്ട് വരുന്നതും ഉള്ളിൽ നിന്നും മമ്മയുടെയും മകളുടെയും അടിപിടിയും അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ശക്തിയിൽ അടക്കപ്പെടുന്ന ഇവയുടെ റൂമിന്റെ ഡോറിന്റെ ശബ്ദവും അദ്ദേഹത്തിന് കേൾക്കാമായിരുന്നു... അത് പതിവ് ആയത് കൊണ്ട് തന്നെ അദ്ദേഹം അതിൽ നിന്നും ശ്രദ്ധ തിരിച്ചു... _________ "ഈ വീട്ടിൽ ഏറ്റവും ക്ഷമ ഉള്ളത് ആർക്കാ... " ബെഡിൽ കിടക്കുന്ന ഇവയുടെ അടുത്ത് മലർന്നു കിടന്നു കൊണ്ട് ജോൺ ചോദിച്ചതും ഇവ മെല്ലെ ഒന്ന് തല ചെരിച്ചു നോക്കി... പിന്നെ ഒന്ന് പുഞ്ചിരിച്ചു... "പപ്പായിക്ക്.... " "അപ്പോൾ തീരേ ക്ഷമ ഇല്ലാത്തതോ...!!?" മറു ചോദ്യത്തിൽ അവൾ ചമ്മി കൊണ്ട് തല ചൊറിഞ്ഞു... ശേഷം ബെഡിലേക്ക് മുഖം അമർത്തി വെച്ചു...

"അപ്പോൾ തോന്നിയ ദേഷ്യത്തിന് പറഞ്ഞതാ... എന്റെ കർത്താവെ... ദേഷ്യം വരുമ്പോൾ ഒന്നും ഓർമ്മ ഉണ്ടാകില്ലാന്നെ.... " "എന്നാ നീ പോയി മമ്മയോട് സംസാരിക്ക്... " അവളുടെ നെറുകയിൽ കൈ എത്തിച്ചു തലോടി കൊണ്ട് ജോൺ പറഞ്ഞതും ഇവ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "മമ്മ വേണേൽ എന്നോട് വന്നു സംസാരിക്കട്ടെ... എനിക്ക് അതിന്റെ ആവശ്യം ഇല്ല.... " "ഇവ...." വീണ്ടും ജോണിന്റെ വിളിയിൽ അവൾ ഒന്ന് മുഖം ചെരിച്ചു... "അത് നമ്മുടെ മമ്മയാണ് ഇവ..." അവൾ അതിനൊരു മറുപടി നൽകിയില്ല... ബെഡിൽ നിന്നും എഴുന്നേറ്റു റൂമിലെ ബാൽകണി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി കൈ വരിയിൽ മെല്ലെ ചാരി നിന്നു... എല്ലാം ക്ഷമിക്കാനും ആർക്ക് മുന്നിലും താഴ്ന്നു നൽകാനും അവൾ അത്രയും പെർഫെക്റ്റ് അല്ല...

ദേഷ്യവും വാശിയും സങ്കടവും എല്ലാം ഉള്ള മനുഷ്യൻ തന്നെയാണ്.... Humans are not perfect in every sense .... not all human beings are perfect in every sense..... ബാൽകണിയിലെ ചുമരിൽ തൂക്കിയ ഫ്രെയിമുകളിൽ ഒന്നിൽ അവളുടെ കണ്ണുകൾ സഞ്ചരിച്ചു... _________ "ടസൻ കണക്കിന് വർക്ക്‌ അല്ലേ ഞാൻ കയ്യിൽ ഇട്ടു അമ്മാനമാടുന്നത്.... പോടാ കോപ്പേ.. ആ കുട്ടിയുടെ ഡീറ്റെയിൽസ് അയക്ക്.... ഞാൻ ഒന്ന് റെക്കമെന്റ് ചെയ്തു നോക്കാം... അധികം പ്രതീക്ഷ ഒന്നും വേണ്ടാ... മ്മ്മ്... ok... Bye... " സ്റ്റയർ ധൃതിയിൽ ഓടി ഇറങ്ങുന്നതിനോടൊപ്പം അവൾ ഫോൺ പോക്കറ്റിലേക്ക് തിരുകി കയറ്റി... താഴേക്ക് ഇറങ്ങിയതും സെറ്റിയിൽ ഇരിക്കുന്ന ആളെ കണ്ടു അവളുടെ മുഖം ഒന്ന് ചുളിഞ്ഞു.. "വന്നിട്ടുണ്ടല്ലോ മാരണം... ഇന്ന് ആരെ കെട്ടിക്കാൻ ആണാവോ... " മെല്ലെ ചുണ്ടിൽ അടക്കി പറഞ്ഞു കൊണ്ട് അവർക്ക് നേരെ ഒന്ന് ഇളിച്ചു... "ഹൈ ആന്റി..."

അവൾ മെല്ലെ ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് ടേബിളിന്റെ അടുത്തേക്ക് പോയി അവിടെ ബാസ്കറ്റിൽ വെച്ചിരുന്ന ഒരു ആപ്പിൾ എടുത്തു കയ്യിൽ പിടിച്ചു... "ഇത് എന്ത് കോലം ആണ് മോളെ... ആകെ അങ്ങ് മെലിഞ്ഞു പോയല്ലോ നീ..." അവളെ അടിമുടി ഉഴിഞ്ഞു കൊണ്ട് അവർ പറഞ്ഞതും അടുത്ത് ഇരിക്കുന്ന മമ്മയുടെ കണ്ണുകൾ ശാസനയോടെ അവളെ കൂർപ്പിച്ചു നോക്കി... ഇനി ഇപ്പൊ അതും എന്റെ തെറ്റ് ആകും... അവൾ മനസ്സിൽ പറഞ്ഞു... "ഇട്ട ഡ്രസ്സിന്റെ കുഴപ്പമാണ് ... നമ്മുടെ ചുരിദാറും സാരിയും ഒക്കെ ഇടുന്ന ഭംഗി കിട്ടോ ഇന്നത്തെ പിള്ളേരുടെ ഈ കോലം കെട്ടലിൽ... " അത് കൂടി ആയപ്പോൾ മമ്മയുടെ നോട്ടത്തിന്റെ ശക്തി കൂടി... ഇവ അവളെ സ്വയം ഒന്ന് നോക്കി... തനിക്ക് കൺഫേർട്ട് ആണ്... പിന്നെ ഇവർക്ക് എന്താ കുഴപ്പം... "ഇവ... ഡ്രസ്സ്‌ മാറ്റിയിട്ട് പോ..." മമ്മയുടെ ശാസന ഏറിയാ വാക്കുകൾ... ഇവ വലിയ മൈന്റ് നൽകിയില്ല...

"Bye... Mamma.." അവൾ അലസമായി പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... അമ്മയുടെ കണ്ണുരുട്ടലിനെ ഗൗനിച്ചില്ല... എടുക്കുന്ന തീരുമാനങ്ങൾ ആണെങ്കിലും ഇടുന്ന വസ്ത്രങ്ങൾ ആണെങ്കിലും തനിക്ക് കൺഫേർട്ട് ആയിരിക്കണം... അല്ലാതെ ആരെങ്കിലും പറഞ്ഞവ ആയിരിക്കരുത് എന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു... "മോളുടെ കൂടെ തന്നെ ആയിരുന്നല്ലോ എന്റെ മോള് സൂസനും... അവൾക്ക് ഇപ്പോൾ രണ്ടാമതും വിശേഷം ഉണ്ട്.... മോൾക്ക്‌ കല്യാണം ഒന്നും ആലോചിക്കുന്നില്ലായോ... " ഉള്ളിൽ നിന്നും ആ സ്ത്രീയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്... "എനിക്ക് വിവാഹം ആകുമ്പോൾ ആന്റിയെ വീട്ടിൽ വന്നു തന്നെ വിളിക്കാം... ആന്റി ഇപ്പോൾ ചെല്ലാൻ നോക്ക്... " അവൾ ഉള്ളിലേക്ക് ശബ്ദം ഉയർത്തി കടുപ്പത്തി തന്നെ പറഞ്ഞു... മമ്മ ഒന്ന് ഞെട്ടി... "ഇവ...." ആ വിളി എത്തും മുന്നേ അവൾ ഒരു കൂസലും കൂടാതെ ഗേറ്റ് കടന്നു പോയിരുന്നു... _________

"Hey.... Aju.... " റോഡിന്റെ മറു വശത്ത് കരിക്ക് കുടിച്ചു നിൽക്കുന്ന അർജുനെ കണ്ടു അവൾ ഉറക്കെ വിളിച്ചു.... വണ്ടികളുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട് എങ്കിലും അതിനിടയിലൂടെ അവളുടെ ശബ്ദം കേട്ട മട്ടെ അവൻ കണ്ണ് ചുളിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കി അവസാനം കണ്ണുകൾ മറുവശത്ത് നിൽക്കുന്ന ഇവയിൽ എത്തി നിന്നു... അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു... അവനും മെല്ലെ കൈ വീശി കാണിച്ചു.... ശേഷം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നവളോട് വേണ്ടാ ഞാൻ അങ്ങോട്ട്‌ വരാം എന്ന രീതിയിൽ ആക്ഷൻ കാണിച്ചതും അവളും വേണ്ടാ എന്ന് കാണിച്ചു കൊണ്ട് ഇരു വശങ്ങളിലൂടെയും പാഞ്ഞു വരുന്ന വാഹനങ്ങളിലേക്ക് കണ്ണുകൾ മാറ്റി കൊണ്ട് റോഡ് മുറിച്ചു കടക്കാൻ തുടങ്ങി...

കുറച്ചു മുന്നിൽ എത്തിയതും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശ്രദ്ധ ഏതും ഇല്ലാതെ മുന്നോട്ട് നടന്നതും പെട്ടെന്ന് ഇതൊക്കെ വാഹനങ്ങളുടെ ശബ്ദം കേട്ടു അവൾ ഞെട്ടി കൊണ്ട് തല ചെരിച്ചു നോക്കാൻ ഒരുങ്ങിയപ്പോഴേക്കും ഒരു കാർ അവളെ തട്ടി തട്ടിയില്ല എന്ന മട്ടെ നിന്നിരുന്നു.... "ഇവ..." ഒരു നിമിഷം അജു അലറി പോയി... പക്ഷെ അതൊന്നും അവളുടെ കാതുകളിൽ സ്പർശിച്ചില്ല... വിറയൽ ബാധിച്ച ഉള്ളം കിടുങ്ങും പോലെ.... ലോകം ഒരു നിമിഷം സ്തംബിച്ച പോലെ..... "ഡി.... എവിടെ നോക്കിയാഡി നടക്കുന്നത്... " കാറിന്റെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് ഒരുത്തൻ അവൾക്ക് നേരെ ചീറി.... അവൾ ആ നിമിഷം ആണ് ബോധത്തിലേക്ക് വന്നത്... അവൾക്ക് ഒന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല... കയ്യും കാലും വിറഞ്ഞു പോയിരുന്നു... "മുന്നേന്ന് മാറ് കൊച്ചേ.... " ആരുടേ ഒക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്... കൂടാതെ വണ്ടികളുടെ നിർത്താത്ത ഹോൺ അടിയും...

അജു വേഗം തന്നെ മുന്നോട്ട് വന്നു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു റോഡിന് സൈഡിലേക്ക് കൊണ്ട് പോയി.... അവൾ സ്വയം നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു പോയി.... "നിനക്ക് എന്താടി.... ഒരു ശ്രദ്ധയും ഇല്ലേ... " അലറി കൊണ്ടായിരുന്നു അജു ചോദിച്ചത്...ഒരു നിമിഷം അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി... അല്ലേൽ തന്നെ പേടിച്ചു നിൽക്കുന്നു... അതിനിടയിൽ അവന്റെ ശബ്ദം കൂടി ആയപ്പോൾ ഉള്ളിൽ ഒരു തരിപ്പ് കയറി അറിയാതെ അവൾ ചുമച്ചു പോയി... "കോപ്പ്... ഇവിടെ ഇരിയഡി... " അവന് പാതി ജീവൻ ആണ് ഒരു നിമിഷം പോയത്... ആ ദേഷ്യം എല്ലാം വാക്കുകളിൽ ഒതുക്കി കൊണ്ട് ചുവന്ന മുഖവുമായി അവൻ കരിക്ക് കച്ചവടക്കാരന്റെ അരികെ ഇട്ട സ്റ്റൂൾ എടുത്തു മുന്നിലേക്ക് ഇട്ടു കൊണ്ട് അവളെ അവിടെ പിടിച്ചു ഇരുത്തി...

ശേഷം അയാളുടെ കയ്യിൽ നിന്നും ഒരു കരിക്ക് വാങ്ങി അതിൽ സ്ട്രോ ഇട്ടു കൊണ്ട് അവൾക്ക് നൽകി... ഉള്ളിലെ പേടിയിൽ വിറച്ചു നിൽക്കുന്ന പെണ്ണ് വേഗം തന്നെ അത് വാങ്ങി കുടിച്ചു.... "മെല്ലെ കുടിയഡി... " വിറക്കുന്ന കയ്യിൽ നിന്നും കരിക്ക് വാങ്ങി അവൾക്കായി പിടിച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു...അവൾ അവനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് തന്നെ അത് കുടിച്ചു... അവന്റെ കൈ അവളുടെ പുറത്ത് തട്ടി കൊടുത്തു... "പുല്ലേ... ഒരു നിമിഷം താമസിച്ചു എങ്കിൽ നീ ഇപ്പൊ പടം ആയേനെ... ഒരു ശ്രദ്ധയും ഇല്ലാതെ... " അവൾ ഒന്ന് റിലാക്സ് ആയി എന്ന് തോന്നിയതും അവൻ മുഖം കടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു...

"താൻ പെട്ടെന്ന് ഒരു രാജ റാണി സീൻ പ്രതീക്ഷിച്ചു കാണും അല്ലേ... " നേരത്തെ കൊടുത്ത കരിക്കിൽ നിന്നും കഴമ്പ് ചൂഴ്ന്ന് എടുത്തു വായിലേക്ക് ആക്കുമ്പോൾ കള്ള ചിരിയോടെ അവൾ ചോദിച്ചതും അവൻ അവളുടെ തലയിൽ ശക്തിയിൽ തന്നെ മേടി... "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കണ്ട.... മനുഷ്യന്റെ പാതി ജീവന അങ്ങ് പോയത്.... " അവന്റെ സംസാരത്തിൽ അവൾ ഒന്ന് പൊട്ടിചിരിച്ചു... "അത്രപെട്ടെന്ന് ഒന്നും ചാവില്ലടാ... ഒരുപാട് ജോലി ഏൽപ്പിച്ചോണ്ട് ആണ് കർത്താവ് ഈശോ മിശിഹാ എന്നെ ഭൂമിയിലോട്ട് യാത്ര ആക്കിയത്... അത് മുഴുവൻ ആക്കാതെ അങ്ങ് ചെന്നാൽ ആർക്കാ കുറച്ചിൽ.... അങ്ങേർക്ക് തന്നെ... അപ്പൊ പിന്നെ മാതാവ് അങ്ങേരോട് പിണങ്ങില്ലായോ.... അത് കൊണ്ട് തന്നെ ഞാൻ ഇപ്പൊ അടുത്ത് തട്ടി പോകും എന്ന് പൊന്നു മോൻ കരുതണ്ടട്ടാ....." അവൻ മേടിയ ഇടം ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൾ പറഞ്ഞു...

ശേഷം മുഖം ചുളിച്ചു കൊണ്ട് അവന്റെ കയ്യിൽ ഒന്ന് കൊടുത്തു... "പണ്ടാരക്കാലാ എന്ത് അടിയാ അടിച്ചത്.... തല മുഴഞ്ഞുന്ന തോന്നുന്നേ... " പിന്നെയും പിന്നെയും വേദനയുള്ള ഇടം തടവി കൊണ്ട് അവൾ പറയുന്നത് കേട്ടു നേരത്തെ ദേഷ്യം തീരാതെ തന്നെ അവൻ അവളുടെ തല പിടിച്ചു താഴ്ത്തി അവിടം ഒന്ന് കൂടെ കൊടുത്തു... "നിനക്ക് ഒന്നും ബാക്കി ഉള്ളോരേ ഫീലിംഗ്സ് മനസ്സിലാക്കാൻ സാധിക്കില്ല.... Fool.... ഇനിയെങ്കിലും സൂക്ഷിച്ചും കണ്ടും നടക്ക്... " അവന്റെ ഉള്ളിൽ നിന്നും ഭയം അപ്പോഴും അടങ്ങിയിരുന്നില്ല.... അവൾ മെല്ലെ അവനെ ഒന്ന് എത്തി നോക്കി കൊണ്ട് കരിക്കിന്റെ തൊണ്ട് താഴേക്ക് ഇട്ടു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു.... "Chill man... അതിനു മാത്രം ഒന്നും സംഭവിച്ചില്ലല്ലോ.... നീ എന്റെ കൂടെ ഒന്ന് വന്നേ...

എന്റെ സ്കൂട്ടി വർക്ക്‌ ഷോപ്പിൽ നിന്നും ഇറക്കാൻ ഉണ്ട്... ഏതനെ കാത്തു നിന്നാൽ സമയം ഒരുപാട് ആകും... വാടാ... " കണ്ണുരുട്ടി നോക്കുന്നവനെ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു... അവൻ അവളുടെ തലക്ക് പിന്നിൽ ഒരു കൊട്ട് കൂടി കൊടുത്തു കൊണ്ട് കരിക്ക് വിൽക്കുന്ന ആൾക്ക് രണ്ട് കരിക്കിന്റെ ക്യാഷ് കൊടുത്തു പേഴ്‌സ് പോക്കറ്റിൽ ഇട്ടു... അപ്പോഴേക്കും അവൾ അവന്റെ ബുള്ളറ്റിൽ കയറി ഇരുന്നു അതിന്റെ ഹാൻഡിലിൽ പിടിച്ചു നോക്കുന്നുണ്ടായിരുന്നു... "എന്താ ഓടിക്കണോ.... " "വേണ്ടായെ കുറച്ചു മുന്നേ പീറ്റിന്റെ വണ്ടി ഒന്ന് ഓടിക്കാൻ നോക്കിയതാ രണ്ട് മാസം ആണ് ഹോസ്പിറ്റലിൽ കിടന്നത്....

ഈ സമയത്ത് ഒരു പരീക്ഷണം കഴിയില്ലന്നെ...." അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു...ശേഷം ഒന്ന് നീങ്ങി പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു... അവനും ബുള്ളറ്റിലേക്ക് കയറി ഇരുന്നതും അവൾ അവന്റെ ഹാൻഡിലിൽ തൂക്കിയ ഹെൽമെറ്റ്‌ കൈ എത്തിച്ചു എടുത്തു കൊണ്ട് അവന്റെ തലയിലൂടെ ഇട്ടു കൊടുത്തു... അവനും ഒന്ന് ചിരിച്ചു... ബുള്ളറ്റ് മുന്നോട്ട് എടുക്കുത്തു.... ചിരിയോടെ അവന്റെ തോളിൽ തട്ടിയും ഹെൽമെറ്റിൽ തട്ടിയും ഇരിക്കുന്നവളെ കണ്ടു പിറകിലെ കാറിൽ ഇരുന്നിരുന്നവരുടെ മുഖം ചുളിഞ്ഞു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story