മഴപോൽ: ഭാഗം 31

mazhapol thasal

രചന: THASAL

വാക്കുകൾ കൊണ്ട് മായാജാലം കാണിക്കാൻ അറിയാത്തവൻ ആണ്.... മിണ്ടാൻ പോലും പലപ്പോഴും മടിക്കുന്നവൻ.... ഇന്ന് ഇങ്ങനെ ഒരു മാറ്റം.... പ്രതീക്ഷിച്ചിരുന്നില്ല..... സാനിയ മെല്ലെ ഒന്ന് തലയാട്ടി... _________ "Just stop it john...... ആർക്ക് വേണ്ടിയും സംസാരിക്കണം എന്നില്ല.....ശരിയാണ്.... നീ എന്റെ ബ്രദർ ആണ്.....but എന്റെ അപ്പൻ ആകാൻ വരണ്ട.....എനിക്കറിയാം.... എല്ലാം....." അർജുൻ കയറി ചെല്ലുമ്പോൾ തന്നെ കേൾക്കുന്നത് അലറിയുള്ള ഇവയുടെ ശബ്ദം ആണ്.... അർജുൻ ഒരു നിമിഷം ഡോറിന് അരികിൽ തന്നെ നിന്നു.... ഡോർ തുറക്കാൻ ഉയർത്തിയ കൈകൾ മെല്ലെ താഴ്ന്നു.... എത്ര ഒക്കെ അടുപ്പം സൂക്ഷിച്ചാലും തന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടുന്നത് ഇഷ്ടപ്പെടാത്തവൾ ആണ്.... ഒരു പക്ഷെ ഈ കടന്നു വരവ് പോലും ഇഷ്ടപ്പെട്ടില്ല എന്ന് വരും... "ഇവ....പ്ലീസ്.... നീ ഇങ്ങനെ അകന്നു കഴിയുന്നത് കാണാൻ കഴിയാഞ്ഞിട്ടാണ്.... " ജോണും തന്റെ ഭാഗം ക്ലിയർ ആക്കാൻ ഉള്ള ശ്രമത്തിൽ ആണ്... അർജുൻ മെല്ലെ തിരിഞ്ഞു നടന്നു.... "എനിക്ക് ഇതാണ് സന്തോഷം എങ്കിൽ പിന്നെ നീ എന്തിനാ എന്നെ ഫോഴ്സ് ചെയ്യുന്നത്.... ഒരു തവണ തന്നെ തിരികെ വന്നതിന്റെ ഫലം ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന കാര്യം നീ മറക്കണ്ട.... "

അവളുടെ സ്വരത്തിൽ ഇഷ്ടകേട് നല്ല പോലെ തെളിയുന്നുണ്ടായിരുന്നു..... ജോണിന് എന്ത് പറയണം എന്നറിയില്ല.... അവൾ പറഞ്ഞത് പൂർണമായും ശരിയാണ്.... പക്ഷെ.... ഒറ്റക്കുള്ള അവളുടെ ജീവിതം കൊണ്ട് വേദനിക്കുന്നത് മമ്മ മാത്രം അല്ല.... പുറമെ പ്രകടിപ്പിച്ചില്ല എങ്കിൽ കൂടി പപ്പായിയുടെ ഉള്ളിലും അതൊരു പിടച്ചിൽ തന്നെയാണ്.... "ഇനി.... " "വേണ്ടാ ജോൺ.... എനിക്ക് കേൾക്കണ്ട... ഒരുപാട് തവണ നീയും പപ്പായിയും ഒരുപോലെ പറഞ്ഞ വാക്കാ അത്.... നിനക്ക് എന്നല്ല ആർക്കും നമ്മുടെ മമ്മയെ തടയാനോ.... അവർ ചെയ്യുന്ന പ്രവർത്തികൾക്ക് അവസാനം കണ്ടെത്താനോ സാധിക്കില്ല.... പിന്നെ വെറുതെ എന്തിനാ......എല്ലാവർക്കും എന്നെ തോൽപ്പിച്ചാൽ മതി.... " അവൾക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വരുന്നുണ്ടായിരുന്നു... "ഞാൻ പറഞ്ഞതിന്റെ അർത്ഥം അതാണോ... !!?" ജോണിലും ചെറുതല്ലാത്തൊരു ദേഷ്യം.... "പിന്നെ എന്താ.... നീയും പപ്പായിയും എല്ലാം സംസാരിക്കുന്നത് അവർക്ക് വേണ്ടി മാത്രം ആണ്..... എന്ത് പറഞ്ഞാലും മമ്മയാണ്... മമ്മയാണ്....ഇപ്പോൾ നീ വന്നത് പോലും അവർക്ക് വേണ്ടിയല്ലെ.... അനിയത്തിയെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ഒന്നും അല്ലല്ലോ..... " "ഇവ....നീ എഴുതാപ്പുറം വായിക്കണ്ടാ..... " "ഞാൻ പറഞ്ഞതാണ് പ്രശ്നം.....നിങ്ങൾ ചെയ്യുന്നതിലല്ല......

എല്ലാം ഒന്നിൽ നിന്നും തുടങ്ങിയപ്പോൾ വീണ്ടും വന്നേക്കുന്നു മമ്മയുടെ സങ്കടവും പറഞ്ഞു.... നിനക്ക് അത്ര ദണ്ണം ഉണ്ടേൽ നിന്റെ കെട്ടിയവളെ പിടിച്ചു അവരുടെ മുന്നിൽ കൊണ്ട് പോയി ഇട്ടു കൊടുക്ക്...... അല്ലാതെ എന്നെ വീണ്ടും അറവു മാട് ആക്കുകയല്ല............. ഇത് വരെ അനുഭവിച്ചില്ലേ....പ്ലീസ്.... ഞാൻ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ.... ശല്യം ചെയ്യരുത്....... " ദേഷ്യം ഉള്ളിൽ നിറഞ്ഞപ്പോൾ ആരോട് എന്താ പറയുന്നത് എന്ന് പോലും അവൾക്ക് ഓർമ്മ ഇല്ലായിരുന്നു..... ഉള്ളിൽ അപ്പോഴും അന്ന് താൻ അനുഭവിച്ച അതെ വേദന..... "ഞങ്ങളാണോ നിനക്ക് ശല്യം.... " വേദനയും നിസ്സഹായാതയും ദേഷ്യവും ഒരുപോലെ കലർന്ന ജോണിന്റെ ശബ്ദം.... ഇവ ഒന്നും മിണ്ടാതെ അവനിൽ നിന്നും തല ചെരിച്ചു ഇരുന്നു... മുഖത്ത് സങ്കടം അല്ല ഒരുതരം വാശി... പറഞ്ഞത് മുഴുവൻ ശരിയാണ് എന്ന ഭാവം... "*പറ ഇവ....ഞങ്ങൾ ആണോ നിനക്ക് ശല്യം....... നിന്റെയും മമ്മയുടെയും ഈ വാശി കാരണം ഇന്ന് വരെ അനുഭവിച്ചത് മുഴുവൻ ഞാനും പപ്പായിയും തന്നെയല്ലെ...... ഒരു ദിവസം എങ്കിൽ ഒരു ദിവസം... സമാധാനത്തോടെ ആ വീട്ടിൽ കഴിയാൻ രണ്ട് പേരും ഞങ്ങളെ അനുവദിച്ചിട്ടുണ്ടോ..... മമ്മക്ക് വലുത് മമ്മയുടെ ചിന്തകൾ.... *നിനക്ക് ആണെങ്കിൽ നിന്റെ ഡ്രീംസ്‌ മാത്രം....*

അതിനിടയിൽ എപ്പോഴെങ്കിലും ഞങ്ങൾക്ക് ഒരു സ്ഥാനം നീ നൽകിയിട്ടുണ്ടോ ഇവ.....ഞാൻ ചോദിക്കില്ല എന്ന് കരുതിയതാണ്.... എന്നാലും..... സത്യത്തിൽ നീ ഞങ്ങൾ ആരെയെങ്കിലും മനസ്സ് തുറന്ന് സ്നേഹിച്ചിട്ടുണ്ടോ..... പപ്പായിയാണ്.... മമ്മയാണ്..... കൂടപിറപ്പ് ആണ്.... എന്ന് നീ കരുതിയിട്ടുണ്ടോ..... ഇല്ല..... നിനക്ക് വലുത് എന്നും നീ ആണ്..... നിന്റെ സന്തോഷം.... നിന്റെ ഫ്രണ്ട്‌സ്.... നീ ജീവിക്കുന്നത് പോലും അതിനാണ്.... ഞങ്ങളോടൊപ്പം ഒന്ന് ടൈം സ്പെൻഡ്‌ ചെയ്യാൻ പോലും നിനക്ക് താല്പര്യം ഇല്ല.... മിണ്ടാൻ നേരം ഇല്ല..... ആ വീട്ടിൽ എത്ര കാലം ഒരുമിച്ച് കഴിഞ്ഞവർ ആണ് നമ്മൾ.... അതിൽ എത്ര തവണ നീ ഞങ്ങളോട് സംസാരിക്കാൻ വന്നിട്ടുണ്ട്.....എന്തിന് ആ ഫോണിൽ നിന്നും മുഖം ഒന്ന് ഉയർത്തി ചിരിച്ചിട്ടുണ്ട്.... എവിടെ.... !!?... നിനക്ക് ഒന്നും അട്ജെസ്റ്റ് ചെയ്യാൻ കഴിയില്ല... ബാക്കി ഉള്ളവർ അതങ് സഹിച്ചേക്കണം..... എല്ലാവർക്കും മടുത്തു തുടങ്ങി..... സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു അതിര് കാണും.... ഇനി നിനക്ക് ഞങ്ങളെ വേണം എന്ന് തോന്നുമ്പോൾ വാ... നിർബന്ധിച്ചു കൊണ്ട് പോകുന്ന പ്രായം അല്ലല്ലോ... പിന്നെ ഒരു കാര്യം നീ ഓർത്തോ..... എല്ലാം നേടിയിട്ട് അവസാനം ആ സന്തോഷം പങ്ക് വെക്കാൻ ആളില്ലാതായി പോകരുത്..... "*

ജോണിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ പ്രഹരങ്ങൾ സൃഷ്ടിച്ചു..... കണ്ണുകൾ ചെറുതിലെ നിറഞ്ഞു എങ്കിൽ അതിൽ കൂടുതൽ ഉള്ളിൽ വാശിയായിരുന്നു.... "ഇറങ്ങി പോ......" അവൾ ദേഷ്യം കൊണ്ട് അലറി... ജോൺ കണ്ണ് ചുളിച്ചു അവളെ നോക്കി... "I say get lost... Bloody... " അവൾ വീണ്ടും അലറിയതോടെ ജോൺ അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല എന്ന പോലെ തലയാട്ടലോടെ എഴുന്നേറ്റു... "ഞാൻ പോയേക്കാം..... ഇനി നിന്നെ തേടി വരുകയും ഇല്ല.... എങ്കിലും ഒന്ന് ഓർത്തോ നീ.... എന്നെങ്കിലും നീ കൊതിക്കും.... നീ ഇന്ന് നഷ്ടപ്പെടുത്തുന്ന നല്ല നിമിഷങ്ങളെ ഓർത്ത്... " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.... അവന്റെ ഉള്ളിലും സങ്കടം ആയിരുന്നു... കാലങ്ങൾ ഏറെയായി അവന് അവന്റെ മമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടിട്ട്.... വാശി എന്ന ഒറ്റ കാരണത്താൽ.... മമ്മക്ക് വലുത് എന്നും ജോൺ ആണ് എന്ന കാരണം പറഞ്ഞാണ് ഇവ അവനെ മാറ്റി നിർത്താൻ തുടങ്ങിയത്..... അത് അവന്റെ തെറ്റ് ആണോ....സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങിയത് അല്ലല്ലോ..... പക്ഷെ ആരും അറിയുന്നില്ല... അവൻ അനുഭവിക്കുന്ന പ്രഷർ.... അല്ല അറിയിക്കുന്നില്ല... ഇവക്ക് ബഹളം വെക്കാം...എതിർപ്പ് പ്രകടിപ്പിക്കാം... പക്ഷെ അവനോ...അനുസരിക്കണം..... എതിർക്കാൻ കഴിയാത്തവന് എന്നും അനുസരിച്ചേ ശീലം ഒള്ളൂ.....

അവൻ പോകുന്നതും നോക്കി ഇവ തലയിൽ കൈ ഊന്നി സെറ്റിയിൽ തന്നെ ഇരുന്നു.... കണ്ണുകൾ രണ്ടും ഇറുകെ അടച്ചു... ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ അവഗണിച്ചു... സ്നേഹം ഇല്ലാ എന്ന് .... ഇന്ന് വരെ സ്നേഹിച്ചിട്ടില്ല എന്ന്.... പുറമെ പ്രകടിപ്പിച്ചില്ല എങ്കിലും ഉള്ളിൽ സ്നേഹം മാത്രമാണ്.... എത്രയൊക്കെ വേദനിപ്പിച്ചാലും ഇന്ന് ലോകത്തു അവർ കഴിഞ്ഞേ ഒള്ളൂ ആരും..... ദേഷ്യം കാണിക്കുന്നത് സ്വന്തം ആണെന്ന തോന്നലിൽ ആണ്.... അറിയില്ല.... തെറ്റെത് ശെരി ഏത് എന്ന്..... തന്റെ മനസാക്ഷിക്ക് മുന്നിൽ താൻ ശരിയാണ്........ബാക്കി ഉള്ളവർക്കോ താൻ വെറും സീറോ ആയി മാറുകയല്ലേ...... _________ "നീ എന്താടാ ഇവയുടെ അടുത്തേക്ക് പോകാഞ്ഞത്.......നിന്നെ അവൾ വിളിച്ചത് അല്ലായിരുന്നോ.... " അർജുൻ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ തന്നെ കേൾക്കുന്നത് അരുണിന്റെ ചോദ്യം ആണ്... അർജുൻ ഷൂ അഴിച്ചു മൂലയിൽ ഒതുക്കി കൊണ്ട് ഉള്ളിലേക്ക് കയറി.... "അവിടെ ഇവയുടെ ബ്രദർ വന്നിട്ടുണ്ട്.... എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു... " അർജുൻ സെറ്റിയിൽ ഇരുന്നു ടീവി കാണുന്ന അരുണിന്റെ അരികിൽ ചെന്നിരുന്നു.... "അവൾക്ക് എന്നാ പ്രോബ്ലം ഇല്ലാത്തത്.....ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ തുടങ്ങിയതാ അവളും അവളുടെ ഫാമിലിയും തമ്മിൽ ഉള്ള വാർ....

പല തവണ അവളുടെ മമ്മ സ്റ്റുഡിയോയിൽ വന്നു അവളെ ഇറക്കി കൊണ്ട് പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.... പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ബസ് കിട്ടാത്തവർ ആണ്.... " അരുണിന്റെ മുഖത്ത് അവരോടുള്ള പുച്ഛം ആവോളം കാണാൻ കഴിയുന്നുണ്ടായിരുന്നു... അർജുൻ സെറ്റിയിൽ ചാരി അരുണിലേക്ക് ശ്രദ്ധ തിരിച്ചു ഇരുന്നു.... എല്ലാം അറിയാവുന്നവ തന്നെയാണ്.... ഇവയുടെ വാക്കുകളിലൂടെ.... "അവരെ മാത്രം കുറ്റം പറയാൻ ഒക്കത്തില്ല....ഇവക്ക് ആണേൽ എന്താണ് പറയാൻ പോകുന്നത് എന്ന് പോലും കേൾക്കാൻ ഉള്ള ക്ഷമയില്ല..... അവളുടെ ദേഷ്യം അറിയാവുന്നതല്ലേ......നല്ലത് പറഞ്ഞാലും ചീത്തത് പറഞ്ഞാലും ഒരുപോലെ ചാടി കടിക്കും......." ചാനൽ മാറ്റി കൊണ്ടുള്ള അരുണിന്റെ സംസാരത്തിലേക്ക് മാത്രമായിരുന്നു അർജുന്റെ ശ്രദ്ധ.... "ഒരാളും പെർഫെക്റ്റ് ആയിരിക്കില്ലല്ലോ അരുണേ..... ഇവക്ക് അവളുടെതായ ന്യായീകരണങ്ങൾ കാണും.... അത് പോലെ അവളുടെ മമ്മക്കും.... " അർജുൻ അവനെ ഒന്ന് തിരുത്തി... "അവർ തമ്മിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലടാ... ഈഗോ.... അതാണ്‌ പ്രോബ്ലം... രണ്ട് പേർക്കും വിട്ടു കൊടുക്കാൻ കഴിയില്ല.... അത് അല്ലേലും അങ്ങനെ ആണല്ലോ... അമ്മമാർ പറയുന്നത് നമുക്കും പറ്റില്ല... നമ്മൾ പറയുന്നത് അവർക്കും പറ്റില്ല.... അതിന്റെ ഒരു extream വേർഷൻ..... പിന്നെ...

രണ്ട് പേരും ജയിക്കാൻ വേണ്ടി എന്തും ചെയ്യും.... തോൽക്കാൻ ഉള്ള മനസ്സ് ഇല്ല എന്ന് പറയുന്നതാകും ശരി.... " അരുണും പറഞ്ഞു.... അർജുൻ തിരികെ ഒരു മറുപടി നൽകിയില്ല.... അവൻ മെല്ലെ എഴുന്നേറ്റു ബാൽകണി ലക്ഷ്യമാക്കി നടന്നു..... ബാൽകണിയിൽ കൈ വരിയിൽ ചാരി നിന്നു നോട്ടത്തേ ലക്ഷ്യങ്ങൾ ഇല്ലാതെ അയച്ചു.... ബന്ധങ്ങൾ ഇല്ലാത്തവനോട് എന്ത് പറഞ്ഞാലും മനസ്സിലാക്കാൻ പ്രയാസം ആണ്.... പലപ്പോഴും പലരിൽ നിന്നും കേട്ട ബന്ധങ്ങൾ ബന്ധനങ്ങൾ മാത്രമായിരുന്നു.....പക്ഷെ ചുരുക്കം ചിലരുടെ അനുഭവങ്ങൾ കൊണ്ട് മാത്രം ഒന്നിനെയും അളക്കാൻ കഴിയുകയുമില്ല....... അവന്റെ ഉള്ളിൽ സംശയങ്ങൾ ആയിരുന്നു..... കൂടപിറപ്പുകളും സ്വന്തക്കാരും ജീവിതത്തിൽ നമ്മെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആണോ.... !!? അറിയില്ല.... അനുഭവങ്ങൾ ഇല്ലായ്മ ഒരു ഉത്തരത്തിൽ അവനെ എത്തിച്ചില്ല.... കണ്ണുകൾ ഇടക്ക് അപ്പുറത്തെ ബാൽകണിയിൽ ഗ്രില്ലിൽ ചാരി നിന്നു ഓപ്പോസിറ്റ് ഫ്ലാറ്റിലേക്ക് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചും ഫോണിലൂടെ പ്രണയ സല്ലാപങ്ങൾ നടത്തിയും കൗമാരം ആസ്വദിക്കുന്ന പെൺകുട്ടിയിൽ എത്തി..... നോക്കാതെ തന്നെ അറിയാമായിരുന്നു അപ്പുറത്തെ ഫ്ലാറ്റിൽ അവളുടെ പ്രണയം ഉണ്ടെന്ന്.....

കണ്ണുകൾ അവളിൽ നിന്നും മാറുമ്പോൾ വേറൊരു ബാൽകണിയിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നടക്കുന്ന ഒരു പെൺകുട്ടിയെയും തിരക്കിട്ട പണിയിൽ ഏർപ്പെട്ട ചെറുപ്പക്കാരനെയും കണ്ടു.... നോട്ടങ്ങൾ പലപ്പോഴായി മാറി.....പല ജീവിതങ്ങൾ മുന്നിൽ കണ്ടു.... വഴക്ക് കൂടുന്നവർ തുടങ്ങി...... പ്രണയം പരസ്പരം പങ്ക് വെക്കുന്നവർ വരെ..... ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങൾ ആകും.... അത് പോലെ സ്വർഗവും..... ഇതേ കാഴ്ചകൾ ആസ്വദിക്കാൻ കഴിയാതെ നീറുന്ന ഉള്ളവുമായി വേറൊരു ബാൽകണിയിൽ ഇവയും നിൽക്കുന്നുണ്ടായിരുന്നു.... _________ "Its ok sir........ ഞാൻ വെയിറ്റ് ചെയ്തോളാം..... 2,3 month ആകുമ്പോഴേക്കും റെഡി ആകില്ലേ....... Thankyou sir..... " ബാഗിൽ ഡ്രസ്സ്‌ എല്ലാം മടക്കി വെച്ചു ഷോൾഡർ കൊണ്ട് ഫോൺ ബാലൻസ് ചെയ്തു സംസാരിക്കുകയായിരുന്നു ഇവ..... "ഇവ്......." ഉറക്കെ ഉള്ള ഏതന്റെ വിളിയും കൂടാതെ ഫ്ലാറ്റിന്റെ കാളിംഗ് ബെൽ നിർത്താതെ അടിക്കുന്നതും കേട്ടു ഇവ ഒരു കൈ കൊണ്ട് ഇടതു ചെവി പൊത്തി... മറു കൈയിലേക്ക് ഫോൺ പിടിച്ചു വലതു കാതിൽ ആയി വെച്ചു പുറത്തേക്ക് നടന്നു...... ഡോർ തുറന്നതും ഏതനും ജോയും ഉള്ളിലേക്ക് ഇടിച്ചു കയറിയിരുന്നു.... "സോറി സർ.... പുറത്ത് ഫ്രണ്ട്‌സ് വന്നതാണ്.... " ഏതനെ നോക്കി കണ്ണുരുട്ടി കൊണ്ടായിരുന്നു അവൾ പറഞ്ഞത്.... ജോ അബദ്ധം മനസ്സിലാക്കിയ കണക്കെ എരിവ് വലിച്ചു കൊണ്ട് സെറ്റിയിൽ ചെന്നിരുന്നു.... ഏതൻ നേരെ ടീവിക്ക് മുന്നിലേക്കും.....

"No.... ഒരു ബുദ്ധിമുട്ടും ഇല്ല.... ഞാൻ റെഡിയാണ്..... " ഏതന്റെ കയ്യിൽ നിന്നും ടീവിയുടെ റിമോർട്ട് പിടിച്ചു വാങ്ങി വോളിയം ഒന്ന് കുറച്ചു അവനെ കണ്ണുരുട്ടലോടെ നോക്കി കൊണ്ട് ഇവ ഫോണിൽ പറഞ്ഞു.... ഏതൻ പല്ല് കടിച്ചു കൊണ്ട് അവളെയും.... "Sure..... ഞാൻ അയക്കാം.....Thankyou sir... Ok... Bye.... " ഫോൺ ഓഫ് ചെയ്യുമ്പോൾ തന്നെ ഇവ കയ്യിലെ റിമോർട്ട് കൊണ്ട് ഏതന്റെ തലയിൽ ഒന്ന് മേടി കൊണ്ട് അവന്റെ മടിയിലേക്ക് തന്നെ ഇട്ടു കൊടുത്തു.... "കോപ്പേ.... " തലക്ക് പിറകിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവനും പറഞ്ഞു.... "പോടാ പട്ടി.... നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട്.... കാര്യമായിട്ട് ആരോടെങ്കിലും സംസാരിക്കുമ്പോൾ ഈ ടീവിയും ഇട്ടു ഇരിക്കരുത് എന്ന്.... " "നീ കാര്യമായ സംസാരത്തിൽ ആണെന്ന് ഞാൻ അറിയണ്ടേ..... " അവനും വിട്ടു കൊടുക്കാതെ വോളിയം ഒന്ന് കൂടെ കൂട്ടി കൊണ്ട് പറഞ്ഞു... ഇവ സെറ്റിയിൽ ഇരുന്ന പില്ലോ എടുത്തു അവന് നേരെ നീട്ടി എറിഞ്ഞു... "അത് ആരേലും പറഞ്ഞിട്ട് ആണോടാ അറിയേണ്ടത്.... അതിനാണ് കണ്ടു അറിഞ്ഞു ചെയ്യുക എന്ന് പറയുന്നത്.... " പില്ലോ ഒന്ന് ക്യാച്ച് പിടിച്ചു നിലത്ത് മടക്കി വെച്ചു അതിലേക്കു കിടന്നു കൊണ്ട് ടീവിയിലേക്ക് നോട്ടം ചുരുക്കിയിരുന്നു അവൻ.... "നീ അത് വിട്..... പുതിയ പ്രൊജക്റ്റ്‌ ആണോടി... "

ജോയുടെ ചോദ്യം കേട്ടു ഇവ ഒരു കാൽ സെറ്റിയിലേക്ക് കയറ്റി വെച്ചു അവന് നേരെ ചെരിഞ്ഞു ഇരുന്നു.... "അല്ലടാ..... കുറച്ചു മുന്നേ സ്റ്റുഡിയോയിൽ വെച്ചു ഒരു പ്രൊജക്റ്റ്‌ ഡിസ്കഷൻ കഴിഞ്ഞിരുന്നില്ലേ..... എടാ..... ആ....ലോ പിച്ച്.... ഹൈ പിച്ച് കേസ്.... " "എന്റെ കർത്താവെ..... ആ..... ചീവീടിന്റെ പ്രൊജക്റ്റോ..... നിനക്ക് ഭ്രാന്ത് ആണോടി.... വെറുതെ ആ ട്രെയിനിന് തല വെക്കണോ....." ജോയുടെ പരിഭ്രമം മനസ്സിലാക്കി ഇവ ഒന്ന് ചിരിച്ചു കൊണ്ട് ടീവിയിലേക്ക് നോട്ടം ചെരിച്ചു... ഏതൻ മെല്ലെ തല ഉയർത്തി ഇവയെ നോക്കി പിന്നെയും ടീവിയിലേക്ക് കണ്ണുകൾ നീട്ടി.... "ഇവ.....വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു കഴുത്തിൽ ഇടേണ്ട..... സംഭവം നല്ല ക്യാഷ് കിട്ടും എങ്കിലും അങ്ങേര് ഒരു ചൊറിയൻ പുഴുവാടി..... " വളരെ ലാഗവത്തോടെ അവളെ മനസ്സിലാക്കും രീതിയിൽ ആയിരുന്നു ഏതൻ പറഞ്ഞത്...ഇവ ടീവിയിൽ നിന്നും കണ്ണ് മാറ്റിയില്ല.... ആരെയും നോക്കാൻ ഉള്ള കെൽപ്പ് അവൾക്ക് ഇല്ലായിരുന്നു.... "മുങ്ങി ചാവാൻ നിൽക്കുമ്പോൾ കയ്യും കാലും ഇട്ടു അടിക്കില്ലേ..... ഇതിനെ അങ്ങനെ കണ്ടാൽ മതിയടാ.....എനിക്ക് അത്യാവശ്യം ആയി കുറച്ചു ക്യാഷ് ആവശ്യം ഉണ്ട്.... അതിനു വേണ്ടി ഞാൻ എന്തും ചെയ്യും.... ഇത് അതിനുള്ള ഒരു മാർഗം മാത്രം ആണ്..... എന്റെ ലൈഫ് സെറ്റ് ചെയ്യാൻ ഉള്ള അവസാന ശ്രമം..."....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story