മഴപോൽ: ഭാഗം 5

mazhapol thasal

രചന: THASAL

തോറ്റു കൊടുക്കില്ല.... ഉള്ളിൽ വാശി നിറഞ്ഞു... അവൾ വേറെ ഒന്നും ആലോചിക്കാതെ ഷെൽഫിൽ നിന്നും ബാഗ് എടുത്തു അതിലേക്കു കയ്യിൽ കിട്ടിയ എല്ലാം വലിച്ചു വാരി ഇട്ടു കൊണ്ട് സിബ് വലിച്ചു അടച്ചു.... പുറത്ത് നിന്നും ആന്റിയുടെ ശബ്ദത്തിന് പുറമെ ജോണിന്റെ ശബ്ദവും അപ്പോൾ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു... ലാപും ബാഗിൽ വെച്ചു... ബെഡിൽ ഉണ്ടായിരുന്ന ഓവർ കോട്ട് കയ്യിൽ മടക്കി പിടിച്ചു ചെറിയ ബാഗ് കഴുത്തിലൂടെ ക്രോസ്സ് ആയി ഇട്ടു ട്രാവൽ ബാഗ് തോളിലൂടെ ഇട്ടു കൊണ്ട് അവൾ ഡോർ തുറന്നു... അവളെ അങ്ങനെ കണ്ടത് കൊണ്ടാകാം അവരുടെ എല്ലാം മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു... അവളുടെ വാശി നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആന്റി അവളുടെ കയ്യിൽ പിടിച്ചു... "നീ എന്താ മോളെ ഈ ചെയ്യുന്നേ... എങ്ങോട്ട് പോവാനാ ഈ... " "വേണ്ടാ ആന്റി.... " ഉള്ളിലെ വാശിയിൽ ഒരു ഇറ്റ് കണ്ണുനീർ പോലും അവളുടെ കണ്ണിൽ നിന്നും പുറത്ത് വന്നില്ല... അവരെ ഒന്ന് തടഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ജോൺ അവളുടെ കയ്യിൽ പിടിച്ചു... "ഇവ.... പ്ലീസ്... " "ജോൺ... എനിക്ക് താല്പര്യം ഇല്ല... " "പ്ലീസ്... മമ്മക്ക് വേണ്ടി ഞാൻ സോറി പറയാം... ട്രസ്റ്റ്‌ മി... ഇനി നിന്നെ ആരും ഒന്നിന് വേണ്ടിയും നിർബന്ധിക്കില്ല... പ്ലീസ്... പോകരുത്... "

അവനിൽ സിസ്റ്ററോടുള്ള സ്നേഹം ആയിരുന്നു... അവൾക്കും ഉള്ളിൽ കുഞ്ഞ് സങ്കടം കുമിഞ്ഞു കൂടിയപ്പോൾ അവൾ അവനെ മെല്ലെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് മാറി നിന്നു... "Dont worry... ഞാൻ സേഫ് ആയിരിക്കും... " അത് മാത്രം പറഞ്ഞു അവന്റെ കൈ വിടിവിച്ചു കൊണ്ട് അവൾ താഴേക്ക് നടന്നു... "ഇവ... " പിന്നിൽ നിന്നും ആരുടേയും വാക്കുകൾ അവൾ ചെവി കൊണ്ടില്ല... വാശി ചിന്തകളെ മറച്ചു... "നിന്നോട് ഞാൻ പല തവണ പറഞ്ഞതാണ്... അവളെ ഇനി ഒന്നിന്റെ പേരിലും ശല്യം ചെയ്യരുത് എന്ന്... ഇതിനായിരുന്നു മമ്മയെ കാണണം എന്നും പറഞ്ഞു വിളിച്ചു കൊണ്ട് വന്നത്.... " പപ്പയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.... "മമ്മക്ക് ഇത് എന്തിന്റെ കേടാ... ഞങ്ങളെ ഏതായാലും ഇങ്ങനെ ആക്കി... ഇനി ആ കൊച്ചിനെ കൂടി വേദനിപ്പിക്കണോ... " അങ്കിളും ദേഷ്യത്തോടെ പറയുന്നുണ്ട്... അത് കേട്ടു കൊണ്ടാണ് ഇവ താഴേക്ക് ഇറങ്ങി ചെന്നത്... അവളുടെ കയ്യിലെ ബാഗും സാധനങ്ങളും കണ്ടു ഒരു നിമിഷം എല്ലാവരും സ്റ്റെക്ക് ആയി... അവൾ യാതൊന്നും പറയാതെ ആരേയും നോക്കാതെ പുറത്തേക്ക് നടക്കാൻ ഒരുങ്ങി..

"മോളെ... " പപ്പയുടെ ആ വിളിയിൽ അവൾ ഒന്ന് നിന്നു... മെല്ലെ അദ്ദേഹത്തേ നോക്കാതെ തന്നെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാരി നിന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... "തടയണ്ടാ പപ്പായി... പപ്പായി പറഞ്ഞാൽ ഇവ കേൾക്കും... അത് പെണ്ണ് എന്ന നിലയിൽ ഞാൻ ചെയ്യുന്ന തെറ്റ് ആയിരിക്കും... ഒരു പെണ്ണിനെ കൊണ്ട് ഒറ്റക്ക് ഒന്നും സാധിക്കില്ല എന്നുള്ള ഇവരുടെ ചിന്ത ശരിയായി മാറും... എനിക്ക് പോകണം പപ്പായി..." അവളുടെ കണ്ണുകൾ മെല്ലെ അദ്ദേഹത്തിന്റെ ഷിർട്ടിൽ തന്നെ തുടച്ചു... ആരും കാണരുത്.... ഇതൊരു പെണ്ണിന്റെ ബലഹീനതയായി തോന്നരുത്.... പപ്പ ഒരു നിമിഷം അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു... "എനിക്ക് അറിയാടാ... പപ്പായിയുടെ കൊച്ചിനെ പപ്പായിക്ക് വിശ്വാസാ....നീ ആരുടേ മുന്നിലും താഴെണ്ടാ ആവശ്യവും ഇല്ല... ഒരു മാസത്തെ കാര്യം അല്ലേ.... അത് കഴിഞ്ഞാൽ നിനക്ക് നിന്റെ സ്വപ്നത്തിന് വേണ്ടി പറക്കാലോ...... അത് വരെ നീ പിടിച്ചു നിൽക്കുംന്ന് പപ്പായിക്ക് അറിയാം... ധൈര്യമായി പൊയ്ക്കോ... " അവളുടെ മുഖം ഒന്ന് പിടിച്ചുയർത്തി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു...

അവിടെ നിന്ന് ഇറങ്ങുമ്പോൾ അങ്കിളിനെയും ആന്റിമാരെയും ഒരു നോക്ക് നൽകി എങ്കിലും വേദനയോടെ നിൽക്കുന്ന മമ്മയെ മനഃപൂർവം അവഗണിച്ചു.... ഉള്ളിൽ ഉള്ളത് വേദനയല്ല... വാശിയാണ്.... അഭിമാനത്തേ വ്രണപെടുത്തിയ ദേഷ്യവും.... സ്കൂട്ടി എടുത്തു പോകുന്നവളെ ഉള്ളം നുറുങ്ങുന്ന വേദനയിൽ അവർ നോക്കി നിന്നു... അപ്പോഴത്തേ ദേഷ്യത്തിൽ അടിച്ചു പോയതാണ് ...മകളെ സ്നേഹിക്കാനും വേദനിപ്പിക്കാനും ഉള്ള അവകാശം ഒരു മമ്മ എന്ന നിലയിൽ തനിക്കില്ലേ.... അവരുടെ ചിന്തയിൽ കടന്നു വന്ന ചോദ്യം.... "അവളെ... അവളെ തിരിച്ചു വിളിക്ക് ഇച്ചായാ... " വേദനയോടെ അവർ സാമുവലിലേക്ക് ചേരാൻ നിന്നതും അയാൾ ദേഷ്യത്തോടെ അവരെ പിടിച്ചു മാറ്റി... "ഇത്രയും അതിനെ പിടപ്പിച്ചിട്ട്.... ഇനിയും വേദനിപ്പിക്കാൻ ആണോ... !!?" പിന്നിൽ നിന്നും ജോണിന്റെ വാക്കുകൾ....ഒരു നിമിഷം അവർ തറഞ്ഞു നിന്ന് പോയി.... പപ്പയും അവനെ വിശ്വസിക്കാൻ കഴിയാതെ നോക്കി നിൽക്കുകയായിരുന്നു... "മോനെ... ഞാൻ... " "ഇത്രയും കാലം നിങ്ങള് പറഞ്ഞതും കേട്ടു നിന്നത്...

മമ്മയാണ്... അവൾക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല എന്ന് തോന്നിയത് കൊണ്ട... പക്ഷെ ഇന്ന് ചെയ്തത്.... അങ്ങേ അറ്റം മോശമായി..... ഇത്രയും വേണ്ടിയിരുന്നില്ല.... ഇനി മേലാൽ അവളെ ഭരിക്കാനോ ഉപദേശിക്കാനോ ശാസിക്കാനോ ആരെങ്കിലും മുതിർന്നാൽ.... " അവൻ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... "അവൾ എന്റെ മോളല്ലേ.... ഞാൻ അല്ലേ അവളെ നല്ല വഴിക്ക് കൊണ്ട് വരേണ്ടത്..." അവരും വീറോടെ വാദിച്ചു... "അല്ലേലും പെൺപിള്ളേരെ പഠിക്കാൻ അനുവദിച്ചാൽ ഇതാണ്... ആരെയെങ്കിലും ബഹുമാനം ഉണ്ടോ എന്ന് നോക്ക്... അഹങ്കാരി... എങ്ങോട്ടെങ്കിലും പോകട്ടെ... " അമ്മാമ്മയുടെ വാക്കുകൾ കേട്ടതും ജോണിന്റെ എല്ലാ പിടിയും വിട്ടിരുന്നു... "ദേ... ഇനി ഈ ഇരിക്കുന്ന ഡാകിനി ഈ വീട്ടിൽ ഉണ്ടാകാൻ പാടില്ല.... എങ്ങോട്ട് എന്ന് വെച്ചാൽ കൊണ്ടാക്കിയെക്കണം... ഇനി മേലാൽ എന്റെ അനിയത്തിയെ തെറ്റായി എന്തേലും പറഞ്ഞാൽ... കർത്താവാണെ പ്രായവും സ്ഥാനവും ഞാൻ അങ്ങ് മറക്കും... " ജോണിന്റെ ശബ്ദം ഉയർന്നു... ആരും അവനെ എതിർത്തില്ല.... എല്ലാവർക്കും അറിയാവുന്നത് തന്നെ ആയിരുന്നു അവരുടെ സ്വഭാവവും... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"നീ എന്ത് പണിയാ ഈ കാണിച്ചേ... അവര് എന്തേലും പറഞ്ഞു എന്ന് വെച്ചു ഇറങ്ങി പോരുകയാ ചെയ്യാ...." ഏതൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ എന്ന പോലെ പറഞ്ഞതും അവൾ കൂർത്ത കണ്ണുകളോടെ അവനെ ഒന്ന് നോക്കി... "എന്താ നിങ്ങക്ക് ബുദ്ധിമുട്ട് ഉണ്ടോ.... ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.... ഞാൻ വേറെ റൂം നോക്കിക്കോളാം.... " ആ വാക്കിൽ നിന്ന് തന്നെ ഒരു തരം വാശി അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് ഏതനും പീറ്ററിനും റയാനും അറിയാൻ സാധിക്കുന്നുണ്ടായിരുന്നു... റയാൻ ഏതന്റെ കയ്യിൽ ഒന്ന് തട്ടി കണ്ണ് ചിമ്മി കാണിച്ചു... "ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല... One month ഓ....Two month ഒ ഇനി ജീവിതകാലം മുഴുവനോ... എങ്ങനെയെന്ന് വെച്ചാൽ താമസിച്ചോ... " റയാൻ പറഞ്ഞതും അവൾ ബാഗിൽ നിന്നും ഓരോന്ന് എടുത്തു റൂമിൽ അടുക്കി വെച്ചു... ഉള്ളിൽ ഒരു തരം വാശി...അത് അവളുടെ പെരുമാറ്റത്തിലും പ്രകടമായിരുന്നു.... "ഡി... നിന്റെ ഫോൺ റിങ് ചെയ്യുന്നു... " ഹാളിൽ ചാർജിനിട്ട ഫോണുമായി വന്ന ജോ പറഞ്ഞതും അവൾ അത് വാങ്ങി കൊണ്ട് അതിലേക്കു ഒരു നോട്ടം നൽകി കട്ട്‌ ചെയ്തു അവന്റെ കയ്യിൽ തന്നെ കൊടുത്തു... "ഇത് ചാർജിന് ഇട്... " "ദാ... പിന്നെയും... " ജോ കയ്യിലെ ഫോണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...

"നിന്നോട് ഞാൻ പറഞ്ഞത് ചാർജിന് ഇടാൻ ആണ്.... അത് റിങ് ചെയ്യട്ടെ... " അവളുടെ കടുപ്പമേറിയ വാക്കുകൾക്ക് മുന്നിൽ ഒന്നും എതിർത്തു പറയാൻ ആകാതെ ജോ അവിടെ നിന്നും തിരിഞ്ഞു നടന്നു... അപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു... "ഡി.... നിന്റെ മമ്മ... " ഇപ്രാവശ്യം പീറ്റർ ആയിരുന്നു... "ഒറ്റ ഒന്ന് എടുത്തു പോകരുത്... " അവൾ ഒരു വാണിംഗ് രൂപത്തിൽ പറഞ്ഞു അതൊന്നും ശ്രദ്ധിക്കാത്ത മട്ടെ അവളുടെ ജോലി തുടർന്നു... "സൈലന്റ് ആക്കി വെക്കടാ... " വീണ്ടും വീണ്ടും റിങ് ചെയ്തതും അവൾ ഒന്ന് അലറി... അപ്പോൾ തന്നെ മൂന്ന് പേരും ഞെട്ടി കൊണ്ട് ഫോൺ സൈലന്റ് ആക്കി.... അവളുടെ ഉള്ളിൽ ഒരു വേദന തോന്നിയിരുന്നു... ഇത് വരെ എന്തൊക്കെ ദേഷ്യപ്പെട്ടാലും വഴക്ക് കൂടിയാലും മുന്നിൽ നിൽക്കുന്നത് മമ്മയാണ്... പഴയ കാല ചിന്താഗതികൾ ആണ് തനിക്ക് നേരെ ഉയർത്തുന്ന എല്ലാ പ്രതിരോധങ്ങളും എന്ന് മനസ്സിൽ കരുതിയിരുന്നത്....പക്ഷെ അത്രയും ആളുകൾക്ക് മുന്നിൽ വെച്ചു കൈ നീട്ടിയുള്ള ആ അടി... അവളുടെ ഉള്ളിൽ ഒരു അപമാനം ആയി തങ്ങി നിന്നു.... __________

"ടാ പെട്ടെന്ന് വാ... എനിക്ക് പോയിട്ട് തിരക്കുള്ളതാ...." വണ്ടിയിൽ കുത്തി ഇരുന്നു കൊണ്ട് ഉള്ളിലേക്ക് നോക്കി ഇവ വിളിച്ചു പറഞ്ഞതും ഉള്ളിൽ നിന്നും ഏതൻ ബാഗും പിടിച്ചു ഓടി വന്നു അവളുടെ പിറകിൽ ഇരുന്നു.... "നിന്റെ ഹെൽമെറ്റ്‌ എവിടെഡി... " അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് അവൻ ചോദിച്ചതും അവൾ സൺഗ്ലാസ്‌ എടുത്തു മുഖത്ത് വെച്ചു കൊണ്ട് ഒന്ന് ഇളിച്ചു... "ഇന്നലത്തെ പ്രശ്നത്തിനിടയിൽ എറിഞ്ഞു പൊട്ടിച്ചു... " "ഇവളെ കൊണ്ട്.... " ഏതൻ പല്ല് കടിച്ചു ഒരു നിമിഷം നോക്കി... "നീ വണ്ടി വിട്.... " അവൻ പറഞ്ഞതും അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു... "ടാ പീറ്റ്.... ഞങ്ങൾ അങ്ങോട്ട്‌ പോയി.... നീ കറക്റ്റ് ടൈമിൽ സ്റ്റുഡിയോയിൽ എത്തിയെക്കണം.... ഇന്ന് ആ ഡയറക്ട്ടറെ പിടിക്കാൻ ഉള്ളതാ.... " അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും സിറ്റ്ഔട്ടിൽ ഇരുന്നു പേപ്പർ വായിക്കുന്ന പീറ്റർ ഒന്ന് ചിരിച്ചു... "ഞാൻ എങ്ങും വരുന്നില്ല.... ഇങ്ങ് അങ്ങേരുടെ എല്ലും തോലും വേർപ്പെടുത്താൻ അല്ലേ.... അത് കഴിഞ്ഞു നീ അങ്ങ് ചൈനയിൽ പോകും.... ഞങ്ങള് ചാൻസും ചോദിച്ചു പിന്നെയും തെണ്ടണം.... "

പീറ്റർ തമാശ രൂപത്തിൽ പറഞ്ഞു... "എന്റെ കർത്താവെ അതിനാണോ എന്നെ കൊണ്ട് പോകുന്നെ.... എന്നാ ഞാനും ഇല്ല... " ഏതൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങാൻ ഒരുങ്ങിയതും അവൾ അവന്റെ തുടയിൽ ഒന്ന് പിച്ചി... "ടാ... കോപ്പേ... അടങ്ങി ഇരിക്ക്....ഡബ്ബിങ് കഴിഞ്ഞിട്ട് ക്യാഷ് ചോദിക്കാൻ ആണ്...അല്ലാതെ ആദ്യം തന്നെ പോയിട്ട് അങ്ങേരെ തല്ലാൻ ഒന്നും അല്ല... " ഏതൻ അവൾ പിച്ചിയ ഭാഗം എരിവ് വലിച്ചു കൊണ്ട് തടവി... "പുല്ല്... കോളജിൽ നിന്നും തുടങ്ങിയതാ നുള്ളി വേദനിപ്പിക്കാൻ....നിന്റെ കൈ അടങ്ങി ഇരിക്കില്ലേഡി... " അവനും മുഖം വീർപ്പിച്ചു... അവൾ ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു.... "നീ എന്നതിനാ ഇവിടെ നിർത്തിയെക്കുന്നെ.... സത്യായിട്ടും അടിക്കാൻ ഒന്നും ഞാൻ വരത്തില്ലട്ടാ... " ഒരു ഷോപ്പിന് മുന്നിൽ വണ്ടി നിരത്തിയതും വണ്ടിയിൽ നിന്നും ഇറങ്ങാതെയുള്ള ഏതന്റെ സംസാരം കേട്ടു ഇതെന്തു കൂത്ത് എന്ന കണക്കെ ഇവ ഒന്ന് ചെരിഞ്ഞു അവനെ നോക്കി... "അതിന് നിന്നോട് ആരാടാ തല്ലാൻ വരാൻ പറഞ്ഞേ... നീ വണ്ടിയിൽ നിന്ന് ഇറങ്ങിക്കെ... " "നോ... ഹോക്കി സ്റ്റിക് വാങ്ങിക്കാൻ അല്ലേ...

നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ വണ്ടി എടുത്തെ... എന്തുണ്ടെലും നമുക്ക് സംസാരിച്ചു തീർക്കാം... " അവന്റെ സംസാരം കേട്ടു ഇവ സംശയത്തോടെ ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടു ഒരു സ്പോർട്സ് കിറ്റിന്റെ ഷോപ്പ്... അവൾക്ക് ചിരിയാണ് വന്നത്.... അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒന്നും മിണ്ടാതെ നടന്നതും പിറകിൽ നിന്നും ഏതൻ വിളിച്ചു എങ്കിലും അവൾ അതൊന്നും ശ്രദ്ധിച്ചില്ല.... "ഇവളെ കൊണ്ട്... ഇവ....നമുക്ക്... " എന്തോ പറയാൻ ഒരുങ്ങിയതും സ്പോർട്സ് ഷോപ്പ് കടന്നു മുന്നോട്ട് നീങ്ങി അടുത്ത് ഹെൽമെറ്റ്‌ വിൽക്കുന്ന ആളുടെ അടുത്തേക്ക് നടക്കുന്ന ഇവയെ കണ്ടു അവൻ ഒന്ന് ചമ്മി... "ഇതിനായിരുന്നോ....ചമ്മിയത് ആരും കണ്ടില്ല... " അവൾ ചളിപ്പോടെ മുഖം തിരിച്ചു... "我不会无缘无故地伤害任何人" (Wǒ bù huì wúyuán wúgù dì shānghài rènhé rén) (കാരണം ഇല്ലാതെ ഞാൻ ആരേയും ഉപദ്രവിക്കാറില്ല... ) കയ്യിലെ ഹെൽമെറ്റ്‌ തലയിൽ ഇട്ടു കൊണ്ട് ഇവ പറഞ്ഞതും ഏതൻ ഒരു നിമിഷം അവളെ ഒന്നും മനസ്സിലാകാതെ നോക്കി... "ഇവളെ കൊണ്ട്... " അവൻ ചുണ്ടിനിടയിൽ ഇട്ടു പിറു പിറുത്തു..

"Xièxiè" അവൻ ഇളിച്ചു കൊണ്ട് തിരികെ പറഞ്ഞതും ഇവ കണ്ണ് ചുളിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി... "നീ എന്തിനാ എന്നോട് താങ്ക്സ് പറഞ്ഞത്... " അവൾ വണ്ടിയിൽ കയറി ഇരുന്നു കൊണ്ട് ചോദിച്ചു... "എനിക്ക് ആകെ കൂടി അറിയുന്ന ഒരൊറ്റ ചൈനീസ് സെന്റെൻസ് അതാ... നീ മനുഷ്യന് വായിൽ കൊള്ളാത്ത ഓരോന്ന് വിളിച്ചു പറഞ്ഞാൽ ഞാൻ എന്ത് മറുപടി പറയാനാ...." അവളെ പുച്ഛിച്ചു കൊണ്ടുള്ള അവന്റെ വാക്കുകളിൽ അവൾ ഒന്ന് ചിരിച്ചു പോയി... "簡體中文" (Jiǎntǐ zhōngwén) (ചൈനീസ് സിമ്പിൾ അല്ലേടാ... ) അവൾ ചിരിയോടെ തന്നെ ചോദിച്ചു... "പോടീ പട്ടി... " അവൻ അതും പറഞ്ഞു കൊണ്ട് ഒരു വശത്തേക്ക് മുഖം ചെരിച്ചു വെച്ചതും അവൾ ചുണ്ടിൽ ഊറി വന്ന ചിരി ഒതുക്കി പിടിച്ചു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story