മഴപോൽ: ഭാഗം 8

mazhapol thasal

രചന: THASAL

"ആരെ സ്വപ്നം കണ്ടു കൊണ്ടാടി നടക്കുന്നത് ഉണ്ട കണ്ണി...." അവന്റെ ആ അലർച്ചയിൽ അത് വരെ അവൾക്ക് ഇത് വരെ തോന്നിയ കുറ്റബോധം ഒറ്റ നിമിഷം കൊണ്ട് ആവിയായി.... "You call me ഉണ്ടക്കണ്ണി... " ഉണ്ടകണ്ണും വിടർത്തി മുഖത്ത് ദേഷ്യവും വരുത്തി കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് പരുങ്ങി... അവൻ ചുറ്റിലും ഒന്ന് നോക്കി... പറഞ്ഞത് അബദ്ധം ആയോ എന്ന പോലെ... പക്ഷെ അതിനേക്കാൾ കൂർപ്പിച്ച ഒരു നോട്ടം അവളിലേക്ക് നൽകി... "പിന്നെ.... മുഖത്ത് മുക്കാൽ ഭാഗവും കണ്ണും വെച്ചു നടക്കുന്ന നിന്നെ പിന്നെ എന്താ വിളിക്കേണ്ടത്.....ഉണ്ടക്കണ്ണി....പിന്നിലേക്ക് ഏന്തി ഏന്തി നടക്കാൻ നിന്റെ പിന്നിൽ ആണോടി കണ്ണ്... " ബുള്ളറ്റ് ചെരിഞ്ഞപ്പോൾ അതിനിടയിൽ കുടുങ്ങി തോല് പോയ കാലിന്റെ നെരിയാണിക്ക് സൈഡിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചതും അവളുടെ മുഖവും വീർത്ത് വന്നു.. "ഉണ്ടക്കണ്ണി നിന്റെ പെൺപിറന്നോൾ... താൻ പോടാ പരട്ട കിളവാ... " ഒരു നിമിഷം വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു അവന്റെ ബുള്ളറ്റിലും ഒരു ചവിട്ട് കൊടുത്തു പോകുന്നവളെ അവൻ അന്തം വിട്ട് കൊണ്ട് നോക്കി... "പരട്ട കിളവൻ നിന്റെ തന്ത..." ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ചുണ്ടിൽ അടക്കി പറഞ്ഞു...

സ്വന്തം മാനം കൂടി നോക്കണ്ടേ..ഒരു കൂസലും കൂടാതെ നടന്നു പോകുന്നവളെ കണ്ണും കൂർപ്പിച്ചു ഒരു നിമിഷം നോക്കി... "ഡാ... അർജു....വേഗം വാടാ..." ഡോർ തുറന്ന് വന്ന ഒരാൾ വിളിച്ചതും അവൻ എന്തോ ഓർത്ത പോലെ പെട്ടെന്ന് ബുള്ളറ്റ് സൈഡിലേക്ക് പാർക്ക്‌ ചെയ്തു സ്റ്റുഡിയോയിലേക്ക് കയറി പോയി... _________ "ഡാ... കോപ്പേ... പത്ത് മിനിറ്റ് തരും...അതിനുള്ളിൽ വന്നോണം... എനിക്ക് ഷോപ്പിങ്ങ് ഉണ്ടഡാ....പ്ലീസ്....ഡാ... ഏതൻ തെണ്ടി... ഡാ. ഡാ... " എന്തോ പറയും മുന്നേ ഫോൺ കട്ട്‌ ആയിരുന്നു... അവൾ റോഡ് സൈഡിലെ കമ്പിയിൽ കയറി ഇരുന്നു കൊണ്ട് വീണ്ടും അവനെ വിളിക്കാൻ ശ്രമിച്ചു...കിട്ടാതെ വന്നതോടെ അവൾ ഒന്ന് പല്ല് കടിച്ചു... #പത്ത് മിനിറ്റ് സമയം തരും... അതിന് മുന്നേ വന്നില്ലേൽ ഇന്ന് നീ നേരം പോലെ കിടന്നു ഉറങ്ങില്ല.. # വാട്സ്ആപ്പിൽ ഭീഷണി സ്വരത്തിൽ ഒരു മെസ്സേജ് അയച്ചു കൊണ്ട് അവൾ ഫോൺ പോക്കറ്റിൽ വെച്ചു അവിടെ തന്നെ ഇരുന്നു... എക്സാം കഴിഞ്ഞു വീട്ടിലേക്ക് പോകാൻ കാത്തു നിൽക്കുന്ന ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു ബസ് സ്റ്റോപ്പിൽ.....

അവൾ അവരിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചു... എല്ലാവരും അവരുടേതായ ലോകത്ത് കളിച്ചും സംസാരിച്ചുമുള്ള നിൽപ്പ് ആണ്... വെള്ള യൂണിഫോമിന് ചേർന്നു പെൺകുട്ടികൾ തലയിൽ കെട്ടിയ വെള്ള റിബ്ബണും വെള്ള മാലയും എല്ലാം അവളെ പഴയ കാലങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചു... പപ്പായി കൊണ്ട് തരുന്ന നിറയെ വളകളും മാലയും തോളറ്റം ഉള്ള മുടി കൊമ്പും കെട്ടി പോയിരുന്ന ആ കാലത്തിലേക്ക്... അറിയാതെ തന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... "ചേച്ചി...ഇതൊന്ന് ഒന്ന് ഇട്ടു തരാവോ..." മൂന്നിലോ നാലിലോ ആണെന്ന് തോന്നുന്നു.. ഒരു കൊച്ച് കുട്ടി... കയ്യിൽ കയ്യിൽ ഒരു ബാഗും ഉണ്ട്... അവൾ പുഞ്ചിരിയോടെ കുഞ്ഞിന്റെ കവിളിൽ വിരൽ ചേർത്ത് പിടിച്ചു വലിച്ചു കൊണ്ട് മെല്ലെ കുഞ്ഞിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി തിരിഞ്ഞില്ല നിൽക്കുന്ന കുട്ടിയുടെ തോളിൽ ഇട്ടു കൊടുത്തു... അതോടെ കുട്ടി ചെറിയ ചിരി മാത്രം നൽകി കൊണ്ട് കൂടെ ഉള്ളവരുടെ അടുത്തേക്ക് ഓടി... അവൾ ചിരിയോടെ മുകളിലേക്ക് തന്നെ കയറി ഇരുന്നു... ഇടക്ക് തന്നെ ഇടം നോക്കുന്ന കുട്ടി കുറുമ്പിയെ കണ്ടു കൊണ്ട് തന്നെ സൈഡ് ബാഗിൽ നിന്നും ഒരു കളർ പേപ്പർ എടുത്തു... ഇടക്ക് അവളും ഇടം കണ്ണിട്ട് നോക്കുമ്പോൾ കുട്ടി ഏന്തി വലിഞ്ഞു എന്താണെന്ന് കാണാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്...

അവൾ ചിരി ചുണ്ടിൽ ഒളിപ്പിച്ചു ഒന്നും അറിയാത്ത പോലെ... കൈ കൊണ്ട് തന്നെ അതിനെ മടക്കിയും കീറിയും ഇരിക്കുമ്പോൾ ആ കുട്ടി മടിച്ച് മടിച്ചു അവളുടെ അടുത്തേക്ക് വന്നു അവൾക്ക് അരികിൽ ആയി കമ്പിയിൽ ചാരി നിന്നു.. "ഇത് എന്താ ഉണ്ടാക്കുന്നെ... " "എന്താ തനിക്ക് വേണ്ടത്... " അവൾ അതെ സ്വരത്തിൽ കുഞ്ഞിന്റെ മൂക്കിൽ ഒന്ന് വിരൽ വെച്ചു തട്ടി കൊണ്ട് ചോദിച്ചതും കിട്ടി ഒന്ന് ചുമല് കൂച്ചി... അവൾ കള്ള ചിരിയോടെ വീണ്ടും അതിലേക്കു ശ്രദ്ധ കൊടുക്കുമ്പോൾ കമ്പിയിൽ മുഖം ചേർത്ത് കൊണ്ട് അവളെയും നോക്കി നിൽക്കുകയായിരുന്നു ആ കുട്ടി... "ഡി..... " മുന്നിൽ വണ്ടി നിർത്തി കൊണ്ട് ഏതൻ വിളിച്ചപ്പോൾ അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി കൊണ്ട് കമ്പിയിൽ നിന്നും ചാടി ഇറങ്ങി..... മെല്ലെ മുട്ട് കുത്തി ഇരുന്നു ഉണ്ടാക്കിയ പേപ്പർ റോസ് കുട്ടിക്ക് നേരെ നീട്ടിയതും കുഞ്ഞ് പുഞ്ചിരിയോടെ വാങ്ങി... അവൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തിയതും കുഞ്ഞ് ഓടി കൂട്ടത്തിൽ ഉള്ളവരുടെ അടുത്തേക്ക് പോയിരുന്നു.... അവൾ പുഞ്ചിരിയോടെ കൈ വീശി കാണിച്ചു കൊണ്ട് ഏതന്റെ പിന്നിൽ ആയി കയറി ഇരുന്നു.......

തല ചെരിച്ചു എന്തോ കള്ള ചിരിയോടെ പറയുന്നവന്റെ തലയിൽ ഒന്ന് മേടി ചിരിക്കുന്നവളെ നോക്കി കൊണ്ട് റോഡിന്റെ ഒപോസിറ്റ് സൈഡിൽ ചായ മുത്തി കുടിച്ചു കൊണ്ട് അർജുൻ ഇരിപ്പുണ്ടായിരുന്നു... ചുണ്ടിൽ കുഞ്ഞ് പുഞ്ചിരിയും.... വണ്ടി മുന്നോട്ടു എടുക്കുമ്പോഴും അവൾ ആ കുട്ടിക്ക് നേരെ കൈ വീശി കാണിക്കുന്നതും ഫ്ലൈയിങ്ങ് കിസ്സ് കൊടുക്കുന്നതും തെല്ലു അത്ഭുതത്തോടെ നോക്കി ഇരിക്കുകയായിരുന്നു അവൻ.... _________ "ടീഷർട്സ്....പാന്റ്സ്.... നൈറ്റ്‌ വെയർ.... പിന്നെ എന്താ... " അവൻ അവൾ കുറിച്ച് വെച്ച നോട്ട് പാടിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... അവൾ അത് അവന്റെ അടുത്ത് നിന്നും വാങ്ങി ഒന്ന് നോക്കി.. "സാനിറ്ററി പാട്..." "ഓഹ്... ഫസ്റ്റ് ലെറ്റർ മാത്രം എഴുതി വെച്ചാൽ എങ്ങനെയാ മനസ്സിലാവുക....വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ... " വളരെ നിസാരമായി തന്നെ ഏതൻ ചോദിച്ചതും അവൾ കുഞ്ഞ് പുഞ്ചിരിയോടെ ഇല്ല എന്ന് തല കുലുക്കി...സാനിറ്ററി പാട് എന്ന് കേട്ടാൽ വലിയ അപമാനം പോലെ നാണകെടു കൊണ്ട് തല താഴ്ത്തുന്ന...ഒരു സമൂഹത്തിൽ അതിനെ നിസാരമായി കാണുക എന്ന് പറഞ്ഞാൽ... അതൊരു വലിയ കാര്യം തന്നെയാണ്... "നീ ഈ ഡ്രസ്സ്‌ വാങ്ങിയിട്ട് വാ....ഞാൻ ഇതൊന്ന് വാങ്ങട്ടെ... "

"ഇത് അല്ലേ... ഞാൻ വാങ്ങി കൊണ്ട് വരാം... One minuts... " അവൻ പോകുന്നതും നോക്കി അവൾ ഒരു നിമിഷം നിന്നു... അല്പം കഴിഞ്ഞപ്പോൾ തന്നെ അവൻ ഒരു പാക്കുമായി വന്നിരുന്നു... അത് ഡ്രസ്സിന്റെ പാക്കിൽ തന്നെ ഇട്ടു.... "നീ പോകാൻ ആയല്ലേ... " മുന്നോട്ട് നടക്കുമ്പോൾ ആണ് പതിഞ്ഞ ശബ്ദത്തിൽ ഏതൻ ചോദിച്ചത്...അവൾ അതിനൊരു മറുപടി എന്ന പോൽ ഒന്ന് ചിരിച്ചു... "നീയും പോകില്ലേ....അമേരിക്ക കാണാൻ... " "ഒന്ന് പോടീ... അത് ഞാൻ തമാശ പറയുന്നതല്ലേ... " അവൻ പറയുമ്പോൾ അവളുടെ ഉള്ളിൽ നേരിയ ഒരു വേദന... പക്ഷെ തന്റെ ലക്ഷ്യങ്ങൾക്ക് എന്തിനെക്കാളും വാല്യൂ നൽകിയിരുന്ന അവൾക്ക് പുഞ്ചിരിച്ചെ പറ്റൂ... _________ "ഡി... തിരക്കിൽ ആണോ... !!?" ലാപ്പിൽ എന്തൊക്കെയോ ചെയ്യുകയും അതിനോടൊപ്പം തന്നെ ക്യാഷ് തരം തിരിച്ചു വെക്കുകയും ചെയ്യുന്ന ഇവക്ക് അടുത്ത് ബെഡിൽ മലർന്നു കിടന്നു കൊണ്ട് ജോ ചോദിച്ചു... "അല്ലഡാ.... ക്യാഷ് ഒക്കെ ഒന്ന് റെഡി ആക്കുകയായിരുന്നു... ഈ month ലേ കുറച്ചു ആവശ്യങ്ങൾക്കും വീട്ടിലേക്കും ലോണും അങ്ങനെ അങ്ങനെ.... അല്ല...അവന്മാര് എല്ലാം എവിടെ... " അവൾ എല്ലാം റെഡി ആക്കി സപറെറ്റ് ആക്കി കൊണ്ട് ചോദിച്ചതും ജോ അവളെ നോക്കി ചെരിഞ്ഞു കിടന്നു...

"ടീവിയിൽ പെൻഡ്രൈവ് കണക്ട് ചെയ്തു സിനിമ കാണലിൽ ആണ്....ഇനി രണ്ട് മണിക്കൂറിന് ആ വഴി പോവേണ്ട ആവശ്യം ഇല്ല..." "നിനക്ക് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു... ചോദിക്കഡാ..." കൂട്ടത്തിൽ സിനിമ ഭ്രാന്ത് ഒരുപാട് ഉള്ളത് ജോക്ക് തന്നെയാണ്... അവൻ സിനിമ വിട്ട് ഇങ്ങ് വന്നു ഇരിക്കണമെങ്കിൽ മതിയായ കാരണം അതുണ്ടാകും....ജോ ഒന്ന് പുഞ്ചിരിച്ചു... "നിനക്ക് അറിയുമായിരിക്കും...ജനിച്ചപ്പോൾ എല്ലാവരും ഉണ്ടായിരുന്നു എങ്കിലും ചെറു പ്രായത്തിൽ തന്നെ ആരും ഇല്ലാതായവൻ ആണ് ഞാൻ....അന്ന് മുതൽ എന്നോട് ആരും മനസ്സറിഞ്ഞു ചിരിച്ചു ഞാൻ കണ്ടിട്ടില്ലായിരുന്നു... But first time.... ഞാൻ ആ പുഞ്ചിരി കണ്ടത് നിന്നിൽ ആയിരുന്നു.... " "എന്താടാ സെന്റി ആയോ... " അവൾ കളിയാലെ ചോദിച്ചു... ജോ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് തട്ടി... "No...സെന്റി ആകാൻ ഒന്നും ഞാൻ ഇല്ല.... അന്ന് മുതൽ ഇന്ന് വരെ എനിക്ക് ആരും ഇല്ല എന്നൊരു ഫീൽ വന്നിട്ടില്ല.... എന്നും ഒരു കൂടപിറപ്പ് ആയി നീ കൂടെ ഉണ്ടായിരുന്നു... ആ കൂടപിറപ്പ് എന്നാ അവകാശത്തോടെ തരുന്നതാ...വാങ്ങണം... കുറച്ചെ ഒള്ളൂ... " അവളുടെ കയ്യിലേക്ക് നോട്ട് കെട്ടുകൾ വെച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് അവന്റെ കയ്യിൽ തന്നെ വച്ചു കൊടുത്തു വിരലുകൾ മനഃപൂർവം മടക്കി കൊടുത്തു...

"വേണ്ടഡാ... " "ഇവ...പ്ലീസ്... " "ഇവ ആയത് കൊണ്ടാണ് പറയുന്നത്... നിന്നെ നന്നായി അറിയാവുന്നത് കൊണ്ട്...ഈ തരുന്ന ക്യാഷ് ഞാൻ വാങ്ങിയാൽ എനിക്ക് സമാധാനം ഉണ്ടാകില്ലഡാ... കാരണം അത് നിന്റെ കഴുത്ത് അറുത്ത് ഞാൻ നെളിഞ്ഞ് ഇരിക്കുന്ന പോലെ ആയിരിക്കും...നിന്നെയും അവന്മാരെയും നിങ്ങളുടെ കഷ്ടപ്പാടും എല്ലാം അറിയുന്നവൾ അല്ലേ ഞാൻ.... എന്നോട് വേണോടാ...കൊണ്ട് പോടാ അത്... " അവൾ ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നെ അവന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു.. ജോ പുഞ്ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു... "മിസ്സ്‌ ചെയ്യും ഒരുപാട്..." ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു അവർക്ക് അവൾ ആരായിരുന്നു എന്ന്... അവളുടെ കണ്ണുകളും ചെറുതിലെ നനഞ്ഞു എങ്കിലും അവൾ അവന്റെ പുറത്ത് തട്ടി പുഞ്ചിരിച്ചു... "പോടാ ചെക്കാ.... ഞാൻ പോവാൻ കാത്തിരിക്കുകയാവും എല്ലാം... " അവൾ അവനിൽ നിന്നും വിട്ട് മാറി... അവൻ അവളുടെ തലയിൽ മെല്ലെ ഒന്ന് മേടി... "വാടാ...സിനിമ കാണാം... " ലാപ് മടക്കി ബെഡിൽ വെച്ചു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഇവ പറഞ്ഞു...

അവളോടൊപ്പം തന്നെ ചെറിയൊരു പുഞ്ചിരിയോടെ അവനും നടന്നു... അവന് അറിയാമായിരുന്നു അവൾ പെർഫെക്റ്റ് അല്ല... തെറ്റുകൾ ചെയ്യാതിരിക്കാൻ അവൾ ദൈവമോ....ദൈവ പുത്രിയോ അല്ല.... സാധാരണ മനുഷ്യൻ തന്നെയാണ്... പക്ഷെ... എത്ര പെർഫെക്റ്റ് അല്ല എന്ന് പറയുമ്പോഴും സ്നേഹം കൊണ്ട് പെർഫെക്റ്റ് ആക്കുന്ന ഒരു വ്യക്തിയാണ്...എത്ര സെൽഫിഷ് ആകുമ്പോഴും തന്റെ ഡ്രീമിന് ഈ ലോകത്ത് മറ്റു എന്തിനെക്കാളും പ്രാധാന്യം കൊടുക്കുമ്പോഴും മറ്റുള്ളവരെ കൂടി സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് അവളാണ്....ഈ കാലത്ത് ജീവിക്കുന്ന പെൺകുട്ടികൾക്ക് ഇങ്ങനെ ആയിരിക്കണം.... ആർക്ക് വേണ്ടിയും സ്വന്തം കുടുംബത്തിന് വേണ്ടി പോലും തന്റെ ഡ്രീമിനെ വേണ്ടെന്നു വെക്കരുത്............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story