മഴയോർമ്മയായ്....💙: ഭാഗം 1

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

കാലത്ത് തന്നെ ദേഹത്ത് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ അകമ്പടിയോടെയാണ് മധു കണ്ണുകൾ വലിച്ചു തുറന്നത്...... നോക്കുമ്പോൾ ആദ്യം കണ്ണിൽ കണ്ടത് ഈറൻ മുടിയിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ തന്നെയായിരുന്നു....... പിന്നീട് ഒരു പീകോക്ക് നീല നിറത്തിൽ ഉള്ള സാരിയുടെ പുറകുവശം..... കണ്ണുകൾ തിരുമ്മി തുടച്ച് ഒന്നുകൂടി നോക്കി...... അപ്പോൾ നില കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുകയാണ് മാളു..... നിലക്കണ്ണാടിയുടെ അരികിലിരിക്കുന്ന ആമാടപ്പെട്ടി തുറന്ന് അതിൽ നിന്നും കുപ്പിവളകൾ തിരയുകയാണ് മാളു..... മാളുവിന്‌ പണ്ടുമുതലേ കുപ്പിവളകളോട് ഭയങ്കര പ്രിയമാണ്.... സാരിക്ക് ചേരുന്ന നിറത്തിലുള്ള കുപ്പിവളകൾ അല്ലെങ്കിൽ ത്രെഡ് വർക്ക് ചെയ്ത വളകൾ.... വലിയ കളക്ഷൻ തന്നെ ആളുടെ കൈയ്യിൽ ഉണ്ട്..... ടീച്ചർ ആയതുകൊണ്ട് തന്നെ ഓരോ ദിവസവും ഉടുക്കുന്ന സാരിക്ക് മാച്ച് ചെയ്യുന്ന രീതിയിലുള്ള വളകൾ അണിഞ്ഞാണ് മാളു പോകാറുള്ളത്..... അന്വേഷിച്ച ത്രെഡ് വളകൾ കയ്യിൽ കിട്ടിയപ്പോഴേക്കും രണ്ടെണ്ണം എടുത്തു വലത്തേ കൈകളിൽ അണിഞ്ഞു.... അതിനുശേഷം അപ്പുറത്തെ കയ്യിൽ ശ്രദ്ധയോടെ വാച്ച് കെട്ടുകയാണ്.... മധു എല്ലാം ഒരു കൗതുകത്തോടെ നോക്കിക്കാണുകയാണ്.....

അല്ലെങ്കിലും മാളുവിന്റെ ഒരുക്കം കാണാൻ നല്ല ഭംഗിയാണ്.... വിടർന്ന കണ്ണുകൾ നന്നായി എഴുതി ഏത് ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് എങ്കിലും അതിൻറെ നിറത്തിലുള്ള ഒരു പൊട്ടും തൊട്ട് കൈകളിൽ അതേപോലെ നിറത്തിൽ ഉള്ള വളകൾ അണിഞ്ഞു, എന്നും മായാതെ നെറ്റിയിൽ കാണുന്ന ഒരു ചന്ദനക്കുറിയും ആയി നിൽക്കുന്ന മുഖം..... എപ്പോഴും കുളി പിന്നലിൽ ഇട്ടിരിക്കുന്ന മുടി അല്ലെങ്കിൽ ഒന്ന് പിന്നിമെടഞ്ഞു അതിൽ മായാതെ ഉള്ളൊരു മുല്ലപൂ..., അത്രയേ ഉള്ളൂ ഒരുക്കം.... കഴിഞ്ഞോ ഒരുക്കങ്ങൾ മാളു..... നീ ഉണർന്നു കിടക്കുവായിരുന്നോ...? എഴുന്നേറ്റതെ ഉള്ളു.... ഇന്നലെ വൈകിട്ട് എത്രയോ നേരം അക്കൗണ്ട് നോക്കിയിട്ട് താമസിച്ചല്ലേ കിടന്നത്..... നീ കണ്ടതല്ലേ ലാപ് നോക്കിയിരുന്നിട്ട് കണ്ണിന്റെ അടിവശം കറുത്തുവരുവാ.... കൂടുതലും നീ രാത്രിയിൽ ഉറക്കം കളയുന്നത് കൊണ്ടാണ്..... നിനക്ക് ജോലികളൊക്കെ അവിടെത്തന്നെ തീർത്തിട്ട് വന്നൂടെ.... ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മാളു.... ഈ ഫയൽസ് കുത്തിപ്പൊക്കി വീട്ടിലേക്ക് കൊണ്ടുവരാൻ എനിക്ക് ഒട്ടും താല്പര്യമില്ല.... പിന്നെ അവസ്ഥ ഇത് ആയതുകൊണ്ടാ.... നിനക്ക് സുഖമല്ലേ...., കുട്ടികളുടെ അടുത്ത് പോയിരുന്നു രണ്ട് ഡയലോഗ് അടിച്ചാൽ പോരെ.... മാസാവസാനം ശമ്പളം വന്നു ബാങ്കിൽ വീഴില്ലെ..... പോരാത്തതിന് രണ്ടുമാസത്തെ അവധി....

ഞാൻ അങ്ങനെയാണോ ആ ബാങ്കിൽ പോയി കമ്പ്യൂട്ടറിന് മുൻപിൽ എത്രനേരം തപസ്സിരുന്നാൽ ആണ് ഒരു മാസത്തെ സാലറി വട്ടം ഒപ്പിക്കാൻ പറ്റുന്നത്..... ഇപ്പൊ തോന്നുന്നു നിന്നെ പോലെ ടീച്ചർ പ്രൊഫഷൻ വല്ലതും തെരഞ്ഞെടുത്താൽ മതിയായിരുന്നു..... മധു ശമ്പളത്തിന് പുറമെ ഈ പ്രൊഫഷണിൽ ഒരു സന്തോഷമുണ്ട്..... നമ്മൾ പറഞ്ഞു കൊടുക്കുന്ന അറിവിലൂടെ വളർന്നുവരുന്ന കുരുന്നുകൾ..... നാളത്തെ പൗരന്മാർ..... അവരുടെ സുന്ദര ഭാവിക്കായി നമ്മൾ അറിവ് പകരുമ്പോൾ ലഭിക്കുന്ന പ്രത്യേക സന്തോഷമാണ്.... ഏത് ആൾക്കൂട്ടത്തിൽ പോയാലും ടീച്ചറെ എന്ന് വിളിച്ചു ഓടി വരാൻ ആരേലും ഉണ്ടാകും... എനിക്ക് ഏതായാലും നിന്നെപ്പോലെ അധികം ഫിലോസഫി ഒന്നും പറയാൻ അറിയില്ല.... ഏതായാലും നീ റെഡി ആയില്ലേ..... ഞാൻ ഏതായാലും പോകുന്ന വഴിക്ക് നിന്നെ അവിടെ ഇറക്കാം.... സ്കൂൾ തുറന്നിട്ടു ഉള്ള ആദ്യ ദിവസം അല്ലേ പോരാത്തതിന് തുള്ളിക്ക് ഒരു കുടം പോലെ പെയ്യുന്ന മഴയും..., നീ ബസിന് തൂങ്ങാൻ നിൽക്കണ്ട.... എങ്കിൽ നീ വേഗം എഴുന്നേറ്റ് കുളിക്കാൻ നോക്ക്.... മാളു പറഞ്ഞപ്പോഴേക്കും പെട്ടെന്നുതന്നെ മധു എഴുന്നേറ്റ് കുളിക്കാൻ പോയി.... ബാഗിൽ കൊണ്ട് പോകാൻ ഉള്ളതൊക്കെ എടുത്തു വച്ചതിന് ശേഷം മാളു ജനലരികിൽ നോക്കി.... തകർത്ത് പെയ്യുക ആണ് പതിവ് തെറ്റിക്കാതെ ഇടവപാതി. എന്നും പ്രണയം ആണ് ഈ മഴയോട്.

മനസിലേക്ക് ആദ്യം വരുന്ന ത് പുതുമണ്ണിന്റെ ഗന്ധം പേറി വരുന്ന ബാല്യകാലം ആണ്. പുതിയ വസ്ത്രങ്ങളും ബാഗും കുടയും ഒക്കെ ആയി അച്ഛന്റെ കൈയ്യിൽ പിടിച്ചു തൂങ്ങി സ്കൂളിലേക്ക് പോകുന്ന ഒരു മൂന്നാം ക്ലാസുകാരി. പുതിയ കുട നനയുന്നതിൽ വിഷമിക്കുന്ന കുഞ്ഞ് ബാല്യം.എന്റെ ജീവിതത്തിന്റെ നല്ല ഓർമകൾ ഒക്കെ ഒരു മഴയോർമ്മയിൽ ആണ്.മഴയെ ആസ്വധിച്ചു നിൽകുമ്പോൾ ചില ഓർമകളെ മനസ്സ് കുത്തിപൊക്കാൻ തുടങ്ങി.... ഓർമ്മകൾ പെയ്യാൻ വെമ്പി നിൽക്കുക ആണ് എന്ന് തോന്നിയൾ മെല്ലെ പുറത്തേക്ക് നടന്നു..... ഇനി ഇവരെ പറ്റി പറയാം ഇവരാണ് മാളവികയും മധുരിമയും. കളപ്പുരയ്ക്കൽ മാധവൻ തമ്പിയുടെയും ഉമാ ദേവിയുടെയും രണ്ടുമക്കൾ. മൂത്തവൾ മധുരിമ.., ഇളയവൾ മാളവിക..... മധുരിമ എസ്ബിയിൽ ഒരു ഒരു ജീവനക്കാരിയാണ്.... മാളവിക അച്ഛൻറെപാത തിരഞ്ഞെടുത്ത ഒരു പ്രൈമറിസ്കൂൾ ടീച്ചർ ആയിട്ട് ജോലി ചെയ്യുകയാണ്.... അമ്മ ഉമദേവി ഒരു പാവം വീട്ടമ്മ..... ഭർത്താവും കുട്ടികളും മാത്രമാണ് അവരുടെ ലോകം.... അവരെക്കാൾ വലുതായി മറ്റൊന്നും അവർക്കില്ല..... മാധവൻതമ്പി സ്കൂൾ മാഷ് ആയിരുന്നു.....

മധുരിമ പെട്ടെന്നുതന്നെ റെഡിയായി വന്നിരുന്നു..... അലമാരയിൽ നിന്നും ഒരു റോസ് നിറത്തിൽ ഉള്ള കുർത്തയും അതിനു ചേരുന്ന വെള്ള നിറത്തിൽ ഉള്ള ബോട്ടവും അണിഞ്ഞ് അവളുടെ സ്ട്രൈറ്റ് മുടി ഒന്ന് ക്ലിപ്പ് ചെയ്തിട്ടു.... അല്ലറചില്ലറ മേക്കപ്പ് ഒക്കെ ചെയ്തതിനുശേഷം പുറത്തേക്ക് പോയി.... അപ്പോഴേക്കും മാളവിക ഡൈനിങ് റൂമിൽ അമ്മയോടൊപ്പം ഭക്ഷണം എടുത്തു വയ്ക്കാൻ സഹായിക്കുകയായിരുന്നു..... അല്ലെങ്കിലും മാളു അമ്മ കുട്ടിയാണ്..... അമ്മയുടെ ഒപ്പം ജോലി ചെയ്യാനും അമ്മയുടെ കൂടെ നടക്കാനും ഒക്കെ ആണ് അവൾക്ക് ഇഷ്ട്ടം.... അച്ഛനും അമ്മയും ചേച്ചിയും ആണ് അവളുടെ വിശാലമായ ലോകം..... അവരെക്കാൾ വലുതായി അവൾക്ക് മറ്റൊന്നുമില്ല..... പക്ഷേ മധുരിമ കുറച്ചുകൂടി മോഡേണും ബോൾഡും ആണ്..... ഫ്രണ്ട്സും ഒക്കെ കൂടിയാണ് അവളുടെ ലോകം.... " അച്ഛൻ എവിടെ അമ്മേ.... മധുരിമ ചോദിച്ചുകൊണ്ടാണ് ഡൈനിംഗ് റൂമിലേക്ക് കയറിയത്... അച്ഛൻ രാവിലെ തന്നെ കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി പോയി.... നി മറന്നുപോയോ ഇന്നലെ അച്ഛൻ നിന്നോട് പറഞ്ഞ കാര്യം.... പെട്ടെന്ന് മധുരയുടെ മുഖം മാറി.... മാളവിക അത്‌ ശ്രദ്ധിക്കുകയും ചെയ്തിരുന്നു... അച്ഛൻ ഇന്നലെ വൈകുന്നേരം അത്താഴത്തിന് ഇരിക്കുമ്പോൾ പറഞ്ഞതാണ് ഇന്ന് വൈകുന്നേരം അല്പം നേരത്തെ വരണമെന്ന്..... തന്നെ കാണാനായി ഒരു കൂട്ടർ വരുന്നുണ്ട് എന്ന്.....

അത് കേട്ടപ്പോൾ മുതൽ ഒരു നെഞ്ചിടിപ്പാണ്..... കാരണം മറ്റൊന്നും അല്ല വൃത്തിക്ക് ഒരു തേപ്പ് കിട്ടിയിട്ട് ഇരിക്കുവാണ്.... അതിൽ നിന്ന് കരകയറിയിട്ട് ഇല്ല.... അതിന് മുൻപ് വേറെ ഒരാളെ എങ്ങനെ....? പഠിക്കുന്ന സമയത്ത് തുടങ്ങിയ ഇഷ്ട്ടം ആയിരുന്നു അബിയെ... അച്ഛനമ്മമാരുടെ ഒറ്റമകൻ ആയ അവന് അവരെ ഉപേക്ഷിച്ചു തന്നെ കെട്ടാൻ പറ്റില്ല എന്ന ബോദ്ധോദയം വരുന്നത് പ്രേമം തുടങ്ങി 5 കൊല്ലം കഴിഞ്ഞാണ്.... അത്രക്ക് നട്ടെല്ല് ഇല്ലാത്ത ഒരുത്തനെ വേണ്ടന്ന് അവനോട് നേരിട്ട് പറഞ്ഞു എങ്കിലും മനസ്സിൽ വേദന നിറയുന്നുണ്ട്..... അതിന് ശേഷം പ്രണയം വിവാഹം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഭയം ആണ്.... ഈ വിവാഹാലോചന യെ പറ്റി തന്നോട് അച്ഛൻ ഇന്നലെ സൂചിപ്പിച്ചിരുന്നു.... ഒരു പക്ഷേ പെട്ടെന്ന് വന്നതായിരിക്കാം..... മധുരിമ ഓർത്തു..... എന്താണ് നീ ആലോചിച്ചു കൂട്ടുന്നത്..... അമ്മയുടെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്..... ഒന്നുമില്ല..... എന്നോട് ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ...? പെട്ടെന്നുള്ള ഈ പെണ്ണുകാണൽ... അങ്ങനെ തീരുമാനിച്ചുറപ്പിച്ചതൊന്നുമല്ല എൻറെ മധു..... അച്ഛൻറെ കൂട്ടുകാരന്റെ മകൻ ആണ്..... അവർ ഇന്നലെയാണ് പറഞ്ഞത് ഇങ്ങോട്ട് വരുന്നുണ്ട് എന്ന്.....

എപ്പോഴാ അച്ഛനും അയാളും തമ്മിലുള്ള സംസാരത്തിനിടയിൽ പറഞ്ഞുപോയതാണ് വിവാഹാലോചന പറ്റി..... ഒന്ന് വന്നു കണ്ടോട്ടെ എന്ന് ചോദിച്ചു..... കാണുന്നതിൽ വിരോധമില്ലെന്ന് ഞങ്ങളും പറഞ്ഞു.... അല്ലാതെ നീ കരുതുന്നതുപോലെ ഇത് നേരത്തെ തന്നെ കരുതിവെച്ചിരുന്ന ഒന്നുമല്ല..... എന്താണ് അമ്മയും മക്കളും തമ്മിലൊരു സംസാരം..... ചിരിയോടെ അകത്തേക്ക് കയറി വന്ന് മാധവൻ തമ്പി ചോദിച്ചു... അവൾ പറയാരുന്നു.... അവളോട് മുൻകൂട്ടി പറയാമായിരുന്നില്ലേ വിവാഹാലോചന പറ്റി എന്ന്..... അയാളുടെ കയ്യിലിരുന്ന കവറുകൾ വാങ്ങി കൊണ്ട് ഉമ പറഞ്ഞു...... അച്ഛനും അറിഞ്ഞില്ല ഡി..... അവർ മറ്റെന്തോ ആവിശ്യത്തിന് ആണ് ഇന്ന് വരുന്നത്....അപ്പോൾ നിന്നെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചു.... വേണ്ടന്ന് എങ്ങനെ ആണ് അച്ഛൻ പറയുന്നത്...... അറിഞ്ഞിരുന്നെങ്കിൽ എൻറെ മോളോട് അച്ഛൻ പറയാതിരിക്കുവോഡി..... നിനക്ക് ബ്യൂട്ടി പാർലർ ഒക്കെ പോയി ഒന്ന് സുന്ദരിയായി നിൽകാരുന്നു..... മാധവൻ പറഞ്ഞപ്പോൾ ഒന്നു കൂർപ്പിച്ചു നോക്കി മധുരിമ..... അതെ ബ്യൂട്ടിപാർലറിൽ ഒന്നും പോയില്ല എങ്കിലും ഞാൻ സുന്ദരി ആണെന്നുള്ള കാര്യം ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..... മാധവന്റെ മുഖത്തേക്ക് നോക്കി കൊഞ്ചലോടെ മധു പറഞ്ഞു..... ഞങ്ങൾക്ക് ആ കാര്യത്തിൽ ഒരു സംശയവുമില്ല..... വിശ്വാസക്കുറവ് നിനക്ക് മാത്രമേ ഉള്ളു.....

അതുകൊണ്ടാണല്ലോ ഈ നാട്ടിൽ കിട്ടുന്ന സകല സൗന്ദര്യ സാധനങ്ങളും നീ നിൻറെ മുറിയിൽ വാങ്ങി വെച്ചിരിക്കുന്നത്..... മാധവൻ തമ്പി വിടാൻ ഭാവമില്ല.... മധുരിമ വീണ്ടും കൂർപ്പിച്ച ഒരു നോട്ടം നൽകി.... അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു... എന്താണെങ്കിലും എൻറെ പൊന്നുമോൾ നേരത്തെ ഇറങ്ങണം..... മാധവൻ അരുമയോടെ മകളോട് പറഞ്ഞു.... ഞാൻ ഇറങ്ങാം അച്ഛാ.... അവൾ അങ്ങനെ പറയുമ്പോഴും മനസ്സിൽ നിറയെ ഒരു വല്ലാത്ത വേദന നിറയുന്നത് മധുരിമ അറിയുന്നുണ്ടായിരുന്നു..... രാവിലത്തെ കളിചിരികൾക്കും സന്തോഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു രണ്ടു പെൺകുട്ടികളും മുറ്റത്തേക്ക് ഇറങ്ങി..... മഴ ഒരു അല്പം ശമിച്ചു നിൽക്കുക ആണ്..... എങ്കിലും സംഹാരത്താണ്ഡവം ആടിയ മഴയുടെ അവശിഷ്ട്ടങ്ങൾ കാണാം...... വാടിയ ചെടികളും അടരാൻ മടിച്ചു തളർന്നു നിൽക്കുന്ന പൂക്കളും ആ മഴയുടെ ബാക്കിപത്രം ആണ്.... മധുരിമയുടെ സ്കൂട്ടിയിൽ ആണ് രണ്ടുപേരും യാത്ര..... വളരെ വിരളമായി മാത്രമേ മധുരീമക്ക് ഒപ്പം മാളവിക പോകാറുള്ളൂ...... പലപ്പോഴും ബസ്സിൽ തന്നെയാണ് അവൾ സ്കൂളിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും.....

റെഡിയായി വരാൻ താമസിക്കുന്ന ദിവസങ്ങളിൽ ആണ് ഇങ്ങനെ ചെയ്യുന്നത്..... വണ്ടിയിലേക്ക് കയറിയപ്പോഴും മാളവിക എന്തൊക്കെയോ സംസാരിക്കുന്നു ഉണ്ടെങ്കിലും മധുരിമ മറ്റൊരു ലോകത്താണ് എന്ന് അവൾക്ക് തോന്നിയിരുന്നു...... സാധാരണ മധുരിമയോടൊപ്പം പോകുമ്പോൾ കലപില വർത്തമാനങ്ങൾ പറഞ്ഞു തന്നെ കൂടി സംസാരിപ്പിക്കുന്ന കൂട്ടത്തിൽ ആയിരുന്നു മധുരിമ..... പക്ഷേ ഇന്ന് അവളുടെ മൗനം എന്താണ് എന്ന് മാളവിക ചിന്തിച്ചിരുന്നു.... എന്തുപറ്റിഡി ചേച്ചി..... നീ മിണ്ടാതിരിക്കുന്നത് പതിവില്ലല്ലോ..... മാളവിക മൗനത്തിന് വിരാമമിട്ടുകൊണ്ട് തിരക്കി..... ഒന്നുമില്ല...... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം..... എന്താ നീ ചോദിക്ക്.... നിനക്ക് ഈ വിവാഹാലോചന വന്നത് ഇഷ്ടമായില്ലേ.....? പെട്ടെന്ന് മാളവികയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് മധുരിമക്ക് അറിയില്ലായിരുന്നു.... വേണമെങ്കിൽ എല്ലാം തനിക്ക് തുറന്നു പറയാം..... പക്ഷേ ഇപ്പോൾ വേണ്ട.... മനസ്സിന് കട്ടി ഇല്ലാത്തവളാണ് മാളവിക..... ചിലപ്പോൾ അവളുടെ വായിൽ നിന്ന് തന്നെ അച്ഛനും അമ്മയും ഇതറിയാൻ ഇടയായാൽ അത്‌ അവർക്ക് സഹിക്കാൻ കഴിയില്ല..... താൻ ഒരു നട്ടെല്ല് ഇല്ലാത്തവന്റെ പേരിൽ ദുഖിക്കുന്നു എന്ന് അറിഞ്ഞാൽ അച്ഛൻ തകർന്നു പോകും.... ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചാൽ മതി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു പോകും മാളവിക..... അത്രക്ക് പാവമാണ്....

അതുകൊണ്ടു തത്കാലം പറയണ്ട.... അങ്ങനെയൊന്നുമില്ല മാളു.... പെട്ടെന്ന് കേട്ടപ്പോ എനിക്ക് എന്തോ അക്സെപ്റ്റ് ചെയ്യാൻ പറ്റിയില്ല..... അച്ഛൻ സാധാരണ എന്ത് കാര്യങ്ങളും നമ്മളോട് ചോദിച്ചിട്ടല്ലേ അഭിപ്രായം പറയാറ്..... മാത്രമല്ല ഇത് എൻറെ ജീവിതത്തിലെ പ്രധാന കാര്യമാകുമ്പോൾ എന്നോട് മുൻകൂട്ടി ഒന്നും ചോദിക്കാതെ ഇരുന്നതിന്റെ ഒരു പരിഭവം മാത്രം.... അവൾ പറഞ്ഞു.... ഇത് വെറും ഒരു പെണ്ണുകാണൽ മാത്രമല്ലേ മധു .... വിവാഹം ഉറപ്പിച്ചിട്ട് ഒന്നുമില്ലല്ലോ..... നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമായെങ്കിൽ മാത്രമേ നടത്തുക ഉള്ളു..... പിന്നെ എന്തിനാണ് ഈ ഒരു ടെൻഷൻ..... അങ്ങനെ തന്നെ ആശ്വസിക്കാൻ ആയിരുന്നു മധുരിമക്കും ഇഷ്ടം.... ഒന്ന് വന്നു കണ്ടു എന്ന് പറഞ്ഞാൽ എന്ത് സംഭവിക്കാനാണ്... തനിക്ക് താൽപര്യമില്ല എന്ന് വീട്ടിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..... ഏത് കോന്തൻ ആണോ കെട്ടി എടുക്കാൻ പോകുന്നത്..... മധുരിമ ചിന്തകളിൽ മുഴുകി... അപ്പോഴേക്കും മാളവികയുടെ സ്കൂളിൽ എത്തിയിരുന്നു അവളെ സ്കൂളിന് മുൻപിൽ ഇറക്കി അവളോട് യാത്രയും പറഞ്ഞ് മധുരിമ വീണ്ടും യാത്ര തുടർന്നു..... കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന ദിവസം ആയോണ്ട് ഉച്ച വരെ മാത്രമേ മാളവികക്ക് ക്ലാസ്സ് ഉള്ളൂ.... മാളവിക ചെന്ന് കയറിയതും ഒരു കുട്ടി കൊണ്ടുവന്ന് കയ്യിൽ ഒരു റോസാപ്പൂ നീട്ടി... അത് പതിവുള്ളതാണ്.....

ചുവന്ന ഒരു റോസാപ്പു.... മാളവിക ടീച്ചർ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറാണ്.... ഏതെങ്കിലും ഒരു കുട്ടി എന്തെങ്കിലും ഒരു സമ്മാനം എല്ലാദിവസവും ടീച്ചർക്ക് കൊണ്ടുവരും.... ചിലപ്പോൾ അത് പൂക്കൾ ആവാം.... ചിലപ്പോൾ വീട്ടിൽ ഉണ്ടാവുന്ന ചെറിയ എന്തെങ്കിലും പഴവർഗങ്ങൾ ആവാം.. ചിലപ്പോൾ ഒരു മിഠായി ആവാം... എന്താണെങ്കിലും ടീച്ചർക്ക് എന്തെങ്കിലും ഒക്കെ കൊടുക്കാൻ കുട്ടികൾക്കു മത്സരമാണ്.... പ്രത്യേകിച്ച് മാളവികക്ക് ചെമ്പകപ്പൂക്കളോടും മുല്ലപൂവിനോടും റോസാപൂവിനോടും ഒക്കെ ഉള്ള ഇഷ്ടം കുട്ടികൾക്ക് അറിയാവുന്നതുമാണ്.... കുട്ടി കയ്യിൽ വെച്ച് തന്ന പൂവ് നന്നായി ഒന്ന് വാസനിച്ചു നോക്കി.... ശേഷം ആ കുരുന്നിന്റെ തലയിൽ ഒന്ന് തലോടി..... ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു.... ശേഷം സ്റ്റാഫ് റൂമിലേക്ക് ചെന്നു.... സ്റ്റാഫ് റൂമിലും എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെയാണ് മാളവിക..... സ്റ്റാഫ് റൂമിൽ എല്ലാർക്കും നൂറുക്കൂട്ടം വിശേഷങ്ങൾ ആണ് പറയാൻ ഉള്ളത്.... വേനൽ അവധി കഴിഞ്ഞു വന്നതിന്റെ.... എല്ലാം കേട്ട് എല്ലാർക്കും ഒരു ചിരി സമ്മാനിച്ചു മാളു ക്ലാസ്സിലേക്ക് പോകാൻ റെഡി ആയി.... മൂന്നാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചർ ആണ് മാളു.... ഈ കൊല്ലം പുതിയ കുരുന്നുകളെ കാണാൻ അവൾക്ക് ആകാംഷ ഉണ്ടായിരുന്നു..... അവൾ ക്ലാസ്സിലേക്ക് നടന്നു... അപ്പോഴേക്കും ഒന്ന് ശമിച്ചു നിന്ന മഴ വീണ്ടും പൂർവാധികം ശക്തിയോടെ ഭൂമിയെ പുണരാൻ ആയി എത്തി കഴിഞ്ഞു.....

മാളുവിനെ എല്ലാവർക്കും ഇഷ്ടമാണ് പിടിഎ മീറ്റിംഗ് അന്നത്തെ സ്കൂൾ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞതുകൊണ്ട് സാധാരണ ഇറങ്ങുന്നതിനും നേരത്തെ തന്നെ മാളവികയ്ക്ക് ഇറങ്ങാൻ സാധിച്ചിരുന്നു.... ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് മാനമിരുണ്ടു മൂടിയത്.... കാർ നിറഞ്ഞ മാനം പെയ്യാൻ വെമ്പി നിൽക്കുന്നത് അവൾ കണ്ടു.... കലിതുള്ളി വരുന്ന കർക്കിടക രാത്രികളാണ് ഏറ്റവും പ്രിയപ്പെട്ടത് എന്ന് അവൾ ഓർത്തു.... കൂടുതൽ മഴയുടെ സൗന്ദര്യം ആസ്വദിക്കാനും സംഹാരതാണ്ഡവമാടി മണ്ണിനെ മൂടുന്ന മഴയൊന്നു കണ്ടു നിർവൃതിയടയാനും മാളവികക്ക് ഇഷ്ടമായിരുന്നു.... അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്ന മഴയുടെ സംഗീതത്തിന്റെ ഇരടിതാളങ്ങൾ അവളുടെ കാതിൽ അലയടിച്ചു.... മഴയെ പ്രണയിച്ച ഒരു പെൺകുട്ടി തന്നെ ആയിരുന്നു അവൾ.... കണ്ണിനു മുകളിലേക്കുയർന്നു വീണ ഒരു മഴത്തുള്ളി അവളുടെ കൺപോളകളിൽ ചിതറി പോകുമ്പോൾ ആ മഴ ആവാഹിക്കാൻ അവൾ മനസ്സുകൊണ്ട് ആഗ്രഹിക്കുക യായിരുന്നു.... പക്ഷേ ഒരു തുള്ളി ചിതറി മഴ എവിടെയോ പോയ് മറഞ്ഞിരുന്നു..... അവളുടെ മുഖത്ത് ഒരു നിരാശ പെട്ടന്ന് ഉരുണ്ടു കൂടി കഴിഞ്ഞിരുന്നു....

പെട്ടെന്നുതന്നെ ബസ്സ് കിട്ടി....ബസിന്റെ ജനൽ അരികിൽ ഇരിക്കുമ്പോൾ മഴ ചാറുന്നുണ്ട്..... കാറ്റിൽ ചിതറി വരുന്ന മഴ തുള്ളികൾ മെല്ലെ തന്റെ മുഖത്ത് ചുംബനം പതിപ്പിച്ചു മായുമ്പോൾ അവൾക്ക് കുളിർമ തോന്നി...... ബസ് ഇറങ്ങുന്ന സ്റ്റോപ്പിൽ നിന്നും കഷ്ടിച്ച് രണ്ടു മിനിറ്റ് നടന്നാൽ വീട്ടിൽ ചെല്ലും.... ബസിറങ്ങി സാരി തുമ്പിനാൽ തല മറച്ചു വീട്ടിലേക്ക് നടന്നു.... പകുതി ചെന്നപ്പോൾ തന്നെ കണ്ടു കാത്തുനിൽക്കുന്ന അച്ഛനെ.... ഈ അടമഴയത്ത് നീ അല്ലാതെ ആരേലും കുട എടുക്കാതെ പോകുമോ മാളു.... ഇല്ലല്ലോ.... ചിരിയോടെ പറഞ്ഞു... ഒന്നു നനയാൻ കൊതിയായിരുന്നു അച്ഛാ.... പക്ഷേ മഴ കളിപ്പിച്ചു... അച്ഛനെ നോക്കി കുസൃതിയോടെ പറഞ്ഞു.... അച്ഛൻ ചിരിയോടെ അകത്തേക്ക് നടത്തി കൊണ്ട് പറഞ്ഞു... വലിയ പെണ്ണായി വളർന്നിട്ടും ഇപ്പോഴും മഴ നനയുന്നത് ആണ് പണി.... പണ്ടത്തെ സ്വഭാവം മറന്നിട്ടില്ല... അതൊന്നും അങ്ങനെ മറക്കാൻ പറ്റില്ലല്ലോ അച്ഛാ... ചിരിയോടെ അകത്തേക്ക് കയറി.... അപ്പോഴേക്കും നല്ല മീൻകറിയുടെ ഗന്ധം അടിക്കുന്നുണ്ടായിരുന്നു നാസിക തുമ്പിലേക്ക്... അമ്മ അടുക്കളയിൽ എന്തൊക്കെയോ ഉണ്ടാകുന്നു..... വറുത്തുകോരി എടുക്കുന്ന എന്തൊക്കെയോ പലഹാരങ്ങളുടെ മണം... . വൈകുന്നേരം അവരൊക്കെ വരുന്നതിനു വേണ്ടി ആയിരിക്കും..... സാരി പോലും മാറാതെ നേരെ അടുക്കളയിലേക്ക് ചെന്നു....

അപ്പോൾ കണ്ടു അമ്മയുടെ വ്യത്യസ്തങ്ങളായ ഓരോ പലഹാരങ്ങളും.... നീ വന്നോ.. എങ്കിൽ വേഗം പോയി വേഷം മാറി വാ...... ചോറ് കഴിക്കാം.... നിനക്ക് ഇഷ്ടപ്പെട്ട പുഴമീൻ കറി ഉണ്ടാക്കിയിട്ടുണ്ട്.... അമ്മ അത് പറഞ്ഞപ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടായിരുന്നു.... പെട്ടെന്നുതന്നെ മുറിയിലേക്ക് ചെന്ന് കയ്യിൽ കിട്ടിയ ഒരു ചുരിദാറും എടുത്ത് വേഷം മാറാൻ ആയി കേറി.... അമ്മയുടെ അരികിലേക്ക് ചെന്നു അമ്മ ചോറ് വിളമ്പി തന്നു.... അമ്മയുടെ അരികിലായി സ്ലാബിൽ കേറി ഇരിപ്പ് ഉറപ്പിച്ചു കുടംപുളി ഇട്ടു ഉണ്ടാക്കിയ മീൻ കറിയും അവിയലും ചേർത്ത് ചോറ് കഴിക്കാൻ തുടങ്ങി.... ഇടയ്ക്ക് സ്കൂളിലെ വിശേഷങ്ങൾ അമ്മയോട് പറഞ്ഞു..... അപ്പോഴേക്കും തന്നെ കൊതിപ്പിച്ചു കൊണ്ട് പുറത്ത് മഴ പ്രകടനം തുടങ്ങിയിരുന്നു..... ഭക്ഷണം കഴിച്ചു കഴിഞ്ഞു പ്ളേറ്റും കഴുകി വച്ചു കുറച്ച് നേരം കിടക്കട്ടെ എന്ന് അമ്മയോട് പറഞ്ഞു നേരെ ഹാളിലേക്ക് പോയി.... അവിടെ അച്ഛൻ ടിവി കാണുന്ന ധൃതിയിലാണ്.... അച്ഛൻ അവിടെ ഉള്ളതുകൊണ്ട് മഴ നന്നായി ആസ്വദിക്കാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് നേരെ തങ്ങളുടെ മുറിയിലേക്ക് കയറിപ്പോയി.. അവിടെ ഇരുന്ന് ജനൽപാളി യിലേക്ക് നോക്കി മഴ ഇങ്ങനെ ആവോളം ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് പിറകിൽ ഒരാൾ അനക്കം കേട്ട് നോക്കിയപ്പോൾ അമ്മയാണ്.... തങ്ങളുടെ തുണികൾ എടുത്തുകൊണ്ടുവന്ന് മടക്കുന്ന തിരക്കിലാണ് അമ്മ....

അവരൊക്കെ വൈകുന്നേരം എപ്പോ വരും അമ്മേ... ഒരു കുശലാനേവേഷണം പോലെ അമ്മയോട് ചോദിച്ചു... പാലക്കാട് നിന്ന് ഇവിടെ വരെ എത്തേണ്ട.... എന്താണെങ്കിലും ഉച്ച ആകുമായിരിക്കും.... പാലക്കാട് നിന്നാണോ....? അപ്പൊ നമ്മുടെ നാട്ടിലുള്ള ആരെങ്കിലും ആയിരിക്കും അല്ലേ.... ചിരിയോടെ അമ്മയോട് ചോദിച്ചു.. നിനക്ക് അറിയാൻ വഴിയുണ്ട്.... അച്ഛൻറെ കൂട്ടുകാരൻ ഇല്ലേ.... രവിശങ്കർ.. രവിശങ്കറിനെ മകനാണ് ആള്.... അത് പറഞ്ഞതും ദിഗന്തം പൊട്ടന്മാർ ഒരു ഇടിവെട്ടി കൊള്ളിയാൻ ഭൂമിയിലേക്ക് വന്നിരുന്നു.... ആ കൊള്ളിയാൻ മിന്നിയത് തന്റെ ഹൃദയത്തിലാണ് എന്ന് ആ നിമിഷം അവൾക്ക് തോന്നിയിരുന്നു.... "അപ്പുവേട്ടൻ " അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു (തുടരും )

Share this story