മഴയോർമ്മയായ്....💙: ഭാഗം 16

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

നിറഞ്ഞ മിഴികളോടെ അച്ഛൻ എൻറെ കൈകൾ അപ്പുവേട്ടൻ കയ്യിലേക്ക് പിടിച്ചു നൽകുമ്പോൾ ഒരുവേള ആ കണ്ണുകൾ നിറഞ്ഞതിന് കാരണം ഞാനാണ് എന്നോർത്ത് കുറ്റബോധം എൻറെ മനസ്സിൽ ഉണ്ടായിരുന്നു......... എങ്കിലും അച്ഛൻറെ എല്ലാ കാഴ്ചപ്പാടുകളേയും തിരുത്തി പുതിയ ജീവിതത്തിലേക്ക് അപ്പുവേട്ടനെ കൊണ്ടുവരാൻ എനിക്ക് സാധിക്കും എന്ന വിശ്വാസം എൻറെ ഉള്ളിൽ അടിയുറച്ചത് ആയിരുന്നു...... അമ്മയുടെ കണ്ണുകൾ നിറയുന്നതു കണ്ടപ്പോൾ ഉള്ളിലെവിടെയോ എനിക്കൊരു വേദന പടരുന്നുണ്ടായിരുന്നു...... പക്ഷേ എന്റെ സ്വപ്ന സാക്ഷാത്കാരം സാധിച്ചതിന്റെ ആഹ്ലാദത്തിൽ അതൊക്കെ ഞാൻ പാടെ മറന്നു കഴിഞ്ഞിരുന്നു എന്നതാണ് സത്യം........ പക്ഷേ അപ്പുവേട്ടൻ ഇതിനിടയിൽ ഒരു പ്രാവശ്യം പോലും എൻറെ മുഖത്തേക്ക് ഒന്ന് സന്തോഷപൂർവ്വം നോക്കിയിട്ട് പോലുമില്ല എന്നുള്ളതായിരുന്നു എൻറെ മനസ്സിൻറെ ഏറ്റവും വലിയ വേദന........... തിരക്കുകൾക്കിടയിൽ പലപ്പോഴും ഞാൻ അപ്പുവേട്ടനെ നോക്കിയെങ്കിലും ഒരു നോട്ടം പോലും ആ മുഖത്ത് നിന്ന് എനിക്ക് നേരെ വന്നില്ല..........

അന്ന് മധുവിനെ കാണാനായി വന്ന ദിവസം അപ്പുവേട്ടൻ എനിക്ക് നൽകിയ അവഗണനകളെക്കാൾ വലുതായിരുന്നു അതെന്ന് ആ നിമിഷം എനിക്ക് തോന്നിയിരുന്നു....... ചടങ്ങുകൾ എല്ലാം തീർത്ത് അപ്പുവേട്ടന് ഒപ്പം ആ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ നിറഞ്ഞ സന്തോഷം ആയിരുന്നു......... എങ്കിലും അച്ഛനെയും അമ്മയെയും വിട്ടുപോയപ്പോൾ വല്ലാതെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു...... വെറും ആഴ്ചകളുടെ വ്യത്യാസത്തിൽ സ്വന്തം മക്കളെ പിരിയേണ്ടി വന്ന അവരുടെ വേദനയായിരുന്നു അതിലപ്പുറം എന്ന് എനിക്ക് തോന്നിയിരുന്നു...... സുമിത്രാന്റി കത്തിച്ച നിലവിളക്ക് ചവിട്ടി അപ്പുവേട്ടന്റെ പെണ്ണായി ആ വീട്ടിലേക്ക് കയറുമ്പോൾ എൻറെ മനസ്സ് നിറയെ പ്രണയം സാക്ഷാത്കരിച്ച സന്തോഷം മാത്രമായിരുന്നു നിലനിന്നിരുന്നത്..... പൂജാ മുറിയിൽ ചെന്ന് പ്രാർത്ഥിച്ച് തിരികെ ഇറങ്ങുമ്പോൾ മുൻപിൽ സുമിത്രആന്റിയെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു ഞാൻ കാര്യമറിയാതെ ആ മുഖത്തേക്ക് നോക്കിയപ്പോൾ സുമിത്രാ ആന്റി എൻറെ കൈകളിൽ പിടിച്ചു പൊട്ടിക്കരയുകയായിരുന്നു ചെയ്തത്........ "

എങ്ങനെയാ മോളെ ഞാൻ നിന്നോട് നന്ദി പറയുന്നത്...... എൻറെ മോൻറെ ജീവിതത്തിൽ ഒരു വിവാഹം ഞാൻ സ്വപ്നം കണ്ടിട്ടില്ല ആവണി മരിച്ചതിനു ശേഷം....... അവന് ഈ അവസ്ഥയിലായി കഴിഞ്ഞ് പിന്നെ എല്ലാം അറിഞ്ഞുകൊണ്ട് അവൻറെ ജീവിതത്തിലേക്ക് ഒരു തെളിച്ചം കടന്നുവരുമ്പോൾ ഒരു അമ്മ എന്ന നിലയിൽ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുക ആണ് മോളെ....... കണ്ണുനീർ നിറഞ്ഞ മിഴികളോട് അത് പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ വേദന നിറഞ്ഞു....... ആ കണ്ണുനീർ തുടച്ചുകൊണ്ട് തന്നെ ഞാൻ തിരിച്ചു മറുപടി പറഞ്ഞു....... " ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ടമല്ല ആന്റി...... എനിക്ക് അപ്പു ഏട്ടനോട് ഉള്ളത് കലർപ്പില്ലാത്ത ഇഷ്ടം ആണ്...... അപ്പുവേട്ടൻ ഏതവസ്ഥയിലും ആ ഇഷ്ടം മാറാതെ തന്നെ നിലനിൽക്കും.......... അതുകൊണ്ട് മാത്രമാണ് ഇത്രയും വാശി പിടിച്ച് സ്വന്തമാക്കിയത്....... " എനിക്ക് ഉറപ്പുണ്ട് മോളെ....... നിൻറെ സ്നേഹം സത്യമാണെങ്കിൽ അവനെ ജീവിതത്തിലേക്ക് പഴയതുപോലെ തിരികെ കൊണ്ടുവരാൻ നിനക്ക് സാധിക്കുമെന്ന്....... "

ആ ഉറപ്പ് എനിക്ക് ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്........ "പിന്നെ ഇനിമുതൽ മോൾ ആൻറി എന്ന് വിളിക്കേണ്ട..... ഞാൻ അത് മറന്നു പോയി അമ്മേ...... ചിരിയോടെ അത് പറഞ്ഞപ്പോൾ രണ്ടുപേരും ഒരുമിച്ച് ചിരിച്ചിരുന്നു...... സുമിത്ര ആന്റി തന്നെയാണ് മുറിയിലേക്ക് കൊണ്ടുപോയി ആക്കിയത്...... അപ്പോൾ മുറിയിൽ ആരും ഉണ്ടായിരുന്നില്ല...... " മോൾക്ക് വേണ്ടതൊക്കെ അലമാരയിൽ ഉണ്ട്..... മധു തന്നെ ആണ് എല്ലാം വാങ്ങിയത്...... മോൾടെ ഇഷ്ടത്തിന് അനുസരിച്ചുള്ളത് തന്നെയായിരിക്കും..... ഒന്നു കുളിച്ച് ഫ്രഷ് ആയിട്ട് വന്നോ....... അപ്പോഴേക്കും മധു മുറിയിലേക്ക് എത്തിയിരുന്നു...... ആദ്യം കുറച്ചു നേരം എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയായിരുന്നു ചെയ്തത്...... അവളുടെ പരിഭവത്തിന്റെ കാര്യം എനിക്കറിയാമായിരുന്നു...... ഒരിക്കൽപോലും അപ്പുവേട്ടനോട്‌ ഉള്ള ഇഷ്ടത്തെ പറ്റി ഞാൻ അവളോട് പറയാതിരുന്നത് കൊണ്ടാണ്...... ഒന്നും മിണ്ടാതെ അവളുടെ അരികിലേക്ക് പോയി..... ആ കൈകൾ പിടിച്ചപ്പോൾ ദേഷ്യത്തിൽ അവൾ തട്ടിമാറ്റി.... " പറയണം എന്ന് കരുതിയതാ മധു.....

പക്ഷേ എനിക്ക് പേടിയായിരുന്നു നീയും കൂടി വേണ്ടെന്നു പറഞ്ഞാൽ ഞാൻ എന്തു ചെയ്യും..... അപ്പുവേട്ടന്റെ കാര്യം അറിഞ്ഞതിനുശേഷം പറഞ്ഞാൽ എന്താണെങ്കിലും നീ സമ്മതിക്കുമായിരുന്നോ......? ഒരുപക്ഷേ നീ മറക്കാൻ പറഞ്ഞാൽ ഞാൻ മറന്നുപോകും..... അച്ഛനും അമ്മയും പറയുന്നതു പോലെയല്ല നീ...... നീ ഒരു കാര്യം ചെയ്യേണ്ട എന്ന് പറഞ്ഞാൽ പിന്നീട് ചെയ്യാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല....... "അതിനു മുൻപ് നിനക്ക് പറയാമായിരുന്നല്ലോ..... എത്രയോ വർഷങ്ങൾക്ക് മുൻപ് നിനക്ക് അവനെ ഇഷ്ടമായിരുന്നു........ " അതും പറയാനുള്ള ധൈര്യം ഉണ്ടായില്ല എന്നതാ സത്യം..... അങ്ങനെ പറഞ്ഞാൽ നീയും പറഞ്ഞിട്ടില്ലല്ലോ നിന്റെ ഇഷ്ടം....... പെട്ടെന്ന് ഞാനത് പറഞ്ഞപ്പോൾ മധുവിന്റെ മുഖത്തും ഒരു കുറ്റബോധം നിറയുന്നത് കണ്ടിരുന്നു...... പിന്നീട് രണ്ടുപേരും മുഖത്തോടുമുഖം നോക്കി പൊട്ടി ചിരിച്ചു...... " എങ്കിലും ചാകാൻ ഒക്കെ നിനക്ക് എങ്ങനെ തോന്നി പെണ്ണേ...... വേദനയോടെ മധുവിൻറെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ അറിയാതെ എൻറെ ഹൃദയം ചോദിച്ചതും അത്‌ തന്നെ ആയിരുന്നു.....

അതിനുള്ള ധൈര്യം എങ്ങനെ വന്നു എന്ന്....... "ഇപ്പോൾ എനിക്ക് അറിയില്ല..... ആ സമയത്ത് എങ്ങനെയൊ വന്നു പോയതാ....... " ഏറ്റവും കൂടുതൽ നീ വിഷമിപ്പിച്ചത് അച്ഛനെയും അമ്മയെയും ആണ്..... " എനിക്കറിയാം...... പക്ഷേ അവർക്ക് ഒക്കെ മറക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടി വരില്ല....... "അതൊക്കെ പോട്ടേ..... കഴിഞ്ഞത് കഴിഞ്ഞു..... നീ വേഗം പോയി കുളിച്ചിട്ട് വാ..... " കുളിക്കാം നീ ഇതൊക്കെ ഒന്ന് അഴിക്കാൻ സഹായിക്ക്.... മധുവും കൂടി ചേർന്നാണ് ആഭരണങ്ങളും മറ്റും അഴിച്ചു വെച്ചത്...... ശേഷം കബോർഡിൽ നിന്നും ഒരു ഓറഞ്ചും പച്ചയും ചേർന്ന ചുരിദാർ ആയി അവൾ കുളിക്കാനായി പോയി....... കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറിയിൽ അപ്പുവേട്ടൻ വന്നിട്ടുണ്ടായിരുന്നു...... തന്നെ കണ്ടതും അപ്പുവേട്ടൻ നോക്കി....... അതിനുശേഷം ഒന്നും മിണ്ടാതെ അലമാരിയിൽനിന്നും ടർക്കിയും എടുത്ത് ഒരു ബാത്ത് റൂമിലേക്ക് കയറി....... ഹൃദയത്തിൽ ഒരു വേദന പടർന്നു...... .. എങ്കിലും നിലക്കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ ചുവന്നുതുടുത്ത എന്റെ സീമന്തരേഖ എൻറെ ഹൃദയത്തിലെ എല്ലാ നോവിനെയും അകറ്റാൻ കഴിവുള്ളത് ആയിരുന്നു......

മാറിൽ പതിഞ്ഞുകിടക്കുന്ന താലി എടുത്തുനോക്കി........ അഭിമന്യു എന്ന സ്വർണ്ണലിപികളിൽ എഴുതിയിരിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിന് അതിരു ഉണ്ടായിരുന്നില്ല...... എത്രയോ രാത്രികളിൽ താൻ സ്വപ്നം കണ്ട നിമിഷമാണിത്....... സ്വപ്നത്തിൽ ഇങ്ങനെയൊന്നുമായിരുന്നില്ല കതിർമണ്ഡപം മുതൽ വീട് വരെ തന്നെ കൈവിടാതെ പിടിച്ചു തന്നോടൊപ്പം നടക്കുന്ന അപ്പുവേട്ടൻ....... സന്തോഷത്തോടെ മുറിയിൽ വന്ന ഉടനെ തന്നെ വാരിപ്പുണർന്നു മൂർദ്ധാവിൽ ചുണ്ട് ചേർക്കുന്ന അപ്പുവേട്ടൻ ആയിരുന്നു സ്വപ്നങ്ങളിൽ....... എങ്കിലും ഈ സ്വപ്ന സാക്ഷാത്കാരം അത് എൻറെ ഹൃദയം നിറച്ച് ഇരിക്കുകയാണ്....... കുറച്ചു നേരം കൂടി അവിടെ നിന്നെങ്കിലും കുറെ അധികം സമയത്തിന് ശേഷമാണ് അപ്പുവേട്ടൻ ഇറങ്ങി വന്നത്...... കണ്ടിട്ടും ഒന്നും സംസാരിക്കാതെ സ്വന്തം ജോലി തുടർന്നപ്പോൾ ഒന്നും മിണ്ടാതെ മൗനം ആയി ഇറങ്ങി പൊന്നു...... തന്നെ കണ്ടിട്ട് അപ്പുവേട്ടൻ ഒന്നും മിണ്ടാതെ അലമാരി തുറന്ന് ഒരു മെഡിസിൻ ബോക്സ് എടുത്തു....... അതിൽ നിറയെ ഗുളികകൾ ആയിരുന്നു...... അത് കണ്ടപ്പോൾ എൻറെ ഹൃദയം വല്ലാതെ വേദനിച്ചു...... അതിൽ നിന്നും ഒരു ഗുളികയെടുത്ത് കഴിച്ചതിനുശേഷം കട്ടിലിൽ കയറി കിടന്നു...... ഉറങ്ങാൻ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു......

പെട്ടെന്നുതന്നെ ഉയർന്നുതാഴുന്ന ശ്വാസഗതി കേട്ടപ്പോൾ ഉറക്കമായി എന്ന് എനിക്ക് മനസ്സിലായി...... പിന്നീട് അവിടെ നിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി....... കുറേ നേരം മധുവിനോട് സംസാരിച്ചു ഇരുന്നു..... ബന്ധുക്കളുടെ സഹതാപനോട്ടങ്ങളെ പാടെ അവഗണിച്ചു....... അടുക്കളയിലേക്ക് ചെന്നപ്പോൾ സുമിത്ര ആൻറി എന്തോ ചെയ്യുകയാണ്....... "അപ്പു എവിടെ മോളെ.... " ഒരു ഗുളിക എടുത്തു കഴിച്ചിട്ട് കട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്..... ചിലപ്പോ ആളും ബഹളവും ഒക്കെ കണ്ടപ്പോൾ അവന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവും...... അതുകൊണ്ടാ ഗുളിക കഴിച്ചത്.... മോള് വിഷമിക്കേണ്ട..... പതുക്കെ എല്ലാം ശരിയാവും തലമുടിയിൽ തഴുകി കൊണ്ട് അത് പറഞ്ഞപ്പോൾ വല്ലാത്ത സമാധാനം ആയിരുന്നു ആ നിമിഷം തോന്നിയിരുന്നത്...... സന്ധ്യാ സമയം ആയപ്പോൾ ആയിരുന്നു പിന്നീട് അപ്പുവേട്ടൻ ഉണർന്നത്....... അപ്പോഴേക്കും പൂജാമുറിയിൽ വിളക്കും മറ്റും വെച്ചിട്ട് നാമം ജപിക്കാൻ ആയിരുന്നു ഞാൻ...... നാമം ജപിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽ ആ ഒരു സാന്നിധ്യം അറിഞ്ഞു തിരിഞ്ഞുനോക്കിയപ്പോൾ അപ്പുവേട്ടൻ ആണ്........

കണ്ണിമചിമ്മാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്........ ഒരു ചിരി പകരം നൽകിയെങ്കിലും അത് തിരികെ ലഭിച്ചില്ല...... ശേഷം അടുക്കളയിലേക്ക് പോയി അമ്മയോട് ചായ ചോദിക്കുന്നത് കേട്ടു....... ഞാൻ പെട്ടെന്ന് പ്രാർത്ഥന എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഉണ്ണിയേട്ടനും മധുവും തിരികെ വന്നത്........ അവർ വൈകുന്നേരം പോയതായിരുന്നു....... കുറെ സംസാരങ്ങൾക്കും മൗനനിമിഷങ്ങൾക്കും ഒടുവിൽ വീട്ടിൽ നിന്ന് എല്ലാരും എത്തുന്ന സമയം ആയി..... ചടങ്ങുകൾ എല്ലാം തീർത്തു കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും ഒക്കെ വന്നപ്പോളേക്കും അപ്പുവേട്ടൻ എല്ലാവരെയും സന്തോഷത്തോടെ തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്....... സെറ്റ് സാരി ആയിരുന്നു എന്റെ വേഷം...... അപ്പൂവേട്ടൻ മുണ്ടും എന്റെ ബ്ലൗസിനു ചേരുന്ന ഒരു ഷർട്ടും...... " അമ്മയുടെ വേദന കൊണ്ട് അമ്മ എന്തൊക്കെയോ പറഞ്ഞു അത് ശരിയാ..... എങ്കിലും മോള് ആത്മാർത്ഥമായി പ്രാർത്ഥിക്കണം........ നല്ല ചികിത്സകൾ ഒക്കെ ഇനി നടത്താൻ അപ്പുവിനോട് പറയണം........

പഴയതുപോലെയല്ല ഇപ്പോൾ അവൻറെ കൂടെ ഒരു ജീവിതത്തിന് നീയുമുണ്ട്....... അത്‌ ഇപ്പോൾ ഞങ്ങളുടെ കൂടെ ആവശ്യമാണ്....... അമ്മ വേദനയോടെ അത് പറയുമ്പോൾ എനിക്ക് അമ്മയുടെ നിസ്സഹായവസ്ഥ കണ്ടു വേദന തോന്നിയിരുന്നു........ ഭക്ഷണവും എല്ലാം കഴിച്ചതിനു ശേഷമാണ് അച്ഛനും അമ്മയും എല്ലാം തിരികെ പോയത്........ പോകും മുൻപ് അച്ഛൻ അപ്പുവേട്ടൻ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... " അവൾക്ക് വിശ്വാസമുണ്ട് അപ്പുവിന് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുമെന്ന്..... ഇപ്പോൾ ഞങ്ങൾക്കും...... ഞാൻ എൻറെ പൊന്നു പോലെ കൊണ്ട് നടന്നത് ആണ്...... അപ്പുവിനെ വിശ്വസിച്ചാണ് ഞാൻ പോകുന്നത്...... അച്ഛൻ നിറകണ്ണുകളോടെ അത് പറഞ്ഞപ്പോൾ എൻറെ ഹൃദയത്തിലും ഒരു വല്ലാത്ത വേദന ഉടലെടുത്തിരുന്നു..... ഭക്ഷണം കഴിക്കാനിരുന്നപ്പോൾ സുമിത്രാ ആന്റി നിർബന്ധിച്ചാണ് അപ്പുവേട്ടനെ എന്റെ അരികിൽ പിടിച്ച് ഇരുത്തിയത്...... ഞാൻ അരികിലിരുന്നിട്ടും അപ്പുവേട്ടന്റെ മുഖത്ത് പ്രത്യേക ഭാവങ്ങൾ ഒന്നും കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം......

ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് പോകാൻനേരം തന്നെ സുമിത്ര ആന്റി കയ്യിലാ ഒരു ഗ്ലാസ് പാല് തന്നു വിട്ടിരുന്നു..... " ചടങ്ങുകൾ ഒന്നും തെറ്റി കണ്ട മോളെ..... അതുമായി മുറിയിലേക്ക് ചെല്ലുമ്പോൾ ദൂരെ എന്തോ നോക്കി നിൽക്കുകയായിരുന്നു അപ്പുവേട്ടൻ...... അപ്പുവേട്ടൻ ജനലിൽ നോക്കിനിൽക്കുകയായിരുന്നു....... ഞാൻ കഥക് അടക്കുന്ന ശബ്ദം കേട്ടപ്പോൾ അപ്പുവേട്ടൻ തിരിഞ്ഞു നോക്കി....... എന്നെ കണ്ടതും ആൾക്ക് എന്ത് സംസാരിക്കണം എന്ന് അറിയില്ലായിരുന്നു...... പാൽ മേശപ്പുറത്ത് വെച്ച് ഞാൻ അപ്പുവേട്ടനെ തന്നെ ഞാൻ നോക്കിനിന്നു..... " അപ്പുവേട്ടാ...... ഒരുവേള മൗനത്തിന് വിരാമമിട്ടുകൊണ്ട് ഞാൻ തന്നെ വിളിച്ചു...... " തൻറെ വാശിയും സ്വപ്നവും ഒക്കെ സാക്ഷാത്കാരചില്ലേ മാളു..... ഇനി എന്താണ്.......? സർവ്വം തകർന്നത് പോലെയുള്ള ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വേദന തോന്നിയിരുന്നു..... " എൻറെ കൈ കൊണ്ട് ഒരു താലി സീമന്തരേഖയിൽ ഒരു സിന്ദൂരം അതൊക്കെ താൻ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞു...... അതെല്ലാം സത്യം ആയി...... ഇനിയും ഇതിൽ കൂടുതൽ ഒന്നും എന്നിൽനിന്ന് പ്രതീക്ഷിക്കരുത്.......

ഒരു ഭർത്താവ് എന്ന നിലയിൽ ഒരിക്കലും മാളുവിനോട് നീതി പുലർത്താൻ എനിക്ക് കഴിയില്ല....... അപ്പുവേട്ടൻ പറഞ്ഞ വാക്കിൽ വേദന തോന്നിയെങ്കിലും അത് മുഖത്ത് വരാതിരിക്കാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു........ " എല്ലാവരുടെയും സമ്മതത്തോടെ അപ്പുവേട്ടന്റെ അവകാശം പൂർണ്ണമായി എനിക്ക് ആവണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നു....... ഏട്ടൻ കരുതുന്നതുപോലെ അപ്പുവേട്ടന്റെ ശരീരത്തിലെ ചൂട് അറിയാൻ വേണ്ടി വന്നതല്ല ഞാനിപ്പോൾ...... " ആയിരിക്കാം...... പക്ഷെ ഏതൊരു പെണ്ണിനും സ്വപ്നങ്ങളിൽ ഉള്ള ആദ്യരാത്രി ഇങ്ങനെ ഒന്നും ആയിരിക്കില്ല...... എനിക്ക് അറിയാം..... അതുകൊണ്ട് ആദ്യമേ ഞാൻ പറഞ്ഞത് ആണ്...... കൂടുതൽ പ്രതീക്ഷകളൊന്നും നമ്മുടെ ജീവിതത്തിൽ വയ്ക്കേണ്ട..... അത്‌ മാത്രം ആണ് അതിൽ കൂടി ഞാൻ അർത്ഥമാക്കിയത്...... കിടന്നുറങ്ങിക്കോ..... വേണെങ്കിൽ പാലു കുടിച്ചോ..... പകൽ മുഴുവൻ നന്നായി ക്ഷണിച്ചത് അല്ലേ....... ഞാൻ അതൊന്നും കഴിക്കാറില്ല..... അല്ലാതെ തന്നോട് എനിക്ക് പിണക്കം ഉണ്ടായിട്ടല്ല...... പിന്നെ കിടക്കുമ്പോൽ ഒരു അകലം പാലിച്ചു കിടക്കണം.....

മറ്റൊന്നും കൊണ്ടല്ല ഞാൻ ഒരു മനുഷ്യനെ കൊന്നാൽ പോലും ബോധം ഉണ്ടാകില്ല..... ഉറക്കത്തിൽ സ്വബോധം നഷ്ട്ടം ആയാൽ ചിലപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല അതാണ്......... അപ്പുവേട്ടൻ അത് പറഞ്ഞപ്പോൾ വേദന തോന്നി...... എൻറെ മനസ്സിനെ തളർത്താൻ ഉള്ള സംസാരം ആയിരുന്നു അത് എനിക്ക് അറിയാമായിരുന്നു....... ഒന്നും പറയാതെ അലമാരി തുറന്ന് അതിൽ നിന്നും ഒരു ഷീറ്റ് എടുത്തു താഴെ വിരിച്ചു...... കട്ടിലിൽ നിന്ന് ഒരു തലയിണയും എടുത്ത് താഴെ കിടന്നപ്പോൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു..... എന്താ അത്‌ പറഞ്ഞപ്പോൾ പേടിച്ചു പോയോ.....? അപ്പുഏട്ടൻറെ കൈകൊണ്ട് മരിക്കുന്നതിന് എനിക്ക് പേടിയില്ല....... സങ്കടമില്ല....... മരിച്ചാലും സുമംഗലിയായി ഈ താലിയിട്ട് മരിക്കാൻ പറ്റുമല്ലോ എന്നുള്ള സന്തോഷം മാത്രമേയുള്ളൂ....... പക്ഷേ അതുകൊണ്ടല്ല കൂടെ കിടക്കാത്ത...... അപ്പുവേട്ടവ് പറഞ്ഞില്ലേ ഒരു ഭർത്താവാകാൻ കഴിയില്ലെന്ന്..... രണ്ടു മനസും ആയി ഒരു കട്ടിലിൽ കിടക്കുന്നതിലും വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല.......

ഒരു ഭാര്യ ആയി എന്നെ എന്ന് അംഗീകരിക്കുന്നോ അന്ന് അപ്പുവേട്ടന് ഒപ്പം കിടക്കാൻ ഉള്ള അവകാശം എനിക്ക് തന്നാൽ മതി......... ഒന്നും മിണ്ടാതെ ഞാൻ കിടക്കുമ്പോൾ അപ്പുവേട്ടൻ വേദനയോടെ എന്നെ നോക്കി ..... പിന്നെ ഗുളിക എടുത്തു കഴിച്ചു....... കാലത്തെഴുന്നേറ്റ് കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴും അപ്പുവേട്ടൻ ഉണർന്നിട്ടില്ല....... ചിലപ്പോൾ ആ ഗുളികയുടെ ക്ഷീണം ആയിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു....... അടുത്ത് ചെന്ന് ഒന്നു കൂടി പുതപ്പെടുത്തു നന്നായി പുതപ്പിച്ചതിനുശേഷമാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്..... " വൈകുന്നേരം രണ്ടുപേരുംകൂടി അമ്പലത്തിലേക്ക് പോയിട്ട് വാ..... ഭക്ഷണം കഴിച്ചു കഴിഞ്ഞു സുമിത്ര ആന്റി പറഞ്ഞപ്പോൾ അപ്പേട്ടൻ താൽപര്യമില്ലാതെ ഒന്നും മൂളുന്നത് കേട്ടിരുന്നു...... എങ്കിലും വരാമെന്ന് സമ്മതിച്ചു എന്ന് സമാധാനമായിരുന്നു എൻറെ ഉള്ളിൽ..... പകല് മുഴുവൻ അപ്പുവേട്ടൻ മുറിയിൽ തന്നെയായിരിക്കും..... ഒന്നെങ്കിൽ എന്തെങ്കിലും വായിച്ച്, അല്ലെങ്കിൽ പാട്ട് കേട്ട്..... ഇതിനിടയിൽ എന്നോട് അധികം സംസാരിക്കാറ് ഒന്നും ഇല്ല...... ഞാൻ സുമിത്ര ആന്റിയുടെ അരികിലിരുന്ന് സമയം തള്ളിനീക്കാൻ തുടങ്ങി.... സുമിത്ര ആൻറിയും രവി അങ്കിളും എനിക്ക് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു ആ വീട്ടിൽ......

രവി അങ്കിളിനെ കാണുമ്പോഴെല്ലാം എനിക്ക് അച്ഛനെ ഓർമ്മവരും..... അച്ഛൻറെ സ്നേഹം അതുപോലെതന്നെ തിരികെ തരാൻ സന്തോഷമായിരുന്നു അങ്കിളിനും....... മധുവും ഉണ്ണിയേട്ടനും അവരുടേതായ ലോകത്താണ് എന്ന് തോന്നിയിരുന്നു.... ദിവസങ്ങൾ കൊഴിഞ്ഞു....... അപ്പുവേട്ടനിൽ മാത്രം മാറ്റം വന്നില്ല..... ഞാൻ ശരിക്കും ആ വീട്ടിൽ ഉള്ള ഒരാൾ ആയി കഴിഞ്ഞു...... ഒരു ദിവസം വൈകുന്നേരം അപ്പുവേട്ടന് ഒപ്പം അമ്മ നിർബന്ധിച്ചത് കൊണ്ടാണ് അമ്പലത്തിലേക്ക് പോയത്....... അമ്പലത്തിൽ എത്തുന്നതുവരെ അപ്പുവേട്ടൻ ഒന്നും സംസാരിച്ചിരുന്നില്ല..... അത്‌ ഇപ്പോൾ എന്നെ വേദനിപ്പിക്കുന്ന ഒന്നായിരുന്നില്ല...... ഇപ്പോൾ അതെനിക്ക് ശീലമായിക്കഴിഞ്ഞു..... അതുകൊണ്ടുതന്നെ ആ സംസാരം ലഭിക്കാതിരുന്നാൽ വലിയ വിഷമം ഒന്നും തോന്നാറില്ല....... ഇതിനിടയിൽ രണ്ടുപ്രാവശ്യം വീട്ടിൽ പോയി...... അപ്പോഴൊക്കെ അപ്പുവേട്ടൻ എല്ലാവരോടും നല്ല സന്തോഷത്തോടെ സ്നേഹത്തോടെയും തന്നെയാണ് സംസാരിക്കുന്നത്...... എന്നോട് മാത്രമേ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളൂ...... അമ്പലത്തിൽ ചെന്നതും മനസ്സുരുകി തന്നെയാണ് പ്രാർഥിച്ചത്..... അതിൽ ആദ്യത്തെ പ്രാർത്ഥന അപ്പുവേട്ടൻ എന്നോടുള്ള ഈ അവഗണന മാറണം എന്ന് തന്നെയായിരുന്നു.....

അറിയാതെ പ്രാർത്ഥിച്ചു തുടങ്ങിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു..... പെട്ടെന്ന് കണ്ണുകൾ തുറന്നതും മുൻപിൽ അപ്പുവേട്ടന് ആണ് കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... എൻറെ നിറഞ്ഞ മിഴികൾ കണ്ടിട്ടാണ് അപ്പുവേട്ടനിൽ ഒരു വേദന ഞാൻ കണ്ടിരുന്നു..... പെട്ടെന്ന് തന്നെ ഞാൻ കണ്ണുനീർ തുടച്ചു കളഞ്ഞിരുന്നു..... പൂജാരി പ്രസാദം കൈകളിലേക്ക് തന്നപ്പോഴും അപ്പുവേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു...... "അപ്പുവേട്ടാ..... ഞാൻ വിളിച്ചത് കേട്ടതും അപ്പുവേട്ടൻ എൻറെ മുഖത്തേക്ക് തന്നെ നോക്കി...... " ഞാനൊന്ന് ചന്ദനം തൊട്ട് തന്നോട്ടെ..... വലിയ ആഗ്രഹമായിരുന്നു.. അപ്പുവേട്ടന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി ഞാൻ ചോദിച്ചപ്പോൾ അപ്പുവേട്ടന്റെ മുഖത്തുണ്ടായ ഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അൽപം കുനിഞ്ഞ് നേരെ നിന്ന് തന്നപ്പോൾ തൊട്ടോ എന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി...... ആ നിമിഷം ചന്ദനം പോലെ ഒരു കുളിർമ എൻറെ മനസ്സിലും നിറഞ്ഞിരുന്നു..... എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഇല ചിന്തിൽ നിന്നും അൽപ്പം ചന്ദനം എടുത്ത് ഒരു ഭാവഭേദവും ഇല്ലാതെ അപ്പുവേട്ടൻ എൻറെ നെറ്റിയിൽ ചാർത്തി തന്നപ്പോൾ എൻറെ മനസ്സിൽ നിറഞ്ഞത് ഒരു വലിയ സന്തോഷമായിരുന്നു എന്ന് അപ്പുവേട്ടൻ അറിയുന്നുണ്ടോ......

പെട്ടെന്ന് എൻറെ മിഴികൾ ഒന്നുകൂടി തിളങ്ങി...... മുഖം അരുണാഭമായിരുന്നു അത് മനസ്സിലാക്കിയിട്ട് എന്നോളം അപ്പുവേട്ടൻ ചുണ്ടിലും ചെറുചിരി വിരിഞ്ഞത് ആയി എനിക്ക് തോന്നിയിരുന്നു...... ഒന്നും സംസാരിച്ചില്ല പക്ഷേ മൗനം പോലും എനിക്ക് പരിചിതമാണല്ലോ...... ചന്ദനത്തിൽ നിന്നും അല്പം എടുത്തു താലിയിൽ തേക്കുന്നത് കണ്ടപ്പോൾ അത്ഭുതപൂർവ്വം അപ്പുവേട്ടൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..... " നോക്കണ്ട...... ഈ താലിക്ക് എൻറെ പ്രാണന്റെ വിലയാണ്.... അത്രയും പറഞ്ഞപ്പോൾ ആ മിഴികളിൽ മിന്നിമറഞ്ഞ ഭാവം എനിക്ക് അന്യമായിരുന്നു........ തമ്മിലുള്ള ശീതസമരം അല്പം മുറുകുന്നുണ്ടായിരുന്നെങ്കിലും ഹൃദയത്തിൻറെ കോണിൽ എവിടെയൊക്കെയോ എന്നോട് ഇഷ്ടം അപ്പുവേട്ടന് ഉണ്ടാകുമെന്ന് എനിക്ക് പൂർണമായും അറിയാവുന്നതുകൊണ്ട് അതിലും ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു...... അമ്മ പറഞ്ഞപ്പൊ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പുട്ടും കടലയും ആണ് എന്ന് മനസ്സിലാക്കി..... ഒരു ദിവസം രാവിലെ ഞാൻ അത് ഉണ്ടാക്കി കൊണ്ടിരുന്നപ്പോഴാണ് അപ്പുവേട്ടൻ അത്യാവശ്യമായി നേരത്തെ ഓഫീസിൽ പോകണം എന്ന് പറഞ്ഞത്...... അത് കേട്ടതും എൻറെ ഞാൻ പെട്ടെന്ന് താഴെകോടി.......

ഭക്ഷണം എടുത്തു വെച്ചപ്പോൾ ഡൈനിംഗ് റൂമിലേക്ക് വരാതെ കാറ്റുപോലെ പുറത്തേക്ക് പോകുന്നത് കണ്ട് ഞാൻ പെട്ടെന്ന് ഓടി അരികിലേക്ക് ചെന്നു...... പെട്ടെന്ന് എന്നെ കണ്ടതും അപ്പുവേട്ടൻ വന്നിട്ട് ചോദിച്ചു..... " എന്താ മോളു... "ഭക്ഷണം കഴിക്കുന്നില്ലേ അപ്പുവേട്ടാ...... "സമയമില്ല പുറത്തു കഴിച്ചോളാം പെട്ടെന്ന് അത് പറഞ്ഞതും എൻറെ കണ്ണിൽ നിന്നും കണ്ണുനീർ അറിയാതെ അടർന്നുവീണു..... പെട്ടെന്ന് കാര്യം മനസ്സിലാവാതെ എന്റെ മുഖത്തേക്ക് നോക്കി..... " എന്തിനാ കരയുന്നേ..... " അത് ഞാൻ അപ്പുവേട്ടന് ഇഷ്ടം ആയതുകൊണ്ട് പുട്ടും കടലയും ഉണ്ടാക്കിയിരുന്നു..... ഞാൻ തന്നെ ഉണ്ടാക്കിയത് ആണ് അമ്മയോട് ചോദിച്ചു മനസ്സിലാക്കിയിട്ട്...... കടുകു വറുക്കാൻ പോലും അമ്മയെ കൂട്ടി ഇല്ല..... ഒറ്റയ്ക്ക് ഉണ്ടാക്കിയത് ആണ്..... അപ്പുവേട്ടന് ഇഷ്ടമായതുകൊണ്ട്...... " അതാണോ കാര്യം.... അതിനാണോ കരഞ്ഞത്.....? ഒരു വേള അപ്പോവേട്ടന്റെ കണ്ണുകളിൽ ഉറഞ്ഞുകൂടിയ വികാരം അത്ഭുതമായിരുന്നു..... " അഞ്ചുമിനിറ്റിനുള്ളിൽ പാക്ക് ചെയ്തു എടുക്കാൻ പറ്റും എങ്കിൽ, ഞാൻ ഓഫീസിൽ കൊണ്ടുപോയി കഴിച്ചോളാം..... " ഇപ്പോൾ കൊണ്ടുവരാം..... ഭയങ്കര ആവേശത്തോടെ അത് പറഞ്ഞു അകത്തേക്കോടി...... അപ്പോൾ അവിടെ ഒരു പുഞ്ചിരി തത്തി കളിച്ചത് ഞാൻ കണ്ടിരുന്നു..... പെട്ടെന്ന് തന്നെ ഒരു പാത്രത്തിൽ കറിയും പുട്ടും എടുത്ത് അപ്പുവേട്ടന് അരികിലേക്ക് ഓടി...... അപ്പുവേട്ടൻ വാച്ചിൽ നോക്കി കൊണ്ട് എൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " ഷാർപ്പ് ടൈം ആണല്ലോ.... "അപ്പേട്ടൻ താമസിച്ച് പോയാലോ എന്ന് കരുതി..... കിതച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോഴും അപ്പു ഏട്ടന് ഇമവെട്ടാതെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.....

" തൻറെ ലീവ് കഴിയാറായില്ലേ.....? " തിങ്കളാഴ്ച മുതൽ പോണം...... " എങ്കിൽ ചെല്ല്..... ചെന്ന് സ്വന്തമായുണ്ടാക്കിയ പുട്ടും കടലയും എടുത്ത് കഴിക്ക്..... ചിരിയോടെ അപ്പുവേട്ടൻ അത് പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു കുളിർമഴ വീഴുന്നത് പോലെയാണ് എനിക്ക് തോന്നിയത്..... പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു എല്ലാദിവസവും വിരസത പോലെ അതും ....... ഉണ്ണിയേട്ടനും മധുവും പുറത്തേക്ക് പോയിരിക്കുകയാണ്..... അവർ ഞങ്ങളെ ക്ഷണിച്ചു എങ്കിലും അപ്പുവേട്ടൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു.... ഭക്ഷണം എല്ലാം കഴിഞ്ഞ് അപ്പുവേട്ടൻ മുറിയിലേക്ക് പോയിരുന്നു...... ഉറങ്ങാൻ ആവും എന്ന് എനിക്ക് തോന്നിയിരുന്നു..... കുറച്ചുനേരം സമയത്ത് അമ്മയുടെ അടുത്ത് ഇരുന്ന് വർത്തമാനം പറഞ്ഞതിനുശേഷം ഞാൻ മുറിയിലേക്ക് ചെന്നു..... ചെന്നപ്പോൾ അപ്പുവേട്ടൻ ഉറങ്ങി കിടക്കുകയാണ്..... ഒരു കൈ കണ്ണിനു മുകളിൽ ആണ്..... അപ്പു ഏട്ടനെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു വാത്സല്യമാണ് തോന്നിയത്...... നെറ്റിയിലേക്ക് പാറി കിടക്കുന്ന ആ മുടിയിഴകൾ ഞാൻ ഒതുക്കി വച്ചു കൊടുത്തു...... കൊച്ചുകുഞ്ഞിനെ നോക്കുന്നതുപോലെ കുറച്ചുനേരം അപ്പുവേട്ടൻ നോക്കി നിന്നു.... എന്തോ ഒരു ഉൾ പ്രേരണയാൽ അറിയാതെ എൻറെ അധരങ്ങൾ ആ കവിളിൽ പതിഞ്ഞിരുന്നു...... പെട്ടെന്ന് അപ്പുവേട്ടൻ കണ്ണു തുറന്നു രൂക്ഷമായി എന്നെ ഒന്നു നോക്കി ആ നിമിഷം ഒരു വല്ലാത്ത ഭയം എന്നെ വലയം ചെയ്തിരുന്നു.......................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story