മഴയോർമ്മയായ്....💙: ഭാഗം 17

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"ഈശ്വര...... ഉറക്കം ആയിരുന്നില്ലേ...... ഒരു നിമിഷം എൻറെ ഹൃദയത്തിൽ ഒരു ഇടിവെട്ടി....... രൂക്ഷമായ മുഖത്തോടെ ദേഷ്യം നിറഞ്ഞു എന്നെ തന്നെ നോക്കി നിൽക്കുകയാണ് അപ്പുവേട്ടൻ...... ആദ്യമായാണ് ഇത്ര ദേഷ്യത്തിൽ ഞാൻ കാണുന്നത്...... എനിക്ക് വല്ലാത്ത ഭയം ശരീരത്തിലേക്ക് അരിച്ചു കയറാൻ തുടങ്ങിയിരുന്നു....... "എന്താ നീ കാണിച്ചത്...... ദേഷ്യത്തോടെ തന്നെയാണ് ചോദ്യം...... എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു.... " എന്താ ചെയ്തത് എന്ന്..... ഒരിക്കൽ കൂടി ശബ്ദമുയർന്നു... അപ്പോൾ അറിയാതെ എൻറെ കണ്ണിൽ നിന്നും കണ്ണുനീർ വീണു തുടങ്ങിയിരുന്നു..... അത്‌ കാണെ ആൾക്ക് വിഷമം ആയി എന്ന് തോന്നി....... അവൻറെ മുഖത്തെ ഭാവത്തിന് ഒരു അല്പമയവ് വന്നതുപോലെ എനിക്ക് തോന്നിയിരുന്നു...... "ഞാൻ അറിയാതെ ചെയ്തതാ അപ്പുവേട്ട....... എനിക്ക് പെട്ടെന്ന് അപ്പുവേട്ടനെ കണ്ടപ്പോൾ സ്നേഹം തോന്നിയപ്പോൾ അറിയാതെ ചെയ്തു പോയതാ...... വിക്കിവിക്കി എങ്ങനെയൊക്കെയോ അത് പറഞ്ഞപ്പോഴും അപ്പുവേട്ടന് മുഖത്തെ ഭാവം എന്ത് എന്ന് ഊഹിച്ച് അറിയാനാവാത്ത രീതിയിലായിരുന്നു.....

" ഞാൻ മാളുവിനോട് പറഞ്ഞതല്ലേ കഴുത്തിൽ കിടക്കുന്ന താലിക്ക് അപ്പുറം ഒരു ഭർത്താവെന്ന നിലയിൽ ഒരു രീതിയിലും എന്നേ മാളു കാണരുത് എന്ന്. " ഞാൻ പറഞ്ഞില്ലേ അപ്പുവേട്ട..... ആ സാഹചര്യത്തിൽ അറിയാതെ എനിക്ക് പെട്ടെന്ന് കണ്ടപ്പോൾ..... അറിയാതെ ചെയ്തത് ആണ്... ഇഷ്ടമായില്ലെങ്കിൽ ഞാൻ.... പെട്ടെന്ന് ഇട്ടിരുന്ന ഷോളിൻറെ തുമ്പും ഉയർത്തി അവൻറെ കവിളിന് അരികിലേക്ക് ചെന്നതും അപ്പുവേട്ടൻ മുഖം മാറ്റി കളഞ്ഞു...... പക്ഷേ ആ മുഖത്ത് അപ്പോഴും ദേഷ്യം തന്നെയായിരുന്നു അലയടിച്ചുയരുന്നത്.... " മാളു നീ കുട്ടി കളി കളിക്കരുത്..... തുടച്ചാൽ ഉടനെ ഇതിന് പരിഹാരം ആക്കുമോ.....? എന്താ തൻറെ ഉദ്ദേശം.....? " എന്ത് ഉദ്ദേശം.....? മനസ്സിലാവാതെ ഞാൻ ആ മുഖത്തേക്ക് നോക്കി.... " അതിനി ഞാൻ പച്ചക്ക് പറയണം അല്ലേ..... നമ്മൾ തമ്മിൽ ഒരിക്കലും ഒരു ഭാര്യാഭർത്തൃബന്ധം ഉണ്ടാവില്ല..... ഞാൻ തന്നോട് നേരത്തെ തുറന്നു പറഞ്ഞതാണ്..... "അപ്പുവേട്ടൻ എന്താണ് പറഞ്ഞു വരുന്നത്.....? എന്റെ ശരീരത്തിന്റെ വികാരം നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ചെയ്തു പോയതാണ് എന്നോ....?

പെട്ടന്ന് അവൻ വല്ലാതെ ആയി.... എന്ത് പറയണം എന്ന് അറിയാതെ നിന്നു ... "അപ്പുവേട്ടൻ പറഞ്ഞോതൊക്കെ അംഗീകരിക്കാൻ പറ്റുന്നത് കൊണ്ട് തന്നെയാണ് ഞാൻ ഇവിടെ നിന്നോളാം എന്ന് പറഞ്ഞത്...... "നിർബന്ധം ഇല്ല മാളു..... അംഗീകരിക്കാൻ കഴിയില്ല എങ്കിൽ നമ്മുക്ക് ഡിവോഴ്സ് കുറിച്ച് ചിന്തിക്കാം... "അപ്പുവേട്ട.......!! അപ്പുവേട്ടന് അതൊക്കെ എളുപ്പമായിട്ട് പറയാൻ പറ്റും......... എനിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ കൂടി കഴിയില്ല....... അങ്ങനെ ഒരു ഡിവോഴ്സിന് വേണ്ടി ആയിരുന്നോ ഞാൻ വാശി പിടിച്ച് എൻറെ കഴുത്തിൽ താലി കെട്ടിച് അപ്പോവേട്ടനെ നേടിയെടുത്തത്......... ഒരിക്കൽ കൂടി അപ്പുവേട്ടൻ ഇങ്ങനെ സംസാരിച്ചാൽ അപ്പുവേട്ടൻ കാണുന്നത് എന്റെ ശവം ആയിരിക്കും...... " എന്തുപറഞ്ഞാലും ഇങ്ങനെ പറഞ്ഞ് പേടിപ്പിച്ചാൽ മതിയല്ലോ....... പിന്നെ ആരും ഒന്നും പറയില്ലല്ലോ...... അതാണല്ലോ തൻറെ ആയുധം....... " അപ്പുവേട്ടൻ എന്ത് വേണേലും പറഞ്ഞോളൂ...... കേൾക്കാൻ ഉള്ള ബാധ്യത എനിക്കുണ്ട്..... കാരണം അപ്പുവേട്ടന് ഇഷ്ട്ടം അല്ലാതെ അല്ലേ എന്നെ കല്യാണം കഴിച്ചത്........ അതെനിക്ക് പറ്റിപ്പോയ തെറ്റ്.......

പക്ഷെ ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല....... എന്റെ കഴുത്തിൽ താലികെട്ടി ആളാണ് അപ്പുവേട്ടൻ....... വർഷങ്ങളായി എൻറെ പ്രണയം..... എന്റെ പുരുഷൻറെ സ്ഥാനത്ത് ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന ആൾ....... ആ ആളുടെ ശരീരത്തിൽ ഞാൻ ഒന്ന് സ്പർശിച്ചു എന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല........ പിന്നെ അപ്പുവേട്ടന് അത്‌ ഇഷ്ടമായില്ല...... അപ്പുവേട്ടന് ഇഷ്ട്ടം ഇല്ലാതെ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു...... അവിടെ മാത്രമാണ് ഒരു തെറ്റ് പറ്റിയത്........ അല്ലാതെ ഈ പറയുന്നതും ചെയ്യുന്നതും ഒന്നും ഒരു അർത്ഥം ഉള്ള കാര്യങ്ങളല്ല..... നമ്മൾ തമ്മിൽ ഒരു ബന്ധങ്ങളും ഇപ്പോ ഞാൻ ആഗ്രഹിക്കുന്നില്ല അപ്പുവേട്ട......... താലിയുടെ ബന്ധം അല്ലാതെ മറ്റൊന്നും ഈ നിമിഷം മുതൽ എൻറെ മനസ്സിലില്ല......... എല്ലാവരുടെ മുൻപിൽ വെച്ച് അപ്പുവേട്ടൻ എന്നെ ഇഷ്ടമില്ല എന്ന് പറയുന്നത് വരെ എൻറെ മനസ്സിൽ അപ്പുവേട്ടൻ പറഞ്ഞപോലെ ഉള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നു......... നമ്മുടെ പ്രണയ നിമിഷങ്ങൾ ഒക്കെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.......

പക്ഷേ എല്ലാവരുടെയും മുൻപിൽ വന്ന് എന്നെ ഇഷ്ടമല്ല എന്ന് അപ്പുവേട്ടൻ പറഞ്ഞില്ലേ..... ആ ദിവസം തന്നെ മാളു മരിച്ചത് ആണ്........ പിന്നെ ഇപ്പോഴും ജീവിക്കുന്നത് എത്ര മായ്ക്കാൻ കഴിഞ്ഞിട്ടും മായ്ക്കാൻ കഴിയാത്ത ഓർമ്മയായി അപ്പൂവേട്ടൻ മനസ്സിൽ തന്നെ നിൽക്കുന്നതുകൊണ്ടും മരണം പോലും എന്നെ കൈവിട്ടതുകൊണ്ടും ആണ്...... നിങ്ങളുടെ ഒപ്പം അല്ലാതെ മറ്റൊരു ജീവിതം എനിക്കിനി സാധ്യമാകില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടും...... എന്നെ നിങ്ങൾ ഇപ്പൊൾ അകറ്റിനിർത്താൻ കാരണമായി നിങ്ങൾ കരുതുന്ന നിങ്ങളുടെ ഈ അവസ്ഥ എനിക്ക് ഉണ്ടാകുമെന്നുള്ള ഭയം കൊണ്ട് കൂടി ആണ് നിങ്ങളുടെ ഭാര്യയായി ഒപ്പം വന്നത്....... ചില സമയത്ത് എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് ആണ് ഭ്രാന്ത് എന്ന്..... നിങ്ങളൊട് ഉള്ള പ്രണയം എന്നെ ഒരു ഭ്രാന്തി ആക്കി കളഞ്ഞു...... അത് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല...... ഇത്രയും ഞാൻ പറഞ്ഞിട്ട് മനസ്സിലാക്കാത്ത ഒരാൾക്ക് എന്തു പറഞ്ഞിട്ട് മനസ്സിലാവാൻ ആണ്...... എനിക്ക് സംഭവിച്ച പോയ തെറ്റിനു ഞാൻ മാപ്പ് ചോദിക്കുന്നു......

അത്‌ നിങ്ങളുടെ ശരീരത്തിലെ വികാരങ്ങളെ തൊട്ടുണർത്താൻ വേണ്ടി ഞാൻ ചെയ്തതല്ല...... അറിയാതെ പറ്റി പോയതാ....... സ്നേഹിച്ചുപോയി..... അത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി പോകുമ്പോൾ അനുസരണയില്ലാതെ മാളുവിനെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു....... അവൾ ഇറങ്ങി പോയി കഴിഞ്ഞപ്പോൾ അവന്റെ മനസ്സിലും ഒരു വേദന പടർന്നിരുന്നു...... മനസ്സിൽ കെട്ടിവച്ച വേദനകൾ ഒക്കെ ആണ് ഇപ്പോൾ തനിക്ക് മുൻപിൽ അവൾ പെയ്തു തീർത്തത്...... അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും മാളവിക അപ്പുവിനോട് പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല........ അവൾ വന്നതും തറയിൽ കിടക്കാൻ തുടങ്ങുകയായിരുന്നു ചെയ്തത്....... അവൻറെ ഹൃദയത്തിൽ അറിയാതെ ഒരു വേദന തുടങ്ങുന്നത് ആ നിമിഷം അവൻ അറിയുന്നുണ്ടായിരുന്നു........ പിറ്റേന്ന് രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് ആണ് അപ്പു കണ്ണുതുറന്നത്....... നോക്കിയപ്പോൾ എഴുന്നേറ്റ് പോകാൻ തുടങ്ങുന്ന മാളുവിനെ ആണ് കണ്ടത്...... അവളെ കണ്ടപ്പോൾ അവൾ ഉണർന്നു എന്ന് മനസ്സിലായി....... അപ്പോഴേക്കും അവൻ കണ്ണുകൾ അടച്ചു..... അവൾ എഴുന്നേറ്റ് വന്ന് തന്റെ അരികിൽനിന്ന് പുതപ്പെടുത്ത് ശരിക്കും തൻറെ കാലുകളിൽ ഇട്ടതിനു ശേഷമാണ് അലമാരിയിൽനിന്നും ടവൽ ആയി ബാത്റൂമിലേക്ക് കയറിയത്........

എത്രയൊക്കെ അകറ്റി നിർത്തിയിട്ടും എന്തിനാണ് ഈശ്വരാ ഈ പെണ്ണ് ഇങ്ങനെ തന്നെ സ്നേഹിച്ചു കൊല്ലുന്നത്..... അവന് വേദന തോന്നി...... അവളുടെ പ്രണയം തന്നെ കൊല്ലാതെ കൊല്ലാൻ കഴിവുള്ള ഒന്നാണ് എന്ന് അവൻ ഓർക്കുകയായിരുന്നു...... തന്നോട് തോന്നിയ അടങ്ങാത്ത പ്രണയത്തിൻറെ പേരിൽ വാശിപിടിച്ച് അവൾ തന്നെ കല്യാണം കഴിച്ചപ്പോൾ അവളുടെ ജീവിതം ഒരിക്കലും നശിക്കാൻ പാടില്ലാ താൻ കാരണമെന്ന് ഉള്ളതുകൊണ്ടാണ് അവൾ തന്റെ ശരീരത്തിൽ പോലും തൊടാൻ വിസമ്മതിക്കുന്നത്....... തന്റെ ജീവിതത്തിൽ നിന്ന് അവൾക്ക് പോകേണ്ടി വരുമ്പോഴും ഒരു പുരുഷൻറെ മുൻപിലും അവൾ മോശപ്പെട്ടവൾ ആക്കാൻ പാടില്ല....... കളങ്കപ്പെട്ട ഒരു ശരീരത്തോടെ ആവരുത് അവൾ മറ്റൊരു പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലേണ്ടത് എന്ന തൻറെ ആഗ്രഹം കൊണ്ടാണ് അവളെ താൻ മാറ്റിനിർത്തുന്നത്.......... പലപ്രാവശ്യം ഒന്ന് ചേർക്കാൻ...... വാരിപ്പുണരാൻ തന്റെ ഹൃദയം കൊതിക്കുന്നുണ്ട്....... പക്ഷേ അപ്പോൾ എല്ലാം തന്നെ തന്റെ ഈ അവസ്ഥയെ പറ്റി ചിന്തിച്ചു പോകും.....

ആ നിമിഷം തന്നെ ആ ആഗ്രഹം കുഴിച്ചു മൂടും....... ഒരു ഭ്രാന്തന്റെ ഭാര്യ ആയി അവൾ ജീവിതം കഴിക്കേണ്ട എന്ന തൻറെ ആഗ്രഹം ആണ്.... ഇന്നലെ ഉറക്കം വരാതെ വെറുതെ കണ്ണുകളടച്ച് കിടന്നപ്പോഴാണ് നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്....... പെട്ടെന്ന് കണ്ണുതുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് അതിൻറെ മോശം വശത്തെ പറ്റി ചിന്തിച്ചത്........ പെട്ടെന്ന് തനിക്ക് തിരിച്ച് അവളെ ഒന്ന് വാരിപ്പുണരാൻ പറ്റാത്ത നിസ്സഹായവസ്ഥ കൊണ്ടാണ് ദേഷ്യ പെട്ടത്......... പക്ഷേ അപ്പോഴേക്കും അവളുടെ ഉള്ളിൽ നിന്ന് വേദനകളുടെ ഒരു കൂടാരം തന്നെയാണ് പുറത്തേക്ക് വന്നത്........ താൻ ചുംബിച്ചത് ഇഷ്ടമായില്ലെങ്കിൽ തുടച്ചു കളയാം എന്ന് പറഞ്ഞു കുട്ടികളെ പോലെ ഷാളും ആയി വരുന്ന ആളിനെ കണ്ടപ്പോൾ ചിരിയാണ് തോന്നിയത്........ ആ ചിരി കടിച്ചമർത്തിയാണ് അവളോട് സംസാരിച്ചത്...... പക്ഷേ പിന്നീടുള്ള അവളുടെ വാക്കുകളിൽ തന്നെ ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അനുഭവിച്ചിരുന്നത്........ ഇത്രയും വിഷമങ്ങൾ ഈ പെണ്ണ് ഉള്ളിൽ കൊണ്ടു നടന്നിരുന്നു എന്ന്.........

ഒരിക്കൽ പോലും തന്നോട് ഒരു നീരസവും കാണിച്ചിട്ടില്ല....... വിവാഹം കഴിഞ്ഞ നിമിഷം മുതൽ താൻ അകലും കാണിച്ചാണ് നിൽക്കുന്നത്....... മറ്റൊന്നും കൊണ്ടല്ല അവളുടെ ജീവിതം നശിച്ചു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്........ എന്നിട്ടും ഇവൾ തീവ്രമായി തന്നെ സ്നേഹിക്കുകയാണ്..... എന്തിന് ഇപ്പോൾ ഈ നിമിഷം തന്നെ അരികിൽ നിന്നും എഴുന്നേറ്റു പോയിട്ട് പോലും അവൾ തന്നെ പുതപ്പിച്ചു കിടതിയതിനു ശേഷമാണ് അകത്തേക്ക് പോയത്...... സ്നേഹം കൊണ്ട് തന്നെ വീർപ്പുമുട്ടിക്കുകയാണ്........ കുളികഴിഞ്ഞ് പുറത്തിറങ്ങിയതും അപ്പു എഴുന്നേറ്റ് കട്ടിലിലിരിക്കുന്നുണ്ടായിരുന്നു......... അവനെ കണ്ടെങ്കിലും അവൾ അവനെ നോക്കാതെ നിലക്കണ്ണാടിയുടെ മുൻപിലേക്ക് പോയി മുടി ഉണക്കാൻ തുടങ്ങി....... ശേഷം അവിടുന്ന് സിന്ദൂരച്ചെപ്പിൽ നിന്നും സീമന്തരേഖയിൽ നിറച്ച് സിന്ദൂരം തൊടുന്നത് ഒരു കൗതുകത്തോടെയാണ് അപ്പു നോക്കിയിരുന്നത്..... താൻ തൊട്ട് കൊടുക്കേണ്ടതാണ്...... പക്ഷേ മനസ്സറിഞ്ഞ് അവളെ ഒന്നു ചേർത്തുപിടിച്ച് ആ സീമന്തരേഖ ചുവപ്പിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന അവന് വേദന തോന്നി......

ഭംഗിയായി കണ്ണുകളിൽ മഷി എഴുതി അവനെ ശ്രദ്ധിക്കാതെ ഒരു ചുവന്ന പൊട്ടും തൊട്ടു...... അതിനുശേഷം അവനെ ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി പോകുന്നത് കണ്ടപ്പോൾ ഉള്ളിൽ എവിടെയൊ ഒരു വേദന നിറയുന്നത് അപ്പു അറിയുന്നുണ്ടായിരുന്നു.......... 🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻 കുറച്ച് നേരം അവൾ അടുക്കളയിൽ ചെന്ന് സുമിത്രയുടെ അരികിൽനിന്ന് ജോലികളും മറ്റും ചെയ്തു...... അപ്പോഴേക്കും മധു എഴുന്നേറ്റ് വന്നിരുന്നു..... "നിനക്ക് സ്കൂളിൽ പോണ്ടേ.....? മധുവിൻറെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്....... "ഇന്ന് മുതൽ ജോയിൻ ചെയ്യണം..... അപ്പുവിന്റെ ഓഫീസിനടുത്തുള്ള സ്കൂള് അല്ലേ..... നിങ്ങൾ രണ്ടുപേരും കൂടെ പോകുമോ.....? "ഇല്ല...... ഞാൻ ബസിനു ആണ്.... അപ്പുവേട്ടന് തിരക്ക് ഉണ്ട് എന്ന് പറയുന്ന കേട്ടു..... " എങ്കിൽ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം...... " വേണ്ട.... ഞാൻ ഇവിടുന്ന് ബസ്സിൽ പൊയ്ക്കോളാം..... ഞാൻ ഇതുവരെ പോകാത്ത ഒന്നും അല്ലല്ലോ...... " ഉണ്ണിക്ക് എറണാകുളത്ത് ജോലി ആയോണ്ട് മോളും കൂടി എറണാകുളത്തേക്ക് ഒരു ട്രാൻസ്ഫർ ശ്രമിക്കുന്നത് നല്ലത് ആണ്..... അവന്റെ കൂടി പോയി നിൽക്കല്ലോ....? മോൾ ഇവിടെ, അവൻ അവിടെ ആയിട്ട് നിൽക്കുന്നത് നിങ്ങൾക്ക് വിഷമം അല്ലേ..... അമ്മ പറഞ്ഞപ്പോൾ മധുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു........

"ഞാൻ ശ്രമിക്കുന്നുണ്ട് അമ്മേ.... കിട്ടണ്ടേ.... കുറച്ചു നേരം കൂടി എല്ലാവരുടേയും ഒപ്പം നിന്നതിനുശേഷം ചായയുമായി അപ്പുവേട്ടന്റെ മുറിയിലേക്ക് ചെന്നു...... അപ്പോൾ ആളെ അവിടെ കാണാനുണ്ടായിരുന്നില്ല..... ചായ അടച്ച് ടേബിളിനു മുകളിൽ വെച്ചതിനുശേഷം അലമാരിയിൽനിന്നും ഒരു സാരി എടുത്തു..... കതക് ലോക്ക് ചെയ്തതിനുശേഷം സാരി ഉടുക്കാൻ തുടങ്ങി....... സാരി ഞൊറിഞ്ഞുടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ബാത്റൂം തുറന്നു അപ്പുവേട്ടൻ വരുന്നത് ....... പെട്ടെന്ന് തന്നെ കണ്ടതും ആള് വല്ലാതായി താനും വല്ലാതായി പോയിരുന്നു...... കാരണം സാരിയുടെ മുന്താണി താഴെ കിടക്കുകയായിരുന്നു..... പെട്ടെന്ന് എടുത്തു മാറുമറച്ച് അല്പം തിരിഞ്ഞുനിന്നു.... " ഞാനറിഞ്ഞില്ല മാളു മുറിയിൽ ഉണ്ടല്ലോന്ന്....... അപ്പുവേട്ടൻ മറുപടി പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തിരിഞ്ഞുനിന്ന് ആ ജോലി വീണ്ടും തുടർന്നു..... അപ്പു ഏട്ടൻ ഒന്നും മിണ്ടാതെ ഒരു ഷർട്ടും എടുത്തിട്ട് പുറത്തേക്ക് പോയി കഴിഞ്ഞിരുന്നു..... പെട്ടെന്ന് തന്നെ സാരി നന്നായി ഞൊറിഞ്ഞുടുത്തു..... ബാഗിൽ വേണ്ടതെല്ലാം ഇട്ടതിനുശേഷം അടുക്കളയിലേക്ക് ചെന്നു......

അപ്പോഴേക്കും അമ്മ ചോറൊക്കെ എടുത്ത് കൈയിൽ തന്നിരുന്നു..... അതും വാങ്ങി അടുക്കളയിൽ നിന്നു തന്നെ രണ്ട് ചപ്പാത്തിയും എടുത്തു തിന്നതിനു ശേഷം പുറത്തേക്ക് നടക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് പുറത്ത് അപ്പുവേട്ടൻ കാത്തുനിൽപ്പുണ്ടായിരുന്നു...... " ഇന്നുമുതൽ സ്കൂളിൽ പോണ്ടേ..... ഞാൻ കൊണ്ടുപോയി ആക്കാം..... തനിക്ക് ഇവിടുന്ന് ബസ് ഒന്നും കയറിപോയി ശീലം ഇല്ലല്ലോ..... ഞാൻ അതുവഴി അല്ലേ പോകുന്നത്...... അപ്പുവേട്ടൻ അത് പറയുമ്പോൾ സാധാരണ ദിവസത്തെ പോലെ സന്തോഷിക്കാൻ എനിക്ക് തോന്നിയില്ല...... ഒരു പക്ഷെ ഇന്നലെ അപ്പുവേട്ടൻ പറഞ്ഞ ഡിവോഴ്സ് എന്ന വാക്ക് മനസ്സിൽ കിടന്നത് കൊണ്ടായിരിക്കാം...... ആ സന്തോഷം എന്നിൽ ചലനം ഉണ്ടാകാതെ പോയത്.... " വേണ്ട...... ഞാൻ ബസ്സിന് പൊയ്ക്കോളാം.... ഇങ്ങനെയൊക്കെ ഉള്ള ശീലമാക്കുന്നത് നന്നല്ല.... " ഞാൻ കൊണ്ടു വിടാം മാളു.... അവിടെ അടുത്ത് തന്നെയാണ് എൻറെ ഓഫീസ്.... ഒറ്റയ്ക്ക് പോയാൽ ശരിയാകില്ല..... " ജീവിതത്തിൽ ഒറ്റയ്ക്കായി പോയാലോ.....? അപ്പുവേട്ടൻ ഉപേക്ഷിച്ചാലും എനിക്ക് ജീവിക്കണ്ടേ.....

മ്യൂച്ചൽ ഡൈവോഴ്സ് എന്ന് പറയുമ്പോൾ അധികം താമസമില്ലാതെ കിട്ടുന്ന ഒന്നല്ലേ..... ആ സമയത്തും എനിക്ക് സ്കൂളിൽ പോണ്ടേ....... അപ്പോഴും ഞാൻ ഒറ്റയ്ക്ക് തന്നെ ആയിരിക്കില്ലേ പോകുന്നത്.....? അങ്ങനെ പറയാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്ന് എനിക്ക് അറിയില്ല എങ്കിലും ഒരു വിധത്തിൽ അപ്പുവേട്ടനോട് പറഞ്ഞു മറുപടി കാക്കാതെ വേഗം കാലുകൾ ചലിക്കുന്നുണ്ടായിരുന്നു...... സ്കൂളിൽ ചെന്നപ്പോഴും എല്ലാവർക്കും അറിയേണ്ട വിശേഷം വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ആയിരുന്നു..... കുറെ കാര്യങ്ങൾ അവരോട് ഉണ്ടാക്കി പറയേണ്ട വിഷമം താൻ തന്നെ അനുഭവിച്ചിരുന്നു...... എങ്കിലും സന്തോഷകരമായ ജീവിതത്തെക്കുറിച്ച് സ്നേഹമയനായ ഭർത്താവിനെക്കുറിച്ച് ഒക്കെ അവരോട് പറഞ്ഞു...... തന്റെ സങ്കൽപങ്ങളിൽ നിറഞ്ഞിരുന്ന അപ്പുവേട്ടനെ കുറിച്ച് ഒക്കെ അവരോട് പറഞ്ഞു...... വെറുതെ ആണെങ്കിലും ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും വെറുതെ ഓരോന്നു പറയുമ്പോൾ അങ്ങനെ എപ്പോഴെങ്കിലും അപ്പുവേട്ടൻ തന്നെ ചേർത്ത് പിടിക്കും എന്ന് ആഗ്രഹിച്ചു......

എവിടെയായിരുന്നു ഹണിമൂൺ എന്നായിരുന്നു ചിലർക്ക് അറിയേണ്ടത്..... സാഹചര്യം ശരിയല്ലാത്തതു കൊണ്ട് ഹണിമൂണ് മാറ്റിവച്ചു എന്ന് പറഞ്ഞ് ഒഴിഞ്ഞു...... എങ്ങനെയെങ്കിലും ക്ലാസിലേക്ക് പോയാൽ മതിയെന്നായിരുന്നു മനസ്സിൽ നിറയെ....... ഇനിയും മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും കള്ളം പറഞ്ഞു പിടിച്ചു നിൽക്കാനും തനിക്ക് വയ്യ...... കുട്ടികളെ കാണുമ്പോൾ മനസ്സ് ശാന്തമാകും എന്ന് തോന്നി...... പെട്ടെന്ന് ക്ലാസിലേക്ക് പോയി ഇടയ്ക്ക് ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ അമ്മ ഫോൺ വിളിച്ചിരുന്നു കുറെ വിശേഷങ്ങൾ അമ്മയോട് പറഞ്ഞതിനുശേഷം ക്ലാസ്സ് ഇല്ലാത്തതിനാൽ സ്റ്റാഫ് റൂമിൽ തലവെച്ച് കിടന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു...... എങ്കിലും അപ്പുവേട്ടന് എങ്ങനെ തന്നെ വേണ്ടന്ന് പറയാൻ തോന്നി...... ഒരുപക്ഷേ അപ്പുവേട്ടൻ ഒരിക്കലും തന്നെ സ്നേഹിച്ചിട്ട് ഉണ്ടാകില്ല...... പക്ഷേ സ്നേഹിച്ചിട്ടുണ്ട് എന്നാണ് ആശുപത്രിയിൽ വന്നപ്പോൾ പറഞ്ഞത്...... അത് ചിലപ്പോൾ തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും....... എന്താണെങ്കിലും മനസ്സിന് ഒരു സുഖമില്ലായിരുന്നു....... എങ്ങനെയൊക്കെയൊ വൈകുന്നേരം വരെ തള്ളി നീക്കി..... അതിനു ശേഷം തിരികെ വീട്ടിലേക്കുള്ള ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ഒരു കാർ വന്ന് പെട്ടെന്ന് അരികിൽ നിർത്തിയത്.......

നോക്കിയപ്പോൾ അപ്പുവേട്ടൻ ആണ്..... "കേറൂ....." ആ മുഖത്തേക്ക് നോക്കി നിഷേധിക്കാൻ തോന്നിയില്ല..... ഒന്നും മിണ്ടാതെ കയറിയപ്പോൾ കുറച്ചുസമയം എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..... വണ്ടിയിലെ മൗനം തീവ്രമായപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേക്ക് ശ്രെദ്ധ തിരിച്ചു ..... പെട്ടന്നാണ് കയ്യിൽ ഒരു ചൂട് അറിഞ്ഞത്...... നോക്കിയപ്പോൾ അപ്പുവേട്ടൻ കൈകളിൽ പിടിച്ചിരിക്കുകയാണ്...... പക്ഷേ ഡ്രൈവിംഗ് തന്നെയാണ് ശ്രദ്ധ...... മാറ്റാൻ ശ്രമിച്ചപ്പോൾ ഒന്നുകൂടി ശക്തമായി കയ്യിൽ പിടിച്ചു...... ശേഷം മുഖത്തേക്ക് നോക്കാതെ മുൻപോട്ട് നോക്കി തന്നെ പറഞ്ഞു...... " സോറി ......! ദേഷ്യത്തിൽ പറഞ്ഞുപോയതാ....... ഒന്നും മനസ്സിൽ വയ്ക്കരുത്......... അതിനു മറുപടി ഒന്നും പറഞ്ഞില്ല..... അപ്പുവേട്ടന്റെ കൈയുടെ ചൂട് ആ നിമിഷവും സന്തോഷത്തോടെയാണ് തിരിച്ചറിഞ്ഞത്...... പെട്ടെന്നുതന്നെ അത് മാറിയപ്പോൾ ഒരു വേദന തോന്നിയിരുന്നു...... ഒരു വെജിറ്റബിൾ ഹോട്ടലിന്റെ മുൻപിലാണ് അപ്പുവേട്ടൻ വണ്ടി നിർത്തിയത്....... അപ്പുവേട്ടൻ ഇറങ്ങി വിളിച്ചപ്പോൾ ഞാനും പുറകെ ചെന്നു.....

കടയിലേക്ക് കയറി ഒരു മേശയ്ക്ക് അഭിമുഖം ഇരുന്നു.... വെയിറ്റർ വന്നപ്പോൾ മസാലദോശ പറഞ്ഞതിനുശേഷം അപ്പുവേട്ടൻ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു...... പെട്ടെന്ന് ആ കണ്ണുകളെ നേരിടാൻ എനിക്ക് കഴിയുമായിരുന്നില്ല.... അത് സാധിക്കാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് വാഷ് റൂമിലേക്ക് പോയി...... കുറച്ചു സമയങ്ങൾക്ക് ശേഷം പിന്നില് ആ സാന്നിധ്യം അറിഞ്ഞപ്പോൾ തിരിഞ്ഞുനോക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല...... "മാളു...... ആർദ്രമായ എന്റെ കാതിൽ ആ ശബ്ദം കേട്ടപ്പോൾ എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.... നോക്കുമ്പോൾ അപ്പുവേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു...... ഒരു നിമിഷം ആ നോട്ടത്തെ അഭിമുഖീകരിക്കാൻ എനിക്ക് കഴിയില്ല എന്ന് തോന്നിയിരുന്നു..... " താൻ എന്നോട് ഇങ്ങനെ മിണ്ടാതെ നടക്കല്ലേ മാളു...... എനിക്ക് സഹിക്കാൻ പറ്റുന്നില്ല...... താൻ ഇന്നലെ അതൊക്കെ പറഞ്ഞപ്പോൾ മുതൽ എൻറെ മനസ്സിനൊരു സമാധാനം ഇല്ല...... ഒന്നും വേണ്ട താൻ എന്നോട് സംസാരിച്ചാൽ മതി...... എന്റെ കാര്യങ്ങളൊക്കെ ചെയ്ത എൻറെ പിന്നാലെ നടക്കുമ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നുള്ളത് സത്യം ആണ്...... പക്ഷേ എന്നോട് മിണ്ടാതിരിക്കുമ്പോൾ ആ അസാന്നിധ്യം എന്നിൽ വേദന നിറയ്ക്കുന്നു.......

എന്നോട് എന്തെങ്കിലും ഒന്നു സംസാരിക്ക്...... പ്ലീസ് മാളു..... അപ്പുവേട്ടൻ അത് പറഞ്ഞപ്പോൾ അറിയാതെ ഞാൻ ആളെ തന്നെ നോക്കി നിന്നു പോയിരുന്നു..... പെട്ടെന്ന് എൻറെ കണ്ണുകൾ നിറഞ്ഞുപോയി..... " അപ്പൂവേട്ടന് എന്നെ ഇഷ്ടമല്ലേ.....? ഇടറിയ ശബ്ദത്തോടെ ആയിരുന്നു അത് ചോദിച്ചിരുന്നത്..... ഇടനെഞ്ച് പൊട്ടിയ ചോദ്യം ആയിരുന്നു അത്‌ ..... ഒരു നിമിഷം അതിന് മറുപടി പറയുന്നതിനു മുൻപ് അപ്പുവേട്ടന്റെ കണ്ണുകളിലും ചെറിയ ചുവപ്പുരാശി പടർന്നത് ഞാൻ കണ്ടിരുന്നു..... " ഇത്ര വർഷം എന്നെ മനസ്സിൽ കൊണ്ടു നടന്നിട്ടും ഇതുവരെ എൻറെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലേ മാളു നിനക്ക്......? " എനിക്കറിയില്ല അപ്പുവേട്ട..... എനിക്ക് മനസ്സിലാകുന്നില്ല അപ്പുവേട്ടനെ..... ഇഷ്ട്ടം ആണ് എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്...... പക്ഷേ ചില സമയത്ത് തോന്നും അപ്പുവേട്ടന് എന്നെ ഇഷ്ടമല്ല എന്ന്...... അപ്പുവേട്ടൻ തന്നെ പറ എന്നെ ഇഷ്ടമാണോ......? " എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് മാളു...... അതുകൊണ്ടാ മാളുവിനെ ഞാൻ അകറ്റി നിർത്തുന്നത്..... "അങ്ങനെ അകറ്റി നിർത്തിയാൽ ഞാൻ പോകും എന്ന് തോന്നുന്നുടോ....? പിരിയാം എന്നൊക്കെ പറയുന്നത് എനിക്ക് സഹിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ അപ്പുവേട്ടന്..... ഒരു ഡിവോഴ്സിനു ഞാൻ ജീവിതത്തിൽ എപ്പോഴെങ്കിലും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ......?

അതിന് ഞാൻ മരിക്കണം അപ്പുവേട്ട ..... മരണംവരെ ഈ താലി എന്നോടൊപ്പം ഉണ്ടാകും..... മറ്റൊരു ജീവിതത്തിലേക്ക് എനിക്ക് പോവാൻ പറ്റില്ല..... അപ്പുവേട്ടന് എന്നെ ഇഷ്ടമല്ലെങ്കിൽ എന്നെ വിട്ടിൽ കൊണ്ട് വിട്ടേക്ക്..... ഇനി ഞാൻ പുറകെ വരില്ല...... പക്ഷെ ഡിവോഴ്സ് ചോദിക്കരുത്...... ഈ താലിയും ഭാര്യ എന്ന സ്ഥാനവും മാത്രം മതി എനിക്ക്....... അപ്പുവേട്ടനെ ഒത്തിരി ഇഷ്ടം ആയതുകൊണ്ടാണ് ഞാൻ ഇത്രയൊക്കെ വാശി കാണിച്ചത്....... അല്ലാതെ മരിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുവല്ല. അത്‌ ഒരു ആയുധമാക്കുന്നതല്ല..... എല്ലാരും പേടിപ്പിച്ചതല്ല..... അപ്പുവേട്ടന് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ജീവിച്ചിരിക്കണ്ട എന്ന് തോന്നിപ്പോയി..... അല്ലാതെ എല്ലാവരും പേടിപ്പിക്കാൻ വേണ്ടി വെറുതെ ഞാൻ ഒരു നാടകം കളിച്ചത് ഒന്നുമല്ല..... അപ്പുവേട്ടനെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി..... അപ്പുവേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് തോന്നിയതുകൊണ്ട് ആണ്........ ഈ വർഷങ്ങളിൽ ഒക്കെ അപ്പുവേട്ടനെ മാത്രം മനസ്സിൽ വിചാരിച്ച് ആണ് ഞാൻ കഴിഞ്ഞത്....... എന്താണ് ഞാൻ അപ്പുവേട്ടനോട് ചെയ്ത തെറ്റ് എന്ന് എനിക്ക് അറിയില്ല.......

അപ്പുവേട്ടൻ എന്നോട് ഇത്ര അകൽച്ച കാണിക്കാൻ വേണ്ടി..... ഇത്രയും അവഗണനയ്ക്ക് ഉള്ള കാര്യം എനിക്ക് അറിയില്ല....... എല്ലാം അറിഞ്ഞിട്ട് ഞാൻ അപ്പുവേട്ടനെ സ്നേഹിക്കുക മാത്രേ ചെയ്തിട്ടുള്ളു...... പക്ഷേ ഞാൻ ഇത്രമേൽ അപ്പുവേട്ടന്റെ മനസ്സിൽ വെറുക്കപ്പെട്ടവൾ ആയി പോകാനുള്ള കാരണം അപ്പുവേട്ടൻ തന്നെ എന്നോട് പറഞ്ഞു താ....... ഭക്ഷണം പോലും ഇല്ലാതെ അപ്പുവേട്ടന്റെ സ്നേഹം കൊണ്ട് മാത്രം എനിക്ക് ജീവിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവൾ ആണ് ഞാൻ...... ശ്വാസനാളത്തിലെ ഓരോ സ്പന്ദനങ്ങളിലും ഞാൻ സ്നേഹിക്കുന്നുണ്ട് ....... അത് പറഞ്ഞപ്പോഴേക്കും പരിസരം മറന്ന് അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു........ ആ നിമിഷം അപ്പുവിനും വല്ലാത്ത വേദന തോന്നിയിരുന്നു..... "മാളു..... എന്തായിത്..... കരയാതെ...... അവൻ അവളെ വിലക്കി..... എത്ര നിയന്ത്രിച്ചിട്ടും അവൾ കരഞ്ഞുപോയി...... കരച്ചിൽ ശക്തമായപ്പോൾ അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് അവന് മനസ്സിലായിരുന്നു........ അവൻ നന്നായി ശ്വാസം വലിച്ചു വിട്ടു..... ശേഷം അവളുടെ ചുമലിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്ത് പുണർന്നു........................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story