മഴയോർമ്മയായ്....💙: ഭാഗം 18

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

ഒരു നിമിഷം അപ്പുവേട്ടന്റെ ഇടപെടലിൽ അവളും അന്ധാളിച്ച് പോയിരുന്നു.......... ആദ്യമായാണ് അപ്പുവേട്ടൻ തന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നത്........ വിവാഹത്തിൻറെ സമയത്ത് പോലും അത് ഉണ്ടായിട്ടില്ല........ അവൾ അത്ഭുതത്തോടെ അപ്പുവിനെ തന്നെ നോക്കി...... അവൻ കണ്ണുകളടച്ച് നിൽക്കുകയാണ്....... " സോറി മോളെ....... എന്നോട് ക്ഷമിക്ക്........ അറിയാതെ ഞാൻ പറഞ്ഞു പോയതാണ്....... അത് നിൻറെ മനസ്സിനെ ഇത്രത്തോളം വേദനിപ്പിക്കും എന്ന് ഞാൻ അറിഞ്ഞില്ല....... ഞാൻ കാരണം ഒരുപാട് വേദന അനുഭവിച്ചു...... ഇനിയും വേണ്ട..... അവനവളെ ഗാഢമായി പുണർന്നു കൊണ്ടാണ് അത് പറഞ്ഞത്....... ഉള്ളിൽ കെട്ടിപൂട്ടിയ അവന്റെ പ്രണയവും പുറത്ത് വരിക ആയിരുന്നു.......... ഒരു വേള അവൾക്ക് ഒരു ആശ്വാസം തോന്നി....... ഇത്രനേരവും കാർ മൂടിയ മാനം ആയിരുന്നു മനസ്സ് പക്ഷെ ഇപ്പോൾ പെയ്തൊഴിഞ്ഞൊരു സന്തോഷമായിരുന്നു അവൾക്ക് തോന്നിയത്....... " അപ്പുവേട്ടന് എന്നെ ഇഷ്ടമല്ലേ അപ്പുവേട്ടാ.......?

ഒരിക്കൽക്കൂടി ഇടറിയ ശബ്ദത്തോടെ അവനെ ചേർന്ന് അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..... അറിയാതെ അവന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നപ്പോൾ അവൾക്കും വേദന തോന്നിയിരുന്നു....... " നിന്നെ ഞാൻ സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ മാളു...... അതുകൊണ്ട് തന്നെയാണ് നിന്നിൽ നിന്നും അകന്നു മാറാൻ ഞാൻ ശ്രമിക്കുന്നതും..... എൻറെ നിസ്സഹായവസ്ഥ നീ മനസ്സിലാക്കണം....... " എല്ലാം മാറും അപ്പുവേട്ടാ...... എനിക്ക് ഉറപ്പുണ്ട്.... ഏട്ടൻ ഒരിക്കലും പഴയ ജീവിതത്തിലേക്ക് വരാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്....... ഒന്ന് മറിച്ച് ചിന്തിച്ചു നോക്കൂ.... ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും....... ഒരു കൈത്താങ്ങായി കൂടെയുണ്ടാകും ഞാൻ..... " തിരിച്ചു വന്നില്ലെങ്കിലോ.....? അപ്പോൾ നിൻറെ ജീവിതം എന്തായി പോകും.....? അതിനെപ്പറ്റി നീ ആലോചിച്ചെങ്കിലും ഞാൻ ആലോചിക്കാതിരിക്കുമൊ...?

" അപ്പുവേട്ടൻ എന്തിനാണ് എല്ലാ കാര്യങ്ങളും ഇങ്ങനെ ചിന്തിക്കുന്നത്...... അതുകൊണ്ടാണ് പ്രശ്നം..... മാറ്റി ചിന്തിച്ചാൽ അപ്പുവേട്ടന് തീർച്ചയായിട്ടും മാറ്റമുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്....... " അത് വെറും വിശ്വാസം മാത്രമല്ലേ.... അതിനെപ്പറ്റി ഒന്നും ഇപ്പോൾ നമുക്ക് സംസാരിക്കേണ്ട..... "അപ്പുവേട്ട!! "എന്തോ..... " ഇത് ഹോട്ടൽ ആണ്..... ഇവിടെ ക്യാമറ ഉണ്ട്.... എല്ലാവരും തെറ്റിദ്ധരിക്കും.... ചിരിയോടെ പറഞ്ഞപ്പോഴാണ് അവളിൽ നിന്നും അവൻ അടർന്നു മാറിയത്...... രണ്ടുപേരും സന്തോഷത്തോടെ ഇരുന്നാണ് ഭക്ഷണം കഴിച്ചത്...... ജീവിതത്തിൽ കഴിച്ച ഭക്ഷണത്തിൽ ഏറ്റവും രുചിയറിയത് അതും കണ്ടതിൽ ഏറ്റവും മനോഹരം ആയ കാഴ്ച ആ സായാഹ്നവും ആണ് എന്ന് മാളുവിന് തോന്നിയിരുന്നു...... തിരികെ കാറിൽ അപ്പുവിന്റെ അരികിൽ ഇരിക്കുമ്പോൾ മാളു സന്തോഷവതിയായിരുന്നു എന്ന് അവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു...... മൗനത്തെ ഭേദിച്ച് കൊണ്ട് സ്റ്റീരിയോയിൽ നിന്നും ഗാനം ഉണർന്നിരുന്നു....... 🎶ആരും.....ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ.....

ചുംബന കുങ്കുമം തൊട്ടൂ ഞാൻ.... മിഴികളിലിതളിട്ടൂ നാണം നീ...... മഴയുടെ ശ്രുതിയിട്ടൂ മൗനം...... അകലേ..... മുകിലായ് നീയും ഞാനും പറന്നുയർന്നൂ... ഓ... പറന്നുയർന്നൂ.........🎶🎶 " ഇത് ഇനി എന്നെ ഒന്നു കുത്താൻ വേണ്ടി ഇട്ടതാണോ......? ചിരിയോടെ മാളു ചോദിച്ചപ്പോൾ അറിയാതെ അപ്പും ചിരിച്ചു പോയിരുന്നു....... അവൾക്ക് അത്ഭുതം തോന്നി എത്ര കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ അടുത്ത് അപ്പുവേട്ടനേ സന്തോഷത്തോടെ കാണുന്നത്..... എപ്പോഴും കാണുമ്പോൾ സ്ഥായി ആയി ഉള്ള ഭാവം ഗൗരവം മാത്രമാണ്...... വലുതായിട്ട് സംസാരിക്കാറു പോലും ഇല്ല....... ഇടയ്ക്ക് എന്തൊക്കെയോ അപ്പുവേട്ടൻ പറയുന്നുണ്ട് പറയുമ്പോൾ വിടരുകയും ചെറുതാവുകയും ചെയ്യുന്ന ആ കണ്ണുകളെ നോക്കി കൗതുകപൂർവം നോക്കി ഇരിക്കുന്ന മാളുവിനെ ഒരുവേള തിരിഞ്ഞുനോക്കിയപ്പോൾ അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു.... " എന്താണ് ഇങ്ങനെ നോക്കിയിരിക്കുന്നത്.....? "അപ്പുവേട്ടൻ എന്നോട് ഇങ്ങനെ ചിരിച്ചു സംസാരിക്കുന്നത് എത്ര കാലങ്ങൾക്ക് ശേഷമാണ്...... അതുകൊണ്ട് ഞാൻ അതൊക്കെ ആവോളം മനസ്സിലേക്ക് ആവാഹിച്ച് എടുക്കുകയിരുന്നു......

ഒരുപക്ഷേ കുറച്ച് കഴിയുമ്പോൾ വീണ്ടും എന്നോട് ദേഷ്യം ആയോലോ.....? അത് പറഞ്ഞപ്പോൾ അപ്പുവേട്ടന്റെ മുഖത്ത് ഒരു വേദന നിഴലിച്ചിരുന്നു..... " എനിക്ക് നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല മാളു..... ഞാൻ പറഞ്ഞില്ലേ ഒരുപാട് നിന്നെ സ്നേഹിച്ചു പോയാൽ ചിലപ്പോൾ എനിക്ക് നിന്നിൽ നിന്നും മടക്കം കഴിയില്ല...... പിന്നെ എന്നോട് എന്ത് പിണക്കം ഉണ്ടെങ്കിലും നീ എന്നോട് മിണ്ടാതിരിക്കരുത്....... അതുപോലെ എൻറെ മുമ്പിൽ നിന്ന് കണ്ണ് നിറക്കരുത്....... നിന്റെ കണ്ണുനീർ കാണുമ്പോൾ എൻറെ മനസ്സിൻറെ താളം വീണ്ടും തെറ്റി പോയാലോ എന്ന് എനിക്ക് ഭയമാണ്...... മാളു നിന്റെ നിറഞ്ഞ കണ്ണുകൾ എന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നുണ്ട്....... വേണെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ നീയെന്നേ അടിച്ചോ ആരും കാണാതെ...... പക്ഷേ മിണ്ടാതിരിക്കരുത്..... ഇന്നലത്തെപ്പോലെ മൗനം കൊണ്ട് മാത്രം എന്നോട് നീ പ്രതികാരം ചെയ്യരുത്........ " എങ്കിൽ എനിക്കൊരു കണ്ടീഷൻ ഉണ്ട്..... " എന്താ പറഞ്ഞോ.....? ഇത് ഞാൻ അനുസരിക്കണം എങ്കിൽ രണ്ട് കാര്യങ്ങൾ അപ്പുവേട്ടൻ സമ്മതിക്കണം.....

ഒന്ന് ഇനി ഒരിക്കലും പിരിയുന്ന കാര്യത്തിന് പറ്റി എന്നോട് പറയരുത്...... അത് പറഞ്ഞാൽ ഞാൻ ശ്രമിച്ചാലും എൻറെ കണ്ണുനിറഞ്ഞുപോയി പോവാ....... ആ കാര്യം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല..... "അല്ലേലും ഇനി ഞാൻ നിന്നെ വിഷമിപ്പിക്കില്ല...... ആ കാര്യം ഞാൻ നിന്നോട് പറയില്ല...... രണ്ടാമത്തെ കണ്ടീഷൻ എന്താ......? അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് ചെറിയൊരു നാണവും ചിരിയും ഒക്കെ തെളിഞ്ഞിരുന്നു..... അപ്പുവിന് കൗതുകം തോന്നി..... "ചിരിക്കാതെ കാര്യം പറ പെണ്ണെ...... " അത് പിന്നെ ഇന്നലത്തെ പോലെ ഇടയ്ക്കൊക്കെ എനിക്ക് സ്നേഹം വരുമ്പോൾ ഞാൻ അങ്ങനെ ചെയ്യും...... അപ്പോൾ ഒന്നും പറയരുത്..... കുറച്ചു നേരം ഒന്നും മിണ്ടാതെ ഒരു കള്ളച്ചിരിയോടെ അപ്പു അവളെ തന്നെ നോക്കിയിരുന്നു..... അവൻറെ കണ്ണുകളെ അഭിമുഖീകരിക്കാൻ അവൾക്ക് വല്ലാത്ത പ്രയാസം തോന്നിയിരുന്നു കാരണം ആ കണ്ണുകളിൽ ആ നിമിഷം അവൾ പോലും മനസ്സിലാകാത്ത ഒരു പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു........ "എങ്ങനെ....?ഇന്നലെ എന്ത് ചെയ്തെന്നാണ്.....? കുസൃതിയോട് അവൻ ചോദിച്ചു..... അവളുടെ മുഖത്ത് നാണത്തിന്റെ നാനാവിധ വർണ്ണങ്ങൾ വിടർന്നു ...... "എപ്പോഴൊക്കെയാണ് ഇഷ്ടം തോന്നുന്നത്.......? "

അത് പറയാൻ പറ്റില്ല...... ചിലപ്പോൾ എനിക്ക് അപ്പുവേട്ടനോട് ഭയങ്കര സ്നേഹം തോന്നും..... എന്നിട്ട് അപ്പുവേട്ടനെ കെട്ടിപ്പിടിക്കാൻ തോന്നും........ അപ്പോഴൊക്കെ ഞാൻ ചിലപ്പോൾ ഇന്നലത്തെ പോലെ......... "ഇന്നലത്തെ പോലെ......? കുസൃതിയായി അവൻ ചോദിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി...... " ഇവിടെ ഉമ്മ തന്നു എന്ന് വരും......!! അവന്റെ കവിളിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞു..... " അപ്പോൾ എന്നോട് ദേഷ്യപ്പെടരുത്....! " ഇല്ല....!! നിനക്ക് സ്നേഹം തോന്നുപ്പോഴൊക്കെ നീ തന്നോ..... ഇനി ഞാൻ ഒന്നും പറയില്ല...... , " പിന്നെ തിരിച്ച് തരുന്നതു കൊണ്ട് പ്രശ്നം ഇല്ല ട്ടോ..... ചിരിയോടെ മാളു പറഞ്ഞപ്പോൾ അപ്പു ചിരിച്ചു പോയിരുന്നു..... പെട്ടെന്ന് അവൻ അവൻറെ കൈ കൊണ്ട് അവളുടെ കവിളിൽ ഒന്നു കുത്തി........ "സ്നേഹം കൂടുമ്പോൾ എനിക്കിങ്ങനെ ഞെക്കി പൊട്ടിക്കാൻ ആണ് തോന്നുന്നത് നിൻറെ തുടുത്ത കവിള്..... ചിരിയോടെ അവൻ അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു...... "അപ്പുവേട്ട..... "ഓ..... "ഈ പാട്ടിന്റെ ബാക്കി പാടുവോ ......? "വേണോ....?

"വേണം.... "ശരി.... 🎶🎶 ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ..... കളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻ തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ...... മുടിയിലെ മുല്ലയായ്...മനസ്സിലെ മന്ത്രമായ്...... കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രം..... ഓ......വിണ്ണിൻ നക്ഷത്രം...........🎶🎶 അവന്റെ ശബ്ദത്തിന്റെ മാസ്മരികത വീണ്ടും അവളെ മറ്റൊരു ലോകത്തിൽ എത്തിച്ചു...... അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു...... അവൻ ഒരു കൈയ്യാൽ അവളുടെ തലമുടി ഇഴകളിൽ തലോടി..... ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് ആ നിമിഷം മാളുവിന് തോന്നിയിരുന്നു...... അത്രയും നാൾ താൻ ആഗ്രഹിച്ചതാണ് ഈ സാമീപ്യവും ഈ കളിചിരികളും ഈ കുസൃതിയും ഒക്കെ........ ഈ ദിവസം അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയിരുന്നു........ " അപ്പുവേട്ടാ..... എനിക്ക് ചില ചെറിയ ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്....

അപ്പുവേട്ടൻ അതൊക്കെ സമയം പോലെ എപ്പോഴെങ്കിലുമൊക്കെ ഒന്ന് സാധിച്ചു തരണം...... അതൊക്കെ ഞാൻ കുറേ വർഷങ്ങളായി എൻറെ മനസ്സിൽ സ്വപ്നം കണ്ടിരുന്നത് ആണ്..... "നിനക്ക് വേണ്ടി അല്ലാതെ ആർക് വേണ്ടി ഞാൻ സമയം കണ്ടെത്തൻ ആണ് മോളെ...... അങ്ങേയറ്റം പ്രണയത്തോടെ അവൻ അത്‌ പറയുമ്പോൾ മാളുവിനും അത്ഭുതം ആയിരുന്നു അവൾ അറിയാത്ത അവന്റെ ഭാവം കണ്ടപ്പോൾ.... " എന്തൊക്കെയാണ് നിൻറെ ആഗ്രഹങ്ങൾ..... അത് കേൾക്കട്ടെ, എന്നിട്ട് പറയാം തരാൻ പറ്റുമോന്ന്.... " പറയട്ടെ..... " പറ..... "എനിക്ക് രാത്രിയിലെ തണുപ്പുള്ള സമയത്ത് അപ്പുവേട്ടനെ കെട്ടിപ്പിടിച്ച് ബൈക്കിൽ യാത്ര ചെയ്യണം....., തട്ടുകടയിൽ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കണം...., പിന്നെ പണ്ടത്തെപ്പോലെ അപ്പുവേട്ടൻ പാടുന്നതിന് അനുസരിച്ച് നൃത്തം ചെയ്യണം...... ഇനിയുമുണ്ട് കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളൊക്കെ....., ഒരു കുടയിൽ മഴ നനയണം അന്നത്തെപ്പോലെ.... പിന്നെ ഉള്ളത് ഞാൻ ഓർത്തിട്ട് പറയാമേ.... അവളുടെ ആഗ്രഹങ്ങൾ ഒക്കെ കേട്ടപ്പോൾ കൗതുകപൂർവം അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്.......

ഈ പെണ്ണ് വീണ്ടും തന്നെ അത്ഭുതപ്പെടുകയാണ്.... നിഷ്കളങ്കമായ പ്രണയമാണ് അവൾക്ക് തന്നോട് ഉള്ളത്..... അവളുടെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ എങ്കിലും താൻ സാധിച്ചു കൊടുക്കണം.., അത്രയെങ്കിലും താൻ അവളോട് ചെയ്യേണ്ടതല്ലേ...? ഇല്ലെങ്കിൽ അവളോട് ചെയ്യുന്ന വലിയ ദ്രോഹം ആയി പോകില്ല...? അവൻ മനസ്സിലോർത്തു.... ഹൃദയം വീണ്ടും മാളവികയ്ക്ക് ഒരു സ്ഥാനം ഒരുക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..... അവൻ പോലുമറിയാതെ അവൾ എന്ന പ്രണയം അവനിൽ വേരുറച്ചു തുടങ്ങിയിരുന്നു..... അവളുടെ സാമിപ്യത്തിൽ ഒരു വേദനകളും തന്നെ അലട്ടുന്നില്ല..... എനിക്കായ് അല്ലേ ഇവളുടെ കണ്ണുകൾ നിറയുന്നത്....? എന്റെ സ്നേഹം അല്ലേ ഈ നെഞ്ചകം കൊതിക്കുന്നത്....? എന്റെ ആയുസിന് വേണ്ടി അല്ലേ അവളുടെ പ്രാർത്ഥനകൾ ഒക്കെ....? എന്നെങ്കിലും ഒരിക്കൽ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് പറയാൻ കഴിയുമോ.....? നീയില്ലായ്മയിൽ ഞാൻ ഉരുകി കഴിഞ്ഞിരുന്നു എന്ന് പറയാൻ കഴിയുമോ.....?

വളരെ ചുരുങ്ങിയ സമയം കൊണ്ട് എന്റെ ഹൃദയഭിതിയിൽ നിറമുള്ള ചിത്രം ആയി അവൾ ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുമോ......?ഓർമങ്ങൾ അവനിൽ തേരോട്ടം നടത്തി.... അതുവരെ പുണരാൻ മടിച്ചു നിന്ന കൈകൾ അവളുടെ ചുമലിൽ മുറുകി... ചുവന്നു തുടുത്ത സീമന്ത രേഖയിൽ ചുണ്ട് പതിഞ്ഞു...... അവൾ അത്ഭുതത്തോടെ അവനെ നോക്കി..... "എനിക്ക് സ്നേഹം തോന്നിട്ടാ.... " ചിരിയോടെ അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്ത് സായാഹ്നസൂര്യന്റെ ചെഞ്ചുവപ്പ് രാശി നൽകി..... പകലോൻ മെല്ലെ വിടവാങ്ങാൻ കാത്ത് നിന്നു.......  വീട്ടിലേക്ക് ചെന്നതും രണ്ട് പേരും സന്തോഷത്തോടെയാണ് കയറിയത്...... അത് കണ്ടപ്പോൾ സുമിത്രയുടെ മനസ്സിനോട് തണുപ്പ് തോന്നിയിരുന്നു...... മാളവിക നേരത്തെ തന്നെ വന്ന് കുളിയൊക്കെ കഴിഞ്ഞ് നാമം ജപിച്ചു തിരിച്ചുവന്നപ്പോൾ മുറിയിൽ അപ്പുവിനെ കാണുന്നുണ്ടായിരുന്നില്ല...... ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൻ കുളിക്കുകയായിരിക്കും എന്ന് അവൾക്ക് തോന്നിയിരുന്നു..... അവൻ പെട്ടെന്ന് കുളികഴിഞ്ഞ് പുറത്തേക്കിറങ്ങി വന്നതും അവൾ അവനെ തന്നെ നോക്കിയിരുന്നു..... ഇറാനോട് ഉള്ള അവൻറെ നെഞ്ചിലെ രോമങ്ങളിൽ നനവ് പടർന്നിരുന്നു.......

അവൻറെ മുഖം കണ്ടപ്പോൾ ഒരുവേള അവൾക്ക് അവനോട് വല്ലാത്ത സ്നേഹം തോന്നുന്നുണ്ടായിരുന്നു..... " താൻ മുറിയിലുണ്ടായിരുന്നോ....? ഞാൻ വിചാരിച്ചു അടുക്കളയിൽ അമ്മയുടെ അടുത്തുനിന്ന് കത്തി വെക്കുവായിരിക്കും എന്ന്...... " അവിടെ നിൽക്കുക ആയിരുന്നു ഞാൻ..... അപ്പോഴേ എനിക്ക് പെട്ടെന്ന് അപ്പുവേട്ടനോട് സ്നേഹം തോന്നിയത്..... നിഷ്കളങ്കമായ അവളുടെ വർത്തമാനം കേട്ടപ്പോൾ അവന് ചിരിക്കാനാണ് തോന്നിയത്..... " എന്നിട്ട്.....? ചിരിയോടെ അവൻ ചോദിച്ചു..... " അതുകൊണ്ടല്ലേ ഇങ്ങോട്ട് വന്നത്...... എനിക്ക് സ്നേഹം തോന്നുന്നു അപ്പുവേട്ടാ..... " തോന്നട്ടെ...... " അങ്ങനെയല്ല... എന്നോട് പറഞ്ഞില്ലേ സ്നേഹം തോന്നുമ്പോഴൊക്കെ...... " തോന്നുമ്പോഴൊക്കെ......? അവൻ കുസൃതിയായി ചോദിച്ചു..... അപ്പോഴേക്കും അവൾ ഏന്തിവലിഞ്ഞ് അവൻറെ മുഖം പിടിച്ചു കഴിഞ്ഞിരുന്നു..... ഒരു നിമിഷം അവൻ വല്ലാതായി പോയിരുന്നു..... അവളുടെ കണ്ണുകളിലേക്ക് തന്നെ അവൻ നോക്കി നിന്നു പോയിരുന്നു..... അവൾ പെട്ടെന്ന് അവൻറെ അരികിലേക്ക് വന്നു നെഞ്ചിൽ ചേർന്നു......

വെള്ളത്തുള്ളികൾ അവന്റെ ശരീരത്തെ വിട്ടു പോയിട്ട് ഉണ്ടായിരുന്നില്ല..... അവൻറെ നെഞ്ചിലെ രോമങ്ങളിലെ നനവ് അവളുടെ ശരീരത്തിൽ പടർന്നു...... ഒരുവേള വികാരം വിചാരത്തെ കീഴടക്കുമോന്ന് പോലും അപ്പു ഭയന്നു പോയിരുന്നു...... അത്രമേൽ അവൾ തന്നോട് അടുത്ത് നിൽക്കുമ്പോൾ താൻ അവളിൽ അലിഞ്ഞു തീരാൻ കൊതിക്കും പോലെ...... തനിക്ക് തന്നെ നഷ്ടമാകുന്നത് പോലെ അവനു തോന്നിയിരുന്നു..... അത്രമേൽ ഈ പെണ്ണിൻറെ പ്രണയം തന്നെ വല്ലാത്ത ഒരു അവസ്ഥയില് എത്തിച്ചിരിക്കുകയാണ്..... കണ്ണടച്ച് തൻറെ നെഞ്ചിൽ ചാരി നിൽക്കുകയാണ് പെണ്ണ്..... ഒന്നും മിണ്ടുന്നു പോലുമില്ല...... തങ്ങളുടെ ശ്വാസത്തളങ്ങൾ അല്ലാതെ മറ്റൊന്നും ആ മുറിയിൽ കേൾക്കാനില്ല...... അവളുടെ മുഖം കയ്യിലെടുത്ത് തിരിച്ചും ഒരു ചുംബനം നൽകാൻ അവൻറെ മനസ്സ് കൊതിച്ചു...... കൈകൾ അവളെ പുണർന്നു..... അവളുടെ കവിളുകൾ ലക്ഷ്യം ആക്കി മുഖം അവളുടെ അരികിലേക്ക് താണു..... "മാളു....... പെട്ടെന്ന് സുമിത്രയുടെ വിളികേട്ടു..... അവന്റെ മുഖം അവൻ പെട്ടന്ന് മാറ്റി.... "

മാളു മോൾ എവിടെയാ.... പെട്ടെന്ന് അവൾ അവനിൽ നിന്നും പിടഞ്ഞ മാറി.... അവളുടെ മുഖത്ത് ഒരു ചിരി വിടർന്നതതും അവനും അവളെ നോക്കി ഒന്ന് കണ്ണു ചിമ്മി കാണിച്ചു...... ഒന്നും മിണ്ടാതെ പെട്ടന്ന് കവിളിൽ ഒരു ചുംബനം നൽകി അവൾ അടുക്കളയിലേക്ക് ഓടി...... "ഈ പെണ്ണ്...... ഓടി പോകുന്നവളെ നോക്കി അവൻ പറഞ്ഞു.... കുറച്ച് മുൻപ് ലഭിച്ച സുന്ദര നിമിഷങ്ങളുടെ സന്തോഷത്തിൽ തന്നെയായിരുന്നു അപ്പു...... പെട്ടെന്നാണ് കട്ടിലിനടിയിൽ കിടന്ന ചങ്ങല അവൻ കണ്ടത്..... പതഞ്ഞുപൊങ്ങി വന്ന സന്തോഷം ആ നിമിഷം തന്നെ ദുഃഖത്തിന് വഴിമാറാൻ അധികസമയം എടുത്തിരുന്നില്ല...... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അടുക്കളയിൽ നിന്ന് പതിവിലും വളരെ സന്തോഷത്തോടെ മാളു സുമിത്രയൊടെ ഓരോ വിശേഷങ്ങളും എണ്ണിപ്പെറുക്കി പറയുകയാണ്...... ഒരു ദിവസം പോലും ഇവൾ വൈകുന്നേരം അച്ഛനെയും അമ്മയെയും വിളിച്ച് സംസാരിക്കാതെ ഇരിക്കില്ല...... എല്ലാം സുമിത്ര കാണുന്നുണ്ടായിരുന്നു....... എല്ലാവർക്കും അവരവരുടേതായ സ്ഥാനം മാളവികയുടെ മനസ്സിൽ ഉണ്ട് എന്ന് അവർക്ക് ഉറപ്പായിരുന്നു......

മധുവും കൂടി എത്തി പിന്നീട് സംസാരം കുശാലയി..... മധുവിന് ഉണ്ണിയുടെ ഫോൺകോൾ വന്നപ്പോഴേക്കും അവൾ മുറിയിലേക്ക് പോയി.... മാളവികയും സുമിത്രയും തിരക്കിട്ട ജോലിയിലാണ്...... വൈകിട്ട്തേക്ക് ഉള്ള വെജിറ്റബിൾ കറിക്ക് വേണ്ടി ക്യാപ്സിക്കം അരിയുന്ന തിരക്കിലാണ് അവർ.... പെട്ടെന്നാണ് സുമിത്ര അവളുടെ കൈകളിൽ കയറിപ്പിടിച്ചത്..... " മോൾക്ക് എന്താ ഇന്ന് ഇത്ര സന്തോഷം......? അമ്മ വന്നപ്പോൾ മുതൽ ചോദിക്കണം എന്ന് വിചാരിച്ചതാണ്.., ഇത്ര ദിവസവും കണ്ട മുഖമേ അല്ല.... " മനസ്സിന് ഒരു സന്തോഷം തോന്നി..... പിന്നെ അവൾ സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി..... "അപ്പുവേട്ടൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചു...... അതുകൊണ്ടാവും ചിലപ്പോൾ..... പിന്നെ അമ്മയ്ക്ക് അറിയോ അപ്പേട്ടൻ ഇന്ന് വൈകുന്നേരം സ്കൂളിനടുത്തുള്ള ബസ്റ്റോപ്പിൽ വന്നിരുന്നു.., എന്നിട്ട് എന്നെ കൂട്ടിക്കൊണ്ടുപോയി എനിക്ക് മസാലദോശ വാങ്ങിത്തന്നു..... പിന്നെ കുറെ നേരം എന്നോട് സംസാരിച്ചു.... എന്നെ കെട്ടിപ്പിടിച്ചു..... പെട്ടെന്ന് മാളു നാക്കുകടിച്ചു.... അത് പറഞ്ഞു കഴിഞ്ഞണ് അബദ്ധം ആയി പോയി എന്ന് മാളവിക ഓർത്തത്.....

പെട്ടെന്ന് സുമിത്രയ്ക്ക് ചിരി വന്നിരുന്നു...... കൊച്ചുകുട്ടികളെപ്പോലെ നിഷ്കളങ്കമായ അവൾ സംസാരിക്കുന്നത് എന്ന് ഓർത്തു..... " അത് പിന്നെ അമ്മ..... ഉണ്ടായ ചമ്മല് മറക്കാൻ വേണ്ടി ചിരിയോടെ മാളവിക അവിടെയും ഇവിടെയും നോക്കി നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ സുമിത്രയ്ക്കും ചിരിവന്നു..... " ഞാൻ പറഞ്ഞില്ലേ..... പതിയെ അപ്പു മോളെ സ്നേഹിക്കാൻ പറ്റുമെന്ന്...... മോളോട് സ്നേഹക്കുറവ് ഉണ്ടായിട്ട് ഒന്നുമല്ല...... എൻറെ കുഞ്ഞ് ആരുടെയും ജീവിതം നശിപ്പിക്കരുത് എന്ന് വിചാരിച്ചിട്ട് ആണ്..... എനിക്കറിയാം അവന്റെ മനസ്സ്..... " അപ്പു ഏട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതമില്ല അമ്മേ..... അത് പറഞ്ഞപ്പോൾ മാളവികയുടെ കണ്ണിൽ നനവ് വീണിരുന്നു..... സുമിത്ര തന്നെ അത് തുടച്ചു അവളെ മാറോടു ചേർത്തിരുന്നു..... രാത്രിയിൽ മുറിയിൽ എത്തിയപ്പോഴേക്കും എന്തോ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ് അപ്പു...... പെട്ടെന്ന് അവളെ നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു.... മുടിയൊക്കെ നന്നായി പിന്നി മെടഞ്ഞിട്ടതിനുശേഷം അലമാരിയിൽ നിന്നും ബെഡ്ഷീറ്റും എടുത്തത് തറയിൽ വിരിച്ചു കിടക്കാൻ തുടങ്ങുന്ന മാളുവിനെ കണ്ടപ്പോൾ അവൻറെ മനസ്സിൽ ഒരു വേദന തോന്നി..... പെട്ടെന്ന് ബുക്ക് മടക്കിവെച്ച് മാളുവിന് അരികിലേക്ക് ചെന്നു.....

" ഇനി ഇവിടെ ഇങ്ങനെ തണുപ്പ് അടിച്ചു കിടക്കണോ....? നമ്മൾ തമ്മിലുള്ള ശീതസമരം ഒക്കെ മാറിയില്ലേ.....? "അതുപോര..... എനിക്ക് കേൾക്കണം... അപ്പുവേട്ടൻ എന്നെ ഭാര്യ ആയി അംഗീകരിച്ചിട്ടുണ്ടോന്ന്....? അത്‌ കേട്ടാൽ ഞാൻ കട്ടിലിൽ കിടക്കാം...... വലിയ ജാട ഇട്ടത് അല്ലേ.....? ചിരിയോടെ മാളു പറഞ്ഞു.... അപ്പു ചിരിയോടെ അവളെ നോക്കി..... " അപ്പൊൾ അത്ര പാവമൊന്നുമല്ല...... ചെറിയ കുത്തി പറച്ചിൽ ഒക്കെ കയ്യിലുണ്ട്..... അപ്പു കുസൃതിയോടെ അത് പറഞ്ഞപ്പോൾ മാളുവും ചിരിച്ചു പോയിരുന്നു..... " എങ്കിൽ കേട്ടോ നീയാണ് അഭിമന്യുവിൻറെ ഭാര്യ..... മാളവിക മാത്രം ആണ് ഈ ജന്മം എന്റെ പെണ്ണ്...... വരും ജന്മം ഉണ്ടെങ്കിൽ അതിലും........ അവൾ പെട്ടെന്ന് ബെഡ്ഷീറ്റെല്ലാം മടക്കിവെച്ച് കട്ടിലിൽ ഒരു ഓരം ചേർന്നു കിടന്നു...... കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ തന്നെ തിരിഞ്ഞ് അവൻറെ അരികിലേക്ക് വന്നു കിടന്ന് അവനോട് ചോദിച്ചു..... " അപ്പു ഏട്ടാ.....!!! " എന്താടി.....? സ്നേഹം തോന്നിയോ.....? കണ്ണടച്ചുകൊണ്ട് തന്നെയാണ് അവൻ ചോദിച്ചത്.... അവൾക്ക് ചിരി വന്നു അവന്റെ ചോദ്യം കെട്ട്....

" ഞാൻ അപ്പുവേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ..... അവളുടെ ചോദ്യം കേട്ടപ്പോൾ അവനു ചിരിയാണ് വന്നത്..... താൻ വഴക്കു പറയും എന്നു ഭയന്നാണ് ചോദിക്കുന്നത് എന്ന് വ്യക്തമായി അറിയാമായിരുന്നു..... അവൻ പെട്ടെന്ന് അപ്രതീക്ഷിതമായി അവളുടെഇടംകൈ എടുത്ത് തന്നെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. കണ്ണുകൾ തുറക്കാതെ തന്നെയാണ് അത്‌ ചെയ്തത്..... അവന്റെ ഇടം കൈയ്യിലേക്ക് അവൻ അവളുടെ തല എടുത്തു വച്ചു.... വലം കൈയ്യാൽ അവൾക്ക് ആയി സുരക്ഷവലയം തീർത്തു..... എൻറെ താലി അണിഞ്ഞു, ഞാൻ എൻറെ കരവലയത്തിൽ കിടക്കണം എന്നായിരുന്നു നിൻറെ ആഗ്രഹം എന്ന് ആശുപത്രിയിൽ വച്ചു പറഞ്ഞില്ലേ..... അപ്പു അത്‌ ചോദിച്ചപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു..... അവൾ ഒന്നുകൂടി അവനോട് ചേർന്ന് കിടന്നു..... എന്നിട്ട് അവനോട്‌ ഒന്നും പറയാതെ അവളുടെ അധരങ്ങൾ അവൻറെ കവിളിൽ പതിഞ്ഞു...... അവൻ കണ്ണുതുറന്ന് അവളുടെ മുഖത്തേക്ക് നോക്കി..... " സ്നേഹം തോന്നിയതുകൊണ്ട്....!! നിഷ്കളങ്കമായ അവളുടെ മറുപടി കേട്ടപ്പോൾ അവന് വീണ്ടും ചിരി വന്നിരുന്നു......

അവളുടെ കണ്ണുനീർ തുടച്ചു അവളെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ചാണ് അവൻ കിടന്നത്...... കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസഗതി കേൾക്കാമായിരുന്നു..... അവൾ ഉറങ്ങി തുടങ്ങി എന്ന് അവന് മനസ്സിലായി..... അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത വാത്സല്യമാണ് തോന്നിയത്.... ഒന്നും വേണ്ട ഈ പെണ്ണിന് തൻറെ സ്നേഹംനിറഞ്ഞ സാമിപ്യം അല്ലാതെ മറ്റൊന്നും അവൾ ആഗ്രഹിക്കുന്നില്ല...... അതിൽ കൂടുതൽ ഒന്നും അവളെ പൂർണ്ണമാകുന്നില്ല..... ശരീരത്തിൻറെ ചൂടും ചൂരും ഒന്നുമല്ല അവൾക്ക് ആവശ്യമായുള്ളത്..., തൻറെ സാമീപ്യമാണ്.., സ്നേഹത്തോടെയുള്ള തൻറെ കരുതലാണ്....., തന്നെ അത്രമേൽ ആഴത്തിൽ ഇവൾ സ്നേഹിച്ചിരുന്നു.., സ്നേഹം കൊണ്ട് അവൾ വീണ്ടും വീണ്ടും തന്നെ അത്ഭുതപ്പെടുകയാണ്...., നിന്നിലേക്ക് ഉള്ള യാത്രകളായിരുന്നോ പെണ്ണെ... ഏകാന്തതയുടെ ഇരുൾ നിറഞ്ഞ എന്റെ വിധികൾ.....? ഒരു നിമിഷം അവൻ ആലോചിച്ചു പോയി........................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story