മഴയോർമ്മയായ്....💙: ഭാഗം 2

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"നിനക്ക് ഓർമ്മയുണ്ടല്ലോ അവരെയൊക്കെ..... അമ്മ വലിയ അത്ഭുതം പോലെ പറയുമ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു...... എങ്ങനെ എനിക്ക് മറക്കാൻ കഴിയും അപ്പുവേട്ടനെ..... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തി അല്ലേ അപ്പുവേട്ടൻ എൻറെ മനസ്സിൽ..... " അപ്പുവേട്ടൻ ആണോ ചേച്ചിയെ കാണാൻ വരുന്നത്.....? വർദ്ധിച്ച ഹൃദയമിടിപ്പോടെയായിരുന്നു അമ്മയോട് ചോദിച്ചത്.... അമ്മയുടെ മറുപടി അതെ എന്ന് ആണ് എങ്കിൽ ആ നിമിഷം ഞാൻ ചങ്ക് പൊട്ടി മരിച്ചു പോകും എന്ന് തോന്നിയിരുന്നു...... ഹേയ് അപ്പു അല്ല....., മൂത്തവൻ ആണ് കാണാൻ വരുന്നത്..... അർജുൻ..... അത്‌ കേട്ടതും മനസ്സ് തണുത്തു.... ഹൃദയമിടിപ്പ് സാധാരണ ഗതിയിൽ ആയി..... ഈ അപ്പുന്റെ പേര് എന്തായിരുന്നു മാളു..... അമ്മ ആകാംക്ഷയോടെ എന്നോടാണ് തിരക്കിയത്..... ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പേര്..... ഹൃദയത്തിൽ പ്രണയലിപികളിൽ താൻ കോറിയിട്ട പേര്..... അഭിമന്യു.... അറിയാതെ ഹൃദയത്തിൽ നിന്നും അത് വീണുപോകുമ്പോൾ അമ്മ അത് ഏറ്റു പറയുന്നുണ്ടായിരുന്നു....

" അഭിമന്യു..... എനിക്ക് ആ പിള്ളേരുടെ യഥാർത്ഥപേര് ഒന്നും അറിയില്ല.... മൂത്ത പയ്യനെ ഉണ്ണി എന്ന് അല്ലേ വീട്ടിൽ വിളിക്കുന്നത്......? അത് മാത്രമേ എനിക്കറിയൂ..... "അതെ അമ്മേ.... അപ്പോൾ ഉണ്ണിയേട്ടൻ ആണ് മധുവിനെ കാണാനായി വരുന്നത്.... ആ ഓർമ്മയിൽ താൻ ഒരു നിമിഷം നിന്നു...... ചേട്ടൻ വരുമ്പോൾ എന്താണെങ്കിലും ഒപ്പം അപ്പുവേട്ടൻ ഉണ്ടാകും..... വർഷങ്ങൾക്കുശേഷം വീണ്ടും ഒരു കൂടികാഴ്ച..... എൻറെ ഹൃദയം ക്രമതീതമായി ആ ഓർമയിൽ പോലും മിടിക്കാൻ തുടങ്ങി..... വീണ്ടും ഒരു കൂടികാഴ്ചയ്ക്കായി മനസ്സ് കാത്തിരിക്കുന്നത് പോലെ..... പക്ഷെ ശരീരം ദുർബലമായി പോകുന്നു..... പെട്ടന്ന് കൈകൾ തണുത്തു മരവിച്ച പോലെ..... അപ്പുവേട്ടൻ കൂടെ ഉണ്ടാകുമോ.....? ഹൃദയം പെരുമ്പറ മുഴക്കുകയാണ്..... അമ്മ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് താൻ അതൊന്നും കേൾക്കുന്നു പോലുമില്ല..... അപ്പോഴേക്കും താൻ കുറേ വർഷങ്ങൾക്ക് പിന്നിലേക്ക് പോയി കഴിഞ്ഞിരുന്നു.... ഞാൻ അടുക്കള വാതിൽ അടച്ചില്ല.... അതുപറഞ്ഞു അമ്മ പുറത്തേക്ക് പോയപ്പോൾ...

തന്റെ അലമാരി തുറന്ന് ഒരു കുഞ്ഞ് പെട്ടി എടുത്തു.... അതിൽ നിന്നും ഒരു പെൻസിൽ ഡ്രോയിങ്..... നല്ല ഭംഗി ആയി വരച്ച തന്റെ ചിത്രം.... പിന്നെ കുറച്ച് പൊട്ടിയ കരിവളകൾ.... ഒപ്പം പ്രണയത്തെ കുറിച്ച് ഒരു കുറിപ്പ്.... ആ കൈപ്പടയിലേക്ക് കൈകൾ ചലിച്ചു.... "ആ നീണ്ട കാത്തിരിപ്പ് അവരുടെ ബന്ധത്തെ വളരെ അധികം പവിത്രമാക്കി എല്ലാ സന്ദേഹങ്ങളും എല്ലാ യുക്തിവിചാരങ്ങളും നീങ്ങി അതിനാൽ അവന്റെ ആദ്യ ആലിംഗനത്തിനും അവൾ ഒരു വെണ്ണയായ് കരയുന്ന കന്യകയുമായി തീർന്നു. എന്നിലുള്ളത് എല്ലാം ഉരുകുന്നു... എന്റെ അകകാമ്പിലെ കാഠിന്യംപോലും..... ഓ...... കൃഷണ്ണാ ........ (രാധ ) അപ്പുവേട്ടൻ എഴുതി തന്ന വരികളിൽ കൂടെ വിരലോടുമ്പോൾ തൊട്ട് അടുത്തു എന്നതുപോലെ കാതിൽ ആ ശബ്ദം അലയടിച്ചു..... ഓർമകൾ പിന്നോട്ട് പോകുന്നു.... ഒരു മഴയോർമ്മയിലേക്ക്...... സത്യമാണ് പ്രണയം മഴപോലെയാണ് ചിലപ്പോൾ മൂടിക്കെട്ടി നിൽക്കും എന്നിട്ട് പതിയെ ചാറി പെയ്യും, കുറച്ച് കഴിയുമ്പോൾ ആർത്തലച്ചു സംഹാരം ആടും പിന്നെ പെയ്തൊഴിഞ്ഞു ശാന്തമാവും.

പിന്നീട് പെയ്തുവേന്നോർമ്മപ്പെടുത്താൻ മാത്രം ആയി മരങ്ങളിലൂടെ പെയ്തുകൊണ്ടിരിക്കും. അവളിൽ പതിയെ ഓർമകൾ മഴപോലെ പെയ്യാൻ വെമ്പി നിന്നു.... 🍂🍂🍂🌚🌚⛈️⛈️⛈️💧💧🥀🥀🥀 എല്ലാ വർഷവും കൃത്യമായി മുടങ്ങാതെ എത്തുന്ന വേനലവധി.... അങ്ങനെയൊരു അവധികാലത്ത് ആയിരുന്നു എൻറെ പ്രണയവും മൊട്ടിട്ട് തുടങ്ങിയത്..... അച്ഛൻ സ്കൂൾ മാഷ് ആയോണ്ട് തന്നെ തങ്ങൾ ഓരോ വർഷവും ഓരോ സ്കൂളിൽ ആയിരിക്കും അച്ഛന്റെ ട്രാൻസ്ഫർ അനുസരിച്ചു...... അതുകൊണ്ട് രണ്ടുമാസം ലഭിക്കുന്ന വേനൽ അവധിക്ക് ഒരു മാസം അച്ഛന്റെ വീട്ടിലും ഒരു മാസം അമ്മ വീട്ടിലും പോയി നിൽക്കാറാണ് പതിവ്..... അച്ഛൻ പാലക്കാട് ആണ്.... നെല്ലറയുടെ നാട്ടുകാരൻ..... ആദ്യം അച്ഛന്റെ തറവാട്ടിലേക്ക് ആണ് പോകുന്നത്...... അമ്മ ആലപ്പുഴ ആണ് കടലും കായലും ഒക്കെ സമ്പുഷ്ട്ടാമായൊണ്ടും നല്ല മീൻ കഴിക്കാൻ ഇഷ്ട്ടം ഉള്ളോണ്ടും അമ്മയുടെ നാട്ടിൽ പോകാൻ ആയിരുന്നു തനിക്ക് ഒരു പടി കൂടുതൽ ഇഷ്ട്ടം...... എല്ലാ വർഷവും ആദ്യത്തെ ഒരു മാസം അച്ഛന്റെ തറവാട്ടിലും പിന്നീട് അമ്മയുടെ വീട്ടിലും ആണ് പോകാറ്.....

തറവാട്ടിൽ എത്തി കഴിഞ്ഞാൽ രസം ആണ് അച്ഛന്റെ ചേട്ടന്റെ മക്കളും അനിയത്തിയുടെ മക്കളും എല്ലാം എത്തും..... പിന്നെ കസിൻസ് എല്ലാം കൂടെ ഒരു ബഹളം ആണ്.... അന്ന് പതിമൂന്ന് വയസ്സ് ..... ഒരു വൈകുന്നേരം ഉമ്മറക്കോലായിൽ ഇരുന്ന് കുട്ടികൾ എല്ലാം അച്ഛമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് ഒരു മഴ.... ഇത് എന്താണാവോ കാലം തെറ്റി ഒരു മഴ.... അച്ഛമ്മ പറഞ്ഞു..... എല്ലാരും കാലം തെറ്റി പെയ്യുന്ന മഴ കണ്ടുകൊണ്ടിരിക്കുക ആണ്.... പുതുമണിന്റെ സുഗന്ധം പേറി വരുന്ന ആ മഴ താനും ആസ്വദിച്ചു നോക്കി കാണുമ്പോൾ ആണ് പെട്ടന്ന് ഒരു സ്വരം കാതിൽ എത്തിയത്.... 🎶ഒരു നറു പുഷ്പം ആയി എൻ നേർക്ക് നീളുന്ന മിഴിമുന ആരുടെ ആകാം.... ഒരു മഞ്ജുഹർഷം ആയി എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെയോർത്താവം..... അറിയില്ല..... എനിക്ക് അറിയില്ല... അറിയുന്നു സന്ധ്യ തൻ മൗനം 🎶 കുറേ നേരം ലയിച്ചു ഇരുന്നു പോയി..... അത്രയ്ക്ക് മനോഹരം ആയിരുന്നു ആ ശബ്ദം..... പെട്ടെന്ന് തന്നെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ ഉള്ള ഒരു മാന്ത്രികത ആ ശബ്ദത്തിൽ ഉണ്ടായിരുന്നു..... ആരാ അച്ഛമ്മേ പാടുന്നത്.....?

പെട്ടന്ന് ഞാൻ തിരക്കി ... അതോ അത്‌ അപ്പുണ്ണി ആണ് മോളെ..... അവൻ നന്നായി പാട്ടുപാടും..... അപ്പുറത്തെ രവിയുടെ മോൻ ആണ്..... അച്ഛമ്മ അതിനു മറുപടി പറയുമ്പോൾ അറിയാതെ അപ്പുറത്തെ വീട്ടിലേക്ക് താനും ഒന്ന് എത്തി നോക്കിയിരുന്നു..... .അവിടുത്തെ ആളാണോ.... അവന്റെ അമ്മയുടെ കുടുംബം അതാണ്.... പക്ഷെ താമസം കുറച്ച് അപ്പുറത്തെ മാറി ആണ്..... അവൻറെ അമ്മയുടെ സഹോദരിയുടെ വീട് ആണ്.... അവനോടൊപ്പം ഒരു പയ്യൻ ഉണ്ട് കിച്ചു...... അവൻറെ അമ്മയുടെ സഹോദരിയുടെ മകൻ..... അവൻറെ കൂടെ വരുന്നതാണ്..... ആ ശബ്ദത്തിൻറെ ഉടമയെ കാണാൻ എൻറെ കണ്ണുകൾ വല്ലാതെ ആഗ്രഹിച്ചു..... പെട്ടെന്ന് അകത്ത് ഉണ്ണിയപ്പം ഉണ്ടാക്കി എന്ന് കേട്ടതോടെ എല്ലാവരും അവിടേക്ക് പോയി...... ഞാൻ മാത്രം അവിടെ ഇരുന്നു....... സാധാരണ ഉണ്ണിയപ്പം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ആളാണ്...... പക്ഷേ എന്തുകൊണ്ടോ ആ ശബ്ദത്തിന് ഉടമയെ കാണാതെ എനിക്ക് പോകാൻ കഴിയില്ല എന്ന് തോന്നി.......

പ്രതീക്ഷ തെറ്റിയില്ല വൈകാതെ തന്നെ ഉമ്മറത്ത് നിന്ന് ഇറങ്ങുന്ന ആളിൽ ആണ് നോട്ടം എത്തിയത്..... പെട്ടെന്ന് കണ്ണിന് പതിഞ്ഞ ഒരു പൊടിമീശക്കാരൻ..... നീണ്ട മൂക്കും വിടർന്ന ഒരുപാട് പീലികളും നിറഞ്ഞ കണ്ണുകളും ഉള്ള ഒരുവൻ...... ആ പതിമൂന്നുകാരിയുടെ കണ്ണിൽ പ്രണയം വിടർത്താൻ ആ ആദ്യ കാഴ്ച ധാരാളം ആയിരുന്നു...... ആൾ ഇങ്ങോട്ട് നോക്കുന്നില്ല..... മാനം നോക്കി മഴയില്ല എന്ന് ഉറപ്പ് വരുത്തി തിരികെ പോകാൻ ഉള്ള ശ്രമം ആണ്...... തിരിച്ച് ഒരു നോട്ടം പോലും ലഭിച്ചില്ല എന്നത് സങ്കടം ആയിരുന്നെങ്കിലും ആ മുഖം മനസ്സിൽ ആവാഹിച്ച് എടുക്കുകയായിരുന്നു..... ആ ശബ്ദമായിരുന്നു തന്നിലേക്ക് അവനെ അടുപ്പിച്ചത് എന്ന് തോന്നിയിരുന്നു...... നല്ല നീളമുണ്ട് ആൾക്ക്..... അടുത്ത് നിൽക്കുന്ന പയ്യനോട് ചിരിയോടെ എന്തൊക്കെയോ പറയുന്നുണ്ട്..... അതായിരിക്കും കിച്ചു..... മുഖത്ത് അവിടെ ഇവിടെ ആയി ചെറിയ കുരുക്കൾ ഉണ്ട്..... അതു പോലും ആ മുഖത്തിന് സൗന്ദര്യം നൽകുന്നത് പോലെ ആ നിമിഷം തോന്നി...... ഒരുപക്ഷേ കൗമാരത്തിൽ ആദ്യപ്രണയം മൊട്ടിടുന്ന ഒരു പെൺകുട്ടിയുടെ ചിന്തകൾ ആയിരിക്കാം... പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പഠിച്ചത് കൊണ്ട് തന്നെ പ്രണയം ഒന്നുമുണ്ടായിട്ടില്ല...... എങ്കിലും കൂട്ടുകാരൊക്കെ ട്യൂഷൻ സെൻററിൽ പോയി വരുന്ന പ്രണയകഥകൾ ഒക്കെ പറയാറുണ്ട്.....

പക്ഷേ എനിക്ക് ആരോടും ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല..... ഇപ്പോൾ തോന്നിയത് പ്രണയമാണോ......? അതോ ശബ്ദത്തോട് തോന്നുന്ന ആരാധന മാത്രമാണോ..... അറിയില്ല......! എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ മിഴിവേകിയ ഒരു ഓർമ ആയി ആൾ മനസ്സിൽ പതിഞ്ഞു പോയി എന്നത് മാത്രം സത്യം ആണ്.... ആ ഇഷ്ടത്തിനെ എന്ത് പേരിട്ടു വിളിക്കും എന്ന് മാത്രം തനിക്ക് അറിയില്ല...... പ്രണയം ആണേലും ആരാധന ആണേലും ആൾ തനിക്ക് പ്രിയപ്പെട്ട ഒന്ന് ആയി കഴിഞ്ഞിരിക്കുന്നു..... പിന്നീട് കുറച്ച് ദിവസങ്ങൾ കൊണ്ട് കിരൺ എന്ന കിച്ചുവേട്ടനുമായി പരിചയം ആയി.... കിരണേട്ടൻ മധുവുമായി ആയിരുന്നു കൂട്ട്.... അവർ ഒരു പ്രായം ആയിരുന്നു.... അങ്ങനെ കിച്ചുവേട്ടൻ വഴി ആണ് ആവണിയേ പരിചയപെടുന്നത്.... അപ്പുവേട്ടന്റെ അനിയത്തി.... ആവണിയും ഞാനും ഒരേ പ്രായം ആയിരുന്നു.... ആവണിയിൽ നിന്ന് അപ്പുവേട്ടനെ കുറിച്ച് കുറച്ചൂടെ കാര്യങ്ങൾ അറിഞ്ഞു..... അഭിമന്യു, അർജുൻ, ആവണി ഇവർ മൂന്നുപേര് ആണ്.... ആവണി വന്നതോടെ ഇടയ്ക്ക് ഒക്കെ പല അവസരങ്ങളിലും ആളെ കാണാൻ തുടങ്ങി....

അച്ഛമ്മയുടെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു എന്നത് തന്നെ ഒരു വലിയ കാര്യമായിരുന്നു.... ഇടയ്ക്കിടെ വീട്ടിൽ വരും..... തറവാട്ടിൽ കൊക്കോയും ആഞ്ഞിലി പഴവും പേരക്കയും പനിനീർ ചാമ്പക്കയും ഒക്കെ ഒരുപാട് ഉണ്ട്...... ആൾക്ക് പനിനീർ ചാമ്പക്ക ഒരുപാട് ഇഷ്ടമാണ് അത്രേ..... അത് പറിക്കാനാണ് മിക്കപ്പോഴും വരുന്നത്..... വരുമ്പോഴൊക്കെ ഒന്ന് നോക്കും..... ഒരു ചിരി പോലും മുഖത്തു ഉണ്ടാവില്ല...... പക്ഷേ അച്ഛമ്മയോട് ഒക്കെ നന്നായി ചിരിച്ച് സംസാരിക്കുന്നത് കേൾക്കാം...... അങ്ങനെ ഒരിക്കൽ വന്നപ്പോൾ ആളുടെ ഒപ്പം ഒരാളും കൂടി ഉണ്ടായിരുന്നു..... അച്ഛമ്മ പരിചയപ്പെടുത്തിത്തന്നു..... ആളുടെ ഏട്ടനാണ് അർജുൻ എന്ന ഉണ്ണി...... ഉണ്ണിയേട്ടൻ പക്ഷേ ആളെ പോലെ അല്ല..... നേരെ വിപരീതം ആണ്...... നന്നായി സംസാരിക്കും...., പെട്ടെന്നുതന്നെ ഉണ്ണിയേട്ടനും ആയി കൂട്ട് കൂടിയിരുന്നു..... പിന്നെ അവധി കഴിയുന്നതുവരെ ഇടയ്ക്കിടെ ഉണ്ണിയേട്ടൻ വീട്ടിൽ വരുമായിരുന്നു..... ഉണ്ണിയേട്ടനും ആയി ഞങ്ങൾ കസിൻസ് എല്ലാവരും നല്ല കൂട്ടായിരുന്നു..... ഉണ്ണിയേട്ടൻറെ കൂടെ കൂടിക്കൂടി പതുക്കെപ്പതുക്കെ ആളോടുള്ള അപരിചിതത്വം മാറാൻ തുടങ്ങി......

ആവണി ആരുന്നു എന്റെ കൂട്ട്.... ആൾ കാണുമ്പോൾ ഒക്കെ ഞങ്ങൾ ഒരുമിച്ച് ഉണ്ടാകും..... അതോടെ ഇടയ്ക്കിടെ ആൾ ഒരു പുഞ്ചിരി സമ്മാനിക്കാൻ തുടങ്ങി എനിക്ക് ആയി..... ആ ചിരിക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു..... നിരയൊത്ത കുഞ്ഞരിപ്പല്ലുകൾ ആണ് ആൾക്ക്.... അങ്ങനെ അധികം ആരോടും പെട്ടെന്ന് കൂട്ടാകുന്ന ആളായിരുന്നില്ല എന്ന് തോന്നിയിരുന്നു..... പക്ഷേ അടുത്ത് കഴിഞ്ഞപ്പോൾ ആളെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും മാറി..... നന്നായി സംസാരിക്കും..... സംസാരിച്ചപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഏകദേശം ഒരേ ഇഷ്ടങ്ങളാണ്..... ആൾക്ക് കൂടുതലും യേശുദാസിന്റെ പാട്ടുകളോട് ആണ് ഇഷ്ടം..... എനിക്കും അങ്ങനെ തന്നെയാണ്..... പുതിയ പാട്ടുകാർ ഒക്കെ പാട്ട് പാടാൻ തുടങ്ങിയ കാലഘട്ടമാണ്.... പലർക്കും പുതിയ ആളുകളുടെ പുതിയ ശബ്ദം ആണ് ഇഷ്ടപ്പെട്ടത്..... എങ്കിലും എൻറെ മനസ്സിൽ എപ്പോഴും യേശുദാസിനും ചിത്രക്കും ജയചന്ദ്രനും ഒക്കെ ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു...... ആളോട് സംസാരിച്ചപ്പോൾ എനിക്കും തോന്നി ആളുടെ മനസ്സിലും അങ്ങനെയൊക്കെ തന്നെയാണ്..... ഏറെക്കുറെ പഴമയെ ഇഷ്ടപ്പെടുന്ന ആളാണ്..... പാട്ടുകളും ചിത്രങ്ങളുമാണ് ആൾക്ക് ഏറ്റവുമിഷ്ടം.....

അങ്ങനെ ഒരു ദിവസം നന്നായി സംസാരിച്ചു കൂട്ടായപ്പോൾ ഒരിക്കൽ തൻറെ ഒരു ചിത്രം വരച്ചു തരുമോ എന്ന് ആളോട് ചോദിച്ചു..... കുറച്ച് സമയം എടുത്താലും വരച്ചു തരാമെന്ന് ആള് സമ്മതിച്ചു..... ഞങ്ങൾ തമ്മിലുള്ള അപരിചിതത്വം മാറിയപ്പോൾ തന്നെ ഞങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ആയി...... അവധിക്കാലം അവസാനിക്കുമ്പോൾ മനസ്സിൽ ചെറിയൊരു വേദനയുണ്ടായിരുന്നു..... ആളെ വിട്ടു പോകുന്നത്...... യാത്രപറയാൻ നേരം ആളോട് പറഞ്ഞിരുന്നു..... ഞാൻ അപ്പുവേട്ടനെ മിസ്സ്‌ ചെയ്യും.... ചിരിയോടെ തന്നെ ആൾ തലകുലുക്കി സമ്മതിച്ചിരുന്നു.... അപ്പോൾ നേരിയ വിഷമം തോന്നി...... എനിക്ക് വലിയ വിഷമം ആയിരുന്നു ആളെ വിട്ടു പോകാൻ..... പക്ഷേ ഞാൻ പോകുന്നു എന്ന് പറഞ്ഞിട്ടും ആൾക്ക് വലിയ വിഷമം ഒന്നും കണ്ടില്ല..... അല്ലെങ്കിലും ഇഷ്ടവും ആരാധനയും ഒക്കെ എൻറെ മനസ്സിൽ മാത്രമായിരുന്നില്ലേ..... ശേ...... ഞാൻ എന്തൊക്കെയാണ് ആലോചിച്ചു കൂട്ടുന്നത്..... അപ്പുവേട്ടന് എന്നോട് ഇഷ്ടമൊന്നും ഇല്ലല്ലോ..... എനിക്ക് ഒരു ആരാധന തോന്നി ആ ശബ്ദത്തിനോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നി.....

അതിൻറെ പേരിൽ ഞാൻ അയാളിൽ ആകൃഷ്ടയായി പോയി..... പക്ഷേ അയാൾക്ക് ഒരിക്കലും എന്നോട് ഒരു പ്രണയമോ ഇഷ്ട്ടമോ ഒന്നും തോന്നിയിരുന്നില്ല.... അടുത്ത് സംസാരിച്ചത് കൊണ്ട് കുറച്ചു സൗഹൃദം തോന്നി എന്നുള്ളത് സത്യമാണ്.... ഒരുപക്ഷേ തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ അത് കൂടി പോയാലോ..... അതുകൊണ്ട് ഒന്നും പറയാൻ തോന്നിയില്ല.... യാത്ര പറഞ്ഞു പോയി.... പിന്നീട് തറവാട്ടിലേക്ക് വിളിക്കുമ്പോൾ എപ്പോഴും അച്ഛമ്മയോട് അന്വേഷിക്കാറുണ്ടായിരുന്നു.... അപ്പുചേട്ടൻ വന്നോ.....? എന്നെപ്പറ്റി തിരക്കിയോ എന്നൊക്കെ..... ഒന്നും പറഞ്ഞില്ല എന്ന് അച്ഛമ്മ പറയുമ്പോൾ ഹൃദയത്തിൽ ഒരു സങ്കടം കൊളുത്തി വലിക്കും പോലെ തോന്നും..... അങ്ങനെയിരിക്കെ ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ അപ്രതീക്ഷിതമായി ഇങ്ങോട്ട് ചോദിക്കാതെയാണ് അച്ഛമ്മ പറഞ്ഞത്.... മാളൂട്ടി..... ഇന്ന് അപ്പുണ്ണി വന്നിരുന്നു..... നിന്നെ പറ്റി ചോദിച്ചു.... നിൻറെ വിവരം ഒന്നും ഇല്ലല്ലോ എന്ന് പറഞ്ഞു..... നന്നായി പഠിക്കുന്നുണ്ടോ എന്ന് തിരക്കി.... ഈ വർഷം ഒൻപതിൽ അലല്ലേ എന്ന് പറഞ്ഞു......

അത് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു..... അത്രമേൽ ആഗ്രഹിച്ച വ്യക്തിയിൽ നിന്നും തന്നെ പറ്റി ഒരു അന്വേഷണം കേട്ടു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ സന്തോഷത്താൽ തുടികൊട്ടുന്നുണ്ടായിരുന്നു... ആ വർഷം തറവാട്ടിലേക്ക് പോകാൻ കാത്തിരിക്കുവായിരുന്നു..... എന്നാൽ സകല പ്രതീക്ഷകളും തകിടം മറിച്ച് ആ വർഷം അമ്മയുടെ സഹോദരന്റെ വിവാഹം ആയതുകൊണ്ട് ആദ്യം അച്ഛൻറെ വീട്ടിലേക്ക് പോകാതെ അമ്മയുടെ വീട്ടിലേക്ക് ആയിരുന്നു പോയിരുന്നത്..... പക്ഷേ എല്ലാ വർഷവും അമ്മയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉള്ള സന്തോഷം അന്ന് ഉണ്ടായില്ല..... അച്ഛൻറെ വീട്ടിൽ ഉള്ളവരെക്കാൾ മനസ്സ് കൊണ്ട് തനിക്ക് ഏറ്റവും അടുപ്പം അമ്മ വീട്ടുകാരോട് ആണ് എന്ന് തോന്നിയിട്ടുണ്ട്..... മധുവിന് തിരിച്ചും..... പക്ഷേ ആ വർഷം മാത്രം മനസ്സ് വല്ലാതെ വേദനിക്കുന്നു ഉണ്ടായിരുന്നു...... ഒരു മാസം അവിടെ കഴിച്ചുകൂട്ടുക എന്നത് വലിയൊരു ഉദ്യമം തന്നെയായിരുന്നു..... വിവാഹം പോലും ആസ്വദിക്കാൻ കഴിഞ്ഞില്ല....... അതുകഴിഞ്ഞ് പിന്നെ അച്ഛൻറെ വീട്ടിലേക്ക് പോകാൻ ആയപ്പോൾ വല്ലാത്ത തിടുക്കമായിരുന്നു..... മനസ്സും ശരീരവും വല്ലാതെ മുറവിളി കൂട്ടുന്നത് പോലെ..... അവിടേക്ക് ചെന്ന് കഴിഞ്ഞു രണ്ടു ദിവസം അപ്പുവേട്ടൻ വന്നില്ല.....

ഉണ്ണിയേട്ടനും ആവണിയും വന്നില്ല..... ആരോട് ചോദിക്കും..... അവസാനം കിച്ചുവേട്ടന്റെ അടുത്തേക്ക് ചെന്നു.... ആളോട് ആണ് ചോദിച്ചത്.... കഴിഞ്ഞവർഷം വന്നപ്പോൾ ആവണിയും അപ്പുച്ചേട്ടനും ഉണ്ണിയേട്ടനും ഒക്കെ ഉണ്ടായിരുന്നല്ലോ.....? ഈ വർഷം അവരെയൊന്നും കണ്ടില്ല.... ഉണ്ണിയേട്ടൻ പഠിക്കാൻ വേണ്ടി ഇപ്പോ തിരുവനന്തപുരം കോളേജിൽ നിൽക്കുകയാണ്.... അപ്പുവേട്ടനും ആവണിയും ഒരു മാസം ഇവിടെയില്ല..... രവിഅച്ഛന്റെ പെങ്ങളുടെ അടുത്ത് കൽക്കത്തയിൽ പോയിരിക്കുകയാണ്..... അങ്ങനെ കാത്തുകാത്തിരുന്ന് വന്നിട്ട് ആ വർഷം അപ്പുവേട്ടനെ കാണാൻ പറ്റിയില്ല..... അത് വല്ലാത്ത വേദനയായിരുന്നു മനസ്സിന് സമ്മാനിച്ചത്.... എങ്ങനെയൊക്കെയോ ഒരു മാസക്കാലം തള്ളിനീക്കി..... വീണ്ടും തിരിച്ചു പോയി.... അച്ഛന്റെ ജോലി തിരക്കും പിറ്റേവർഷം ഞാൻ പത്താം ക്ലാസ്സിൽ ആയോണ്ട് പെട്ടന്ന് തിരിച്ചു പോയി....

അത്‌ കഴിഞ്ഞപ്പോൾ ആണ് സന്തോഷവാർത്ത കാതിൽ എത്തുന്നത്..... അടുത്ത വർഷം അച്ഛമ്മയുടെ നാട്ടിലേക്ക് അച്ഛന് ട്രാൻസ്ഫർ.... മധുവിനു ഡിഗ്രിക്ക് കിട്ടിയത് എറണാകുളം ആയോണ്ട് അവളെ ഹോസ്റ്റലിൽ നിർത്തി.... എന്റെ പ്ലസ്ടു കാലം അച്ഛന്റെ നാട്ടിൽ മതി എന്ന് തീരുമാനിച്ചു.... സന്തോഷത്തിന് അതിരില്ലായിരുന്നു..... അപ്പുവേട്ടൻ അടുത്ത് ഉണ്ടല്ലോ എന്നോർത്തപ്പോൾ അവിടേക്ക് പോകാൻ ആയി മനസ്സ് തുടികൊട്ടുന്നുണ്ടായിരുന്നു..... പെട്ടന്ന് പത്തിലെ റിസൾട്ട്‌ വന്നു..... നല്ല മാർക്കോടെ തന്നെ പാസായി.... അവിടെ ചെന്നിട്ട് അഡ്മിഷൻ കാര്യങ്ങളെല്ലാം അച്ഛൻ വളരെ പെട്ടെന്ന് തന്നെ ശരിയാക്കാം എന്ന് പറഞ്ഞു...... അങ്ങനെ തൻറെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട യാത്രയിലേക്ക് പോകാൻ വേണ്ടി മാളവിക തയ്യാറായി.............. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story