മഴയോർമ്മയായ്....💙: ഭാഗം 21

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

പുറത്തേക്ക് മാളു വന്നപ്പോഴാണ് എല്ലാ മുഖങ്ങളിലും ഒരു സമാധാനം നിറഞ്ഞിരുന്നത്....... ഓടിവന്നത് ആദ്യം സുമിത്ര തന്നെയായിരുന്നു..... പിന്നാലെ ഉമയും....... " അവൻ മോളെ എന്തെങ്കിലും ചെയ്തോ......? വേവലാതിയോടെ സുമിത്ര ചോദിച്ചു...... " നിന്നെ അപ്പു ഉപദ്രവിക്കുകയൊ മറ്റോ ചെയ്തോ മാളു...... ഉണ്ണിയേട്ടനും പേടിയോടെ ചോദിക്കുന്നുണ്ട്...... " ഒന്നും ചെയ്തില്ല....... മനസ്സിൽ ഉള്ള വിഷമങ്ങൾ മാത്രമേ പറഞ്ഞുള്ളൂ........ അപ്പുവേട്ടനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് തന്നെയാണെന്ന് ഇപ്പോൾ എൻറെ വിശ്വാസം....... അത് പറയുമ്പോൾ മാളുവിന്റെ മുഖത്ത് പതിവിലും ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും തോന്നിയിരുന്നു....... അവളുടെ മുഖത്ത് ഒരു തെളിച്ചം വരുന്നത് എല്ലാവരും കണ്ടിരുന്നു........ " മാളു പറഞ്ഞത് ശരിയാണ്....... ഇത്രയും സമയം ഉള്ളിൽ ഇരുന്നിട്ടും അത്രയും മനസ്സ് കൈവിട്ടുപോയ അവസ്ഥയിലും മാളുവിനെ അവൻ ഉപദ്രവിച്ചില്ല എങ്കിൽ അതിനർത്ഥം അവന്റെ ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു ചലനം സൃഷ്ടിക്കാൻ മാളുവിന്‌ കഴിഞ്ഞിട്ടുണ്ട് എന്നാണ്......

അവൻറെ അബോധാവസ്ഥയിൽ പോലും അവൻറെ മനസ്സ് മാളുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തന്നെയാണ് അതിനർത്ഥം....... മാളു വിചാരിച്ചാൽ തീർച്ചയായും പഴയ അപ്പുവിനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും........ ഉണ്ണി അത് പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളും ഒരുപോലെ തിളങ്ങി........ " സത്യമാണ് മോളെ മനസ്സ് കൈവിടുന്ന അവസ്ഥകളിൽ ഞാൻ മുറിയിൽ കയറി ചെല്ലുമ്പോൾ പോലും അവൻ എന്തെങ്കിലുമൊക്കെ സാധനങ്ങൾ എടുത്തു എറിയിക്കുകയൊ അല്ലെങ്കിൽ മുറിക്കകത്തേക്ക് ആരെയും കടക്കാൻ അനുവദിക്കാതിരിക്കുക ഒക്കെ ചെയ്യും....... പക്ഷേ ഇത്ര നേരം നീ അതിനുള്ളിൽ അവനോടൊപ്പം നിന്നിട്ട് പോലും അവൻ നിന്നെ ഉപദ്രവിക്കാൻ തോന്നിയെങ്കിൽ അതൊരു നല്ല ലക്ഷണമാണ് എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്....... അത്‌ കേട്ടപ്പോൾ ഒരു സമാധാനം തോന്നിയെങ്കിലും മാധവന്റെയും ഉമയുടെയും മനസ്സിൽ തന്റെ മരുമകന്റെ യഥാർത്ഥ ഭാവം നേരിട്ട് കണ്ട ഒരു വേദന അലയടിച്ചിരുന്നു........ പോകാൻ ഇറങ്ങുമ്പോഴും അപ്പു അവർക്ക് മുഖം കൊടുത്തിരുന്നില്ല........

അവൻറെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ട് തന്നെ അവർ അവനെ കാണാൻ നിർബന്ധിക്കാനും പോയില്ല..... പക്ഷെ ഒന്ന് കാണാതെ പോകരുത് എന്ന് നിശ്ചയിച്ചിരുന്നു....... പോകുന്നതിനു മുൻപ് അകത്തേക്ക് കയറി സ്നേഹപൂർവ്വം തന്നെ അവനോട് യാത്ര പറഞ്ഞിരുന്നു...... ഒരു വിഷാദചിരിയിൽ അവൻ മറുപടി ഒതുക്കിയപ്പോൾ മാനസിക അവസ്ഥ മനസ്സിലാക്കി അധികം സംസാരിക്കാൻ അവനെ അനുവദിക്കാതെ അവർ ആ മുറി വിട്ട് പുറത്തേക്ക് വന്നിരുന്നു......... അച്ഛനും അമ്മയും പോയതിനു ശേഷമാണ് കുളിക്കാനായി മുറിയിലേക്ക് മാളു വന്നത്..... മാളുവിനെ കണ്ടതും വല്ലാത്ത സമാധാനം ആയിരുന്നു അവന് തോന്നിയിരുന്നത്....... ഒന്നും സംഭവിക്കാത്തത് പോലെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു മാളു..... അതിനുശേഷം അവന്റെ അരികിൽ വന്നിരുന്നു ആർദ്രമായി തലമുടിയിൽ തലോടിക്കൊണ്ടു ചോദിച്ചു...... " മരുന്നു കഴിച്ചിരുന്നോ അപ്പുവേട്ടാ...... അവൻ അലസമായി വെറുതെ ഒന്നും മൂളി കൊടുത്തു.... അപ്പോഴും അവൻ അവളെ തന്നെ നോക്കി കാണുകയായിരുന്നു..... തന്റെ മുൻപിൽ നിൽക്കുമ്പോൾ ആ പതിവ് പുഞ്ചിരി മായാതെ അവൾ സൂക്ഷിക്കുന്നുണ്ട്....... അതിനുമാത്രം ഒരു കുറവും അവളുടെ മുഖത്ത് ഇല്ല...... സീമന്ത രേഖയിൽ ചുവപ്പ് എടുത്തു കാണിക്കുന്നുണ്ട്......

തനിക്കുവേണ്ടി തൻറെ ആയുസ്സിനു വേണ്ടി ആണ് ആ ചുവപ്പ് ........ മനസ്സിൻറെ താളം തെറ്റി ഇരുന്ന് സമയങ്ങളിലൊക്കെ ഈ നശിച്ച ജീവിതം അവസാനിചെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നു........ പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ താനും ആഗ്രഹിക്കുകയാണ് ആ സീമന്തരേഖയിൽ അവൾ ആഗ്രഹിക്കുന്നത് പോലെ അവളുടെ നല്ലപാതി ആവാൻ........ ജീവിതം ഒന്ന് തിരിച്ചു ലഭിച്ചിരുന്നെങ്കിൽ എന്ന് അവനും വല്ലാതെ കൊതിച്ചു പോയിരുന്നു....... ഒരുപക്ഷേ ഒരിക്കലും നടക്കാൻ സാധ്യതയില്ല എങ്കിൽ പോലും....... തൻറെ ജീവിതത്തിൽ ഒരിക്കൽ കൂടി വെളിച്ചം കടന്നു വന്നിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു...... അതിനു കാരണം ഒന്നുമാത്രമായിരുന്നു ഹൃദയത്തിൽ അവനെ കുടിയിരുത്തിയിരിക്കുന്ന ആ പെണ്ണൊരുത്തിയെ അവൻറെ സ്വന്തമായി ചേർത്തു പിടിക്കണം എന്ന അവൻറെ അതിയായ ആഗ്രഹം........ പേരറിയാത്ത ഈശ്വരൻമാരോട് പോലും അവൻ ആ നിമിഷം കേണു പ്രാർത്ഥിച്ചത് അത് മാത്രമായിരുന്നു........ തൻറെ പ്രിയപ്പെട്ടവളെ ഒന്ന് ചേർത്തു പിടിക്കണം എന്ന്.......

അവസാനം ആയെങ്കിലും അവളോട് ഒന്ന് പറയണം " ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന്...... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലയിരുന്നു എന്ന്..... എൻറെ ജീവശ്വാസം പോലും നീ ആയിരുന്നു എന്ന്......" അനുരാഗത്തിന് അഗ്നിയിൽ ജ്വലിക്കുന്ന എൻറെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന പ്രകാശം നീ മാത്രമായിരുന്നുവെന്ന്....... "അപ്പുവേട്ടൻ കുളിച്ചില്ലേ.....? ഒന്ന് പോയി കുളിച്ച് വേഷമൊക്കെ മാറി വാ..... ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുത്തു വയ്ക്കാം..... അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയപ്പോൾ വിവേചിച്ചറിയാൻ കഴിയാത്ത ഒരു സുഗന്ധം ആ മുറിയിൽ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....... അവളുടെ മുടി തുമ്പിൽ നിന്നും ഇറ്റു വീണു പോയ വെള്ള തുള്ളികൾ അവൾ നടന്നു പോയ വഴികളിൽ ഒരു പാത തീർത്തിരുന്നു........ അവളുടെ കാച്ചെണ്ണയുടെയും രാസ്നാദിപ്പൊടിയുടെയും ഒക്കെ ഒരു പ്രത്യേക സുഗന്ധം ആ മുറിയിൽ വന്നു നിറഞ്ഞത് അവൻ അറിയുന്നുണ്ടായിരുന്നു........ പുതുമണിന്റെ ഗന്ധം പേറി എത്തുന്ന മഴയുടെ മണമാണ് ഈ പെണ്ണിനു....... മഴയുടെ കുളിർമയും...... ചിരിയോടെ അവനോർത്തു..... ഒരു മഴയോർമ്മ യായി തന്നിലേക്ക് പെയ്തവൾ......... തന്നെ മാത്രം സ്നേഹിച്ച് തന്നിലേക്ക് മാത്രം ആർത്ത് പെയ്യാൻ കൊതിച്ചിരിക്കുന്നവൾ.........

എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു വെക്കുന്ന തിരക്കിനിടയിൽ ആണ് സുമിത്ര മാളുവിന്റെ കയ്യിൽ പിടിച്ച് പറഞ്ഞത്...... " മോളെ നിനക്ക് തോന്നുന്നുണ്ടോ ഈ തീരുമാനം തെറ്റായിരുന്നുവെന്ന്....... കാര്യം മനസ്സിലാവാതെ അവൾ സുമിത്രയുടെ മുഖത്തേക്ക് നോക്കി....... " ഇന്നിപ്പോൾ അവൻറെ അവസ്ഥ നേരിട്ട് നീ കണ്ടില്ല അതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.... " എന്നെ മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിയും എന്നാണ് ഞാൻ കരുതിയത്..... സാധിച്ചില്ല എന്നാണ് അറിഞ്ഞത് ആണ് എൻറെ വേദന...... ഈ അവസ്ഥകൾ ഒന്നും അപ്പുവേട്ടനെ വേണ്ടെന്നു വയ്ക്കാൻ ഉള്ള കാരണങ്ങൾ ആണെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ......? ആയിരുന്നെങ്കിൽ എൻറെ ജീവൻ പോലും നഷ്ടപ്പെടുത്തി ഞാൻ അപ്പുവേട്ടനെ സ്വന്തമാക്കുമായിരുന്നോ.....? എനിക്ക് ഇഷ്ടമാണ് ഏത് അവസ്ഥയിലും...... നിങ്ങളൊക്കെ വിചാരിക്കുന്നതിലും ഒരുപാട് ഇഷ്ടമാണ്...... എൻറെ തീരുമാനം തെറ്റായിരുന്നുവെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല...... ഇനി ഒരിക്കലും തോന്നുകയുമില്ല......

അപ്പേട്ടൻ ഒരിക്കലും എന്നെ സ്നേഹിച്ചില്ലെങ്കിൽ പോലും ഞാൻ സന്തോഷം ആയിരുന്നേനെ ഈ താലിയും സിന്ദൂരവും എൻറെ നെറുകയിലാണ്...... അത്‌ അണിയിച്ചത് എന്റെ അപ്പുവേട്ടൻ ആണല്ലോ...... ആ സമാധാനത്തിൽ ഞാൻ സന്തോഷവതി ആണ്...... പക്ഷേ ഇപ്പോ അതെല്ലാം എൻറെ മനസ്സിൽ നിങ്ങളാരും കരുതുന്നതുപോലെ വേദനയല്ല സന്തോഷമാണ്...... ഒരുപക്ഷേ ഇന്നാണ് ഞാൻ ആ മനസ്സിനെ അടുത്ത് കണ്ടത് എന്ന് തന്നെ പറയാം...... അത്രമേൽ ആഴത്തിൽ എന്നെ അപ്പുവേട്ടൻ മനസ്സിൽ കൊണ്ടു നടക്കുന്നു എന്ന സത്യത്തിൽ കൂടുതലൊന്നും എന്നെ ഈ നിമിഷം സന്തോഷവതി ആകുന്നില്ല....... ബാക്കി ഒരു കാര്യങ്ങളും എന്നെ ബാധിക്കുന്നില്ല കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല...... " നിൻറെ സ്നേഹം മാത്രമാണ് മോളെ അവനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉള്ള ഏക മരുന്ന്..... നീ ആണ് അവന്റെ പുണ്യം...... എല്ലാ അർത്ഥത്തിലും നീ അവനെ സ്നേഹിക്കണം എല്ലാ അർത്ഥത്തിലും നീ അവൻറെ സ്വന്തം ആവണം...... ആ സമയം ജീവിക്കണമെന്ന ആഗ്രഹം അവന് തോന്നും..... പിന്നീട് പതുക്കെ പതുക്കെ നമുക്ക് ആ രോഗത്തെ കീഴ്പെടുത്താൻ കഴിയും...... " അതുതന്നെയാണ് അമ്മേ എന്റെയും വിശ്വാസം......

ഭക്ഷണം കഴിച്ചപ്പോഴും അപ്പു അവളെ നോക്കുന്നുണ്ടായിരുന്നു എങ്കിലും പ്രത്യേക ഭാവഭേദം ഒന്നുമില്ലാതെ കഴികുകയായിരുന്നു മാളു....... അവന് വേണ്ടതൊക്കെ എടുത്തു കൊടുക്കുന്നുണ്ട്........... പക്ഷേ അവളോടുള്ള സ്നേഹം എത്ര അടച്ചു വെച്ചിട്ടും പുറത്തേക്ക് വരാൻ തുടങ്ങുന്നത് ആയി അവന് തോന്നിയിരുന്നു........ ആരും കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ച് അവന് വേദന ഉണ്ടാകുന്നതിനാൽ തുറന്നു പറഞ്ഞിരുന്നില്ല...... അതൊരു അർത്ഥത്തിൽ അവന് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല..... ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാ ജോലികളും തീർത്ത മാളു മുറിയിൽ വരുമ്പോൾ അപ്പു കാത്തിരിക്കുകയായിരുന്നു അവളെ......... ചിരിയോടെ വന്ന് വാതിൽ അടച്ചതിനു ശേഷം കയ്യിൽ കരുതിയിരുന്ന ജഗ് മേശപ്പുറത്തേക്ക് വെച്ച് അവനോട് തിരക്കി.... " മരുന്നു കഴിച്ചിരുന്നോ.....? " കഴിച്ചു..... എനിക്ക് ജീവിക്കണം മാളു.... ഒരു കൈ എടുത്ത് കണ്ണിന് കുറുകെ വെച്ചാണ് അവന്റെ കിടപ്പ് കണ്ണു തുറക്കാതെ ആണോ സംസാരിക്കുന്നതെന്ന് മാളുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല......

എങ്കിലും അവൾ അത്ഭുതത്തിൽ തന്നെ അവനെ നോക്കി....... "നിൻറെ സ്നേഹം അനുഭവിച്ച് നീ ആഗ്രഹിക്കുന്നത് പോലെ നിൻറെ അപ്പുവേട്ടൻ ആയി എനിക്ക് ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ട് മാളു....... അവൻ അത് പറഞ്ഞപ്പോൾ ആത്മാർത്ഥമായാണ് പറയുന്നത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... ആ നിമിഷം അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു തോന്നിയിരുന്നത്..... ബലമായി തന്നെ അവൻറെ കൈകൾ അവൾ മാറ്റിയപ്പോഴാണ് അവന്റെ കണ്ണിൽ നിന്നും നീർത്തുള്ളികൾ പൊഴിയുന്നത് അവൾ കണ്ടത്...... അവളുടെ വിരലുകൾ തന്നെ അത് തുടച്ചു കളഞ്ഞിരുന്നു..... " എന്തിനാ കരയുന്നത്...... അപ്പുവേട്ടനെ കൊണ്ട് പറ്റും..... ഞാൻ പറഞ്ഞില്ലേ, അപ്പോവേട്ടന്റെ മനസ്സിൽ ഈ ഒരു ആഗ്രഹം മാത്രം മതി...... നമുക്ക് ഇതിനെ എല്ലാം മാറ്റാം..... " മാറണം....... മാറ്റണം..... എനിക്ക് നിൻറെ അപ്പുവേട്ടൻ ആവണം...... നിൻറെ സ്നേഹം എനിക്ക് വേണം..... "ഞാൻ എന്നും അപ്പുവേട്ടന്റെ മാത്രം അല്ലേ......? "ആണ് എനിക്ക് അറിയാം........ ഇതുവരെ ഇല്ലാത്ത സ്വപ്നങ്ങൾ ഒക്കെ ആണ് ഇപ്പൊൾ എൻറെ മനസ്സിൽ തോന്നുന്നത്......

സത്യം പറഞ്ഞാൽ ജീവിക്കാൻ തന്നെ ഒരു കൊതി തോന്നുന്നത് ഈ നിമിഷമാണ്...... ഇത്രകാലവും ഞാൻ വിചാരിച്ചത് എങ്ങനെയെങ്കിലും ഒക്കെ കഴിഞ്ഞു പോട്ടെ എന്ന് ആണ്..... പക്ഷേ ഇപ്പൊൾ എൻറെ മനസ്സിലെ ചിന്ത അതല്ല....... എൻറെ പെണ്ണിന് വേണ്ടി എനിക്ക് ജീവിക്കണം..... അവൻ അത് പറഞ്ഞതും അത്ഭുത പൂർവ്വം അവൾ അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു...... പെട്ടെന്നാണ് അവനവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തത്...... അപ്രതീക്ഷിതമായ അവൻറെ നീക്കത്തിൽ അവൾ ഒന്നു പതറി ഇരുന്നെങ്കിലും വല്ലാത്ത സന്തോഷം ആയിരുന്നു ആ നിമിഷം അവൾക്ക് തോന്നിയിരുന്നത്....... ആ നിമിഷം അവൾ അവന്റെ കണ്ണുകളിൽ കണ്ടത് ഒരു കാമുകൻറെ ഭാവമായിരുന്നു....... ആ ഭാവം അവൾക്ക് അന്യമായിരുന്നു........ അത്രമേൽ പ്രണയം നിറഞ്ഞ മുഖത്തോടെ അവനെ ആദ്യമായാണ് അവൾ കാണുന്നത്........ ഒരു കൗതുകത്തോടെ തന്നെ അവന്റെ ടെ കണ്ണുകളിലെ ആഴ്ന്നു കിടക്കുന്ന പ്രണയത്തിലേക്ക് അവൾ നോക്കിയിരുന്നു പോയിരുന്നു..... അവൻറെ കണ്ണിൽ തുടിക്കുന്നത് തന്നോടുള്ള പ്രണയം ആണ് എന്ന് മനസിലാക്കിയ നിമിഷം മാളവികക്ക് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു തോന്നിയിരുന്നത്......... തൻറെ മുഖത്തേക്ക് പ്രണയാർദ്രമായി നോക്കുന്ന അവൻറെ നോട്ടം വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും താൻ കാണുന്നത്....... ഇഷ്ടം ഉണ്ടെന്നറിയായിരുന്നു പക്ഷേ ഒരിക്കൽ പോലും അത് തന്റെ മുൻപിൽ പ്രതിഫലിപ്പിക്കാൻ അവന് തോന്നിയിരുന്നില്ല എന്നതായിരുന്നു സത്യം......

ഏറെ ആകാംക്ഷയോടെ തന്നെ ആ മുഖത്തേക്ക് അവൾ ഒന്നുകൂടി നോക്കി ഇരുന്നിരുന്നു ........ അവളുടെ വാർമുടി തുമ്പിൽ ഗന്ധം അവൻറെ മുഖത്തെ പുണർന്നു....... അവന്റെ ഹൃദയകാശത്തു പ്രണയത്തിൻറെ മഴ പെയ്യിക്കുന്ന ഒന്നായിരുന്നു അത്‌............ പെട്ടന്ന് അവൻറെ ചുണ്ടുകൾ അവളുടെ കവിളിൽ പതിച്ചിരുന്നു....... അവൻറെ പെണ്ണിന് അവൻ നൽകുന്ന ആദ്യ സ്നേഹമുദ്രണം..... ഏറെ പ്രണയത്തോടെ അതിലുപരി തൻറെ സ്വന്തം എന്ന അവകാശത്തോടെ അവളെ ചേർത്തു പിടിച്ച് ഒരു നിർബന്ധവും ഇല്ലാതെ നൽകുന്ന സ്നേഹം മുദ്രണം.......... ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം കോർത്ത് പോയിരുന്നു........ രണ്ടുപേരും ഒന്നും മിണ്ടാനാവാതെ മൗനം കൊണ്ട് വാചാലമായ നിമിഷങ്ങൾ ആയിരുന്നു പിന്നീട്....... എന്തു പറഞ്ഞു തുടങ്ങുമെന്ന് ആർക്കും അറിയാത്ത സാഹചര്യം........ തൻറെ മനസ്സിൽ നിന്നും അടക്കിപ്പിടിച്ച പ്രണയം അറിയാതെ പുറത്തു വന്ന് പോയതായിരുന്നു എന്ന് അപ്പുവിന് അറിയാമായിരുന്നു....... പക്ഷേ എല്ലാ നിമിഷവും തോന്നുന്നതുപോലെ ഒരു വേദനയും.......

പക്ഷെ വേണ്ടായിരുന്നു എന്ന് അവന് തോന്നിയിരുന്നില്ല........ അതുകൊണ്ടുതന്നെ അവളെ ഒരിക്കൽ കൂടി അവൻറെ കൈകൾ വരിഞ്ഞുമുറുക്കി പിടിക്കുന്നുണ്ടായിരുന്നു........ അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്നു അളകങ്ങൾ മാടിയൊതുക്കി കൊടുക്കുമ്പോൾ അവൻറെ കണ്ണുകളിൽ ഒരു കാമുകൻറെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്നു....... അത് അവളുടെ മുഖത്ത് ചെഞ്ചുവപ്പ് പടർത്തി....... അവൻ ഒന്നും പറയാതെ തന്നെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നിരുന്നു........ അവളുടെ ആ സാമിപ്യം വീണ്ടും അവനെ വല്ലാത്തൊരു ലഹരിയിൽ കൊണ്ടുവന്ന് എത്തിച്ചിരുന്നു..... മാളു........ ആർദ്രമായി അവൻ വിളിച്ചപ്പോൾ ഒരിക്കൽകൂടി അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി....... " എന്തിനാ മോളെ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...... എനിക്ക് മനസ്സിലാവുന്നില്ല..... വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിക്കുമ്പോൾ അവൻറെ മുഖത്തിനു നേരെ അവളുടെ മുഖം നീണ്ടു വന്നിരുന്നു ശേഷം ആ കവിളുകൾ അവന്റെ കവിളുകളിൽ ഒരു ചുംബന മുദ്രയായി മാറി.........

അതായിരുന്നു മാളുവിന് അവൻറെ ചോദ്യത്തിനുള്ള ഉത്തരം....... ആ ചുംബനത്തിൽ എല്ലാം ഉണ്ടായിരുന്നു അവളുടെ പ്രണയവും സ്നേഹവും ദുഖവും സന്തോഷവും സ്വപ്നങ്ങളും ആഗ്രഹങ്ങളും അവനോടുള്ള നീണ്ട കാത്തിരിപ്പും......... പെട്ടെന്നാണ് അവൻറെ നെറ്റിയിലെ മുറിവ് അവൾ കണ്ടത്...... ഇന്നത്തെ അസുഖത്തിന് ഭാഗമായി ഉണ്ടായതാണ് അത് എന്ന ചിന്ത അവളിൽ വേദന ഉണർത്തി........ അവളുടെ കരങ്ങൾ അതിനെ തഴുകിത്തലോടി....... ശേഷം അവൾ അവനിൽ നിന്നും അകന്ന് അലമാരി തുറന്ന് മരുന്ന് എടുത്തുകൊണ്ടുവന്ന് അതിലേക്ക് പുരട്ടി...... വേദനയാൽ അവന്റെ മുഖം മാറും തോറും അവളുടെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങൾ അവൻ ഒരു കൗതുകത്തോടെ നോക്കി കാണുകയായിരുന്നു........ അവളുടെ ഹൃദയത്തിലാണ് ആ മുറിവ് കൊണ്ടത് എന്ന് അവന് തോന്നിയിരുന്നു.......

അവന്റെ മുഖം വേദനയാൽ ചുളിഞ്ഞു പോയി..... ആ നിമിഷം തന്നെ അവളുടെ മുഖവും ചുളിഞ്ഞു പോകുന്നത് അവൻ കണ്ടിരുന്നു....... താൻ വേദനിക്കുന്നത് അവളിൽ അതിലും വേദന ഉണർത്തുന്നു എന്ന ചിന്ത ഒരു പ്രത്യേകതരം സന്തോഷമാണ് അവനിൽ ഉണർത്തിയത്........ ഒരു മനുഷ്യനാൽ സ്നേഹിക്കപ്പെടുന്നതിനേക്കാൾ മറ്റെന്താണ് ഒരു വ്യക്തിക്ക് ജീവിക്കാൻ കൂടുതൽ പ്രചോദനം നൽകുന്നത്........? ജീവിതത്തിന് ആ സത്യം നൽകുന്ന സൗന്ദര്യം ഒന്നു വേറെതന്നെയാണ്....... മറ്റൊരാളാൽ സ്നേഹിക്കപ്പെടാൻ ആണ് എല്ലാ മനുഷ്യരും കൊതിക്കുന്നത്........ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണാണ് തന്നോടൊപ്പമുള്ളത്...... തൻറെ ജീവിതത്തിൽ ഉണ്ടാകുന്ന കയ്പേറിയ അനുഭവങ്ങൾ എല്ലാം ഒരു പുഞ്ചിരിയോടെ നേരിടാൻ ഇനി തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസം അപ്പുവിലും ഉടലെടുത്തിരുന്നു................................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story