മഴയോർമ്മയായ്....💙: ഭാഗം 3

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

ഞാൻ തിരിച്ചു ചെല്ലുമ്പോഴേക്കും അപ്പുവേട്ടൻ ഡിഗ്രി അവസാനവർഷം പഠിക്കുകയാണ്..... പൊടിമീശ ഒക്കെ പോയി നല്ല കട്ടിമീശ ഒക്കെ വന്നു കുറച്ചുകൂടി സുന്ദരൻ ആയിട്ടുണ്ട്.... ഒന്നുകൂടി തടിച്ചിട്ടുണ്ട്.... എങ്കിലും മുഖത്ത് സ്ഥിരം കാണുന്ന ഗൗരവം ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു...... പക്ഷെ എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു..... അന്ന് അച്ഛമ്മയെ കാണാൻ വേണ്ടി വന്നതായിരുന്നു...... അപ്പൊൾ എന്നെ കണ്ടപാടെ ഒന്നു മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു..... സ്വർഗം കീഴടക്കിയ സന്തോഷം ആയിരുന്നു അപ്പോൾ..... ശേഷം എന്നോട് ചോദിച്ചു..... "മാളു ഇനിമുതൽ ഇവിടെനിന്നാണ് പഠിക്കുന്നത് എന്ന് അച്ചമ്മ പറഞ്ഞു...... രണ്ടുവർഷത്തേക്ക്..... സത്യമാണോ......? ചെറുപുഞ്ചിരിയോടെ തെല്ലും ഗൗരവം ഇല്ലാതെ അപ്പുവേട്ടൻ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു ആ നിമിഷം മനസ്സിൽ തോന്നിയത്..... കേൾക്കാൻ ആഗ്രഹിച്ച ശബ്ദം.... കാണാൻ ആഗ്രഹിച്ച മുഖം.... പെട്ടന്ന് പ്രണയം മനസ്സിൽ മയിലിനെ പോലെ പീലി വിടർത്താൻ തുടങ്ങി.... ഒരു ഗൗരവത്തിന്റെ മുഖം മൂടിയും ഇല്ലാതെ അപ്പുവേട്ടൻ സംസാരിക്കുന്നത് കേട്ട് സന്തോഷപൂർവ്വം തലയാട്ടിക്കൊണ്ട് പറഞ്ഞു... ഇനി പ്ലസ് വൺ, പ്ലസ് ടു ഒക്കെ ഇവിടെ നിന്ന് പഠിക്കാനാണ് അച്ഛൻ പറഞ്ഞത്..... നല്ല കാര്യം.....

ഏതു വിഷയം ആണ് എടുത്തിരിക്കുന്നത്..... ഞാൻ ഹ്യുമാനിറ്റീസ് ആണ്.... ഞാനും...... ഇപ്പോൾ എക്ണോമിക്സ് ആണ് ചെയ്യുന്നത്... എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി കേട്ടോ..... അങ്ങനെ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു ആ നിമിഷം എനിക്ക് തോന്നിയത്.... അതിനെ പിന്താങ്ങി അച്ഛമ്മയും പറഞ്ഞു.... അതെ മാളൂട്ടിയെ.... എന്ത് സംശയം ഉണ്ടെങ്കിലും അവനോട് ചോദിച്ചാൽ മതി.... അവനെ എല്ലാം അറിയാം... പ്രീഡിഗ്രിക്ക് അവന് ക്ലാസ്സ്‌ ഉണ്ടായിരുന്നു..... ഡിഗ്രിക്കും കിട്ടും.... അച്ഛമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു... ഒരു പുഞ്ചിരിയോടെ പോവാണെന്നു പറഞ്ഞു ആൾ ഇറങ്ങി..... അങ്ങനെ ആ വർഷം സന്തോഷപൂർവ്വം പുതിയ സ്കൂളിലേക്ക് ചെന്നു..... അച്ഛൻ മാഷ് ആയതുകൊണ്ട് ടീച്ചർമാരുടെയും കുട്ടികളുടെയും ഒക്കെ ഇടയിൽ ഒരു പ്രേത്യേക പരിഗണന ഉണ്ടായിരുന്നു.... ആദ്യ ദിവസം സ്കൂളിലേക്ക് പോയി തിരിച്ചു വരുമ്പോഴായിരുന്നു മഴ മണ്ണിനെ ആവേശത്തോടെ പുണർന്നു പെയ്യാൻ വെമ്പി നിന്നത് .... മാനമിരുണ്ടു കറുത്തു....

അതുകൊണ്ടുതന്നെ മൂന്നു മണി കഴിഞ്ഞപ്പോഴേക്കും ഏകദേശം ആറ് മണി ആയത് പോലെ തോന്നിയിരുന്നു.... അപ്പോഴാണ് ഓർത്തത് കുട എടുക്കാൻ മറന്നു പോയി എന്ന്.... രാവിലെ മഴ പെയ്തില്ല..... അച്ഛന് എന്തൊക്കെയൊ തിരക്ക് ഉള്ളോണ്ട് ആണ് തനിയെ വരാൻ നിശ്ചയിച്ചത്. ഇവിടെ അധികം കൂട്ടുകാർ ഒന്നുമില്ല.... കാറ് മൂടി കിടക്കുന്നതേയുള്ളൂ.... വീട്ടിൽ ചെല്ലും മുൻപ് മഴ പെയ്യില്ല എന്ന വിശ്വാസത്തിൽ പതിയെ നടന്നു..... തറവാട്ടിലേക്ക് പോകും മുൻപ് ഒരു കാവ് ഉണ്ട്.... അവിടെ ആകെ കാടു പിടിച്ചു കിടക്കുകയാണ്..... പകൽപോലും ഒരുതരം ഇരുട്ടാണ് അവിടെ ആകെ... അവിടെ മഴ പെയ്യുമ്പോൾ എന്തായിരിക്കും സ്ഥിതി.....? അതിലെ കൂടി പോകുന്ന കാര്യം ഓർത്തപ്പോൾ നേരിയ ഒരു ഭയം ശരീരത്തെ വലയം ചെയ്തെങ്കിലും.... മഴ പെയ്തു കഴിഞ്ഞാൽ ഉള്ള അവസ്ഥ ഇതിലും ഭീകരമായിരിക്കും എന്നോർത്ത് രണ്ടുംകൽപ്പിച്ച് അതിലെ കൂടി നടക്കാൻ തുടങ്ങിയപ്പോഴേക്കും കാലവർഷം അതിൻറെ വരവറിയിച്ച് കലിതുള്ളി പെയ്തു തുടങ്ങിയിരുന്നു..... തല നനയാതിരിക്കാൻ പെട്ടെന്ന് ചുരിദാറിന്റെ ഷോൾ എടുത്തു തലയിൽ ഇടുമ്പോഴാണ് ആരോ ഒരാൾ കുട നീട്ടി നിൽക്കുന്നത് കണ്ടത്..... പെട്ടെന്ന് മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞു....

ഇത് വരെ തോന്നിയിട്ടില്ലാത്ത ഒരു പ്രേത്യക അനുഭൂതി തന്നിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു..... ആ മുഖം കാണുമ്പോൾ മാത്രം അടിവയറ്റിൽ നിന്ന് ഒരു ആളൽ..... " അപ്പുവേട്ടൻ..... അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.... മാളു കുട എടുത്തില്ലേ.... ഗൗരവമായി തന്നെയായിരുന്നു ചോദ്യം..... മറന്നുപോയി അപ്പുവേട്ട..... കാലത്തെ മഴ ഉണ്ടായിരുന്നില്ല..... എങ്കിലും ജൂലൈ മാസം അല്ലേ മാളു.... മഴ പെയ്യാതിരിക്കും എന്ന് തനിക്ക് തോന്നുന്നുണ്ടോ......? ആരെങ്കിലും കുട എടുക്കാതെ വരുമോ..... അതിന് മറുപടി ആയി ഒന്ന് ചിരിച്ചു.... സാരമില്ല വാ പോകാം...... അപ്പുവേട്ടന് ഇന്ന് കോളേജിൽ പോകേണ്ടായിരുന്നോ.....? സാധാരണ അപ്പുവേട്ടൻ കോളേജ് കഴിഞ്ഞ് ആറുമണി കഴിഞ്ഞിട്ടാണ് വരാറ്..... ഉച്ചയ്ക്ക് ശേഷം സ്ട്രൈക്ക് ആയിരുന്നു..... അതുകൊണ്ടാണ് നേരത്തെ പോന്നത്..... പിന്നെ കാവിന്റെ അരികിൽ കൂടി പോകുമ്പോൾ ഒന്ന് ശ്രദ്ധിച്ചു വേണം പോകാൻ... പകല് പോലും അവിടെ ആരും ധൈര്യപൂർവ്വം പോകില്ല..... സാമൂഹ്യവിരുദ്ധരുടെ കോട്ടയാണ് ഇപ്പോൾ അവിടെ..... ഒരു മുന്നറിയിപ്പ് പോലെ അപ്പുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ അനുസരണയോടെ തലയാട്ടി കാണിച്ചു...... എന്നും പോകുന്ന കാവിന്റെ വഴിയിൽ കൂടി അല്ലാതെ കുറച്ച് അപ്പുറത്ത് കൂടിയാണ് അപ്പുവേട്ടൻ കൊണ്ടുപോയത്.....

ഒരു പാടത്തിന് അരികിൽ കൂടി..... മഴ പെയ്തു കിടക്കുന്ന പാടം കാണാൻ പ്രേത്യക ഭംഗി ആയിരുന്നു.... അല്ലെങ്കിലും മഴ പെയ്യുന്നത് കാണണം എങ്കിൽ പാടത്തിൽ നോക്കണം..... മുത്തുതുള്ളികൾ പോലെ പെയ്യുന്ന മഴ ഏറ്റുവാങ്ങുന്ന നെൽപാടം കണ്ണിനു കുളിർമ ഉള്ള കാഴ്ച ആണ്. ഇതിലെ പോയാൽ അല്പം ചുറ്റണം എങ്കിലും പേടിക്കാതെ വീട്ടിലെത്താൻ പറ്റും..... അടുത്ത് ഒക്കെ വീടുകളും ഉണ്ട്..... ചിരിയോടെ അപ്പുവേട്ടൻ പറഞ്ഞപ്പോൾ സന്തോഷപൂർവ്വം തലയാട്ടി...... ഇടയ്ക്കിടെ ഒരു കുടയുടെ കീഴിൽ അപ്പുവേട്ടനോടൊപ്പം നടക്കുമ്പോൾ ഇടയ്ക്കിടെ രണ്ടാളുടെയും തോളുകൾ പരസ്പരം ഉരസുന്നുണ്ടായിരുന്നു..... അതെല്ലാം തന്നെ ഒരു പ്രത്യേക സന്തോഷവും അനുഭൂതിയും ആയിരുന്നു എന്നിൽ ഉണർത്തിയത്.... ആളുടെ മൗനത്തെ പോലും ഞാൻ പ്രണയിച്ചു പോയി..... അപ്പോഴാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ആൾടെ മൂക്കിന് നല്ല നീളമുണ്ട്...... വിടർന്ന കണ്ണുകൾ ആണ്.... ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ ചുഴി ഉണ്ട്...... ഞാൻ ആളിന്റെ തോളൊപ്പം തന്നെ കഷ്ടി ആണ് ....

ഒരുപാട് എത്തി കുത്തി നോക്കിയാൽ മാത്രമേ എനിക്ക് ആളുടെ മുഖത്തേക്ക് നോക്കാൻ കഴിയൂ..... കൈകളിൽ നിറയെ രോമം ആണ്.... അതിനെ വലയം ചെയ്തു കിടക്കുന്ന ഒരു സ്റ്റീൽ ഇടിവള..... നെഞ്ചിലെ രോമം ഷർട്ടിന്റെ ഇടയിൽ കൂടെ കാണാം..... ബ്ലാക്ക് ജീൻസും വൈറ്റ് ഷർട്ടും ആണ് വേഷം.... കഴുത്തിൽ ഒരു കുഞ്ഞു സ്വർണ്ണമാല അതിൽ ഒരു കൃഷ്ണരൂപം.... ഞാൻ ഇങ്ങനെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാവും അപ്പുവേട്ടൻ ഇടയ്ക്കിടെ എന്നെ ഒന്ന് നോക്കുന്നുണ്ടായിരുന്നു..... അവസാനം തറവാടിന്റെ പടിക്കൽ വരെ എന്നെ കൊണ്ടുവന്ന് വിട്ടിട്ട് യാത്രപറഞ്ഞു അപ്പുവേട്ടൻ.... അപ്പുവേട്ടൻ കയറുന്നില്ലെ..... ഞാൻ ചോദിച്ചു.... ഇല്ല..... സമയം ഇല്ല..... താൻ ചെല്ല്..... അത്രയും പറഞ്ഞ് അപ്പുവേട്ടൻ പോയപ്പോൾ ഒരു വല്ലാത്ത വേദന എന്നെ വലയം ചെയ്യുന്നത് ഞാനറിയുന്നുണ്ടായിരുന്നു.... അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അപ്പുവേട്ടൻ പറഞ്ഞു... നാളെ കുട എടുക്കാൻ മറക്കണ്ട..... എന്നും ഇങ്ങനെ കുടയുമായി വരാൻ ഞാൻ കാണില്ല.... ചിരിയോടെ അപ്പുവേട്ടൻ അത്‌ പറയുമ്പോൾ എന്നും ആ കുടകീഴിൽ ഒന്നിച്ചു നടക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പറയണം എന്ന് ഉണ്ടായിരുന്നു..... പക്ഷെ വാക്കുകൾ പുറത്തേക്ക് വന്നില്ല..... പിന്നീട് അച്ഛമ്മയുടെ കയ്യിൽനിന്നും കുട എടുക്കാത്തത് കണക്കിന് കിട്ടി....

എന്തിനാ നീ ഒറ്റക്ക് വന്നത്..... കുറച്ച് കാത്ത് നിന്ന് മാധവനു ഒപ്പം വന്നാൽ പോരാരുന്നോ....? കുടയും എടുക്കാതെ...... അപ്പുണ്ണി കണ്ടില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ...... എന്നൊക്കെയുള്ള ശകാരങ്ങൾ ഒക്കെ അച്ഛമ്മ പറയുമ്പോളും ഞാൻ ഇപ്പോഴും അപ്പുവേട്ടന് ഒപ്പം ആ കുടകീഴിൽ തന്നെ ആണ് എന്ന് തോന്നി..... ആ മഴയത്ത് ഞങ്ങൾ രണ്ടുപേരും ഒറ്റക്ക് ഒരു കുടകീഴിൽ നടന്നു വരിക ആണ് എന്ന് തോന്നി..... പിന്നീട് വളരെ പെട്ടെന്ന് തന്നെ സ്കൂളിൽ നിന്നും ഒരു കൂട്ടുകാരിയെ കിട്ടി...... ശ്രീലക്ഷ്മി........ ഞാൻ നടന്നു പോകുന്ന പാടത്തിന് അരികിലുള്ള വീട്ടിലാണ് താമസിക്കുന്നത്....... അതുകൊണ്ട് പാടവരമ്പ് വരെ ഒപ്പം നടക്കാൻ അവളും കൂടെ ഉണ്ടാകും..... അവളെ കിട്ടിയതോടെ അച്ഛന് ഒപ്പം ഉള്ള സ്കൂളിൽ പോക്ക് അവസാനിപ്പിച്ചു..... വിശേഷങ്ങൾ പറയാൻ ശ്രീലക്ഷ്മി വന്നതോടെ അവളോട് ഒപ്പം ആയി പോക്കും വരവും ...... ഒരുപാട് സന്തോഷം ആയിരുന്നു അവളുടെ സൗഹൃദം നൽകിയത്...... ശ്രീലക്ഷ്മി പരിചയപെട്ടപ്പോൾ ആണ് മനസ്സിലാക്കുന്നത് അവളുടെ ഏട്ടനും അപ്പുവേട്ടനും തമ്മിൽ കൂട്ടുകാരാണ്......

അപ്പുവേട്ടനെ കുറിച്ച് അവളോട് കൂടുതൽ ചോദിക്കാനും മനസ്സിലാക്കാനും തുടങ്ങി..... ഇടയ്ക്കിടെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി...... പല പ്രാവശ്യം ആയി താൻ അപ്പുവേട്ടനെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചത് കൊണ്ട് ആയിരിക്കാം..., ഒരിക്കൽ അവൾ എന്നോട് ചോദിച്ചു..... നിനക്ക് എന്താണ് എപ്പോഴും അപ്പുവേട്ടനെ കുറിച്ച് അറിയാൻ ഒരു താല്പര്യം.... ഹേയ്.... വെറുതെ.... സത്യം പറ..... നിനിക്ക് ഇഷ്ടമാണോ.... ഇഷ്ട്ടമോ.....? ഉം.... ലവ്...സത്യം പറ മാളു..... അവളോട് കള്ളം പറയാൻ തോന്നിയില്ല... ആദ്യ കാഴ്ചയിൽ തന്നെ തന്റെ മനസ്സിൽ കയറിയ ആളാണ് അപ്പുവേട്ടൻ എന്ന് തുറന്ന് പറഞ്ഞു.... അവൾ ഒന്ന് ചിരിച്ചു.... പിന്നെ പറഞ്ഞു.... അപ്പുച്ചേട്ടനെ കുറച്ചു അവൾ പറഞ്ഞത് ഒക്കെ നല്ല സ്വഭാവങ്ങൾ ആയിരുന്നു..... അപ്പുവേട്ടനെ എല്ലാർക്കും ഇഷ്ടമാണ്..... പഠിക്കാൻ മിടുക്കനാണ്.... പോരാത്തതിന് നന്നായി വരയ്ക്കുന്ന ഒരു ചിത്രക്കാരനും..... വരയ്ക്കുന്നതിന് ഒരുപാട് സമ്മാനങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ഒക്കെ ലഭിച്ചിട്ടുണ്ട്..... നല്ല പാട്ടുകാരൻ.... അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോയി.....

ആദ്യമായി കണ്ടപ്പോൾ തോന്നിയ ആരാധന ഈ നിമിഷം ഒന്നൂടെ മിഴിവേകിയിരുന്നു..... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടി ചിരിക്കുകയായിരുന്നു ചെയ്തത്...... എന്തിനാണെന്ന് മനസ്സിലാവാതെ ഞാൻ അവളെ നോക്കി.... സത്യം പറയാല്ലോ മാളു.... ഒരു ചാൻസും ഇല്ല.... നാട്ടിലുള്ള സകല പെൺപിള്ളാരും ആളെ ആരാധിക്കുന്നുണ്ട്..... ഒരുപാട് പേർക്ക് ഇഷ്ടമാണ്.... കൂടെ പഠിച്ചവർക്കും ട്യൂഷൻ പഠിച്ചവർക്കും ഒക്കെ.... പക്ഷേ ആരോടും ഇതുവരെ അപ്പുവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല..... എൻറെ വീടിനടുത്ത് ഗായത്രി എന്നുപറഞ്ഞ ഒരു കുട്ടിയുണ്ട്.... അവൾ ഒരു വട്ടം ചേട്ടന് ലവ് ലെറ്റർ എഴുതി കൊടുത്തിട്ടുണ്ട്.... എന്നിട്ട് പോലും മൈൻഡ് ചെയ്തിട്ടില്ല.... അവളെ ഉപദേശിച്ചു തിരിച്ചുപോയി..... എങ്കിലും അവൾ വിടാൻ ഭാവമില്ല.... എന്താണെങ്കിലും അപ്പുവേട്ടനെയും കൊണ്ടേ പോകുവേന്നു പറഞ്ഞു നിൽക്കാണ്.... ഇപ്പോഴും ഭയങ്കര ഇഷ്ടമാണ് അവൾക്ക്.... ശ്രീലക്ഷ്മി അത്‌ പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദന തന്നെ വലയം ചെയ്യുന്നുണ്ടായിരുന്നു...... അപ്പുവേട്ടനെ സ്നേഹിക്കുന്ന മറ്റൊരു പെൺകുട്ടി....

ആ ഓർമ്മ പോലും എന്നെ നോവിച്ചു.... അപ്പോൾ ആണ് ഞാൻ മനസിലാകുന്നത് അപ്പുവേട്ടനെ എനിക്ക് എത്രത്തോളം ഇഷ്ട്ടം ആയിരുന്നു എന്ന്..... വെറുതെ പോലും മറ്റൊരാൾ അപ്പുവേട്ടനെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല..... ആ 16 വയസ്സിലും വിരഹത്തിന്റെ തീചുളയിൽ ഹൃദയം വല്ലാതെ നീറി പുകയുന്നുണ്ടായിരുന്നു..... പ്രണയത്തിൻറെ അർത്ഥങ്ങൾ ഒന്നും അറിയില്ലെങ്കിൽ പോലും...... ആ ദിവസം വീട്ടിലേക്ക് ചെന്നപ്പോഴും വല്ലാത്ത വിഷമം ആയിരുന്നു മനസ്സിൽ നിറയെ..... ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ മുഴുവൻ...... ഗായത്രി മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ്..... അന്ന് വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുഴ മീനുമായി ആണ് അച്ഛൻ വന്നത്..... അമ്മ അത് വെട്ടി കുടംപുളിയിട്ട നന്നായി കറിവെച്ച് അത്താഴത്തിന് വലിയ കാര്യമായി എന്നെ ക്ഷണിക്കുമ്പോഴും എന്തൊ രുചിയോടെ അത് കഴിക്കാൻ എനിക്ക് തോന്നുന്നുണ്ടായിരുന്നില്ല...... മനസ്സ് അപ്പോഴും ശ്രീലക്ഷ്മി പറഞ്ഞ കാര്യത്തിൽ കുടുങ്ങിക്കിടക്കുകയാണ്..... അപ്പു ഏട്ടനെ സ്നേഹിക്കുന്ന കുട്ടി...... ഗായത്രി...... താല്പര്യമില്ലെന്ന് മനസ്സിലാക്കിയിട്ടും പിന്മാറാതെ നിൽക്കുന്ന ഒരു കുട്ടി.....

അവളെ പോലെ തന്നെ ആയിരിക്കില്ലേ ഞാനൊരുപക്ഷേ സ്നേഹം തുറന്നു പറഞ്ഞാലും അപ്പുവേട്ടൻ ഇടപെടുന്നത്..... ചിന്തകൾ അങ്ങനെ പലവിധത്തിൽ കാടുകയറാൻ തുടങ്ങി...... എങ്കിലും എന്തൊക്കെയോ ചെയ്തു അന്നത്തെ ദിവസം തള്ളിവിട്ടു...... രാത്രിയിൽ ഒട്ടും ഉറങ്ങാൻ സാധിച്ചില്ല...... നിദ്ര തന്നോട് പിണങ്ങി നില്കുന്നത് പോലെ...... ആകപ്പാടെ മനസ്സിലുണ്ടായിരുന്നു ആശ്വാസം അപ്പുവേട്ടന് ആ കുട്ടിയൊടെ ഒരു താൽപര്യവുമില്ല എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്..... പക്ഷെ എപ്പോൾ വേണെങ്കിലും അത്‌ മാറാം...... കാരണം അവൾ തന്റെ ഇഷ്ടം അപ്പുവേട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ട്..... അപ്പുവേട്ടൻ പക്ഷെ തന്റെ താല്പര്യ കുറവ് അവളോട് തുറന്നു പറഞ്ഞിട്ടും ഉണ്ട്..... അതുകൊണ്ട് തന്നെ താൻ എന്തിനാണ് വിഷമിക്കുന്നത് എന്ന് പറഞ്ഞ് മനസ്സിനെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു..... ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ചിന്തകൾ മാറി മറഞ്ഞു വന്നു...... പിറ്റേന്ന് രാവിലെ ശ്രീലക്ഷ്മി കാത്തുനിൽപ്പുണ്ടായിരുന്നു അവളോട് ഒരു വലിയ ആഗ്രഹം പോലെ പറഞ്ഞു..... എനിക്ക് ഗായത്രിയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.....

അത് കേട്ടതും വലിയ അത്ഭുതത്തോടെ ശ്രീലക്ഷ്മി എന്നെ നോക്കുന്നുണ്ടായിരുന്നു..... മറ്റൊന്നുമല്ല ഞാൻ സ്നേഹിക്കുന്ന ആളെ അത്രത്തോളം സ്നേഹിക്കുന്ന കുട്ടിയെ എനിക്ക് ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്..... ഒരുപക്ഷെ എന്നെക്കാൾ മുന്നേ അപ്പുവേട്ടനെ ഇഷ്ട്ടപെട്ടത് അവൾ അല്ലേ..... നമ്മുടെ പ്രായം തന്നെയാണ് അവൾക്കും..... അത് പറഞ്ഞു കുറച്ചപ്പുറത്ത് മാറി യൂണിഫോമിൽ തിരക്കിട്ട് പോകാൻ നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി ശ്രീലക്ഷ്മി കാണിച്ചു.... പെട്ടെന്നാണ് ഞാൻ മുഖം ശ്രദ്ധിച്ചത്..... കാണാൻ മിടുക്കി ആണ്..... എന്നെകാളും കാണാൻ നല്ല നിറമുണ്ട്..... ഞാൻ വെളുത്ത് ആണെങ്കിലും അത്ര വലിയ നിറം എന്ന് പറയാൻ പറ്റില്ല..... ഇരുനിറം അല്ലെന്ന് ഉള്ളു..... പക്ഷേ ഗായത്രിയെ കണ്ടാൽ നന്നായി വെളുത്ത മുഖമാണ്..... അപ്പുവേട്ടൻ നന്നായി വെളുത്തിട്ട് ആണ് ..... അതിനോട് ഒപ്പം തന്നെ നില്കും ഗായതി.... ഒരുവേള ആദ്യം തന്നെ അപകർഷതാബോധം മനസ്സിൽ ഉടലെടുക്കാൻ തുടങ്ങി..... അവൾ എന്നെക്കാൾ കുറച്ചുകൂടി മോഡേൺ ആണ്.... മുടിയൊക്കെ തോളറ്റം ക്രോപ്പ് ചെയ്ത് ഇട്ടിരിക്കുകയാണ്..... ഷാംപൂ ഒക്കെ ചെയ്ത്... പുരികം ഒക്കെ ത്രെഡ് ചെയ്ത മുഖമാണ്..... ഞാൻ ഇതുവരെ പുരികം ത്രെഡ് ചെയ്തിട്ടില്ല..... ഭയങ്കര പേടിയായിരുന്നു...... അങ്ങനെ ചെയ്താൽ വേദനിക്കും എന്നുള്ള ഭയം കൊണ്ട് ഇതുവരെ അതിനു മുതിർന്നിട്ടില്ല......

പലപ്പോഴും കൂട്ടുകാരൊക്കെ നിർബന്ധിച്ചിട്ടുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം വന്നിട്ടില്ല എന്നതായിരുന്നു സത്യം.... പുള്ളിക്കാരി മുടിയൊക്കെ ഷാംപൂ ചെയ്ത നല്ല വൃത്തിക്ക് ആണ് ഇട്ടിരിക്കുന്നത്..... എനിക്കാണെങ്കിൽ ഷാംപൂ ഇട്ടാൽ അപ്പോൾ തന്നെ തലവേദന എടുക്കാൻ തുടങ്ങും...... എണ്ണ ഇല്ലാതെ ഒരു മിനിറ്റ് പോലും ഇടാൻ പറ്റില്ല..... നോക്കിയപ്പോൾ എല്ലാംകൊണ്ടും എന്നെക്കാൾ മിടുക്കി ആണ്..... അപ്പുവേട്ടന് നല്ല ചേർച്ച ആണ്..... എന്നെക്കാൾ കുറച്ചുകൂടി ആൾക്ക് നീളവുമുണ്ട്..... എനിക്കാണെങ്കിൽ അപ്പുവേട്ടന്റെ അടുത്തു നിൽക്കുമ്പോൾ ഭയങ്കര വൃത്തികേടാണ്..... അത്രയ്ക്കും ചെറുതാണ്.... എല്ലാം കൊണ്ടും മനസ്സിലുള്ള സമാധാനം കൂടെ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ..... എങ്കിലും ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു ഇത്രയൊക്കെ ആയിട്ടും അപ്പുവേട്ടനെ അവളെ ഇഷ്ടം ആയില്ലല്ലോ എന്ന്..... അന്ന് സ്കൂളിലും വല്ലാത്ത നിശബ്ദതയായിരുന്നു..... അപ്പുവേട്ടന് ഗായത്രിയെ ഇഷ്ടമല്ല എന്ന് പറഞ്ഞു ശ്രീലക്ഷ്മി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും മനസ്സ് അവിടെ എങ്ങും നിൽക്കുന്നുണ്ടായിരുന്നില്ല..... വീട്ടിൽ ചെന്നതും നേരെ പോയത് അച്ഛൻറെ അടുത്തേക്ക് ആയിരുന്നു...... പതിവില്ലാതെ എന്നെ കണ്ടതും അച്ഛൻ കാര്യം തിരക്കി.... എന്താ മോളെ..... അച്ഛാ എനിക്ക് മുഖം വെളുക്കാനുള്ള എന്തെങ്കിലും ക്രീം വാങ്ങി തരുമോ.....?

പെട്ടെന്ന് അച്ഛനോട് ചോദിച്ചു.... അപ്പോൾ അച്ഛൻ പൊട്ടിചിരിച്ചു പോയിരുന്നു...... എന്തുപറ്റി ഇപ്പോൾ അങ്ങനെ തോന്നാൻ..... വാൽസല്യത്തോടെ അച്ഛൻ വന്നിരുന്നു ചോദിച്ചു..... എനിക്ക് വലിയ നിറം ഒന്നും ഇല്ലല്ലോ അച്ഛാ...... ആരു പറഞ്ഞു..... എൻറെ മോൾക്ക് നല്ല നിറം ഉണ്ട്..... ആവശ്യത്തിന് വെളുപ്പുണ്ട്...... ഇനി എന്തിനാ ക്രീം ഒക്കെ.... എത്തിയാലും അച്ഛൻ വാങ്ങി തരാം..... അച്ഛന് അത് പറഞ്ഞപ്പോൾ ചെറിയ ഒരു ആത്മവിശ്വാസം ഒക്കെ തോന്നിയിരുന്നു..... എങ്കിലും കണ്ണാടിയിൽ പോയി ഒന്നുകൂടി നോക്കി..... ഇല്ല..... അപ്പുവേട്ടന്റെ ഒപ്പം എത്താൻ കഴിയുന്നില്ല..... ഗായത്രിയുടെ നിറത്തിന് അടുത്ത് പോലും ചെല്ലുന്നില്ല..... വെളുപ്പ് എന്ന് പറയാം എന്നേയുള്ളൂ...... അല്ല ഇരുനിറം അല്ല എന്ന് മാത്രം പറയാം..... ഇനിയും ഈ ഒരു കാരണം കൊണ്ട് മാത്രം അപ്പുവേട്ടൻ തന്നെ ഉപേക്ഷിക്കുമോ എന്നുപോലും ചിന്തിച്ചു പോയി..... ഒരു കൗമാര കാരിയുടെ വിഹ്വലതകൾ.... കാട്ടുകൂട്ടലുകൾ.... ഇനി അച്ഛനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്ന് മനസ്സിലായി..... പതിയെ അച്ഛമ്മയുടെ അരികിലേക്ക് ചെന്നു...... മുഖത്തെ വിഷമം കണ്ടപ്പോൾ തന്നെ കാര്യം തിരക്കി.....

എൻറെ മുഖത്ത് നിറയെ കുരുക്കളാണ് അച്ഛമ്മേ...... എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ.....? എങ്ങനെയാണ് മാറ്റുന്നത്..... ഇനി വെളുപ്പിന്റെ കാര്യം പറഞ്ഞാൽ എന്തെങ്കിലും പറഞ്ഞാലോ എന്ന് ഭയന്ന് അങ്ങനെ ഒരു കള്ളമാണ് പറഞ്ഞത്...... പെട്ടെന്ന് അച്ഛമ്മ മുഖത്തേക്ക് നോക്കി..... മോളുടെ മുഖത്ത് അതിന് കുരുക്കൾ ഒന്നുമില്ലല്ലോ..... അച്ഛമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ് പറഞ്ഞതിലെ അബദ്ധം മനസ്സിലായത്.... പേരിനു പോലും ഒരു കുരു ഇല്ലാത്ത ഞാൻ ആണ് അച്ഛമ്മയോട് കുരുവിന്റെ കാര്യം പറഞ്ഞത്..... കറുത്ത നിറത്തിൽ ഇടയ്ക്കിടെ വരാറുണ്ട്..... ഒരുവിധം പറഞ്ഞൊപ്പിച്ചു.... മുറ്റത്ത് പച്ചമഞ്ഞൾ നില്പുണ്ട്..... അകത്തെ അച്ഛമ്മയുടെ മുറിയിലെ പെട്ടിയിൽ രക്തചന്ദനം ഇരിപ്പുണ്ട്.... അത് രണ്ടും കൂടെ പാലിൽ തേച്ചു മുഖത്ത് ഇട്ടാൽ മതി.... കറുത്ത പാടൊക്കെ നല്ലതായി പോവുകയും ചെയ്യും നിറം വയ്ക്കുകയും ചെയ്യും..... അച്ഛമ്മ പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്.... രോഗി കല്പിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന് എന്നതുപോലെ..... പിന്നീട് അങ്ങോട്ട് ദിവസവും അത് ചെയ്യാൻ തുടങ്ങി.....

ഏതായാലും ഫലം കണ്ടില്ല എന്ന് പറയാൻ പറ്റില്ല..... ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ അച്ഛമ്മയുടെ ചികിത്സ ഏറ്റു..... പച്ച മഞ്ഞളും പാലും രക്തചന്ദനവും എല്ലാംകൂടി മുഖത്തിട്ടപ്പോഴേക്കും നേരത്തെയുണ്ടായിരുന്ന നിറം കുറച്ചുകൂടി എടുത്തുകാണിക്കാൻ തുടങ്ങി...... ഏകദേശം ഗായത്രിയുടെ നിറത്തിന് അത്രയും ഒക്കെ എത്തി എന്ന് തന്നെ പറയാം.... അങ്ങനെ ആദ്യ കടമ്പ കടന്ന സന്തോഷത്തിലായിരുന്നു..... ഇനി മുടി മുറിച്ചാലൊന്നു വരെ ചിന്തിച്ചു..... മധു മുടി മുറിച്ചപ്പോൾ അമ്മ ഉണ്ടാക്കിയ കോലാഹലം ഓർത്തപ്പോൾ അത്‌ വേണ്ടന്ന് ഓർത്തു...... പിന്നെ വലിയ ഇഷ്ട്ടം ആണ് തനിക്ക് ഈ മുടിയോട്..... ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയത് ആണ്..... പെട്ടെന്ന് മുറ്റത്ത് എവിടുന്നോ അപ്പുവേട്ടന്റെ ശബ്ദം കേട്ടതും ഉമ്മറത്തേക്ക് ഓടി..... തന്നെ കണ്ടതും ആ കണ്ണുകൾ ഒന്ന് വിടർന്നുവോ...... അതോ തനിക്ക് തോന്നിയതാണോ.....? ഏതായാലും അപ്പുവേട്ടൻ എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു.... മാളു അപ്പുവിന് കുറച്ച് വഷണ ഇല വേണംന്ന്.....

നീ ഒരു കൂട് എടുത്തുകൊടുക്കാമോ..... എന്റെ കൈയ്യിൽ മാവാണ്.... ദോശയ്ക്ക് മാവ് അരച്ച കൈ കാണിച്ചു അമ്മ പറഞ്ഞപ്പോൾ നൂറ് സന്തോഷമായിരുന്നു എനിക്ക്.... ഞാൻ ഇപ്പോൾ എടുത്തു കൊണ്ട് വരാം എന്ന് പറഞ്ഞു അകത്തേക്ക് കയറി..... പെട്ടന്ന് അടുക്കളയിൽ ചെന്ന് ഒരു കവർ എടുത്തു പുറത്തേക്ക് ഓടി.... പുറത്ത് ചെന്നപ്പോൾ അപ്പുവേട്ടൻ തൊടിയിലേക്ക് ഇറങ്ങി..... അപ്പുവേട്ടൻ അപ്പോൾ ഏണി വച്ചു ഇല പറിക്കുന്ന തിരക്കിലായിരുന്നു..... അപ്പുവേട്ട..... പെട്ടന്ന് ഞാൻ വിളിച്ചപ്പോൾ അപ്പുവേട്ടൻ ഏണിയിൽ നിന്ന് ബാലൻസ് വിട്ട് താഴേക്കു വീണു..... ഞാൻ അരികിൽ നിന്നതുകൊണ്ട് എന്റെ മുകളിലേക്ക് ആയിരുന്നു അപ്പുവേട്ടൻ വീണത്.... അതുകൊണ്ട് ഞാനും ബാലൻസ് തെറ്റി നിലത്തേക്ക് വീണു.... അതിനുമപ്പുറം മറ്റൊരു സംഭവമായിരുന്നു നടന്നത്.... അപ്പുവേട്ടൻ വീണ വീഴ്ചയിൽ അപ്പുവേട്ടന്റെ ചുണ്ടുകൾ എൻറെ കവിളിൽ സ്പർശിച്ചു കഴിഞ്ഞിരുന്നു................. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story